അവൾ വലിയ ശീലവതി വന്നേക്കുന്നു.. കെട്ടിയോൻ ആശുപത്രിയിൽ കിടക്കുമ്പോൾ കണ്ടവന്മാരെ വിളിച്ച്..

(രചന: അംബിക ശിവശങ്കരൻ)

രാത്രിയിൽ എപ്പോഴോ തന്റെ ഭർത്താവിന്റെ ഞെരുക്കവും മൂളലും കേട്ടാണ് അവൾ ഉണർന്നത്. തൊട്ടുനോക്കുമ്പോൾ നല്ല പനിയും വിറയലും. അവൾ വേഗം ഫോൺ എടുത്തു സമയം നോക്കി പന്ത്രണ്ട് മണി!. ദൈവമേ ആരെ വിളിച്ചാണ് ഈ നേരത്ത് സഹായം തേടേണ്ടത്? സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ തീരുമാനിച്ചവർ ആയതുകൊണ്ട് തന്നെ വീട്ടുകാർ ആരും തുണയായി ഉണ്ടായിരുന്നില്ല.

അവൾ വേഗം ഒരു ചെറിയ കഷണം തുണി നനച്ച് അവന്റെ നെറ്റിയിൽ ഇട്ടുകൊടുത്തു. പിന്നെ മറുത്ത് ഒന്ന് ചിന്തിക്കാതെ രണ്ടു വീട് മാറിയുള്ള ഹൗസ് ഓണറുടെ വീട് ലക്ഷ്യമാക്കി ഓടി.
അസമയത്ത് പരിഭ്രമിച്ചു നിൽക്കുന്ന അവളെ കണ്ടതും അവരും ഭയന്നു.

“വിഷ്ണുവിന് തീരെ സുഖമില്ല. നല്ല പനിയും വിറയലും ഉണ്ട് എനിക്ക് ആരും സഹായത്തിന് വിളിക്കാനില്ല. ദയവുചെയ്ത് ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ സഹായിക്കണം.”

തൊഴുതു പിടിച്ചുകൊണ്ട് അവൾ അപേക്ഷിച്ചതും ആ മധ്യവയസ്കൻ വേഗം കാറിന്റെ താക്കോൽ എടുക്കാൻ അകത്തേക്ക് പോയി. അന്നേരം കൊണ്ട് അവൾ വേഗം തിരികെ വീട്ടിൽ വന്ന് വിഷ്ണുവിനെ എഴുന്നേൽപ്പിച്ച് ഷർട്ട് ഇടിപ്പിച്ചു. പേഴ്സ് തപ്പിയപ്പോൾ നൂറിന്റെ രണ്ട് നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. അന്നേരം പക്ഷെ അതൊന്നും ചിന്തിച്ച് നിൽക്കാൻ നേരം ഉണ്ടായിരുന്നില്ല അവൾ വേഗം വിഷ്ണുവിനെയും താങ്ങിപ്പിടിച്ച് കാറിലേക്ക് കയറി.

ഹോസ്പിറ്റലിൽ എത്തിയതും വിഷ്ണുവിന്റെ അവസ്ഥ വളരെ മോശമായതിനാൽ അഡ്മിറ്റ് ചെയ്യേണ്ടിവന്നു. രാത്രി ഏറെ വൈകിയാണ് ഹൗസ് ഓണർ രാമേട്ടൻ തിരികെ പോയത്. വീട്ടിൽ ഭാര്യയും മകളും തനിച്ചായത് കൊണ്ട് തന്നെ കീർത്തി നിർബന്ധിച്ചാണ് അയാളെ പറഞ്ഞുവിട്ടത്. പോകാൻ നേരം ആയിരം രൂപ അയാൾ അവളുടെ കയ്യിൽ വച്ചിട്ട് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാൻ പറഞ്ഞു.രണ്ടുമാസത്തെ വാടക തന്നെ കൊടുത്തിട്ടില്ല പിന്നെയും ബുദ്ധിമുട്ടിക്കുന്നത് എങ്ങനെയാണ് എന്ന് അവൾ ഓർത്തു.

ആ രാത്രി തന്നെ ഒരുപാട് ടെസ്റ്റുകൾക്ക് എഴുതി. സർക്കാർ ആശുപത്രിയാണെങ്കിലും ടെസ്റ്റുകൾക്ക് എല്ലാം പൈസ കെട്ടണം. റേഷൻ കാർഡ് ഉണ്ടെങ്കിൽ മാത്രമേ കുറച്ചെങ്കിലും ഇളവ് ലഭിക്കുകയുള്ളൂ. രണ്ടു കുടുംബത്തെയും വെറുപ്പിച്ച് ഇറങ്ങിയവർക്ക് എന്ത് റേഷൻ കാർഡ്? അവൾ അന്നേരം തന്നെ ഒന്ന് രണ്ട് സുഹൃത്തുക്കളെ വിളിച്ചു. ആകപ്പാടെ ഇപ്പോൾ ഒരു തുണ എന്ന് പറയുന്നത് അവർ മാത്രമാണ്. കല്യാണത്തിന് മുന്നേയുള്ള സൗഹൃദമാണ് അവരുമായിട്ട്… അത് വിഷ്ണുവിനും അറിയാം.സുഹൃത്തുക്കൾ എന്നതിലുപരി സ്വന്തം കൂടപ്പിറപ്പുകൾ തന്നെയാണ് അവർ. തനിച്ചായി പോയ തനിക്ക് ഈ ലോകത്ത് അവരെ അല്ലാതെ മറ്റാരെയും വിളിക്കാനില്ല. കണ്ണുനീർ തുടച്ച് അവൾ വിഷ്ണുവിന് ചാരയായി വന്നിരുന്നു. ഇഞ്ചക്ഷൻ വെച്ചതിനാലാകാം പനി അല്പം കുറഞ്ഞിരിക്കുന്നു. അത് അവൾക്ക് തെല്ലൊരാശ്വാസമായി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സുഹൃത്തുക്കളായ അമലും ശ്യാമും എത്തിയിരുന്നു. പിന്നീട് എല്ലാ കാര്യങ്ങൾക്കും സ്വന്തം ആങ്ങളമാർ എന്നോണം അവരാണ് ഓടി നടന്നത്. വിഷ്ണുവിന്റെ കൂടെ ഇരിക്കുവാൻ അന്നേരം ഒരാളെ മാത്രം അനുവദിക്കുകയുള്ളൂ എന്നതുകൊണ്ട് കീർത്തി മാത്രം കൂടെയിരുന്നു അവർ രണ്ടാളും പുറത്തും.

രാവിലെ പത്ത് മണിയോടെയാണ് ഡോക്ടർ വന്നത്. പനി കുറവുണ്ടായിരുന്നെങ്കിലും ക്ഷീണം വിഷ്ണുവിനെ വിട്ടു മാറിയിരുന്നില്ല.

“നിങ്ങൾ വിഷ്ണുവിന്റെ ആരാണ്?”

“ഭാര്യയാണ്.” അവൾ മറുപടി പറഞ്ഞു.

“വിഷ്ണുവിന് ന്യൂമോണിയയാണ് കുറച്ച് ശ്രദ്ധിക്കണം… ഹോസ്പിറ്റലിൽ തന്നെ കിടക്കണം എന്നില്ല ഞങ്ങൾ പറയുന്നതുപോലെ വീട്ടിൽ ട്രീറ്റ്മെന്റ് ചെയ്താലും മതി. ആൻഡ് വിഷ്ണു നന്നായി മദ്യപിക്കാറുണ്ടല്ലേ?”

ഡോക്ടറുടെ ചോദ്യത്തിന് അവൾ മറുപടി പറയാതെ തലതാഴ്ത്തിയിരുന്നു.

“എന്താ ഒന്നും മിണ്ടാത്തത്?”

“ഉണ്ട്.” അവൾ തലയാട്ടി.

“ഹാ എങ്കിൽ ഇനി മദ്യപിക്കരുതെന്ന് പറയണം. അയാളുടെ ശരീരത്തിൽ ഇനി ആൽക്കഹോൾ പറ്റില്ല. അത് നിങ്ങൾ വേണം പറഞ്ഞു മനസ്സിലാക്കാൻ.. നല്ലതുപോലെ റസ്റ്റ് വേണം അല്ലെങ്കിൽ പിന്നെ ബോഡി ഇതിലും വീക്ക് ആകും.” ഡോക്ടർ പറഞ്ഞതിനൊക്കെയും അവൾ സമ്മതം മൂളി.

പുറത്തേക്കിറങ്ങിയതും അവൾ ആളൊഴിഞ്ഞ ഒരു ഭാഗത്തെ ബെഞ്ചിൽ തനിച്ചിരുന്നു മിഴികൾ ഇടവേളയില്ലാതെ അന്നേരം തുളുമ്പി കൊണ്ടിരുന്നു.

“ഇരുപത്തിമൂന്നാമത്തെ വയസിലാണ് വീട്ടുകാരെ വെറുപ്പിച്ച് വിഷ്ണുവിനൊപ്പം ഇറങ്ങിപ്പോരുന്നത്.ഒരു ഒളിച്ചോട്ടം.അന്ന് വരുംവരായികകളെ പറ്റി ചിന്തിച്ചിരുന്നില്ല. ഒന്നു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ വിഷ്ണുവിന്റെ കൂടെ സന്തോഷമായി ജീവിക്കണമെന്ന്.. അമ്മയുടെയും അച്ഛന്റെയും മനസ്സ് നീറുന്നതൊന്നും അന്ന് കാണാൻ കഴിഞ്ഞിരുന്നില്ല. അത് മനസ്സിലായത് വിവാഹം കഴിഞ്ഞ് ഒരു വർഷം ആകുന്നതിന് മുന്നേയുള്ള വിഷ്ണുവിന്റെ ഉത്തരവാദിത്വം ഇല്ലായ്മ കണ്ടു തുടങ്ങിയപ്പോഴാണ്.

അത്യാവശ്യം തരക്കേടില്ലാത്ത ഫാമിലിയാണ് വിഷ്ണുവിന്റെത്.അങ്ങനെയുള്ള ഒരാൾക്ക് ഈ വാടകവീടൊക്കെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ ബുദ്ധിമുട്ടാകും എന്നാണ് കരുതിയത്. അതുകൊണ്ടുതന്നെയാണ് വിഷ്ണുവിനെ തനിച്ച് ബുദ്ധിമുട്ടിക്കാൻ വിടാതെ പിജി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് താനും ജോലിക്ക് പോയി തുടങ്ങിയത്. പതിയെ പതിയെ വിഷ്ണുവിൽ പൊരുത്തക്കേടുകൾ പ്രകടമായി തുടങ്ങി. നിന്റെ കൂടെ ഇറങ്ങി വന്നതുകൊണ്ടാണ് എനിക്ക് ഈ ഗതി വന്നതെന്ന് പലവട്ടം പറയുമ്പോഴും മൗനമായി കരഞ്ഞതല്ലാതെ ഒന്നും മിണ്ടിയില്ല. ഒരു കുഞ്ഞു ഉണ്ടായാൽ എങ്കിലും പഴയ വിഷ്ണുവിനെ തിരികെ കിട്ടുമെന്ന് കരുതി വഴിപാടും നേർച്ചയുമായി കുറേനാൾ കാത്തിരുന്നു. അവിടെയും ദൈവം കൈവെടിഞ്ഞു. ഒടുക്കം ജോലിക്കും പോകാതെ കൂട്ടുകാരുടെ കൂടെ കുടിച്ചു നടക്കുന്നതിൽ മാത്രം വിഷ്ണു ആനന്ദം കണ്ടെത്തി. വിഷുവിനെ പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചു പക്ഷേ ശാഠ്യം പിടിക്കാൻ ഭയമായിരുന്നു. എല്ലാം ഉപേക്ഷിച്ച് വിഷ്ണുപോയാൽ പിന്നെ ഈ ലോകത്ത് തനിക്ക് ആരാണ്? സ്വന്തം വീട്ടിൽ പോലും തിരികെ പോകാൻ പറ്റാത്ത ഒരു അവസ്ഥയിൽ എന്ത് ചെയ്യും? എല്ലാം സഹിച്ചു, ക്ഷമിച്ചു. ഇന്നിതാ വിധി ഈ ഹോസ്പിറ്റൽ വരാന്ത വരെ തന്നെ കൊണ്ട് എത്തിച്ചിരിക്കുന്നു. ”

അവൾ എന്തോ തിരിച്ചറിവ് വന്നതുപോലെ വേഗം കണ്ണുതുടച്ചു. ലാബിൽ കൊടുക്കാനുള്ള ഒന്ന് രണ്ട് സ്ലിപ്പുകൾ അമലിനെയും ശ്യാമിനെയും ഏൽപ്പിക്കുന്നതിനിടയാണ് അവൾ ആ ദൃശ്യം കണ്ടത്.ഒരു നിമിഷം അവൾ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. തനിക്ക് അഭിമുഖമായി വരുന്ന വിഷ്ണുവിന്റെ അമ്മയും അച്ഛനും ചെറിയമ്മയും!. അവരെ കണ്ടതും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചെങ്കിലും അവളെ കണ്ട മാത്രയിൽ ശത്രുവിനെ നോക്കും മട്ടിൽ ഒന്ന് നോക്കി അവർ അകത്തേക്ക് കടന്നു പോയി.

“നീ അതൊന്നും കാര്യമാക്കേണ്ട കീർത്തി.. നീ അവന്റെ അടുത്തേക്ക് ചെല്ല് ഞങ്ങൾ ഇത് കൊടുത്തിട്ട് വരാം.” അവരവളെ ആശ്വസിപ്പിച്ചു.

മടിച്ച് മടിച്ചാണെങ്കിലും അവൾ വിഷ്ണുവിന്റെ അടുത്തേക്ക് ചെന്നു വീട്ടുകാരെ കണ്ടതും വിഷ്ണുവും ഏറെ സന്തോഷിച്ചു.

“എന്നാലും എങ്ങനെ ജീവിച്ചതാണ് മോനെ നീ.. ഇരിക്കുന്ന കോലം കണ്ടോ? ഇപ്പോൾ മനസ്സിലായില്ലേ പെറ്റമ്മയെ പോലെ ആരും വരില്ലെന്ന്.. തന്നിഷ്ടത്തിന് ഇറങ്ങിത്തിരിച്ചിട്ടിപ്പോൾ എന്തായി..? അതെങ്ങനാ ഓരോരുത്തര് ചട്ടം കെട്ടിയിറങ്ങിയേക്കുവല്ലേ ചെറുക്കൻമാരെ ചാക്കിട്ട് പിടിക്കാൻ…” അവരത് പറയുമ്പോൾ വിഷ്ണു ഒരു കുറ്റവാളിയെ പോലെ തലകുനിച്ചിരുന്നു.

” ദേവകി മതി ഹോസ്പിറ്റലിലാണ്. ” വിഷ്ണുവിന്റെ അച്ഛനാണ്.

“ഞാൻ പറയും രവിയേട്ടാ എനിക്ക് വിഷമമുണ്ട്.മൂന്നുവർഷമാണ് എന്റെ കുഞ്ഞിനെ എന്നിൽ നിന്നും അകറ്റി വെച്ചത്. വിഷ്ണു…നാളെ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യും എന്നാണ് ഡോക്ടർ പറഞ്ഞത് ഞങ്ങൾ വണ്ടിയുമായി വരും നിന്നെ കൊണ്ടുപോകാൻ ഇനി നീ അവിടെ കഴിഞ്ഞാൽ മതി..അല്ലേൽ രണ്ടുവർഷം കൂടി കഴിഞ്ഞാൽ ഞങ്ങടെ ചെറുക്കൻ ജീവനോടെ കാണില്ല. നൊന്തു പെറ്റവർക്കേ അതിന്റെ വില മനസ്സിലാവു.. വരേണ്ടവർക്ക് കൂടെ വരാം.”

അതും പറഞ്ഞ് അവർ അവിടെ നിന്ന് ഇറങ്ങുമ്പോൾ തലയിൽ ഇടിവെട്ട് ഏറ്റത് പോലെ തോന്നി അവൾക്ക് .

“വിഷ്ണു നമുക്ക് നമ്മുടെ വീട്ടിൽ കഴിഞ്ഞാൽ പോരെ?”നിസ്സഹായമായ ചോദ്യം.

“നമ്മുടെ വീടോ???അയാളുടെ കരുണ കൊണ്ടല്ലേ നമ്മൾ അവിടെ കഴിയുന്നത്. എനിക്കിനി പറ്റില്ല കീർത്തി എന്റെ അമ്മയും അച്ഛനും തന്ന സുഖസൗകര്യങ്ങൾ എനിക്ക് വേറെ എവിടെയും കിട്ടില്ല.ഞാൻ തന്നെയാണ് അമ്മയെ വിളിച്ചത് ഇനിയെങ്കിലും എനിക്ക് സ്വസ്ഥമായി ജീവിക്കണം. നമ്മൾ നാളെ എന്റെ വീട്ടിലേക്ക് പോകുന്നു ഇതിൽ ഇനി ഒരു മറുവാക്ക് ഇല്ല.”

” അമ്മയെ വിളിച്ച കാര്യം വിഷ്ണു പറഞ്ഞില്ലല്ലോ? ”

“എന്റെ അമ്മയെ വിളിക്കാൻ എനിക്ക് നിന്റെ സമ്മതം വേണ്ടല്ലോ..”
അതും പറഞ്ഞ് അവൻ തിരിഞ്ഞു കിടന്നു.

ആ നിമിഷം ഭൂമി പിളർന്നു പോയെങ്കിൽ എന്ന് അവൾ ആശിച്ചു. അന്നേരം മനസ്സിൽ വന്നത് തന്റെ അച്ഛന്റെയും അമ്മയുടെയും മുഖമാണ്.തന്നെയൊന്ന് ചേർത്തുനിർത്താൻ അവർ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് അവൾ ഒരുപാട് കൊതിച്ചു പോയി. അമലിനോടും ശ്യാമിനോടും അത് പറഞ്ഞ് അവൾ ഒരുപാട് കരയുകയും ചെയ്തു.

ഡിസ്ചാർജ് ചെയ്യുന്ന ദിവസം നേരത്തെ തന്നെ വിഷ്ണുവിന്റെ വീട്ടുകാർ എത്തിയിരുന്നു. വിഷ്ണുവിനെ അതീവ ശ്രദ്ധയോടെ പരിചരിക്കുമ്പോഴും സ്നേഹിക്കുമ്പോഴൊക്കെയും അവരവളെ മനപ്പൂർവം അവഗണിച്ചു. വീട് എത്തിയതും അകത്തേക്ക് കയറാൻ കൂടി അവർ ആരും തന്നെ അവളോട് പറഞ്ഞില്ല. എന്തിനേറെ പറയുന്നു സ്വന്തം വീട്ടിലേക്ക് അമ്മയുടെ കൈപിടിച്ച് കയറുമ്പോൾ വിഷ്ണു പോലും തന്നെ ഒന്ന് നോക്കിയില്ല എന്നതാണ് അവളെ ഏറെ വേദനിപ്പിച്ചത്.

അന്നുമുതലുള്ള അവളുടെ ജീവിതമായിരുന്നു ശരിക്കും നരകതുല്യം. ഒരു വേലക്കാരിയുടെ സ്ഥാനം പോലും അവൾക്ക് ആ വീട്ടിൽ കിട്ടിയിരുന്നില്ല എന്നതാണ് സത്യം. വീട്ടുകാർ തന്നെ കുറ്റപ്പെടുത്തുമ്പോഴൊക്കെയും വിഷ്ണുവെങ്കിലും തന്റെ കൂടെ നിന്നിരുന്നെങ്കിൽ എന്ന് അവൾ കൊതിച്ചു പോയി. എന്തിനും ഏതിനും കുറ്റപ്പെടുത്തലുകൾ കേട്ടെങ്കിലും അവൾ മറത്തൊന്നും പറഞ്ഞില്ല.അവർ ഇറക്കി വിട്ടാൽ എങ്ങോട്ട് പോകും? ഒരു കുഞ്ഞു ഉണ്ടായാൽ എങ്കിലും അവരുടെ മനോഭാവത്തിൽ മാറ്റം വരുമെന്ന് കരുതി അവൾ പിന്നെയും ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കാത്തിരുന്നു അവിടെയും നിരാശയായിരുന്നു ഫലം. അന്നേരം ഒക്കെയും തന്റെ പ്രാർത്ഥന കേൾക്കാത്ത ദൈവത്തോട് അവൾ പരിഭവം പറഞ്ഞുകൊണ്ടിരുന്നു.

പതിയെ പതിയെ അമലും ശ്യാമും ഇടപെട്ട് കീർത്തിയുടെ അമ്മയുടെയും അച്ഛന്റെയും പിണക്കം അവസാനിപ്പിച്ചു. അവർ പതിയെ പതിയെ അവളെ വിളിക്കാനും വിശേഷങ്ങൾ അന്വേഷിക്കാനും തുടങ്ങി. അത് അവൾക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.പക്ഷേ താൻ അനുഭവിക്കുന്ന ദുരിതങ്ങൾ ഒന്നും ഒരിക്കലും അവൾ തന്റെ അച്ഛനമ്മമാരോട് പറഞ്ഞിരുന്നില്ല.

അങ്ങനെയിരിക്കെ ഒരിക്കൽ അവളെ കാണാൻ അച്ഛനും അമ്മയും വിഷ്ണുവിന്റെ വീട്ടിലെത്തി. വർഷങ്ങൾക്കുശേഷം അവരെ കണ്ടതും അവൾ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി..എന്നാൽ വിഷ്ണുവും വീട്ടുകാരും അവരെ ഗൗനിച്ചതേയില്ല..അതിൽ നിന്ന് തന്നെ തന്റെ മകളുടെ സ്ഥാനം അവർക്ക് ഏറെക്കുറെ മനസ്സിലായിരുന്നു. മകൾക്ക് നൽകാൻ സ്വർണ്ണത്തിന്റെ രണ്ടു വളകളും ഒരു കമ്മലും അവർ കരുതിയിരുന്നു.അന്ന് വേദനയോടെയാണ് അവർ ആ പടിയിറങ്ങിയത്.

“ഓഹ്..മകൾക്ക് വേണ്ടി ഇത്ര നാളായിട്ട് ഉണ്ടാക്കി വച്ചത് കണ്ടില്ലേ രണ്ടു വളയും ഒരു കമ്മലും… ആർക്കുവേണം അത്.വെറുതെയല്ല മകളെ ഇങ്ങനെ അഴിച്ചുവിട്ടത്. ഏതെങ്കിലും ഒരുത്തന്റെ തലയിൽ ആയാൽ സ്ത്രീധനവും കൊടുക്കാനുള്ള സ്വർണവും ഒക്കെ ലാഭിക്കാമല്ലോ…”
അവർ പടിയിറങ്ങിയതും വിഷ്ണുവിന്റെ അമ്മ തുടങ്ങി.

“അമ്മേ ഇതുതന്നെ അവർ എങ്ങനെ ഉണ്ടാക്കിയതാണെന്ന് എനിക്കറിയാം. ഞാൻ അല്ല വിഷ്ണുവിനോട് ഇഷ്ടമാണെന്ന് പറഞ്ഞത് വിഷ്ണു എന്നോടാണ്. അന്ന് അന്ന് പക്ഷേ വിഷ്ണു പറഞ്ഞിരുന്നില്ല ഇങ്ങനെ സ്ത്രീധനം മോഹിച്ചിരിക്കുന്ന ഒരു അമ്മ വീട്ടിൽ ഉണ്ടെന്ന്… ഉണ്ടെങ്കിൽ ഒരിക്കലും ഞാൻ ഇതിന് മുതിരില്ല ആയിരുന്നു. സ്ത്രീധനം വാങ്ങാതെ സ്വന്തം ഭാര്യയെ പോറ്റാൻ കഴിവില്ലാത്തവൻ ആണ് അമ്മയുടെ മകൻ എന്നും ഞാൻ അറിഞ്ഞിരുന്നില്ല.എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ പക്ഷേ എന്റെ വീട്ടുകാരെ പറഞ്ഞാൽ എനിക്ക് സഹിക്കില്ല..”

“പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി? അവൾ വലിയ ശീലവതി വന്നേക്കുന്നു.. കെട്ടിയോൻ ആശുപത്രിയിൽ കിടക്കുമ്പോൾ കണ്ടവന്മാരെ വിളിച്ച് ശൃംഗരിച്ചവൾ അല്ലേടി നീ..?”

അത് കേട്ടതും അവൾക്ക് സമനില തെറ്റി.

‘ദേ അമ്മേ തോന്നിവാസം പറയരുത്. ആരും ഇല്ലാത്തപ്പോൾ ഞങ്ങൾക്ക് അവരെ ഉണ്ടായിരുന്നുള്ളൂ.. എനിക്ക് അവർ കൂടപ്പിറപ്പുകളെ പോലെയാണ് അത് വിഷ്ണുവിനും അറിയാം. ”

“എന്നിട്ട് അവൻ അങ്ങനെയല്ലല്ലോ പറഞ്ഞെ… നിന്റെയും അവന്മാരുടെ പോക്ക് ശരിയല്ല എന്നാണല്ലോ…” പല്ല് ഇറക്കി കൊണ്ട് അവരത് പറഞ്ഞപ്പോൾ
അവൾക്ക് ഒരു നിമിഷം ഉത്തരം മുട്ടിപ്പോയി.

“എന്താ വിഷ്ണു ഞാൻ ഈ കേൾക്കുന്നത്? ഞങ്ങളിൽ എന്താണ് ഇതുവരെ വിഷ്ണു തെറ്റായി കണ്ടത്? ഇവർ എന്തൊക്കെ വൃത്തികേടാണ് പറയുന്നത്? ഇതൊക്കെ കേട്ട് നിൽക്കുകയാണോ വിഷ്ണു.?”അവന്റെ കോളറിൽ പിടിച്ചു ഉലച്ച് കൊണ്ട് അവൾ ചോദിച്ചു.

“അമ്മ പറയുന്നതിൽ എന്താണ് തെറ്റ്?” ഒരു കൂസലും ഇല്ലാതെ അവളുടെ കണ്ണിൽ നോക്കാതെ അവൻ പറഞ്ഞു.

വിഷ്ണു അത് പറഞ്ഞതും അവളുടെ കണ്ണിൽ ഇരുട്ട് കയറി.ഇത്രനാൾ കൂടെ നിന്നവരെയാണല്ലോ ഇത്രയും നന്ദിയില്ലാതെ തള്ളി പറഞ്ഞത് എന്നോർത്തപ്പോൾ അവൾക്ക് വിഷ്ണുവിനോട് പുച്ഛം തോന്നി. സിരകളിൽ രക്തം തിളച്ചപ്പോൾ അവൾ മറുത്തൊന്നും ചിന്തിച്ചില്ല കഴുത്തിൽ ഇത്രനാൾ ഭാരമായി കിടന്ന താലി വലിച്ച് പൊട്ടിച്ച് അവന്റെ മുഖത്തേക്ക് എറിഞ്ഞു.

“ഇനിയും ഈ ഭാരം ചുമന്നാൽ അത് ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും.. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്ന് എനിക്കും അറിയാം വിഷ്ണുവിനും അറിയാം ഈ പറഞ്ഞതിനൊക്കെ കാലം ഒരുനാൾ പകരം ചോദിക്കും. ഞാൻ ഇറങ്ങുന്നു.”

തിരിഞ്ഞു നോക്കാതെ അവൾ ഇറങ്ങുമ്പോൾ മനസ്സിൽ ഒരു വേദന വിഷ്ണുവിന് തോന്നിയെങ്കിലും താൻ വിചാരിച്ചത് തന്നെ നടന്നല്ലോ എന്ന സന്തോഷമായിരുന്നു വിഷ്ണുവിന്റെ അമ്മയ്ക്ക് .

അവൾ ചെന്നതും അവളെ വീണ്ടും നോവിക്കാതെ ഇരുകൈയും നീട്ടി അവളുടെ അച്ഛനും അമ്മയും സ്വീകരിച്ചു.. ആ ആഘാതത്തിൽ നിന്ന് വിട്ടു വരാൻ കുറച്ചുനാൾ എടുത്തെങ്കിലും പതിയെ പതിയെ അവൾ അവളുടെ ലോകത്തേക്ക് ചേക്കേറി. പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം വീണ്ടും തുടർന്നു. അവൾക്ക് ഇടംവലമായി ശ്യാമും അമലും ഇപ്പോഴും കൂടെയുണ്ട്.

ഒരിക്കൽ കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചിട്ട് തരാതിരുന്നതിന് അവൾ ഇന്ന് ദൈവത്തോട് നന്ദി പറഞ്ഞു. ഒരുപക്ഷേ ഒരു കുഞ്ഞു പിറന്നിരുന്നെങ്കിൽ ആ കുഞ്ഞിന് വേണ്ടിയെങ്കിലും എല്ലാം സഹിച്ചു താൻ അവിടെ കഴിയുമായിരുന്നു.അന്നേരം അവൾ മനസ്സിലാക്കി ചിലത് നമുക്ക് വന്നുചേരാത്തത് അതിലും മനോഹരമായതെന്തോ നേടിയെടുക്കാൻ വേണ്ടിയാകുമത്രേ

.