വിവാഹം കഴിഞ്ഞ് ആദ്യരാത്രി അവന് ആകെ ഒരു അസ്വസ്ഥത ആയിരുന്നു. ഇതുവരെ രേഷ്മയോട് ഒന്ന് ഉള്ള തുറന്ന് സംസാരിച്ചിട്ട്..

(രചന: അംബിക ശിവശങ്കരൻ)

കോളേജ് റാഗിങ്ങിനിടെ പേടിച്ചു വിരണ്ട് നിൽക്കുന്ന ജൂനിയർ പെൺകുട്ടിയോട് തോന്നിയ സഹതാപം. സംഭവം ക്ലീഷേ ആണെങ്കിലും അതായിരുന്നു തന്നെ അവളിലേക്ക് ഏറെ അടുപ്പിച്ചത്.

ഒട്ടും താല്പര്യമില്ലാതെയാണ് അന്ന് കൂട്ടുകാരോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടത്. കൂടെ വന്നില്ലെങ്കിൽ പിന്നെ ഞങ്ങളോട് മിണ്ടേണ്ട എന്ന് ആ തെണ്ടികൾ പറഞ്ഞപ്പോൾ മറ്റു നിവർത്തിയുണ്ടായിരുന്നില്ല.

കൂടെ പോയെങ്കിലും ഒന്നും മിണ്ടാതെ അവർക്കൊപ്പം നിന്നു. പക്ഷേ പേടിച്ചരണ്ട രണ്ട് മിഴികൾ നിസ്സഹായയായി തന്നെ അന്ന് നോക്കിയപ്പോൾ പിന്നെ മൗനം പാലിക്കാൻ കഴിഞ്ഞില്ല.

തന്നെ രക്ഷപ്പെടുത്തിയ സീനിയർ പയ്യനോടുള്ള നന്ദി പറച്ചിൽ എന്ന ലക്ഷ്യത്തോടെയാണ് അന്ന് അവൾ തന്റെ മുന്നിൽ വന്നത്. അത് സൗഹൃദമായതും പിന്നീട് ഒരു പ്രണയമായി പൂവിട്ടതും എത്ര പെട്ടെന്നായിരുന്നു..

വിമൽ കോളേജിലെ വാകമരച്ചുവട്ടിൽ അമൃതയ്ക്കായി കാത്തിരുന്നു. ഓണാഘോഷ പരിപാടികൾ തകൃതിയായി നടക്കുന്നത് കൊണ്ടുതന്നെ എല്ലാവരും നല്ല തിരക്കിലായിരുന്നു. കേരള വേഷമണിഞ്ഞു എല്ലാവരും സുന്ദരികളും സുന്ദരന്മാരും ആയിരിക്കുന്നു. പക്ഷേ അവന്റെ കണ്ണുകൾ കാത്തിരുന്നത് തന്റെ പ്രിയതമയുടെ വരവിനായാണ്.

അങ്ങനെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് അവൾ കോളേജിന്റെ കവാടം കടന്നുവന്നതും അവൻ ഒരു നിമിഷം കണ്ണുകൾ ചിമ്മാതെ അവളെ തന്നെ നോക്കി നിന്നു. ഗോൾഡൻ കളർ കരയുള്ള കസവ് സാരിയും ഗ്രീൻ കളർ ബ്ലൗസും അണിഞ്ഞു നിറയെ മുല്ലപ്പൂവും ചൂടി ഒരു നാടൻ സുന്ദരിയായി അവൾ അവന്റെ മുന്നിൽ വന്നു നിന്നു.

“എന്താ മാഷേ കണ്ണും മിഴിച്ച് നിൽക്കുന്നത്?” അരികിൽ വന്ന് തട്ടിവിളിച്ചതും സ്വപ്നലോകത്തിൽ എന്നപോലെ അവൻ തിരികെ വന്നു.

“എങ്ങനെയുണ്ട് കൊള്ളാമോ?” സാരിയുടെ ഞൊറിവ് നേരെ ഇട്ടുകൊണ്ട് അവൾ ചോദിച്ചു.

” കൊള്ളാവോ എന്നോ.. ഇവിടെ ഇപ്പോൾ ആരുമില്ലായിരുന്നെങ്കിൽ ഈ നിമിഷം ഞാൻ നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തന്നേനെ. ”

“ഛീ പോ അവിടുന്ന്..” അവൾ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു അത് പറയുമ്പോഴും ഒരു നാണം അവളുടെ മിഴികളിൽ നിറഞ്ഞു നിന്നിരുന്നു.

ഓരോ ക്ലാസുകളിലെ വിദ്യാർത്ഥികളും മത്സരിച്ചു പൂക്കളം തയ്യാറാക്കുമ്പോൾ അവൻ അവളുടെ ക്ലാസ് വരാന്തയിലൂടെ വെറുതെ അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരുന്നു. അവനെ കാണുമ്പോൾ അവൾ എന്തെല്ലാമോ ചെയ്തുകൊണ്ടിരുന്നു എങ്കിലും ഒളികണ്ണാൽ അവൾ അവനെ നോക്കുന്നത് അവൻ കള്ളച്ചിരിയോടെ നോക്കി നിന്നു.

വൈകുന്നേരം പരിപാടികളെല്ലാം കഴിഞ്ഞാണ് കൂട്ടുകാർ വിമലിനെ ക്ലാസ്സിൽ നിന്ന് വിട്ടത്. അപ്പോഴേക്കും അമൃത ബസ്റ്റോപ്പിൽ അവനുവേണ്ടി കാത്തിരിപ്പുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് ഓടി കിതച്ചു എത്തുമ്പോൾ അമൃതയുടെ തൊട്ടരികിൽ ഒരു പയ്യൻ നിൽപ്പുണ്ടായിരുന്നു.

അവളുടെ മുഖഭാവത്തിൽ നിന്നും അവൾ അവനെ ശല്യം ചെയ്യുകയാണെന്ന് അവന് മനസ്സിലായി പിന്നെ ഒരു നിമിഷം വൈകാതെ അവൻ ബസ്റ്റോപ്പിലേക്ക് പാഞ്ഞു.

“എന്താടാ നിനക്ക് ഇവിടെ കാര്യം?”
ആ പയ്യന്റെ ഷർട്ടിന്റെ കുത്തിന് പിടിച്ച് അവൻ അലറി.

“എനിക്ക് ഇവളേ ഇഷ്ടമാണ്.” യാതൊരു കൂസലും ഇല്ലാതെ അവൻ പറഞ്ഞു.

അത് പറഞ്ഞതും വിമലിന്റെ കൈ ആ പയ്യന്റെ മേൽ പതിച്ചതും ഒരുമിച്ചായിരുന്നു. പിന്നീട് അവിടെ ഒരു ബഹളമയമായിരുന്നു. രണ്ടു വ്യക്തികൾ തമ്മിലുള്ള അടിപിടി പിന്നീട് ജൂനിയേഴ്‌സും സീനിയേഴ്സും തമ്മിലുള്ള വൈരാഗ്യമായി മാറി. അങ്ങനെ ആ തല്ല് സസ്പെൻഷൻ വരെ എത്തി.

” എന്തിനാണ് വിമൽ ഇന്ന് വെറുതെ ഒരു സീൻ ഉണ്ടാക്കിയത്? ” വീട്ടിലെത്തിയതും ഫോൺ വിളിച്ച് അവൾ അവനെ കുറ്റപ്പെടുത്തി.

“ഞാനാണോ സീൻ ഉണ്ടാക്കിയത്? ഏതെങ്കിലും ഒരുത്തൻ നിന്നെ കയറി ഇഷ്ടമാണെന്ന് പറഞ്ഞാൽ പിന്നെ ഞാൻ കേട്ടുകൊണ്ട് നിൽക്കണോ?” അവൻ ദേഷ്യത്തോടെ ചോദിച്ചു.

” അത് അങ്ങനെ ഏതെങ്കിലും ഒരുത്തൻ ഒന്നുമല്ല എന്റെ ക്ലാസ്മേറ്റ് തന്നെയാണ്. പിന്നെ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞതല്ലേ ഉള്ളൂ അല്ലാതെ മറ്റൊന്നും ചെയ്തില്ലല്ലോ.. വെറുതെ അടി ഉണ്ടാക്കി ഇപ്പോൾ സസ്പെൻഷൻ വാങ്ങിയില്ലേ? ”

അവളുടെ ന്യായീകരണം കേട്ടതും അവനു ദേഷ്യം വന്നു. പിന്നീട് ആ മൗനം രണ്ടുമൂന്നു ദിവസം നീണ്ടുനിന്നു. പിണക്കം മാറിയെങ്കിലും അത് പൂർണമായും തീർന്നത് സസ്പെൻഷൻ തീർന്നു പരസ്പരം നേരിൽ കണ്ട് സംസാരിച്ചപ്പോഴാണ്.

വർഷങ്ങൾ പിന്നിട്ടപ്പോൾ കോളേജ് ലൈഫ് കഴിഞ്ഞു രണ്ടാളും രണ്ടിടങ്ങളിൽ ജോലിക്ക് കയറി. ജോലിത്തിരക്കുകൾ പരസ്പരമുള്ള കണ്ടുമുട്ടലുകളെ ബാധിച്ചപ്പോൾ ഫോൺവിളികളാണ് ഒരാശ്വാസം നൽകിയത്.

എന്നാൽ പതിയെ പതിയെ ആ ഫോൺ വിളികളും കുറഞ്ഞു വന്നപ്പോൾ ജോലി കഴിഞ്ഞുള്ള ക്ഷീണം കൊണ്ടാവാം അവൾ തന്നോട് സംസാരിക്കാൻ വിമുഖത കാണിക്കുന്നത് എന്നാണ് കരുതിയത്. എന്നാൽ കുറച്ചു ദിവസങ്ങൾക്കു ശേഷം നിർബന്ധിച്ചു ചോദിച്ചപ്പോഴാണ് അവൾ മറുപടി പറഞ്ഞത്.

“നമുക്കൊരുമിച്ച് ജീവിക്കാൻ കഴിയില്ല വിമൽ.. എന്റെ വീട്ടുകാർ എന്റെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചു. അവരുടെ ഇഷ്ടത്തിന് വഴങ്ങി കൊടുത്തില്ലെങ്കിൽ അച്ഛനും അമ്മയും ചേട്ടനും കൂട്ടത്തോടെ ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത് ഞാൻ കാരണം അവർ ഇല്ലാതായാൽ എനിക്ക് സഹിക്കാൻ കഴിയില്ല എന്നെ മറക്കണം..”

അതും പറഞ്ഞ് ആ കോൾ കട്ട് ആയതും അവന് ആകെ വട്ടു പിടിക്കുന്നത് പോലെ തോന്നി. വീട്ടുകാരുടെ ഭീഷണിക്ക് മുന്നിൽ ആ പാവം പെട്ടുപോയതാകും എങ്ങനെയാണ് അവളെ ഇതിൽ നിന്നും രക്ഷപ്പെടുത്തുക?

പലവട്ടം അവളുടെ നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും സ്വിച്ച് ഓഫ് എന്ന് തന്നെയായിരുന്നു മറുപടി. അവരവളുടെ ഫോൺ വാങ്ങി വെച്ചിട്ടുണ്ടാകും തീർച്ച അവൻ മനസ്സിൽ ഉറപ്പിച്ചു.

ഇല്ല അവൾ തന്റെയാണ് മറ്റാർക്കും താനവളെ വിട്ടുകൊടുക്കുകയില്ല. എത്രനാൾ അവളെ തന്നിൽ നിന്നും മറച്ചു പിടിക്കാൻ ആകും? വിവാഹ ദിവസം എല്ലാവരുടെ മുന്നിൽ വച്ച് തങ്ങളുടെ ബന്ധത്തെക്കുറിച്ച് താൻ വെളിപ്പെടുത്തും. പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ലല്ലോ അവൻ നിശ്ചയിച്ചുറച്ചു.

അവളെ കാണാതെയും മിണ്ടാതെയും കഴിച്ചുകൂട്ടുന്ന ദിനങ്ങൾ യുഗങ്ങൾ പോലെയാണ് അവന് തോന്നിയത്.

അങ്ങനെ വിവാഹ ദിനം വന്നെത്തി. സ്നേഹിക്കുന്ന പെണ്ണിന്റെ ആണെങ്കിൽ കൂടെയും ഒരു വിവാഹം മുടക്കാൻ പോകുകയാണ്.. അവനത് ആലോചിക്കുമ്പോൾ അല്പം ഭയം തോന്നിയെങ്കിലും അവൾക്ക് വേണ്ടിയാണല്ലോ ഇതെല്ലാം ചെയ്യുന്നത് എന്നോർത്തപ്പോൾ എന്തോ ഒരു ധൈര്യം തോന്നി മനസ്സിൽ.

വിവാഹ മണ്ഡപത്തിൽ എത്തുമ്പോൾ വരനും കൂട്ടരും എത്തിയിട്ടുണ്ടായിരുന്നില്ല. അവിടെ ചെന്ന് അവളുടെ പേര് ഉറക്കെ വിളിച്ചതും അവളുടെ ചേട്ടനും കൂട്ടുകാരും അവന്റെ അരികിൽ എത്തി.

“ആരാടാ നീ? “അയാളുടെ ചോദ്യത്തിനുമുന്നിൽ ഒന്നു ഭയന്നെങ്കിലും ശങ്കിച്ചു നിൽക്കാതെ അവൻ മറുപടി പറഞ്ഞു.

“എന്റെ പെണ്ണ് എവിടെ? നിർബന്ധിച്ചു മറ്റൊരുത്തനെ കൊണ്ട് അവളുടെ കഴുത്തിൽ താലികെട്ടിക്കാം എന്ന് നിങ്ങൾ കരുതേണ്ട.. എട്ടു വർഷത്തോളം ഞങ്ങൾ പ്രണയിച്ചതാണ് എനിക്ക് അവളെ വേണം.”

അവൻ പറഞ്ഞത് കേട്ടതും അവളുടെ ചേട്ടൻ ദേഷ്യം കൊണ്ട് അവന്റെ കഴുത്തിൽ പിടിച്ചമർത്തി. അവന് ശ്വാസം മുട്ടുന്നത് പോലെ തോന്നി. കൂട്ടുകാർ ഇടപെട്ട് അവനെ വേഗം ആളൊഴിഞ്ഞ ഒരിടത്തേക്ക് കൊണ്ടു പോയി. കലി അടങ്ങാതെ അയാൾ വീണ്ടും അവന്റെ നേരെ പാഞ്ഞു.

“എന്താടാ നായേ നീ പറഞ്ഞത് ഞങ്ങൾ നിർബന്ധിച്ചു അവളെ വിവാഹം കഴിപ്പിക്കുന്നതാണെന്നോ?എട്ടു വർഷമായി ഒരാളുമായി പ്രണയത്തിലാണ് അയാളേ വിവാഹം കഴിച്ചു കൊടുത്തില്ലെങ്കിൽ ചത്തുകളയും എന്നു പറഞ്ഞതിനാലാണ് ഇഷ്ടമല്ലാഞ്ഞിട്ടും ഞങ്ങൾ ഈ വിവാഹത്തിന് നിന്നു കൊടുത്തത്. അപ്പോൾ ദാ വേറൊരുത്തൻ വന്നേക്കുന്നു…” അയാൾ പറഞ്ഞത് കേട്ട് അവൻ ഒരു നിമിഷം മിഴിച്ചു നിന്നു.

“ചേട്ടാ എന്നെയാണ് അവൾ പ്രണയിച്ചിരുന്നത്.” അവൻ അയാളോട് കെഞ്ചി.

“എങ്കിൽ പിന്നെ ആ വരുന്നത് ആരാടാ..”
അയാളുടെ കൈവിരൽ ചൂണ്ടിയ ഭാഗത്ത് കാറിൽ നിന്ന് ഇറങ്ങി വരുന്ന കല്യാണ ചെക്കനെ കണ്ടതും അവൻ ഒരു നിമിഷം ഇല്ലാതായി. അന്ന് ബസ്റ്റോപ്പിൽ വച്ച് അമൃതയെ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞ് താൻ തല്ലിയ അതേ പയ്യൻ!.

എട്ടു വർഷത്തെ പ്രണയമാണെങ്കിൽ……. അവൾ എത്രമാത്രം തന്നെ വിഡ്ഢിയാക്കിയിരിക്കുന്നു.ഉമിനീർ ഇറക്കാൻ പോലും ആകാതെ അവൻ നിന്ന് ഉരുകി.

മണ്ഡപത്തിൽ അമൃത വളരെ സന്തോഷവതിയായി കാണപ്പെട്ടു.

” അതേ..താൻ ചതിക്കപ്പെട്ടിരിക്കുന്നു. ”

അവിടെനിന്ന് ആരോടും ഒന്നും പറയാതെ ഇറങ്ങിയെങ്കിലും മുറിയിൽ വന്ന് അവൻ പൊട്ടി പൊട്ടി കരഞ്ഞു. തന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണില്ല എന്ന് അവൻ ആ നിമിഷം ശപഥംചെയ്തു.

പിന്നീട് വർഷങ്ങൾ കടന്നുപോയി എങ്കിലും അമൃത മനസ്സിൽ ഒരു നീറ്റലായി നിലകൊണ്ടു. ഒരിക്കൽ അമ്മയ്ക്ക് സുഖമില്ലാതെ അഡ്മിറ്റ് ആയി കിടന്നപ്പോഴാണ് അമ്മ അവനെ കൊണ്ട് ഒരു സത്യം ചെയ്യിപ്പിച്ചത്. കഴിഞ്ഞതെല്ലാം മറന്ന് അവർ കണ്ടെത്തുന്ന ഏത് പെൺകുട്ടിയെ ആയാലും വിവാഹം ചെയ്തുകൊള്ളാം എന്ന്.

അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതുകൊണ്ട് തന്നെ വാക്ക് കൊടുക്കാതിരിക്കാൻ അവന് കഴിഞ്ഞില്ല. അവന്റെ ഒരു സമ്മതത്തിന് കാത്തുനിന്നത് പോലെ ആശുപത്രിയിൽ നിന്ന് വന്നതും അവർ പെൺകുട്ടിക്ക് ആയുള്ള അന്വേഷണം തുടങ്ങി. അങ്ങനെ തിരച്ചിൽ ഒടുവിൽ അവർ ഒരു പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് ആദ്യരാത്രി അവന് ആകെ ഒരു അസ്വസ്ഥത ആയിരുന്നു. ഇതുവരെ രേഷ്മയോട് ഒന്ന് ഉള്ള തുറന്ന് സംസാരിച്ചിട്ട് പോലുമില്ല. അമൃത എന്ന വിഷം സമ്മാനിച്ച വേദന അത്ര പെട്ടെന്ന് മറക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല.

അന്ന് എല്ലാ പെൺകുട്ടികളും ഇങ്ങനെയായിരിക്കുമെന്ന് താൻ വിധിയെഴുതി. ഇനിയിപ്പോൾ എങ്ങനെയാണ് വേറൊരു പെൺകുട്ടിയെ ഭാര്യയായി കണ്ട് സ്നേഹിക്കുക? അവൻ ആശയക്കുഴപ്പത്തിലായി. അന്നേരമാണ് രേഷ്മ മുറിയിലേക്ക് കടന്നുവന്നത്. അവൻ ഒന്നും മിണ്ടിയില്ല.. കുറച്ചു നേരത്തെ മൗനം ഭേദിച്ചത് അവൾ തന്നെയായിരുന്നു.

“ചേട്ടന്റെ മനസ്സിൽ ഇപ്പോഴും അമൃത ഉണ്ടോ?”

ആ ചോദ്യം കേട്ട് അവനൊരു നിമിഷം ഞെട്ടി. അമ്മ എല്ലാം ഇവളോട് പറഞ്ഞുവോ? അവൻ ഒന്നും മിണ്ടിയില്ല. മൗനമായി നിന്ന അവന്റെ കയ്യിലേക്ക് അവൾ ഒരു പേപ്പർ വച്ച് കൊടുത്തു അതിൽ കോളേജ് മാഗസിനുകളിൽ അവൻ എഴുതിയ കവിതകളുടെ പേപ്പർ തുണ്ടുകളായിരുന്നു. അത് കണ്ടതും അതിശയത്തോടെ അവൻ അവളെ നോക്കി.

“പേടിക്കേണ്ട ചേട്ടന് എന്നെ അറിയില്ലെങ്കിലും എനിക്ക് ചേട്ടനെ നന്നായി അറിയാം.”

എങ്ങനെ എന്നുള്ള ഭാവത്തിൽ അവൻ അവളെ നോക്കി.

“അമൃതയെ കാണാൻ ചേട്ടൻ ഞങ്ങളുടെ ക്ലാസ് മുറിയുടെ വരാന്തയിലൂടെ നടക്കുമ്പോൾ ആ ക്ലാസ്സിൽ ഞാനുമുണ്ടായിരുന്നു. എഴുത്തുകളിലൂടെയാണ് ചേട്ടൻ എന്റെ മനസ്സിൽ സ്ഥാനം നേടിയതെങ്കിലും അമൃതയെ ചേട്ടന് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ പിന്നെ ഉള്ളിലെ ഇഷ്ടം ഞാൻ മണ്ണിട്ട് മൂടി.

പക്ഷേ ക്ലാസിലെ വേറൊരു പയ്യനുമായും അവൾ ഇഷ്ടത്തിലാണെന്ന് അറിഞ്ഞതോടെ ഞാൻ പിന്നെയും കാത്തിരുന്നു. ആ കാത്തിരിപ്പ് ദാ ഇന്ന് അവസാനിച്ചു. ഞാൻ തന്നെയാ ചേട്ടന്റെ കാര്യം വീട്ടിൽ പറഞ്ഞത്.”

പുഞ്ചിരിച്ചുകൊണ്ട് അവൾ അത് പറഞ്ഞപ്പോൾ വിശ്വസിക്കാനാകാതെ അവൻ നിന്നു ഇത്ര വർഷം തന്നെ സ്നേഹിച്ച് ഒരു പെൺകുട്ടി തനിക്ക് വേണ്ടി കാത്തിരുന്നു എന്നോ?അവനു വിശ്വസിക്കാനേ കഴിഞ്ഞില്ല..

“അപ്പോൾ ഞാൻ മറ്റൊരു വിവാഹം കഴിച്ചിരുന്നെങ്കിൽ..” അവൻ ചോദിച്ചു.

“അതിന് പെണ്ണേ വേണ്ടെന്നു പറഞ്ഞ ചേട്ടൻ എങ്ങനെയാ വേറെ വിവാഹം കഴിക്കുന്നത്?ഒടുക്കം വേറെ നിവൃത്തിയില്ലാതെ അമ്മയെ കൊണ്ട് അസുഖം അഭിനയിപ്പിച്ച് സത്യം ചെയ്യിക്കേണ്ടി വന്നു എനിക്ക്.”

എന്തോ കള്ളത്തരം ചെയ്തപോലെ കുറ്റം ഏറ്റുപറയുമ്പോൾ അവൻ ദേഷ്യപ്പെടും എന്നാണ് അവൾ കരുതിയത്. പക്ഷേ അത് കേട്ടതും അവൻ ഉറക്കെ പൊട്ടി ചിരിച്ചു. അത് കണ്ടതും അവളുടെ കണ്ണുകളിലും പുഞ്ചിരി വിടർന്നു.

“പിന്നെ ചേട്ടന് സന്തോഷമുള്ള ഒരു കാര്യം കൂടി ഞാൻ പറയാം. അമൃത പിണങ്ങി വീട്ടിൽ വന്നു നിൽക്കുകയാണ് കേട്ടോ..”

അത് കേട്ടതും അവന് ചിരി നിർത്താൻ കഴിഞ്ഞില്ല.
” അവളുടെ കയ്യിലിരിപ്പ് ഞാനത് പ്രതീക്ഷിച്ചതായിരുന്നു. ”
അവനത് പറഞ്ഞു ചിരിച്ചപ്പോൾ അവളും അവനോട് ചേർന്ന് ചിരിച്ചു.