(രചന: അംബിക)
“അഭി…. നീയെന്താ ഇവിടെ??”
ഫയലുകൾ ഓരോന്നായി സസൂക്ഷ്മം നിരീക്ഷിക്കുന്ന തന്റെ മുന്നിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ആ യുവാവിനെ തിരിച്ചറിയാൻ അവൾക്ക് നിമിഷങ്ങൾ പോലും വേണ്ടി വന്നില്ല.
“അപ്പോൾ താനെന്നെ മറന്നിട്ടില്ല…. നാളുകൾ ഇത്ര കഴിഞ്ഞപ്പോൾ ഞാൻ കരുതി എന്നെ ഓർത്തെടുക്കാൻ പ്രയാസപ്പെടുമെന്ന്… ”
“അതങ്ങനെയാ അഭി…. ചില മുഖങ്ങൾ അത്ര പെട്ടെന്നൊന്നും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല…. അല്ല നീയെങ്ങനെ ഇവിടെ…?? ” ഉള്ളിൽ ഇരച്ചു കയറിയ സന്തോഷം അടക്കി നിർത്താൻ അവൾ നന്നേ പ്രയാസപ്പെട്ടു.
“അതെല്ലാം പറയാം…. താനാദ്യം ഈ ഫയലെല്ലാം മാറ്റി വെച്ച് ഒന്ന് ഫ്രീ ആയി വാ… എനിക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്.. ഞാനാ മരത്തിന്റെ താഴെ കാണും.. കാറവിടെയാണ്.”
അതും പറഞ്ഞു കൊണ്ട് അഭി തിരികെ നടന്നു.. ഒരായിരം നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്ന ശോഭയായിരുന്നു അന്നേരം ഋതുവിന്റെ മുഖമാകെ…
രണ്ട് വർഷമായി കാത്തിരിക്കുന്ന രൂപമാണ് അപ്രതീക്ഷിതമായി ഇപ്പോൾ കൺ മുന്നിൽ വന്നു നിന്നത്. എത്രയോ നാളുകളായി പല ആൾക്കൂട്ടത്തിലും തിരയാറുള്ള മുഖം.!
സ്റ്റെയർകേസ് വഴി അവൾ നേരെ ഓടിയത് ഇരുപത്തിയഞ്ചാം നമ്പർ റൂമിലേക്കാണ്. കാത്തിരിപ്പിന്റെ രണ്ട് വർഷങ്ങള്ക്കിന്ന് വിരാമമിടാൻ പോകുകയാണ്.
അഭി വന്നിരിക്കുന്നു !!ഉള്ളിലെവിടെയോ കടിച്ചമര്ത്തിയ നോവുകളെല്ലാം ഒന്നാകെ പിഴുതെടുത്ത് ചവറ്റു കൂനയിലേക്കെറിയാൻ തോന്നിയ നിമിഷം.
“ദൈവമേ നന്ദി…. നീയെന്റെ പ്രാർത്ഥന കേട്ടുവല്ലോ… ”
“രമ്യ… ഞാനിപ്പോൾ വരാം. എന്നെയൊരു സുഹൃത്ത് കാണാൻ വന്നിട്ടുണ്ട്. താനീ ഫയൽ ഒന്ന് കിരൺ സാറിനെ ഏൽപ്പിക്കണം ”
റിസപ്‌ഷനിലുണ്ടായ സുഹൃത്തിനു നേരെ കൈയിലിരുന്ന ഫയൽ നീട്ടികൊണ്ട് അവൾ അഭിയെ ലക്ഷ്യമാക്കി നടന്നു.
എന്താണ് അഭിയോട് പറയേണ്ടത്?? ഇത്ര നാൾ മറഞ്ഞിരുന്നതെന്തിനെന്ന് ചോദിക്കണം… ഒരിക്കൽ പോലും അന്വേഷിക്കാതിരുന്നതെന്തേ എന്നും ചോദിക്കണം..
ഒരുപക്ഷെ അഭി എല്ലാം അറിഞ്ഞിട്ടായിരിക്കുമോ എന്നെ തേടി വന്നത്?? അതേ… അവനെല്ലാമറിഞ്ഞിരിക്കും. കുറ്റബോധം കൊണ്ട് അവന്റെ ഉള്ളാകെ നീറുന്നുണ്ടാകും. പാവം… അവനെ ആശ്വസിപ്പിക്കാൻ എനിക്കല്ലാതെ മറ്റാർക്കാണ് കഴിയുക??
“അഭി… കാത്ത് നിന്ന് മടുത്തുവോ??? ”
അവന്റെ ചാരെ ചെന്ന് നിന്ന് പുഞ്ചിരി കോറിയിട്ടവൾ ചോദിച്ചു.
“ഏയ് ഇല്ലെടോ…. ഇവിടുത്തെ കാറ്റിന് പോലും എന്തോ മാന്ത്രിക ശക്തിയുണ്ട്. ഒരു ഹോസ്പിറ്റലിന്റെ മടുപ്പിക്കുന്ന അന്തരീക്ഷമേ അല്ല. എത്ര സങ്കീർണമായ മനസുള്ളവനും അൽപനേരം ഈ ഇളംകാറ്റേറ്റൽ ശാന്തനാകും അതെനിക്കുറപ്പാ… ”
കൈ രണ്ടും ഉയർത്തി പിടിച്ച് കണ്ണുകളടച്ചുകൊണ്ടവൻ പറഞ്ഞു.
“എന്താടോ പഴയ സാഹിത്യമൊക്കെ പൊടിതട്ടി എടുത്ത് തുടങ്ങിയോ?? ”
“ഇല്ല ഋതു… പഴയതെല്ലാം എന്റെ ഇഷ്ടങ്ങൾക്കൊപ്പം ഞാനെന്നോ അടക്കം ചെയ്തു കഴിഞ്ഞു. ഗതി കിട്ടാതുഴലുന്ന ആത്മാവിനെ പോലെ എന്റെ നഷ്ടസ്വപ്നങ്ങളും എന്നെ വലയം ചെയുന്നുണ്ടാകും ”
അവൾ ഒന്നും മിണ്ടിയില്ല. അവനരികിൽ വിദൂരതയിലേക്ക് കണ്ണും നട്ടു നിന്നു.
“അതൊക്കെ വിട്… താനെങ്ങനെ ഇവിടെയെത്തി?? ഒരു അധ്യാപികയാവണമെന്ന മോഹവും കൊണ്ട് നടന്നിട്ടൊടുക്കം ഈ ഹോസ്പിറ്റലിൽ എങ്ങനെ എത്തിപ്പെട്ടു?? ”
ഈ ചോദ്യത്തിൽ നിന്ന് തന്നെ വ്യക്തമാണ് അഭി ഒന്നും അറിഞ്ഞിട്ടില്ലെന്ന കാര്യം. ആ മുഖത്തെ സന്തോഷം തല്ലിക്കെടുത്താൻ താല്പര്യം ഇല്ലാത്തമട്ടിൽ അവളൊന്ന് ദീർഘനിശ്വാസമെടുത്തു.
“അതൊക്കെ പറയാൻ ഒരുപാട് ഉണ്ട് അഭി… നീയെന്തേ ഇത്രനാൾ എല്ലാവരിൽ നിന്നും മറഞ്ഞിരുന്നത്??? പലരോടും ഞാൻ നിന്നെക്കുറിച്ച് അന്വേഷിച്ചിരുന്നു, പക്ഷെ ആർക്കുമാർക്കും ഒന്നുമറിയില്ലത്രേ…
എന്നാൽക്കൂടിയും എനിക്കുറപ്പായിരുന്നു ഒരിക്കൽ നീ തിരികെ വരുമെന്ന്. എന്റെ പ്രതീക്ഷ തെറ്റിയില്ല ”
അവളുടെ സന്തോഷത്തിൽ അവനും പങ്കുചേർന്നു.
“ഹ്മ്മ്… മനഃപൂർവം എല്ലാവരിൽ നിന്നും അകന്ന് കഴിഞ്ഞതാണ്. മനസ് മരവിച്ചു നാട് വിടുമ്പോൾ ഒന്നേ ആഗ്രഹിച്ചിരുന്നുള്ളൂ…
എല്ലാ മുഖങ്ങളും മനസ്സിൽ നിന്ന് മായ്ച്ചു കളയണമെന്ന്. അതിൽ ഏറെക്കുറെ വിജയിച്ചെങ്കിലും ഒരു മുഖം മാത്രം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. ഒടുക്കം ഇത്രയും നാൾ വേണ്ടി വന്നു മനസിനെ പറഞ്ഞു പാകപ്പെടുത്താൻ.. ”
ഋതുവിന്റെ മുഖം മങ്ങിയ കാർമേഘം പോലെ ശോഭയറ്റു.
“തനിക്ക് തിരക്കില്ലെങ്കിൽ നമുക്കൊരോ കോഫി കുടിക്കാം. ഇത്ര ദൂരം തനിയെ ഡ്രൈവ് ചെയ്തു വന്നതിന്റെ നല്ല ക്ഷീണമുണ്ട്.”
അവളത് നിരസിച്ചില്ല. അഭിയിൽ ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുന്നു !!രൂപത്തിലും ഭാവത്തിലും സംസാരത്തിലുമെല്ലാം പുതിയൊരു വ്യക്തിത്വം കൈവന്ന പോലെ… കോഫി കുടിച്ചു തീരുവോളം അവളാ മാറ്റങ്ങൾ തന്നെയാണ് വീക്ഷിച്ചു കൊണ്ടിരുന്നത്.
“ഋതു… ഇനി ഞാൻ വന്ന കാര്യത്തിലേക്ക് കടക്കാം… കുറെ കഷ്ടപ്പെട്ടു താനിവിടെയുണ്ടെന്ന് കണ്ടെത്താൻ.. തനിക്കല്ലാതെ മറ്റാർക്കും എന്നെ സഹായിക്കാൻ കഴിയില്ല. എന്റെ ഒരു അപേക്ഷയായി കണക്കാക്കിയാൽ മതി.
മരത്തിന്റെ തണലിൽ ഒരറ്റത്തോട് ചേർത്തിട്ട ബെഞ്ചിൽ ഇരിക്കുമ്പോഴാണ് ഒരു മുഖവുരയും കൂടാതെ അവനത് പറഞ്ഞത്. പക്ഷെ അവന്റെ വാക്കുകൾ വ്യക്തമാകാത്ത മട്ടിൽ അവൾ നെറ്റി ചുളിച്ചു.
“എന്റെ വിവാഹം നിശ്ചയിച്ചെടോ… ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് തന്നെ തീരുമാനിച്ചുറപ്പിച്ചതായിരുന്നു.
പക്ഷെ അമ്മയുടെ കണ്ണുനീരിനു മുൻപിൽ എനിക്ക് അടിയറവ് പറയേണ്ടി വന്നു. അമ്മയുടെ അകന്ന ബന്ധത്തിലെ കുട്ടിയാ… പേര് ശ്രുതി. അടുത്ത മാസം രണ്ടാം തിയതിയാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. താനുണ്ടാകണം. ”
തലയ്ക്കൊരടിയേറ്റത് പോലെയാണ് അവളത് കേട്ട് നിന്നത്. ഇതിനായിരുന്നോ കൃഷ്ണാ രണ്ട് വർഷത്തോളം പ്രതീക്ഷയോടെ കാത്തിരുന്നത്?? കണ്ണിലാകെ ഇരുട്ട് വന്നു മൂടുന്നത് പോലെ തോന്നിയവൾക്ക് എങ്കിലും തളരാതെ പിടിച്ചു നിന്നു.
“ഞാൻ വരാം അഭി… ”
യാതൊരു ഭാവ മാറ്റങ്ങളുമില്ലാതെ അവൾ പറഞ്ഞൊപ്പിച്ചു.
“ഋതു…. ”
“ഹ്മ്മ്. പറ അഭി ”
“താനൊറ്റയ്ക്ക് വന്നാൽ പോരാ ”
“പിന്നെ…? ”
“വേദയെ കൂടി കൊണ്ട് വരണം ”
ഒരു കരിങ്കൽ ചീള് ഹൃദയത്തിൽ തറച്ച വേദനയിൽ പോലും അവൾ പുഞ്ചിരി കൈവിട്ടില്ല.
“എനിക്കറിയാം ഋതു താൻ പറഞ്ഞാൽ അവൾ വരാതിരിക്കില്ലെന്ന്… താനവൾക്ക് വെറുമൊരു സുഹൃത്ത് മാത്രമല്ല. വേദയോട് എനിക്ക് ദേഷ്യം തോന്നിയിരുന്നു..
എല്ലാവരുടെ മുന്നിൽ വെച്ച് ഒരന്യനെ പോലെ എന്നെ തള്ളി പറഞ്ഞപ്പഴും വെറുക്കുന്നു എന്ന് പറഞ്ഞ് ആട്ടിയോടിച്ചപ്പോഴുമെല്ലാം അവളിത്ര നീചയാണോ എന്ന് മനസ്സിൽ ഓർത്തിട്ടുണ്ട്.
അവളെ സ്നേഹിച്ചു പോയതിന് എത്രയോ വട്ടം ഞാൻ സ്വയം ശപിച്ചിരിക്കുന്നു. സ്വത്തും പണവും കണ്ടപ്പോൾ കണ്ണ് മഞ്ഞളിച്ചു, സ്നേഹിച്ചവനെ തള്ളി പറഞ്ഞ ഒരു വഞ്ചകിയുടെ രൂപമായിരുന്നു അവൾക്കെന്റെ മനസിലെ സ്ഥാനം.
പക്ഷെ അപ്പോഴും ഞാനവളെ വെറുത്തിട്ടില്ലെടോ.. മനസ് കൊണ്ട് ശപിച്ചിട്ടുമില്ല… അപ്പോഴെന്നല്ല എപ്പോഴും… ഒരിക്കലും വെറുക്കാൻ കഴിയുകയുമില്ല… ”
വാക്കുകൾക്കിടയിൽ എപ്പോഴോ അഭിയുടെ തൊണ്ടയിടറുന്നത് അവൾ ശ്രദ്ധിച്ചു.
“ഇത്രനാളുകൾക്കിടയിൽ പലയിടത്തും തിരക്കിയെങ്കിലും വേദയെ എനിക്ക് കണ്ടെത്താനായില്ല.
പിന്നെയോർത്തു ഭർത്താവും കുട്ടിയുമൊക്കെയായി ജീവിതം നയിക്കുന്നതിനിടയ്ക്ക് അവളുടെ സന്തോഷം തല്ലിക്കെടുത്താൻ ഞാൻ ഒരിക്കലും ശ്രമിക്കരുതെന്ന്.. എന്നെ കാണുന്നത് പോലും വെറുപ്പാണെന്ന് പറഞ്ഞന്നവൾ പൊട്ടിക്കരഞ്ഞത് താനും കണ്ടതല്ലേ..? ”
അവന്റെ കണ്ണുകളിലേക്ക് നോക്കികൊണ്ടവൾ അർത്ഥശൂന്യമായി തലയാട്ടി.
“ഞാൻ ഇറങ്ങുവാടോ ഋതു.. ഒരുപാട് പേരെ വിവാഹം ക്ഷണിക്കാൻ ഉണ്ട്.. ഡ്രസ്സ് എടുക്കാൻ ചെല്ലാമെന്ന് വാക്ക് പറഞ്ഞിട്ട ഞാനിങ്ങോട്ട് തിരിച്ചത്. എങ്ങനെയെങ്കിലും താൻ വേദയെ സമ്മതിപ്പിച്ചു കൊണ്ട് വരണം എന്റെ വലിയൊരു ആഗ്രഹമാണ് ”
കാറിൽ കയറാനായി ഡോർ തുറന്ന അഭിയെ അവൾ തടഞ്ഞു.
“അപ്പോൾ അഭീ നിനക്ക് വേദയെ കാണേണ്ടേ??? അവളിവിടെയുണ്ട് നേരിട്ട് ക്ഷണിച്ചിട്ട് പൊയ്ക്കോളൂ… ”
വിശ്വസിക്കാനാവാത്ത മട്ടിൽ അവനവളെ നോക്കി
“എന്താ ഋതു താനീ പറയുന്നത്? വേദ ഇവിടെയാണോ വർക്ക് ചെയുന്നത്? ഇത്ര സമയം സംസാരിച്ചിട്ടും നിങ്ങളൊന്നിച്ചിവിടെയുണ്ടെന്ന് പറയാതിരുന്നതെന്തേ??? നല്ല ആളാ താൻ.. ”
അവന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മറുപടി നൽകാൻ അവൾക്ക് കഴിഞ്ഞില്ല.
“അഭി ഇവിടെ നിൽക്ക് ഞാനവളെയും കൂട്ടിയിട്ട് വരാം… ”
“ഈശ്വരാ… വേദ എങ്ങനെയാവും പ്രതികരിക്കുക? അവൾക്കെന്നോട് ഇപ്പോഴും വെറുപ്പുണ്ടാകുമോ? ഇല്ലാ… ഉണ്ടായാൽ തന്നെ അവളത് പ്രകടിപ്പിക്കില്ല. അവളുടെ സുന്ദരമായ ചിരി ഇപ്പോഴുമുണ്ടാകും.
അവളെന്നും പറയാറുള്ളത് പോലെ നെറുകയിൽ സിന്ദൂരക്കുറി നീട്ടി വരച്ചിട്ടുണ്ടാകും. കഴുത്തിൽ മറ്റൊരു പുരുഷന്റെ താലി അണിഞ്ഞിട്ടുണ്ടാകും. അല്പം തടിച്ചിട്ടുണ്ടാകുമെങ്കിലും ആ മുഖത്തെ ഐശ്വര്യത്തിന് മങ്ങലേറ്റിട്ടുണ്ടാകില്ല.
“അഭി… ”
ഋതുവിന്റെ വിളി കേട്ട് ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കിയെങ്കിലും ആ നിമിഷം തന്നെ അവൻ കണ്ണുകൾ പൊത്തിപിടിച്ചു.
നിസാരമെന്ന് തോന്നിക്കുന്ന പല കാര്യങ്ങൾക്കും ഭയന്നു നിൽക്കുന്ന ഒരു കുഞ്ഞിനെ പോലെ വിരലുകളുടെ വിടവിലൂടെ വീൽചെയറിൽ യാതൊരു വികാരവുമില്ലാതെ തന്നെ ഉറ്റു നോക്കുന്ന വേദയെ കണ്ടു.
മെലിഞ്ഞുണങ്ങിയ ആ ശരീരത്തിലെ ഓരോ എല്ലുകളും എണ്ണി തിട്ടപ്പെടുത്താം. മനോഹരമായ മാൻപേട കണ്ണുകൾ കുഴിഞ്ഞു വികൃതമായിരിക്കുന്നു. താനേറെ ഇഷ്ടപ്പെട്ടിരുന്ന അവളുടെ മിനുസമുള്ള മുടിയിഴകൾ കാറ്റിൽ സംഹാരതാണ്ഡവമാടുന്നു.
“ദൈവമേ ഞാനീ കാണുന്നത് ഒരിക്കലും സത്യമാകരുതേ… ”
ഒരു വട്ടം കൂടി ആ രംഗം കാണുവാൻ ശക്തിയില്ലാതെ മുഖം പൊത്തിപിടിച്ചു കൊണ്ട് അവൻ തിരിഞ്ഞ് നിന്നു.
“അഭി…. നീ പറയുന്നതെല്ലാം അവൾക്ക് കേൾക്കാം… നിന്റെ വിവാഹം ക്ഷണിക്കാൻ വന്നതാണെന്ന് അവളോട് പറയ് അഭി… ”
അത്രനേരം ദൃഢമായിരുന്ന അവളുടെ ശബ്ദം നേരിയ തേങ്ങലായി മാറി.
“ഋതു… ഇത്… ഇതെങ്ങനെ?
വിറയാർന്ന ശബ്ദം പുറത്തേക്ക് കേൾക്കുമാറ് വ്യക്തമായിരുന്നില്ല.
“രണ്ടു വർഷമായി അവളീ ഇരുപ്പ് തുടങ്ങിയിട്ട്. അച്ഛനുമമ്മയുടെയും വാശിയ്ക്ക് മുന്നിൽ അവൾക്കഭിയെ തള്ളി പറയേണ്ടി വന്നു.
പക്ഷെ അതിനർത്ഥം അഭിയ്ക്ക് പകരമായി മറ്റൊരാളെ അവൾ സ്വീകരിക്കുമെന്നായിരുന്നോ?? അത്രമാത്രമേ അഭിയവളെ മനസിലാക്കിരുന്നുള്ളോ?????
അഭിയോട് അങ്ങനെയൊക്കെ പറയേണ്ടി വന്ന അന്ന് തന്നെ അവൾ ആത്മഹത്യക്ക് തുനിഞ്ഞതാണ്. ഞാൻ കണ്ടത് കൊണ്ട് മാത്രമാണ് വേദയെയന്ന് ജീവനോടെ തിരിച്ചു കിട്ടിയത്.
ഒടുക്കം അഭിയെ കാണാനില്ലെന്ന വാർത്ത കൂടിയറിഞ്ഞതും സർവ നിയന്ത്രണവും വിട്ടവൾ അലറി കരഞ്ഞു. കണ്ണ് തെറ്റിയാൽ ശരീരത്തിൽ സ്വയം മുറിവുകൾ ഏല്പിക്കാൻ തുടങ്ങി.അവസാനമായി അവൾ ഉച്ഛരിച്ച വാക്കും “അഭി “എന്നായിരുന്നു.
പിന്നീട് ഈ നിമിഷം വരെ അവൾ ആരോടും ഒന്നും സംസാരിച്ചിട്ടില്ല. ഇങ്ങനെ നോക്കിയിരിക്കുകയല്ലാതെ…. എല്ലാം മനസിലാക്കി അഭി ഒരിക്കൽ തിരികെ വരുമെന്ന് തന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നു അതിനു വേണ്ടി കേണു തൊഴാത്ത ദൈവങ്ങൾ ഉണ്ടായിരുന്നില്ല ”
ഒരു ഇടിതീ വന്ന് ദേഹമാകെ പ്രഹരിക്കുന്നത് പോലെ അവനനുഭവപ്പെട്ടു . ഇത്രമാത്രം തന്നെ സ്നേഹിച്ചവളെയാണോ ഭഗവാനെ നാളിത്രയും അവിശ്വസിച്ചത്… ദേഷ്യത്തോടെ ഓർത്തിരുന്നത്… ശരീരമാകെ തളർന്നു പോകുന്നത് പോലെ….
“അഭി വന്നപ്പോൾ ഞാനൊരുപാട് സന്തോഷിച്ചു. എല്ലാം അറിഞ്ഞു കൊണ്ടുള്ള മടങ്ങി വരവാണെന്ന് വ്യാമോഹിച്ചു. പലപ്പോഴും ഞാൻ സ്വാർത്ഥയായി..
എന്റെ വേദ ഒന്ന് സംസാരിച്ചു കിട്ടുവാൻ വേണ്ടി മാത്രം. അഭിയുടെ തിരിച്ചു വരവ് അവളിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു പക്ഷെ…
കണ്ണുകൾ തുടച്ച് അൽപനേരം ശാന്തയായി നിന്നവൾ അഭിയുടെ നേർക്ക് തിരിഞ്ഞു.
“പറയ് അഭി… നിന്റെ കല്യാണം ക്ഷണിക്കാൻ വന്നതാണെന്ന് അവളോട് പറയ് അഭി…ഇനിയെങ്കിലുമീ കാത്തിരിപ്പ് അവസാനിപ്പിച്ചു എന്തെങ്കിലുമൊന്ന് മിണ്ടാൻ ഒന്ന് പറയഭീ പ്ലീസ്…. ”
തൊഴുതു പിടിച്ചുകൊണ്ടുള്ള ഋതുവിന്റെ കരച്ചിലിനേക്കാൾ വേദന തോന്നിയത് ഒന്നും മിണ്ടാതെ തന്നെ മാത്രം നോക്കിയിരിക്കുന്ന വേദയുടെ മുഖമായിരുന്നു.
ആ കാൽക്കൽ വീണ് മാപ്പപേക്ഷിക്കണമെന്നുണ്ട്. ചേർത്ത് പിടിച്ചൊന്ന് പൊട്ടിക്കാരയണമെന്നുണ്ട്. പക്ഷെ ഒന്നിനും കഴിയുനില്ല. എന്നോട് എന്തിനീ ക്രൂരത ഭഗവാനെ…..
പുറമെ മൗനം പാലിച്ചപ്പോഴും അഭി മൗനമായുറക്കെ കരഞ്ഞു കൊണ്ടിരുന്നു സ്വന്തം മനസാക്ഷിക്ക് മാത്രം കേൾക്കാൻ പാകത്തിൽ.
“അഭി പൊയ്ക്കോളൂ…. വിവാഹത്തിന്റെ ക്ഷണം ബാക്കിയുള്ളതല്ലേ… വിഷമം കൊണ്ട് ഞാനെന്തൊക്കെയോ പറഞ്ഞു പോയതാണ്.
എന്റെ വേദ തിരിച്ചു വരും. വിവാഹത്തിന് ഞാൻ എത്തിക്കോളാം … പറ്റിയാൽ വേദയെയും കൊണ്ട് വരാം… എല്ലാ മംഗളങ്ങളും നേരുന്നു ”
നിറം മങ്ങിയ ഒരു പുഞ്ചിരി അവനു സമ്മാനിച്ച് വീൽ ചെയറും തള്ളി കൊണ്ട് അവൾ നടന്നകന്നു. കണ്മുന്നിൽ നിന്ന് മറയുവോളമുള്ള വേദയുടെ നോട്ടം അവനെ വല്ലാതെ അസ്വസ്ഥമാക്കി കൊണ്ടിരുന്നു.
മൊബൈൽ സ്‌ക്രീനിൽ അന്നേരം തെളിഞ്ഞ ഫോൺ കോൾ മങ്ങിയ കാഴ്ചയോടെയാണ് എടുത്ത് നോക്കിയത്.
ശ്രുതി !!
“അഭിയേട്ടാ…. ഇതെവിടെയ?? ഇന്ന് ഡ്രസ്സ് എടുക്കാൻ പോകാമെന്നു പറഞ്ഞിട്ട് എങ്ങോട്ടാ രാവിലെ തന്നെ മുങ്ങിയത്?? നല്ല ആളാണ് ഇങ്ങനെ പറ്റിക്കാൻ പാടുണ്ടോ?? ഉച്ചക്ക് മുന്നേ എത്തില്ലേ?? ”
മറുതലക്കൽ നിന്നുള്ള ചോദ്യത്തിന് ഉത്തരം നൽകാതെ തന്നെ അവൻ കാൾ കട്ടാക്കി.
തുളുമ്പി നിന്ന കണ്ണുകളിൽ നിന്നും രണ്ടു തുള്ളി അടർന്നു വീണ് മണ്ണിൽ പതിച്ചു. അപ്പോഴും വീൽചെയറിൽ ഇരുന്ന രണ്ട് കണ്ണുകൾ ആരെയോ തിരയുന്നുണ്ടായിരുന്നു.