പൊന്നളിയാ അതൊന്നും വേണ്ട അവൾ നിനക്ക് ചേരില്ല, ഇനി നീ ഒരക്ഷരം അവളെക്കുറിച്ച്..

തൈക്കിളവി
(രചന: Anandhu Raghavan)

“ഗിരീഷേ.. നീ ആ പോകുന്ന പെൺകുട്ടിയെ കണ്ടോ.. ? ”

“ഏത്.. ആ വലത്തൂന്ന് രണ്ടാമത്തെയോ..?”

“അതെ അതുതന്നെ.. ആ മഞ്ഞചുരിദാർ.. സംഗീത, സംഗീത വേണുഗോപാൽ അതാണവളുടെ പേര്..

“പേരൊക്കെ അവിടെ ഇരിക്കട്ടെ. നീ കാര്യം പറ മോനെ..?”

“നിർമല കോളേജിൽ പിജി കഴിഞ്ഞ് ഇരിക്കുവാ..”

“അതാണോ കാര്യം.. ?? ”

“അതല്ല.. അവളിന്നലെ എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു…”

“എന്നിട്ട് നീയെന്തു പറഞ്ഞു.”

“എനിക്ക് ഇഷ്ടമൊക്കെയാണ്.. പക്ഷെ ഞാനത് പറഞ്ഞിട്ടില്ല..”

“നീയെന്ത് ഭ്രാന്താണെടാ സല്ലപെ ഈ പറയുന്നത്..”

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ മറുപടിയിൽ സല്ലപ് ഒന്നമ്പരന്നു..

ഇതുവരെയും തന്റെ ഇഷ്ടങ്ങൾക്കൊപ്പം നിന്നിട്ടേയുള്ളൂ അവൻ..

ഗിരീഷിന്റെയും തന്റെയും സൗഹൃദത്തിൽ പരസ്പരം പങ്കുവെക്കാത്ത രഹസ്യങ്ങൾ ഒന്നും തന്നെയില്ല ഇതുവരെ…

പിന്നെന്താ അവന് പെട്ടെന്നിങ്ങനെ…

” ടാ ആ തൈക്കിളവിയോ..?? ”

ഗിരീഷിന്റെയാ ചോദ്യം സല്ലപിന്റെ നെഞ്ചിൽ തുളഞ്ഞു കയറാൻ തക്ക വണ്ണം ആഴമുള്ളതായിരുന്നു…

“ഗിരീഷേ ഞാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയാ അത്.”

“പൊന്നളിയാ അതൊന്നും വേണ്ട.
അവൾ നിനക്ക് ചേരില്ല…”

“ഇനി നീ ഒരക്ഷരം അവളെക്കുറിച്ച് പറയരുത്..”

“എടാ ഞാൻ…”

പറയാൻ വന്നത് പൂർത്തിയാക്കും മുൻപ് സല്ലപ് തടഞ്ഞു…

“ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി ആയതോണ്ട് പറയുവല്ല ഗിരീഷേ..

കാണാൻ ഇരുനിറമാണെങ്കിലോ ഭംഗി ഇത്തിരി കുറവാണെങ്കിലോ അല്പം വണ്ണം കൂടിപ്പോയെങ്കിലോ അവൾക്ക് പേരുകൾ അനവധിയാണ്…

അത് പറയുമ്പോൾ നാം ഓരോരുത്തരും മനസ്സിൽ സ്വയമൊന്ന് ചിന്തിക്കണം നമ്മുടെയൊക്കെ വീട്ടിൽ നമുക്കൊരു പെങ്ങളുണ്ടെങ്കിൽ അവളെ തൈക്കിളവിയെന്നും ഇടക്കിളവിയെന്നും മറ്റും വിളിക്കുമോ ??

അതുപോലെ ആരെങ്കിലും വിളിക്കുന്നത് കേട്ടാൽ സഹിക്കാനാകുമോ…? ഒരിക്കലുമില്ല.. കാരണം അവൾ നമ്മുടെ കൂടെപ്പിറപ്പാണെന്ന ബോധ്യമുണ്ട് , തിരിച്ചറിവുണ്ട്…

ആ തിരിച്ചറിവ് സ്വന്തം പെങ്ങളിൽ മാത്രമല്ല കാണേണ്ടത്. ഓരോരുത്തരിലും കാണണം…

പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും ആഴവും വ്യാപ്തിയും ഒരിക്കലും ബാഹ്യ സൗന്ദര്യത്തെ ആശ്രയിച്ചായിരിക്കരുത്.. ”

പറഞ്ഞത് തെറ്റായിപ്പോയെന്ന ബോധ്യം ഗിരീഷിന്റെ മനസ്സിനെ നൊമ്പരപ്പെടുത്തിയപ്പോൾ അവൻ സല്ലപിനോട് പറഞ്ഞു…

” എടാ നീ എന്നോട് ക്ഷമിക്ക്‌ , ഞാൻ മറ്റൊന്നും വിചാരിച്ച് പറഞ്ഞതല്ല… ”

” എന്തോന്നാടേയ് ഒരുമാതിരി അംഗൻവാടി പിള്ളേരേപ്പോലെ , കൂട്ടുകരാകുമ്പോൾ ഇതൊക്കെ ഒരു രസമല്ലേ….. ”

“അപ്പോഴെങ്ങനാ കാര്യങ്ങൾ.. അവളോടെപ്പോഴാ പറയുന്നേ.. ”

” പറയണം. സമയമാകട്ടെ..”” സല്ലപ് അവനെ നോക്കി പുഞ്ചിരിച്ചു….

” എന്നാൽ കളം ഒന്ന്മാറ്റി കളിച്ചാലൊ..??” ഗിരീഷിന്റെ തലച്ചോറിൽ ഉറങ്ങിക്കിടന്നിരുന്ന ബുദ്ധികൾ ഓരോന്നും ഉണർന്നു പ്രവർത്തിച്ചു തുടങ്ങിയിരുന്നു….

തന്റെ മനസ്സിലുള്ളത് സല്ലപിനോട് തുറന്നു പറഞ്ഞിട്ട് ഗിരീഷ് ചോദിച്ചു..

“അപ്പോഴെങ്ങനാ… ??”

” സാധാരണം..” പറഞ്ഞ് ചിരിച്ചുകൊണ്ട് സല്ലപ് ഗിരീഷിന്റെ തോളിൽ കയ്യിട്ടു…

തൊട്ടടുത്ത സർക്കാർ സ്കൂളിലെ ചില കുട്ടികൾക്ക് ട്യൂഷൻ എടുത്തുകൊടുക്കാറുണ്ടായിരുന്നു സംഗീത…

ട്യൂഷൻ കഴിഞ്ഞ് കുട്ടികൾ പോയപ്പോൾ ചായ കുടിച്ചുകൊണ്ടിരുന്ന സംഗീതയുടെ അടുത്തെത്തി അച്ഛൻ ചോദിച്ചു…

” മോൾ ആ സല്ലപിനെ അറിയുമോ…??”

ഒരു നിമിഷം സംഗീത ഒന്നു ഞെട്ടി. അച്ഛനെല്ലാം അറിഞ്ഞ് കഴിഞ്ഞു , ഇനി തന്റെ വിധി ദൈവം തീരുമാനിക്കും…

നിസ്സഹായവസ്ഥയിൽ സംഗീത ഒരു വിധം പറഞ്ഞൊപ്പിച്ചു..

” കണ്ടിട്ടുണ്ട്.. എന്താണച്ഛാ..”

“അവന് നിന്നെ ഇഷ്ടമാണെന്ന്.. വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നു പറഞ്ഞു… അച്ഛൻ എന്താ പറയേണ്ടത്…”

“എനിക്ക് ഇഷ്ടക്കുറവൊന്നും ഇല്ലച്ഛാ… അച്ഛന്റെ ഇഷ്ടം പോലെ… ”

“എന്നാലച്ഛൻ അവരെ വിളിച്ച് അതങ്ങ് ഉറപ്പിച്ചേക്കട്ടെ…?”

നിറഞ്ഞ സന്തോഷത്താൽ മനസ്സിൽ പ്രണയത്തിൻ ശീലുകൾ അലയടിക്കുമ്പോഴും അച്ഛന്റെ ചോദ്യത്തിന് സമ്മതം മൂളാൻ അവൾ താമസിച്ചിരുന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *