(രചന: Anandhu Raghavan)
ഏട്ടത്തിയമ്മയെന്നാൽ ഏട്ടൻ വിവാഹം കഴിച്ചുകൊണ്ടു വന്ന വെറും ഒരു പെണ്ണ് മാത്രമല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ ഒരു നിമിഷം ഉണ്ട്..
ഏട്ടത്തിയമ്മയെന്നാൽ അമ്മക്ക് തുല്യം എന്ന് വളരെവേദനയോടെ ഞാൻ തിരിച്ചറിഞ്ഞ നിമിഷം , ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷം…
വെറുപ്പുകളെ അലിയിച്ച് കളഞ്ഞ് സ്നേഹത്തിന്റെ തലോടലുകൾ എനിക്ക് പകർന്ന് തന്ന ഏട്ടത്തിയമ്മ ഇന്നെനിക്കെന്റെ ജീവനാണ്…
അറിവാകുന്നതിന് മുന്നെ അമ്മ മരിച്ചു പോയതുകൊണ്ട് ഒരമ്മയുടെ സ്നേഹവും വാത്സല്യവും എന്താണെന്ന് ഞാൻ മനസ്സിലാക്കിയിരുന്നത് സിനിമളിലൂടെയും കൂട്ടുകാരുടെ വാക്കുകളിലൂടെയുമായിരുന്നു…
അച്ഛന്റെയും ഏട്ടന്റെയും ജോലിത്തിരക്കുകളിൽ എന്നെ ശ്രദ്ധിക്കുവാനുള്ള സമയം കുറഞ്ഞു തുടങ്ങിയപ്പോൾ ഞാൻ മറ്റൊരാളായി മാറിത്തുടങ്ങിയിരുന്നു..
ലഹരിക്കടിമപ്പെട്ടൊരാളുമായി കൂട്ടുകൂടുമ്പോൾ താനും അതുപോലെയാകുമെന്നും ജീവിതം നശിച്ചു പോകുമെന്നും പറഞ്ഞു തരുവാനും തിരുത്തുവാനും ആരുമുണ്ടായിരുന്നില്ല…
ആ സമയത്താണ് ഏട്ടൻ പ്രണയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നത്…
ഇരു നിറമെങ്കിലും ഉയർന്ന വിദ്യാഭാസവും നല്ല സാമ്പത്തിക ഭദ്രതയുമുള്ള വീട്ടിൽ ജനിച്ചു വളർന്നയാളാണ് ഏട്ടത്തിയമ്മയെങ്കിലും മുഖഭാവത്തിലും വാക്കുകളിലും അത് തീരെ പ്രകടമായിരുന്നില്ല…
വീട്ടിലെ പണികൾ ഒക്കെയും യാതൊരുമടിയും കൂടാതെ ചെയ്തുതീർക്കുന്ന ഏട്ടത്തിയെ ഞങ്ങൾക്കെല്ലാം ഏറെ ഇഷ്ടമായിരുന്നു…
പലപ്പോഴും എന്റെ വസ്ത്രങ്ങൾ പോലും കഴുകി തന്നിരുന്നത് ഏട്ടത്തിയമ്മ ആയിരുന്നു…
ദിവസങ്ങൾ അങ്ങനെ ഓരോന്നും കടന്നു പൊയ്ക്കൊണ്ടിരുന്നു.. എന്റെ സ്വഭാവത്തിലെ മാറ്റങ്ങളും കൂട്ടുകെട്ടും ഏട്ടത്തിയമ്മയിൽ സംശയം ജനിപ്പിച്ചിരുന്നു…
ഞാൻ ലഹരിക്ക് അടിമപ്പെടുകയാണെന്ന സത്യം വൈകാതെ ഏട്ടത്തിയമ്മ മനസ്സിലാക്കി..
എന്നെ അതിൽ നിന്നും പിൻതിരിപ്പിക്കുവാനും തിരുത്തുവാനും ശ്രമിക്കുമ്പോൾ ക്രമേണ എനിക്ക് ഏട്ടത്തിയോട് ദേഷ്യവും വെറുപ്പും കൂടിക്കൂടി വന്നു…
ഇങ്ങനെ പോയാൽ ജീവിതം നശിച്ചു പോകത്തെ ഒള്ളു എന്നറിയാവുന്ന ഏട്ടത്തി എന്നോട് പറഞ്ഞു ഇനിയും ഇത് തുടർന്നാൽ ഞാൻ ഏട്ടനോടും അച്ഛനോടും പറയും…
ഏട്ടത്തിയുടെ ഭീഷണി എന്നിൽ അല്പം പേടിയുണ്ടാക്കിയെങ്കിലും അപ്പോഴത്തെ എന്റെ മാനസികാവസ്ഥയിൽ ഏട്ടത്തിക്ക് മുൻപിൽ ഞാൻ പൊട്ടിത്തെറിച്ചു…
എന്റെ ഓരോ ചലനങ്ങളും ഭയചകിതയോടെ നോക്കി നിൽക്കാൻ മാത്രേ ഏട്ടത്തിക്ക് കഴിഞ്ഞിരുന്നൊള്ളു…
അച്ഛനോടും ഏട്ടനോടും പറയുമെന്ന് എന്നെ പേടിപ്പിക്കാൻ പറഞ്ഞുവെങ്കിലും
തെറ്റിൽ നിന്നും തെറ്റിലേക്ക് പോകാതെ എങ്ങനെയെങ്കിലും എന്നെ തിരിച്ചു കൊണ്ടുവരണമെന്ന ഒരാഗ്രഹം മാത്രമേ ഏട്ടത്തിയുടെ മനസ്സിൽ ഉണ്ടായിരുന്നൊള്ളു…
നല്ല മഴയുള്ളൊരുദിവസം ഒരു മഴ മുഴുവൻ നനഞ്ഞൊലിച്ച് വീട്ടിൽ കയറി വന്ന എനിക്ക് തല തുവർത്താനായി തുവർത്ത് എടുത്ത് നീട്ടിയ
ഏട്ടത്തിയുടെ കയ്യിൽ നിന്നും ആ തുവർത്ത് വാങ്ങി ചരുട്ടികൂട്ടി ഞാൻ ദൂരേക്ക് വലിച്ചെറിഞ്ഞു..
പിന്നെ പരിഹാസത്തോടെ നോക്കി ചിരിച്ചിട്ട് കുളിമുറിയിലേക്ക് നടന്നു…
കുളികഴിഞ്ഞിറങ്ങി വന്നപ്പോൾ ഞാൻ നടന്നു പോയടത്തെ വെള്ളം തുടച്ചു മാറ്റുന്ന ഏട്ടത്തിയമ്മയെ ആണ് കണ്ടത്…
പകലത്തെ മഴ മുഴുവൻ നനഞ്ഞതിനാൽ പിറ്റേന്നായപ്പോഴേക്കും പനിയും ചുമയും മൂലം ഞാൻ ആകെ അവശനായിരുന്നു..
ജലദോഷം കൊണ്ട് വീർപ്പുമുട്ടുന്ന എനിക്ക് രാവിലെ ഒരു ഗ്ലാസ് ആവി പറക്കുന്ന ചുക്ക് കാപ്പിയുമായി ഏട്ടത്തി വന്നു…
മെല്ലെ എന്നെ താങ്ങിപ്പിടിച്ച് എഴുന്നേല്പിച്ചിരുത്തി എന്റെ കയ്യിൽ കാപ്പി തന്നിട്ട് പറഞ്ഞു ഊതി കുടിച്ചോളൂട്ടോ.. , വേഗം കുറഞ്ഞോളും
അച്ഛൻ ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്നു പറഞ്ഞപ്പോൾ കുറഞ്ഞില്ലെങ്കിൽ ഞാൻ കൊണ്ടുപോയ്ക്കൊളം എന്ന് ഏട്ടത്തി അച്ഛനോട് പറയുന്നത് കാപ്പി കുടിക്കുന്നതിനിടയിൽ എനിക്ക് കേൾക്കാമായിരുന്നു…
അതുവരെ എനിക്ക് ഏട്ടത്തിയോട് ഉണ്ടായിരുന്ന ദേഷ്യവും വെറുപ്പുമെല്ലാം മാറാൻ അതു മാത്രം മതിയായിരുന്നു…
തുണി നനച്ച് എന്റെ നെറ്റിത്തടത്തിൽ ഇട്ടു തന്നിട്ട് ഇടക്കിടെ എന്റെ അടുത്ത് വന്നിരുന്ന് പനിയുണ്ടോ എന്നെന്റെ നെറ്റിയിലും കഴുത്തിലും കൈ വച്ച് ഏട്ടത്തി നോക്കുമായിരുന്നു…
ഏട്ടത്തിയുടെ തണുത്ത കൈവിരലുകൾ എന്നെ സ്പർശിക്കുമ്പോൾ പനിയുടെ ക്ഷീണം ഞാൻ അറിഞ്ഞിരുന്നില്ല…
ചൂട് കഞ്ഞി സ്പൂണിൽ കോരിത്തരുമ്പോൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു…
നി കരയുകയാണോ എന്ന ഏട്ടത്തിയുടെ ചോദ്യത്തിന് എന്റെ പക്കൽ ഉത്തരമില്ലായിരുന്നു… പകരം ആ മുൻപിൽ എന്റെ കൈകൾ ഞാൻ തൊഴുതു പിടിച്ചു.
ഇന്നീ നിമിഷം വരെ എന്റെ കൂട്ടുകാർ പോലും എന്റെ അടുത്ത് വന്നില്ല.. ഞാൻ ദേഷ്യം കാണിക്കുകയും വെറുക്കുകയും ചെയ്ത ഏട്ടത്തി എനിക്ക് വേണ്ടി.. ബാക്കി പറയുവാൻ വാക്കുകൾ കിട്ടാതെ ഞാൻ കരയുകയായിരുന്നു…
നി എത്ര ദേഷ്യം കാണിച്ചാലും എന്നും എന്റെ അനിയൻ തന്നെ അല്ലെ.. എന്റെ പൊന്നനിയൻ..
ഏട്ടത്തി എന്നോട് പൊറുക്കണം.. ഇനി ഒരിക്കലും ഞാൻ തെറ്റായ വഴിക്ക് പോകുകയില്ല…
കണ്ണീർ വന്ന് മൂടിയ എന്റെ മിഴികൾ തുടച്ച് സ്നേഹത്തോടെ എന്റെ ചുമലിൽ തഴുകുന്നുണ്ടായിരുന്നു ഏട്ടത്തി..
അപ്പോൾ ഞാൻ തിരിച്ചറിയുകയായിരുന്നു ഏട്ടത്തിയമ്മയെന്നാൽ അമ്മക്ക് തുല്യം ആണെന്ന്…
അമ്മയിൽ നിന്നും കിട്ടാതെപോയ ആ സ്നേഹവും വാത്സല്യവും ഇന്ന് ഏട്ടത്തിയിൽ നിന്നും കിട്ടുന്നത് ദൈവനിശ്ചയമാവാം…
ആ കണ്ണുകളെ ഈറനണിയിച്ചാൽ ദൈവം പോലും മാപ്പ് തരുകയില്ലെന്ന തിരിച്ചറിവ് എന്നെ പുതിയൊരു മനുഷ്യനാക്കാൻ പ്രാപ്തമാക്കിയിരുന്നു…