(രചന: ഞാൻ ആമി)
“പെണ്ണ് കറുത്തതാണെലും കാണാൻ സുന്ദരി ആണ് കേട്ടോ… നല്ല ഒന്നാന്തരം ജോലിയും ഉണ്ട്…
കറുത്ത പെണ്ണുങ്ങൾക്ക് എന്താ കുറവ് അവരും നല്ല അന്തസായി സമൂഹത്തിൽ ജീവിക്കുനുണ്ട്… കാണുന്നവരുടെ കണ്ണിലെ കുറവ് ഉള്ളൂ.. പോകാൻ പറയ് ഈ വിമർശിക്കുന്നവരോട് “
എന്ന് പറഞ്ഞു ഞാൻ അടുക്കളയിലേക്ക് നടന്നു. എന്റെ ദേഷ്യം കണ്ടു കണ്ണേട്ടൻ ചിരിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു.
“നീ ആരുടെ കാര്യമാണ് പറയുന്നത് ആമിയേ…. ഇത്ര വിറച്ചു തുള്ളാനായി “എന്ന് പറഞ്ഞു കണ്ണേട്ടൻ അടുക്കളയിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നു എന്റെ മുഖത്തേക്ക് നോക്കി.
“ആ ദേവകി ചേച്ചിയുടെ മകന്റെ പെണ്ണിനെ കുറിച്ച് അപ്പുറത്തെ സീത പറയുവാണ്…
കറുത്തതാണെലും സുന്ദരി ആണ് ആ പെൺകൊച്ചു എന്ന് “ഞാൻ അത് പറഞ്ഞതും കണ്ണേട്ടൻ ചിരിച്ചു.
“അതിന് നിനക്ക് എന്താണ് പെണ്ണേ? “
“സുന്ദരി ആണേൽ അത് അങ്ങ് പറഞ്ഞാൽ പോരെ കറുത്തതാണെലും എന്ന് എടുത്തു പറയേണ്ട കാര്യം ഉണ്ടോ കണ്ണേട്ടാ?
ആരേലും പറയുന്നത് കേട്ടിട്ടുണ്ടോ വെളുത്തതാണെലും സുന്ദരി ആണ് എന്ന്… അദ്ദാണ് മനുഷ്യൻമാരുടെ കുഴപ്പം “
എന്ന് പറഞ്ഞു ഞാൻ പാത്രം എടുത്തു മേശ പുറത്തേക്കു ദേഷ്യത്തോടെ വെച്ചു. എന്നിട്ട് പിറു പിറുത്തു.
“ആമി “
“എന്താ? “
“നീ ദേഷ്യപെടാതെ ആമിയേ കറുപ്പ്, വെളുപ്പ് ഇതൊക്കെ പുറമെ ഉള്ളതാണ്….
നമ്മുടെ മനസ്സ് നിറയെ സ്നേഹം ഉള്ളതാണോ എങ്കിൽ അവിടെ ഒരു കറുപ്പും വെളുപ്പും ഇല്ല. അതല്ലേ നമ്മുടെ ഈ ജീവിതം തന്നെ “
എന്ന് പറഞ്ഞു കണ്ണേട്ടൻ എന്നെയൊന്നു നോക്കി. അപ്പോൾ ശരിക്കും എന്റെ മനസ്സിലെ ദേഷ്യം മാറിയിരുന്നു. ഞാൻ ചിരിച്ചു കൊണ്ടു കണ്ണേട്ടന്റെ അടുത്ത് ഇരുന്നു.
“കണ്ണിലൂടെ കാണും മുന്നെ മനസ്സ് കൊണ്ടു ഒന്ന് അടുത്തു നോക്കു പെണ്ണേ അപ്പോൾ അറിയാം ഈ പുറമെയുള്ള കറുപ്പും വെളുപ്പും വെറും നിറങ്ങൾ ആണെന്ന് “
കണ്ണേട്ടന്റെ ആ വാക്കുകൾ കേട്ട് എനിക്ക് ഒരുപാട് സന്തോഷം തോന്നി കാരണം,
കറുപ്പ് എന്ന് പറഞ്ഞു എന്നെ അവഹേളിച്ചവർക്കുള്ള മറുപടി ആയിരുന്നു കണ്ണേട്ടൻ എന്റെ ജീവിതത്തിലെക്ക് കടന്നു വന്നത്.