മറ്റേ കല്യാണം മുടങ്ങിപ്പോയടോ..സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഒരു സമാധാനമായത്.. ഒരു കള്ള ചിരി ചിരിച്ചുകൊണ്ട്..

(രചന: ശ്രേയ)

നാട്ടിൽ നിന്ന് മാറി നിൽക്കാൻ തീരെ താല്പര്യം ഇല്ലാത്ത ഒരാളാണ് താൻ.. അങ്ങനെ ഉള്ള തനിക്ക് കിട്ടിയ വല്യ ഒരു പണി ആണ് ദേ ഇത്..

അതും ചിന്തിച്ചു കൊണ്ട് അവൻ കൈയിൽ ഇരിക്കുന്ന അപ്പോയ്ന്റ്മെന്റ് ലെറ്ററിലേക്ക് നോക്കി. അവന്റെ ഭാവങ്ങൾ ശ്രദ്ധിച്ചു നിന്ന അമ്മയ്ക്ക് കാര്യം മനസ്സിലായി.

” നീ ഇത് എന്തും ആലോചിച്ച് നിൽക്കുകയാണ്.? അപ്പോയിൻമെന്റ് ലെറ്റർ വന്നതിന് സന്തോഷിക്കുന്നതിന് പകരം നിന്റെ മുഖം ആകെ മൂടി കെട്ടിയിരിക്കുകയാണല്ലോ..? ”

അമ്മ ചോദിച്ചപ്പോൾ അവൻ ദയനീയമായി അമ്മയെ നോക്കി.

“എന്താടാ..?”

ആകുലതയോടെ അമ്മ അന്വേഷിച്ചു.

” എനിക്ക് ജോലി കിട്ടി എന്നുള്ളതൊക്കെ ശരി തന്നെ. പക്ഷേ ഫസ്റ്റ് പോസ്റ്റിംഗ് എവിടെയാണെന്ന് അമ്മയ്ക്ക് അറിയാമോ..? പാലക്കാടാണ്.. തിരുവനന്തപുരത്തു നിന്ന് പാലക്കാട് വരെ പോയി ജോലി ചെയ്യാൻ ഒന്നും എനിക്ക് പറ്റില്ല.”

അവൻ പറഞ്ഞപ്പോൾ അമ്മ അവനെ കൂർപ്പിച്ചു നോക്കി.

” പിന്നെ എന്താ നിന്റെ ഉദ്ദേശം..? ഇപ്പൊത്തന്നെ ഗവൺമെന്റ് ജോലി വേണം എന്നുള്ള പേരിൽ ഉണ്ടായിരുന്ന ഒരു ജോലിയും കളഞ്ഞ് തലയും കുത്തി നിന്ന് പഠിച്ചിട്ടാണ് നിനക്ക് ഇപ്പോൾ ഈ പോസ്റ്റിങ്ങ് ആയിരിക്കുന്നത്. ഇതിനും പോകാതെ നീ പിന്നെ വീണ്ടും എന്തിന്റെ പേരിലാണ് ഈ കറങ്ങാൻ നടക്കുന്നത്..? അച്ഛന് ചെറുപ്പകാലം അല്ല എന്ന് മറന്നു പോകരുത്. ”

അമ്മ ഓർമിപ്പിക്കുന്നത് പോലെ പറഞ്ഞപ്പോൾ അവൻ അമ്മയെ ഒന്ന് നോക്കി.

” അമ്മേ നാടുവിട്ടു പുറത്തേക്കു പോകാൻ എനിക്കിഷ്ടമല്ലാത്തതു കൊണ്ട് മാത്രമാണ് ഞാൻ പിഎസ്സി പഠിച്ചത്. പക്ഷേ ഇതിപ്പോൾ എന്റെ നാട്ടിൽ നിന്ന് വല്ല നാട്ടിലും പോയി ജോലി ചെയ്യുക എന്നൊക്കെ പറഞ്ഞാൽ.. ”

അമ്മയുടെ നോട്ടം കണ്ടപ്പോൾ അവൻ പറയാൻ വന്നത് പകുതിക്ക് നിർത്തി.

” സ്വന്തം നാട്ടിൽ തന്നെ ജോലി ചെയ്യണം എന്നൊക്കെയുള്ളത് നമ്മുടെ മോഹം മാത്രമാണ്. അതങ്ങനെ തന്നെ നടക്കണം എന്ന് നിർബന്ധമൊന്നുമില്ല. പിന്നെ നിനക്ക് ഇപ്പോൾ അവിടെ ജോലി കിട്ടി എന്ന് കരുതി സ്ഥിരമായി അവിടെ തന്നെ നിൽക്കണം എന്നൊന്നും ഇല്ലല്ലോ. മാസത്തിൽ നാട്ടിലേക്ക് വരാം. അല്ലെങ്കിൽ അവധി കിട്ടുമ്പോഴൊക്കെ വന്നു പോകാം. പിന്നെ ഒന്നു രണ്ടുവർഷം കഴിയുമ്പോൾ ഇവിടെയൊക്കെ ട്രാൻസ്ഫറിനെ ശ്രമിക്കാവുന്നതല്ലേ ഉള്ളൂ..? ”

അമ്മ പറഞ്ഞപ്പോൾ വലിയ താല്പര്യം ഇല്ലെങ്കിലും അവൻ തലയാട്ടി

” മോൻ വിഷമിക്കേണ്ട.. കിട്ടിയ ജോലി കളയരുത് മോനെ. ഇത് കളഞ്ഞാൽ ഇനി നല്ലതു ഒരെണ്ണം വേറെ എപ്പോൾ കിട്ടാനാണ്..? ”

അമ്മ പറയുമ്പോൾ അത് ശരിയാണെന്ന് അവനും തോന്നുന്നുണ്ടായിരുന്നു. എത്രയെന്ന് കരുതിയാണ് അച്ഛനെ ബുദ്ധിമുട്ടിക്കുന്നത്..!

അമ്മയുടെയും കൂട്ടുകാരുടെയും ഒക്കെ നിർബന്ധത്തിനു വഴങ്ങിയാണ് പാലക്കാട്ടേക്ക് പോകാൻ അവൻ തീരുമാനിച്ചത്. പക്ഷേ ആ തീരുമാനമെടുക്കുന്ന നിമിഷം അവൻ അറിയില്ലായിരുന്നു ആ യാത്ര അവന്റെ ജീവിതത്തിന്റെ ഭാഗമായി മാറുമെന്ന്.

അവൻ അവിടെ ജോലിക്ക് ചെന്ന് ആദ്യത്തെ ആഴ്ചയിൽ തന്നെ അവന് പല സുഹൃത്തുക്കളെയും കിട്ടി. അപ്പോഴും അവനു തൊട്ടടുത്തുള്ള സീറ്റിൽ മാത്രം ആള് ഒഴിവായിരുന്നു. അവിടെയുള്ള പലരും വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ആൾ ആയതുകൊണ്ട് തന്നെ അവനും അവരും തമ്മിൽ പ്രായത്തിന്റെ ഒരുപാട് വ്യത്യാസമുണ്ടായിരുന്നു.

അതുകൊണ്ട് തൊട്ടടുത്ത സീറ്റിലുള്ള ആളെങ്കിലും തന്റെ പ്രായത്തിന് അനുസരിച്ചുള്ള ആളായിരിക്കണം എന്നൊരു പ്രാർത്ഥന അവനിൽ ഉണ്ടായിരുന്നു.

ആദ്യത്തെ കുറച്ച് നാളുകൾ അവൻ അവിടെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടി. പിന്നെ തന്റെ ജോലിയുടെ ഭാഗമാണ് എന്ന് അറിയുന്നതുകൊണ്ട് തന്നെ അതൊക്കെയും മറവിയിലേക്ക് വിട്ടു കളയാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു.

അവൻ കാത്തു കാത്തിരുന്നു അവന്റെ തൊട്ടപ്പുറത്തെ സീറ്റിലേക്ക് ആള് വന്നു. അത് ഒരു പെൺകുട്ടി ആയിരുന്നതു കൊണ്ട് തന്നെ അങ്ങോട്ട് പോയി മിണ്ടാൻ അവനെ ഒരു ചമ്മൽ തോന്നുന്നുണ്ടായിരുന്നു.

എങ്കിലും മര്യാദയുടെ പുറത്ത് സംസാരിക്കാതിരിക്കുന്നത് ശരിയല്ലല്ലോ. അതുകൊണ്ടു തന്നെ അവർ തമ്മിൽ പരസ്പരം പരിചയപ്പെട്ടു.

അവനും മുൻപ് തന്നെ അവൾ അവിടെ ജോയിൻ ചെയ്തതാണ്. പക്ഷേ വീട്ടിൽ ഒരു കല്യാണം നടന്നതുകൊണ്ട് തന്നെ അതിന്റെ പേരിലുള്ള ലീവ് ആയിരുന്നു കഴിഞ്ഞ ഒരാഴ്ചയായിട്ടും.

അവളുടെ സഹോദരിയുടെ വിവാഹമായിരുന്നു.പരസ്പരം കാര്യങ്ങളൊക്കെ പറഞ്ഞു അവർ തമ്മിൽ ഒരു സൗഹൃദം രൂപപ്പെട്ടു.

മാസങ്ങൾ കടന്നു പോകുമ്പോൾ അവളുടെ സാമീപ്യം ഉള്ളതുകൊണ്ട് തന്നെ അവന് ആ ഓഫീസിൽ നിന്ന് മാറണം എന്നുള്ള ചിന്തയൊന്നും ഇല്ലാതെയായി. അവിടുത്തെ ഓരോ ദിവസങ്ങളും അവൻ ആസ്വദിക്കാൻ തുടങ്ങി.

അവന്റെ മാറ്റങ്ങൾ അവൻ പറയാതെ തന്നെ അവന്റെ അമ്മ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

“ഇവിടെ നിന്ന് ജോലിക്ക് പോകാൻ ഇഷ്ടമില്ലാത്ത ചെറുക്കനായിരുന്നു.. ഇതിപ്പോൾ അങ്ങോട്ട് പോയി കഴിഞ്ഞിട്ട് ഇങ്ങോട്ട് മടങ്ങിവരണം എന്നുള്ള ചിന്തയൊന്നും ഇല്ലല്ലോ..”

ഒരിക്കൽ ഫോൺ ചെയ്തപ്പോൾ അമ്മ ഒരു പരാതി പോലെ പറഞ്ഞു. അത് കേട്ടപ്പോഴാണ് അവനും അതിനെക്കുറിച്ച് ചിന്തിച്ചത്.

” നിന്നെ ഒന്ന് കാണണമെങ്കിൽ ഞങ്ങൾ ഇപ്പോൾ മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. നീ ഇങ്ങോട്ട് വന്നു പോയിട്ട് രണ്ടുമാസത്തോളം ആകുന്നു എന്ന് മറക്കരുത്.”

അമ്മ ഓർമിപ്പിച്ചപ്പോൾ അവന് കുറ്റബോധം തോന്നി. തൊട്ടടുത്ത അവധിക്ക് എന്തായാലും വീട്ടിലേക്ക് ചെല്ലാം എന്ന് വാക്ക് കൊടുത്തിട്ടാണ് അവൻ ഫോൺ വച്ചത്.

വാക്കു പറഞ്ഞതുപോലെ തന്നെ തൊട്ടടുത്ത അവധിക്ക് അവൻ വീട്ടിലേക്ക് പോയി. അവധി കൂടാതെ ഒന്ന് രണ്ട് ദിവസത്തെ ലീവും അവൻ എടുത്തിട്ടുണ്ടായിരുന്നു.

പക്ഷേ അവിടെ ചെന്നത് മുതൽ അവന് അവളുടെ സാമീപ്യം മിസ്സ് ചെയ്യാൻ തുടങ്ങി. അവളെ ഒന്ന് കാണാൻ വല്ലാത്ത ഒരു ആഗ്രഹം തോന്നിത്തുടങ്ങി. ആദ്യമൊക്കെ തങ്ങൾ തമ്മിലുള്ളത് സൗഹൃദം മാത്രമാണ് എന്ന് അവർ തമ്മിൽ പറഞ്ഞിരുന്നു എങ്കിലും തന്റെ മനസ്സിൽ അവൾക്ക് അതിനു മേലെ ഒരു സ്ഥാനമുണ്ട് എന്ന് അവൻ ഉറപ്പിക്കുകയായിരുന്നു.

നാട്ടിൽ നിന്ന് ലീവ് കഴിഞ്ഞ് അവിടെ എത്തിയപ്പോൾ അവനെ കാത്തിരുന്നത് അവളുടെ വിവാഹം ഉറപ്പിച്ചു എന്നുള്ള വാർത്തയായിരുന്നു. അത് കേട്ടതോടെ അവൻ ആകെ തകർന്നു പോയി.

” തനിക്ക് ഇത്രയും വേഗം വിവാഹം നോക്കും എന്നൊന്നും എനിക്കറിയില്ലായിരുന്നു. തനിക്ക് വിവാഹം നോക്കുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ.. ”

അവൻ ഒരു പരാതി പോലെ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിച്ചു.

” നേരത്തെ പറഞ്ഞിട്ടെന്തിനാ..?”

അവൾ ചോദിച്ചപ്പോൾ ഒരു നിമിഷം അവൻ മൗനം പാലിച്ചു. പിന്നെ ധൈര്യപൂർവ്വം അവളുടെ കണ്ണിലേക്ക് നോക്കി.

” നേരത്തെ പറഞ്ഞിരുന്നെങ്കിൽ തന്നെ എനിക്ക് ഇഷ്ടമാണ് എന്ന് നേരത്തെ തന്നെ ഞാൻ തന്നെ അറിയിച്ചേനെ. മറ്റാർക്കും തന്നെ വിട്ടുകൊടുക്കാൻ എനിക്കിഷ്ടമല്ല എന്ന് ഞാൻ പറഞ്ഞേനെ. ”

അവൻ പറഞ്ഞപ്പോൾ അവൾ പകച്ചു കൊണ്ട് അവനെ നോക്കി.

“ഞാൻ പറഞ്ഞത് സത്യമാടോ.. എനിക്ക് തന്നെ ഇഷ്ടമാണ്. താനില്ലെങ്കിൽ എന്റെ ലൈഫ് കമ്പ്ലീറ്റ് ആവില്ല എന്നൊരു തോന്നൽ. ഇത്തവണ വീട്ടിൽ പോയപ്പോഴാണ് എനിക്ക് അത് വ്യക്തമായി മനസ്സിലായത്. തന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കണം എന്ന് ഉറപ്പിച്ചു കൊണ്ടാണ് ഞാൻ തിരിച്ചു വന്നതു പോലും. പക്ഷേ അപ്പോഴേക്കും…”

അവൻ സങ്കടത്തോടെ പറയുമ്പോൾ അവനെ കൃത്യമായ ഒരു മറുപടി കൊടുക്കാൻ അവൾക്കും കഴിയുന്നുണ്ടായിരുന്നില്ല.

പിന്നീടുള്ള ദിവസങ്ങൾ ഒക്കെ അവളോട് ഒരു അകലം പാലിക്കാൻ അവൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ തന്റെ ഉള്ളിലെ ഇഷ്ടം അവൾക്ക് ഒരു ബുദ്ധിമുട്ട് ആകരുത് എന്നുള്ള തോന്നൽ കൊണ്ടായിരിക്കണം.

അവളുടെ മുഖവും ആകെ സങ്കടം നിറഞ്ഞതായിരുന്നു. ദിവസങ്ങൾക്ക് ശേഷം അവൾ ഓഫീസിലേക്ക് വന്നപ്പോൾ അവളുടെ മുഖം വിടർന്നിരുന്നു. അതിന്റെ കാരണം അന്വേഷിക്കണം എന്നുണ്ടായിരുന്നെങ്കിലും തനിക്ക് അതിനുള്ള സ്വാതന്ത്ര്യം ഉണ്ടോ എന്ന് അവന് സംശയമായിരുന്നു.

പക്ഷേ അവനെ ഞെട്ടിച്ചുകൊണ്ട് അവൾ അവന്റെ അടുത്തേക്ക് വന്നു.

” അതെ അന്ന് പറഞ്ഞ ഇഷ്ടം ഇപ്പോഴും മനസ്സിൽ ഉണ്ടോ..?”

അവൾ ചോദിക്കുന്നതിന് അർത്ഥം എന്താണെന്ന് അറിയില്ലെങ്കിലും അവൻ അതേ എന്ന് തലയാട്ടി.

” എങ്കിൽ താൻ തന്നെ വീട്ടിൽ പറഞ്ഞിട്ട് എത്രയും വേഗം ഒരു പ്രൊപ്പോസൽ ആയിട്ട് വീട്ടിലേക്ക് വാ.. നമുക്ക് അതിനു പരിഹാരം ഉണ്ടാക്കാം.. ”

അവൾ പറഞ്ഞപ്പോൾ അവൻ അന്തിച്ചുകൊണ്ട് അവളെ നോക്കി.

” മറ്റേ കല്യാണം മുടങ്ങിപ്പോയടോ..സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഒരു സമാധാനമായത്.. ”

ഒരു കള്ള ചിരി ചിരിച്ചുകൊണ്ട് അവൾ അത് പറയുമ്പോൾ അവനും ചിരിച്ചു പോയിരുന്നു.

എന്തായാലും രണ്ടു വീട്ടിലും പറഞ്ഞു സമ്മതിപ്പിച്ച് വിവാഹം നടന്നു.

സ്വന്തം നാട്ടിൽ നിന്ന് മാറി മറ്റൊരു നാട്ടിൽ പോയി ജോലി ചെയ്യാൻ താല്പര്യം പോലും ഇല്ലാതിരുന്ന താൻ ഇപ്പോൾ മാസത്തിൽ ഒന്ന് എന്ന് കണക്കിന് തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് ട്രിപ്പ് അടിക്കുന്നുണ്ട്..

നെടുവീർപ്പോടെ അവൻ ചിന്തിച്ചു കഴിഞ്ഞപ്പോഴേക്കും അവൾ അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു കഴിഞ്ഞിരുന്നു.