(രചന: അച്ചു വിപിൻ)
എന്റെ ഭാര്യയുടെ ദേഹം മുഴുവൻ വെളുത്ത പാണ്ടുണ്ടായിരുന്നു.ആളുകൾ അവജ്ഞയോടെ കണ്ടിരുന്നയാ വെളുത്തപാണ്ടുകൾ ഞാനവൾക്കലങ്കാരമായിട്ടാണ് കണ്ടത്.
മറ്റുള്ളവരുടെ കണ്ണിൽ അവളെനിക്ക് ചേരാത്തൊരു പെണ്ണായിരുന്നു പക്ഷെ എന്റെ കണ്ണിലവൾ എല്ലാം തികഞ്ഞൊരു പെണ്ണായിരുന്നു.
മേലാകെ പാണ്ടുള്ള ഭാര്യയുമായി ഞാൻ നടന്നു പോകുന്നത് കാണുമ്പോൾ ആളുകളെല്ലാം അത്ഭുതത്തോടെയെന്നെ നോക്കുമായിരുന്നു അന്നേരം ഞാനവളെ എന്നിലേക്ക് കൂടുതൽ ചേർത്തു നിർത്തുകയാണ് ചെയ്തത്.
പാണ്ടുള്ള പെണ്ണിനെ മാത്രേ നിനക്ക് കെട്ടാൻ കിട്ടിയുള്ളൂ, നിന്റെ കൂടെയവൾ നിൽക്കുമ്പോൾ നല്ല പൊരുത്തക്കുറവാണ് മോനെ,
എന്നു പറഞ്ഞ അയൽക്കാരി ചേച്ചിയോടു ഞാൻ പറഞ്ഞു “നിങ്ങളുടെ കണ്ണിൽ ഞങ്ങളുടെ ശരീരങ്ങൾക്ക് പൊരുത്തമില്ലായിരിക്കാം പക്ഷെ ഞങ്ങടെ മനസ്സുകൾ തമ്മിൽ പത്തിൽ പത്തു പൊരുത്തമാണ്”.
മേലാകെ പാണ്ടുള്ള എന്നെയെന്തിനാണ് സുന്ദരനായ നിങ്ങൾ കല്യാണം കഴിച്ചതെന്നവൾ ചോദിച്ചപ്പോളെല്ലാം,
“ഈ പാണ്ടുകൾ എനിക്കിഷ്ടമാണ് അതിലേറെയിഷ്ടം പാണ്ടുള്ള നിന്നെയും” എന്നു പറഞ്ഞുകൊണ്ടവളുടെ ശരീരത്തിലെ വെളുത്ത പാണ്ടുകളിൽ ഞാൻ അമർത്തി ചുംബിക്കുമായിരുന്നു.
വിവസ്ത്രയായി കണ്ണാടിക്കുമുന്നിൽ നിന്നു കൊണ്ട് മാറിലും,വയറിലും പടർന്നു കൊണ്ടിരിക്കുന്ന പുതിയ പാണ്ടുകളെയവൾ വേദനയോടെ നോക്കി നിൽക്കുമ്പോളെല്ലാം
സ്നേഹത്തോടെ ചെന്നു ഞാനതിൽ വിരലോടിക്കുമായിരുന്നു കാരണം അവളോടൊപ്പം ആ പാണ്ടുകളെയും ഞാൻ സ്നേഹിച്ചു തുടങ്ങിയിരുന്നു.
പത്തു ദിവസം കൂടെ കിടക്കും പിന്നെയാ പുതുമ മാറുമ്പോൾ ‘തഥൈവ’ എന്നു പറഞ്ഞന്നെ കളിയാക്കിയ കൂട്ടുകാരന്റെ കല്യാണത്തിന് “വീർത്ത വയറുള്ള” എന്റെ ഭാര്യയുമായാണ് ഞാൻ കയറിച്ചെന്നത്.
ഗർഭിണിയായ എന്റെ ഭാര്യയുടെ മുഖത്ത് നോക്കി പാണ്ടുള്ളവർക്കുണ്ടാവുന്ന കുഞ്ഞിനും വെള്ളപ്പാണ്ടുണ്ടാകും, ഇതൊക്കെ പകരുന്ന അസുഖമാണെന്ന് പറഞ്ഞു വേദനിപ്പിച്ചവരുടെ മുന്നിലൂടെ പാണ്ടില്ലാത്ത എന്റെ സുന്ദരിയായ മകളോടിനടന്നു.
ഒരിക്കൽ ഒരു മഴയുള്ള രാത്രിയിൽ അവളെന്റെ തോളിൽ തല വെച്ചു കിടന്നു കൊണ്ടാ പതിവ് ചോദ്യം ചോദിച്ചു നിങ്ങൾക്കെന്നെ ഇപ്പഴും ഇഷ്ടമാണോ?
അവളുടെ നരച്ച മുടികൾ തലോടിക്കൊണ്ട് ഞാൻ പറഞ്ഞു അതെ “നിന്നെയെക്കിഷ്ടമാണ് അതിലേറെയിഷ്ടം നിന്റെ വെളുത്ത പാണ്ടുകളോടും”.
ഞാൻ സ്നേഹത്തോടെ “പാണ്ടമ്മേ”എന്നു വിളിക്കുന്ന ഭാര്യയെന്റെ കൂടെ കൂടിയിട്ടിന്നേറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.അവളുടെ വെളുത്ത പാണ്ടുകൾ ഞങ്ങൾക്കവൾ ഒരിക്കലും പകർന്നു തന്നില്ല പകരം തന്നതവളുടെ “കറയില്ലാത്ത സ്നേഹവും,കരുതലുമായിരുന്നു”.
കുറെ ദിവസം കൊണ്ട് നടന്നു മടുക്കുമ്പോൾ അവനവളെ ഉപേക്ഷിച്ചോളും എന്നു പറഞ്ഞവരെല്ലാം വായ കഴച്ചപ്പോളാ പറച്ചിൽ നിർത്തിയിരുന്നു കാരണം അവൾക്ക് താങ്ങായി,
തണലായി “അവളുടെ ഇടം കയ്യിൽ ചേർത്ത് വെച്ച വലം കയ്യായി ഞാൻ കൂടെത്തന്നെയുണ്ടായിരുന്നു”.
NB:ശരീരം തമ്മിൽ എത്ര പൊരുത്തമുണ്ടെന്നു പറഞ്ഞിട്ടും ഒരു കാര്യവുമില്ല കാരണം പൊരുത്തം മനസ്സിലാണ് വേണ്ടത്. സൗന്ദര്യം എന്നത് നമ്മുടെ കണ്ണുകളിൽ ആണുള്ളത് ആ കണ്ണുകൾ കൊണ്ട് നല്ലത് കണ്ടാൽ കാണുന്നതെല്ലാം നമുക്ക് നല്ലതായേ തോന്നൂ…
സ്നേഹത്തിന്റെ വെള്ളപ്പാണ്ടുകൾ…