നിന്റെ നിശ്വാസങ്ങൾ കൊണ്ടു പോലും വികാരത്തിന്റെ കൊടുമുടി താണ്ടിയിരുന്ന നിന്റെ പെണ്ണിപ്പോൾ അറിയുന്നുണ്ടാവുമോ അവൾ..

(രചന: രജിത ജയൻ)

“ചേട്ടാ…..അവിടെ എന്റെ കാലു മുറിഞ്ഞ് തെറിച്ചു വീണിട്ടുണ്ട് .. അതൂടിയൊന്ന് എടുക്കണേ …

നിലത്ത് ചോര വാർന്നു കിടക്കുന്ന അപരിചിതനായ അയാളെ നാട്ടുക്കാരുടെ സഹായത്തോടെ ശ്രദ്ധിച്ചെടുത്ത് ആംബുലൻസിലേക്ക് കയറ്റും നേരമാണ് അബോധാവസ്ഥയിലും അയാളിൽ നിന്നാ വാക്കുകൾ ഉയർന്നത് ..

അതു കേട്ടതും എന്റെ കണ്ണുകൾ ആദ്യം പോയത് അയാളുടെ കാലുകളിലേക്കായിരുന്നു .

ഒടിഞ്ഞു നുറുങ്ങി അയാളിൽ തന്നെ തൂങ്ങി ആടുന്നുണ്ടായിരുന്നു ആ കാലുകൾ…

അവയുടെ സാന്നിധ്യം അറിയാൻ സാധിക്കാത്ത വിധം ആ മനുഷ്യന്റെ ശരീരചലനശേഷി നഷ്ട്ടപ്പെട്ടോ എന്നൊരു നിമിഷം ഞാനോർത്തു.. ആ ഓർമ്മയിൽ പോലും എന്റെ ഹൃദയത്തിലൂടൊരു മിന്നൽ പാഞ്ഞു പോയ്…

ഏറി പോയാൽ പത്തിരുപത്തേഴ് വയസ്സു പ്രായമുള്ളൊരു ചെറുപ്പക്കാരനാണ് തന്റെ ആംബുലൻസിന്റെ ഉള്ളിൽ പ്രാണനു വേണ്ടി പിടയുന്നത് എന്നോർമ്മ വന്നതും അയാളുടെ കാലുകൾ ആക്സിലേറ്ററിൽ അമർന്നു

ജീവൻ കയ്യിൽ പിടിച്ചെന്ന പോലെ നഗരത്തിലെ തിരക്കിനുള്ളിലൂടെ ആ ആംബുലൻസ് കുതിച്ചു പായുമ്പോൾ അതിനുള്ളിൽ രക്തമൊഴുകി അബോധാവസ്ഥയിൽ കിടക്കുന്ന ആ ചെറുപ്പക്കാരനെ കാത്ത് അങ്ങ് ദൂരെയൊരിടത്ത് ഒരച്ഛനും അമ്മയും വഴി കണ്ണുമായ് കാത്തിരിക്കുന്നുണ്ടായിരുന്നു

” അമ്മാ….

അതു തിരിച്ചറിഞ്ഞെന്ന പോലെ ആംബുലൻസിനുള്ളിൽ കിടന്നവനിൽ നിന്നൊരു വിളി ഉയർന്നു… ഒപ്പം അടഞ്ഞ കണ്ണുകൾക്കിടയിലൂടെ മിഴിനീർ ഒഴുകി ചിതറി

മരണത്തിനും ജീവിതത്തിനും ഇടയിലൂടെ സഞ്ചരിക്കുന്ന അനേകം ജീവനുകളെ ദിവസേനെ കാണുന്നതാണെങ്കിലും ആ ചെറുപ്പക്കാരന്റെ ജീവനു വേണ്ടി ആശുപത്രിമുറിക് പുറത്ത് രാപകൽ പ്രാർത്ഥിച്ചിരിക്കുന്ന അവന്റെ മാതാപിതാക്കൾ അയാളുടെയും കണ്ണു നനയിക്കുന്ന കാഴ്ചയായിരിന്നു..

അന്നാ അപകടം പറ്റി അവനെ ആശുപത്രിയിലാക്കി വന്നെങ്കിലും പതിവിൽ നിന്നു വിപരീതമായ് അയാൾ ദിവസേനെ അവന്റെ കാര്യങ്ങൾ അന്വോഷിക്കുമായിരുന്നു ..

തന്റെ ആംബുലൻസിൽ അയാൾ രക്ഷിച്ച എത്രയോ ജീവനെക്കാൾ പ്രാധാന്യം അയാൾ ഈ ചെറുപ്പക്കാരന്റെ ജീവനു നൽകി.. എന്താണെന്നറിയില്ലെങ്കിലും എന്തോ ഒന്നയാളെ അവനിലേക്ക് അടുപ്പിക്കുന്നുണ്ടായിരുന്നു.

ജിവിതത്തിലേക്ക് മടങ്ങി വരാൻ ഏറെ മോഹിച്ചവൻ ഐസിയുവിനുള്ളിൽ മരണവുമായ് മൽപ്പിടിത്തം നടത്തുമ്പോൾ ഒരു നാടു മുഴുവൻ അവന്റെ തിരിച്ചുവരവിനായ് പ്രാർത്ഥിച്ചു കൊണ്ട് ആ ആശുപത്രി മുറ്റത്തവന്റെ മാതാപിതാക്കൾക്കൊപ്പം നിന്നു

അത്രമേൽ പ്രിയങ്കരനായിരുന്നുഅവർക്കെല്ലാം അവൻ… അഭിറാം എന്ന അഭി …

സ്വന്തം മാതാപിതാക്കളെ പ്രാണനെക്കാൾ സ്നേഹിച്ചവൻ ,അവരുടെ സ്വപ്നങ്ങളിലൂടെ അവർക്കായ് മാത്രം ജീവിച്ചവൻ .. അവനാണിപ്പോ മരണത്തിനും ജീവിതത്തിനും ഇടയിൽ ..

”അഭീ… കണ്ടിട്ടില്ല ഞാൻ നിന്നെ ഒരിക്കൽ പോലും ..
നീയെന്താണെന്ന്, നീയെങ്ങനെയാണെന്ന് ഒന്നും എനിക്കറിയില്ല … പക്ഷെ എന്റെ ഉള്ളിൽ നിന്റെ ജീവനെ ചുമക്കുന്നുണ്ട് ഞാൻ..

“എനിക്ക് ജീവിക്കാനായ് ,നിന്റെ അച്ഛനെയും അമ്മയേയും ജീവിപ്പിക്കാനായ് ഞാനെന്റെ ഉദരത്തിൽ നിന്റെ കുഞ്ഞിനെ ചുമക്കുന്നുണ്ട് …

“നിന്റെ ഡയറി താളുകളിൽ നീ പകർത്തിവെച്ച നിന്റെ പ്രണയിനി എവിടെയാണെന്ന് കണ്ടെത്താൻ നിന്നെ സ്നേഹിച്ചവർക്കൊന്നും ഇതുവരെ സാധിച്ചിട്ടില്ല

”മരണത്തോട് പൊരുതി തോറ്റ് നീ പ്രാണനുപേക്ഷിച്ചപ്പോൾ അവളുമൊരുപക്ഷെ മറഞ്ഞിരുപ്പുണ്ടാവും ഇനിയാർക്കു മുന്നിലും നിന്റെ പെണ്ണെന്ന അവകാശത്തോടെ വരാൻ സാധിക്കാത്തതിനാൽ ..

നിന്റെയൊപ്പം നിന്റെ കൈപിടിച്ച് ഒരു പുതിയ ജീവിതം തുടങ്ങാനാഗ്രഹിച്ച ആ പെൺകുട്ടിയും ഇന്നൊരു വിധവയാണ് നിന്റെ വേർപ്പാടിലൂടെ …

അതിനവൾക്ക് നീ അണിയിച്ച താലിയോ നീ ചാർത്തിയ കുങ്കുമ ചുവപ്പോ വേണമെന്നില്ല നീ പകർന്നു നൽകിയ പ്രണയം മാത്രം മതി…

“നിന്റെ പ്രണയവും ലാളനയും ഏറ്റവൾ തളരുമ്പോൾ ,നിന്റെ പ്രണയത്തിലവൾ പൂത്തു തളിർത്തു നിൽക്കുമ്പോൾ അവളിലേക്ക് നിന്നെ പകർന്നു കൊടുത്ത് നീയും അവളും ഒന്നായ് ചേർന്ന് നിന്റെ വിയർപ്പവൾ രുചിയ്ക്കും നേരം നീ അവൾക്ക് നൽകാൻ ആഗ്രഹിച്ച നിന്റെ കുഞ്ഞ് നീയിതുവരെ കാണാത്ത നിന്നെ ഒരിക്കൽ പോലും അറിയാത്ത എന്റെ ഉദരത്തിൽ …
എന്തൊരു വിധിയാണിതല്ലേ അഭീ..

സ്വപ്നങ്ങൾ പങ്കുവെച്ചതും കിനാക്കൾ കണ്ടതും നിങ്ങൾ.. നിന്റെ നിശ്വാസങ്ങൾ കൊണ്ടു പോലും വികാരത്തിന്റെ കൊടുമുടി താണ്ടിയിരുന്ന നിന്റെ പെണ്ണിപ്പോൾ അറിയുന്നുണ്ടാവുമോ അവൾ ചുമക്കാനാഗ്രഹിച്ച നിന്റെ പ്രാണനെ ഞാൻ വഹിക്കുന്ന കാര്യം

“ഇതെന്റെയൊരു നിയോഗമായിരിക്കാം അഭീ … നിന്റെ അംശത്തെ ഗർഭത്തിൽ വഹിക്കാനുള്ള നിയോഗം

നിന്റെ അർദ്ധ പ്രാണനായിരുന്ന ശരീരവുമായ് ആശുപത്രിയിലേക്ക് പാഞ്ഞ ആ ആംബുലൻസ് ഡ്രൈവറായ എന്റെ അച്ഛനിലൂടെ എന്നിലേക്ക് എത്തിച്ചേർന്ന നിയോഗം

എത്രയോ നിരത്തുകളിൽ ജീവതത്തിലേക്ക് തിരിച്ചുവരാനാഗ്രഹിച്ച് ചതഞ്ഞും തകർന്നും കിടന്നിരുന്ന ഒരുപാടു ജീവനുകളെ സ്വന്തം കയ്യാൽ രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ സാധിച്ച എന്റെ അച്ഛന് നീ അപകടം പറ്റി വീണു കിടന്ന അതേ റോഡരികിൽ നാലു വർഷങ്ങൾക്കു മുമ്പ് രക്തം വാർന്നു കിടന്ന എന്റെ കുഞ്ഞിനെയും അവന്റെ അച്ഛനെയും കണ്ടെത്തി രക്ഷിക്കാൻ കഴിഞ്ഞില്ല..

അവരുടെ മരണത്തിലൂടെ പ്രതീക്ഷകൾ നശിച്ചൊരു പാഴ്ജന്മമായ് പോയ എന്നെയോർത്തു ഉരുകി ജീവിച്ച എന്റെ അച്ഛൻ നിന്റെ മരണത്തിനപ്പുറവും നിന്റെ മാതാപിതാക്കൾക്ക് മുന്നോട്ട് ജീവിക്കാൻ നിന്നിൽ നിന്നെടുക്കുന്ന ബീജത്തിന് സാധിക്കുമെന്ന റിഞ്ഞപ്പോൾ അതിനെ വഹിക്കാനുള്ള ഉദരം കണ്ടെത്തിയത് എന്നിലാണ് ..

ഇതൊരു നിയോഗം തന്നെയാണ് അഭി എനിയ്ക്കും നിനക്കും പിന്നെ നമ്മളെ ചുറ്റിയിരിക്കുന്ന ഒട്ടനേകം ജീവനുകൾക്കും അവിടെ ഞാനില്ല ..നീയില്ല.. പരസ്പരം ഇന്നു വരെ കാണാത്ത ഇനിയൊരിക്കലും കാണില്ലാത്ത നമ്മൾ മാത്രമേ ഉള്ളു…

അഭീ…നീയുണ്ടാവണം കാവലായ് നിന്റെ ജീവന് ..

മരണത്തിനപ്പുറമൊരു ലോകത്തിരുന്ന് എന്റെ കുഞ്ഞിനും അവന്റെ അച്ഛനുമൊപ്പം നീ കൂടിയുണ്ടാവും ഈ നിയോഗം പൂർത്തിയാക്കാനെനിക്കൊപ്പമെന്ന വിശ്വാസത്തിൽ മുന്നോട്ടു പോവുകയാണ് ഞാൻ

അഭിറാമിന്റെ ഡയറി അടച്ചു വെച്ചൊരു നിശ്വാസത്തോടെ കൃഷ്ണ ഉറക്കത്തെ പുൽകുമ്പോൾ പുറത്തെ ഇനിയും നനവു മാറാത്തൊരു മൺകൂനക്കരികിൽ നിന്നൊരു കാറ്റ് അവളെ തഴുകി കടന്നു പോയ് അവൾക്കും ഇനി പിറക്കാനിരിക്കുന്ന തന്റെ കുഞ്ഞിനും അതിൽ മാത്രം പ്രതീക്ഷയുന്നിയിരിക്കുന്ന തന്റെ മാതാപിതാക്കൾക്കും കാവലായ് താനെന്നും അവർക്കൊപ്പമുണ്ടാവുമെന്ന് പറയാതെ പറഞ്ഞു കൊണ്ട് ….

അപ്പോഴും അങ്ങ് ദൂരെയൊരിടത്ത് ഒരുവൾ ഒരാളും ശ്രദ്ധിക്കാനിടയില്ലാത്തൊരിടത്ത് തന്റെ പ്രാണൻ നഷ്ട്ടപ്പെട്ട ശരീരത്തിന് കാവലായ് നിന്നിരുന്നു ..

അഭിയുടെ മാത്രം പെണ്ണായ് ,അവന്റെ പ്രണയത്തിന്റെ പാലാഴിയിൽ ജീവിതം ജീവിച്ചു തീർക്കാനാഗ്രഹിച്ചവൾക്ക് അവന്റെ വേർപ്പാടിന്റെ വേദന താങ്ങാൻ കഴിഞ്ഞില്ല..

അവന്റെ പെണ്ണെന്ന അവകാശത്തോടെ എവിടേയ്ക്കും കടന്നു ചെല്ലാൻ പറ്റാതെ ബന്ധങ്ങളുടെ ബന്ധനങ്ങളിൽ മുറുകി പോയവൾ ഒടുവിൽ എല്ലായിടത്തു നിന്നും രക്ഷ നേടി ഒരനാഥ ശവശരീരമായ് ആ വഴിവക്കിൽ ആരെയോ പ്രതീക്ഷിച്ചെന്ന പോലെ കാത്തു കിടക്കുമ്പോൾ അതിനെ തേടി എന്നതുപോലെ ദൂരെ നിന്നൊരു ആംബുലസിന്റ ശബ്ദമാ രാത്രിയുടെ നിശബ്ദതയെ കീറി മുറിച്ചു കൊണ്ട് കേൾക്കുന്നുണ്ടായിരുന്നന്നേരം

 

രജിത ജയൻ