എനിക്ക് സമയമില്ല വേഗം വേണം.” അതും പറഞ്ഞ് തന്റെ സാരി മാറിൽ നിന്ന് വീണ്ടും അടർത്തി മാറ്റാൻ ഒരുങ്ങിയതും അവൻ അവളുടെ..

(രചന: അംബിക ശിവശങ്കരൻ)

തിരക്കേറിയ ഒരു വൈകുന്നേരം.
സുഹൃത്ത് അരവിന്ദന്റെ കൂടെ രണ്ടുദിവസം ചെന്നൈയിൽ ചെലവഴിക്കാനായി വന്നതാണ് ദേവൻ. ജേണലിസ്റ്റ്. അതിലുപരി എഴുത്തുകളോടും യാത്രകളോടും പ്രണയം ഉള്ളതിനാൽ സമയം കിട്ടുമ്പോഴൊക്കെ എങ്ങോട്ടെന്നില്ലാതെ സഞ്ചരിക്കും. പിന്നെ തിരികെ പോകുവോളം അവരിൽ ഒരാളായി മാറും. വയസ്സ് മുപ്പത്തിയഞ്ച്. അവിവാഹിതൻ.

“ദേവാ.. നമുക്കൊരു ചായ കുടിച്ചാലോ?” നടത്തത്തിനിടയിൽ തമിഴ് ചുവയുള്ള മലയാളത്തിൽ അരവിന്ദ് ചോദിച്ചു.

” പിന്നെന്താ.. ആവാം. ”
ചായ പിന്നെ ഒരു വീക്ക്നെസ്സ് ആയതുകൊണ്ട് തന്നെ ദേവൻ ചാടി കയറി സമ്മതം മൂളി.

അവിടെയിരുന്ന് ചുറ്റും വീക്ഷിക്കാൻ നല്ല ഭംഗി തോന്നി. അപ്പോഴാണ് കുറച്ചു മാറി ഒരു പാലത്തിന്റെ ചുവട്ടിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്ന മൂന്നോ നാലോ സ്ത്രീകളെ ദേവന്റെ കണ്ണിലുടക്കിയത്.ആരെയൊക്കെയോ പ്രതീക്ഷിച്ചു നിൽക്കുകയാണെന്ന് മനസ്സിലായി. ഇടയ്ക്കിടെ സാരിയിലെ ചുളിവുകൾ മാറ്റിയും മുല്ലപ്പൂ നേരെയാക്കിയും ഒക്കെ അവർ തങ്ങളെ പാകപ്പെടുത്തി. ചായ മുത്തി കുടിച്ചു കൊണ്ട് അവൻ ആ ദൃശ്യം തന്നെ ഉറ്റുനോക്കി കൊണ്ടിരുന്നു.

“എന്താ സാറേ ഒരു കൈ നോക്കുന്നോ? ഇവിടെ ഇതൊക്കെ പതിവാ…”കണ്ണിറുക്കി കൊണ്ട് അരവിന്ദ് ചോദിച്ചു.

“ഏയ് ഞാൻ വെറുതെ….അരവിന്ദ്, ഏതായാലും നമുക്ക് അതിലൂടെ ഒന്നു നടന്നിട്ട് വരാം.”

കാലിയായ ചായ ഗ്ലാസ് തിരികെ വെച്ച് പൈസ കൊടുക്കാൻ മുതിർന്നതും അരവിന്ദ് ദേവനെ തടഞ്ഞു.

“ഒരു ചായയ്ക്കുള്ള വകുപ്പൊക്കെ എന്റെ അടുത്തുണ്ട് മിസ്റ്റർ..”
കളി പറഞ്ഞുകൊണ്ട് അരവിന്ദ് ചായക്കടക്കാരനു പൈസ നൽകി പിന്നീട് ആ സ്ത്രീകൾ നിൽക്കുന്ന പാലത്തിന്റെ അടിയിലേക്ക് നടന്നു.

“എന്താ മോനെ ഇവരുടെ സ്റ്റോറി വല്ലതും എക്സ്ക്ലൂസീവ് ആക്കാനുള്ള വകുപ്പ് നോക്കുവാണോ?” അരവിന്ദാണ് ചോദിച്ചത്.

“ഇതൊക്കെ എന്ത് എക്സ്ക്ലൂസീവ് ആണ് അരവിന്ദ്? ഇതിപ്പോ എല്ലായിടത്തും ഉള്ളതല്ലേ?പാലത്തിന്റെ ചുവട്ടിൽ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ… സ്റ്റാൻഡേർഡ് മാറുന്നതിന് അനുസരിച്ച് റൈറ്റും കസ്റ്റമേഴ്സും മാറുന്നു ബാക്കിയൊക്കെ സെയിം തന്നെ…” ദേവൻ മറുപടി പറഞ്ഞു.

അരവിന്ദ് അത് ശരി വെച്ചു.
അവർ നടന്നെടുക്കുന്നതോറും അവരെ വശീകരിക്കും മട്ടിലായി ആ സ്ത്രീകളുടെ നിൽപ്പ്. വയറ്റി പിഴപ് ആകാം ഒരാളുടെ വരവും കാത്തിരിക്കുന്നത് അവൻ മനസ്സിൽ ഓർത്തു. അപ്പോഴും അവന്റെ നോട്ടം ചെന്നത് തന്റെ കൂട്ടാളികളിൽ നിന്ന് വ്യത്യസ്തയായ ഒരുവളിലേക്കായിരുന്നു. പുരുഷനെ ആകർഷിക്കും മട്ടിൽ തന്റെ ശരീരഭാഗങ്ങൾ ഒന്നും തന്നെ അവൾ പ്രദർശിപ്പിച്ചിരുന്നില്ല. യാതൊരു ചേഷ്ടകളുമില്ലാതെ അവൾ അവരെ ഉറ്റുനോക്കി.ആ മുഖത്ത് ഭയമാണോ സങ്കടമാണോ എന്ന് വ്യക്തമല്ല. നല്ല ഭംഗിയുള്ള മുഖമായിരുന്നു അവളുടേത്. ഇരുണ്ട നിറമായിരുന്നുവെങ്കിലും വെളിച്ചത്തിൽ അത് പൂർണ്ണചന്ദ്രനെ പോലെ ജ്വലിച്ചു.

അരവിന്ദും ദേവനും അവരെ കടന്നുപോകുമ്പോൾ ആ പെൺകുട്ടി ഒഴികെ ബാക്കി മൂന്നുപേരും എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു.ദേവൻ മറ്റുള്ള കാഴ്ചകളെ പറ്റി അരവിന്ദനോട് സംസാരിച്ചു കൊണ്ടിരുന്നു. രാത്രിയിലെ ഭക്ഷണവും കഴിച്ചാണ് അവർ തിരികെ റൂമിലേക്ക് ചെന്നത്.

” അരവിന്ദ് എന്നാലും ആ പെൺകൊച്ചിന് അധികം പ്രായമൊന്നും കാണില്ലല്ലോ… ”
കിടക്കാൻ നേരം ദേവൻ വീണ്ടും ആ വിഷയം എടുത്തിട്ടു.

“ഏത് പെൺകൊച്ച്?”അരവിന്ദ് നെറ്റി ചുളിച്ചു.

” നമ്മൾ ഇന്ന് പാലത്തിനടിയിൽ കണ്ടില്ലേ.. ”

“ഓഹോ അപ്പോൾ അവൾ മനസ്സിൽ കയറികൊത്തി അല്ലേ?അവളുടെ ആ ഫിഗർ കണ്ടാൽ പിന്നെ ആർക്കാണ് ഒരു കൊതി തോന്നാത്തത്? നീ ആരോടും പറയണ്ട ഞാൻ തന്നെ രണ്ടുവട്ടം അവളുടെ അടുത്ത് പോയിട്ടുണ്ട്.നിനക്ക് താല്പര്യമുണ്ടെങ്കിൽ നമുക്ക് റെഡിയാക്കാം എന്നേ…”അവർ രണ്ടുപേരും മാത്രമുണ്ടായിരുന്നിട്ടും എന്തോ രഹസ്യം പറയും മട്ടിൽ അരവിന്ദ് പറഞ്ഞു. ദേവൻ അതിനു മറുപടി പറഞ്ഞില്ല.

” നിനക്ക് ആ പെൺകുട്ടിയെ പറ്റി എന്തെങ്കിലും അറിയുമോ? ” ദേവൻ ചോദിച്ചു.

“മലയാളത്തിൽ ഒരു ചൊല്ലുണ്ടല്ലോ എന്താ അത്…? ആഹ് അപ്പം തിന്നാൽ മതിയല്ലോ കുഴി എണ്ണേണ്ട കാര്യമില്ല എന്ന്. നമുക്ക് നമ്മുടെ കാര്യം നടന്നാൽ പോരെ അളിയാ? എന്നാലും നീ ചോദിച്ചത് കൊണ്ട് പറയാം. അവൾക്ക് അപ്പനും അമ്മയും ഒന്നുമില്ല ചെറുപ്പത്തിലെ ചത്തത… ആ കൂട്ടത്തിൽ പ്രായം ചെന്ന സ്ത്രീയാണ് അവരുടെ മാമി. അവരാണ് അവളെ വളർത്തിയത്. വലുതായപ്പോൾ അവളെയും അവർ ഈ ഫീൽഡിലേക്ക് വലിച്ചിട്ടു. ആരും കണ്ടാൽ കൊതിക്കുന്ന അവളുടെ ശരീരം തന്നെയായിരിക്കും കാരണം. അവരുടെ നിർബന്ധത്തിന് വഴങ്ങുകയല്ലാതെ അവൾക്ക് വേറെ നിവർത്തി ഉണ്ടായിരുന്നില്ല. ഉണ്ട ചോറിനോടുള്ള നന്ദി എന്നൊക്കെ വേണമെങ്കിൽ പറയാം….. ഇതൊക്കെ എന്നെ കൂട്ടിക്കൊണ്ടു പോയവൻ പറഞ്ഞുള്ള അറിവാണ് സത്യം എന്താണെന്ന് ആർക്കറിയാം…?”അവൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.

“പാവം.”
ദേവൻ ഒരു ആത്മഗതം എന്നോണം പറഞ്ഞു.

“ഹ്മ്മ് പാവം.. ആ നിൽപ്പ് കണ്ടാൽ മാത്രമേ പാവം തോന്നുകയുള്ളൂ ആ സാരിയൊക്കെ അഴിച്ച് അവളെ കണ്ടാൽ ഉണ്ടല്ലോ അപ്സരസ് തോറ്റുപോകും. ഒരുപാട് കാശുണ്ടാക്കുന്നുണ്ട് അവൾ. എന്നും കസ്റ്റമേഴ്സിന്റെ തിരക്കാണ്.എനിക്ക് തന്നെ ഇനിയും കൊതി മാറിയിട്ടില്ല അവളെ അനുഭവിച്ചിട്ട്.നിനക്ക് വേണമെങ്കിൽ പറയ് . ഇനി ഇതുപോലെ ഒരു ചാൻസ് കിട്ടിയെന്ന് വരില്ല.”

അന്നേരം ദേവൻ മറുപടിയൊന്നും പറഞ്ഞില്ല.ദേവന്റെ പക്കൽ നിന്നും പ്രതികരണം ഒന്നും ലഭിക്കാതെ ആയപ്പോൾ അരവിന്ദ് പിന്നെ അതേപ്പറ്റി കൂടുതലൊന്നും സംസാരിച്ചില്ല.പിറ്റേന്ന് നേരത്തെ ഉണർന്നത് ദേവനാണ് അരവിന്ദ് കണ്ണ് തുറക്കുമ്പോഴേക്കും ഒരു കപ്പ് ചായയുമായി ദേവൻ അവന്റെ അരികിൽ വന്നു.

“ഗുഡ്മോണിങ്.”ചായ അരവിന്ദന് നേരെ നീട്ടിക്കൊണ്ട് ദേവൻ പറഞ്ഞു.

“ഗുഡ്മോണിങ്..എന്തുപറ്റി നേരത്തെ ഉണർന്നോ?”

“ഹ്മ്മ് ഉണർന്നു. ഇന്നലെ രാത്രി മര്യാദയ്ക്ക് ഉറങ്ങാൻ പറ്റിയില്ല മനസ്സ് മുഴുവൻ അവൾ ആയിരുന്നു.”

“ആര് ആ വേശ്യയോ?”

ആ ചോദ്യത്തിന് മറുപടിയായി ദേവൻ അവനെ നോക്കി. വേശ്യക്കൊപ്പം വ്യഭിചരിച്ച നിന്നെ അപ്പോൾ എന്തു വിളിക്കണം എന്ന അർത്ഥത്തിൽ.

“എനിക്ക് അവളെ വേണം അരവിന്ദ്.. ഇന്നൊരു ദിവസത്തേക്ക് മാത്രം എനിക്ക് അവളെ വേണം.”

ദേവൻ അത് പറഞ്ഞതും അരവിന്ദ് ഒരു കള്ളച്ചിരിയോടെ അവനെ നോക്കി.

” എനിക്ക് അപ്പോഴേ അറിയാമായിരുന്നു ആ പെണ്ണ് നിന്നെ മോഹിപ്പിച്ചു എന്ന്. ഇന്ന് രാത്രി അവൾ നിനക്കുള്ളതാണ്. ” അതും പറഞ്ഞുകൊണ്ട് അരവിന്ദ് പൊട്ടിച്ചിരിച്ചു

അന്ന് രാത്രിയോട് അടുക്കുംതോറും എന്തോ മനസ്സിൽ ഒരു അങ്കലാപ്പ് കയറിത്തുടങ്ങി ദേവന്.ആദ്യമായാണ് ഇതിന് ഇറങ്ങിത്തിരിക്കുന്നത്. ചെയ്യുന്നത് തെറ്റൊ ശരിയോ എന്നൊന്നും അറിയില്ല പക്ഷേ അവളെ ഇന്ന് രാത്രി തനിക്ക് വേണം. അരവിന്ദ് എത്തും വരെ ദേവൻ മുറിയിൽ തനിച്ചിരുന്നു. വൈകുന്നേരം ഒരു അഞ്ചുമണിയോടുകൂടി അരവിന്ദ് എത്തി.

“നീ ടെൻഷനടിക്കേണ്ട.. കാര്യങ്ങളെല്ലാം ഞാൻ റെഡിയാക്കിയിട്ടുണ്ട് ആ പെണ്ണിന് റേറ്റ് കുറച്ചു കൂടുതലാ… പിന്നെ വലിയ സൗകര്യങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ട ഒരു ഇടുങ്ങിയ റൂമും ചെറിയ കട്ടിലുമേ കാണൂ പ്രശ്നമൊന്നും ഇല്ലല്ലോ..”

“ഏയ് അതൊന്നും പ്രശ്നമില്ല.” ദേവൻ ചിരിച്ചു.

“എങ്കിൽ ഒരു എട്ടുമണിയോടെ അവിടെയെത്താം.”

ദേവൻ സമ്മതം മൂളി.

മണിക്കൂറുകൾ വേഗത്തിൽ കടന്നുപോയി. രാത്രി അരവിന്ദിനോടൊപ്പം ആ സ്ഥലത്തേക്ക് ദേവനും യാത്രയായി. ഒറ്റപ്പെട്ട ഇടിഞ്ഞു വീഴാറായ ഒരു കെട്ടിടം.കോണിപ്പടികൾ കയറി മുകളിൽ എത്തിയപ്പോൾ മൂന്നോ നാലോ ഇടുങ്ങിയ മുറികൾ. അരവിന്ദ് ദേവനുള്ള മുറി ചൂണ്ടിക്കാണിച്ച് അവന്റെ തോളിൽ തട്ടിക്കൊണ്ട് താഴത്തേക്ക് ഇറങ്ങിപ്പോയി. ദേവൻ മെല്ലെ വാതിൽ തുറക്കുമ്പോൾ ചുവപ്പ് കളർ സാരിയുമുടുത്ത് അണിഞ്ഞൊരുങ്ങി അവൾ നിൽപ്പുണ്ടായിരുന്നു. ഇന്നലെ കണ്ടതിനേക്കാൾ അവൾ സുന്ദരിയായിരിക്കുന്നു എന്ന് അവൻ ഓർത്തു. അവളെ കണ്ട മാത്രയിൽ ദേവൻ ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവളുടെ മുഖത്ത് തികഞ്ഞ ഗൗരവമായിരുന്നു.

“പേരെന്താ?”
ഒരു മര്യാദ എന്നോണം അവൻ ചോദിച്ചു.

“പേരറിയാൻ അല്ലല്ലോ ഇങ്ങോട്ട് വന്നത് ഇത് ഇട്ടിട്ട് വാ… അവൾ ഒരു കൂസലും ഇല്ലാതെ പറഞ്ഞു.. “തമിഴിലാണ് സംസാരിക്കുന്നത് അത്രയും.

അവന്റെ കയ്യിലേക്ക് വെച്ച് കൊടുത്ത പാക്കറ്റ് അവൻ തുറന്നു നോക്കി. കോണ്ടം ആണ്. അന്നേരം വാതിലിന്റെ കൊളുത്ത് ഇട്ട് സാരി മാറിൽ നിന്നും മാറ്റി കട്ടിലിലേക്ക് അവൾ മലർന്നു കിടന്നു.

ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നെങ്കിലും അവനത് നിലത്തേക്ക് വലിച്ചെറിഞ്ഞു.

“ഏയ് നിങ്ങൾ എന്താ ഈ കാണിക്കുന്നത്?അതില്ലാതെ പറ്റില്ല.” അവൾ വേഗം സാരി നേരെ ഇട്ടു കൊണ്ട് അവന്റെ അടുത്തേക്ക് വന്നു.

” എനിക്ക് അതിന്റെ ആവശ്യമില്ല.’

“നിങ്ങൾക്ക് എന്താ ഭ്രാന്താണോ?”

“നീ വളരെ സുന്ദരിയാണ്.”

എടുത്തടിച്ച പോലെ അവനത് പറഞ്ഞതും അവൾ ഒരു നിമിഷം പതറി. ആദ്യമായാണ് ഇത്തരമൊരു വാക്ക് കേൾക്കുന്നത്..കാമം തേടി വരുന്നവരുടെ അസഭ്യ വാക്കുകൾ കേട്ടു തഴമ്പിച്ച പെണ്ണിന് ഈ ഒരു വാക്ക് അത്ഭുതം തന്നെയായിരുന്നു. പക്ഷേ അവൾ നിർവികാരയായി നിന്നു കാമം തേടി വന്നവരെല്ലാം അവളുടെ കണ്ണിൽ ഒന്നായിരുന്നു.

“എനിക്ക് സമയമില്ല വേഗം വേണം.” അതും പറഞ്ഞ് തന്റെ സാരി മാറിൽ നിന്ന് വീണ്ടും അടർത്തി മാറ്റാൻ ഒരുങ്ങിയതും അവൻ അവളുടെ കൈ പിടിച്ചു കൊണ്ട് തടുത്തു.

അവൾക്ക് വീണ്ടും അൽഭുതം തോന്നി നാല് ചുവരുകൾക്കിടയിൽ തന്റെ ശരീരത്തെ ഒരു ദയവുമില്ലാതെ പിച്ചി ചീന്താറുള്ള വേട്ട നായ്ക്കളുടെ ഇടയിൽ ഇയാൾ മാത്രം എന്താ ഇങ്ങനെ? അവൾ മിഴിച്ചു നിന്നു.

“എനിക്ക് വേണ്ടത് നിന്റെ നഗ്ന ശരീരത്തെ അല്ല. കുറച്ചു സമയത്തേക്ക് എങ്കിലും ഈ ഭംഗി കണ്ട് ആസ്വദിക്കാനാണ് ഞാൻ വന്നത്.”

അതും പറഞ്ഞ് അവൻ അവളെ തന്നിലേക്ക് ചേർത്തു നിർത്തി.ആ നിമിഷം അവളുടെ ഹൃദയം തുരുതുരാമിടിച്ചു. എന്തെന്നറിയാത്ത ഒരു സുരക്ഷിതത്വം ആദ്യമായി ഒരു പുരുഷനിൽ നിന്ന് അവൾ അനുഭവിച്ചു. അവൻ അവളുടെ മുഖം കൈ കുമ്പിളിൽ കോരിയെടുത്ത് ആ നെറുകയിലും കണ്ണുകളിലും കവിൾ തടങ്ങളിലും പ്രണയാർദ്രമായി ചുംബിച്ചു.

“ഓഹ് ചുംബനത്തിന് ഇത്രയും മാധുര്യമുണ്ടായിരുന്നോ?”
ജീവിതത്തിൽ ആദ്യമായാണ് അത് അനുഭവിച്ച് അറിയുന്നതെന്ന് അവൾക്ക് തോന്നി.അവൾ പോലും അറിയാതെ ഒരു നിമിഷം അവൾ കോരിത്തരിച്ചു പോയി. അന്നേരം മിഴികൾ തുളുമ്പുന്നുണ്ടായിരുന്നു അവനത് തുടച്ചുകൊണ്ട് ഒന്നുകൂടി അവളുടെ മിഴികളിൽ ചുംബിച്ചു.

“എനിക്കിത്രയെ വേണ്ടൂ..നിനക്ക് സമ്മാനിക്കാൻ ഇതിൽ കൂടുതലായി മറ്റൊന്നും എന്റെ പക്കൽ ഇല്ല. നീ സുന്ദരിയാണ്. അതിമനോഹരി..”

പോക്കറ്റിൽ നിന്ന് പണം എടുത്ത് അവൻ അവൾക്ക് നേരെ നീട്ടിയതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി.

“പണത്തിനു വേണ്ടിയാണ് ഇഷ്ടമില്ലാഞ്ഞിട്ടും ഞാനിത് ചെയ്യുന്നത്. പക്ഷേ ഈ പണം എനിക്ക് വേണ്ട. ഇത് വാങ്ങിയാൽ നിങ്ങളും ഇത്രനാൾ എന്നെ പിച്ചിച്ചീന്തിയവരും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത്?നിങ്ങളെ ഞാൻ എന്നും ഓർക്കും. നിങ്ങളുടെ സുഹൃത്ത് അടക്കം സകലരും എന്റെ ശരീരത്തെ ഒരു ദയവുമില്ലാതെ വേട്ടയാടിയിട്ടുണ്ട് അതാണ് ഞാൻ അന്ന് ഭയത്തോടെ നോക്കിയത്. എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസമാണ് ഇന്ന്.ഈ ദിവസം മരണംവരെയും ഞാൻ എന്റെ നെഞ്ചോട് ചേർത്തുവയ്ക്കും. ഒപ്പം നിങ്ങളെയും..”

“നിന്നെ ഞാനും.”

വികാരതീതയായി തേങ്ങുന്ന അവളുടെ കവിളിൽ തലോടിക്കൊണ്ട് അവൻ ആ മുറിവിട്ട് ഇറങ്ങി. കോണിപ്പടി ഇറങ്ങിയ അവനെ നോക്കി അവൾ പുഞ്ചിരിച്ചു. ആദ്യമായി അവളുടെ മനസ്സിനെ സ്പർശിച്ചവനോടുള്ള പ്രണയാർദ്രമായ പുഞ്ചിരി.