(രചന: ഞാൻ ആമി)
“ഓട്ടോയ്ക്ക് ഇൻഷുറൻസ് അടക്കേണ്ട ദിവസം ആണ് നാളെ… എന്താ ഇപ്പോൾ ചെയുക… “
എന്ന് പറഞ്ഞു അച്ഛൻ അടുക്കളയിൽ കാപ്പി കുടിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടു ഞാനും അമ്മയും ചിരിച്ചു.
അത് കണ്ടപ്പോൾ അച്ഛന്റെ മുഖത്ത് ഒരു ചമ്മൽ ഞാൻ കണ്ടു.
“ഇനി ഇപ്പോൾ എന്താ ചെയ്ക ആമിയേ? “അച്ഛൻ എന്നോട് ചോദിച്ചതും ഞാൻ പറഞ്ഞു.
“ദേ അച്ഛാ…. എന്റെ ജിമിക്കി കമ്മൽ എടുത്തു തരുന്നുണ്ടോ? “എന്ന് ഞാൻ ചോദിച്ചതും അച്ഛൻ എന്നെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു.
“എടുത്തു തരാം ആമിയേ… ഈ ഇൻഷുറൻസ് ഒന്ന് അടക്കാൻ കുറച്ചു കാശ് കിട്ടിയാൽ അച്ഛൻ ഓക്കേ ആകും അത് കഴിഞ്ഞു കമ്മൽ എടുക്കാം “
എന്ന് പറഞ്ഞപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ചിരി വന്നു.
കാരണം, രണ്ട് വർഷം കഴിഞ്ഞു എന്റെ ജിമിക്കി കമ്മൽ അച്ഛൻ ഒരു ആവിശ്യത്തിന് വാങ്ങിയിട്ട്.
“ഉം… കിട്ടിയത് തന്നെ ആമിയേ “എന്ന് പറഞ്ഞു അമ്മ എന്നെ നോക്കി.
“അച്ഛൻ പറഞ്ഞാൽ പറഞ്ഞതാണ് അമ്മേ… നോക്കിക്കോ എനിക്ക് ജിമിക്കി കമ്മൽ അച്ഛൻ എടുത്തു തരും “എന്ന് പറഞ്ഞു ഞാൻ മുറ്റത്തേക്ക് ഇറങ്ങി.
എനിക്ക് അറിയാം ആ കമ്മൽ ഒരിക്കലും അച്ഛൻ എടുത്തു തരില്ല എന്ന്. അച്ഛൻ ഓട്ടത്തിന് പോയി കഴിഞ്ഞപ്പോൾ അമ്മ എന്റെ അടുത്തു വന്നിരുന്നു.
“ഈ ഓട്ടോ ഓടി കിട്ടുന്ന കാശ് കൊണ്ടാണ് നമ്മൾ കഴിയുന്നെ…. സന്തോഷത്തോടെ അല്ലേ ആമി?
സാധാരണ ഒരു ജീവിതം ആഡംബരം ഒന്നും ഇല്ലാത്ത ജീവിതം… അച്ഛന് നമുക്ക് സഹായിക്കണം..
നിനക്ക് കുഞ്ഞൊരു ജിമിക്കി കമ്മൽ വാങ്ങാൻ അമ്മ ചിട്ടി കൂടിയിരുന്നു… ആ കാശ് അമ്മയുടെ കൈയിൽ ഉണ്ട്… “
എന്ന് പറഞ്ഞു അമ്മ എന്നെ നോക്കി അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു.
“എനിക്ക് ഇപ്പോൾ കമ്മൽ വേണ്ട അമ്മേ… ഇപ്പോൾ ട്രെന്റ് ഫാൻസി കമ്മൽ ഇതുപോലെ… ഇപ്പോൾ ആ കാശ് അച്ഛന് കൊടുത്തേക്കു “
എന്ന് പറഞ്ഞപ്പോൾ അമ്മ എന്നെ കെട്ടിപിടിച്ചു. സ്വർണത്തേക്കാൾ വലുതാണ് മനസമാധാനം എന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.