(രചന: അഞ്ജു തങ്കച്ചൻ)
എടാ.. നിന്റെ ഭാര്യ എന്തൊക്കെയാ ഈ ചെയ്തു കൂട്ടുന്നത് നീയും കൂടെ അറിഞ്ഞുകൊണ്ടാണോ ഇത്?
എന്താ അമ്മേ ഈ കാലത്ത് തന്നെ ഒച്ചയെടുക്കുന്നത്, എന്താ കാര്യം?
എന്താന്നോ? നീയീ വീട്ടിലൊന്നുമല്ലേ താമസം?
അമ്മ കാര്യം പറ.എന്നാലല്ലേ അറിയൂ.
നിന്റെ മോന് എത്ര വയസായെടാ..,?
അമ്മക്കറിയില്ലേ അവന്റെ പ്രായം.
നീയൊന്ന് പറ.അലൻ മോന് എത്ര വയസായി?
അലന് പതിമൂന്ന് വയസ്.
ആ…അത്രേ ഉള്ളൂ അതിന് പ്രായം. എന്നിട്ട് ആ കൊച്ചിനെ കൊണ്ട് തുണികൾ ഒക്കെ അലക്കിക്കും നിന്റെ ഭാര്യ. സ്കൂളിൽ പോയി വന്നിട്ട് അത് തുണിയൊക്കെ അലക്കി ഇടുന്നത് കണ്ടാൽ പാവം തോന്നും.
അവന്റെ തുണി അവൻ അലക്കുന്നതിൽ എന്താ അമ്മേ പ്രശ്നം?
എടാ ജോസുകുട്ടീ .. ,ആ ഇച്ചിരി ഇല്ലാത്ത ചെറുക്കൻ വേണോ അതൊക്കെ ചെയ്യാൻ?
അതും പോട്ടെ, കുറച്ച് ദിവസമായി ഞാൻ കാണുന്നു,നേരം വെളുത്താൽ കൊച്ച് അടുക്കളയിൽകയറി പണിയെടുക്കുന്നു.
നിന്റെ ഭാര്യക്ക് ചെയ്യാവുന്ന പണിയല്ലേ
ഈ വീട്ടിൽ ഉള്ളൂ.. ?
എന്താ ഇവിടെ പ്രശ്നം ഞാനും കൂടെ അറിഞ്ഞാൽ കുഴപ്പമുണ്ടോ? ഒരു ചെറു ചിരിയോടെ ജൂലി അവർക്കരികിലേക്ക് വന്നു.
നീ മോനേക്കൊണ്ട് ജോലി എടുപ്പിക്കുന്നു എന്ന് അമ്മക്ക് പരാതി.
ചെറിയ ജോലികൾ അല്ലേ അമ്മേ ഞാൻ മോനെക്കൊണ്ട് ചെയ്യിക്കുന്നുള്ളൂ…
ജൂലി ചോദിച്ചു.
അവനൊരു ആൺക്കുട്ടിയാണ്,
എന്റെ കൊച്ചുമകനെക്കൊണ്ട് അടുക്കളപ്പണിയെടുപ്പിക്കാൻ ഞാൻ സമ്മതിക്കില്ല അവൻ പഠിക്കുന്ന പ്രായമാ അത് ചെയ്താൽ മതി.
എങ്കിൽ അമ്മക്ക് പറ്റുന്ന ചെറിയ ജോലി ഒക്കെ ചെയ്ത് അമ്മ എന്നെ അടുക്കളയിൽ ഒന്ന് സഹായിക്ക്.ജൂലി പറഞ്ഞു.
കേട്ടോടാ നിന്റെ ഭാര്യ പറയുന്നത്?
അറുപതു വയസായി എനിക്ക്. എടീ പെണ്ണേ നീ വരുന്നതിന് മുൻപ് ഞാനാ ഈ വീട്ടിലെ സകല പണികളും ചെയ്തത്.
എനിക്കിനി വിശ്രമിക്കണം.
അമ്മ വിശ്രമിച്ചോളൂ… അമ്മ ഒന്നിനും എന്നെ സഹായിക്കാറില്ലല്ലോ, ഞാൻ അമ്മയോട് ഒന്നും ചെയ്യാനും പറയാറില്ല.
ചെറിയ എന്തെങ്കിലും കാര്യങ്ങളിൽ മകൻ എന്നെ സഹായിക്കുന്നത് എനിക്ക് അൽപ്പം ആശ്വാസം തന്നെയാണ്.
ചിരിയോടെ ജൂലി അടുക്കളയിലേക്ക് നടന്നു.
എടാ… അവൾ പറഞ്ഞത് കേട്ടോ. ഇന്നലെത്തന്നെ നോക്ക് അവൾ കിടന്നുറങ്ങുന്നു.കൊച്ച് അടുക്കളയിൽ വന്ന് ഉപ്പ്മാവ് ഉണ്ടാക്കി കഴിക്കുന്നു
നിന്റെ അമ്മക്ക് ഒന്നും ഉണ്ടാക്കാൻ പറ്റില്ലേ എന്ന് ചോദിച്ചപ്പോൾ അവൻ പറയുവാ അമ്മ പീരിയഡ് ആയിരിക്കുവാ അമ്മ കിടന്നോട്ടെ എന്ന്.
എടാ ഒരു കൊച്ചുകുഞ്ഞിനോട് അവൾക്കിത് പറയാൻ നാണമില്ലേ? അയ്യേ… എന്റെ തൊലിയുരിഞ്ഞു പോയി ആ കൊച്ച് പറയുന്നത് കേട്ടപ്പോൾ.
അതിൽ എന്താ അമ്മേ തെറ്റ്? മറ്റെവിടെ നിന്നെങ്കിലും അരയും മുറിയുമായി കാര്യങ്ങൾ മനസിലാക്കുന്നതിലും നല്ലതല്ലേ അവൾ പറഞ്ഞു കൊടുക്കുന്നത്?
അതൊക്കെ പ്രായമാകുമ്പോൾ അവർ സ്വയം മനസിലാക്കിക്കോളും.
അമ്മേ അമ്മ ഇങ്ങനെ അവളെ കുറ്റപ്പെടുത്തരുത്.ഒരു വീടാകുമ്പോൾ എന്തൊക്കെ ജോലികളാ,അവൾ ഒരു പരാതിയും പറയാതെ എല്ലാം ചെയ്യുന്നില്ലേ.
എന്റെ ജോലിത്തിരക്ക് അമ്മക്ക് അറിയാവുന്നതല്ലേ.എനിക്ക് ഒന്നിനും അവളെ സഹായിക്കാൻ പറ്റിയിട്ടില്ല.
അമ്മയുടെ കാര്യങ്ങൾ എല്ലാം അവളല്ലേ ചെയ്തു തരുന്നത് സ്വന്തം വസ്ത്രങ്ങൾ പോലും അമ്മ കഴുകി ഇടാറില്ലല്ലോ.
ഓഹ്… നീ ഒരു പെങ്കോന്തൻ ആണല്ലോ, ഞാൻ ഓർത്തില്ല.
അമ്മേ… അയാൾ അവരുടെ തോളിൽ കൈയിട്ടു ചേർത്ത് പിടിച്ചു.
അച്ഛൻ വയ്യാതെ മൂന്ന് വർഷം കിടപ്പിൽ ആയിരുന്നപ്പോൾ അവൾ എങ്ങനെയാ അച്ഛനെ നോക്കിയത്?
അത് അവളുടെ കടമ അല്ലേ,ഭർത്താവിന്റെ അച്ഛനെയും അമ്മയെയും അവളല്ലേ നോക്കേണ്ടത്?
മകനായ എനിക്ക് ഇല്ലാത്ത എന്ത് കടമയാ അമ്മേ അവൾക്ക് ഉള്ളത്??
അച്ഛന്റെ മരണം വരെ അവൾ അച്ഛനെ പൊന്നുപോലെയാ നോക്കിയത്
അതൊക്കെ ശരിയാ…
ഇപ്പോൾ മോൻ ഇത്തിരി അറിവായല്ലോ, അപ്പോൾ അവൻ അമ്മയെ സഹായിക്കുന്നത് അവന്റെ മനസ്സിൽ നന്മ ഉള്ളത് കൊണ്ടല്ലേ…
എടാ…എന്നാലും…
ഒരെന്നാലും ഇല്ല. പണ്ടത്തെ കുട്ടികൾ അല്ല ഇപ്പോൾ ഉള്ളത്.
അവർക്ക് എല്ലാകാര്യങ്ങളും പറഞ്ഞു കൊടുത്തുവളർത്തണം അമ്മേ…
ഞാൻ ജോലി കഴിഞ്ഞ് മനഃസമാധാനത്തോടെ കയറി വരുന്നതും, ടെൻഷൻ ഇല്ലാതെ കിടന്നുറങ്ങുന്നതും അവൾ ഇവിടുള്ളത് കൊണ്ടാണമ്മേ.. എന്റെ ഭാഗ്യമാ അവൾ.
അമ്മക്കറിയില്ലേ.. ഹൗസിങ് ലോൺ, വണ്ടിയുടെ സീ സീ, ഒക്കെ അടഞ്ഞു പോകണം.
മോന്റെ പഠിത്തം, വീട്ട് ചിലവുകൾ,പിന്നെ അളിയന് വിദേശത്ത് പോകാൻ പണം ചോദിച്ചു അനിയത്തി വന്നപ്പോൾ കാശ് കൊടുത്തത് ഉണ്ടായിട്ടല്ല അമ്മേ,അവൾക്ക് ചോദിക്കാൻ ഞാനല്ലേ ഉള്ളൂ കരുതിയിട്ടാ.
ഇതെല്ലാം നടന്നു പോകുന്നത് എനിക്കൊപ്പം അവളും കൂടെ കഷ്ടപ്പെട്ടിട്ടാണ്.
എന്റെ ഓഫീസിലെ ജോലിയുടെ ടെൻഷൻ അമ്മക്ക് പറഞ്ഞാൽ മനസിലാവില്ല. ജോലി കഴിഞ്ഞു വന്നിട്ട്, ഞാൻ ടൗണിൽ ഓട്ടോ ഓടിക്കാൻ പോകുന്നത് അമ്മ കാണുന്നതല്ലേ..
ഒരു സാധാരണക്കാരൻ കുടുംബംഓടിച്ചു കൊണ്ടുപോകുന്നത് എത്ര മാത്രം കഷ്ട്ടപ്പെട്ടിട്ടാണ്. അതിനിടയിൽ മോനെ ശ്രെദ്ദിക്കാനോ അവനായി സമയം മാറ്റി വയ്ക്കാനോ എനിക്ക് പറ്റാറും കൂടെ ഇല്ല. അയാളുടെ സ്വരം ഇടറി.
അവൾ താങ്ങി നിർത്തുന്നതാണ് എന്നെ, അല്ലെങ്കിൽ എത്ര പണ്ടേ ഞാൻ വീണ് പോകുമായിരുന്നു.
നോക്ക്…എനിക്കെന്റെ അമ്മയോളം വലുതാണ് അവളും. അയാൾ അമ്മയെ ചേർത്തണച്ചു ചുംബിച്ചു.
അവൾ ശരിയാണ് അമ്മേ…അവൾ വളർത്തുന്ന കുഞ്ഞും നന്മയുടെ പാതയിലെ വളരൂ…
ഉം…
ഇത്തവണ അമ്മയുടെ മുഖത്ത് മരുമകളോടുള്ള സ്നേഹം നിറഞ്ഞുനിന്നിരുന്നു.
**********
കാലം ഒന്നിന് വേണ്ടിയും കാത്തുനിൽക്കാറില്ലല്ലോ അതങ്ങനെ പാഞ്ഞു പോകുകയാണ്.
ജോസുകുട്ടി കാലിൽ കുഴമ്പുപുരട്ടി പതിയെ തിരുമ്മി.
അപ്പാ…
അലന്റെ വിളി കേട്ട് അയാൾ തല ഉയർത്തി.
അപ്പാ… വേദന കുറവുണ്ടോ, ഞാൻ കുഴമ്പ് പുരട്ടി തരുമായിരുന്നല്ലോ.. അവൻ അപ്പായുടെ കാലുകൾ തിരുമ്മിക്കൊടുത്തു.
അപ്പാ… വെള്ളം ചൂടായി, വരൂ…കുളിക്കാം.
അയാൾ പതിയെ അപ്പായെ പിടിച്ചെഴുന്നേൽപ്പിച്ചു കുളിമുറിയിലേക്ക് നടത്തി.
ആ എൺപത്തിഒൻപതുകാരൻ മകന്റെ കൈകളിൽ പിടിച്ച് പതിയെ നടന്നു..
എടിയേ… നമ്മുടെ മകൻ എന്നെ നന്നായി നോക്കുന്നുണ്ട്.
ഏതോ ഒരു ലോകത്തിൽ നീയെന്നെ കാത്തിരിപ്പുണ്ടെന്ന് എനിക്കറിയാം.
എനിക്ക് നിന്നോട് ഇനിയുമിനിയും നന്ദി പറയണം ഇങ്ങനൊരു മകനെ തന്നതിൽ അവനെ നന്മയുള്ളവനായി വളർത്തിയതിൽ.
കൂടെ ഉണ്ടായിരുന്ന സമയത്ത് ഞാനതു നിന്നോട് ഒരുപാട് വട്ടം പറഞ്ഞിട്ടുണ്ട്. ഇനിയും പറയണം എനിക്ക്…
അത്ര നന്നായി…ഒരു കുഞ്ഞിനെ കരുതുന്നത് പോലെ അവൻ എന്നെ പരിപാലിക്കുന്നുണ്ട്.
പല്ലില്ലാത്ത മോണ കാട്ടി അയാൾ തന്റെ മകനെ നോക്കി പുഞ്ചിരിച്ചു.
ലോകത്തിലെ ഏറ്റവും സുന്ദരമായ പുഞ്ചിരി……അത് മക്കൾ നന്നായി പരിപാലിക്കുന്ന മാതാപിതാക്കളുടെ ഹൃദയത്തിൽ നിന്നുരുത്തിരിയുന്ന പുഞ്ചിരിയാണ്.
ജനിച്ചുവീണ പിഞ്ചുകുഞ്ഞിന്റെ ചുണ്ടിൽ വിരിയുന്ന ചെറുചിരിയോളം മനോഹരമാണത്.
***************