(രചന: അംബിക ശിവശങ്കരൻ)
എങ്കിലുമെൻ ഓമലാൾക്ക്….
താമസിക്കാൻ എൻ കരളിൽ…
തങ്ക കിനാക്കൾ കൊണ്ടൊരു…
താജ്മഹൽ ഞാനുയർത്താം…
കൃഷ്ണേട്ടന്റെ ചായ പീടികയുടെ ഉമ്മറത്ത് ഇട്ടിരുന്ന പഴയ ബെഞ്ചിന്മേലിരുന്ന് റേഡിയോയിൽ കേട്ട പഴയ ഗാനം ആസ്വദിക്കുമ്പോൾ ദേവൻ അറിയാതെ അതിൽ ലയിച്ചിരുന്നു പോയി.
കേൾക്കുന്ന വരികൾക്കൊപ്പം മനസ്സിൽ പാടിക്കൊണ്ടിരിക്കുമ്പോഴാണ് അതിനനുസരിച്ച് വായും ചലിച്ചു തുടങ്ങിയത്.
ജന്മനാ സംസാരശേഷിയില്ലാത്ത ദേവൻ എന്തൊക്കെയോ ശബ്ദം പുറപ്പെടുവിക്കുന്നത് കണ്ട് എല്ലാവരും നോക്കി ചിരിക്കുന്നത് കണ്ടാണ് അവന് സ്ഥലകാലബോധം വന്നത്. മുഖത്ത് വന്ന നാണക്കേടും ചമ്മലും മറച്ചു കൊണ്ട് അവൻ അവർക്ക് മുന്നിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു.
” എന്റെ ദേവാ.. നീ ഇത് ഏത് ലോകത്താണ്? നീയെന്താ യേശുദാസിന് പഠിക്കുകയാണോ? ”
നല്ല ഉയരത്തിൽ അങ്ങോട്ടുമിങ്ങോട്ടും ചായ അടിച്ചു കൊണ്ട് കൃഷ്ണേട്ടൻ കളിയാക്കി.
“നിങ്ങൾ അങ്ങനെ അവനെ കളിയാക്കുകയൊന്നും വേണ്ട കൃഷ്ണേട്ടാ… ശബ്ദമില്ലാതെ തന്നെ അവൻ ഇങ്ങനെ പാടുന്നില്ലേ അപ്പോൾ പിന്നെ ശബ്ദം കൂടി ദൈവം കൊടുത്തിരുന്നേൽ സാക്ഷാൽ യേശുദാസിനെ വരെ അവൻ കടത്തിവെട്ടിയേനെ… അല്ലേടാ ദേവാ…”
കൂട്ടച്ചിരികൾ ഉയർന്നതും എല്ലാവരോടും തലയാട്ടിക്കൊണ്ട് യാത്ര പറഞ്ഞവൻ അവിടെ നിന്നും എഴുന്നേറ്റു.
കൈതമുള്ളുകൾ രണ്ട് സൈഡിലും ആയി തിങ്ങി നിൽക്കുന്ന ഇടവഴിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ അവൻ വീണ്ടും ആ വരികൾ ഒന്നാവർത്തിച്ചു നോക്കി.
“ഊമയായ തനിക്ക് എങ്ങനെയാണ് പാട്ടുപാടാൻ കഴിയുന്നത്?”
അവൻ എന്നത്തേയും പോലെ മുകളിലേക്ക് നോക്കി പരിഭവമില്ലാതെ ഒന്ന് പുഞ്ചിരിച്ചു.
ചെറുപ്പം മുതലേ ഏറെ കൊതിച്ചിട്ടുള്ളതാണ് ഒരു വരിയെങ്കിലും ഒന്ന് പാടാൻ… അത്രയേറെ പാട്ടിനോട് ഇഷ്ടമുള്ളതുകൊണ്ടാകാം കേൾക്കുന്ന എല്ലാ പാട്ടുകളുടെയും വരികൾ മനപ്പാഠമാക്കിയിരുന്നത്.
പാടാൻ കൊതിച്ചപ്പോഴൊക്കെ ആരും കേൾക്കാതെ പാടി നോക്കാറുണ്ട്. അപ്പോഴൊക്കെ വാക്കുകൾ തൊണ്ടയിൽ ഉടക്കി നിൽക്കും. ആരെങ്കിലും കേട്ടാൽ പരിഹസിക്കും എന്നാലും ആരോടും പരാതി തോന്നിയിട്ടില്ല.
” ഞാൻ ഊമയായത് എന്റെ തെറ്റല്ലല്ലോ ദൈവത്തിന് എന്നെ ഇങ്ങനെ കാണാനാവും ഇഷ്ടം.
എങ്കിലും മനസ്സിൽ ഞാൻ എല്ലാ പാട്ടുകളും പാടാറുണ്ട്. എനിക്ക് മാത്രം കേൾക്കാൻ കഴിയുന്ന എന്റെ ശബ്ദം എത്ര മനോഹരമാണെന്നോ…ഒരുവട്ടമെങ്കിലും എനിക്ക് പാടാനുള്ള അവസരം തന്നിട്ട് നീ എന്റെ ശബ്ദം എടുത്തോളൂ ദൈവമേ അത്ര കൊതി കൊണ്ടാണ്. ”
പുഞ്ചിരിക്കാൻ ശ്രമിച്ചപ്പോഴും അവന്റെ കൺകോണിൽ എവിടെയോ ഒരു നനവ് പടർന്നു.
“അല്ല ഇന്നെന്താ നേരത്തെ പോന്നോ? അല്ലെങ്കിൽ ഞായറാഴ്ച പീടെ തിണ്ണേൽ പോയിരുന്നാൽ ഉച്ചയാകുമല്ലോ വരാൻ.”
ആടിന് കഞ്ഞിവെള്ളം പകർന്നു കൊടുക്കുന്നതിനിടയിൽ ഭാര്യ രാജി ചോദിച്ചതും അവൻ ഒന്നുമില്ലെന്ന് തലയാട്ടി. ഉമ്മറത്തിണയിൽ ഇരുന്ന് എങ്ങോട്ടോ കണ്ണും നട്ടിരിക്കുമ്പോഴാണ് പിന്നെയും അവൾ വന്നത്.
” എന്താ ദേവേട്ടാ പറ്റിയത് എന്താ ആകെ വല്ലാതെ ഇരിക്കുന്നത് ഈ ഇരിപ്പ് പതിവില്ലാത്തത് ആണല്ലോ? എന്താണെങ്കിലും എന്നോട് തുറന്നുപറയ്. ”
തന്റെ ഭാര്യയുടെ സ്നേഹത്തോടെയുള്ള ചോദ്യത്തിന് മുന്നിൽ പിന്നെ എന്തുകൊണ്ടോ അവന് പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല.
അവളുടെ കൈകൾ തന്റെ മുഖത്തോട് ചേർത്തുവെച്ച് ഒരു നിമിഷം മിണ്ടാതെ ഇരുന്നതിനു ശേഷം സംഭവിച്ച കാര്യങ്ങൾ എല്ലാം അവളോട് ആംഗ്യഭാഷയിലൂടെ സംസാരിച്ചു.
എല്ലാം അറിഞ്ഞപ്പോൾ അവളുടെ മനസ്സും ഒന്ന് നീറിയെങ്കിലും അത് പുറമെ പ്രകടമാക്കാതെ അവൾ പുഞ്ചിരിച്ചു.
” എന്താ ദേവേട്ടാ ഇത്ര നിസ്സാര കാര്യത്തിനാണോ ദേവേട്ടൻ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? നമ്മുടെ നാട്ടുകാരുടെ സ്വഭാവം ദേവേട്ടന് അറിയില്ലേ?ആരെയാ പരിഹസിക്കേണ്ടത് എന്ന് നോക്കി നടക്കുന്നവരാണ്. ”
” അവരുടെ വിചാരം അവരൊക്കെ എല്ലാം തികഞ്ഞവരാണ് എന്നാണ്. എന്റെ ദേവേട്ടന് ശബ്ദമില്ല എന്ന ഒരൊറ്റ കുറവ് മാത്രമല്ലേ ഉള്ളൂ… പക്ഷേ നല്ലൊരു മനസ്സില്ലേ?അവർക്കൊക്കെ അതുപോലുമില്ലല്ലോ? എന്തുണ്ടായിട്ടും നല്ലൊരു മനസ്സില്ലെങ്കിൽ പിന്നെ മനുഷ്യന്മാരെ എന്തിന് കൊള്ളാം? ദേവേട്ടന് ശബ്ദം ഇല്ലെങ്കിൽ എന്താ ദേവേട്ടന് വേണ്ടി സംസാരിക്കാൻ ഞാനും നമ്മുടെ മോനും ഇല്ലേ? ”
“ദേ ഇങ്ങനെ സങ്കടപ്പെട്ടിരിക്കാതെ മീൻ വെട്ടാൻ എന്നെ സഹായിച്ചേ…എനിക്കാണെങ്കിൽ വരാല് തൊലി ഉരിയാനും നേരാംവണ്ണം കിട്ടില്ല വാ വന്നേ…”
അവിടെ നിന്നും എഴുന്നേൽക്കുന്നതിന് മുന്നേ അവൻ മോൻ എവിടെ എന്ന് തിരക്കി.
” അവൻ ദാ മീനിന്റെ അടുത്ത് തന്നെ ഇരിപ്പുണ്ട്. അത് വെള്ളത്തിൽ കിടന്ന് പിടയ്ക്കുന്നത് കണ്ട് കൈകൊട്ടി ചിരിക്കുകയാണ് ചെക്കൻ. അച്ഛന്റെ നിഷ്കളങ്കത ഒന്നും മോനില്ല കേട്ടോ.. ”
അവന് നിന്റെ സ്വഭാവമാണെന്ന് അവൻ ആംഗ്യം കാണിച്ചതും അവൾ അവന്റെ ചെവിയിൽ നുള്ളി.
“ആഹാ എല്ലാം കഴിഞ്ഞപ്പോൾ എന്റെ നെഞ്ചത്തോട്ട് ആയല്ലേ മതി മതി.. വാ..”
തന്റെ ഭാര്യക്കും മകനും ഒപ്പം ചെലവഴിച്ച നിമിഷങ്ങൾ അത്രയും അവൻ ദുഃഖങ്ങളെല്ലാം മറന്നു.
രാത്രികളിൽ തന്റെ ഭർത്താവിന് ഏറെ ഇഷ്ടമുള്ള ഗാനങ്ങൾ പാടിയാണ് അവൾ തന്റെ മകനെ ഉറക്കാറുള്ളത് അത് ദേവനെന്നും നിറഞ്ഞ മനസ്സോടെ കണ്ടുനിന്നു.
വർഷങ്ങൾ പിന്നെയും പിന്നിട്ടു. മകന് ഇന്ന് പത്ത് വയസ്സ് തികഞ്ഞിരിക്കുന്നു. മുത്താരം കാവിലെ ഭഗവതിയുടെ തിരുവുത്സവ നാൾ തന്നെ മകൻ ജനിച്ചത് കൊണ്ട് ഭഗവതിയുടെ വരദാനമായി തന്നെയാണ് അവർ മകനെ കണ്ടിരുന്നത്.
” ദേവേട്ടാ വേഗം വാ… ദീപാരാധന തുടങ്ങുമ്പോഴേക്കും അമ്പലത്തിൽ എത്തണം. ”
സന്ധ്യയായതോടെ അവൾ തിടുക്കം കൂട്ടി.
കസവ് കരയുള്ള മുണ്ടും നേര്യതും ഉടുത്ത് അവൾ ഒരുങ്ങിയപ്പോൾ അച്ഛനും മകനും കസവ് കരയുള്ള മുണ്ടും ഷർട്ടും ഉടുത്ത് പുറപ്പെട്ടു.
ദീപാരാധനയ്ക്കുശേഷം അന്നദാനവും കഴിഞ്ഞാണ് ഗാനമേള തുടങ്ങിയത്. മോന് എന്തൊക്കെയോ വാങ്ങണം എന്ന് പറഞ്ഞ് അവൾ എഴുന്നേറ്റു പോയപ്പോൾ ദേവൻ അവിടെ തന്നെ സ്ഥാനം ഉറപ്പിച്ചു. ഒരു വർഷവും വിട്ടുകളയാത്ത ഒന്നാണ് ഇത്.
ഒന്ന് രണ്ട് പാട്ടുകൾ ആസ്വദിച്ചു കഴിഞ്ഞിട്ടും ഭാര്യയെയും മകനെയും കാണാതായപ്പോൾ അവന്റെ മനസ്സിൽ ആശങ്ക പടർന്നു.
പതിയെ അവിടെ നിന്നും എഴുന്നേറ്റ് ഓരോ കടകളിലും മാറിമാറി നോക്കിയെങ്കിലും അവിടെയൊന്നും അവരെ കാണാതിരുന്നത് വീണ്ടും മനസ്സിൽ ഭയം നിറച്ചു.
പൊടുന്നനെയാണ് മൈക്കിലൂടെ കേട്ട വരികളിൽ അവന്റെ കാതുകൾ ഉടക്കി നിന്നത്.
‘പ്രാണസഖി ഞാൻ വെറുമൊരു
പാമരനാം പാട്ടുകാരൻ
ഗാന ലോക വീഥികളിൽ
വേണുവൂതുമാട്ടിടയൻ…’
തനിക്കേറെ പ്രിയപ്പെട്ട ഗാനം പാടുന്ന സ്വരം ഏറെ പരിചയമുള്ളതാണ്.ഓടിക്കിതച്ചവൻ സ്റ്റേജിനു മുന്നിൽ എത്തുമ്പോൾ മൈക്ക് പിടിച്ച് ആസ്വദിച്ച് പാടുന്ന തന്റെ മകനെ കണ്ട് ഒരു നിമിഷം വിശ്വസിക്കാനാകാതെ നിന്നുപോയി.
“എത്ര മനോഹരമായാണ് അവൻ പാടുന്നത്. എല്ലാവരും മതി മറന്നു ആസ്വദിച്ചിരിക്കുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഈ നിമിഷം തന്റെ മകനിലൂടെ നിറവേറിയിരിക്കുന്നത്. ഈ ലോകത്തിൽ ഇപ്പോൾ ഏറ്റവുമധികം സന്തോഷിക്കുന്ന വ്യക്തി താൻ ആയിരിക്കും.”
അവന്റെ കണ്ണുകൾ എന്തിനോ തുളുമ്പി കൊണ്ടിരുന്നു. ആ കാഴ്ച കണ്ട് കർട്ടന്റെ പിറകിൽ രാജിയും ഉണ്ടായിരുന്നു.
നിലയ്ക്കാത്ത കരഘോഷങ്ങൾ ഉയർന്നപ്പോഴാണ് അവൻ തന്റെ മകന്റെ മുഖത്തുനിന്ന് കണ്ണെടുത്തത്.
സ്റ്റേജിൽ നിന്ന് ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ച മകനെ ദേവൻ തുരുതുരാ മുത്തം വച്ചു.
“ദേവേട്ടനെ കളിയാക്കിയ അതേ നാട്ടുകാർ തന്നെ ഇന്ന് ദേവേട്ടന്റെ മകന് വേണ്ടി കൈയ്യടിച്ചില്ലേ?? ഇത് ഞാൻ നാളുകളായി മനസ്സിൽ കൊണ്ടുനടന്ന ഒരു ചെറിയ മധുര പ്രതികാരമാണ്. എന്റെ ദേവേട്ടന് വേണ്ടി…”
അവളത് കാതിൽ മന്ത്രിച്ചതും എന്നോ മറന്നുപോയ തന്റെ വേദന അവൾ ഇത്രനാൾ തനിച്ച് പേറുകയായിരുന്നു എന്ന് അവന് മനസ്സിലായി.
തന്റെ ഇടംകൈയാൽ മകനെയും വലം കൈയാൽ ഭാര്യയെയും അഭിമാനപൂർവ്വം ദേവൻ ചേർത്തുപിടിച്ചു.