(രചന: Amee Bella Ganiz)
” ഐഷു….. ”
ശരീരം നുറുങ്ങുന്ന വേദനയുമായിട്ടാണ് ഐഷു കണ്ണു തുറന്നത്. ചുറ്റിലും നോക്കിയപ്പോൾ ഭയങ്കരമായ വെട്ടം ഉള്ള പോലെ തോന്നി അവൾക്ക്. പരിചയമില്ലാത്ത ഒരു സ്ഥലം പോലെ… അത് വീടായിരുന്നില്ല അതൊരു ഹോസ്പിറ്റല്‍ ആയിരുന്നു എന്ന് തിരിച്ചറിയാൻ കുറച്ച് അധികം നിമിഷങ്ങൾ വേണ്ടിവന്നു ഐഷുവിന്.
പെട്ടെന്ന് സഹിക്കാൻ കഴിയാത്ത ഒരു വേദന തന്റെ കയ്യിൽ അനുഭവപ്പെട്ടപ്പോഴാണ് അവൾ യാഥാർത്ഥ്യത്തിലോട്ട് തിരിച്ചുവന്നത്… തന്റെ ഇടത്തെ കയ്യിൽ കൈപ്പത്തിയുടെ തൊട്ടു താഴെ ഒരു കെട്ട്… അതെ ഇതൊരു പുനർജന്മമാണ്. ഒരുനേരത്തെ തോന്നലിൽ താൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ ആയി കണ്ടെത്തിയത് ഞരമ്പ് മുറിച്ചുകൊണ്ടായിരുന്നല്ലോ..
അവൾ ആ നുറുങ്ങുന്ന വേദനയിലും മായിക്കാൻ പറ്റാത്ത ആ ഓർമ്മകളിലേക്ക് ഒന്നുകൂടെ ഒന്ന് സഞ്ചരിച്ചു. കണ്ണടച്ചുവെച്ച് അവൾ തന്നെ ഓർമ്മകളോടൊപ്പം സഞ്ചരിക്കാൻ തുടങ്ങി..
സ്നേഹനിധിയായ ഉമ്മയുടെയും ഉപ്പയുടെയും പൊന്നോമനയായ ഐഷു. ഉമ്മാന്റെയും ഉപ്പാന്റെയും കുടുംബക്കാരാൽ സമൃദ്ധമായ കുടുംബം. ഒരു വിശേഷം ഉണ്ടായാൽ എല്ലാവരും ഒത്തുകൂടി സന്തോഷവും ബഹളവും ഭക്ഷണവുമായി അടിച്ചുപൊളിച്ചാണ് ഓരോ നിമിഷവും അന്നെല്ലാം അവൾ കഴിഞ്ഞിരുന്നത്.
ഉപ്പ ഖാദറിനും ഉമ്മ ജമീലാക്കും പൊന്നോമനയായ ഐഷു ഏറെകാലം മക്കളില്ലാത്തവർക്ക് മക്കയിൽ പോയതിനുശേഷം കിട്ടിയ നിധിയായിട്ടാണ് അവർ വളർത്തിയത്.
കുഞ്ഞുനാൾ തൊട്ട് പത്താം ക്ലാസ് വരെ കുടുംബത്തിലെയും എല്ലാവരുടെയും കണ്ണിലുണ്ണിയായി പൊന്നോമനയായി അവൾ വളർന്നു. പഠിക്കാനും മറ്റെല്ലാ കലാപരിപാടികൾക്കും ഐഷുമുന്നിൽ ആയിരുന്നു. എന്തിനു പറയണം ഈ സന്തോഷങ്ങളെല്ലാം പത്താം ക്ലാസിന്റെ പബ്ലിക് പരീക്ഷ എഴുതിയിരുന്ന സമയം വരെ നിലനിന്നിരുന്നുള്ളൂ.
മലബാറിലെ ഒരു സാധാ മുസ്ലിം കുടുംബത്തിൽ ജനിച്ച അയിഷുവിനു തന്നെ സ്വപ്നങ്ങൾക്ക് വേണ്ടി കൂടുതൽ യാത്ര ചെയ്യാനുള്ള അനുമതി കുടുംബത്തിൽ നിന്നുണ്ടായിരുന്നില്ല.
എട്ടാം ക്ലാസ് കഴിഞ്ഞതിനുശേഷം തന്നെ നിരവധി കല്യാണ ആലോചനകൾ ആണ് അവളെ തേടിയെത്തിയിരുന്നത്. പത്താം ക്ലാസ് വരെ പഠിപ്പിച്ചതിനുശേഷം കല്യാണം കഴിപ്പിക്കും എന്നുള്ളത് വളരെ വലിയ ഗർവോടെയാണ് അവളുടെ ഉപ്പ എല്ലാവർക്കും മുമ്പിൽ അവതരിപ്പിച്ചത്. ഏറെ കൊഞ്ചിച്ചു വളർത്തിയ തന്റെ മകളുടെ മനസ്സ് പോലും ഖാദറിനു മനസ്സിലായില്ല.
ഐഷു പഠിച്ച സ്കൂളിലെ അവളുടെ കൂട്ടുകാർക്കും അവളെ പഠിപ്പിച്ച അധ്യാപകർക്കും അറിയാമായിരുന്നു അവളുടെ സ്വപ്നങ്ങൾ. നേടിയെടുക്കാനുള്ള അവളുടെ ആർജ്ജവത്തെ അവർ എന്നും പ്രശംസിക്കുമായിരുന്നു. സമൂഹത്തിൽ നാളെ ഉന്നത നിലയിലേക്ക് എത്തി സാധാരണക്കാർക്ക് ഏറെ താങ്ങും തണലും ആയേക്കാവുന്ന ഒരു വലിയ പ്രതീക്ഷയാണ് ഐഷുവിന്റെ കുടുംബം കല്യാണം കൊണ്ട് അവസാനിപ്പിക്കാനായി ഒരുങ്ങുന്നത്.
” എന്റെ പൊന്നുച്ചിയല്ലേ എനിക്കിപ്പോ കല്യാണം വേണ്ട ഞാൻ ഒന്ന് പഠിക്കട്ടെ.. എനിക്ക് പഠിക്കണം ഉപ്പച്ചി.. ”
തന്റെ കല്യാണക്കാര്യം തീരുമാനിക്കും എന്ന് ഘട്ടത്തിൽ വന്നപ്പോൾ അവൾ അവളുടെ ഉപ്പയോട് പറഞ്ഞ വാക്കുകൾ ആണ് ഇത്..
” മോളെ ഐഷു,നീ നമ്മുടെ കുടുംബത്തിനും മാനക്കേട് ഉണ്ടാക്കരുത്. നമ്മുടെ കുടുംബത്തിലെ എല്ലാ പെൺകുട്ടികളും 8 9 ക്ലാസ്സിൽ എത്തിയപ്പോഴേക്കും കല്യാണം കഴിച്ച് നിന്റെ ഈ പ്രായമായ അവർക്ക് മക്കൾ ഉണ്ടായിട്ടുണ്ട്. നിനക്ക് പത്താം ക്ലാസ് വരെ സമയം തന്നില്ലേ..ഉപ്പന്റെ മോള് നല്ല മോളാണ്. കുടുംബക്കാരെക്കൊണ്ടും നാട്ടുകാരെക്കൊണ്ടും പറയിപ്പിക്കരുത്. പെൺമക്കളെല്ലാം അന്യ വീട്ടിൽ പോയി വളരേണ്ട മക്കളാണ്. നിങ്ങൾക്ക് കുടുംബം നോക്കുകയാണ് ഏറ്റവും വലിയ ഉത്തരവാദിത്തം… മോൾ ഉപ്പ പറയുന്നത് അനുസരിക്കണം. എന്റെ വാക്ക് പാലിക്കാതെ ഞാൻ ഇതുവരെ നിന്നിട്ടില്ല.. നിനക്ക് ഏറ്റവും അനുയോജ്യമായ ഒരു ബന്ധമാണ് ഇപ്പോൾ ഞങ്ങളെല്ലാവരും കണ്ടെത്തിയിട്ടുള്ളത്.. ഞാനവരോട് വാക്കു പറയുകയും ചെയ്തു. ഇനി ഈ വാക്കു മാറിയാൽ നിന്റെ ഉപ്പ മരിക്കും. മോള് സമ്മതിക്കില്ലേ.. ”
കാദറിന്റെ ഈ വാക്കുകൾ നിറകണ്ണുകളോടെയാണ് ഐഷുക്കേട്ടുകൊണ്ടിരുന്നത്. തന്റെ സ്വപ്നങ്ങളെക്കാളും തന്റെ മാതാപിതാക്കളുടെ സ്നേഹത്തിന് അവൾ വില കൊടുത്തു. അല്ലെങ്കിലും 16 വയസ്സുള്ള ഒരു പെൺകുട്ടിക്ക് കുടുംബത്തിന്റെ സപ്പോർട്ട് ഇല്ലാതെ എന്ത് ചെയ്യാൻ സാധിക്കും? അവൾ മിണ്ടാതിരുന്നു. തന്റെ സമ്മതം മൗനമായി അറിയിച്ചു. ഉള്ളേറെ നോവുന്നുണ്ടെങ്കിലും ഒരു കല്യാണത്തെ വരവേൽക്കാൻ സാവധാനം അവളും തയ്യാറെടുത്തു എന്ന് വേണം പറയാൻ.
പിന്നീടെല്ലാം അങ്ങോട്ട് എടു പിടി നടന്നു.
പെണ്ണുകാണലും നിശ്ചയവും നിക്കാഹു മെല്ലാം വളരെ പെട്ടെന്നായിരുന്നു. സുഹൈൽ ആയിരുന്നു അവളെ നിക്കാഹ് ചെയ്തത്. കുടുംബപരമായിട്ട് ഐഷുവിന്റെ വീട്ടുകാർക്കും ഏറെ പരിചയമുള്ള ആൾക്കാർ.
കൂട്ടിക്കൊണ്ടു പോകില്ലെന്ന് ചടങ്ങ് അടുത്തു വന്നു കൊണ്ടിരിക്കുന്നു.. സ്വർണ്ണം എടുക്കലും ഡ്രസ്സ് എടുക്കലും ഹോള് അലങ്കരിക്കലും എല്ലാം ധൃതിയിൽ നടന്നു. പതിയെ ആണെങ്കിലും ഒരു മണവാട്ടിയുടെ മനസ്സ് ഐഷുവിനും വന്നു. ഈ ചുരുങ്ങിയ സമയത്തിൽ ഫോണിലൂടെ സുഹൈലും ഐശ്വര്യവും അത്യാവശ്യം ചെറുതായ രീതിയിൽ അങ്ങോട്ടുമിങ്ങോട്ടും അടുത്തിരുന്നു.
ഒറ്റ മകളായ ഐഷുവിന്റെ കല്യാണം അവളുടെ മാതാപിതാക്കൾ ഒരു ആഘോഷം പോലെ തന്നെയാണ് നടത്തിയത്.
സുഹൈലിന്റെ കൈയിൽ ഐശ്വര്യ ഏൽപ്പിക്കുമ്പോൾ അറിയാതെയാണെങ്കിലും കാദറിന്റെ കണ്ണ് നിറഞ്ഞു. തന്റെ മകൾക്ക് ചെയ്തുകൊടുക്കാവുന്ന ഏറ്റവും വലിയ സംഭവം കല്യാണമാണെന്ന് ആ പിതാവ് അപ്പോഴും വിശ്വസിച്ചു.
സുഹൈലിന്റെ വീട്ടിലെത്തിയ ഐഷു തന്റെ വീട്ടിലെ കുഞ്ഞികുറുമ്പി ആയിരുന്നില്ല. സുഹൈൽ അവന്റെ വീട്ടിലെ മൂത്ത കുട്ടിയായിരുന്നു. അതുകൊണ്ടുതന്നെ ഐശ്വആ വീട്ടിലെ മൂത്ത മരുമോളാണ്. 16 വയസ്സുള്ള ഐഷു പക്വതയുള്ള മൂത്ത മരുമകളുടെ സ്ഥാനത്തേക്ക് മാറുക എന്നുള്ളത് ഒന്നാലോചിച്ചു നോക്കിയേ…!!
വിദേശത്ത് ജോലി ചെയ്യുന്ന സുഹൈലിന് ആകെ അവശേഷിച്ചത് രണ്ടുമാസത്തെ ലീവാണ്. ആ രണ്ടുമാസകാലം യാത്രകളിലൂടെയും വിരുന്നുമായിട്ടും ഐഷു വളരെയധികം സന്തോഷത്തിൽ തന്നെയായിരുന്നു…
പിന്നീടങ്ങോട്ട് സുഹൈലിന് ജോലിസ്ഥലത്തേക്ക് മടങ്ങേണ്ടിവന്നു. സ്വന്തം വീട്ടിലെ രാജകുമാരി മറ്റൊരു വീട്ടിലെ വേലക്കാരിയായി മാറി എന്നു പറഞ്ഞാൽ അതിനൊരുദാഹരണം നമുക്കിപ്പോൾ ഐഷുവിന്റെ ജീവിതം തന്നെ കാണിക്കാം.
അവരുടെ മനസ്സിലെ മകളെന്ന സ്ഥാനം തനിക്ക് കിട്ടിയിരുന്നെങ്കിൽ മാത്രമേ മറ്റൊരു കുടുംബത്തിൽ ജനിച്ച പെൺകുട്ടിക്ക് വേറൊരു വീട്ടിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. അവിടെ അവൾ മരുമകളായി ഉത്തരവാദിത്വമുള്ള ഭാര്യയായി ഒക്കെ ജീവിക്കുമ്പോൾ ഒരുപാട് താളപ്പിഴവുകൾ സംഭവിച്ചേക്കാം. എന്ത് ചെറിയ കാര്യത്തിന് പോലും ഐഷുവിന്റെ അമ്മായിയമ്മ കുറ്റപ്പെടുത്തൽ ഓടെയാണ് അവളോട് സംസാരിച്ചിട്ടുള്ളത്.
സുഹൈലിനോടുള്ള അതിതീവ്രമായ ഇഷ്ടം കൊണ്ട് ഒരുവിധം എല്ലാം ഐഷു അഡ്ജസ്റ്റ് ചെയ്തു. വിരഹവും അതിനിടക്ക് തന്റെ വീട്ടിലും സുഹൈലിന്റെ വീട്ടിലുമായി അവൾ മാറിമാറി നിന്ന് സമയം കളഞ്ഞു.സുഹൈൽ പോയിട്ട് ഇപ്പോൾ ആറുമാസം കഴിഞ്ഞു.
സാധാരണ ഒരു വർഷത്തിൽ ലീവ് കിട്ടുന്ന സുഹൈൽ ആറുമാസം കഴിഞ്ഞപ്പോൾ തന്റെ ഭാര്യയെ കാണാൻ ഓടിയെത്തി. സുഹൈലിന് ഐഷുവിനോടുള്ള പരിഗണന അവന്റെ ഉമ്മ മറിയത്തിന് അധികം രസിച്ചില്ല. അവിടം തൊട്ട് ചെറിയ ചെറിയ വിള്ളലുകളും കുത്തുവാക്കുകളും ഉയരാൻ തുടങ്ങി.
സുഹൈൽ വന്നിട്ട് ഒരു മാസം കഴിഞൊട്ടും മക്കൾ ഒന്നും ആവുന്നില്ല എന്നും പറഞ്ഞ് ആയി കുറ്റപ്പെടുത്തൽ..
എന്ത് നിസ്സാര കാര്യത്തിനും ഐഷുവിനെ ചൂണ്ടുന്നത് അവരുടെ അവിടെ പതിവായി മാറി. അസഹനീയത ഏറെ വർധിച്ചപ്പോൾ ഐഷു തന്റെ അവസ്ഥ എപ്പോഴോ സ്വന്തം ഉമ്മയോട് പറഞ്ഞു പോയിരുന്നു.
ഏറെ അടുപ്പത്തിലായിരുന്ന രണ്ട് കുടുംബക്കാർ ഒരു കല്യാണം കൊണ്ട് അകന്നു പോകുന്ന സാഹചര്യം ഒന്നാലോചിച്ചു നോക്കിയേ…
ഇതിനിടയ്ക്ക് വീട്ടിലെ മുറി മുറുക്കുകൾ വർധിച്ചപ്പോൾ എപ്പോഴൊക്കെയോ ഐഷോ സുഹൈലിനോട് പറഞ്ഞു നിങ്ങൾ ഇല്ലാതെ വീട്ടിൽ നിൽക്കുക എനിക്ക് അസാധ്യമാണെന്ന്…
ഒരിക്കൽ എന്തോ ഒരു വാക്കു തർക്കത്തിന്റെ പേരിൽ സ്വന്തം വീട്ടിലേക്ക് പോയ ഐഷുവിന് പിന്നീട് വിളിക്കാൻ എത്തിയ സുഹൈൽ അവൾ ഇതുവരെ കാണാത്ത ഒരു മുഖം കൊണ്ടായിരുന്നു.
അതൊരു ഞെട്ടൽ ഉണ്ടാക്കിയെങ്കിലും പിന്നീട് എല്ലാവരും പറഞ്ഞു പ്രശ്നങ്ങളെല്ലാം ഇതിൽ പരിഹരിച്ചു.
എന്തായാലും ഇപ്രാവശ്യം സുഹൈൽ വിദേശത്തേക്ക് പോകുന്നതിനു മുമ്പ് തന്നെ ഐഷുവിനു വിശേഷം ഉണ്ടായി. ഒരു 17 വയസ്സുകാരി അമ്മയാകാൻ ഒരുങ്ങുന്നു.
ജീവിതത്തിൽ നിറങ്ങൾ മനസ്സിലാക്കേണ്ട പ്രായത്തിൽ തന്നെ ഉത്തരവാദിത്വങ്ങളുടെ വലിയ കെട്ട് ഏൽപ്പിച്ച സ്വന്തം കുടുംബത്തോട് അപ്പോഴും ആ പാവത്തിന് പരാതി ഒന്നുമുണ്ടായിരുന്നില്ല. മൗനതെ കൂട്ടുപിടിച്ചായിരുന്നു അവൾ എല്ലാവരോടും പ്രതികരിച്ചിരുന്നത്. പഠിക്കുന്ന സമയത്ത് കുറുമ്പിയും വളരെ ബോൾഡുമായ ഒരു പെൺകുട്ടി ഒട്ടും പ്രതീക്ഷിക്കാത്ത മറ്റൊരു സാഹചര്യത്തിലേക്ക് തന്നെ ജീവിതം എടുത്തുമാറ്റുമ്പോൾ അവിടെത്തന്നെ മനസ്സിലാക്കാത്ത കുറെ ആളുകൾക്ക് നടുവിലാണ് എന്ന് മനസ്സിലായി അന്തംവിട്ട് നിൽക്കുന്ന സാഹചര്യത്തിൽ പ്രതികരണം മൗനം അല്ലാതെ പിന്നെ എന്തായി മാറാൻ അല്ലേ…!
ഐഷുവിന് വിശേഷമായി എന്ന് കേട്ട സമയം തൊട്ട് സുഹയിലും സുഹൈലിന്റെ ഉപ്പായും വളരെ സന്തോഷത്തോടെയാണ് അവളെ നോക്കിയിരുന്നത്. ഇതെല്ലാം കണ്ടും കേട്ടും സഹിക്കാതെ സുഹൈലിന്റെ വീട്ടിലെ പെണ്ണുങ്ങൾ പലതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടേയിരുന്നു.. സഹിക്കാൻ കഴിയാതെ വരുന്ന ചില സമയങ്ങളിൽ ചിലതെല്ലാം തന്റെ വീട്ടുകാരോട് പങ്കുവയ്ക്കുമ്പോൾ അവരും വാളും പരിചയും ആയിട്ടാണ് പ്രശ്നം പരിഹരിക്കാനായി ഓടിയെത്തിയത്.
എന്തിനു പറയണം ഒരു പെണ്ണിന്റെ ഏറ്റവും അമൂല്യമായ സമയമാണ് ഗർഭകാലം ആ സമയത്ത് സ്വസ്ഥതയും ശാന്തതയും ഒന്നും അനുഭവിക്കാൻ കഴിയാതെ നീറുന്ന മനസ്സുമായി ജീവിക്കുന്ന ഒരു പെൺകുട്ടിയുടെ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ…!
തന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കുന്ന തന്റെ ഭാര്യയോട് അവളുടെ മനസ്സും അവൾ കഴിക്കുന്ന ഭക്ഷണവും അവൾ അനുഭവിക്കുന്ന സന്തോഷവുമാണ് തന്റെ കുഞ്ഞിനെ ബാധിക്കുക എന്നും മറന്നുകൊണ്ട് തന്റെ വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ട് സുഹൈലും പല രീതിക്ക് വേദനിപ്പിച്ചു കൊണ്ടിരുന്നു.
സ്വന്തം വീട്ടിലെത്തിയ ഐഷുവിന്റെ അവസ്ഥ കണ്ട് നീ എന്തിനു പേടിക്കണം നിനക്ക് ഞങ്ങളില്ലേ എന്നൊരു വാക്ക് പോലും പറയാൻ അവളുടെ വീട്ടുകാരും മടിച്ചു..
അവർക്കും നഷ്ടക്കടക്കിന്റെ കാര്യം മാത്രമായിരുന്നു..
തനിക്ക് വേണ്ടി ചിന്തിക്കാൻ പോലും ആരും ഇല്ലേ എന്നുള്ള ഒരു ചിന്തയിൽ… എപ്പോഴോ തന്റെ മനസ്സ് കൈവിട്ടുപോയ നിമിഷത്തിൽ
ആർക്കുവേണ്ടി ജീവിക്കണം എന്നൊരു തോന്നലിൽ ജീവിതം അവസാനിപ്പിക്കാൻ അവൾ ഒരുങ്ങി.
ആ ശ്രമത്തിന്റെ ഫലമായിട്ടാണ് ഐഷോ ഇപ്പോൾ ഈ ഹോസ്പിറ്റലിൽ കിടക്കുന്നത്.
ഐഷു കണ്ണു തുറന്നു…
അറിയാതെ അവളുടെ കൈ അവളുടെ ഉദരത്തിൽ ചെന്നു.
“തക്ക സമയത്ത് ഇവിടെ എത്തിച്ചതുകൊണ്ട് അമ്മയ്ക്കും കുഞ്ഞിനും ഒന്നും സംഭവിച്ചിട്ടില്ല..”
പെട്ടെന്ന് റൂമിലേക്ക് കയറിയ ഡോക്ടർ അവളുടെ പ്രവർത്തി കണ്ട് പറഞ്ഞു..
“ആത്മഹത്യാശ്രമം കുറ്റകരമാണെന്ന് കുട്ടിക്ക് അറിയില്ലേ..”
“എന്നോട് ക്ഷമിക്കണം പെട്ടെന്ന് ഏതൊരു നിമിഷത്തിൽ ഞാൻ ഒന്നും ഓർത്തില്ല…”
പറഞ്ഞു പൂർത്തിയാക്കാൻ കഴിയുന്നതിനു മുൻപേ അവൾ വിതുമ്പി പോയി…
“കുട്ടി ഈ ജീവിതം നിന്റെയാണ്, നിനക്ക് വേണ്ടിയാണ് നീ ആദ്യം ജീവിക്കേണ്ടത് അതിനുശേഷം മാത്രമേ നീ ബാക്കി എന്തും ആലോചിക്കാവു. ആർക്കുവേണ്ടിയിട്ടാണ് നീ എന്ത് ചെയ്തതെങ്കിലും നിനക്ക് എന്തെങ്കിലും ഒരു മോശം സംഭവിച്ചാൽ നിന്നെ തള്ളി പറയാനേ ആളുകളെല്ലാം ഉണ്ടാവൂ.. ഏകദേശം കാര്യങ്ങളെല്ലാം എനിക്ക് മനസ്സിലായിട്ടുണ്ട്. നമുക്ക് പിന്നീട് സംസാരിച്ചെല്ലാം ശരിയാക്കാം. കുട്ടിയുടെ വീട്ടുകാർക്ക് വേണ്ടിയെടുത്ത് ഈ തീരുമാനത്തിൽ അത്രയ്ക്കും സഹിച്ച വയ്യാതെയാണ് ഇത്തരത്തിൽ ഒരു അവസ്ഥയിൽ എത്തിയത് എന്ന് എനിക്ക് മനസ്സിലാക്കാൻ സാധിക്കും. പക്ഷേ ഈ ജീവിതം തീർന്നു പോയിട്ടുണ്ടെങ്കിലും നഷ്ടം ഐഷുവിനു മാത്രമാണ്. ഈയൊരു കാരണം കൊണ്ട് പോലും നിന്നെ കുറ്റപ്പെടുത്താൻ ആളുകൾ ഉണ്ടാവു… കല്യാണം ഒന്നിനും തുടക്കവും അവസാനവും അല്ല.. ആദ്യം തന്നെ സ്വന്തം ജീവിതം എന്താണ് സ്വന്തം സന്തോഷം എന്താണ് സ്വന്തം തീരുമാനങ്ങൾ എന്താണെന്ന് തിരിച്ചറിയാൻ ശ്രമിക്കു. ഇന്ന് ഐശ്വര്യ അമ്മയാണ് അമ്മയാവാൻ പോകുന്ന സ്ത്രീയാണ്. ഉള്ളിൽ കിടക്കുന്ന ആ കുഞ്ഞിനോട് ഐഷുവിന് ഒരു ഉത്തരവാദിത്തമുണ്ട്. അതുകൊണ്ടുതന്നെ നന്നായി ആലോചിച്ചു മറുപടി എസ് ആണെങ്കിലും നോ ആണെങ്കിലും പറയേണ്ട സമയത്ത് പറയുക… എല്ലാം ഒക്കെയാവും കേട്ടോ”
ഒരു പുതിയ ഊർജ്ജമാണ് ഡോക്ടറുടെ ഈ വാക്കുകളിൽ കൂടെ ഐഷുവിനു ലഭിച്ചത്…
അതെ, ഇത് എന്റെ ജീവിതമാണ് ഞാൻ എന്തിനാണ് മറ്റുള്ളവരുടെ സന്തോഷത്തിനുവേണ്ടി എന്റെ ജീവിതം തല്ലി കെടുത്തുന്നത് എന്ന് ഒരു നിമിഷം അവൾ ചിന്തിച്ചു..
അതെ ഇത് ഐഷുവിന്റെ പുനർജന്മം തന്നെയാണ്.. മൗനത്തെ കൂട്ടുപിടിച്ച് ദുഃഖത്തെ വരവേൽക്കാൻ ശ്രമിച്ച ആയിഷുവിന്റെ അല്ല… തന്റെ കുഞ്ഞിനുവേണ്ടി ജീവിക്കണം എന്ന് ഉറപ്പിച്ച് മുന്നോട്ടുപോകാൻ ഒരുങ്ങുന്ന ഐഷുവിന്റെ.
താൻ ഇങ്ങനെ ചെയ്തു എന്ന് അറിഞ്ഞിട്ടും ഒരു വാക്കു കൊണ്ടു പോലും തന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കാത്ത സുഹൈലിന് ഇനി തന്റെ ജീവിതത്തിൽ വേണോ എന്ന് ആലോചിച്ചു..!
അധികം ചിന്തിക്കാതെ തന്നെ മറുപടി കിട്ടി…. വേണ്ട! തന്നെ വേണ്ടാത്തവരെ ഇനി ഒരിക്കൽ കൂടെ സമൂഹത്തിന് കുടുംബത്തിനും വേണ്ടി സഹിക്കേണ്ട ആവശ്യം തനിക്കില്ല. അല്ലെങ്കിൽ ഒരു ചെറിയ ചേർത്തുപിടിക്കാൻ മതിയായിരുന്നു ഇനിയൊരു അവസ്ഥ എനിക്ക് മറികടക്കാൻ എന്ന് ഐഷു ആലോചിച്ചു…. സുഹൈലിനെ വേണ്ടെങ്കിൽ പിന്നെ എന്താ അവന്റെ വീട്ടുകാർ… തന്റെ കുഞ്ഞ്.. അതൊരിക്കലും ഞാൻ കാരണം വഴിയാധാരമാകരുതെന്ന് ആ കുഞ്ഞു അമ്മ മനസ്സ് ചിന്തിച്ച് തന്നെ മനസ്സിൽ പാകപ്പെടുത്തി.
ആ സമയത്തായിരുന്നു അവളുടെ ഉപ്പ റൂമിലേക്ക് എത്തിയത്. കൂടെ ഉമ്മയുമുണ്ട്.
“മോളെ മോൾക്ക് കുഴപ്പമൊന്നുമില്ലല്ലോ,എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പോയത് നമുക്ക് എന്തും പരിഹരിച്ച് തീർക്കാം. ഇതിപ്പോൾ ഈ ഒരു സംഭവത്തോട് കൂടി സുഹൈലിന്റെ വീട്ടുകാർ മൊത്തം ദേഷ്യത്തിലാണ്. അവരുടെ കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരെങ്ങനെ പ്രതികരിക്കും എന്നായിരുന്നു എന്റെ ഭയം…!”
ഞെട്ടിലൂടെയാണ് തന്റെ ഉപ്പയുടെ വാക്കുകൾ ഐഷുക്കേട്ടത്..
“അപ്പോൾ ഞാൻ ഉപ്പയുടെ മോളല്ലേ ഉപ്പയുടെ കുട്ടിയല്ലേ… എനിക്ക് നോവുന്നില്ലേ.. എന്നെ എന്താ നിങ്ങൾ ആരും മനസ്സിലാക്കാത്തത്…”
ഐഷു അലറിയാണ് ചോദിച്ചത്.
ഐഷുവിന്റെ ഈ വാക്ക് നടുക്കത്തോടെ ആണ് ഉമ്മയും കേട്ടത്.
അവർ അവളുടെ അടുക്കലേക്ക് ചെന്ന്
“മോൾ എന്ത് പറയുന്നത്… കല്യാണം കഴിഞ്ഞാൽ നമ്മൾ കുറെയൊക്കെ സഹിക്കണം.. ഇന്ന് നീ ഒറ്റന്തടി അല്ല ഗർഭിണി ആണ്. ”
” അതിന് ഞാനെന്തു വേണം ഞാൻ ചിലത് തീരുമാനിച്ചിട്ടുണ്ട്, പ്രണയിച്ചു ഒളിച്ചോടിയോ ഒന്നുമല്ലല്ലോ എനിക്ക് കുഞ്ഞുണ്ടായത്…. എനിക്ക് പഠിക്കണമെന്ന് ഞാൻ ആവതും നിങ്ങളുടെ കാലുപിടിച്ച് പറഞ്ഞതല്ലേ.. കേട്ടോ നിങ്ങൾ രണ്ടാളും… കുടുംബ മഹിമയും ഒരാൾക്ക് കൊടുത്ത വാക്കുമായിരുന്നില്ല സ്വന്തം മകളെക്കാൾ വലുത്… എന്റെ ജീവൻ ഈ സമയത്ത് പോയിരുന്നെങ്കിൽ നിങ്ങൾക്ക് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. അപ്പോഴും സമൂഹത്തിലുള്ള മാനം… ഞാൻ ഈ ബന്ധം ഒഴിയാൻ പോവുകയാണ്. ”
മാതാപിതാക്കൾ രണ്ടും പരസ്പരം കണ്ണുമിഴിച്ചു നിന്നുപോയി.
“എന്തൊക്കെ തോന്നിവാസമാണ് നീ പറയുന്നത്… സുഹൈലിന് ഒഴിവാക്കി എങ്ങനെ ജീവിക്കാം എന്ന് നീ തീരുമാനിക്കുന്നത്. തോന്നിവാസം ഇനിയും ചെയ്താൽ ഞങ്ങളും കൂടെ ഇനി ഉണ്ടാവില്ല… ഞങ്ങൾക്ക് ഇങ്ങനെ ഒരു മകളും ഉണ്ടാവില്ല…”
പൊട്ടി ചിരിച്ചുകൊണ്ടാണ് ഐഷു പിന്നെ മറുപടി പറഞ്ഞത്..
“എനിക്കറിയാം എല്ലാവരെയും… ഞാൻ ജീവിക്കും നിങ്ങൾക്കെല്ലാം മുന്നിൽ തന്നെ. എന്റെ ഉള്ളിൽ വളരുന്നത് ഒരു പെൺകുഞ്ഞ് ആണെങ്കിൽ അവളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ ശക്തിയായ ഒരു ഉമ്മയുടെ കൂട്ട് ഉണ്ടാവും അവൾക്ക്. അതല്ല ഒരു ആൺകുട്ടി ആണെങ്കിലും അങ്ങനെ തന്നെ…. സമൂഹത്തിന്റെ വേലിക്കെട്ടുകൾക്കുള്ളിൽ നിന്ന് ശ്വാസംമുട്ടി മരിക്കാൻ ഞാൻ അവരെ സമ്മതിക്കില്ല. നിങ്ങളല്ല ഞാൻ… ഞാൻ മരിച്ചു ജീവിച്ചതാണ് ഇന്ന്. ഇനി എന്റെ ജീവിതം പന്ത് കളിക്കാൻ നിങ്ങളെ അവരെ ആരെയും സമ്മതിക്കില്ല…. എനിക്ക് ജീവിക്കണം.. നിങ്ങൾക്ക് ഇങ്ങനെ ഒരു മകൾ ഇല്ല എന്ന് തോന്നിയിട്ടുണ്ടെങ്കിൽ ഇപ്പൊ പോകാം ഇവിടുന്ന്. എനിക്ക് ജീവിക്കണമല്ലോ അതുകൊണ്ട് എനിക്ക് അവകാശപ്പെട്ടതെല്ലാം നിങ്ങളിൽ നിന്നും ഞാൻ നേടിയെടുക്കു. അർഹതപ്പെട്ടത് മാത്രം മതി എനിക്ക്. എന്റെ പഠനവും എന്റെ കുഞ്ഞിനെ നോക്കിയും ഒരു ജോലി കണ്ടെത്താൻ എനിക്ക് പ്രയാസമുണ്ടാകില്ല. എന്തുതന്നെ അനുഭവിച്ചാലും നിങ്ങളുടെ ആരുടെയും കാലുപിടിച്ചു ഞാൻ വരില്ല…”
“പിന്നെ ഈ ബന്ധം ഒഴിയാൻ അതെനിക്ക് നിങ്ങളുടെ ആരുടെയും അനുവാദം വേണ്ട.. ഞാൻ അനുഭവിച്ചതിനെല്ലാം കൃത്യമായ തെളിവുകൾ എനിക്കുണ്ട്. ഈ നാട്ടിലെ നീതിന്യായ വ്യവസ്ഥ എന്നെ സപ്പോർട്ട് ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ദരിദ്രയായ കുടുംബത്തിൽ അല്ലല്ലോ ജനിച്ചത്. അതുകൊണ്ടുതന്നെ എന്റെ അവകാശങ്ങളിൽ അവരിൽ നിന്നും നിങ്ങളിൽ നിന്നും ഞാൻ നേടിയെടുക്കും. എനിക്കും എന്റെ കുഞ്ഞിനും വേണ്ടി…”
നിങ്ങൾ ജീവിച്ചു തീർക്ക് നാട്ടുകാർക്കും സമൂഹത്തിനും കുടുംബക്കാർക്കും വേണ്ടി. നിങ്ങളെ അവരെല്ലാം ആദരിക്കും കാരണം സ്വന്തം മകളുടെ കണ്ണുനീര് വകവയ്ക്കാതെ ആണല്ലോ അവരെ തൃപ്തിപ്പെടുത്താൻ നോക്കിയത്
ദയവായി ഈ മനോഭാവത്തിൽ എന്നെ ആരും കാണാൻ വരാതെ ഇരിക്കുക…ആ പഴയ പൊട്ടിക്കാളി അല്ല ഞാനിപ്പോൾ.”
ഐഷുവിന്റെ ശക്തമായ തീരുമാനം അറിയിക്കൽ തന്നെയായിരുന്നു അപ്പോൾ നടന്നത്.
ഒരു നിമിഷം റൂമിലേക്ക് കയറാൻ തുടങ്ങിയ സുഹൈലും വീട്ടുകാരും അവളുടെ വാക്കുകൾ കേട്ട് സ്തംഭിച്ചു നിന്നു…
പുറത്തുനിന്ന് അവളോട് നേരത്തെ സംസാരിച്ച ഡോക്ടറും ഐഷുവിന്റെ വാക്കുകൾ കേട്ട് ഒന്നു നിന്നുപോയി.
എങ്കിലും അറിയാതെ ഡോക്ടറുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…
അതെ അവൾ പുനർജനിച്ചിരിക്കുന്നു… അടിമത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിലേക്ക്…