അമ്മേ അച്ഛനുണ്ടായിനേൽ ന്റെ അമ്മയ്ക്കും ചെറിയമ്മേനെ പോലെ സാരിം ഉടുത്ത് വീട്ടിൽ..

തണൽ
(രചന: Aparna Aravindh)

രാവിലെ കാപ്പി കഴിച്ച് തണലിലേക്ക് പുറപ്പെടുമ്പോൾ ഉണ്ണീടെ മുഖത്ത് വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു..

“ഇന്ന് അമ്മ വരുന്നോ എന്റെ കൂടെ” എന്നവൻ ചോദിച്ചപ്പോൾ പതിവ്പോലെ ഞാനും വീടും പൂട്ടി പുറപ്പെട്ടു.

വലിയ പേര് കേട്ട ഡോക്ടർ ആണെങ്കിലും എന്റെ കൂടെയും തണലിലെ ഇരുപതോളമുള്ള അമ്മമാരുടെ കൂടെയും സമയം ചിലവഴിക്കാൻ അവൻ പ്രത്യേകം ശ്രെദ്ധിച്ചിരുന്നു..

അഗ്രഹാരത്തുനിന്ന് സ്വന്തം മകൻ പുറത്താക്കിയ ലക്ഷ്മിയമ്മ ഒരിക്കൽ കണ്ണ് നിറച്ചു പറഞ്ഞിട്ടുണ്ട് നിരഞ്ജൻ ഡോക്ടർ നിങ്ങളുടെ ഭാഗ്യമാണെന്ന്..

ഇതുപോലൊരു മകൻ എല്ലാ അമ്മമാരുടെയും സ്വപ്നമാണെന്ന്.. അതെ അവൻ എനിക്കെന്നും അഭിമാനമാണ്.. ന്റെ മകൻ… ദൈവം തന്ന നിധി,. അറിയാതെ കണ്ണ് നിറയുന്നുണ്ടായിരുന്നു..

കഷ്ടപ്പെട്ട് സമ്പാധിച്ച തുകകൊണ്ട് തണൽ എന്ന വൃദ്ധസദനം തുടങ്ങുമ്പോൾ അവൻ പറഞ്ഞിരുന്നു ഇനി ഇവിടെ ഉള്ളവരൊന്നും അനാഥരല്ലെന്ന്..മകനായ് എന്നും അവൻ കൂടെയുണ്ടാകുമെന്ന്..

അമ്മേ.. ഇറങ്ങുന്നില്ലേ…

ഉണ്ണീടെ ശബ്ദം കേട്ടപ്പോളാണ് ചിന്തയിൽ നിന്നും ഉണർന്നത് … പതിയെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി , അവന്റെ കൂടെ തണലിലേക്ക് നടക്കുമ്പോൾ മനസ്സിന് എന്നും കുളിരാണ്.

ഇവിടെയുള്ള അമ്മമാരെല്ലാം എന്റെ പ്രിയപ്പെട്ട ചെങ്ങാതിമാർ ആണിപ്പോൾ.. ദേവകി ചേച്ചിടെ പാട്ടും ഗാംഗേടെ അക്ഷരശ്ലോകവും ലക്ഷ്മിയേടത്തീടെ കഥകളും അങ്ങനങ്ങനെ ഒരു ബഹളമാണ് തണലിൽ എപ്പോളും..

എല്ലാവരെയും കണ്ട് സൊറ പറഞ്ഞിരിക്കുമ്പോളാണ് ഉണ്ണി വന്ന് പറഞ്ഞത് ഒരു പുതിയ അഥിതി കൂടെയുണ്ടെന്ന്.. അവന്റെ കൈ പിടിച്ച് രണ്ടാം നിലയിലെ അവസാന മുറിയിലേക്ക് കയറിയപ്പോൾ മനസിന് പരിചിതമായ ഒരു ഗന്ധം അവിടമാകെ നിറഞ്ഞിട്ടുണ്ടായിരുന്നു..

ഇച്ചേയിയുമ്മ…..മനസ്സ് മന്ത്രിച്ചു..
മാളികേക്കൽ തറവാട്ടിലെ കാരണോത്തി. ആളാകെ മാറിയിരിക്കുന്നു..

നര ബാധിച്ച തലമുടികൾ പാറിപറക്കുന്നുണ്ടായിരുന്നു.. കാതിന് അലങ്കാരമായിരുന്ന ആ വലിയ തോടകൾ അപ്രത്യക്ഷമായിരിക്കുന്നു.

അന്ന് സർവ്വാഭരണവിഭൂഷിതയായിരുന്ന ഇച്ചേയി ഇന്ന് ഈ രൂപത്തിൽ ഒരു പിച്ചക്കാരിയെപോലെ ഈ വൃദ്ധസദനത്തിൽ… ആശ്ചര്യം തോന്നിപോയി..

ഓർമ്മകൾ പുറകോട്ട് സഞ്ചരിക്കാൻ തുടങ്ങിയിരുന്നു. ഉണ്ണിക് വെറും എട്ട് വയസ്സ് പ്രായമുള്ള ആ പഴയ കാലം …

അമ്മേ…. അച്ഛനുണ്ടായിനേൽ ന്റെ അമ്മയ്ക്കും ചെറിയമ്മേനെ പോലെ സാരിം ഉടുത്ത് വീട്ടിൽ ഇരുന്നാമതിയായിരുന്നുല്ലേ… ഇങ്ങനെ ഇച്ചേയിഉമ്മാന്റെ ചീത്തവിളി കേക്കണ്ടായുനുല്ലേ..

അടുപ്പിൽ ഊതിയൂതി കണ്ണിൽ നിന്നും വെള്ളം വരുന്നത് തുടച്ചുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കി.. ഉണ്ണിക്കുട്ടൻ കരിപിടിച്ച സാരിത്തലപ്പിൽ തൂങ്ങിക്കൊണ്ട് ചിണുങ്ങുകയാണ്.

ന്തേ.. ഉണ്ണ്യേ.. ഇപ്പൊ ഇങ്ങനെ തോന്നാൻ

ന്തിനാ അമ്മേ… ഇച്ചേയുമ്മ അമ്മേനെ ഇങ്ങനെ ചീത്തപറയുന്നേ… നിക്ക് സയിക്കൂലാ..

കണ്ണുനിറച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അത് പറയുമ്പോൾ നെഞ്ച് പൊട്ടുന്ന വേദനയിലും ഞാൻ പുഞ്ചിരിച്ചു..
“ന്റെ കുട്ടിക്ക് അമ്മേനോട്‌ സ്നേഹണ്ടല്ലോ.. അമ്മേനെ പറ്റി ചിന്തിക്കുന്നുണ്ടല്ലോ…

അത് മതി, അമ്മയ്ക്ക് അത് മതി.. ഇച്ചേയിയുമ്മ പറയുന്നതൊന്നും മോൻ കാര്യാക്കണ്ട.. ഇത് ഓരുടെ വീടല്ലേ.. ഓര് പറയുന്നത് മ്മള് കേക്കണ്ടേ… ഓരല്ലേ മ്മൾക്ക് പൈസ തരുന്നേ..അപ്പൊ അതൊക്കെ മ്മള് സയ്ക്കണം..

പൈസ തരുന്നത് അമ്മ പണിയെടുക്കുന്നോണ്ടല്ലെ..അല്ലാണ്ട് വെറുതെ അല്ലല്ലോ.. ഈ വീട്ടിലെ മുഴുവൻ പണിം എടുക്കണം ബാക്കി ചീത്തേo കേൾക്കണം..

എന്തൊരു കഷ്ടാ.. അമ്മ ഒന്നും പറയാത്തൊണ്ട ഓർക്ക് ഏനാന്തം..ഇന്ന് ഓര് അമ്മേനെ ന്തേലും പറഞ്ഞാ ഉണ്ണി ഓരോട് ചോയ്ക്കും.. ന്റെ അമ്മേനെ പറയരുത് ന്നു പറയും..

അയ്യോ ഉണ്ണി ചതിക്കല്ലേ.. ഈ പണി കൂടെ പോയ പിന്നെ മ്മള് എന്ത് ചെയ്യും, ഈ മാസത്തെ പൈസ കിട്ടിട്ട് ഉണ്ണിക്ക് അമ്മ പുത്തൻ കുപ്പായം വാങ്ങിത്തരാം ന്ന് വിചാരിച്ചതാ . കുടുക്ക് പോയ ഉണ്ണീടെ കുപ്പായം വലിച്ച് പിന്ന് കുത്തികൊണ്ട് ലക്ഷ്മി പറഞ്ഞു.

ന്നിക്ക് കുപ്പയൊന്നും വേണ്ട… അമ്മയ്ക്ക് പുത്തൻ സാരി വാങ്ങ്യതി.. എത്ര കാലായി ഈ രണ്ട് സാരി.. വാര്യത്തേ സുമിത്രേടത്തി കത്തിക്കാൻ തന്ന ഈ പഴയസാരി ഇനിയെങ്കിലും ഒന്ന് മാറ്റണം.

തള്ളേം മോനും ഇവ്ട്ന്ന് കിന്നരിക്യാണോ..

കലിതുള്ളി വരുന്നുണ്ട് ഇച്ചേയുമ്മ.. മാളികേക്കൽ തറവാട്ടിലെ കാരണോത്തി ആണ് മൂപ്പത്തി.. കണ്ണിൽചോര ഇല്ലാത്ത ഇതുപോലൊരു സ്ത്രീ ഭൂലോകത്ത്ണ്ടാവൂല ന്നാണ് രമേശൻ പറയാറ്..

“പണി എടുക്കാൻ വന്നാൽ പണി എടുക്കണം.. അല്ലാണ്ട് കുട്ടിനെ പുന്നാരിക്കാൻ നിക്കരുത്.. അതെങ്ങനാ വന്നാ പോണ വരെ ഇതിനെ തീറ്റിക്കാനാ തിരക്ക്.. ന്നിട്ട് കണക്ക് പറഞ് പൈസേം വാങ്ങും”. എന്തൊക്കയോ പുലമ്പുന്നുണ്ട് ഇച്ചേയി.

ഒന്നും മിണ്ടീല്ല.. എന്ത് മിണ്ടാനാണ്… ഒന്നും പറഞ്ഞിട്ട് കാര്യല്ല.. എല്ലാം സഹിക്കാം അത്രന്നെ.. ഉണ്ണിനെ പഠിപ്പിക്കണം.. അതിനു പണം വേണം.. ഇനി എത്ര ചീത്തകേട്ടാലും അവന് വേണ്ടി സഹിക്കണം.. സഹിച്ചേതീരു..

അത്താഴം വിളമ്പി പത്രവും കഴുകിവെച്ചാണ് വീട്ടിലേക്ക് നടന്നത്.. ഉണ്ണി ഉറക്കം തൂങ്ങുന്നുണ്ട്.. വീട്ടിൽ വേറെ ആരും ഇല്ലാത്തോണ്ടാണ് അവനേം കൂടെ കൂട്ടണത്..

ഇനി പോയിട്ട് കഞ്ഞി കുടിച്ചിട്ട് വേണം പഠിക്കാൻ ഇരുത്താൻ.. പഠിക്കാൻ മിടുക്കനാണ് ന്റെ ഉണ്ണി.. ശേഖരൻ മാഷ് ഇന്നാളൂടെ പറഞ്ഞെ ഉള്ളു ഉണ്ണി മിടുക്കനാണെന്ന്, അവൻ വലുതായാൽ ന്റെ എല്ലാ പ്രശ്നങ്ങളും അവൻ പരിഹരിക്കുമെന്ന്..

എന്റെ പ്രശ്നങ്ങൾ… അത് വിഷയമല്ല.. ന്റെ കുട്ടി രെക്ഷപെട്ടാൽ മതി.. എന്റെ വയറ്റിൽ പിറന്നു എന്ന ഒരൊറ്റ കാരണത്താൽ ന്റെ കുട്ടി എന്തെല്ലാം സഹിക്കുന്നു.. എല്ലാം ശരിയാകണം.. അവൻ ജീവിക്കണം സന്തോഷായിട്ട്…

ചിന്തകൾ മനസ്സിന് ശക്തി പകരുന്ന പോലെ തോന്നി . ഉണ്ണിയെ എടുത്ത് തോളത്തിട്ടു.. ഇടവഴിയാണ്, വല്ല ഇഴജീവിയും ഉണ്ടെങ്കിൽ ഉണ്ണി കാണില്ല… നിലാവിൽ ആകാശം പൂത്തുനിൽക്കുന്നപോലെ തോന്നി..

പണ്ട് ഇതുപോലൊരു നിലാവത്താണ് ഉണ്ണീടെ അച്ഛന്റെ കൈയും പിടിച്ചു തറവാട്ടിൽ നിന്നും ഇറങ്ങിയത്.. മരുമകൾ ഒളിച്ചോടിയപ്പോൾ തറവാടിന്റെ പ്രൗഡി നഷ്ടമായെന്ന് പറഞ് താലികെട്ടിയവനെ അമ്മാവന്മാർ തീ കൊളുത്തുന്ന ദൃശ്യം ഇന്നും കണ്ണുകളിൽ കത്തി ജ്വലിക്കുന്നുണ്ട്.

അവർക്ക് നഷ്ടമായത് തറവാടിന്റെ പ്രൗഡിയാണത്രെ.. അപ്പോൾ എനിക്കോ… എന്റെ കുഞ്ഞിനോ… കണ്ണുകൾ കനൽ പോലെ എരിയുന്നുണ്ടായിരുന്നു..

കണ്ണകിയെ പോലെ ഉറഞ്ഞുതുള്ളിയ എന്റെ ശാപം തന്നെയാണ് തറവാട് ക്ഷയിപ്പിച്ചത്.. പേ പിടിച്ച് നായയെ പോലെ അമ്മാവന്മാർ ചത്ത് വീഴുമ്പോൾ ഞാൻ കൈകൊട്ടി ചിരിച്ചിരുന്നു..

അകത്തളത്തിൽ തീ പിടിച്ച് തറവാട് കത്തിയമർന്നപ്പോൾ എന്റെ നെഞ്ച് സന്തോഷംകൊണ്ട് ആഹ്ലാദിച്ചു… നഷ്ടങ്ങൾ.. എല്ലാവർക്കും നഷ്ടമാണുണ്ടായത്.. സ്നേഹവും സമ്പത്തും സന്തോഷവും എല്ലാമെല്ലാം നഷ്ടമായി…

പുഴയ്ക്ക് കുറുകെയുള്ള പാലം, നടക്കുമ്പോൾ കുലുങ്ങുന്നുണ്ടായിരുന്നു.. നിലാവും പൂർണചന്ദ്രനും പുഴയെ മനോഹരിയാക്കിയിരുന്നു..

വീട്ടിലെത്തി കഞ്ഞി കുടിച്ച് ഉണ്ണി പഠിച്ചുകഴിയുന്നവരെ അവന് ഞാനും കൂട്ടിരുന്നു. പിറ്റേന്ന് അവനെ സ്കൂളിലേക്കയച്ച ശേഷമാണ് ജോലിക്ക് പുറപ്പെട്ടത്..

പതിവുപോലെ ഇച്ചേയിയുമ്മയുടെ കലപിലകളിൽ മനസ്സ് മടുത്തുനിൽക്കുമ്പോളാണ് ഉണ്ണിയുടെ ശബ്‌ദം കേൾക്കുന്നത്… പാത്രം കഴുകുന്നതിനിടയിൽകൂടെ ഞാൻ മുറ്റത്തേക്ക് വന്നുനോക്കി..

ഹയ്യോ… എന്താ ഇത്… ഇതെന്ത് പറ്റിയെടാ കാലിന്…

ഉണ്ണീടെ കാലിന്റെ മുട്ട് മുതൽ താഴോട്ട് രക്തം ഒലിച്ചിറങ്ങിയിട്ടുണ്ട്.. പാന്റ് കീറി രക്തം പൊടിഞ്ഞതും കാണാം.. ശരീരത്തിന്റെ പല ഭാഗങ്ങളിലായി ചുവന്ന രക്തക്കറകൾ.

അത്.. അമ്മേ.. ചെറിയൊരു ആക്‌സിഡന്റ്… ഒന്നും പറ്റിയിട്ടില്ല.. ഇതൊന്നു കഴുകിയാൽ പോകും…

ഒന്നും പറയണ്ട ഉണ്ണി.. ഇതിപ്പോ ഹോസ്പിറ്റലിൽ പോയി കാണിക്കണം.. പിന്നീട് ന്തേലും നീര് വന്നാൽ കുടുങ്ങിപോകും.. അമ്മ ഇപ്പൊ വരാം..

ആ പാത്രമൊക്കെ എടുത്ത് വെക്കട്ടെ.. മോൻ ആ കസേരയിൽ ഇരുന്നോ…
അതും പറഞ് ഞാൻ അടുക്കളയിലേക്ക് ഓടി.. പണി വേഗം തീർത്ത് മുറ്റത്തേക്ക് ഓടി വന്നപ്പോ ഇച്ചേയിയുമ്മ ഉണ്ണിയെ കണക്കിന് ചീത്ത പറയുന്നുണ്ട്..

കുരുത്തം കെട്ടവൻ.. ഇരിക്കാൻ കണ്ട സ്ഥലം…

“എന്ത് പറ്റി ഉണ്ണി…. ന്താ ഉണ്ടായെ..
പരിഭ്രമത്തോടെ ഞാൻ ഉണ്ണിയോട് ചോദിച്ചു.

“കുന്തം.. നീയാണോടി ഇവനെ ഇവിടെ കയറ്റി ഇരുത്തിയെ.. ” അവന്റെ വായടച്ചശേഷം ഇച്ചേയിയുമ്മ ചോദിക്കാൻ തുടങ്ങി.

അതെ.. അവനെ ഏതോ വണ്ടി ഇടിച്ചു.. കണ്ടില്ലേ കുട്ടിക്ക് നിൽക്കാൻ പോലും വയ്യ..

അതോണ്ട്… ന്റെ വീട്ടിൽ ഞെളിഞ് ഇരിക്യാന്നോ… അങ്ങനെയിപ്പോ വേണ്ട… ഞാൻ ഇവനെ ഇവിടുന്ന് പിടിച്ചു നിലത്തേക്കിട്ടു..

പുച്ഛത്തോടെ അവരത് പറഞ്ഞപ്പോ എനിക്ക് പ്രാന്ത് പിടിക്കുന്ന പോലെ തോന്നി.. രക്തം പൊടിഞ്ഞ കാല് പൊത്തിപിടിച്ച് അവൻ കരയുന്നത് കണ്ടപ്പോൾ നെഞ്ച് കലങ്ങിമറയാൻ തുടങ്ങി.

ന്നെ എന്ത് വേണേലും പറഞ്ഞോളൂ . ന്റെ കുഞ്ഞിനെ പറഞ്ഞാൽ ഞാൻ സഹികൂല…

സഹികൂലങ്കിൽ ഇറങ്ങി പോടീ…

പോവാണ്.. മതിയായി.. ഇനി ഇങ്ങോട്ട് പണിക്കില്ല.. ന്റെ കുട്ടി വയ്യാണ്ടിരിക്കുമ്പോ പിടിച്ചുഎണീപ്പിച്ച നിങ്ങളെ ഇനി നിക്ക് സുസ്രൂഷിക്കണ്ട.. നിങ്ങടെ പൈസേം വേണ്ട ഒന്നും വേണ്ടാ…

ഉണ്ണീടെ കൈയും പിടിച്ച് അന്ന് ഇറങ്ങിയതാണ് ആ തറവാടിന്റെ മുറ്റത്ത് നിന്ന്.. അതിന് ശേഷം ഇപ്പോൾ ഈ തണലിൽ വെച്ചാണ് ഇച്ചേയിയുമ്മയെ നേരിട്ട് കാണുന്നത്..

ഒൻപത് മക്കളെ പെറ്റുപോറ്റിയിട്ടും അന്ന് അവർ പിടിച്ചു നിലത്തിട്ട ന്റെ കുട്ടീടെ കൈകൾ വേണ്ടി വന്നു വാർദ്ധക്യത്തിൽ ചേർത്ത് പിടിക്കാൻ..ദൈവത്തിന്റെ ഓരോ വികൃതികൾ . പണം മാത്രമുണ്ടായിട്ടെന്ത് കാര്യം..

ഇച്ചേയിയുമ്മേ .. ന്നെ മനസ്സിലായോ.. ഞാൻ പതിയെ വിളിച്ചു..

ലക്ഷ്മി…(പെട്ടന്ന് ആ കണ്ണുകൾ വിടർന്നു.. ) ഇരിക്ക് മോളെ… സോഫ ചൂണ്ടി കാണിച്ച് ഇരിക്കാൻ പറഞ്ഞപ്പോൾ പഴയ ഓർമയിൽ എവിടെയോ നെഞ്ച് പിടഞ്ഞു…
വേണ്ട… ഇരിക്കില്ല.. ഞാൻ നിന്നോളം.. ഒരു നിമിഷം എന്നിലും പഴയ പ്രതികാരബോധം ഉണർന്നു..

ലക്ഷ്മി…… ന്നോട് പൊറുക്കണം… നീ പോയെ പിന്നെ നല്ലോണം ഒരിറക്ക് വെള്ളം നിക്ക് കിട്ടില്ലാ… പടച്ചോനെ ഓർത്ത് മാപ്പാക്കണം… എല്ലാത്തിനും നിക്ക് പടച്ചോൻ തിരിച്ചുതന്ന്…

കണ്ടില്ലേ… സ്വന്തം വീട്ടിൽ കിടന്ന് ചവാൻ പോലും യോഗല്ല… നിന്നെ ഇറക്കിവിട്ട ആ വീട്ടിൽ പിന്നീട് ഞാൻ ഒരു രാത്രി പോലും മനസമാധാനത്തോടെ ഉറങ്ങീല്ല..

വാർദ്ധക്യം തളർത്തിയ ആ ശരീരത്തെ ഇനിയും വിഷമിപ്പിക്കാൻ എനിക്ക് കഴിഞ്ഞില്ല.. ഒരു കുഞ്ഞിനെ പോലെ പൊട്ടിക്കരയുന്ന ഇച്ചെയിതുമ്മേനെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുമ്പോ ന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു..

പണം ചിലപ്പോളൊക്കെ വെറും കടലാസ്കഷ്ണം മാത്രമാണ് ഉമ്മാ സ്നേഹമാണ് എല്ലാത്തിലും ഉപരി.

പറ്റിയ തെറ്റിന് മാപ്പ് പറഞ് ഉണ്ണീടെ കൈ പിടിച്ച് ഉമ്മ എന്തൊക്കെയോ വിശേഷം തിരക്കുന്നുണ്ടായിരുന്നു ഇത് പോലെ അനാഥ രാകുന്നവരെ ചേർത്ത്പിടിക്കാൻ ന്റെ കുട്ടിക്ക് കഴിയട്ടെന്ന് അപ്പോളും ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *