ശ്യാമ
(രചന: Aparna Aravind)
ഭക്ഷണം കഴിച്ച് പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു പ്രദീപ്.. ചുറ്റും പൊടിയും പുകയും വാഹനങ്ങളും.
ആകെ മനസ്സിൽ ഒരു മരവിപ്പുപോലെ.. അലക്ഷ്യമായി അലയുന്ന അയാളുടെ കണ്ണുകൾ അവസാനം വന്നുപതിച്ചത് ഓഫീസ് മുറ്റത്തുള്ള ചെറിയ തോട്ടത്തിലാണ്..
റോസാച്ചെടിയിൽ പുതിയ മൂന്ന് പൂക്കൾ വിരിഞ്ഞിട്ടുണ്ട്.. അശോകത്തെച്ചിയും കോളാമ്പിപ്പൂവും മഞ്ഞ മന്ദാരവും എല്ലാം അഴകുവിരത്തി പൂത്തുലഞ്ഞുനിൽപ്പുണ്ട്..
വസന്തകാലത്തെ നല്ലപോലെ ആസ്വദിക്കുമ്പോളാണ് ഫോൺ റിങ് ചെയുന്നത്, ആരാണെന്നറിയാൻ ആകാംഷയോടെ ഫോണിനടുത്തേക്ക് പാഞ്ഞുചെന്നു..
സ്‌ക്രീനിൽ ശ്യാമ എന്ന് പേര് കണ്ടപ്പോൾ തന്നെ അയാളുടെ മുഖം ചുളിഞ്ഞു. ഓ ഇവളായിരുന്നോ.. ശോ ഇതെന്തൊരു ശല്യമാണ്..
നാഴികയ്ക്ക് നാൽപ്പത് വട്ടവും ഫോൺ വിളിക്കണം..ഇങ്ങനെ വിളിച്ച് വെറുപ്പിക്കരുതെന്ന് പറഞ്ഞാൽ കേൾക്കുക പോലുല്ല..
സംഭവം ശരിയാണ് ഭാര്യയൊക്കെ തന്നെ. ഈ ഭാര്യമാർ ഇങ്ങനെ ഏതുനേരവും വിളിച്ചോണ്ടിരിക്കണോ.. മൊബൈൽ ഫോണും കൈയിൽ പിടിച്ചോണ്ട് പ്രദീപ് പിറുപിറുത്തുകൊണ്ടിരുന്നു..
എന്താ പ്രദീപേ മുഖം വീർപ്പിച്ചുവെച്ചത്.. അനിലേട്ടനാണ്.. അങ്ങേരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല..
ആളൊരു പെൺകോന്തനാണ് അങ്ങേരുടെ ഭാര്യയുടെ സാരിത്തുമ്പും പിടിച്ചോണ്ടാ നടപ്പ് തന്നെ.. സദാ സമയവും എന്റെ സുഷമ എന്നും പറഞ് കെട്ട്യോൾടെ പുരാണം പറച്ചിലാണ് പതിവ്..
നമ്മളെ ആ പരുപാടിക്കൊന്നും കിട്ടൂല്ല .. ഹല്ലപിന്നെ…. ഒന്നുല്ല അനിലേട്ടാ.. ഞാൻ ചുമ്മാ.. ഒരു കൃത്രിമ ചിരി മുഖത്തോട്ടുച്ചു വെച്ചുകൊണ്ട് പ്രദീപ് മറുപടി നൽകി..
ശ്യാമയുടെ മൂന്ന് മിസ്സ്ഡ്കാളുകൾ ഒന്ന് ശ്രെദ്ധിക്കുകപോലും ചെയ്യാതെ അയാൾ വാട്സ്ആപ് തുറന്ന് ചങ്ങാതിമാരോട് കുശലം ചോദിച്ചു.
അഞ്ചുമണിക്ക് ഓഫീസിൽ നിന്നിറങ്ങി വീട്ടിലേക്ക് പോകുമ്പോൾ അയാൾക്ക് വല്ലാത്ത മടുപ്പ് തോന്നി.. മക്കൾ വീട്ടിൽ ഇല്ലാത്തതു ഓർത്തപ്പോൾ മടുപ്പ് വല്ലാതെ കൂടി..
തറവാട്ടിൽ പോയി അമ്മയെ കണ്ടശേഷം വീട്ടിലേക്ക് പോകാം..
പെങ്ങളും മക്കളും വീട്ടിൽ ഉണ്ടാകും അവരുടെ കൂടെ ഒന്ന് അടിച്ചുപൊളിക്കുകയും ചെയ്യാം..
വിട്ടിൽ പോയിട്ടിപ്പോ എന്താ കാര്യം ശ്യാമ സധാസമയവും തിരക്കിലാകും..
അവൾക് ഭക്ഷണമുണ്ടാക്കാനുണ്ടാകും മക്കളെ പഠിപ്പിക്കാനുണ്ടാകും എന്റെ യൂണിഫോം ഇസ്തിരി ഇട്ടുവെയ്ക്കാനുണ്ടാകും അടിച്ചുവാരാനുണ്ടാകും..
ഹോ ആകെമൊത്തം വല്ലാത്തൊരു വിയർപ്പുനാറ്റം അവൾക്ക് ചുറ്റും തളം കെട്ടി നിൽക്കുന്നുണ്ടാകും..
ഈ തിരക്കിനിടയിൽ അവൾക്ക് ജോലിക്ക് കൂടെ പോകണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.. അതും കൂടെ ഉണ്ടായിരുന്നെങ്കിൽ ഉഷാർ ആയേനെ..
ഡിഗ്രി റാങ്ക് വാങ്ങി പാസായതാണെന്നു അവളുടെ അമ്മ കരഞ്ഞു പറഞ്ഞിരുന്നു.. പലപ്പോളും ശ്യാമയും എന്നോട് കെഞ്ചിയിട്ടുണ്ട്..
ജോലി നിങ്ങൾക്ക് നിർബന്ധമാണെങ്കിൽ പെണ്ണിനെ നിങ്ങടെ വീട്ടിലേക്ക് കൊണ്ടു പോയിക്കോളൂ എന്ന് അവളുടെ അച്ഛനോട് തീർത്ത് പറഞ്ഞത് ഞാൻ തന്നെയാണ്.
അതിന് ശേഷം ആരും ഒന്നും പറഞ്ഞില്ല.. രണ്ട് കുട്ടികൾ ആയശേഷം ശ്യാമ ഒരിക്കലും തിരിച്ച് വീട്ടിൽ പോകില്ലെന്ന് എനിക്കുറപ്പുണ്ടായിരുന്നു..
എന്റെ അമ്മേനേം കുട്ടികളേം നോക്കാനാണ് അവളെ കല്യാണം കഴിച്ചു കൊണ്ടുവന്നത് അല്ലാതെ വെറുതെ കറങ്ങി നടക്കാനല്ല..
മനസ്സിൽ എന്തൊക്കയോ ഓർത്തെടുത്തുകൊണ്ട് വണ്ടി തറവാട്ടിലേക്ക് കയറ്റി..അമ്മയെ കണ്ട് കുശലം പറഞ്ഞ ശേഷം പതിയെ വീട്ടിലേക്ക് തിരിച്ചു..
ബൈക്കിന്റെ ശബ്‌ദം കേട്ടിട്ടുപോലും ശ്യാമ പുറത്തേക്ക് വന്നില്ല.. ഫോൺ എടുക്കാത്ത ദേഷ്യത്തിലാകും.. മുറ്റത്ത് നിരത്തിവെച്ച പൂച്ചട്ടികളിലൊന്നും വെള്ളം ഒഴിച്ചിട്ടില്ല..
അവളുടെ പ്രാണനാണ് ഈ പൂക്കളും ചെടികളും.. ഇന്നെന്തേ ഇതെല്ലാം മറന്നോ.. മൂവാണ്ടൻ മാവ് ഇലകൾ പൊഴിച്ചിട്ടിട്ടുണ്ട്..
ഇതൊന്നും അടിച്ചുവാരാതെ ഇവളിതെവിടെ പോയി… ശ്യാമേ… എടി ശ്യാമേ….
സന്ധ്യ ആയിട്ടും വിളക്കുവെച്ചിട്ടില്ല.. പൂജാമുറിയിൽ മാല ചാർത്തിയിട്ടില്ല..
എന്തിന് ഞാൻ വരുന്നതും കാത്ത് എനിക്ക് വേണ്ടി എടുത്തുവെക്കുന്ന എന്റെ പതിവ് ചായ പോലും കാണുന്നില്ല…
പതിയെ അടുക്കളയിലേക് നടന്നു.. പച്ചക്കറികൾ അരിയാനായി എടുത്തുവെച്ചിട്ടുണ്ട്..
ഉച്ചക്ക് അവളുടെ അടുക്കളത്തോട്ടത്തിൽ നിന്നും പറിച്ചെടുത്ത ചീര വാടി കിടപ്പുണ്ട്… അടുപ്പിൽ തീ അണഞ്ഞു കിടക്കുന്നു.. കലത്തിൽ പാതിവെന്ത ചോറ് ചൂട് പോലും പോയി തണുത്തുകിടക്കുന്നു..
ഇതെന്താ പറ്റിയത്.. ശ്യാമേ… ശ്യാമേ…
പ്രദീപ് വീടുമുഴുവൻ അലഞ്ഞുനടന്നു.. അവളുടെ വിയർപ്പുനാറ്റം തേടി അയാൾ പരതി നടന്നു..
അകത്തളത്തിൽ ഫോണിനടുത്ത് തളർന്നു കിടക്കുന്ന ശ്യാമയെ കണ്ട് അയാൾ ഓടിയടുത്തു.. ശ്യാമേ… ശ്യാമേ.. കണ്ണ് തുറക്കുന്നില്ല.. പ്രദീപേട്ടാ എന്ന് വിളിക്കാൻ അവളുടെ ചുണ്ടുകൾ അനങ്ങുന്നില്ല..
ആകെ നീല നിറം.. മുഖം പോലും ഇരുണ്ട്, കണ്ണുകൾ ചുവന്ന്, വായിൽ നിന്നും നുരയും പതയും വന്ന്.. അവൾ ആകെ വല്ലാത്തൊരു വികൃത രൂപമായിരിക്കുന്നു..
ഫോൺ നമ്പർ എഴുതാനായി വെച്ചിരുന്ന ഡയറിയിൽ അവളുടെ കൈയക്ഷരം കണ്ട് ഞാൻ എത്തിനോക്കി
പ്രദീപേട്ടാ.. അടുക്കളത്തോട്ടത്തിലേക്ക് പോകരുത്.. അവിടെ വി ഷമുള്ള പാ മ്പ് ഉണ്ട്.. എന്റെ കാലിന് അത് കൊ ത്തി.. ഞാൻ പ്രദീപേട്ടനെ വിളിച്ചിരുന്നു..
പതിവുപോലെ തിരക്ക് കൊണ്ട് ഏട്ടൻ എടുത്തില്ല.. ആ ശബ്‌ദം കേൾക്കണം എന്നുണ്ടായിരുന്നു..
ഇനി കേൾക്കാൻ കഴിയുമെന്ന് തോന്നുന്നില്ല.. മക്കളെ നോക്കണം.. എന്റെ മോളെ അടുക്കളയിൽ തളച്ചിടരുത്.. പഠിപ്പിക്കണം.. എനിക്ക് ഒരു…….
പിന്നീട് ഒന്നും എഴുതിയിട്ടില്ല.. അവളുടെ ജീവൻ നിലച്ചിരിക്കണം..
മരണം മുന്നിൽ കണ്ട ആ നേരത്ത് പ്രദീക്ഷയോടെ വിളിച്ചിട്ടും ഞാൻ ഫോൺ എടുത്തില്ല.. അവൾ മരിച്ചതല്ല ഞാൻ കൊ ന്നതാണ്… ഞാൻ കൊ ന്ന താണ്..
അയാൾ തലതല്ലി നിലത്തുവീണു വിയർപ്പ് നാറുന്ന അവളുടെ സാരിയിൽ മുഖം പൊത്തി അയാൾ വിളിച്ചു എന്റെ ശ്യാമേ… ഇനി എനിക്കാരുണ്ട്… ശ്യാമേ…… ശ്യാമേ…..
മക്കൾക്കായി അവൾ ഊഞ്ഞാൽ കെട്ടാറുള്ള തെക്കേപറമ്പിലെ മാവിൻ ചുവട്ടിൽ വെറും ചാരമായ് അവൾ മാറുമ്പോൾ അയാൾ ഓർത്തു ഇനി എങ്ങനെ.. എന്റെ കുടുംബം..
യഥാർത്ഥത്തിൽ അവളായിരുന്നല്ലോ എന്റെ കുടുംബം പോറ്റിയത്… ഇരുട്ടിലേക് നോക്കി അയാൾ വിളിച്ചു.. ശ്യാമേ… ശ്യാമേ…