പക്ഷേ വിവാഹം കഴിഞ്ഞ് ഇന്നുവരെ ഞങ്ങൾ രണ്ടു പേരും രണ്ടു മുറിയിൽ, ഒരിക്കൽ..

തിരിച്ചറിവ്
(രചന: Aneesha Sudhish)

ആവേശത്തോടെ അവൻ അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു … ആ വിറയാർന്ന ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഏതോ ഒരു കാന്തിക ശക്തി അവളെ അവനിലേക്കടുപ്പിച്ചു.

പക്ഷേ, ചെയ്യുന്നത് തെറ്റാണെന്നൊരു ബോധം അവളുടെ മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. മ ദ്യ ത്തിൻ്റെ മണമുള്ള ആ ചുടുനിശ്വാസം അവളെ ഉന്മാദത്തിലാക്കി.

അവളുടെ വികാരത്തെ അടക്കി നിർത്തുവാനായില്ല.

ഗോപൂ… അവൻ പതിയെ വിളിച്ചു. ആ വിളി അവളിൽ ഒരു ഞെട്ടലുണ്ടാക്കി. ഗിരീ ഞാൻ നിന്റെ ഭാര്യ ഗോപുവല്ല, ശാരിയാണ് എന്നവൾക്ക് പറയണമെന്നുണ്ടായിരുന്നു.

പക്ഷേ, അവൻ്റെ ചൂടും നിശ്വാസവും തട്ടിയപ്പോൾ, ആ കരവലയത്തിൽ ഒതുങ്ങിയപ്പോൾ അവൾ അലിഞ്ഞലിഞ്ഞില്ലാതായി.

ഒരു പെണ്ണെന്ന നിലയിൽ പൂർണ്ണതയിലേക്ക് എത്തുന്ന നിമിഷം. അതില്ലാതാക്കാൻ അവൾ ആഗ്രഹിച്ചില്ല. അവൾ അവനെ അമർത്തി ചുംബിച്ചു… അവനിലേക്ക് കൂടുതൽ കൂടുതൽ ആവേശത്തോടെ അവൾ ആഴ്ന്നിറങ്ങി.

ഈ സമയം ഗോപുവും മോനും പുറത്ത് ഓട്ടോയിൽ വന്നിറങ്ങി. ഓട്ടോക്കാരന് പൈസ കൊടുത്ത് ബാക്കി തന്നത് എണ്ണി നോക്കി. എന്റെ ദേവീ…..

ഗിരിയേട്ടൻ തന്ന കാശ് തീർന്നല്ലോ ബാക്കിയുള്ളത് ഇനി ഈ ചില്ലറ മാത്രം. കൈൽ കാശ് തരുമ്പോളേ പറഞ്ഞതാണ് അനാവശ്യമായി ചിലവാക്കരുത്,

ഇതിപ്പം മോൻ കൂടി ഉള്ളതുകൊണ്ടാണ് കുറച്ചു പൈസ കൂടുതൽ തരുന്നത് എന്ന്. വീട്ടിലേയ്ക്ക് കേറി ചെല്ലുമ്പോൾ വെറും കൈയും വീശി ചെല്ലണ്ട എന്നോർത്താ ഗിരിയേട്ടൻ തന്ന പൈസയിൽ നിന്ന് കുറച്ചെടുത്ത് ഉഴുന്നുവട വാങ്ങിയത്.

ഇനി ആ കണക്ക് എവിടെ കൊള്ളിയ്ക്കും? ഇനി ഗിരിയേട്ടനു മുമ്പിൽ കണക്കവതരിപ്പിക്കുമ്പോൾ ഉഴുന്നവടയുടെ കേട്ടാൽ പിന്നെ അതുമതി ഇന്നത്തേക്ക് അനാവശ്യമായി പൈസ ചെലവാക്കിയെന്നും പറഞ്ഞ് വഴക്കിന് വരാൻ.

അല്ലെങ്കിലും ജോലിയില്ലാത്ത വീട്ടമ്മമാരുടെ ജീവിതം ഇങ്ങനെയാ.. എത്ര ചെലവ് ചുരുക്കിയാലും പറയും അനാവശ്യമായി ചെലവാക്കുന്നുവെന്ന്.

എന്താ ഗോപൂ തനിയെ നിന്ന് സംസാരിയ്ക്കുന്നേ?

അവൾ തിരിഞ്ഞു നോക്കി …. അയലത്തെ രാധേച്ചി.

ഒന്നൂല്ല്യ രാധേച്ചി ഞാൻ വെറുതെ….

നീ വീട്ടീന്ന് വരുന്ന വഴിയാണോ?

അതേ…

വീട്ടിലെന്താ വിശേഷം?

വിശേഷമൊന്നുമില്ല ചേച്ചി . അനിയത്തിയെ കാണാൻ ഒരു കൂട്ടര് വരുമെന്ന് പറഞ്ഞിരുന്നു അതുകൊണ്ട് പോയതാ.

അപ്പോൾ ഗിരി വന്നില്ലേ?

ഇല്ല. ഗിരിയേട്ടന് ഒരു കല്ല്യാണമുണ്ടായിരുന്നു. പിന്നെ പെണ്ണ് കാണാൻ വന്നതല്ലേയുള്ളൂ

എന്നിട്ട് എങ്ങനെയുണ്ട് മോളേ നല്ല കൂട്ടരാണോ?

ഇത് നടക്കൂന്ന് തോന്നണില്ല അവരൊക്കെ വല്യ കൂട്ടരാ. ചെക്കൻ സ്കൂൾ മാഷാ പിന്നെ അച്ഛനും അമ്മയും ജോലിക്കാരാണ്.

ഞങ്ങളുടെ വീട്ടിലെ സ്ഥിതി ചേച്ചിക്കറിയാവുന്നതല്ലേ? എന്നെ കെട്ടിച്ചതും പ്രസവത്തിൻ്റെയും കടങ്ങൾ ഇപ്പോഴും തീർന്നിട്ടില്ല.

അതൊക്കെ ശരിയാകും മോളെ…വിഷമിക്കാതെ. അച്ചുമോൻ എന്താ ഉറങ്ങാണോ?

അതേ ചേച്ചി അവൻ വണ്ടിയിൽ കയറിയാൽ പിന്നെ ഉറക്കമാ. ഇനി കുറച്ച് കഴിയണം എഴുന്നേൽക്കാൻ. ഉറക്കത്തിൻ്റെ കാര്യത്തിൽ അവൻ അച്ഛനെ പോലെയാ.

ആന കുത്തിയാൽ പോലും എഴുന്നേൽക്കില്ല. ഞാൻ പോട്ടെ ചേച്ചി. വീട്ടിൽ നിന്ന് പോയിട്ട് രണ്ടു ദിവസമായി വീട്ടിലെ അവസ്ഥ എന്തായെന്തോ..

ശരി മോളെ, ചെന്ന് മോനെ കിടത്ത് എത്ര നേരായി ഇങ്ങനെ?

ഗോപു വീട്ടിലേക്ക് കയറി. വാതിലും തുറന്നിട്ട് ഇങ്ങേരി തെവിടെ പോയി? അടിച്ചു ഫിറ്റായി കിടക്കാണോ? ബൈക്കും കാണുന്നില്ലല്ലോ? ഇനി വല്ല കള്ളന്മാരും കയറി കാണോ? അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി ചുറ്റും നോക്കി.

അകത്താരുമില്ല. റൂമിൽ നിന്ന് ഫാനിൻ്റെ കട കട ശബ്ദം മാത്രം കേൾക്കുന്നുണ്ട് അവൾ ബാഗ് കസേരയിൽ വെച്ചു എന്നിട്ട് റൂമിൻ്റെ വാതിലിൽ തള്ളി.

അകത്തെ കാഴ്ച കണ്ട് ഗോപു ഞെട്ടി തകർന്നു…. ഗിരിയേട്ടൻ്റെ അടുത്ത്… കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ. താഴെ വീഴാതിരിക്കാൻ അവൾ ചുമരിൽ താങ്ങി നിന്നു.

അപ്പോഴേക്കും അച്ചു ഉണർന്നു താഴേക്ക് ഇറങ്ങുവാൻ നോക്കി. ഗോപു മോനെ താഴെ നിർത്തി. അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ഒലിച്ചിറങ്ങി. ഒന്നുറക്കെ കരയാൻ പോലും അവൾക്കായില്ല. അച്ചു അവൻ്റെ അച്ഛനരികിലെത്തി.

ച്ഛാ…..അവനെ കുലുക്കി വിളിച്ചു. ആ വിളി കേട്ട് ഗിരി കണ്ണു തുറന്നു. അ..ച്ഛ.. ന്റെ… പൊ.. ന്നേ…

മ ദ്യ ത്തിൻ്റെ ലഹരിയിൽ അവൻ്റെ വാക്കുകൾ മുറിഞ്ഞു. അച്ചുവിനെ എടുക്കാൻ ശ്രമിച്ചെങ്കിലും അവനായില്ല.

പക്ഷേ ഇതു കണ്ട ശാരി ഞെട്ടി.

ഗോപൂ…..അവളുടെ ചുണ്ടുകൾ വിറച്ചു. ബെഡിൽ നിന്നുo വേഗം എഴുന്നേറ്റു.

അപ്പോഴാണ് തൻ്റെ കൂടെ കിടന്നത് ഗോപുവല്ല എന്ന സത്യം ഗിരി തിരിച്ചറിഞ്ഞത്.

ശാരീ…. നീ…

അപ്പോൾ ഗോപു…

എനിക്ക്… എനിക്കെന്താ പറ്റിയത്. അവൻ തലയക്ക് കൈ കൊടുത്തിരുന്നു.

ഈശ്വരാ എല്ലാം കൈവിട്ടു പോവാണോ? അവൻ വേച്ചു വേച്ച് ഗോപുവിൻ്റെ അടുത്തേക്ക് ചെന്നു

ഗോപു… ഞാൻ…നീയാണെന്ന് വിചാരിച്ച്…. അല്ലാതെ….

മിണ്ടിപോകരുത് ….. ഇതിനാണല്ലേ കൂട്ടുകാരൻ്റെ കല്യാണമാണെന്നും പറഞ്ഞ് എന്നെ ഒറ്റയ്ക്ക് പറഞ്ഞയച്ചത്..

എല്ലാ പെണ്ണുങ്ങളെയും ഞാനാണെന്ന് വിചാരിച്ചാൽ പിന്നെ കാര്യം എളുപ്പമാവില്ലേ?

നിങ്ങൾ എന്നെ മാത്രമല്ല നമ്മുടെ കുഞ്ഞിനേയും ചതിച്ചില്ലേ? എന്ത് തെറ്റാ ഞാൻ നിങ്ങളോട് ചെയ്തത്?

അവൾ പൊട്ടി കരഞ്ഞു. ഞാനാണ് ഇങ്ങനെ ചെയ്തതെങ്കിൽ നിങ്ങൾ എന്നോട് പൊറുക്കോ? ഒന്നോർത്തു നോക്ക്….

ഒരിക്കൽ ആരോ നമ്പർ തെറ്റി എൻ്റെ ഫോണിലേക്ക് വിളിച്ചപ്പോൾ നിങ്ങൾ ഉണ്ടാക്കിയ പുകില് …. എൻ്റെ കാമുകനാണെന്നു് പറഞ്ഞ് എത്ര നാൾ എന്നോട് വഴക്കിട്ടു.. എന്നിട്ട് ഇപ്പോൾ നിങ്ങൾ ചെയ്തതോ?

ഗോപൂ…. ഞാൻ…മ ദ്യ ത്തിൻ്റെ പുറത്ത് എൻ്റെ തെറ്റാണ് സമ്മതിച്ചു. അവൻ അവളുടെ കൈയ്യിൽ പിടിച്ചു.

തൊട്ടു പോകരുത് …. അവൾ ഗർജ്ജിച്ചു

മറ്റൊരു പെണ്ണിനോട് ശരീരം പങ്കുവെച്ച നിങ്ങളോട് എനിക്കറപ്പാണ്….

ഇതൊക്കെ കേട്ട് നിശബ്ദം കരയാനേ ശാരിക്കായുള്ളൂ. ഈ നിമിഷം ഞാനൊന്ന് മരിച്ചു പോയെങ്കിലെന്ന് ശാരി ആഗ്രഹിച്ചു.

ഗോപുവിൻ്റെ ഓരോ വാക്കും അവളുടെ ചങ്കിൽ തറച്ചു കയറി. തൻ്റെ ആഗ്രഹത്തിനു വേണ്ടി രണ്ടു പേരുടെ ജീവിതം ഇല്ലാതാക്കി തീർത്തവൾ.

സമൂഹം ഇനിയെങ്ങനെ തന്നെ നോക്കിക്കാണും. ഞാനിനി എങ്ങനെ എൻ്റെ ഭർത്താവിൻ്റെ മുഖത്തു നോക്കും. കുട്ടികൾ അമ്മയെന്നു വിളിച്ച നാവുകൊണ്ട് അവർ ഇനി എന്നെ…..

ഗോപു ശാരിയുടെ നേരെ തിരിഞ്ഞു. എന്നാലും ശാരേച്ചി നിങ്ങളെ ഞാനെൻ്റെ ചേച്ചിയുടെ സ്ഥാനത്താണ് കണ്ടത്
എന്നിട്ട്..; എന്നോടിത് ചെയ്തല്ലോ

നിങ്ങൾക്കും ഇല്ലേ? ഒരു കുടുംബം, ഭർത്താവ്, കുട്ടികൾ എന്നിട്ടെന്തിനാ എൻ്റെ കുടുംബം തകർത്തത്?

ഗോപു കണ്ണു തുടച്ചു. ഇനി നിങ്ങളായി നിങ്ങടെ പാടായി നിങ്ങളുടെ ഇടയിൽ ഒരു ശല്യമായി ഞാനും എൻ്റെ മോനും വരില്ല. അതവളുടെ ഉറച്ച തീരുമാനമായിരുന്നു…

ഈ സമയം അച്ചു ഗിരിയുടെ കൈയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു.. ച്ച്ഛാ… വാ…. കളിച്ചാ….

മോനേ വിട് .. അച്ഛൻ കളിച്ചോണ്ടിരിക്കുവാ. നല്ല ഉഗ്രൻ കളി…….

പക്ഷേ, അത് നമ്മുടെ ജീവിതം വച്ചായിരുന്നെന്ന് മാത്രം. ഗോപു അച്ചുവിനെ വാരിയെടുത്തു പുറത്തേക്ക് പോയി

മ്മാ…. വിട്……. ച്ഛാ….. അവൻ കയ്യും കാലുമിട്ടടിച്ച് അലറിക്കരഞ്ഞു.

ഗോപു നിൽക്ക്. ഞാനൊന്ന് പറയട്ടെ. പിൻവിളി കേൾക്കാതെ അവൾ അപ്പോളേക്കും ഒരു ഓട്ടോയിൽ കയറി പോയിരുന്നു.

ഗിരിക്ക് എന്തു ചെയ്യണമെന്നറിയില്ലായിരുന്നു. തൻ്റെ ഈ നശിച്ച കുടി അത് കാരണം…

പക്ഷേ, ശാരി…. അവൾ.. അവൻ തിരിച്ച് റൂമിലെത്തി.

ശാരി ഒരു ജീവച്ഛവം പോലെ അവിടെ നിൽപ്പുണ്ടായിരുന്നു. നീ.. നീ ഒറ്റൊരുത്തി കാരണമാ എൻ്റെ ജീവിതം…..

എന്തിനാ നിനക്ക് പറയാമായിരുന്നില്ലേ…

ഇവളെപ്പോൾ ഇവിടെയെത്തി?

അവൻ ഓർത്തെടുക്കാൻ നോക്കി ദീപുൻ്റെ കല്യാണത്തിനു പോയത്.. കുടിച്ചത് ഓവറായപ്പോൾ വണ്ടി അവിടെ വെച്ച് രാജുൻ്റെ ഓട്ടോയിൽ വന്നത്..വീട്ടുപടിക്കൽ വന്നപ്പോൾ ആരോ തന്നെ പിടിച്ച് റൂമിൽ കിടത്തിയത്

അപ്പോൾ അത്…

ഗോപു ആണെന്നാ വിചാരിച്ചത്.. എല്ലാം കൈവിട്ടു പോയല്ലോ ഈശ്വരാ അവൻ ഒന്നിനും ആവാതെ തളർന്നിരുന്നു.

ഗിരീ. എനിക്ക് നിന്നോട് പറയാമായിരുന്നു ഞാൻ ഗോപുവല്ലായെന്ന്. എന്നാൽ, നീയെന്നെ നിന്നിലേക്കടുപ്പിച്ചപ്പോൾ എനിക്ക് പിടിച്ചു നിൽക്കാനായില്ല.

സ്വന്തo ഭർത്താവിൽ നിന്ന് കിട്ടാത്തത് നിന്നിൽ നിന്ന് കിട്ടുവാൻ പോയപ്പോൾ ഞാൻ ഒരു നിമിഷം എല്ലാം മറന്നു.. അല്ല… മനപ്പൂർവ്വം മറക്കാൻ ശ്രമിച്ചു

നിനക്കറിയോ ഗിരീ… എത്ര ആഗ്രഹത്തോടെയാ ഞാൻ മനുവേട്ടൻ്റെ ഭാര്യയായത്.

ഭാര്യ മരിച്ച രണ്ടു കുട്ടികളുടെ അച്ഛനാണെന്നറിഞ്ഞിട്ടും ഈ വിവാഹത്തിന് സമ്മതിച്ചത് ജീവിത സാഹചര്യം കൊണ്ടാണ്. എനിക്കും ഉണ്ടായിരുന്നു ആഗ്രഹങ്ങൾ. ഭർത്താവിൻ്റെ ചൂടറിഞ്ഞു കിടക്കാനും ഒരു കുഞ്ഞിനെ നൊന്തു പ്രസവിക്കാനും.

പക്ഷേ, വിവാഹം കഴിഞ്ഞ് ഇന്നുവരെ ഞങ്ങൾ രണ്ടു പേരും രണ്ടു മുറിയിൽ. ഒരിക്കൽ രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചതാണ് അന്ന് മനുവേട്ടൻ പറഞ്ഞു, ആദ്യ ഭാര്യയുടെ സ്ഥാനത്ത് മറ്റൊരാളെ ഭാര്യയായി കാണാൻ സാധിക്കില്ലാന്ന്.

മാത്രമല്ല, എനിക്കൊരു കുഞ്ഞുണ്ടായാൽ അദ്ദേഹത്തിൻ്റെ മക്കളെ ഞാൻ സ്നേഹിക്കില്ലാന്ന്. വീട്ടുക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാ എന്നെ വിവാഹം ചെയ്തതെന്ന്. ഏതെങ്കിലും പെണ്ണിന് സഹിക്കാൻ പറ്റോ ഇതെല്ലാം…?

നിങ്ങളുടെ ജീവിതം കാണുമ്പോൾ എനിക്കസൂയയായിരുന്നു. പലപ്പോഴും ഗോപുവിൻ്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ എന്നാശിച്ചു പോയിട്ടുണ്ട്. നിന്റെ കരവലയത്തിലൊതുങ്ങിയപ്പോൾ എന്തൊക്കെയോ നേടിയെന്ന് ഞാൻ അഹങ്കരിച്ചു. ഞാനും ഒരു പെണ്ണെല്ലേ അതാ….. ഞാൻ…. നീ പറ….

പക്ഷേ അതിനു മറുപടി ഗിരി കൊടുത്തത് അവളുടെ കരണത്തടിച്ചു കൊണ്ടായിരുന്നു…

അവളുടെ കരണം പുകഞ്ഞു പോയി കണ്ണിൽ നിന്ന് കണ്ണുനീർ ധാരയായി പുറത്തിറങ്ങി ……

ഈ അടിക്കും ഒരു സുഖമുണ്ട് ഗിരീ, നിന്റെ സത്യത്തിന്റെ, ഗോപുവിൻ്റെ കഴുത്തിൽ നീ കെട്ടിയ താലിയുടെ പവിത്രതയുടെ സുഖം……

“നീയെന്താ പറഞ്ഞു വരുന്നത്?”

നമുക്കിടയിൽ ഒന്നും നടന്നിട്ടില്ല. അവൻ അവളെ നോക്കി. അതേ ഗിരി … ഒന്നും. നീ ആലോചിച്ചു നോക്കിയേ…..

ശാരി പറഞ്ഞത് ശരിയാണ്, ആവേശത്തോടെ അവളിലേക്ക് പടർന്നു കയറാൻ നോക്കിയെങ്കിലും മ ദ്യം തലക്കു പിടിച്ചതിനാൽ ഒന്നിനും കഴിഞ്ഞില്ല. മൂഡില്ലെന്ന് പറഞ്ഞ് അവളെ മറിച്ചിട്ടത് ഓർമ്മയുണ്ട് പിന്നെ അച്ചു മോൻ്റെ വിളി കേട്ടാണ് ഉണർന്നത്.

പെട്ടെന്നാണ് ഗിരിയുടെ ഫോണടിച്ചത് ഗോപുവാണല്ലോ വിളിക്കുന്നത്. അവൻ വേഗം ഫോണെടുത്തു. ഗോപൂ. എനിക്കറിയാം നിനക്ക് എന്നെ വിട്ട് പോവാൻ കഴിയില്ലാന്ന്.

ഞങ്ങൾക്കിടയിൽ ഒന്നും നടന്നിട്ടില്ല. എൻ്റെ കുടിയാണ് ഇതിനൊക്കെ കാരണം. നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല. സത്യം.

ഹലോ…. ഞാനൊന്ന് പറയട്ടെ. മറുതലക്കൽ ഒരാണിൻ്റെ ശബ്ദം കേട്ടവൻ ഞെട്ടി.

ആരാ? ആരാ നിങ്ങൾ…..? ഇതെന്റെ ഭാര്യയുടെ ഫോണാണല്ലോ…..?

ഞാനിവിടെ ടൗണിൽ ഓട്ടോ ഓടിക്കുന്നതാ. നന്ദിപുലത്തേക്ക് ഒരോട്ടം വന്നതാ. തിരിച്ചുവരും വഴി ഒരു സ്ത്രീയും കുട്ടിയും എൻ്റെ ഓട്ടോയിൽ കയറി. മുപ്ലിയo പാലത്തിൻ്റെ അരികിലെത്തിയപ്പോൾ ഓട്ടോ നിർത്താൻ പറഞ്ഞു. ഓട്ടോയിൽ നിന്നിറങ്ങി ഓടി പുഴയിൽ ചാടി. ഞാൻ കൂടെ ചാടിയതാ.

പക്ഷേ നല്ല ഒഴുക്കുണ്ടായിരുന്നു. അവരുടെ ബാഗിൽ തപ്പിയപ്പോൾ കിട്ടിയതാ ഫോൺ സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട്. നിങ്ങൾ അവരുടെ ആരെങ്കിലും ആണെങ്കിൽ എത്രയും പെട്ടെന്ന് വരണം. പിന്നീട് പറഞ്ഞതൊന്നും ഗിരി കേട്ടില്ല അവനാകെ തരിച്ചിരുന്നു.

ശാരീ…… നിന്നെ ഞാനിന്ന് അവൻ അലറി വിളിച്ചു. നിങ്ങൾ എന്താ മനുഷ്യാ എന്തിനാ ഈ നട്ടപ്പാതിരയ്ക്ക് വിളിച്ചു കൂവുന്നേ? ഗോപു ലൈറ്റിട്ടു. പെട്ടെന്നാണ് ഗിരിക്ക് സ്ഥലകാലബോധമുണ്ടായത്. അപ്പോൾ താനീ കണ്ടത് വെറും സ്വപ്നമായിരുന്നോ?:

എന്താ ഗിരിയേട്ടാ? വല്ല സ്വപ്നവും കണ്ടോ?

ആ……. നീ കുറച്ച് വെള്ളമെടുത്തേ…… അവൾ കൊണ്ടുവന്ന വെള്ളം ഒറ്റ വലിക്ക് ഗിരി കുടിച്ച് തീർത്തു.

അവൻ സമയം നോക്കി മൂന്നര….. ഗോപൂ…… ഈ വെളുപ്പാൻ കാലത്ത് കണ്ട സ്വപ്നം ഫലിക്കോ?

ആ … എനിക്കറിയില്ല….. നിങ്ങളെന്തു സ്വപ്നാ കണ്ടേ? ആരാ ഈ ശാരി?

ശാരിയോ?

നിങ്ങളിപ്പോ വിളിച്ചുകൂവിയില്ലേ ശാരീന്ന്..

എപ്പോ….? ഞാനോ?

വേഗം പറഞ്ഞോ.. എന്നെ പറ്റിക്കാൻ നോക്കണ്ട.

അത് ഞാനിന്നലെ FBയിൽ ഒരു കഥ വായിച്ചു അതിലെ കഥാപാത്രത്തിൻ്റെ പേരാ ശാരീന്ന് പിന്നെ അതിലെ നായകൻ ഞാനാണെന്ന് വിചാരിച്ചു. അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു …

നിങ്ങളും നിങ്ങടെ ഒരു FB. ഇരുപത്തിനാല് മണിക്കൂറും അതിലും കുത്തിയിരുന്നോളും. ഏതു നേരവും ചാറ്റിംഗും. ഒരു ദിവസം ഫോണെടുത്ത് ഞാൻ കിണറ്റിലിടും നോക്കിക്കോ.

ഓ ….. എൻ്റെ ഭാര്യേ, നിന്നെയല്ലാതെ മറ്റൊരു പെണ്ണിൻ്റെ മുഖത്ത് പോലും ഞാൻ നോക്കാറില്ല: ..

ദേ ……മിണ്ടാതെ കിടന്നോ നിങ്ങടെ വാട്ട്സ്ആപ്പ് തുറന്നാലറിയാം നിങ്ങളെവിടാ നോക്കുന്നേന്ന്
എന്നെക്കൊണ്ടൊന്നും പറയിക്കണ്ട….

ഈശ്വരാ. സ്വസ്ഥമായ ജീവിതത്തിന് ഫോണിൻ്റെ ലോക്ക് മാറ്റാൻ നേരമായി ….. അവൻ ചിന്തിച്ചു.

ടീ…..ടീ ഗോപൂ…..

ഉം എന്താ..?

നീയുറങ്ങിയോ?… ഞാനൊരു കാര്യം ചോദിക്കട്ടെ..

എന്താ?

ഞാൻ കുടി നിർത്തിയാലോ?

ഓ പിന്നെ…………..

അതേടി ഞാൻ കുടി നിർത്താൻ തീരുമാനിച്ചു

ഇത് ഞാനെത്ര കേട്ടതാ…..

അല്ലടീ… എന്നും പറയുന്ന പോലെയല്ല… നീയാണേ നമ്മുടെ മോനാണേ ഞാനിനി കുടിക്കില്ല… ഇത് സത്യം

വിശ്വാസം വരാതെ ഗോപു എഴുന്നേറ്റിരുന്നു… സത്യം?

അതേ.. സത്യം…

എൻ്റെ പയൂർക്കാവിലമ്മേ ഞാനൊരു തട്ടം സമർപ്പിക്കാമേ….

അവളുടെ കണ്ണുനിറഞ്ഞു. അവൾ ഗിരിയോട് ചേർന്നു കിടന്നു.

നിങ്ങളുടെ സ്വപ്നം കൊണ്ട് ഇങ്ങനൊരു നല്ല കാര്യം തോന്നിച്ചല്ലോ

ഗിരിയവളെ തൻ്റെ മാറോട് ചേർത്ത് കിടത്തി ആ നെറുകയിൽ ഒരു ചുംബനം നൽകി.

അല്ലാ ഗോപു നമ്മുടെ അച്ചുമോന് ഒരു അനിയത്തിയെ വേണ്ടേ?

ദേ അങ്ങോട്ട് നീങ്ങി കെടന്നേ..ആദ്യം എന്തെങ്കിലും സമ്പാദിക്കാൻ നോക്ക് എന്നിട്ട് സ്വന്തമായൊരു വീട് വാങ്ങ്
എത്ര നാളെന്നു വെച്ചാ ഇങ്ങനെ വാടകയ്ക്ക്….. അവളുടെ ശബ്ദമിടറി:…

ആ നിനക്ക് വേണ്ടെങ്കിൽ വേണ്ട.

എനിക്ക് വേണ്ട.

രാവിലെ തന്നെ പട്ടിണി കിടക്കണോ? അല്ലെങ്കിൽ മിണ്ടാതെ കിടന്നോ എനിക്കുറക്കം വരുന്നു. അവൾ അതു പറഞ്ഞ് തിരിഞ്ഞു കിടന്നു.

രാവിലെ പട്ടിണിയാവണ്ട എന്നു കരുതി അവൻ മോനെ കെട്ടിപ്പിടിച്ചു കിടന്നു…

പുതിയൊരു പുലരിക്കായി…. പുതു ജീവിതത്തിലേക്കുമായി…

Leave a Reply

Your email address will not be published. Required fields are marked *