വിഷ്ണൂ ഞാൻ പഴയ ലക്ഷ്മിയല്ല എനിക്ക്, വാക്കുകൾ തപ്പിത്തടയവേ രണ്ടു കൈകളും..

അത്രമേൽ സ്നേഹത്തോടെ
(രചന: വൈഖരി)

“ഐഷൂ..ദേ.. മാനസി വിളിച്ചിരുന്നു.. നിങ്ങളുടെ പ്ലസ്‌ ടു റീ യൂണിയൻ ഉണ്ട്. നിന്നോടും ചെല്ലാൻ..”

“ഞാനോ അച്ഛാ.. എനിക്ക് വയ്യ.. ഞാനില്ല” അവളുടെ ശബ്ദം നേർത്തിരുന്നു.

“ചെല്ലെടാ കണ്ണാ … കൂടുകാരെ ഒക്കെ കാണുമ്പോ നിനക്ക് ഒരു ചേഞ്ചാവും”

“വേണ്ടച്ഛാ … എനിക്ക്….. ഞാൻ ….. ”

“പോണം. പഴയ ഐഷുക്കുട്ടിയായി പോണം”

അച്ഛൻ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും സമ്മതിച്ചില്ല. തനിച്ചാവുന്നതാണ് ചിലപ്പോഴെങ്കിലും നല്ലത്.. മറ്റൊരർഥത്തിൽ ഇപ്പോൾ അതാണ് തനിക്കിഷ്ടവും.

സ്കൂളിന് ഒരു മാറ്റവുമില്ല എന്ന് തോന്നി.. ആരെയും കാണാതിരുന്നപ്പോൾ ഡേറ്റ് മാറിയോ എന്ന് തോന്നി.. പിന്നെ രാവിലെ മനു വിളിച്ച കാര്യം ഓർത്തപ്പോൾ ചിരി വന്നു.

ഈ ഗേറ്റ് കടന്നപ്പോൾ പഴയ പൊട്ടിപ്പെണ്ണായ പോലെ ചില കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്. ഇപ്പോൾ പഠിക്കുന്നവരായിരിക്കും.. അവരുടെ കളി ചിരികൾ.. തൻ്റെ മനസും പിന്നോട്ട് കുതിക്കയാണ് ..

പത്തു വരെ പഠിച്ച സ്കൂളിൽ നിന്നും മാറിയാണ് ഇവിടെ വന്നത്.. വന്ന ദിവസം ആദ്യമായി പരിചയപ്പെട്ടത് അവനെയാണ്..

“നീ വേണു മാഷിൻ്റെ മോളല്ലേ?” എന്ന അവൻ്റെ പെട്ടെന്നുള്ള ചോദ്യം കേട്ട് താൻ ഞെട്ടിയപ്പോൾ “ഞാൻ വിഷ്ണു . മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് ” എന്ന കുസൃതിയോടെയുള്ള മറുപടി..

മാഷിൻ്റെ മകൾ പെട്ടെന്ന് തന്നെ കൂട്ടുകാരിയായി.. “ബസ്റ്റോപ്പിൽ വരെ ഞാനുമുണ്ട് ” എന്നും പറഞ്ഞ് അവനും കൂടെ വന്നു.. പിന്നീടൊരിക്കലും അത് മുടങ്ങിയില്ല ..

എന്നും എൻ്റെ കണ്ണെത്തുന്നിടത്ത് അവൻ ഉണ്ടാവും.. പിന്നെ മാനസി എന്ന മനു കൂട്ടുകാരിയായി വന്നപ്പോളും , തൻ്റെ മനസ് അവൻ്റെ ചുറ്റുവട്ടത്തായി ഒതുങ്ങി..

‘ ഐശ്വര്യ ലക്ഷ്മി’ എന്ന പേര് എല്ലാവർക്കും ഐശ്വര്യയും ഐഷുവും ഒക്കെയായി . അവൻ മാത്രം ലക്ഷ്മീ എന്ന് നീട്ടി വിളിച്ചിരുന്നു.

അവൻ അടുത്ത് വരികയോ ഒരു പാട് സംസാരിക്കുകയോ ചെയ്യാറില്ല.. എന്നാൽ എപ്പോഴും അവൻ്റെ ചുറ്റുവട്ടത്താണ് താനെന്ന് തോന്നിയിരുന്നു. ഒരു പക്ഷേ, അത് താൻ ആഗ്രഹിച്ചിരുന്നു .

ഒരിക്കൽ ഒരു ഉച്ച സമയത്ത് എല്ലാവരും മാഞ്ചുവട്ടിൽ നിൽക്കുമ്പോൾ അടുത്ത ക്ലാസിലെ വിമൽ കുറേ തമാശകൾ പറഞ്ഞ് താൻ പൊട്ടിച്ചിരിച്ച് നോക്കിയത് വിഷ്ണുവിൻ്റെ കണ്ണിലേക്കാണ്..

ആ ഭാവം എന്തായിരുന്നു “ഇപ്പൊ വരാം” എന്ന് പറഞ്ഞ് ക്ലാസിലേയ്ക്ക് താൻ വലിയുമ്പോൾ ആ കണ്ണുകൾ ചിരിച്ചിരുന്നോ?

ഉച്ചഭക്ഷണ സമയത്ത് തൻ്റെ പാത്രത്തിൽ നിന്ന് മാത്രം അവൻ ഭാവഭേദങ്ങൾ കൂടാതെ ഒരു ഉരുള കഴിക്കുമായിരുന്നു .. തൻ്റെ കണ്ണുകളാലുള്ള ചോദ്യം ചെയ്യലിന് കണ്ണടച്ച് ഉത്തരം തന്നിരുന്നു.

പനി കാരണം ടൂറിന് വരുന്നില്ലെന്ന് പറഞ്ഞപ്പോൾ “ഞാനില്ലേ ലക്ഷ്മീ വാ ” എന്ന അവൻ്റെ ഒരൊറ്റ വിളിയാണ് തന്നെ ആ ബസിലെത്തിച്ചത്..

മാനസിയോടൊപ്പം ഇരുന്നെങ്കിലും ആ കണ്ണുകൾ തൻ്റെ പിന്നാലെയായിരുന്നു. എല്ലാവരും ചേർന്ന് ഐസ്ക്രീം വാങ്ങാനായി നിൽക്കുമ്പോൾ അവൻ്റെ നോട്ടം കണ്ടിട്ടാണ് പിൻവാങ്ങിയത്. എനിക്ക് മാത്രം മനസിലാവുന്ന അവൻ്റെ എതിർപ്പുകൾ ..

ഒട്ടൊരു പരിഭവത്തോടെ മാറി നടന്നപ്പോൾ കയ്യിൽ തണുപ്പുള്ള ഒരു സ്പർശമറിഞ്ഞതും .. “ഒന്നു ടേസ്റ്റ് നോക്കിക്കോ” എന്ന് പറഞ്ഞ് ഒരു ഐസ് ക്രീം നീട്ടിയതും …

ഒരു നുള്ള് തണുപ്പ് കൈവിരലിൽ തോണ്ടിയെടുത്തപ്പോളും ആ കണ്ണുകളിലുണ്ടായിരുന്നു ഒരു കുസൃതിച്ചിരി.. രാത്രി, ബസിലെല്ലാവരും യാത്രയുടെ അവസാന മണിക്കൂറുകൾ ആടിത്തിമർക്കെ, തണുത്ത കാറ്റേറ്റിരിക്കുമ്പോൾ ആ പാട്ടിൻ്റെ ഈരടികളും പാടി ,

എൻ്റെ പാത്രത്തിൽ നിന്നും ഉണ്ണാറുള്ള അതേ ലാഘവത്തോടെ കയ്യിലിരുന്ന ഷാൾ കൊണ്ട് എൻ്റെ ചെവികൾ മൂടിക്കെട്ടി.. യാതൊരു ആശങ്കകളുമില്ലാതെ … നേർത്തൊരു ചിരിയോടെ ..

അവന് എങ്ങനെ അതൊക്കെ സാധിക്കുന്നു എന്ന് അത്ഭുതമായിരുന്നു. അതിലേറെ , താനത് നിരസിക്കില്ലെന്നും ആഗ്രഹിക്കുന്നുവെന്നും അവൻ എങ്ങിനെയറിയുന്നു എന്ന കാതുകവും…

ക്ലാസിലെ താനില്ലാത്ത കൂട്ടങ്ങളിൽ അവൻ ഉച്ചത്തിൽ ചിരിക്കുമ്പോൾ തൻ്റെ ഉള്ളിൽ നിശ്ശബ്ദമായി ഉണരുന്ന അസൂയപ്പൂക്കളെ ഞെരിച്ചുടച്ച്,

“ലക്ഷ്മീ… ” എന്നൊരു വിളിയോടെ അവൻ മുന്നിലെത്തും. ചിലപ്പോൾ ഒരു പേനയ്ക്ക്… ചിലപ്പോൾ പുസ്തകത്തിന് ..

ഒരിക്കൽ അങ്ങിനെ പേന ചോദിച്ചു വന്നപ്പോൾ താനവൻ്റെ പോക്കറ്റിൽ നിന്ന് തന്നെ പേന എടുത്ത് കൊടുത്തപ്പോൾ കുസൃതിയോടെ ചിരിച്ചതും കണ്ണടച്ചു കാണിച്ചതും …

തന്നെ അപ്പോളും അതിശയിപ്പിച്ച കാര്യം തന്നേക്കാൾ തന്നെ മനസിലാക്കാൻ അവന് എങ്ങനെ കഴിയുന്നു അവൻ്റെ ഓരോ നോട്ടത്തിൻ്റേയും ചിരിയുടേയും അർഥം എങ്ങനെ താനറിയുന്നു എന്നതായിരുന്നു…

സുവോളജി ലാബിൽ കൂറയെ കൊല്ലാൻ പേടിച്ച് നിന്നപ്പോൾ നേർത്തൊരു ചിരിയോടെ അരികിൽ വന്നതും കൂടെ നിന്നതും , പരീക്ഷക്കാലങ്ങളിൽ വെപ്രാളപ്പെട്ട് നടക്കുമ്പോൾ കണ്ണുകൾ ചിമ്മിക്കൊണ്ട് അവൻ തന്ന ധൈര്യവും..

ഒടുവിൽ അവസാന പരീക്ഷയുടെ അന്നാണ് മാനസി പറഞ്ഞത്.. “വിഷ്ണുവിന് എന്തിഷ്ടമാണ് നിന്നെ.. അവൻ്റെ കണ്ണുകൾ മുഴുവനും നീയാണ്.

നിൻ്റെ കണ്ണുകളും ഞാൻ കാണുന്നുണ്ട്.. നിനക്ക് പറഞ്ഞൂടെ ഈ ഇഷ്ടം” എന്ന്
അന്ന് കള്ളം പിടിക്കപ്പെട്ട കുട്ടിയെപ്പോലെ “അങ്ങനെ ഒന്നുമില്ല” എന്നും പറഞ്ഞ് ഓടിയൊളിക്കുകയായിരുന്നു.

അന്ന് അച്ഛനോട് “വിഷ്ണുവിന് എന്നോടിഷ്ടമാണത്രേ.. ” എന്നൊരു തമാശ പോലെയാണ് പറഞ്ഞത് .

ഹൃദയത്തുടിപ്പുകൾ അടക്കി നിർത്താൻ നന്നേ പാടുപെട്ടു. “എൻ്റെ ഐഷൂനെ ആർക്കാ ഇഷ്ടാവാതിരിക്ക്യാ ” എന്ന ആ മറുപടിയിൽ പിന്നെയും മനസാകെ തളിർക്കുകയായിരുന്നു…

ഫെയർവെൽ ദിവസം പിരിയാൻ നേരം മാഞ്ചുവട്ടിൽ വെച്ച് “ലക്ഷ്മീ” എന്ന വിളി കേട്ടപ്പോൾ ഹൃദയം പെരുമ്പറ കൊട്ടിയിരുന്നു..

കണ്ണുകളിൽ ഒരു സാഗരം ഒളിപ്പിച്ച് കുസൃതിച്ചിരിയോടെ എൻ്റെ കൈകൾ പിടിച്ച് ദൂരെ ഞങ്ങളെ നോക്കി നിൽക്കുന്ന കൂട്ടുകാരെ കാണിച്ചു ചോദിച്ചു.. ” ഞാൻ ലക്ഷ്മിയെ ഇഷ്ടമാണെന്ന് പറയുമ്പോൾ നീ എന്ത് പറയും എന്ന് നോക്കി നിൽക്കാണ് അവർ..

നിനക്കെന്നെ ഇഷ്ടാണെന്ന് പറയ്യോ എന്നറിയാൻ.. ഞാൻ ചോദിക്കട്ടെ നിന്നോട് .. എന്നെ ഇഷ്ടാണോ ന്ന് ” അത്രമേൽ സ്നേഹത്തോടെ.. പ്രതീക്ഷയോടെ … കരുതലോടെ…

അവൻ്റെ ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്നും വന്ന വാക്കുകൾ…..
‘വേണ്ടെ’ന്ന് തലയാട്ടുമ്പോഴും കണ്ണുകളിൽ ആ കുസൃതിച്ചിരിയാണ്..

” ഞാൻ പിന്നെ ചോദിച്ചോളാം… നിന്നെ ഞാൻ ലക്ഷ്മീന്നു വിളിക്കുന്നത് വെറുതെയല്ല ട്ടോ.. നീ വിഷ്ണുവിൻ്റെ ലക്ഷ്മിയാണ്.. ” അവൻ തല താഴ്ത്തി ചെവിയിലത് പറഞ്ഞപ്പോൾ ഞാനെൻ്റെ ഹൃദയം കൊണ്ടാണത് കേട്ടത്..

കൈകൾ ഒന്നുകൂടി അമർത്തി “പൊയ്ക്കൊ ” എന്ന് പറഞ്ഞതും പിന്തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയപ്പോൾ കണ്ടിരുന്നു .. അതേ കുസൃതിച്ചിരിയോടെ രണ്ടു കണ്ണുകൾ … അതായിരുന്നു അവസാന കാഴ്ച…

പിന്നെ എത്ര പെട്ടെന്നാണ് ജീവിതം മാറി മറിഞ്ഞത്… ചിലപ്പോഴൊക്കെ വരാറുള്ള തലവേദന കടന്നാക്രമിച്ചതും, തല കറങ്ങി വന്നതും എല്ലാം.

ടെസ്റ്റ് റിസൽറ്റുകൾ വന്നപ്പോൾ അച്ഛനാണ് കൂടുതൽ തളർന്നത്.. അമ്മയെ കവർന്നെടുത്ത അതേ അർബുദമെന്ന വില്ലൻ ഈ കുഞ്ഞു തലയിലും വേരുറപ്പിച്ചതറിഞ്ഞപ്പോൾ..

പിന്നീട് ചികിത്സയുടെ നാളുകൾ.. ജീവിതത്തിലെ വർണത്താളുകൾ മാറി.. കുട്ടിക്കൂറ പൗഡറിൻ്റെ മണം മാറി ..
മരുന്നിൻ്റെ മണം… മരുന്നിൻ്റെ നിറം …

ആരെയും ഒന്നും അറിയിച്ചില്ല.
അക്കാലങ്ങളത്രയും അവനെ മറക്കാൻ ശ്രമിച്ചു.. അവനെ ഇനി കാണരുതെന്ന് ആഗ്രഹിച്ചു.. അവൻ്റെ കണ്ണുകളും കുസൃതിച്ചിരിയും ഇനിയും മോഹിപ്പിച്ചാൽ ജീവിച്ചു തീർക്കാൻ ഒരു ജീവിതം പോലുമില്ലാത്ത ദുരവസ്ഥ..

മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ തെളിഞ്ഞു വന്നത് മിച്ചം.. എന്നാലും തിരിച്ചുവരാനാഗ്രഹിച്ചിരുന്നു.. താൻ കൂടി പോയാൽ തനിച്ചാവുന്ന അച്ഛനു വേണ്ടി.. ബാക്കി മോഹങ്ങളെല്ലാം വെറുതെ…. വെറും വെറുതെ…..

ഒടുവിൽ നീണ്ട ആശുപത്രിവാസത്തിനും ചികിത്സയ്ക്കുമൊടുവിൽ തിരിച്ചെത്തി… ഉറപ്പില്ലാത്ത പളുങ്കുപാത്രം പോലെയുള്ള തൻ്റെ ജീവനുമായി… പിന്നെയും പതിയെ തളിർക്കാൻ തുടങ്ങിയ ചില്ലകൾ….

ഇപ്പോൾ നീണ്ട ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഇവിടെ… മോഹങ്ങൾ പൂവിട്ടിടം… തൻ്റെ ജീവിതത്തിൽ ഒരു വസന്തമുണ്ടായിട്ടുണ്ടെങ്കിൽ അത് തളിർത്തതും പൂത്തതും ഇവിടെയാണ്..
ഇവിടെ എല്ലായിടത്തും അവനാണ്..

“ലക്ഷ്മീ..” എന്നൊരു വിളി എല്ലായിടവും അലയടിക്കുന്നു. അതേ മാഞ്ചുവട്ടിൽ കണ്ണുകൾ ഇറുക്കിച്ചിമ്മിയിരുന്നു….

കൈകളിൽ ആരോ പിടിച്ചിരിക്കുന്നു. തൻ്റെ ഹൃദയത്തെ തുടികൊട്ടിക്കുന്ന അതേ സ്പർശം… സാമീപ്യം
കണ്ണുകൾ മുറുക്കിയടച്ചു.. അത് അനുസരണയില്ലാതെ പെയ്യുന്നുണ്ടായിരുന്നു. “ലക്ഷ്മീ … ”
കണ്ണുതുറക്കാതിരിക്കാനായില്ല.
ഏങ്ങലുകൾ അടക്കിനോക്കി…

ആളാകെ മാറിപ്പോയി.. കാലം അവനെ യുവാവാക്കിയിരിക്കുന്നു. പക്ഷേ, ഇപ്പോഴും കണ്ണുകളിൽ പഴയ കുസൃതിച്ചിരിയാന്ന്.

തന്നോടുള്ള പ്രണയത്തിൻ്റെ സാഗരം അവിടെയുണ്ടോ എന്ന് തിരയവേ, മനസ് ഹൃദയത്തെ ശാസിച്ചു.

അവൻ പഴയ അതേ ചിരിയോടെ കൈകൾ ചൂണ്ടിക്കാണിച്ചു. ഞാനും നോക്കി. പഴയ അതേ കൂട്ടുകാർ …

“ലക്ഷ്മീ.. അവരിപ്പഴും കാത്തു നിൽക്വാണ് .. നീയെന്നെ ഇഷ്ടമാണെന്ന് പറയോ ന്ന് അറിയാൻ … ഇപ്പൊ ഞാൻ ചോദിക്കട്ടെ എന്നെ ഇഷ്ടാണോ ന്ന് ”

വീണ്ടും ഹൃദയത്തിൻ്റെ ആഴങ്ങളിൽ നിന്ന് ഒരുചോദ്യം…

” വിഷ്ണൂ.. ഞാൻ പഴയ ലക്ഷ്മിയല്ല.. എനിക്ക് ” വാക്കുകൾ തപ്പിത്തടയവേ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് ചുംബിച്ച ശേഷം അവൻ പറഞ്ഞു

“ഞാനതൊന്നും ചോദിച്ചില്ലല്ലോ… എന്നെ ഇഷ്ടമാണോ എന്ന് പറ”.

” അല്ല ”

“ശെരിക്കും? ”

“ശെരിക്കും അല്ല ”

” പക്ഷേ ഈ കണ്ണുകൾ പറയുന്നുണ്ട് നിനക്കെന്നെ ഇഷ്ടാന്ന് … എനിക്ക് നിൻ്റെ കണ്ണുകളെയാണ് വിശ്വാസം ലക്ഷ്മീ… എനിക്ക് പണ്ടും ഇപ്പഴും ആ കണ്ണുകളുടെ ഭാഷയാണ് വശം”

അവൻ പറഞ്ഞു നിർത്തിയതും എൻ്റെയുള്ളിലെ ആർത്തിരമ്പുന്ന ഒരു കടൽ മുഴുവനും പുറത്തെത്തി.. സന്തോഷമോ സങ്കടമോ , മോഹമോ നിരാശയോ എന്തെന്നറിയാത്ത വികാരം എന്നിലാകെ നിറഞ്ഞു. അവൻ നിശബ്ദം സാന്ത്വനിപ്പിച്ചു.

ആ മഴ തോർന്ന് സുഖകരമായ ഒരു മൗനം പരന്നു. നേർത്ത പുഞ്ചിരികൾ.. നടന്നെത്തിയ കൂട്ടുകാർക്ക് മുന്നിൽ അവനെന്നെ ചേർത്ത് പിടിച്ചു..

“ദേ എല്ലാവരും കേട്ടോണം.. ഈ ഐശ്വര്യ ലക്ഷ്മിയ്ക്ക് വിഷ്ണുവിനെ ഇഷ്ടമാണ് .. ഇഷ്ടമാണ്… ഇഷ്ടമാണ്…”

അവൻ പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു.. കളി ചിരികൾ.. കളിയാക്കലുകൾ.. ഒരു വരണ്ട വേനലിനപ്പുറം മഴ മേഘങ്ങൾ എത്തി നോക്കുന്നത് ഞാനറിഞ്ഞു ..

എല്ലാവരും മടങ്ങി ആ മാഞ്ചുവട്ടിൽ ഞങ്ങൾ മാത്രമായി. എൻ്റെ കൈകൾ അവൻ കോർത്തു പിടിച്ചിരുന്നു…

“ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ .. ഞാൻ നിന്നെ ലക്ഷ്മീ ന്നു വിളിക്കുന്നത് വെറുതെയല്ലെന്ന്… നീ ഈ വിഷ്ണുവിൻ്റെ ലക്ഷ്മിയാണ്”
ഞാനൊന്നും പറഞ്ഞില്ല .

ചിലപ്പോഴൊക്കെ വാക്കുകളേക്കാൾ സംസാരിക്കാൻ മൗനത്തിന് കഴിയും.

“ലക്ഷ്മിക്കുട്ടീ… ”

“മം… ”

” എന്നെ ഇഷ്ടാണോന്ന് പറ”

“എന്നേക്കാളുമേറെ…. ”

ഞാനാ തോളിൽ തല ചേർത്തു.. അവൻ എൻ്റെ കൈകൾ മുറുക്കിപ്പിടിച്ചിരുന്നു.. ഇനിയാർക്കും വിട്ടു കൊടുക്കില്ലെന്ന പോലെ… അത്രമേൽ സ്നേഹത്തോടെ.

Leave a Reply

Your email address will not be published. Required fields are marked *