പൊടുന്നനെ ആ തിരക്കിനിടയിൽ അയാളുടെ കൈ തന്റെ നെഞ്ചിൽ അമർന്നപ്പോഴാണ് അവൾ ഞെട്ടിത്തരിച്ചു പോയത്. അച്ഛന്റെ പ്രായമുള്ളയാൾ..

(രചന: അംബിക ശിവശങ്കരൻ)

“മോളെ..പത്താം ക്ലാസ് ആയതുകൊണ്ട് ഇനിമുതൽ സ്പെഷ്യൽ ക്ലാസ് ഉണ്ടാവുമല്ലോ.അതുകൊണ്ട് നാളെ മുതൽ വൈകുന്നേരം സ്കൂൾ ബസ് കിട്ടില്ല.. പ്രൈവറ്റ് ബസ്സിൽ വരുമ്പോൾ നല്ല തിരക്കുണ്ടാകും. ഗുഡ് ടച്ചിനെ പറ്റിയും ബാഡ് ടച്ചിനെ പറ്റിയും അമ്മ പറഞ്ഞു തന്നിട്ടുണ്ടല്ലോ?ആരു മോശമായി പെരുമാറിയാലും മിണ്ടാതെ നിൽക്കരുത് അപ്പോൾ തന്നെ പ്രതികരിച്ചേക്കണം.

ബസ്സിലെന്നു മാത്രമല്ല സ്കൂളിലായാലും വീട്ടിലായാലും അനാവശ്യമായി ആരും നിന്റെ ദേഹത്ത് തൊടാൻ നീ അനുവദിക്കരുത്..”

സ്കൂളിലേക്ക് പോകാൻ ബാഗ് എല്ലാം തയ്യാറാക്കി വയ്ക്കുന്നതിനിടയാണ് അമൃതയുടെ അരികിലേക്ക് അമ്മ ചെന്നത്.

“എന്റെ അമ്മേ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ അമ്മ ഇത് എന്നെ പഠിപ്പിച്ചു തന്നതല്ലേ? ഇപ്പോഴും അമ്മയുടെ പേടി മാറിയില്ലേ? അമ്മ പേടിക്കേണ്ട എന്റെ അടുത്തേക്ക് ഏതവന്മാര് എങ്കിലും വന്നാൽ പിന്നെ അവന്റെ പൊടി കാണില്ല. പിന്നെ ഞാൻ തനിച്ചല്ലലോ മീനു ഉണ്ടല്ലോ എന്റെ കൂടെ..”

” മീനുവിന്റെ വീട് ഇവിടന്നും ദൂരമില്ലേ?അവൾ ഇറങ്ങിയാൽ പിന്നെയും നീ തനിച്ചല്ലേ? ”

” അതിനെന്താ അമ്മേ എന്നെ നോക്കാൻ എനിക്കറിയാട്ടോ.” അവൾ അതും പറഞ്ഞ് അമ്മയുടെ കവിളിൽ നുള്ളി കൊണ്ട് എന്തൊക്കെയോ വീണ്ടും തിരഞ്ഞു കൊണ്ടിരുന്നു.

” തന്റെ മകൾക്ക് തെറ്റും ശരിയും പറഞ്ഞു കൊടുക്കാനും അവൾക്ക് ധൈര്യം പകരാനും താനുണ്ട്. പക്ഷേ തന്റെ കുട്ടിക്കാലത്ത് ഒരാളെങ്കിലും തനിക്ക് ധൈര്യം തന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ ഏഴാം വയസ്സിൽ തനിക്ക് ഏറ്റ മുറിവ് ഇന്നും ഉണങ്ങാതെ കിടക്കിലായിരുന്നു. പെണ്ണ് എന്ന ജന്മം തന്നെ ശപിക്കപ്പെട്ടവർ ആണെന്ന ചിന്ത അന്നേ മനസ്സിൽ കയറിക്കൂടി.

എല്ലാത്തിനോടും,എല്ലാവരോടും വിമുഖത കാണിച്ചു. വീട്ടുകാരുടെ നിർബന്ധം സഹിക്കവയ്യാതെ ആയപ്പോഴാണ് വിവാഹം പോലും കഴിച്ചത്.വയറ്റിൽ ഒരു കുഞ്ഞ് ജന്മം എടുത്തിരിക്കുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ ദൈവത്തോട് പ്രാർത്ഥിച്ചതാണ് ഒരു പെൺകുഞ്ഞിനെ തരരുത് എന്ന്.

പക്ഷേ വിധി അവിടെയും തന്നെ തോൽപ്പിച്ചു. ഡോക്ടറോട് ആദ്യം ചോദിച്ചത് കുട്ടി ആണാണോ എന്നായിരുന്നു. പിന്നീട് ഈ പതിനാലു വർഷക്കാലമത്രയും താൻ അവളെ സംരക്ഷിച്ചത് പോലെ ഏതെങ്കിലും അമ്മമാർ സംരക്ഷിച്ചിട്ടുണ്ടോ എന്ന് തന്നെ സംശയമാണ്.”

“പേടിയായിരുന്നു തന്റെ കുഞ്ഞു ശരീരം പിച്ചിച്ചീന്തിയ നീചന്മാരുടെ കൈകൾ അവളെയും വേട്ടയാടുമോ എന്ന്..ആ മുറിവുകൾ അവളെ ജീവിതകാലം മുഴുവൻ വിടാതെ പിന്തുടരുമോ എന്ന്.”

” അമ്മേ അമ്മ എന്ത് ആലോചിച്ചു കൊണ്ടിരിക്കുക അച്ഛൻ വന്നു.. “അമ്മു തട്ടിപ്പിടിച്ചപ്പോഴാണ് ചിന്തയിൽ നിന്ന് അവർ മുക്തയായത്.

“ആഹ് ഗോപേട്ടൻ വന്നോ?ഞാൻ കണ്ടില്ല ചായ എടുക്കാം.” അവർ വേഗം അടുക്കളയിലേക്ക് പോയി. അമ്മയുടെ വെപ്രാളം കണ്ട് അവൾ അച്ഛനെ നോക്കി ചിരിച്ചു.

പിറ്റേന്ന് രാവിലെ സ്കൂൾ ബസ്സിലാണ് അവൾ യാത്രയായത്. ഇന്നലെ പറഞ്ഞ കാര്യങ്ങൾ ഒരിക്കൽ കൂടി അമ്മ ഓർമിപ്പിച്ചു. യാത്രാമധ്യേ മീനുവും അവളോടൊപ്പം ചേർന്നു. മീനു എന്ന മീനാക്ഷിയാണ് അവളുടെ ഏറ്റവും അടുത്ത സുഹൃത്ത്. അമ്മുവിനെപ്പോലെ ആക്ടീവ് അല്ലെങ്കിലും അമ്മുവിനോടൊപ്പം എല്ലാ കാര്യങ്ങൾക്കും മീനു കൂട്ടുനിൽക്കാറുണ്ട്.

“ഇന്നുമുതൽ വൈകുന്നേരം സ്കൂൾ ബസ് കിട്ടില്ലല്ലോ അമ്മൂ.. എനിക്കാണെങ്കിൽ പ്രൈവറ്റ് ബസ്സിൽ കുത്തി തിരക്കി നിൽക്കാൻ പേടിയാണ്. നമുക്ക് ഡ്രൈവറുടെ ബാക്കിലായി തന്നെ നിന്നാൽ മതി കേട്ടോ പുറകിൽ നിറയെ ആണുങ്ങൾ ആയിരിക്കും.”

“അത് ശരി.. അപ്പൊ ആണുങ്ങളെ പേടിച്ചുള്ള സ്ത്രീകളുടെ ഒളിച്ചോട്ടം ഈ നൂറ്റാണ്ടിലും അവസാനിക്കുന്നില്ല അല്ലേ..?” അവൾ കളിയാക്കി കൊണ്ട് മീനുവിനെ നോക്കി.

“കളിയാക്കേണ്ട സൂക്ഷിച്ചാൽ ദുഖിക്കേണ്ട.”

“എത്ര നാൾ നമ്മൾ ഒളിച്ചോടും മീനു?എന്താ ഇപ്പോഴും നമ്മുടെ നാടിന്റെ മനോഭാവം മാറാത്തത്? തെറ്റ് ചെയ്യുന്നവർ അത് തുടർന്നുകൊണ്ടേയിരിക്കുന്നു.. അവരോട് അത് ചെയ്യരുതെന്നോ അത് ചെയ്താൽ തക്കതായ ശിക്ഷ നൽകുവാനോ ആരുമില്ല.

പെൺകുട്ടികൾക്ക് നേരെ കൈ പൊക്കുന്ന ഒരാളെങ്കിലും മാതൃകാപരമായ ശിക്ഷിക്കപ്പെട്ടാൽ പിന്നീട് തെറ്റ് ചെയ്യാൻ മുതിരുന്നവർ ഒന്നു ഭയക്കില്ലേ?അതിനുപകരം തെറ്റ് ചെയ്യാത്ത പെൺ വർഗ്ഗത്തെ അടക്കി നിർത്തുകയാണോ വേണ്ടത്?അപ്പോ ഇത്തരം മാനസികാവസ്ഥ ഉള്ളവരെ സമൂഹം തന്നെയല്ലേ വളർത്തിക്കൊണ്ടുവരുന്നത്? ഒരു സ്ഥലത്ത് ഒരു പെൺകുട്ടിയെ തനിച്ചു വിടാൻ പോലും മാതാപിതാക്കൾ ഭയക്കുന്നത് ഇതുകൊണ്ടല്ലേ?”

“എന്റെ പൊന്നു അമ്മു നിന്നോട് തർക്കിക്കാൻ ഞാനില്ല. നിന്നെപ്പോലെ ഒരു പുരോഗമനവാദി ലോകത്തൊരിടത്തും കാണില്ല.”

ആ പേര് കേട്ടതും അമ്മു ഉറക്കെ ചിരിച്ചു.

വൈകുന്നേരം ബസ്സിൽ നല്ല തിരക്കുണ്ടായിരുന്നു. ഒത്തിരി നേരത്തെ ഉന്തിനും തള്ളിനും ഒടുവിൽ ആണ് നിൽക്കാനെങ്കിലും ഒരിടം കിട്ടിയത്. അതിനിടയിൽ പിന്നിലോട്ടു ഇറങ്ങി നിൽക്കാത്തതിന്റെ പേരിൽ കണ്ടക്ടറുടെ വക ചീത്തവിളിയും. മീനു മുൻവശത്ത് അള്ളി പിടിച്ചു നിന്നപ്പോൾ അയാളുടെ വായിലിരിക്കുന്നത് കേൾക്കേണ്ടെന്ന് കരുതി അമ്മു പുറകിൽ പോയി നിന്നു.

യാത്രയും കഴിഞ്ഞ് വീടെത്തുമ്പോൾ അവൾ ആകെ ക്ഷീണിച്ചിരുന്നു.

“എന്റെ അമ്മേ..ഇവിടെ എത്തിയത് തന്നെ ഭാഗ്യം.” ബാഗ് സോഫയിലേക്ക് വെച്ച് അവൾ അവിടെ തന്നെ നീണ്ടുനിവർന്നു കടന്നു.

“നല്ല തിരക്കുണ്ടായിരുന്നു മോളെ ബസ്സിൽ?”

” തിരക്കൊ?അതിനുള്ളിൽ ഒരു ജാലിയൻവാലാബാഗ് ആയിരുന്നു ഭാഗ്യത്തിന് ചത്തില്ല. ” ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

” ശരി നീ വേഗം മേല് കഴുകി വാ.. ഞാൻ കഴിക്കാൻ എടുത്ത് വയ്ക്കാം. ”

“എന്തേലും കാര്യമായിട്ട് വേണം നല്ല വിശപ്പുണ്ട്. നാളെ സെക്കൻഡ് സാറ്റർഡേ മറ്റന്നാൾ സൺഡേ രണ്ട് ദിവസം ഇനി സ്കൂളിൽ പോണ്ടല്ലോ..” തുള്ളി ചാടിക്കൊണ്ട് അവൾ ബാത്റൂമിലേക്ക് പോയി.

രണ്ടുദിവസം അവധി ആയതുകൊണ്ട് തന്നെ നേരം വൈകിയാണ് അവൾ എഴുന്നേറ്റത്. കൂടുതൽ സമയവും അവൾക്ക് ഏറ്റവും പ്രിയപ്പെട്ട ഹോബിയായ പെയിന്റിംഗ് ചെയ്ത് സമയം ചെലവഴിച്ചു.

“എന്റെ അമ്മു ഇനി ഈ ചുവരിൽ ഒരു തരിസ്ഥലം ബാക്കിയുണ്ടോ?”

“എങ്ങനെയുണ്ടമ്മേ നന്നായിട്ടില്ലേ?”

“ഉവ്വ് ഉവ്വ് അച്ഛൻ വരുമ്പോൾ കേൾക്കണ്ട..”

വീടിനകം തൂത്തുവാരി കൊണ്ടിരിക്കുകയാണ് അമ്മ അവളെ ഓർമ്മിപ്പിച്ചു.

“എന്ത് ചെയ്യാനാ കാലബോധം ഇല്ലാത്ത മാതാപിതാക്കളെ ആണല്ലോ എനിക്ക് കിട്ടിയത്.”അവൾ അമ്മയെ നോക്കി കണ്ണിറുക്കി

വൈകുന്നേരം ഹോംവർക്കൊക്കെ കംപ്ലീറ്റ് ചെയ്യുന്നതിനിടെയാണ് മീനു വിളിച്ചതും പനി ആയതിനാൽ നാളെ വരില്ല എന്ന് പറഞ്ഞതും.മീനുവിളിച്ച കാര്യം മനപ്പൂർവമാണ് അവൾ അമ്മയോട് പറയാതിരുന്നത് അതുമതി അമ്മയ്ക്ക് പിന്നെ ടെൻഷൻ അടിക്കാൻ.

മീനു ഇല്ലാത്തതിനാൽ തന്നെ ക്ലാസ് വളരെ ബോറിംഗ് ആയി തോന്നി അവൾക്ക്. ഇന്റർവെലിനും ലഞ്ച് ബ്രേക്കിനും എല്ലാം ക്ലാസ്സിൽ തന്നെ കഴിച്ചുകൂട്ടി. വൈകുന്നേരം സ്കൂൾ വിട്ട് ഒരുമിച്ചു പോകാറുള്ള ചെറിയ പെട്ടിക്കടയും അവൾ ഇക്കുറി അവഗണിച്ചു.

ബസ്സിൽ നല്ല തിരക്കായിരുന്നു അതുകൊണ്ടുതന്നെ ആദ്യം വന്ന ബസ്സിൽ കയറാൻ സാധിച്ചിരുന്നില്ല. ഉന്തിയും തള്ളിയുമാണ് പുറകിൽ വന്ന ബസ്സിൽ വലിഞ്ഞു കയറിയത്. കണ്ടക്ടറുടെ ചീത്ത വിളി കേൾക്കണ്ടല്ലോ എന്ന് കരുതി അവൾ ആദ്യമേ തന്നെ പുറകോട്ട് മാറി നിന്നു.

തിങ്ങിയും ഞരുങ്ങിയും നില്കുമ്പോ തിരക്കുകൊണ്ട് ആവാം പുറകിൽ നിൽക്കുന്ന മദ്യവയസ്കൻ തന്റെ മേലേക്ക് ചായുന്നത് എന്നാണ് അവൾ ആദ്യം കരുതിയത്. അയാൾക്ക് തന്റെ അച്ഛന്റെ പ്രായമുള്ളതിനാൽ അവൾക്ക് പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല.

എന്നാൽ പതിയെ പതിയെ അയാളുടെ മുട്ടി ഉരുമ്മലിന്റെ അർത്ഥം മാറി വരുന്നതായി അവൾക്ക് തോന്നി. പൊടുന്നനെ ആ തിരക്കിനിടയിൽ അയാളുടെ കൈ തന്റെ നെഞ്ചിൽ അമർന്നപ്പോഴാണ് അവൾ ഞെട്ടിത്തരിച്ചു പോയത്. അച്ഛന്റെ പ്രായമുള്ളയാൾ!.

ഒരു നിമിഷം എന്ത് ചെയ്യണമെന്ന് അറിയാതെ അവൾ തരിച്ചു നിന്നെങ്കിലും മറുത്ത് ഒന്നും ചിന്തിക്കാതെ അയാളുടെ കഴുത്തിന് കുത്തിപ്പിടിച്ച് അവൾ ബഹളം വെച്ചു. ബസ്സിൽ ഉള്ളവർ കാര്യം തിരക്കിയതും അവൾ നടന്ന കാര്യം പറഞ്ഞു.

അയാൾ അത് നിഷേധിക്കാതിരുന്നപ്പോൾ പിന്നെ ബസ്സിലുള്ളവരാണ് അയാളെ കൈകാര്യം ചെയ്തത്. അതിനിടയിൽ അവളും അയാളുടെ കരണം നോക്കി ഒന്ന് കൊടുത്തു. അന്നേരവും ആരെല്ലാമോ ഇതെല്ലാം ക്യാമറയിൽ പകർത്തുന്നുണ്ടായിരുന്നു.

വൈകുന്നേരം വീടെത്തിയതും അവൾ അമ്മയോട് ഇക്കാര്യം പറഞ്ഞു. എല്ലാം കേട്ടതും അമ്മ ഞെട്ടിത്തരിച്ചു. ഭയന്നതുപോലെ നടന്നുവല്ലോ എന്ന് അവർ വേദനയോടെ ഓർത്തു.

” അമ്മ പേടിക്കേണ്ട ഞാൻ അയാൾക്ക് കണക്കിന് കൊടുത്തിട്ടുണ്ട്. ബസ്സിലുള്ളവരും കൊടുത്തിട്ടുണ്ട്. ഇനി ഒരു പെൺകുട്ടിയുടെ നേർക്കും അയാളുടെ കൈ ഉയരില്ല. ”

അപ്പോഴും അവരുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു. ഈ സംഭവം ജീവിതകാലം മുഴുവൻ അവളെ വേട്ടയാടുമോ എന്ന ഭയം ആയിരുന്നു മനസ്സ് മുഴുവൻ. എന്നാൽ അവൾ വളരെ കൂളായാണ് പെരുമാറിയത്.

ബസ്സിൽ വച്ചുണ്ടായ സംഭവങ്ങളെല്ലാം മീനുവിനെ വിളിച്ചു പറയാൻ ശ്രമിച്ചെങ്കിലും അവൾ ഫോൺ എടുക്കുന്നുണ്ടായിരുന്നില്ല.പനി മാറിയിട്ടുണ്ടാകില്ല എന്ന് കരുതി അമ്മു പിന്നീട് ആ ശ്രമം ഉപേക്ഷിച്ചു. വെറുതെ ഫോണിൽ തോന്നി കൊണ്ടിരുന്നപ്പോഴാണ് ബസ്സിൽ നടന്ന സംഭവം സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് അവൾ കണ്ടത്.

ദൈവമേ താൻ ഇങ്ങനെയൊക്കെ റിയാക്ട് ചെയ്തിരുന്നുവോ?അച്ഛന്റെ പ്രായമുള്ള മനുഷ്യനെ അടിച്ചതിന് ആരെങ്കിലും കുറ്റപ്പെടുത്തുന്നുണ്ടോ എന്നറിയാൻ അവൾ കമന്റ് ബോക്സ് നോക്കി. ഇല്ല എല്ലാവരും തനിക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. അവൾക്ക് എന്തോ ആത്മസംതൃപ്തി തോന്നി.

പിറ്റേന്ന് അവിചാരിതമായി മീനു സ്കൂൾ ബസ്സിൽ കയറിയപ്പോൾ അമ്മുവിന് വല്ലാത്ത സന്തോഷം തോന്നി. എന്നാൽ മീനു അവൾക്ക് മുഖം കൊടുക്കാതെ മറ്റൊരു സീറ്റിൽ പോയിരുന്നത് അമ്മുവിനെ വേദനിപ്പിച്ചു. സ്കൂളിലെത്തിയതും അസംബ്ലി തുടങ്ങിയിരുന്നു.

അസംബ്ലിയിൽ എല്ലാവരുടെയും മുന്നിൽ വച്ച് പ്രിൻസിപ്പാൾ അമ്മുവിനെ അനുമോദിച്ചു. അപ്പോഴും മീനുവിന്റെ പെരുമാറ്റമാണ് അമ്മുവിനെ അലട്ടിയത്. അന്ന് അമ്മു മിണ്ടാൻ ശ്രമിക്കുമ്പോഴൊക്കെ മീനു ഒഴിഞ്ഞുമാറി. വൈകീട്ട് ക്ലാസ് വിടുമ്പോൾ തനിച്ച് ഇറങ്ങിയ മീനുവിന്റെ കയ്യിൽ അമ്മു പിടുത്തമിട്ടു. ”

“എന്താ മീനു എന്താ നിനക്ക് പറ്റിയത്? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് ഇങ്ങനെ അവോയ്ഡ് ചെയ്യാൻ മാത്രം ഞാൻ എന്താ ചെയ്തത്?”

അവളുടെ ചോദ്യത്തിന് ദഹിപ്പിക്കുന്ന പോലെ മീനു ഒരു നോട്ടം നോക്കി.

“എന്താണ്എന്ന് നിനക്ക് അറിയില്ല അല്ലേ? എന്റെ അച്ഛനെ തെറ്റുകാരൻ ആക്കി എല്ലാവരുടെ മുന്നിലും നാറ്റിച്ചപ്പോൾ നിനക്ക് സമാധാനമായില്ലേ?”

“അച്ഛനോ?” ഒന്നും മനസ്സിലാകാതെ അവൾ ചോദിച്ചു.

” അതെ.. അച്ഛൻ തന്നെ..നീ ഇന്നലെ ഷോ കാണിച്ച് ഇല്ലാത്ത കുറ്റം ചുമത്തി കുറ്റക്കാരൻ ആക്കിയത് എന്റെ അച്ഛനെയാണ്.. ”

അമ്മു ഒരു നിമിഷം നിശ്ചലയായി.

” മീനു എനിക്കറിയില്ലായിരുന്നു അത് നിന്റെ അച്ഛനാണെന്ന്. ഞാൻ നിന്റെ അമ്മയെ മാത്രമല്ലേ കണ്ടിട്ടുള്ളൂ… ”

“നിർത്ത് അമ്മു.. നിനക്കൊരു വിചാരമുണ്ട് നീ വലിയ ബോൾഡ് ആണെന്ന്. അല്ലെങ്കിൽ ബസ്സിന്റെ പുറകിൽ പോയി നിൽക്കേണ്ട കാര്യമില്ലല്ലോ? മനപൂർവ്വം ഇല്ലാത്ത സീൻ ഉണ്ടാക്കി ചീപ്പ് ഷോ കാണിക്കാൻ..”

“മതി മീനു.. നീ എന്തറിഞ്ഞിട്ടാ ഈ സംസാരിക്കുന്നത്? നിന്റെ അച്ഛനാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇനി അറിഞ്ഞിരുന്നെങ്കിൽ പോലും തെറ്റ് ചെയ്താൽ ഞാൻ പ്രതികരിക്കും അതിപ്പോ നിന്റെ അച്ഛൻ അല്ല എന്റെ അച്ഛനായാലും ഞാൻ പ്രതികരിക്കും മകളുടെ പ്രായമുള്ള ഒരു കുട്ടിയുടെ. ദേഹത്ത് കൈവയ്ക്കാൻ എങ്ങനെയാണ് അയാൾക്ക് മനസ്സ് വന്നത്?”

” നിന്റെ സ്വഭാവത്തിന് നാളെ നീ നിന്റെ സ്വന്തം അച്ഛനെയും തള്ളിപ്പറയും. എനിക്ക് വേണ്ട നിന്നെപ്പോലെ ഇത്രയും മോശം സ്വഭാവമുള്ള ഒരു ഫ്രണ്ടിനെ.. എന്റെ അച്ഛനോട് ചെയ്തതിന് നീ അനുഭവിക്കും നോക്കിക്കോ.. ”

അവളത് പറഞ്ഞു തിരികെ നടക്കുമ്പോൾ അമ്മുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. വീട്ടിൽ വന്നു അമ്മയോട് ഇക്കാര്യം പറയുമ്പോൾ അമ്മ അവളെ ചേർത്തുപിടിച്ചു.

” എന്റെ മോള് വിഷമിക്കേണ്ട മോളായിരുന്നു ശരിയെന്ന് മീനു എന്നെങ്കിലും മനസ്സിലാക്കിക്കൊള്ളും. ”

മീനു തന്നോടു മിണ്ടാതെ ആയെങ്കിലും താൻ ചെയ്തതോർത്ത് അമ്മുവിനു തെല്ലു പോലും കുറ്റബോധം തോന്നിയിരുന്നില്ല. പതിയെ പതിയെ മീനുവിന്റെ അവഗണന അവൾ അംഗീകരിക്കാൻ തുടങ്ങി.

അങ്ങനെ കാലം കടന്നുപോയി പത്താം ക്ലാസ് കഴിഞ്ഞതോടെ രണ്ടുപേരും രണ്ടു വഴിക്ക് തിരിഞ്ഞു. അമ്മു നല്ല മിടുക്കിയായി തന്നെ പഠനം തുടർന്നു മീനുവിന്റെ ഓർമ്മകൾ അവൾ മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു.

കോളേജിൽ പഠിക്കുമ്പോൾ ക്യാമ്പസ് ഇന്റർവ്യൂവിൽ തന്നെ അമ്മുവിനു ഒരു ഐടി കമ്പനിയിൽ ജോലി റെഡിയായിരുന്നു..

അങ്ങനെ ജോലിത്തിരക്കുകൾക്കിടയിൽ കിട്ടിയ ഒരു ഫ്രീ ടൈം സ്പെൻഡ് ചെയ്യുമ്പോഴാണ് സുഹൃത്ത് തരുണി അമ്മുവിന് ഒരു വിസിറ്റർ ഉണ്ടെന്ന കാര്യം വന്നു പറഞ്ഞത്… ആരാണ് ഇവിടെ തന്നെ കാണാൻ എന്നുള്ള ആകാംക്ഷയിൽ അവൾ അങ്ങോട്ട് ചെന്നു.

” മീനു..!” അവൾ ഞെട്ടലോടെ ആ പേര് ഉരുവിട്ടു.

” അമ്മു.. നീ എന്നെ മറന്നിട്ടില്ലല്ലോ സന്തോഷം.. ”

അമ്മു ഓടിച്ചെന്ന് മീനുവിനെ വാരിപ്പുണർന്നു.

” എന്താ മീനു നീ ഇവിടെ? നീയാകെ മാറിപ്പോയല്ലോ? മുഖമൊക്കെ വല്ലാതെ വാടിയിരിക്കുന്നു.. ”

“നിന്നെ ഞാൻ കുറെ അന്വേഷിച്ചു. ഒടുക്കമാണ് ഇവിടെ ആണെന്ന് അറിഞ്ഞത്. ഞാൻ തൃശ്ശൂർ ഒരു തുണിക്കടയിൽ ജോലി ചെയ്യുകയാണ്.”

” അവിടെയാണോ നീ താമസിക്കുന്നത്? അപ്പോൾ വീട്ടുകാർ.. ”

ആ ചോദ്യത്തിന് മറുപടി എന്നോണം മീനു ഒന്ന് പുഞ്ചിരിച്ചു.

“വീട് ഞാൻ ഉപേക്ഷിച്ചിട്ട് നാല് വർഷം ആകുന്നു.”

” എന്താ മീനു നീ പറഞ്ഞു വരുന്നത്? വാ ഞാൻ കുടിക്കാൻ എന്തെങ്കിലും പറയാം. ” അവളുടെ ക്ഷണം സ്നേഹപൂർവ്വം മീനു നിരസിച്ചു.

” ഇത്ര ബുദ്ധിമുട്ടി നിന്നെ കാണാൻ ഞാൻ ഇവിടെ വന്നത് നിന്നോട് ഒരു മാപ്പ് പറയാൻ വേണ്ടി മാത്രമാണ്. ”

“മാപ്പോ…?എന്താടി നീ ഈ പറയുന്നത്?”

” അതേ അമ്മു.. അന്ന് നിന്നെ കുറ്റപ്പെടുത്തിയതിന്. അന്ന് ഞാൻ കരുതിയിരുന്നത് എന്റെ അച്ഛനായിരുന്നു ശരിയെന്നാണ്. പക്ഷേ നീയായിരുന്നു ശരിയെന്ന് കാലം തെളിയിച്ചു. അതെനിക്ക് മനസ്സിലായത് ആരുമില്ലാത്ത ആ ദിവസം അയാളുടെ കൈക്കുള്ളിൽ കിടന്ന് പിടയുമ്പോൾ ആയിരുന്നു. നിന്നെപ്പോലെ പ്രതികരിക്കാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല എല്ലാവരോടും വിളിച്ചു പറയാനുള്ള ധൈര്യവും ഉണ്ടായില്ല. അതുകൊണ്ട് ആരോടും ഒന്നും പറയാതെ വീടുവിട്ടിറങ്ങി അപ്പോഴും ഒന്നു മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ നിന്നെ ഒന്ന് കണ്ടു മാപ്പ് പറയണമെന്ന്.. ഇനി ആ ഭാരവും പേറി നടക്കേണ്ടല്ലോ മാപ്പ്….”

നിറകണ്ണുകളോടെ മീനു തിരികെ പോകുമ്പോൾ മറുത്തൊരു വാക്കു കൊണ്ടു പോലും ആശ്വസിപ്പിക്കാൻ ആകാതെ അമ്മുവും നിശ്ചലയായി നിന്നു. അപ്പോഴും അന്നൊരിക്കൽ അമ്മയോട് പറഞ്ഞ വാക്കാണ് മനസ്സിൽ തളം കെട്ടി നിന്നത്.

“ഇനി ഒരു പെൺകുട്ടിയുടെ നേർക്കും അയാളുടെ കൈ ഉയരില്ല. ”