(രചന: Kannan Saju)
” ഒരു രണ്ടാം കെട്ടുകാരിയെ ഒറ്റമോനായ നിനക്ക് വേണ്ടി വിളക്കെടുത്തു ആനയിക്കാൻ അമ്മക്ക് പറ്റില്ല അപ്പു… വേറെ വല്ലതും ഉണ്ടങ്കിൽ പറ” തന്റെ നിലപാടിൽ ഉറച്ചു അമ്മ അടുക്കളയിലേക്കു പോയി…
” അമ്മ അല്ലേ പറയാറ് അവള് നല്ല കൊച്ചാണ്… അവളെ പോലൊരു പെണ്ണിനെ വേണം എന്നൊക്കെ… എന്നിട്ടിപ്പോ”
പിന്നാലെ നടന്നു അടുക്കള വാതിക്കൽ നിന്നു എത്തി നോക്കിക്കൊണ്ടു അവൻ അമ്മക്കു മേൽ വീണ്ടും സമ്മർദം കൊടുത്തു…
” അന്നവൾ കല്യാണം കഴിച്ചിട്ടില്ലായിരുന്നല്ലോ… ഉവ്വോ?? പക്ഷെ മൂന്ന് മാസം കൊണ്ടു പിരിഞ്ഞെങ്കിലും ഇപ്പോൾ അവൾ ഒന്ന് കെട്ടിയ പെണ്ണാണ്.. ആളുകൾ എന്ത് പറയും?
ദോശക്കല്ലിൽ വാഴത്തണ്ടു കൊണ്ടു എണ്ണ പുരട്ടി അമ്മ പറഞ്ഞു….
അപ്പു ഒന്നും മിണ്ടാതെ തിരിച്ചു നടന്നു…
അവൾ എന്ത് തെറ്റാണമ്മേ ചെയ്തത്.. എനിക്കറിയില്ല… എന്റെ ഇഷ്ടം ഞാൻ പറയാതെ മനസ്സിൽ വെച്ചു.. മറ്റൊരുത്തൻ അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ വിഷമത്തോടെ നോക്കി നിന്നു…
എന്നിരുന്നാലും നല്ലൊരു ജീവിതം ഉണ്ടാവുമല്ലോ എന്ന് കരുതി ഇരിക്കുമ്പോൾ ആണ് ഒരു രാത്രി അവളുടെ കോൾ വരുന്നത്…
മൂന്ന് മാസമായിട്ടും ചെറുക്കൻ അടുത്തു കിടന്നിട്ടില്ലത്രെ…. ചോദിച്ചിട്ടു മറുപടിയും ഇല്ല.. അവന്റെ അമ്മയും ഒന്നും കാണാത്ത പോലെ നടിക്കുന്നു…
ഒരു ദിവസത്തെ തോന്നലിൽ അയ്യാളുടെ ഫോൺ പരിശോധിക്കുന്നതിന് ഇടയിൽ ആണ് ഫേസ്ബുക് ലു അയ്യാളുടെ മെസ്സേജുകൾ കാണുന്നത്..
ഒരു ഗേ ആണെന്ന് മാത്രമല്ല അയ്യാൾ പണത്തിനായി മറ്റു ആണുങ്ങൾക്ക് കിടന്നു കൊടുക്കുന്ന ഒരു ആൺ വേശ്യ കൂടി ആയിരുന്നു.. സ്വർഗ്ഗരതിക്കാരൻ ആയതിൽ അവൾക്കു പരാതി ഇല്ലായിരുന്നു..
പിന്നെ എന്തിനു ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചു കളിച്ചു.. അച്ഛനും അമ്മയും പറഞ്ഞിട്ടാണത്രെ.. നാട്ടുകാരുടെ മുന്നിൽ കാണിക്കാൻ.. അതായിരുന്നു അയ്യാളുടെ മറുപടി..
അധികം ആലോചിക്കാതെ അപ്പു അവളുടെ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും വിളിച്ചു സംസാരിച്ചു… അവർ അവനോടും സംസാരിച്ചു…
പ്രയോജനം ഉണ്ടായില്ല.. വിവാഹം ശേഷം ഇതുവരെ ലൈംഗീക ബന്ധം ഉണ്ടാവാത്തതിനാൽ മോചനം എളുപ്പമായി.. തടസ്സങ്ങൾ ഉണ്ടായില്ല…
എല്ലാം കഴിഞ്ഞു അവളോട് അടുത്തു… അറിയാതെ ആശ കൊടുത്തു..
” ഇതുവരെ ഞങ്ങൾ തമ്മിൽ ഒന്നും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞതുകൊണ്ടാണോ അപ്പു നീ എന്നെ സ്നേഹിച്ചത്? ഒരു പക്ഷെ ഞാനും അയാളും തമ്മിൽ ബന്ധപ്പെട്ടിരുന്നെങ്കിൽ… ഒരു പക്ഷെ ഗർഭിണി ആയിരുന്നെങ്കിൽ..
ഇങ്ങനൊരു കാര്യം അറിയുമ്പോൾ ഞാൻ ഉറപ്പായും ആ ബന്ധത്തിൽ നിന്നും പിൻമാരുമായിരുന്നു.. അപ്പോഴും നീ എന്നെ സ്നേഹിക്കുമായിരുന്നോ? “
അവളുടെ ചോദ്യം ഇപ്പോഴും മനസ്സിൽ ഉണ്ട്…
ഉത്തരം സ്നേഹിക്കും എന്ന് പറഞ്ഞെങ്കിലും അപ്പുവിന് ഇപ്പോഴും സംശയം ഇല്ലാതില്ല.. മറ്റൊരാളുമായി ബന്ധപ്പെട്ട പെണ്ണിന് എന്തൊക്കയോ നഷ്ട്ടപെട്ടെന്ന തോന്നൽ ചെറുപ്പം മുതൽ അവനു ചുറ്റുപാടുകൾ പകർന്നു നൽകുന്നതാണ്..
ഒന്ന് കെട്ടിയ പെണ്ണ് അതിനു ഇത്ര മാത്രം ഭൃഷ്ട് കൽപ്പിക്ക പെട്ടിട്ടുണ്ടോ ? അവളിൽ നിന്നും എന്താണ് നഷ്ടമായിരിക്കുന്നത് ? അമ്മയും ഒരു പെണ്ണല്ലേ?
അമ്മയ്ക്കും ചിന്തിച്ചു കൂടെ കെട്ടാൻ ഞാൻ ആണൊരുത്തൻ മനസ്സ് കാണിക്കുമ്പോൾ അമ്മ അടങ്ങുന്ന സ്ത്രീ സമൂഹത്തിനു മാതൃക ആയി മാറ്റത്തിന്റെ പൊൻ തൂവലായി “
ഇതാ എന്റെ മോൻ… പെണ്ണിനെ അറിയുന്നവൻ.. അവൻ ചെയ്യുന്നത് ദാനമല്ല പകരം ജീവിതം എന്താണെന്നു സ്വന്തം പ്രവർത്തിയിലൂടെ കാണിക്കുന്നതാണ് ” എന്ന് അഭിമാനത്തോടെ പറയുകയല്ലേ വേണ്ടത്..
അപ്പുവിന്റെ ഉള്ളം ചിന്തകളാൽ പിടഞ്ഞു.. അമ്മയെ ഉപേക്ഷിക്കുക അസാധ്യം…
അമ്മയുടെ മനസ്സ് അനുവദിക്കാതെ അവളെ ഇങ്ങട് കൊണ്ടു വന്നാൽ ഒരു പക്ഷെ താനില്ലാത്ത നിമിഷങ്ങളിൽ അമ്മ അവളെ കുത്ത് വാക്കുകളാൽ മൂടിയേക്കാം… അത് ഇനിയും അവൾക്കു വേദനയാവും…
ഉള്ളൂ പിടയുന്നുണ്ട്…. അവൾ മോഹിച്ചു കാണുമോ… എന്നും വിളിക്കുമ്പോൾ അവളോട് സ്നേഹം പറയാൻ മറക്കാറില്ല…
അവൾ ഇഷ്ടം പറഞ്ഞിട്ടുമില്ല.. ഒരു പക്ഷെ പേടിച്ചിട്ടാവുമോ ? ആവും എന്നും അവൾക്കു തിരിച്ഛ് ചോദിയ്ക്കാൻ ഉള്ളത് ഒരുപിടി ചോദ്യങ്ങൾ ആയിരുന്നു… “
ഏട്ടന്റെ അമ്മ സമ്മതിക്കുമോ? ” അങ്ങനെ തുടങ്ങി ഒരു നൂറു കൂട്ടം ചോദ്യങ്ങൾ.. ഇന്നലെ പോവുമ്പോൾ അമ്മയോട് ഇക്കാര്യം പറഞ്ഞു… അമ്മയുടെ മനസ്സ് പറഞ്ഞു മാറ്റം എന്ന് കരുതി..
ചിന്തകൾ തലയ്ക്കു മൂടി ഇരിക്കുമ്പോൾ കൂട്ടുകാരന്റെ കോൾ വന്നു….
” നിന്റെ സൂക്കേട് ഇപ്പൊ തീർന്നില്ലേ ? ” ഒന്നും മനസ്സിലാവാതെ അപ്പു ഞെട്ടലോടെ എണീറ്റു..
” എന്താടാ ? “
” നിന്നോടു അവള് പല തവണ പറഞ്ഞതല്ലേ വേണ്ടെന്നു… ഇന്നലെ നിന്റെ അമ്മ അവരുടെ വീട്ടിൽ ചെന്നു പ്രശ്നം ഉണ്ടാക്കിയത്രെ..
മോളു നിന്നെ വശീകരിച്ചിരിക്കുകയാണെന്നും അവള് പിഴയാണെന്നും ഒക്കെ പറഞ്ഞു മുറ്റത്തു കിടന്നു അലമ്പാക്കി… അയൽക്കാർ ഒക്കെ അറിഞ്ഞു “
” നിക്ക് ഞാൻ അവളെ ഒന്ന് വിളിക്കട്ടെ.. ഇന്നല രാത്രി വിളിച്ചിട്ടു എടുത്തില്ല.. എനിക്കറിയില്ലാരുന്നു “
” അപ്പു.. വേണ്ട.. നീ ഇനി അവളെ വിളിക്കണ്ട.. നീയല്ല ആര് വിളിച്ചിട്ടും പ്രയോജനം ഇല്ല.. അവള് പോയെടാ… ഇന്ന് വെളുപ്പിന് അവൾ.. “
അപ്പു ഒന്നും മിണ്ടാനാവാതെ ഇരുന്നു…. അവൻ അടുക്കളയിലേക്കു നോക്കി….
എന്താ അമ്മേ ഇത് ? അവന്റെ കണ്ണുകൾ നിറഞ്ഞു… ഒന്ന് കെട്ടിയെന്നു വെച്ചു അവളെങ്ങനാ പിഴയാവുന്നെ ?
നിങ്ങൾ പെണ്ണുങ്ങൾ തന്നെ പെണ്ണുങ്ങളെ മനസ്സിലാക്കാനും മാറ്റത്തിനും തയ്യാറല്ലെങ്കിൽ പിന്നെ ഞങ്ങൾക്ക് അതെങ്ങനെ സാധിക്കും..?
അവളോട് ഇഷ്ടമാണെന്നു പറഞ്ഞതും മോഹിപ്പിച്ചതും ഞാൻ.. കുറ്റം മുഴുവനും അവൾക്കും…
അപ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി… ഭ്രാന്താലയം… നമ്മുടെ നാട് വെറും ഭ്രാന്താലയം.. അവൻ മനസ്സിൽ പറഞ്ഞു …