രചന: അംബിക ശിവശങ്കരൻ
“ശുഭ ആന്റി… നാളെ അമ്മുവിനെ കാണാൻ എന്നെ കൊണ്ടുപോകില്ലേ?”
സ്കൂളിലേക്ക് ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടുകൂടിയാണ് അവളത് ചോദിച്ചത്.
” നാളെ പോകാൻ പറ്റില്ല അമ്മു… അങ്കിളിന് നാളെ ഒരു അത്യാവശ്യ കാര്യം ഉണ്ട്. എനിക്കാണെങ്കിൽ എന്റെ വീട്ടിലും ഒന്ന് പോകണം അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുകയാണ്. അച്ചുവിനെ വിളിച്ച് കാര്യം പറ. അല്ലെങ്കിൽ കഴിഞ്ഞമാസം നമ്മളല്ലേ അങ്ങോട്ട് പോയത് ഇപ്രാവശ്യം അവരോട് ഇങ്ങോട്ട് വരാൻ പറ… ”
നിസ്സാരമട്ടിൽ അവരത് പറഞ്ഞതും അവൾക്ക് ഹൃദയം നുറുങ്ങുന്നത് പോലെ തോന്നി.
“എങ്കിൽ ഞാൻ തനിച്ചു പോയി വരട്ടെ ആന്റി?”
അവിടുത്തെ അവസ്ഥയും ഇതുതന്നെയാകും എന്ന് ഉറപ്പുള്ളതിനാൽ അവൾ ദയനീയമായി ചോദിച്ചു.
“എന്താ അമ്മു നീ ഈ പറയുന്നത് പത്ത് പതിനേഴു വയസ്സുള്ള ഒരു പെൺകുട്ടിയെ ഇത്ര ദൂരം തനിച്ചു വിട്ടിട്ട് വേണം നാട്ടുകാരും ബന്ധുക്കളും ഇനി ഞങ്ങളെ പറയാൻ..
അതും തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടേക്ക്. ഒരു ആൺകുട്ടിയാണെങ്കിൽ പോട്ടെന്നു വയ്ക്കാം. ഈ പ്രായത്തിലുള്ള പെൺകുട്ടികളെ എങ്ങനെയാണ് തനിച്ച് അയക്കുന്നത്? നീ സമയം കളയാതെ സ്കൂളിൽ പോകാൻ നോക്ക് മോളെ..”
അവൾ തകർന്ന മനസ്സോടെ സ്കൂളിലേക്ക് യാത്രയായി.
“ഒരേസമയം അമ്മയുടെ വയറ്റിൽ ജന്മമെടുത്ത് വെറും മിനിറ്റുകളുടെ വ്യത്യാസത്തിൽ ഈ മണ്ണിൽ പിറവികൊണ്ടവരാണ് താനും അച്ചുവും. അമൃതയും അർച്ചനയും എന്ന പേര് തന്നെ അച്ഛന്റെ നിർബന്ധമായിരുന്നു.
രണ്ടും പെൺകുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചതും അച്ഛൻ തന്നെയായിരുന്നു. രാജകുമാരികളെ പോലെയാണ് തങ്ങളെ വളർത്തി വലുതാക്കിയത്.
പക്ഷേ ആ സന്തോഷജീവിതത്തിന് ആയുസ്സ് കുറവായിരുന്നു. രണ്ടുപേരും മാത്രമുള്ള ഒരു ക്ഷേത്രദർശനത്തിന്ടെ കാർ ആക്സിഡന്റ് ആയി. പിന്നെ വീട്ടിലേക്ക് വന്നത് അച്ഛന്റെയും അമ്മയുടെയും ജീവനില്ലാത്ത ശരീരങ്ങൾ ആയിരുന്നു.
അങ്ങനെ പത്താം വയസ്സിൽ തങ്ങളെ അനാഥരാക്കിക്കൊണ്ട് അച്ഛനും അമ്മയും പോയി. എല്ലാ ചടങ്ങുകളും കഴിഞ്ഞിട്ടും പരസ്പരം കെട്ടിപ്പിടിച്ചിരുന്ന കരയുന്ന തങ്ങൾ പിന്നീട് എല്ലാവരുടെ മുന്നിലും ഒരു ചോദ്യചിഹ്നമായി.”
“രമയ്ക്ക് രണ്ട് ആങ്ങളമാർ അല്ലേ രണ്ടാളും ഒരാളെ വെച്ച് കൊണ്ടുപോയാൽ കാര്യം തീർന്നില്ലേ?”
“അങ്ങനെ നീണ്ട നേരത്തെ ചർച്ചയ്ക്ക് ഒടുവിൽ ആരോ പറഞ്ഞ അഭിപ്രായം എല്ലാവർക്കും സ്വീകാര്യമായി. അന്നുവരെ ഒരുമിച്ച് ഉണ്ണുകയും ഉറങ്ങുകയും ചെയ്തിരുന്ന തങ്ങളെ അങ്ങനെ എല്ലാവരും ചേർന്ന് വേർപ്പെടുത്തി. ഹൃദയം തകർന്ന ഒരുതരം വേദനയായിരുന്നു അന്ന്, ശരിക്ക് പറഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും വിയോഗത്തിൽ തോന്നിയ അതേ വേദന. പക്ഷേ തങ്ങൾ നിസ്സഹായരായിരുന്നു. ആരുടെയെങ്കിലും തണലിൽ കഴിയേണ്ട പ്രായത്തിൽ സ്വയമായി എന്ത് തീരുമാനം എടുക്കാൻ ആണ്.”
“അങ്ങനെ മാസത്തിൽ ഒരു തവണ പരസ്പരം കാണിക്കാമെന്ന ഉറപ്പിന്മേൽ താൻ ഇവിടെ രമേഷ് അങ്കിളിന്റെ വീട്ടിലുംഅച്ചു അവിടെ രതീഷ് അങ്കിളിന്റെ വീട്ടിലും ഏഴു വർഷങ്ങൾ കഴിച്ചുകൂട്ടി.
അവരുടെ സ്വരഛേർച്ച ഇല്ലായ്മ പലപ്പോഴും തങ്ങളുടെ കണ്ടുമുട്ടലുകളെയും ബാധിച്ചിട്ടുണ്ട്. കുറച്ചു മുന്നേ പറഞ്ഞതുപോലെ പല കാരണങ്ങൾ നിരത്തി പലപ്പോഴും കണ്ടുമുട്ടലുകൾ പോലും തടസ്സപ്പെടുത്തി. അപ്പോഴാണ് അച്ഛനെയും അമ്മയെയും ഏറ്റവും കൂടുതൽ മിസ്സ് ചെയ്തിട്ടുള്ളത്.”
അവൾ ദീർഘമായി നിശ്വസിച്ചു. സ്കൂളിൽ എത്തുമ്പോൾ ബെൽ അടിക്കാൻ ആയിട്ടുണ്ടായിരുന്നു. ക്ലാസ്സിൽ ഇരുന്നതു മുഴുവൻ മൂകമായിട്ടായിരുന്നു.
“എടി നിനക്ക് ആരാകണമെന്ന ആഗ്രഹം? നമ്മൾ ഇപ്പോൾ പ്ലസ് ടു അല്ലേ? എന്റെ അച്ഛൻ പറയുകയാണ് ഇതാണ് ലൈഫിലെ ടെർണിങ് പോയിന്റ് എന്ന്.”
ഒരു ഒഴിവ് പിരീഡ് കിട്ടിയപ്പോൾ ബെസ്റ്റ് ഫ്രണ്ട് ആയ നേഹ അവളോട് ചോദിച്ചു.
“എനിക്ക് അങ്ങനെ പ്രത്യേകിച്ച് ആഗ്രഹങ്ങളൊന്നുമില്ല നന്നായി പഠിച്ച് നല്ലൊരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കണം എന്നുണ്ട് അപ്പോഴേ നമ്മുടെ അഭിപ്രായങ്ങൾക്ക് വിലയുണ്ടാവുകയുള്ളൂ. പിന്നെ ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ കൊതിച്ചു പോകുന്നത് ഒരാൺകുട്ടിയായി ജനിക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാണ്.”
“ഏഹ് അതെന്താ ഇപ്പോൾ അങ്ങനെ ഒരു ആഗ്രഹം?”
“ആൺകുട്ടിയാണെങ്കിൽ ഇഷ്ടം പോലെ എവിടെ വേണമെങ്കിലും പോകാം ആരെ വേണമെങ്കിലും കാണാം പെൺകുട്ടിയാണെന്ന പേരിൽ ആരും തളച്ചിടില്ലല്ലോ…”
അമൃതയുടെ സംസാരം കേട്ട് നേഹക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അതേപ്പറ്റി പിന്നെ കൂടുതൽ ഒന്നും അവർക്ക് ഇടയിൽ സംസാരം ഉണ്ടായില്ല.
ക്ലാസ്സ് കഴിഞ്ഞ് എത്തിയതും അർച്ചനയുടെ കോൾ വന്നു.
“ഹലോ അമ്മൂ നാളെ നീ എപ്പോഴാ വരിക?” അവളുടെ ചോദ്യം കേട്ടതും അമൃതയുടെ നെഞ്ചു വിങ്ങി.
“നാളെ ഞാൻ വരില്ല അച്ചു.. അങ്കിളിന് എന്തോ വേറെ കാര്യമുണ്ടെന്ന്. ആന്റിക്ക് ആന്റിയുടെ വീട്ടിലും പോകണം.”
അത് കേട്ടതും മറുതലക്കൽ തികഞ്ഞ മൗനം ആയിരുന്നു.
“അച്ചു എന്താ ഒന്നും മിണ്ടാത്തത്? ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ?”
“ഉം..” അവൾ ഒന്നു മൂളി.
” നീ വിഷമിക്കേണ്ട അച്ചു…രതീഷ് അങ്കിളിനോട് പറഞ്ഞു നീ ഒന്ന് ഇങ്ങോട്ട് വാ.. കാലു പിടിക്കുന്ന പോലെ പറഞ്ഞാൽ അങ്കിൾ കേൾക്കാതിരിക്കില്ല. ” അവൾ പ്രതീക്ഷയോടെ പറഞ്ഞു.
“അങ്കിളും ആന്റിയും ഇന്ന് രാവിലെ ടൂർ പോയി രണ്ടു ദിവസം കഴിഞ്ഞേ വരൂ.. ഇവിടെ ഞാനും അമ്മമ്മയും മാത്രമേ ഉള്ളൂ.” അവൾ സങ്കടത്തോടെ പറഞ്ഞു.
അപ്പോൾ ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. കുറച്ച് സമയം ഫോണിൽ സംസാരിച്ച ശേഷം പിന്നെ വിളിക്കാം എന്ന് പറഞ്ഞ് അവൾ ഫോൺ വെച്ച് മുറിയിൽ വന്നു കിടന്നു.
“സ്വന്തം കൂടപ്പിറപ്പിനെ ഒന്ന് കാണാൻ വേണ്ടിയാണ് ഇരുവർക്കും ഇങ്ങനെ മറ്റുള്ളവരുടെ മുന്നിൽ കേണപേക്ഷിക്കേണ്ടി വരുന്നത്. ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ തനിക്ക് അവളും അവൾക്ക് താനും മാത്രമേ ഉള്ളൂ..
മതിവരുവോളം കാണാൻ…, കുറെ കുറെ സംസാരിക്കാൻ…, ഒരുമിച്ച് ഒന്ന് കെട്ടിപ്പിടിച്ചു ഉറങ്ങാൻ എത്ര കൊതി തോന്നുന്നുണ്ട്.ഒരുപക്ഷേ അച്ഛനും അമ്മയും ഇന്ന് കൂടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു ഗതി ഉണ്ടാകില്ലായിരുന്നു.
തന്റെ സുഹൃത്തുക്കൾ അവരുടെ കൂടപ്പിറപ്പുകളെ പറ്റി പറയുമ്പോൾ സങ്കടം വരാറുണ്ട്. സ്നേഹിക്കാനും, ഇണങ്ങാനും, പിണങ്ങാനും,അടി കൂടാനും എല്ലാം തനിക്കുമുണ്ട് ഒരു കൂടപ്പിറപ്പ് പക്ഷേ വിധി തങ്ങളെ കൂട്ടിയിണക്കുന്നത് മറ്റുള്ളവരുടെ ഔദാര്യത്തിന് മുന്നിലാണെന്ന് മാത്രം.”
അവളുടെ കൺകോണിലൂടെ കണ്ണുനീർ അരിച്ചിറങ്ങി. പിന്നീടുള്ള ദിവസങ്ങൾ അത്രയും എണ്ണി എണ്ണിയാണ് ഇരുവരും കാത്തിരുന്നത്. അടുത്തമാസം എങ്കിലും കാണാൻ കഴിയണെ എന്ന പ്രാർത്ഥനയോടെ ഓരോ ദിവസവും തള്ളി നീക്കി.
അങ്ങനെ നാളുകൾ എണ്ണി നാളുകൾ എണ്ണി ആ ദിവസം വന്നെത്തി. പതിവിലും നേരത്തെയാണ് ഇന്ന് ഇരുവരും എഴുന്നേറ്റത്.എന്തെന്നില്ലാത്ത ഒരു ഉന്മേഷം അവരിൽ പ്രകടമായിരുന്നു. തൃശ്ശൂരിൽ നിന്ന് രാവിലെ തന്നെ രമേഷ് അങ്കിളിനോടൊപ്പം അമൃത പുറപ്പെട്ടു.ആ യാത്രയ്ക്ക് ഒരുപാട് ദൈർഖ്യം ഉള്ളതായി അവൾക്ക് തോന്നി.
ഒടുവിൽ കോഴിക്കോട് രതീഷ് അങ്കിളിന്റെ വീടിനു മുന്നിലേക്ക് വണ്ടി കയറിയതും അർച്ചന ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു. പിന്നെ കുറച്ചു മണിക്കൂറുകൾ അവരുടേത് മാത്രമായിരുന്നു. പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്ര വിശേഷങ്ങൾ ആ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ അവർ പങ്കു വെച്ചു.
” അങ്കിൾ ഇന്നൊരു ദിവസം ഞാൻ ഇവിടെ നിന്നോട്ടെ… നമുക്ക് നാളെ പോയാൽ പോരെ? ”
മടങ്ങി പോകാൻ റെഡിയാകാൻ ആവശ്യപ്പെട്ടതും അപേക്ഷ സ്വരത്തിൽ അമൃത രമേഷ് അങ്കിളിനോട് ചോദിച്ചു.
“നീ എന്താ അമ്മു ഈ പറയുന്നത്? ഇന്ന് തന്നെ ഇങ്ങോട്ട് വന്നത് എത്ര തിരക്കുകൾ മാറ്റിവെച്ചിട്ടാണ്? നീ വാശിപിടിച്ചു കരഞ്ഞത് കൊണ്ട് മാത്രം. നിനക്കറിയാവുന്നതല്ലേ എന്റെ തിരക്കുകൾ? പോരാത്തതിന് നാളെ തിങ്കളാഴ്ചയും നിന്റെ സ്കൂളും പോകില്ലേ? അല്ലേൽ തന്നെ അസുഖം, അത്, ഇത് എന്ന് പറഞ്ഞ ലീവ് ഒരുപാട് ആയി.ഇനിയും മുടങ്ങിയാൽ മിസ്സിനെ വിളിച്ചു പറയാൻ എനിക്ക് പറ്റില്ല കേട്ടല്ലോ…”
അവൾ പിന്നെ മറുത്തൊന്നും പറയാൻ നിന്നില്ല. അർച്ചനയെ മുറുകെ ഒന്ന് കെട്ടിപ്പിടിച്ച് തിരികെ കാറിൽ കയറുമ്പോൾ രണ്ടുപേരുടെയും കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. വണ്ടി കൺമുന്നിൽ നിന്ന് മറയുവോളം അവൾ അവരെ തന്നെ നോക്കിക്കൊണ്ടിരുന്നു. ആ കാഴ്ച വണ്ടിയുടെ സൈഡ് മിററിലൂടെ നോക്കി ഹൃദയം വിങ്ങിക്കൊണ്ട് അമൃത കാറിനുള്ളിൽ ഇരുന്നു കരഞ്ഞു.
“ഹോ അവന്റെ ഒരു പത്രാസ് കേട്ടില്ലേ.. എന്നെ കേൾപ്പിക്കാനാണ് അവൻ ഈ പൊങ്ങച്ചം പറഞ്ഞതൊക്കെയും. പാവം കൊച്ച് അതിനെ ഒരു ദിവസം ഇവിടെ നിർത്തിയാൽ അവന്റെ സാമ്രാജ്യം ഇടിഞ്ഞു വീഴുമോ?”
അവർ വീടിന്റെ പടി കഴിഞ്ഞതും രതീഷ് അങ്കിൾ പിറു പിറുക്കാൻ തുടങ്ങി. അവൾ ഓടി ചെന്ന് കട്ടിലിലേക്ക് വീണു. അപ്പോഴേക്കും അടക്കിവെച്ചിരുന്ന സങ്കടങ്ങൾ എല്ലാം അണപൊട്ടി ഒഴുകുന്നുണ്ടായിരുന്നു.
” നമ്മൾ ഇറങ്ങാൻ നേരമെങ്കിലും അവൻ ഒന്ന് നിർബന്ധിച്ചോ ഇന്ന് പോകേണ്ട നാളെ പോയാൽ മതിയെന്ന്. ഇത്രയും ദൂരം വന്നിട്ടും അവനത് പറയാൻ തോന്നിയോ?തോന്നില്ല… എന്താ കാരണം? എന്റെ മനസ്സ് പോലെ അലിവുള്ളവൻ അല്ല അവൻ.. ”
കുറച്ചു ദൂരം ഡ്രൈവ് ചെയ്തതും അയാൾ അമൃതയോടായി പറഞ്ഞു. ഇവരുടെ ഈഗോയ്ക്ക് മുന്നിൽ ബലിയാടാകേണ്ടി വരുന്നത് തങ്ങളാണ്. അവൾക്ക് കരച്ചിൽ അടക്കാൻ ആയില്ല. കാഴ്ചകൾ കാണും മട്ടിൽ പുറത്തേക്ക് നോക്കിയിരിക്കുമ്പോഴും അവളുടെ മിഴികൾ എന്തിനെന്നറിയാതെ തുളുമ്പിക്കൊണ്ടിരുന്നു.
വർഷങ്ങൾ പിന്നെയും കടന്നുപോയി ബാല്യത്തിൽ നിന്നും അവർ ഇന്ന് ഇരുപത്തിയാറു വയസ്സ് തികഞ്ഞ ഊർജ്ജലയായ പെൺകുട്ടികളായി മാറിയിരിക്കുന്നു. ഇന്നവർ നല്ല വിദ്യാഭ്യാസവും നല്ല ജോലിയും നേടി സ്വന്തം കാലിൽ നിന്ന് അഭിമാനത്തോടെ ജീവിക്കുന്നവരാണ്. സ്വന്തമായി അഭിപ്രായമുള്ളവർ, നിലപാടുകൾ ഉള്ളവർ.
കല്യാണപ്രായമായതോടെ വിവാഹ ആലോചനകൾ മുറുകിയതും അവർ തങ്ങളുടെ അഭിപ്രായങ്ങൾ ശക്തമായി തന്നെ പ്രകടിപ്പിച്ചു.
“പതിനാറു വർഷങ്ങൾ… നീണ്ട പതിനാറു വർഷങ്ങൾ ഞങ്ങൾ പരസ്പരം അകന്നു ജീവിച്ചവരാണ്. കൂടപ്പിറപ്പുകൾ ആയിട്ടും ആ സ്നേഹം അറിഞ്ഞു വളരാൻ ഞങ്ങൾക്ക് വിധിയുണ്ടായിരുന്നില്ല.
ഇപ്പോൾ വിവാഹം നിശ്ചയിക്കാൻ പോകുന്നു. വിവാഹം കഴിയുന്നതോടെ മറ്റൊരു വീട്ടിൽ ജീവിക്കാൻ പിന്നെയും ഞങ്ങൾ നിർബന്ധിതരാകും. അതുകൊണ്ട് നഷ്ടപ്പെട്ട ഈ വലിയ കാലയളവിലെ സ്നേഹം ഇനിയെങ്കിലും ഞങ്ങൾക്ക് അനുഭവിച്ചു തീർക്കണം.
വിവാഹം കഴിക്കുന്നെങ്കിൽ ഞങ്ങളെപ്പോലെ തന്നെ ഒരമ്മയുടെ വയറ്റിൽ ഒരേസമയം പിറവിയെടുത്ത രണ്ട് സഹോദരങ്ങളേ മാത്രമേ ഞങ്ങൾ വിവാഹം കഴിക്കുകയുള്ളൂ. ഇനിയും വേർപിരിയലിന്റെ വേദന ഞങ്ങൾക്ക് അനുഭവിക്കാൻ കഴിയില്ല.”
അവരുടെ വാക്കുകൾ ദൃഢമായിരുന്നു. അവരുടെ തീരുമാനത്തെ എതിർക്കാൻ ആരും തന്നെ മുന്നോട്ടുവന്നില്ല. അങ്ങനെ ഒരുപാട് തിരച്ചിലിനൊടുവിൽ അവർക്ക് വേണ്ടി അവർ ആഗ്രഹിച്ചത് പോലുള്ള വരന്മാരെ എല്ലാവരും ചേർന്ന് കണ്ടെത്തി.
ഇന്നാണ് ആ ദിവസം. അവരുടെ വിവാഹം.
ആഘോഷമായി തന്നെ കൊണ്ടാടിയ വേദിയിൽ വധുവായി എത്തുമ്പോൾ രണ്ടുപേരുടെയും മനസ്സിൽ തങ്ങളുടെ മാതാപിതാക്കൾ ആയിരുന്നു. മനസ്സുകൊണ്ട് അവരുടെ അനുഗ്രഹം വാങ്ങി സുമംഗലിയാകുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു.
അങ്ങനെ ഒരുപാട് സന്തോഷത്തോടെ ഇരുവരും ഒരുമിച്ച് വലതുകാൽ വെച്ച് പുതിയ ജീവിതത്തിലേക്ക് കടന്നു.
വരന്മാരുടെ വീട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ ഇനിയുള്ള നാളുകൾ ആരെക്കൊണ്ടും തങ്ങളെ വേർപ്പെടുത്താൻ കഴിയില്ല എന്ന ഉറച്ച വിശ്വാസം അവരിൽ ഉണ്ടായിരുന്നു. കുറെ വർഷങ്ങൾക്കുശേഷം അവരുടെ പുഞ്ചിരിയിൽ ഒരു സൂര്യതേജസ് ജ്വലിച്ചു നിന്നു.