രണ്ടാം കെട്ടുകാരിയെ ഇവിടെ ആരും അംഗീകരിക്കില്ലന്ന് ഉറപ്പാണ്, ഇങ്ങനെയൊക്കെ..

ഇടക്കാരി (ബ്രോക്കർ)
(രചന: മനു ശങ്കർ പാതാമ്പുഴ)

“ടാ കാർത്തി..വേഗം എണീക്കേടാ.. ഇന്നല്ലേ നീ ചെല്ലമെന്നു പറഞ്ഞേക്കുന്നെ. എണീക്ക് വേഗം..”

ഞായറാഴ്ച്ചയായകൊണ്ട് രാവിലത്തെ കുളിരിൽ പുതച്ചുമൂടി ഉറങ്ങുമ്പോഴാണ് ഏട്ടത്തിയുടെ വിളി. ഞാൻ ഒന്ന് തിരിഞ്ഞു മറഞ്ഞു പുതപ്പ് വലിച്ചു തലമൂടി. അപ്പോഴാണ് ഏട്ടത്തി വിളിച്ച കാര്യത്തെക്കുറിച്ചു ഓർമ്മ വന്നത്.

കുറച്ചു ദൂരെ ഒരിടത്തു പെണ്ണുകാണാൻ പോകാമെന്ന് പറഞ്ഞിരുന്നു. ബ്രോക്കർ അടുത്തുള്ള കവലയിൽ കാത്തു നിൽക്കുമെന്നു പറഞ്ഞിരുന്നു. സത്യത്തിൽ പെണ്ണ് കണ്ടു നടന്ന് കല്യാണമേ വേണ്ട എന്ന ചിന്തയിലായിരുന്നു ഞാൻ.

ഇത് ഏട്ടത്തിയുടെ കൂട്ടുകാരി വഴി വന്ന ഒരു ഇടക്കാരി പറഞ്ഞ പെണ്കുട്ടിയെ കാണാനുള്ള യാത്രയാണ്. ഇതിനു പോയില്ലേൽ ഏട്ടത്തി പിന്നേ സമാധാനം തരില്ല.

ചിലപ്പോഴൊക്കെ ഏട്ടനെക്കാൾ അധികാരം ഏട്ടത്തിയെടുക്കും എങ്കിലും പാവമാണ് എന്റെ നല്ല കാര്യത്തിനല്ലേ.

ഏട്ടൻ എറണാകുളത്തു ഒരു പ്രൈവറ്റ് കമ്പനിയിലാണ് ജോലി മിക്കവാറും തിരക്കാവും അതുകൊണ്ടു മാസത്തിലൊരിക്കലെ വീട്ടിലേക്ക്‌ വരൂ

വന്നു കഴിഞ്ഞാൽ ഏട്ടത്തിയെയും മോളേയും സന്തോഷിപ്പിച്ചു മൂന്നു നാലു ദിവസം വീട്ടിലുണ്ടാവും അപ്പോൾ പുറത്തൊക്കെ കൊണ്ടുപോയി വേണ്ടതൊക്കെ മേടിച്ചു കൊടുത്തു സന്തോഷിപ്പിക്കും അവർക്കും ഏട്ടനോടും നല്ല സ്നേഹമാണ്.

ഞാൻ പെട്ടെന്ന് എണീറ്റ് പോകാൻ റെഡിയായിവന്നു അച്ഛൻ രാവിലെ തന്നെ കവലക്ക് പോയിരുന്നു. അമ്മ ഏതോ അമ്പലത്തിൽ എന്റെ പേരിൽ നടത്തിയ വഴിപാടിന്റെ ഒപ്പം കിട്ടിയ ചന്ദനം എനിക്ക് തൊട്ട്തന്നു രാഹുകാലത്തിനു മുൻപ് വേഗം ഇറങ്ങിക്കോ എന്ന് പറഞ്ഞു കണ്ണുകളടച്ചു ദൈവത്തെ സ്മരിച്ചു.

ഞാൻ ഇപ്പോൾ കുറച്ചുകാലങ്ങളായി പെണ്ണുകാണലിന് പോകുമ്പോൾ മാത്രം ഉപയോഗിക്കുന്ന ആൾട്ടോ കാർ അച്ഛൻ കഴുകി വൃത്തിയാക്കി ഇട്ടിട്ടുണ്ട്.

അതിൽ കയറാൻ നേരമാണ് അതു കണ്ടത് പുറകിലെ സീറ്റിൽ അച്ഛൻ ഏതോ പാർട്ടിപരിപാടിക്ക് പോയി വന്നപ്പോൾ എടുത്തു വയ്ക്കാൻ മറന്ന ചെ ങ്കൊ ടി.

ചെ ങ്കൊ ടി അമ്മേ എൽപ്പിച്ചു, കാറുമായി പുറത്തേക്കു ഇറങ്ങുമ്പോൾ അമ്മയും ഏട്ടത്തിയും ഇതെങ്കിലും ശരിയാവണെ ദൈവമെ എന്ന പ്രാർത്ഥനയോടെ കൈവീശി.

സാധരണ ഞാൻ പെണ്ണുകാണാൻ പോകുമ്പോൾ കൂട്ടുകാരിൽ സിദ്ധിക്കോ ജോർജോ അജിത്തോ ഇവരിലാരെങ്കിലുമാണ് കൂടെ വരാറുള്ളത്

പക്ഷെ ഈ പ്രാവശ്യം ബ്രോക്കറുമായി അങ്ങു ഒറ്റക്ക് പോകാമെന്ന് വിചാരിച്ചു, എന്നും മൂന്നുപേര് പോയിട്ടാണ് ഒന്നും ശരിയാവത്തതെന്നാണ് ഏട്ടത്തിയുടെ പക്ഷം അതിനു അമ്മയുടെ സപ്പോർട്ടുമുണ്ട്.

കവലയിൽ നോക്കിയിട്ട് അച്ഛനെ കണ്ടില്ല മിക്കവാറും പാർട്ടി ഓഫീസിലായിരിക്കും.

അപ്പോഴാണ് ബ്രോക്കറെ വിളിക്കുന്ന കാര്യമോർത്തത് ഞാൻ ഇതുവരെ അവരെ വിളിച്ചില്ല എല്ലാം സംസാരിച്ചത് ഏട്ടത്തിയാണ്. വാട്സാപ്പിൽ ഏട്ടത്തി രാവിലെ അയച്ചിട്ട നമ്പർ ഉണ്ട് ‘ രേവതി’ ആഹ ചെറുപ്പക്കാരിയാണല്ലോ എന്നു വിചാരിച്ചു കോൾ ചെയ്തു.

“ഹലോ രേവതിയല്ലേ ”

“അതെയല്ലോ കാർത്തി അല്ലെ..”

“അതേ”

“നമ്പർ ഏട്ടത്തി തന്നിരുന്നു ഇപ്പോൾ എവിടെയായി”

“ഞാൻ ഇതാ ആൽത്തറ കവല എത്തുന്നു. രേവതി എവിടെ നിൽക്കുന്നെ.”

“ഞാൻ ഈ കവലയിൽ ഉണ്ട് ബ്ലൂ കളർ ചുരിദാർ..ഏതാ വണ്ടി ”

“വൈറ്റ് കളർ ആൾട്ടോയിലാണ് എന്നെ കാണുന്നുണ്ടോ ഞാൻ ഇവിടെ നിർത്തി..”

“ഞാൻ കണ്ടു ബ്ലൂ ഷർട്ട് അല്ലെ.. ഇതാ ഞാൻ വന്നു..”

രേവതി കാറിന്റെ അടുത്തേക്കു വന്നു. ഉദ്ദേശിച്ചപോലെ തന്നെ എന്നേക്കാൾ പ്രായം കുറഞ്ഞ ഒരു പെണ്കുട്ടി.

അത്യാവശ്യം നല്ല സുന്ദരി എന്നു തന്നെ പറയാം ഞങ്ങളുടെ ഡ്രെസ്സുകൾ തമ്മിൽ ചെറിയ നിറവ്യത്യാസമേ ഉള്ളൂ. ഞാൻ വാതിൽ തുറന്നു കൊടുത്തു അവൾ മുൻസീറ്റിൽ കയറി ഇരുന്നു. അപ്പോഴും എനിക്ക് അവളെ ബ്രോക്കറായ് അംഗീകരിക്കാൻ പറ്റിയില്ല. എന്റെ നോട്ടം കണ്ടിട്ട് ആണെന്ന് അവൾ ചോദിച്ചു

“ചേട്ടനു എന്നെ കണ്ടിട്ട് ഒരു ബ്രോക്കറായി കാണാൻ തോന്നുന്നില്ല അല്ലെ..”

ഞാൻ ചിരിച്ചു

“ഈ കാണുന്നപോലെ ഒന്നും അല്ല കേട്ടോ ഇതുവരെ ഞാൻ പത്തു പതിനഞ്ചു കല്യാണം നടത്തിയിട്ടുണ്ട്.. ട്ടൊ ” അവൾ ചിരിച്ചു

“നമ്മൾ കൃത്യസമയത്തു തന്നെ എത്തും ഇനി 35 km ഉളളൂ” അപ്പോഴും അമ്പരപ്പ് മാറാതെ ഞാൻ ചോദിച്ചു

“താൻ എങ്ങനെ ഈ പ്രായത്തിൽ ബ്രോക്കറായി പഠിക്കാൻ ഒന്നും പോകാതെ..”

“സത്യത്തിൽ പറയാൻ എനിക്ക് ഒരു ബി ബി എ ഡിഗ്രിയൊക്കെയുണ്ട്, അതു വച്ചു ഞാൻ ജോലി തേടി നടന്നു കൊണ്ടിരുന്നപ്പോഴാണ് നാട്ടിലെ പ്രമുഖ ബ്രോക്കറായ അച്ഛന്റെ മരണം നടന്നത്‌”

അവൾ അൽപം നിറുത്തി തുടർന്നു.

” പിന്നെ അച്ഛൻ നടത്തിയ ഒന്നു രണ്ടു കല്ല്യണത്തിന്റെ ബ്രോക്കർ പൈസ കിട്ടാൻ ഉണ്ടായിരുന്നു അതു ചോദിച്ചു നടക്കുന്ന സമയം ചിലർ കല്യാണകാര്യങ്ങൾ പറഞ്ഞു

അങ്ങനെ ഞാൻ അച്ഛന്റെ ബാഗും ബുക്കുമൊക്കെയെടുത്തു ഓരോ അഡ്രസും ജാതകവുമൊക്കെ നോക്കി പെണ്ണുകാണലൊക്കെ നടത്തി അങ്ങനെ ഒരു കല്യാണം നടന്നു. അതിൽ കുറച്ചു പൈസയും കിട്ടി അങ്ങനെയുണ്ടായ പരിചയങ്ങൾ വെച്ചു കുറെ കല്യാണങ്ങൾ നടത്തി..”

ഞാൻ വളരെ ആകാംഷയോടെയാണ് അടുത്ത ചോദ്യം ചോദിച്ചത്.

“അപ്പോൾ അങ്ങനെ തനിക്കു നല്ല ഒരു പയ്യനെ കണ്ടുപിടിച്ചു കെട്ടാൻ മേലാരുന്നോ.. കുറച്ചു പ്രാരാബ്ദമൊക്കെ കുറഞ്ഞേനേല്ലോ”

“മാഷേ ഞാൻ ഡിവോഴ്സ്ഡ് ആണെന്നു…” അവൾ ഒന്നു ഉറക്കെ ചിരിച്ചു. എന്നിട്ട്

“ഞാൻ നേരത്തെ പറഞ്ഞില്ലേ പതിനഞ്ച് കല്യാണം എന്ന് അതിൽ ഒന്ന് എന്റെ ആയിരുന്നു ,” പിന്നെ അവളുടെ മുഖത്ത് നിരീശ നിറഞ്ഞപോലെ തോന്നി.

“ബാക്കി കല്യാണം കഴിച്ച പതിനാലു പേരും നല്ല അന്തസായി സുഖമായി തന്നെ ജീവിക്കുന്നണ്ട്…”

എനിക്കത് കേട്ടപ്പോൾ കുറച്ചു വിഷമമായി. അവൾ കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല. പിന്നീട് അവൾ

“നല്ല തറവാട്ടുകരാണ് കേട്ടോ ഏട്ടത്തി പ്രിത്യേകം പറഞ്ഞിരുന്നു സെയിം വേണമെന്ന് അമ്മക്ക് നിർബന്ധമെന്നു..”

“ഞാൻ കുറെ പെണ്ണ് കണ്ടതാണ് അതുകൊണ്ടു എനിക്കു വലിയ പ്രതീഷയൊന്നുമില്ല രേവതി.. മിക്കയിടത്തു ചെല്ലുമ്പോഴും പ്രൈവറ്റ് ജോലിയൊക്കെ വലിയ പുച്ചമാണ് എല്ലാവർക്കും സർക്കാർ ജോലിക്കാരെ മതിയല്ലോ…”

“ഇവിടെ ഞാൻ എല്ലാം പറഞ്ഞിട്ടുണ്ട് , നേരിൽ കണ്ടിട്ടു ഇഷ്ടപെടട്ടെ എന്നോർത്താണ് ഞാൻ അങ്ങോട്ടും ഇങ്ങോട്ടും ഫോട്ടോസ് ഒന്നും അയക്കാതിരുന്നത്…”

അങ്ങനെ ഞങ്ങൾ പെണ്ണിന്റെ വീട്ടിലേക്ക് എത്തി പെണ്ണിന്റെ അച്ഛൻ ഇറങ്ങി വന്നു സ്വീകരിച്ചു. സാധരണ എല്ലാ ചടങ്ങും കഴിഞ്ഞു ഇറങ്ങി.

ഇത്രയും നാൾ നടന്ന് നടന്ന് ഇപ്പോൾ എന്നെ ഇഷ്ടപ്പെടുന്ന ആരെ കിട്ടിയാലും കെട്ടുന്ന അവസ്‌ഥയിലായിരുന്നതു കൊണ്ടു രേവതിയോട് ഇഷ്ടമായി എന്നു പറഞ്ഞു. ഞങ്ങൾ ഇറങ്ങാൻ നേരം പെണ്ണിന്റെ അച്ഛൻ വൈകിട്ട് വിളിച്ചു പറയാം എന്നു രേവതിയോട് പറഞ്ഞു.

ഞങ്ങൾ തിരിച്ചു പോരുന്ന വഴി അവൾ പറഞ്ഞു.

“ആ കുട്ടിയുടെ ഭാവം കണ്ടിട്ട് ചേട്ടനെ ഇഷ്ടപ്പെട്ട പോലെയാണ് വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി…”

മനസിൽ ചെറിയ സന്തോഷമൊക്കെ ഉണ്ടായിയെങ്കിലും പുറത്തു കാണിക്കാതെ പറഞ്ഞു

“കണ്ടറിയണം…”

അവളും ഒന്ന് മൂളി..

രേവതിയെ ആൽത്തറ കവലയിൽ ഇറക്കി ഞാൻ വീട്ടിലേക്കു പോന്നു…വൈകിട്ട് വരെ ഇനി രേവതിയുടെ വിളിക്കായുള്ള കാത്തിരിപ്പിലേക്ക് കടന്നു…പക്ഷെ വൈകുന്നേരം അവളൂടെ കോൾ വന്നില്ല
വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു

“പെണ്കുട്ടിക്ക് എന്തോ ഇഷ്ടപ്പെട്ടില്ല മാഷേ നമ്മുക്ക് ഇതിലും നല്ലതു വേറെ ഞാൻ തന്നെ കണ്ടുപിടിച്ചു തരാം കേട്ടോ”

എനിക്ക് ഇത് കേട്ട് വിഷമം തോന്നിയില്ല കുറച്ചായി മിക്കവാറും കേൾക്കുന്ന വാക്കുകൾ ആയിരുന്നു.

പക്ഷെ എന്റെ ഓർമ്മയിൽ ചില കാര്യങ്ങൾ തെളിഞ്ഞു വന്നു പെണ്ണ്കാണൽ തുടങ്ങിയ സമയം നമ്മളെ ഇഷ്ടപെട്ട കുറെ പെണ്കുട്ടികളെ വേണ്ടാന്നു വെച്ചിട്ടുണ്ട് ഓരോ കുറ്റവും പറഞ്ഞു ഇതിലും നല്ലത് വരുമെന്ന ചിന്തയിൽ…

അവരുടെയൊക്കെ ശാപവുംമുണ്ടാവും എന്നെനിക്കു തോന്നി,ഓരോ പെണ്കുട്ടികളും എത്ര പ്രതീഷയോടെ ഓരോ പെണ്ണ് കാണാലിനും ഒരുങ്ങി വരുന്നത്…

ദിവസങ്ങൾ കഴിഞ്ഞുകൊണ്ടിരുന്നു ഇടക്കൊക്കെ രേവതിയുടെ good morning മെസ്സേജുകൾ വരാറുണ്ട് തിരിച്ചു മറുപടിയും കൊടുക്കും..

അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ കോൾ വന്നു അടുത്താഴ്ച്ച ഒരു പെണ്കുട്ടിയെ കാണാൻ പോകാൻ റെഡിയാണോ എന്നു ചോദിച്ചു.. വലിയ പ്രതീഷയൊന്നുമില്ലെങ്കിലും രേവതിയോട് എന്തെങ്കിലും മിണ്ടാമല്ലോ എന്നോർത്ത് വരാമെന്നു പറഞ്ഞു.

ആ യാത്ര അടുത്ത ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമത്തിലേക്കായിരുന്നു രാവിലെ തന്നെ മഴ തുടങ്ങിയിരുന്നു ഈ യാത്രയിൽ രേവതി മുമ്പത്തേക്കാൾ കുറച്ചു കൂടുതൽ സ്വാതന്ത്ര്യമെടുത്തു സംസാരിച്ചുകൊണ്ടിരുന്നു. ചിലപ്പോഴെക്കെ അവളുടെ മഴയോടും മറ്റുമുള്ള ഇഷ്ടങ്ങൾ അങ്ങനെ പലതും..

“എത്രയോ ജന്മമായി”എന്ന പഴയ പാട്ടു വീണ്ടുംവീണ്ടും എന്നെക്കൊണ്ട് കാർ സ്റ്റീരിയോയിൽ പ്ലേ ചെയിച്ചുകൊണ്ടിരുന്നു.. നാട്ടിൻ പുറത്തെ ചില മനോഹര കാഴ്ചകൾ കാണുമ്പോൾ കാർ നിർത്തിച്ചു ഇറങ്ങിയുമൊക്കെയായിരുന്നു
യാത്ര..

അന്ന് കണ്ടത് ഒരു കൃഷിക്കരന്റെ മകളെയായിരുന്നു..മടങ്ങി വന്നു വൈകിട്ട് പതിവ് പോലെ അവളുടെ മെസ്സേജ് കിട്ടി ആ പെണ്കുട്ടി കേന്ദ്രസർക്കാർ ജോലിയുള്ളവരെയാണ് പ്രതീഷിക്കുന്നത് എന്ന്..അത് കേട്ടിട്ട് ഒന്നും തോന്നിയില്ല.

പക്ഷെ ഈ യാത്രകൂടെ കഴിഞ്ഞപ്പോൾ മുതൽ ഞങ്ങളുടെ മെസ്സേജിങ് കുറച്ചു കൂടി നീണ്ടുതുടങ്ങി, എന്തെങ്കിലുമൊക്കെ അയച്ചുകൊണ്ടിരിക്കും.. ചിലപ്പോൾ പതിരാത്രിവരെ ഇനി ഇത് വല്ല പ്രേമവും ആവുമോ.

രണ്ടാം കെട്ടുകാരിയെ ഇവിടെ ആരും അംഗീകരിക്കില്ലന്ന് ഉറപ്പാണ്. ഇങ്ങനെയൊക്കെ ചിന്തിച്ചെങ്കിലും പ്രായത്തിന്റെ ചാഞ്ചാട്ടത്തിൽ ആ മെസ്സേജിങ് നിർത്താൻ തോന്നിയില്ല. ഇപ്പോൾ തന്നെ മുപ്പത് കഴിഞ്ഞു ഇനി ഒന്നും കിട്ടിയില്ലെങ്കിൽ ഇതെങ്കിലും ആവട്ടെയെന്ന ചിന്തയിൽ…

വീണ്ടും ഒരിക്കൽകൂടി പെണ്ണുകാണാൻ ഞങ്ങൾ ഒന്നിച്ചു പോകുന്ന വഴിയിൽ അവളോട്‌ ഞാൻ ചോദിച്ചു.

“എടോ താൻ ഡിവോഴ്സ്ഡ് ആവാൻ ഉള്ള കാരണമെന്താണ് ” അവൾ എന്റെ മുഖത്തേക്ക് നോക്കി ഉറക്കേ ഒന്നു പൊട്ടിച്ചിരിച്ചു.

“മാഷേ അത് ഞാൻ അന്ന് ചുമ്മ പറഞ്ഞതാണന്നെ.. ”

“അതെന്താണെന്ന് വെച്ചാൽ പണ്ട് പെണ്ണ് കാണാൻ പോകുന്ന പലർക്കും ആലോചന നടന്നില്ലേൽ എന്നെയങ് കെട്ടണമെന്ന ചിന്തയാണ്… അതുകൊണ്ട് ഞാൻ പുതിയതായി വരുന്നവരോടൊക്കെ പറയും ഞാൻ കെട്ടി ഡിവോഴ്സ്ഡ് ആണെന്ന്…”

അവൾ വീണ്ടും ചിരിച്ചു ഒപ്പം ഞാനും മനസു നിറഞ്ഞു ചിരിച്ചു. അങ്ങനെ ഒരു പ്രശ്നം ഒഴിവായതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ,അവൾ

“മാഷേ നമ്മളെ ഇഷ്ടപ്പെടുന്നവരെ മത്രമല്ലല്ലോ നമ്മൾക്കും കൂടി നന്നായി ഇഷ്ടപ്പെടുന്നവരെ വേണ്ടേ കെട്ടാൻ..പണവും ജോലിയുമൊക്കെ അതിനും മുകളിലാണന്നാണ് എന്റെ കാഴ്ച്ചപ്പാട്”

“അതു ശരിയാണ് ഡോ..”

അന്ന് പെണ്ണ് കണ്ടിറങ്ങുമ്പോൾ തന്നെ പെണ്ണിന്റെ അച്ഛൻ രേവതിയെ മാറ്റി നിർത്തി എല്ലാവർക്കും ഇഷ്ടമായി എന്നു പയ്യനോട് പറഞ്ഞോളൂ എന്നു പറഞ്ഞു… തിരിച്ചുള്ള യാത്രയിൽ അവളെന്നോട് അതു പറയുമ്പോൾ ആ മുഖം വാടിയിരുന്നു. എന്റെ മറുപടിക്കായി കാത്തിരുന്ന അവളോട്‌ ഞാൻ പറഞ്ഞു…

“രേവതി എനിക്ക് ആ കുട്ടിയെ എന്തോ ഇഷ്ടമായില്ല…”

അവൾ സന്തോഷം ഉള്ളിലൊതുക്കി ചോദിച്ചു… “അവൾ മുൻപ് കണ്ടിട്ടുള്ള എല്ലാവരെയുംക്കാളും മിടുക്കി അല്ലെ ജോലിയുമുണ്ട് പിന്നെന്താണ്… ഇപ്പോൾ ഇങ്ങനെ…”

“എനിക്ക്… രേവതി, തന്നെയാടോ..ഏറെയിഷ്ടം”

“മാഷേ, മാഷ് എന്താണ് പറയുന്നത്.. എന്നെക്കുറിച്ചു ഒന്നുമറിയില്ല മാഷിന്..”

“ഒരുകാര്യം എനിക്കറിയാം അതു മാത്രം മതി എനിക്ക്, നീ എനിക്ക് പറ്റിയ കുട്ടിയാണെന്ന്..”

“മാഷേ അത് മാത്രം പോരല്ലോ… മാഷിന്റെ ഏട്ടത്തിയും അമ്മയും ഉറപ്പിച്ചു പറഞ്ഞ ഒരു കാര്യമുണ്ട്…മാഷിന്റെ പോലെ ഉയർന്ന ജാതി തന്നെ വേണമെന്ന്…ഞാൻ അവിടെ ഒരു അധികപറ്റാവും… ഞങ്ങൾ താഴ്ന്ന ജാതിയാണ്… പിന്നേയുമുണ്ട് എന്റെ ചേച്ചിയുടെ കല്യാണം കഴിയാതേ… ഞാൻ എങ്ങനെ…”

“രേവതി നീ ആത്മാർഥമായി പറയണം എന്നെ നിനക്ക് ഇഷ്ടമല്ലേ…” രേവതി കുറച്ചു നേരത്തേക്ക് മൗനമായി അതിനുശേഷം

“ഇഷ്ടമാണ് ഞാൻ മറ്റാരേക്കാളും നിങ്ങളെ ഞാൻ മനസ്സിലാക്കുന്നു… പക്ഷെ.. എനിക്കറിയില്ല…”

പിന്നെ ഞങ്ങൾ രണ്ടാളും കുറെ നേരത്തേക്ക് മിണ്ടിയതെയില്ല.. ആൽത്തറക്കവലയിൽ കാർ നിർത്തിയത് അവളറിഞ്ഞില്ല.

മറ്റേതോ ലോകത്ത് എന്നപോലെയായിരുന്നു. ഞാൻ തൊട്ട് വിളിച്ചപ്പോൾ അവൾ ഞെട്ടിയുണർന്നു തിടുക്കപ്പെട്ട് ടൂർ തുറന്ന് ഇറങ്ങി നടന്നു പോയപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. എന്റെ മനസിലും അവളെ ഓർത്തു ആദ്യമായി ദുഃഖഭാരം വന്നു നിറഞ്ഞിരുന്നു.

ഞാൻ വീട്ടിലേക്ക് എത്തുമ്പോഴേക്കും രേവതിയുടെ കാര്യം അവതരിപ്പിക്കാൻ ഒരു പ്ലാൻ മനസിലുണ്ടാക്കിയിരുന്നു.

ഞാൻ വീട്ടിൽ എത്തുമ്പോൾ ഏട്ടനും വന്നിരുന്നു ഏട്ടത്തി ഇടക്ക് എന്റെ റൂമിലേക്ക് വന്നു .

“ടാ കാർത്തി ഇന്ന് കാണാൻപോയ വീട്ടുകാർക്കും പെണ്ണിനും നിന്നെ ഇഷ്ടമായെന്നു രേവതിയെ വിളിച്ചപ്പോൾ പറഞ്ഞല്ലോ…”

“ഏട്ടത്തി എനിക്ക് അതിഷ്ടപെട്ടില്ല. എന്താടാ എത്ര നടന്നിട്ടാണ് ഒരെണ്ണം ശരിയായത് എന്നിട്ട് നീ വേണ്ടന്ന് വയ്ക്കാൻ പോവാണോ..”

“ഏട്ടത്തി അതു പിന്നെ എനിക്ക് രേവതിയെ ഇഷ്ടമാണ് അവൾക്ക് എന്നെയും…” ഏട്ടത്തി ഷോക്ക് കിട്ടിയപ്പോലെ അനങ്ങാതെ നിന്നു..

“അവൾ താഴ്ന്ന ജാ തി ക്കാ രിയാണ് ചേച്ചിയുടെ കല്യാണം കഴിയാൻ ഉണ്ട് എങ്കിലും എനിക്ക് അവളെ മതി…”

ഇത് പറഞ്ഞതും ചേട്ടനും അമ്മയും കൂടി അകത്തേക്ക് വന്നു ചിരിച്ചുകൊണ്ടു എനിക്കൊന്നും മനസിലായില്ല. അതു വരെ ഗൗരവത്തിൽ നിന്ന ചേട്ടത്തിയുംചിരിക്കാൻ തുടങ്ങി…ചേട്ടത്തി പറഞ്ഞു തുടങ്ങി…

“ടാ കാർത്തികുട്ടാ…നിന്നെ കാണാൻ തുടങ്ങിയിട്ട് കുറച്ചു കാലമായില്ലേ നിന്റെ മാറ്റമൊക്കെ..എനിക്ക് മനസിലാവുന്നുണ്ടാരുന്നെടാ… പെണ്ണുകാണാൻ പോകാനുള്ള ഉത്സാഹവും സന്തോഷവും ഒരുക്കാവുമൊക്കെ ഇതു ഇങ്ങനെ ആകുവോള്ള് എനിക്കു തോന്നിയിരുന്നു…

അപ്പോഴാണ് എന്റെ പ്രിയ കൂട്ടുകാരി രേഖയുടെ കോൾ രേഖയുടെ വീട്ടിൽ ഒരാൾക്ക് പ്രേമ പനിയുടെ ചെറിയ അസുഖം ഉണ്ടെന്നും…ഫോണിൽ നോക്കിയപ്പോൾ അതിനു കാരണക്കാരൻ ഇവിടുത്തെ കർത്തിയാണെന്നും…”

ഞാൻ ഒന്നും മനസിലാകത്തെ പോലെ എല്ലാവരേയും മാറി മാറി നോക്കി.. ഏട്ടത്തി പിന്നെയും പറഞ്ഞു തുടങ്ങി..

“ടാ കുട്ടാ നിന്റെ രേവതിയുടെ ചേച്ചിയാണ്..രേഖ…”

പിന്നെ അമ്മയുടെ വകയായിരുന്നു..

“ഞങ്ങൾ ഈ കാര്യം നിന്റെ അച്ഛനോട് പറഞ്ഞു പുരോഗമനവാദിയായ അച്ഛന് ഇതിൽ എതിർപ്പൊന്നുമില്ല..”

പിന്നെ ചേട്ടന്റെ ഊഴമായിരുന്നു ഒരു ക്ലൈമാക്സ് ഡയലോഗ്.

“എടാ അനിയൻകുട്ടാ രേഖയുടെ കല്യാണം കഴിയുന്നവരെ..നീയും രേവതിയും.. പ്രേമിച്ചു കറങ്ങി നടക്കേടാ…”

അവർ എന്റെ റൂമിൽ നിന്ന് പോകാൻ ഞാൻ കാത്തിരുന്നു. പിന്നെ ഞാനും രേവതിയും ഞങ്ങളുടെ പ്രണയവും… കാത്തിരിപ്പിന്റെ ദിനങ്ങളും…

Leave a Reply

Your email address will not be published. Required fields are marked *