തന്നെ ഒന്നു കാണാൻ നിന്നതാ, എന്നെയോ ചോദ്യ ഭാവത്തിൽ അവൾ അവനു നേരെ..

സ്പന്ദനം
(രചന: Anandhu Raghavan)

ഫോൺ റിങ് ചെയ്യുന്നത് കേട്ട് ഉറക്കച്ചടവോടെ മിഴികൾ ചിമ്മി തുറന്ന് ഡിസ്പ്ലേയിലേക്ക് നോക്കി

മാനസ്സി കാളിങ് എന്നു കണ്ടതും വസുവിന്റെ നെഞ്ചിലൂടൊരു മിന്നൽ പാഞ്ഞു…

ഇവളിതെന്താ ഈ വെളുപ്പാൻ കാലത്ത്… ഹെഡ് ഫോൺ കണക്ട് ചെയ്ത് വസു കാൾ എടുത്തു…

I love you vasu… Really i love you.. എനിക്ക് തന്നെ ഇഷ്ടമാണ് , ഒരുപാടൊരുപാട് ഇഷ്ടമാണ്…

ആർദ്രമായ അവളുടെ സ്വരം വസുവിന്റെ ഇരു ചെവികളിലും ഒരു മണി നാദം പോൽ മുഴങ്ങി… കേട്ടത് വിശ്വസിക്കാനാവാതെ വസു ഏതോ സ്വപ്നലോകത്തിൽ എന്ന പോൽ നിശ്ചലം നിന്നു പോയ്..

ഒരു നിമിഷം കൊണ്ട് വസുദേവിന്റെ മനസ്സ് അല്പം പിന്നിലേക്ക് പോയിരുന്നു…

തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അന്നാണ് അവളെ ആദ്യമായി കാണുന്നത്…

ചെണ്ട മേളം അസ്വദിച്ചുകൊണ്ട് മേളത്തിനൊപ്പം ചുവടുകൾ വയ്ക്കാൻ തുടങ്ങിയ അവളെ ഞാനടക്കം എന്റെ കൂടെയുള്ള മേളക്കാരും അത്ഭുതത്തോടെ നോക്കി..

ആസ്വദിച്ച് ചുവടുകൾ വയ്ക്കുന്ന അവൾക്കൊപ്പം പിന്നെ ഒരു കൂട്ടം ആളുകൾ ചേർന്നു…

ആർപ്പു വിളികളും ആരവവുമായി ആ ഗ്രാമം ഉത്സവം കൊണ്ടാടുമ്പോൾ ആവേശത്തിൻ ഇരട്ടി മധുരം ഞങ്ങളുടെ സിരകളിലൂടെയും ഒഴുകിയിറങ്ങിത്തുടങ്ങിരുന്നു…

ചുവടുകൾ മാറി ഇടതു മാറി വലതു മാറി മേളത്തിൻ ഗാംഭീര്യം കൂടുമ്പോഴും അവൾ തളർന്നിരുന്നില്ല… ഇളം പച്ച നിറത്തിൽ പട്ടുപാവടയണിഞ്ഞ അവളിലെ അഴക് എന്റെ മനസ്സിൽ പ്രതിഷ്ഠ ഉറപ്പിച്ചു കഴിഞ്ഞിരുന്നു…

മേളത്തിനൊത്ത് ചുവടുകൾ വയ്ക്കുമ്പോഴും ആ മുഖത്തെ പുഞ്ചിരി അല്പം പോലും മാഞ്ഞിരുന്നില്ല…

സിറ്റുവേഷൻ വേറെയാണെങ്കിലും മനസ്സിൽ വന്നത് പോക്കിരിരാജ എന്ന സിനിമയിലെ പൃഥ്വിരാജിന്റെ ഒരു ഡയലോഗ് ആണ്.. ‘ ആരാണവൾ ‘..??

ജീവിതത്തിന്റെ നാൾ വഴികളിൽ ഒരുപാട് പേരെ കണ്ടിട്ടുണ്ട്. പക്ഷെ ഇന്നോളം ഈ മനസ്സിൽ ആരും ഇടം പിടിച്ചിരുന്നില്ല…

അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ സമയമായോ… എന്റെ കണ്ണടയും മുൻപ് നിന്റെ കല്യാണം കാണാൻ കഴിയുമോ വസൂ…??

ആ ബ്രോക്കർ വേലായുധൻ എത്ര ആലോചന കൊണ്ടു വന്നു…, അതെങ്ങാനാ കാണുന്ന പെൺകുട്ടികളെ ഒന്നും അവന്റെ കണ്ണിൽ പിടിക്കുകയില്ലല്ലോ…

അവനേതോ കൊമ്പത്തെ രാജാവാണെന്നാ അവന്റെ വിചാരം… നീ വെറും ചെണ്ടക്കാരൻ അല്ലെയോടാ..??

അമ്മ അങ്ങനെ പറയുമെങ്കിലും ഈ ചെണ്ടയും ചെണ്ടക്കാരനും ഇല്ലെങ്കിൽ ആ വീടില്ല എന്ന് അമ്മക്ക് നന്നായി അറിയാമായിരുന്നു…

എല്ലാം കഴിഞ്ഞ് ഒരിക്കൽ കൂടി ആ മുഖമൊന്ന് ദർശിക്കണമെന്ന് മനസ്സിൽ ഒരാഗ്രഹമുണ്ടായിരുന്നു… തിരഞ്ഞു.. കണ്ണെത്തും ദൂരം വരെ ഓരോ മുക്കിലും മൂലയിലും തിരഞ്ഞു… കണ്ടില്ല., ഒരു വട്ടം പോലും കണ്ടില്ല…

പല സ്ഥലങ്ങളിലും മേളത്തിന് പോയിട്ടുണ്ട് പക്ഷെ അന്നൊന്നും അനുഭവിക്കാത്ത എന്തോ ഒന്ന് ഇന്ന് ഞാൻ അനുഭവിക്കുന്നു… അവളാണ് കാരണം… അവൾ മാത്രം…

തിരികെ പോരുവാൻ നേരം ഭഗവാന്റെ തിരു മുൻപിൽ തൊഴുത് നിന്ന് ഒരാഗ്രഹമേ പറഞ്ഞുള്ളു… ഒരെയൊരാഗ്രഹം…അവൾ എന്റെയാവണം.. എന്റേത് മാത്രമാവണം…

ദിവസങ്ങൾ ഓരോന്നും കഴിഞ്ഞുപോയിക്കൊണ്ടിരുന്നെങ്കിലും മനസ്സിൽ നിന്നും അവൾ മാഞ്ഞിരുന്നില്ല…

അന്നൊരു മലയാള മാസം ഒന്നാം തിയതി ആയിരുന്നു.., രാവിലെ കുളിച്ചൊരുങ്ങി ബൈക്കുമെടുത്ത് പുറത്തേക്ക് പോകാൻ തുടങ്ങുന്ന എന്നോട് അനിയത്തിക്കുട്ടി ചോദിച്ചു..

“ഏട്ടൻ ഇതെവിടേക്കാണ്..??”

ഞാനൊന്ന് അമ്പലത്തിൽ പോയി വരാം..

ഏട്ടൻ അവിടെ നിക്ക് , ഞാനും വരുന്നുണ്ട്..

ഏയ്.. അത് ശരിയാവില്ല.. നീ ഇന്ന് വരണ്ട. എനിക്ക് കുറച്ച് തിരക്കുണ്ട്…

അല്ലെങ്കിലും ഏട്ടന് തിരക്കൊഴിഞ്ഞ ഒരു നേരവും ഇല്ലല്ലോ…വിജയുടെ ദേഷ്യം പൊട്ടിപ്പിളർന്ന് പുറത്തേക്ക് ചാടി…

എന്നെയൊന്ന് കോളേജിൽ കൊണ്ടു വിടാൻ പറഞ്ഞാൽ സമയമില്ല , ഒരു സിനിമക്ക് കൊണ്ടുപോകാൻ പറഞ്ഞാൽ സമയമില്ല… ഏട്ടന്റെ കൂടെ ഒന്ന് അമ്പലത്തിൽ പോലും കൊണ്ടു പോകില്ല..

ഇങ്ങനെ സ്നേഹവില്ലാത്ത ഒരു ജന്തുവിനെ ആണല്ലോ ദൈവമേ എനിക്ക് ഏട്ടനായി കിട്ടിയത്…

അമ്മേ ഇതിനെയൊന്ന് മാറിയെടുക്കാൻ പറ്റ്വോ..? എനിക്ക് വേണ്ടാ ഇങ്ങനെയൊരേട്ടനെ… വിജയുടെ പറച്ചിൽ കേട്ട് ശാന്തയമ്മ ചിരിച്ചു പോയ്…

എടാ അതിനെക്കൂടി ഒന്നു കൊണ്ടു പോ… ഇല്ലെങ്കിൽ ഇന്നത്തെ ദിവസം എനിക്ക് സ്വസ്ഥത തരില്ല…

അതെങ്ങനാ.. നേരം വെളുത്തെഴുന്നേറ്റൽ പല്ലു പോലും തേക്കില്ല പെണ്ണ്.. വരുന്നുണ്ടേൽ വേഗം റെഡിയായി വരാൻ നോക്ക്…

ദാ വരുന്നു ഏട്ടാ… ഒരഞ്ചു മിനുട്ട്… ഉദയ സൂര്യന്റെ പ്രഭാത കിരണം പോൽ പുഞ്ചിരി തൂകുന്ന മുഖവുമായി വിജ അകത്തേക്കോടി…

ബൈക്കിന്റെ പിന്നിലിരിക്കുമ്പോൾ വിജ ചോദിച്ചു ഇത് ഏതമ്പലത്തിലേക്കാ ഏട്ടാ നമ്മൾ പോകുന്നത്…??

നി അറിയില്ല.. കുറച്ച് ദൂരെയാണ്…

ഇന്നെന്താ പ്രത്യേകത..?? നമ്മുടെ അടുത്തുള്ള കാവിൽ പോയാൽ മതിയാരുന്നല്ലോ…

അമ്പലം ഏതായാൽ എന്താ.. ദൈവം എല്ലാം ഒന്നു തന്നെ അല്ലെ മോളെ…

അതന്നെയല്ലേ ഞാനും പറഞ്ഞത്… പിന്നെന്തിനാ ഇത്ര ദൂരത്തിൽ പോകുന്നേ…

ദേ മിണ്ടാതെ പിന്നിൽ ഇരുന്നോണം… ഇല്ലെങ്കിൽ ഞാൻ ഇവിടെ ഇറക്കി വിടും.. വസുവിന് ദേഷ്യം വന്നുതുടങ്ങിയിരുന്നു…

ഒന്നാം തിയതി അയത്കൊണ്ട് തന്നെ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു അമ്പലത്തിൽ… തിരക്കുകൾക്കിടയിലും വസുദേവിന്റെ കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നത് ഒരാളെ ആയിരുന്നു… ഒരാളെ മാത്രം…

ഇളം പച്ച പട്ടുപാവടയണിഞ്ഞ ആ കുറുമ്പത്തിയെ… ആദ്യ കാഴ്ചയിലെ മനസ്സിൽ കയറിക്കൂടിയ സുന്ദരിയെ…

ഏട്ടൻ ഇതെവിടെനോക്കി നടക്കുവാ… ?? വഴിയിൽ നോക്കി നടക്ക്‌ , വല്ലോ പെൺപിള്ളേർക്കിട്ടും കൂട്ടിയിടിച്ചാൽ ഇവിടുന്ന് നല്ല ഇടി കിട്ടൂട്ടോ…

ഒന്ന് പോടീ അവിടുന്ന്.. ഏട്ടനെ ഉപദേശിക്കാൻ വരുന്നോ..??

ഓ.. കുട്ടൻ വൈദ്യരുടെ അടുത്ത് പോയി നീണ്ട് നിവർന്ന് കിടക്കണ്ടല്ലോന്ന് കരുതി പറഞ്ഞതാണെ…

എന്ത് നല്ല കോമഡി… ചിരിച്ചു തരണോ..??

നീ പോടാ ഏട്ടാ… വസുവിനെ നോക്കി അവൾ മുഖം കറുപ്പിച്ചു…

വസുവും വിജയും കൂടി തൊഴുതിറങ്ങി വരുമ്പോൾ ആണ് ദൂരത്തായി ഒരു മുഖം വസു കാണുന്നത്… അവൾ… ന്റെ കൃഷ്ണാ നീ എന്റെ പ്രാർത്ഥന കേട്ടല്ലോ… മനസ്സിൽ പറഞ്ഞതാണെങ്കിലും ഒച്ച പുറത്തേക്ക് വന്നു പോയ്…

ഏട്ടനെന്താ പ്രാർത്ഥിച്ചേ…??

അത് കേട്ടോ..?? ഇതിന്റെ ചെവി ഒരു ഭയങ്കരമാണല്ലോ ദൈവമേ… മനസ്സിൽ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു…

നാളെ ഒരു മേളം ഉണ്ട് , അതിന്റെ കാര്യം പറഞ്ഞതാ…

അതിനിപ്പോ പ്രാർത്ഥിക്കാൻ എന്താ ഉള്ളത്..?? വീണുകിട്ടിയത് വിടാൻ ഭാവം ഇല്ലായിരുന്നു വിജക്ക്…

ന്റെ കൃഷ്ണാ… ഇതിനെക്കൊണ്ട് ഞാൻ തോറ്റല്ലോ, വീടെത്തും വരെ നീയിനി മിണ്ടിപ്പോകാരുത്.. വിജയെ നോക്കി ഞാൻ കണ്ണുരുട്ടി… അപ്പോഴേക്കും എന്റെ ഹൃദയേശ്വരി ഇങ്ങ് അടുത്തെത്തി കഴിഞ്ഞിരുന്നു…

അവൾക്കൊപ്പം രണ്ട്‌പേർ കൂടി ഉണ്ടായിരുന്നു , കൂട്ടുകാരികളാവാം എന്ന് ഞാൻ ഊഹിച്ചു…

എന്ത് പറയും..? എങ്ങനെ പറയും.. എന്നറിയാതെ ഓരോ നിമിഷവും എന്റെ ഹൃദയമിടിപ്പ് ഏറി വന്നിരുന്നു…

പന്തം കണ്ട പെരുച്ചാഴിയെപ്പോലെയുള്ള എന്റെ നിൽപ്പ് കണ്ട് കാര്യമറിയാത്ത അനിയത്തിക്കുട്ടി പുരികം ചുളിച്ചു…

മെല്ലെയവൾ അടുത്തൂടി പോകാൻ തുടങ്ങിയതും ഞാൻ ചോദിച്ചു… ഉത്സവത്തിന്റന്ന് മേളത്തിനൊപ്പം ചുവടുകൾ വച്ച ആ പട്ടുപാവടക്കാരി താൻ അല്ലായിരുന്നോ…??

മെല്ലെയാമുഖത്ത് പുഞ്ചിരി വിടർത്തിയവൾ തിരിച്ചു ചോദിച്ചു.. വലത്തൂന്നും രണ്ടാമത് നിന്ന ആ മേളക്കാരൻ ഇയ്യാൾ അല്ലായിരുന്നോ…??

വിടർത്തിയിട്ട മുടിയിഴകളിൽ തുളസിക്കതിർ ചൂടി നടന്നുപോകുന്ന അവളെ അത്ഭുതത്തോടെ ഞാൻ നോക്കി നിന്നു…

മനസ്സിൽ ഒരു നൂറായിരം ചോദ്യങ്ങൾ സ്വരുക്കൂട്ടി വാദി ഭാഗം വക്കീൽ നോക്കുന്നതുപോലെ അനിയത്തിക്കുട്ടി എന്നെയും നോക്കുന്നുണ്ടായിരുന്നു…

അമ്പലവാണെന്നൊന്നും ഞാൻ നോക്കൂലാട്ടോ… സത്യം പറഞ്ഞോണം , ആരാണാ ചേച്ചി..

സത്യം പറഞ്ഞാൽ അത് ആരാണെന്ന് എനിക്കും അറിഞ്ഞൂടാ… വസു കൈമലർത്തി..

എന്നിട്ടാണോ അത് പോയപ്പോ നിന്ന് കിന്നരിച്ചത്…

അത്.. അത് പിന്നെ , ഞാൻ ഇവിടെ മേളത്തിന് വന്നപ്പോൾ കണ്ടതാ… പേര് പോലും അറിയില്ല.. കഥയെല്ലാം വിശദമായി വിജയോട് പറഞ്ഞപ്പോഴേക്കും അവൾ തൊഴുത് ഇറങ്ങി വരുന്നുണ്ടായിരുന്നു…

ഇയ്യാൾ ഇതുവരെ പോയില്ലാരുന്നോ… അടുത്തേക്കെത്തിയതും അവൾ എന്നോട് ചോദിച്ചു…

ഇല്ല.. തന്നെ ഒന്നു കാണാൻ നിന്നതാ..

എന്നെയോ..?? ചോദ്യ ഭാവത്തിൽ അവൾ അവനു നേരെ മുഖമുയർത്തി…

ചന്ദനക്കുറി തൊട്ട ആ മുഖത്തിന് കണ്മഴിയെഴുതിയ കണ്ണുകളുടെ തിളക്കം മാറ്റുകൂട്ടിയിരുന്നു…

തന്റെ പേരെന്താ..??

എന്തിനാ മാഷേ പേരും നാളുമൊക്കെ അറിയുന്നത്.. കല്യാണം വല്ലതും ആലോചിക്കുന്നുണ്ടോ..??

വസു ഒന്നു ചിരിച്ചു… കൂടെ വിജയും..

അപ്പോഴാണവൾ വിജയെ ശ്രദ്ധിക്കുന്നത്.. അനിയത്തിക്കുട്ടിയാണ് പേര് വിജ… വസു വിജയെ അവൾക്കു മുൻപിൽ പരിചയപ്പെടുത്തി…

അപ്പോൾ ഇയ്യാളുടെ പേരോ..??

വസു.. വസുദേവ്..

എന്റെ പേര് മാനസ്സി… ഇവിടടുത്ത് തന്നെയാണ് വീട്…

മാനസ്സി.. മാനസ്സി വസുദേവ്, വസുദേവ് ആ പേര് മനസ്സിൽ പലവുരു ആവർത്തിച്ചു…

പിന്നെ വസുദേവിന്റെ അടുത്തേക്കെത്തി നിന്ന് മാനസ്സി പറഞ്ഞു താടി തന്നെയാണ് ഈ മുഖത്തിന്റെ ഐശ്വര്യം…

അന്ന് മേളത്തിന് വന്നപ്പോൾ താടി നീട്ടിയിരുന്നു. വസുദേവ് മെല്ലെ മുഖത്തൂടി വിരലുകൾ ഓടിച്ചു. താടി വടിച്ചു കളഞ്ഞതിൽ വസുവിന് വല്ലാത്ത നിരാശ തോന്നി…

എന്നാൽ ഞാൻ പോട്ടെ മാഷേ…?? വസുദേവിന്റെ കണ്ണുകളിലേക്ക് നോക്കി മാനസ്സി പറഞ്ഞു..

ബുദ്ധിമുട്ടാവില്ലെങ്കിൽ തന്റെ നമ്പർ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു… മനസ്സിൽ ഉണ്ടായിരുന്നത് തുറന്ന് തന്നെ ചോദിച്ചു വസുദേവ്..

അതിപ്പോ.. ലേശം ബുദ്ധിമുട്ടാവുംന്ന് കൂട്ടിക്കോ മാഷേ..

വസുദേവിന്റെ മുഖത്ത് അതുവരെയുണ്ടായിരുന്ന സന്തോഷം നിമിഷ നേരം കൊണ്ട് മാഞ്ഞുപോയിരുന്നു…

മാഷിന്റെ നമ്പർ പറഞ്ഞോ.. ഞാൻ വിളിക്കാം.. അത് വെറും വാക്കാണെന്ന് അറിയാമെങ്കിലും വസു നമ്പർ പറഞ്ഞു കൊടുത്തു… നമ്പർ സേവ് ചെയ്ത് മാനസ്സി മുൻപോട്ട് നടന്നു. പിന്നിൽ നിന്നും വസുദേവ് കൈ വീശി കാണിച്ചു…

മാനസ്സിയെ ഇനി കാണുമോ..? അവൾ വിളിക്കുമോ..? ഉത്തരം കിട്ടാത്ത അനേകം ചോദ്യങ്ങൾ വസുദേവിന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു…

തിരികെ വീട്ടിലേക്ക് പോകുമ്പോൾ പിന്നിലിരുന്നുകൊണ്ട് വിജ പറഞ്ഞു… മാനസ്സിയേച്ചിയെ എനിക്ക് ഇഷ്ടായീട്ടോ…

ശരിക്കും..??

ശരിക്കും ഇഷ്ടമായി ഏട്ടാ…

മഹാത്ഭുതം… ആദ്യമായി ആ നാവിൽ നിന്നും ഒരു നല്ല വാക്ക് വന്നല്ലോ….

നീ പോടാ കള്ളക്കാമുകാ… വിജ ദേഷ്യത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന് വസുദേവിന്റെ കയ്യിൽ പിച്ചി…

Hi vasoo… ഫോണിലേക്ക് വന്ന മെസ്സേജ് കണ്ട് വസുദേവിന്റെ മുഖം പ്രകാശിച്ചു…

ഇത് മാനസ്സി തന്നെ ആയിരിക്കും തീർച്ച…

വസുദേവ് ഉടൻ തന്നെ ആ നമ്പറിലേക്ക് കാൾ അയച്ചു. ആദ്യ ബെല്ലിന് തന്നെ കാൾ എടുത്തു.. പ്രതീക്ഷിച്ചതുപോലെ തന്നെ അപ്പുറത്ത് മാനസ്സി ആയിരുന്നു…

ഞാൻ കരുതി മറന്നതാവുംന്ന് … വസുദേവ് സംസാരിച്ചു തുടങ്ങി…

മറന്നതല്ല മാഷേ… കാത്തിരുന്ന് കാത്തിരുന്ന് കാണുമ്പോഴോ മിണ്ടുമ്പോഴോ ഒരു പ്രേത്യക സുഖമല്ലേ…??

മറവിയുടെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ ഓർമകളെല്ലാം ഒരു മാത്ര പുനർജനിക്കുമ്പോൾ അകലെയാണെങ്കിലും മനസ്സുകൊണ്ട് നാം ഒരുപാട് അടുത്ത പോൽ ഇല്ലേ മാഷേ…

താൻ കട്ട സാഹിത്യം ആണല്ലോടോ…

ഇതൊന്നും എന്റെ സൃഷ്ടികൾ അല്ല മാഷേ… പണ്ട് കിട്ടിയ ചില പ്രേമ ലേഖനങ്ങളിലെ വരികളാണ്… പക്ഷെ സൃഷ്ടാക്കൾക്കൊന്നും ഈ മനസ്സിലൊരു സ്ഥാനവും കൊടുത്തിട്ടില്ലാട്ടോ…

പറഞ്ഞുകൊണ്ട് മാനസ്സി ചിരിച്ചു.. ഒപ്പം വസുദേവും…

പ്രതീക്ഷകളും സ്വപ്നങ്ങളും , സ്നേഹവും കരുതലും ചില യാഥാർഥ്യങ്ങളും മുള പൊട്ടിയ ഒരു പുതിയ ബന്ധത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു…

നാളുകൾ കഴിഞ്ഞപ്പോഴേക്കും ഒരുപാട് അടുത്തുകഴിഞ്ഞിരുന്നു , പിരിയാൻ പറ്റാത്തപോൽ… നിർവചിക്കാൻ കഴിയുന്ന വാക്കുകൾക്കപ്പുറം മനസ്സുകൾ ഒന്നു ചേർന്നിരുന്നു…

അന്നൊരു ഒന്നാം തിയതി ആയിരുന്നു.. തൊഴുതിട്ട് ഇരുവരും അമ്പലക്കുളത്തിലേക്കുള്ള പടവുകൾ ഇറങ്ങുമ്പോളാണ് വസുദേവ് അത് പറയുന്നത്… ഇതെങ്ങനെ പറയണമെന്നൊന്നും എനിക്ക് അറിഞ്ഞൂടാ മാനസ്സി…

ഒന്ന് നിർത്തിയിട്ട് വസുദേവ് തുടർന്നു..

എനിക്ക് തന്നെ ഇഷ്ടമാണ്.. ഒരു രാജകുമാരിയെപ്പോലെ നോക്കാം എന്നൊന്നും ഞാൻ പറയില്ല… ജീവിതമാകുമ്പോൾ ഇണക്കവും പിണക്കവും.. സന്തോഷവും ദുഖവും ഒക്കെയുണ്ടാവും…

സന്തോഷമായാലും സങ്കടമയാലും തനിച്ചാക്കുകയില്ല , ജീവിതാവസാനം വരെ ഒപ്പമുണ്ടാവും… ഇതെന്റെ വാക്കല്ല. ഇതാണ് ഞാൻ… ഇതാണെന്റെ മനസ്സ്…

പെട്ടെന്നൊരുത്തരം കിട്ടാതെ എന്തു പറയണമെന്നറിയാതെ നിശ്ചലം നിന്ന മാനസ്സിയുടെ മുഖം നോക്കി വസുദേവ് തുടർന്നു…

ഒരുകാര്യം പറയുന്നതിനോ ചെയ്യുന്നതിനോ മുൻപ് പത്ത് വട്ടം ആലോചിക്കണം എന്നൊന്നും ഞാൻ പറയില്ല.. പക്ഷെ ഒരുവട്ടമെങ്കിലും നന്നായി ആലോചിക്കണം…

വസൂ… താനെന്താ ഒന്നും മിണ്ടാത്തത്..?? മാനസ്സിയുടെ ശബ്ദം ചെവികളിൽ മുഴങ്ങിയപ്പോൾ ആണ് ഓർമകളിൽനിന്നും വസു മുക്തനായത്…

എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ലെടോ… സ്വപ്നം കാണുകയാണോ ഞാൻ..??

ദേ മിണ്ടാതിരുന്നോണം അവിടെ.. ഒരു രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് ആലോചിച്ചെടുത്ത തീരുമാനമാണ്… വസുദേവിന്റെ മനസ്സിലപ്പോൾ ഒരു മേളത്തുടിതാളം ഉയർന്നു കേട്ടിരുന്നു…

ചില ആഗ്രഹങ്ങളും സ്വപ്നങ്ങളും അങ്ങനെയാണ്. മനസ്സറിഞ്ഞ പോൽ നമ്മിലേക്ക് ഒഴുകിയെത്തും… എത്ര നാൾ ജീവിക്കുന്നു എന്നതിലല്ല കാര്യം.. എങ്ങനെ ജീവിക്കുന്നു എന്നതാണ് പ്രധാനം…

മാനസ്സി എന്നെന്നും ഇനി വസുദേവിന്റെ സ്വന്തം…

Leave a Reply

Your email address will not be published. Required fields are marked *