താലി
(രചന: അച്ചു വിപിൻ)
ഏട്ടാ അതേയ് ഈ താലി മാറ്റി എനിക്ക് വേറെ ഒരെണ്ണം മേടിച്ചു തരാമോ?
മാറ്റാനോ?
ഇതിപ്പോ എന്തിനാ മാറ്റുന്നത് ഇതിനൊരു കുഴോപ്പോമില്ലല്ലോ… കല്യാണം കഴിഞ്ഞു മാസം മൂന്നേ ആയുള്ളൂ അപ്പഴേക്കും താലി മാറ്റുന്നതിനെ കുറിച്ചൊക്കെ ഇവൾ ചിന്തിച്ചു തുടങ്ങിയോ എന്ന് ഞാൻ ഓർത്തു പോയി ….
ആട്ടെ ഇതിപ്പോ മാറ്റാൻ എന്താ കാരണം…
ഇത് വളരെ വലുതാ ഏട്ടാ… ആളുകൾ കണ്ട് ചിരിക്കും… ..ഇതിലും ഭേദം ഇടാതിരിക്കുന്നതാ…
അല്ലെങ്കിലും താലി ഒക്കെ ഇപ്പൊ ആരാ ഇടുന്നത്… അപ്പുറത്തെ മീര ചേച്ചിയുടെ താലി ആണ് താലി… എന്ത് ഭംഗിയാന്നോ അത് കാണാൻ പോരാത്തതിന് താലി ഉണ്ടെന്നു തോന്നുകയുമില്ല …എന്റെ താലി കണ്ടില്ലേ ഇതിനു എന്തൊരു വലിപ്പമാ …എട്ടനിത് മാറ്റി തന്നെ പറ്റു…
അപ്പൊ അതാണ് കാര്യം…
നീയിങ്ങുവാ എന്റടുത്തിരിക്കു …..ഞാൻ പറയട്ടെ ..
എടി സ്ത്രീകൾക്ക് ജീവിതത്തില്‍ ഏറ്റവും പ്രാധാന്യം നല്‍കുന്ന ഒന്നാണ് താലി. ജാതിമതഭേദമന്യേ താലി അണിയുന്നവരാണ് സ്ത്രീകള്‍…
ഒരു പുരുഷൻ ഒരു സ്ത്രീയുടെ കഴുത്തിൽ താലി അണിയിക്കുന്നത് എന്തിനാണെന്നറിയോ നിനക്ക്…
അതിപ്പോ ഏട്ടൻ പറഞ്ഞിട്ട് വേണോ അവളുടെ വിവാഹം കഴിഞ്ഞെന്നു നാലാളറിയാൻ…താലി കിടക്കുന്നത് കണ്ടാലല്ലേ ഒരു പെണ്ണിന്റെ വിവാഹം കഴിഞ്ഞെന്നു മനസ്സിലാക്കാൻ പറ്റുള്ളൂ..ഓരോ പൊട്ട ആചാരങ്ങളെ….
നാലാളറിയാൻ വേണ്ടിയല്ല പെണ്ണെ താലി കെട്ടുന്നത്. താലി എന്നത് നമ്മടെ സംസ്‌കാരത്തിന്റെ മുദ്രയാണ്….
താലിക്കെട്ടിക്കഴിഞ്ഞാല്‍ അത് ആ സ്ത്രീയുടെ ശരീരത്തിന്റെ ഭാഗമാണ്. പുരുഷന്‍ സ്ത്രീയുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അവര്‍ പരസ്പരം ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്തു എന്നാണ് വിശ്വാസം.ഇതൊക്കെ ഓരോരുത്തർ പറഞ്ഞു കേട്ടുള്ള അറിവാണ് കേട്ടോ …
നിനക്കറിയുമോ താലി കേവലം ഒരു ആഭരണം മാത്രം അല്ല വിവാഹിതകൾക്കതൊരലങ്കാരമാണ്…
വലിപ്പത്തിൽ അല്ല പെണ്ണെ അതിന്റെ പവിത്രതയിൽ ആണ് കാര്യം…
എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് നെറ്റിയിൽ സിന്ദൂരവും,മൂക്കുത്തിയും,പൊട്ടും,കയ്യിൽ വളകളും കഴുത്തിൽ താലിയും ധരിച്ചു നടക്കുന്ന അമ്മയെ മാത്രേ എന്നും ഞാൻ കണ്ടിട്ടുള്ളു…
അമ്മയെ അങ്ങനെ കാണാൻ തന്നെ ഒരു ചേലായിരുന്നു…. അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ അതെല്ലാം അണിയുന്നത് നിർത്തി… അന്നതെന്തുകൊണ്ടാണെന്ന് ഏഴിൽ പഠിക്കുന്ന എനിക്കറിയില്ലായിരുന്നു പക്ഷെ മുതിർന്നപ്പോൾ എനിക്കത് മനസ്സിലായി…
നിനക്കറിയോ എന്താണ് കാരണം എന്ന്…
ഇല്ല എന്നവൾ തലയാട്ടി….
അറിയില്ലേ പറഞ്ഞു തരാം താലികെട്ടിയ പുരുഷന്‍ പരമാത്മാവും സ്ത്രീ ജീവാത്മാവും ആണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീയുടെ സംരക്ഷണം പുരുഷനിലാണെന്ന് പറയുന്നത്..
സ്ത്രീ വിധവയാകുമ്പോള്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധം ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഭര്‍ത്താവ് മരിക്കുമ്പോള്‍ ഭാര്യ താലി ഉപേക്ഷിക്കുന്നത്…
ഇനി താലി മാറ്റി വാങ്ങുന്നതിനെ പറ്റി ഉള്ള എന്റെ അഭിപ്രായം ഞാൻ പറയാം …
ഒരു പുരുഷൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലികെട്ടിക്കഴിഞ്ഞാല്‍ അതവളുടെ ശരീരത്തിന്റെ ഒരു ഭാഗമായി മാറുമെന്നാണ് വിശ്വാസം.
എന്റെ അറിവിൽ കേരളത്തില്‍ മാത്രമല്ല, ഭാരതമൊട്ടാകെ താലിക്കു വലിയ പ്രാധാന്യമുണ്ട്. ഭര്‍ത്താവില്ലാത്തവര്‍ അല്ലെങ്കില്‍ അവിവാഹിതര്‍ മാത്രമാണ് താലി അണിയാത്തത്.
അച്ഛന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ക്ഷേത്രങ്ങളിലെ പ്രസാദം അമ്മ താലിയില്‍ തൊടുന്നത് ഞാൻ ഒരുപാട് തവണ കണ്ടിട്ടുണ്ട് …
അതൊക്കെ ഒരു വിശ്വാസം എന്നു ചിലര്‍ പറയുമെങ്കിലും ഒന്നോര്‍ക്കുക ജീവിതം തന്നെ ഒരു വിശ്വാസത്തിന്റെ പുറത്ത് നീങ്ങുന്നതാണ് പെണ്ണെ……ഇഷ്ടത്തിനനുസരിച്ചു മാറാൻ ഉള്ള വെറും ഒരു സ്വർണകഷ്ണം ആയിട്ടാണ് പലരും ഇന്ന് താലിയെ കാണുന്നത്..
എത്ര ഈശ്വരന്മാരെ സാക്ഷി നിർത്തിയാണ് ഞാൻ നിന്റെ കഴുത്തിൽ ഈ താലി കെട്ടിയത്… അതിനൊരു പവിത്രത ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
എത്രയൊക്കെ മാറ്റി മേടിച്ചാലും നൂറു കണക്കിന് ആളുകളുടെ അനുഗ്രഹാശിർവാദത്തോടെയും മുപ്പത്തി മുക്കോടി ദൈവങ്ങളുടെയും സാന്നിധ്യത്തോടെ ആദ്യമായി നിന്റെ കഴുത്തിൽ വീണ ഈ താലിയുടെ പവിത്രതയുടെ അത്രേം വരുമോടി ഞാൻ രണ്ടാമത് കെട്ടി തരുന്നതിനു….
താലി എന്നത് കഴുത്തിൽ ചുമ്മാ അണിയാൻ ഉള്ള അലങ്കാര വസ്തുവല്ല പെണ്ണെ…ഇനി മാറ്റി വാങ്ങണം എന്നാണ് നിന്റെ അഭിപ്രായം എങ്കിൽ ആവാം വൈകിട്ട് ഞാൻ നേരത്തെ വരാം ഇഷ്ടം ഉള്ള ഒരെണ്ണം മാറ്റി വാങ്ങി തരാം.
ഓരോന്ന് പറഞ്ഞു സമയം പോയതറിഞ്ഞില്ല….നീ പോയി ചായയെടുക്കു
വൈകിട്ട് ഓഫീസിൽ നിന്ന് നേരത്തെ തന്നെ ഇറങ്ങി… ഇനി താലി മാറ്റിയില്ല എന്നുള്ള വിഷമം വേണ്ട….. പറഞ്ഞിട്ട് കാര്യമില്ല ഇപ്പഴത്തെ പെണ്ണുങ്ങൾക്ക് ഇത് വല്ലതുമറിയോ….
എതിർക്കാൻപോയ സ്ത്രീസമത്വം,പുരുഷ മേൽക്കോയ്മ എന്നൊക്കെ പറഞ്ഞ് ആകെ ബഹളം ആകും എന്തിനാ വെറുതെ…..
വണ്ടിയുമായി ഗേറ്റ് കടന്നു അകത്തേക്ക് കയറുമ്പോൾ ഉമ്മറത്ത് തന്നെ എന്റെ വരവും പ്രതീക്ഷിച്ചവൾ ഇരിക്കുന്നുണ്ടായിരുന്നു…
ആഹാ നീ ഇത് വരെ റെഡിയായില്ലേ ഫോൺ വിളിച്ചു പറഞ്ഞതല്ലേ ഞാൻ നേരത്തെ ഇറങ്ങിയെന്നു …..
മ്മ്..നമുക്ക് പോവണ്ടേട്ടാ….
അതെന്തു പറ്റി…..
എനിക്കീ താലി തന്നെ മതിയേട്ടാ….ഏട്ടൻ പറഞ്ഞതാണ് ശരി…ഇനിപ്പോ എന്റെ ഇഷ്ടത്തിനു ഏട്ടൻ പുതിയത് വാങ്ങിയാൽ തന്നെ ഇപ്പൊ എന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിയുടെ അത്രേം വരില്ല അത്…. ഏട്ടൻ കെട്ടിയ ഈ താലിയിലൂടെ ആണ് ഞാൻ ഒരു ഭാര്യയായത്.. ജീവിതകാലം വരെ ഇനി ഇത് മതിയെനിക്ക്…..
ഞാൻ അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു…
സിന്ദൂരം പടർന്ന അവളുടെ നെറുകിൽ ചുംബിച്ചു കൊണ്ട് ഞാൻ പറഞ്ഞു
“കഴുത്തിൽ ഞാൻ കെട്ടിയ മിന്നുണ്ടെങ്കിൽ പിന്നെന്തിനാ പെണ്ണെ നിനക്ക് വേറൊരലങ്കാരം”…
NB:താലിയിൽ ഒക്കെ എന്തിരിക്കുന്നു എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഉള്ളു ജീവിതകാലം മുഴുവൻ അതിടാൻ ഭാഗ്യം ലഭിക്കാത്തവർക്കു മാത്രമേ അതിന്റെ വില മനസ്സിലാകു..
താലി എന്നത് ഭർത്താവിന് ഭാര്യയുടെ മേൽ ഉള്ള അവകാശമോ അധികാരമോ അല്ല മറിച്ചു ഇത് അവളുടെ കഴുത്തിൽ കിടക്കുന്ന നാൾ അത്രയും നീ തനിച്ചല്ല പെണ്ണെ ഞാനുണ്ട് കൂടെ എന്ന് ഓരോ ഭർത്താവും നൽകുന്ന കരുതലും വിശ്വാസവുമാണ്…..