വളർന്നപ്പോൾ ഞാൻ അച്ഛനിൽ നിന്നും അകന്നു ആ സ്നേഹം കാണുവാൻ എനിക്കായില്ല..

സഫലമീജീവിതം
(രചന: Anandhu Raghavan)

അച്ഛന്റെ കൈവിരലുകളിൽ തൂങ്ങി പിച്ചവെച്ച്‌ ഒപ്പം നടന്നിരുന്ന ബാല്യത്തിൽ എന്റെ കാലടികൾക്കൊപ്പം ചുവടുകൾ വയ്ക്കുവാൻ അച്ഛൻ നന്നേ കഷ്ടപ്പെട്ടിരുന്നു…

അല്പദൂരം നടന്നിട്ട് “അപ്പു മടുത്തൂട്ടോ ഇനി നടക്കാൻ വയ്യ” എന്നു പറയുമ്പോൾ അച്ഛൻ മെല്ലെ എന്നെ എടുത്തുയർത്തി തോളിൽ വച്ച് നടക്കുമായിരുന്നു..

ഗമയിൽ അച്ഛന്റെ തോളിൽ ഇരിക്കുമ്പോൾ അമ്മ കളിയായ് പറയും “എന്താ ഒരു ഗമ ആനപ്പുറത്ത് ഇരിക്കയാണെന്ന ചെക്കന്റെ വിചാരം..”

അതു കേൾക്കുമ്പോൾ പൂർണചന്ദ്രൻ ഉദിച്ചപോൽ ബാല്യത്തിലെ കുസൃതി ചിരി എന്റെ മുഖത്തു വിടർന്നിരിക്കും..

വൈകുന്നേരങ്ങളിൽ ഉറക്കം വന്ന് പാതിയടഞ്ഞ കണ്ണുകൾ ചിമ്മിത്തുറന്ന് ഞാൻ അച്ഛന്റെ അരുകിൽ എത്തുമായിരുന്നു..

അച്ഛന്റെ മടിയിൽ തല ചായ്ച്ചുറങ്ങുന്നതിലും വലിയൊരിഷ്ടം എനിക്കുണ്ടായിരുന്നില്ല..

തിരക്കുള്ള ബസിൽ അച്ഛൻ എന്നെയും കൊണ്ട് കയറുമ്പോൾ ആരെങ്കിലും എഴുന്നേറ്റ് തരുന്നുണ്ടോ എന്ന് മെല്ലെ ഇടം വലം ഒന്നു നോക്കും.,

പിന്നെ ഏതെങ്കിലുമൊരുസീറ്റിലെ യാത്രക്കാരുടെ അരുകിൽ എന്നെ ഇരുത്തി അച്ഛൻ എഴുന്നേറ്റ് നിൽക്കുന്നത് ഇടറിയ മനസ്സോടെ ഞാൻ നോക്കിയിരിക്കും…

ഒഴിഞ്ഞ സീറ്റ് കിട്ടുമ്പോൾ മെല്ലെ ഞാൻ അച്ഛന്റെ മടിയിലേക്ക് ഓടിയെത്തും…

പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ട് ഞാൻ അച്ഛന്റെ മടിയിൽ ഇരിക്കുമ്പോൾ അച്ഛൻ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ടായിരിക്കും..

കുസൃതിയും പിണക്കങ്ങളും പരിഭവങ്ങളുമായി ഓരോ പുലരികളും ഇടതടവില്ലാതെ കടന്നുപോയിക്കൊണ്ടിരുന്നു…

ബാല്യത്തിൽ നിന്നും കൗമാരത്തിലേക്കുള്ള എന്റെ യാത്രയിൽ എപ്പോഴൊക്കെയോ ഞാനറിയാതെ മറന്നു തുടങ്ങിയിരുന്നു അച്ഛന്റെ സ്നേഹം, വാത്സല്യം, ലാളന..

“അച്ഛാ..” എന്ന് എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്രയും വിളികൾ ഒക്കെയും ഇന്ന് വിരലിലെണ്ണാവുന്നതായി ചുരുങ്ങിയപ്പോൾ ആ നെഞ്ച് നീറുന്നത് കാണുവാൻ എന്നോ എന്റെ കണ്ണുകൾ മറന്നു തുടങ്ങിയിരുന്നു…

കൂട്ടുകാരോട് ഫോണിൽ മണിക്കൂറുകൾ സംസാരിക്കുമ്പോൾ അച്ഛനോട് ഒരു വാക്ക് മിണ്ടുവാൻ എന്റെ നാവ് ചലിച്ചിരുന്നില്ല…

ചെരുപ്പ് കടയിൽ കയറി എനിക്ക് പൂട്ടുള്ള ചെരുപ്പും അച്ഛൻ ലൂണാറിന്റെ ഒരു വള്ളിച്ചെരുപ്പും തിരഞ്ഞെടുക്കുമ്പോൾ എനിക്ക് നൽകിയ ആ സ്നേഹം, കരുതൽ ഒന്നും കാണുവാൻ എന്റെ കണ്ണുകൾക്ക് കഴിഞ്ഞിരുന്നില്ല…

എന്റെ ആഗ്രഹം സാധിച്ചുകൊണ്ട് അച്ഛൻ ഒരു ബൈക്ക് മേടിച്ചു തന്നപ്പോൾ അച്ഛന് അതിൽ കയറണമെന്നും എന്നോടൊപ്പം ഈ വീഥികളിലാകെ ചുറ്റണമെന്നുമുള്ള മോഹം ഞാൻ സൗകര്യപൂർവം മറന്നു…

“ചേട്ടാ… ” വിളി കേട്ടതും ഓർമകളിൽ നിന്നും ഞാൻ ഞെട്ടി ഉണർന്നു…

എന്റെ മുൻപിൽ നിൽക്കുന്ന കുട്ടിയോട് വർദ്ധിച്ച ആകാംഷയോടും അതിലേറെ നെഞ്ചിടിപ്പോടെയും ചോദിച്ചു ” ഡോക്ടർ എന്ത് പറഞ്ഞു ?? അച്ഛന് കുഴപ്പം എന്തെങ്കിലും.? ”

“കൃത്യ സമയത്ത്‌ എത്തിച്ചതുകൊണ്ട് ജീവൻ രക്ഷിക്കാനായി.. ഞാൻ.. ഞാൻ എങ്ങനാ നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല .

നിറഞ്ഞ അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്ന് അറിയാതെ എന്റെ മനസ്സും വേദനിക്കുകയായിരുന്നു…

റോഡിൽ ആരുടെയോ വണ്ടി ഇടിച്ച് മരണത്തോട് മല്ലടിച്ച്‌ കിടക്കുന്ന അച്ഛന്റെ അരുകിലിരുന്ന് അലമുറയിട്ട് ആ കുട്ടി കരയുന്ന കാഴ്ച ആരുടെയും ഹൃദയത്തിൽ തട്ടുന്നതായിരുന്നു..

എല്ലാവരും കാഴ്ചക്കാരെപ്പോലെ നോക്കി നിന്നപ്പോൾ അദ്ദേഹത്തെ എടുത്ത് ഒരു വണ്ടിയിൽ കയറ്റി ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ ആ കുട്ടിയുടെ നിഷ്കളങ്കമായ മുഖത്ത് പ്രതിഭലിച്ച ഒരു നന്ദിയുണ്ട് ,

അതിനോളം നന്മ മറ്റെന്തു ചെയ്താലും നേടാനാവില്ല, …

ആ കാഴ്ച കണ്ടിട്ടും തിരിഞ്ഞു നോക്കാതെ പോയെങ്കിൽ അതിനോളം വലിയൊരു പാപവും ഭൂമിയിൽ ചെയ്യാനില്ല…

പ്രിയപ്പെട്ടവർ അടുത്തുണ്ടാവുമ്പോൾ ഒരിക്കലും ആ സ്നേഹത്തെ നാം തിരിച്ചറിയില്ല, മനസ്സിലാക്കില്ല.. നഷ്ടപ്പെടുമ്പോൾ ഉള്ള വേദന താങ്ങാവുന്നതിലും പതിന്മടങ്ങ് ആയിരിക്കും…

വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ മുഖം കുറ്റബോധത്താൽ കുനിഞ്ഞിരുന്നു… ഞാൻ വലുതായപ്പോൾ എന്നെ സ്നേഹിച്ചും ലാളിച്ചും വളർത്തി വലുതാക്കിയ അച്ഛനെ സ്നേഹിക്കാൻ മറന്നിരിക്കുന്നു…

അച്ഛാ എന്ന് സ്നേഹപൂർവം വിളിക്കാൻ പുച്ഛം തോന്നി തുടങ്ങിയിരിക്കുന്നു., പാപിയായ ഒരു മകൻ ആയിപ്പോയല്ലോ ഞാൻ..

എല്ലാം ഓർമിക്കുവാനും തെറ്റ് മനസ്സിലാക്കുവാനും ദൈവമായിട്ട് എത്തിച്ചതായിരിക്കാം അവിടെ…

വീട്ടിലെത്തിയപ്പോൾ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു അച്ഛൻ…

“നീ എന്താ ഇത്രയും താമസിച്ചത് ” സ്നേഹത്തോടെയുള്ള അച്ഛന്റെ ചോദ്യം വന്നു..

“വഴിയിൽ ഒരാക്‌സിഡന്റ് ഞാനാണ് ഹോസ്പിറ്റലിൽ എത്തിക്കാൻ സഹായിച്ചത് ”

“അത് നന്നായി മോനെ, എത്രെയോ ജീവിതങ്ങൾ നമുക്ക് ചുറ്റും ആരും ശ്രെദ്ധിക്കാതെ വഴിയിൽ പൊലിഞ്ഞു പോകുന്നു.. നീ ചെയ്തതിന്റെ നന്മ എന്നും നിനക്ക് ഉണ്ടാകും.. ”

അച്ഛന്റെ മുഖത്ത് സന്തോഷം പടരുന്നത് കണ്ടപ്പോൾ എന്റെ മനസ്സും നിറഞ്ഞിരുന്നു..

“അച്ഛാ.. നമുക്ക് ഒന്ന് പുറത്ത് പോകാം…”

അത്ഭുതപൂർവം അച്ഛൻ എന്നെ നോക്കിയപ്പോൾ എന്റെ മനസ്സൊന്നു വേദനിച്ചു.. എത്രയോ വട്ടം അച്ഛൻ ഇത് ആഗ്രഹിച്ചിരുന്നിരിക്കാം..

അച്ഛനെയും പിന്നിൽ ഇരുത്തി അങ്ങനെ പോകുമ്പോൾ അച്ഛന്റെ കൈവിരലുകളിൽ തൂങ്ങി പിച്ചവെച്ചു നടന്ന ആ കുട്ടിക്കാലം ആയിരുന്നു മനസ്സ് നിറയെ..

” അച്ഛാ.. എന്നോട് ചേർന്നിരിക്ക്, പണ്ട് ബസ്സിൽ കയറുമ്പോൾ അച്ഛനോട് ഞാൻ ചേർന്നിരിക്കുന്ന പോലെ… എന്നോട് ക്ഷമിക്ക് അച്ഛാ…

വളർന്നപ്പോൾ ഞാൻ അച്ഛനിൽ നിന്നും അകന്നു ആ സ്നേഹം കാണുവാൻ എനിക്കായില്ല.. തെറ്റ് പറ്റിപ്പോയി, എന്നോട് ക്ഷമിക്ക്…

അച്ഛന്റെ കണ്ണിൽ നിന്നും കണ്ണീർ
മഴത്തുള്ളികൾ പോൽ എന്റെ കൈകളെ നനയ്ക്കുന്നുണ്ടായിരുന്നു…

“അച്ഛൻ കരയുകയാണോ..? ”

ബൈക്ക് ഓടുമ്പോൾ ഉള്ള കാറ്റിനാൽ കണ്ണ് നിറഞ്ഞതാണെന്ന് അച്ഛൻ പറയുമ്പോൾ ഞാൻ അറിയുന്നുണ്ടായിരുന്നു ആ സ്നേഹം..

ബൈക്ക് സൈഡ് ഒതുക്കി നിർത്തിയിട്ട് ഞാൻ അച്ഛനോട് പറഞ്ഞു ആ ഇടം കയ്യ് ഒന്നു നീട്ടിയെ….

അച്ഛൻ കൈ നീട്ടിയപ്പോൾ ഞാൻ കയ്യിൽ കരുതിയിരുന്ന വാച്ച് അച്ഛന്റെ കയ്യിൽ കെട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു.. “ഹാപ്പി ബെർത്ഡേ അച്ഛാ… ”

വലുതായതിൽപ്പിന്നെ ഞാൻ അച്ഛന്റെ ജന്മദിനങ്ങൾ ഓർക്കാറു പോലുമില്ലായിരുന്നു… ഇന്ന് ഞാൻ അത് പറഞ്ഞപ്പോൾ അച്ഛന്റെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു…

ഒരു നിമിഷത്തേക്ക് ഒന്നും ശബ്ധിക്കാനാവാതെ നിന്ന അച്ഛൻ ആ നെഞ്ചിലേക്ക് എന്നെ ചേർത്തു പിടിച്ചു..

അച്ഛനെ കെട്ടിപ്പിടിച്ച് നിന്നപ്പോൾ അച്ഛന്റെ നെഞ്ചിലെ ചൂടിനോളം ആ കരുതലിനോളം, ആ സ്നേഹത്തോളം പകരം വയ്ക്കുവാൻ ഭൂമിയിൽ മറ്റൊരാൾക്കും ആകില്ല എന്ന തിരിച്ചറിവുണ്ടായിരുന്നു എന്നിൽ…

അച്ഛൻ , അമ്മ രണ്ടും ഒരു മന്ത്രമാണ് ജാതിയോ മതമോ ഇല്ലാതെ ജന്മ പുണ്യങ്ങളായി പകർന്നു കിട്ടുന്ന നിലയ്ക്കാത്ത മന്ത്രം…

Leave a Reply

Your email address will not be published. Required fields are marked *