(രചന: ശിവാനി കൃഷ്ണ)
“ഹേ… ചുമ്മാ ചുമ്മാ കരായതെടോ… ഇനി എന്തിനാണ് പിണക്കം…. എല്ലാം മറക്കമെടോ…..
ഹേ ഹേ ചുമ്മാ ചുമ്മാ ചിരിക്കാമെടോ…”
ഹും…എന്റെ പട്ടി ചിരിക്കും…
“എടി മത്തങ്ങാകവിളി ഒന്ന് മിണ്ടെടി… പിണങ്ങി ഇരുന്നിട്ട് എന്തോ പോലുണ്ട് “
“പോയി രണ്ട് സി ഗ ര റ്റ് കൂടി വലിക്ക്… അപ്പോഴേക്കും ആ എന്തോ പോലുള്ളത് ആവിയായി മൂക്കുന്നും വായിന്നും പൊയ്ക്കോളും”
“അതിന് ആർക്ക് വേണം സി ഗ ര റ്റ്… എനിക്ക് എന്റെ കുഞ്ഞനെ മതി “
“പോടാ..”
“പോടാന്നൊ…”
“ആഹ്.. എന്താ ചെവി കേൾക്കാൻ പാടില്ലേ…”
“എന്തുവാ കുരുപ്പേ.. ഞാൻ ഇനി വലിക്കാതിരിക്കാൻ ശ്രമിക്കാം “
“ഓഹ്… എന്നാലും വലി നിർത്താൻ പറ്റില്ല..”
“എടി ശീലമായി പോയില്ലേ…ഞാൻ ശ്രമിക്കാം… സത്യം”
“ഹും..”
“ഇനി ഈ പിണക്കം മാറാൻ ഞാൻ എന്നാ ചെയ്യണം “
“എന്നാ ഒരുമ്മ താ…”
“സന്തോഷം… ഒന്നല്ല… നൂറെണ്ണം തരാം…”
രാത്രിയുടെ ഏതോ യാമങ്ങളിൽ അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കവേ അവൾടെ കണ്ണ് നിറഞ്ഞു…
“നന്ദാ…”
“എന്തോ..”
“ദേ ഇത് ഇണ്ടല്ലോ.. ഈ നെഞ്ച്… എനിക്ക് തല വെച് കിടക്കാനുള്ളത് ല്ലേ…അമ്മയെ ചേർത്ത് പിടിക്കാൻ ഉള്ളതല്ലേ… നമ്മടെ കുഞ്ഞാവയെ കിടത്തി ഉറക്കാൻ ഉള്ളതല്ലേ…”
“ആണല്ലോ…”
“നമുക്ക് ഇനി വലിക്കണ്ട നന്ദാ… നിക്ക് ന്തോ പേടി തോന്നുന്നു…”
“അയ്യേ… എന്ത് പേടി… അതിലൊന്നും കാര്യം ഇല്ലെടി പെണ്ണേ…ഞാൻ എപ്പോഴും കൂടെ കാണും ല്ലോ”
“മ്മ്ഹ്… എന്നാലും ഇനി വലിക്കണ്ട..”
“ശരി… ഇനി വലിക്കുന്നില്ല… പോരെ..”
“മ്മ്…”
എന്നിട്ടും എന്തോ ഒരു പേടി എന്റെ നെഞ്ചിൽ നിറഞ്ഞു നിന്നിരുന്നു…. ഒരു തരം ഉൾഭയം.. ഒന്നും ശരിയല്ല എന്നാരോ എവിടെയോ ഇരുന്നു പറയുന്നത് പോലെ…
പയ്യെ പയ്യെ ശരീരത്തെ കാർന്ന് തിന്നുന്ന ആ വിഷം തന്റെ നന്ദനിൽ നിന്ന് അകന്ന് മാറുന്നത് കണ്ട് ഞാൻ സന്തോഷിച്ചു…
ഒരൂസം ടി വി കണ്ടിരിക്കുമ്പോ പെട്ടെന്നാണ് ന്യൂസ് ചാനൽ ഇട്ടപ്പോ എവിടെയോ തീ പിടിച്ചെന്ന് അറിഞ്ഞത്…
സാധാരണ ന്യൂസ് ഒന്നും ശ്രദ്ധിക്കാറില്ലങ്കിലും അന്നെന്തോ ഒരു തോന്നലിൽ അത് വെച്ചതും കണ്ട വാർത്ത… നന്ദന്റെ ഓഫീസ് ഇരിക്കുന്ന ബിൽഡിംഗ് ആണതെന്ന് അറിഞ്ഞപ്പോ ശ്വാസം നിലച്ചു പോയതായി തോന്നി… ന്റെ നന്ദൻ…
സ്കൂട്ടി എടുത്ത് അങ്ങോട്ടേക്ക് പോകുമ്പോഴും ഉള്ളിൽ നിറഞ്ഞത് നന്ദൻ ആയിരുന്നു… രാവിലെ ഒരു ചെറുപുഞ്ചിരിയോടെ നൽകിയ ആ ചുംബനത്തിന്റെ ചൂട് ഇപ്പോഴും തന്റെ നെറ്റിയിൽ ഉള്ളതായി തോന്നി…
ഒന്നും വരില്ല.. എന്റെ നന്ദൻ അല്ലേ…നന്ദൻ എന്തേലും പറ്റിയാൽ പിന്നെ ഞാൻ എങ്ങനെയാണ് കൃഷ്ണാ… ഒന്നും വരുത്തല്ലെട്ടോ… എന്റെ നന്ദൻ ഒരു പാവാണ്…
അവിടെ എത്തിയപ്പോഴേക്കും എല്ലാവരെയും ഹോസ്പിറ്റലിൽ കൊണ്ട് പോയി ന്ന് അറിഞ്ഞു അങ്ങോട്ടേക്ക് പോയി…അപ്പോഴും ഉള്ളിൽ ഒരു വിശ്വാസം ഉണ്ട്… തന്റെ നന്ദൻ ഒന്നും പറ്റില്ല ന്ന്…
ഉള്ളിലേക്ക് നടക്കുമ്പോൾ ആദ്യം കണ്ടത് വെള്ളതുണി പൊതച്ച ഒരു സ്ട്രെച്ചർ ആണ്… അവിടെ നിക്കുന്ന ആൾ ആ തുണി മാറ്റിയതും നന്ദനെ കണ്ടപ്പോ ആശ്വാസം ആയിരുന്നു… കുഴപ്പം ഒന്നുല്ലല്ലോ ന്റെ നന്ദൻ എന്നോർത്തു ദൈവത്തോട് നന്ദി പറഞ്ഞു…
അയാൾ പഞ്ഞി ചുരുട്ടി നന്ദന്റെ മൂക്കിലേക്ക് വെയ്ക്കാൻ കൊണ്ട് പോകുന്നത് കണ്ടപ്പോ ദേഷ്യം ആണ് തോന്നിയത്…
“എന്താടോ താൻ കാണിക്കുന്നത്.. എന്റെ നന്ദനെ എല്ലാരും കൂടി കൊല്ലുവോ… “
“കുട്ടി…?”
“ഞാൻ നന്ദന്റെ വൈഫ് ആണ്…”
“മോളെ….ഈ കുഞ്ഞ് മരിച്ചു “
“നിങ്ങൾ എന്ത് വട്ടാ ഈ പറയുന്നേ… നന്ദൻ ഉറങ്ങുവാ തോന്നുന്നു..കുഴപ്പം ഒന്നുല്ല…എന്നോട് പറഞ്ഞതാ എന്നെ വിട്ട് പോവില്ല ന്ന്… ഇല്ലേ നന്ദാ…നീ എന്നെ വിട്ട് പോകുവോ… നിക്ക് അറിയാം ഇല്ലാന്ന്… അല്ലങ്കിലും ഞാൻ ഇല്ലാതെ നന്ദന് പറ്റില്ല…”
“മോളെ….”
“വേണ്ട… എന്റെ നന്ദൻ എങ്ങും പോകില്ല “
കണ്ണ് തുറക്കുമ്പോൾ ബെഡിൽ ആയിരുന്നു… പതിയെ ഓരോന്നായി ഉള്ളിലേക്ക് കടന്ന് വന്നതും കണ്ണ് നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു… നെഞ്ചിൽ എന്തോ ഒരു വേദന പൊട്ടി മുളച്ചിരുന്നു… കയ്യും കാലും അങ്ങനെ അങ്ങനെ ശരീരത്തിലെ ഓരോ അണുവും വേദനിക്കുന്നു….
ഒന്നും ചിന്തിക്കാൻ വയ്യ നിക്ക്.. ഒന്നും ഓർക്കാൻ വയ്യ… ന്റെ നന്ദൻ…
“കുഞ്ഞേ…”
“ഡോക്ടർ എന്നെ ഒന്ന് ബോധം കെടുത്തുവോ… പ്ലീസ്… നിക്ക് വയ്യ ഇത്.. സഹിക്കാൻ പറ്റുന്നില്ല..ന്റെ നന്ദൻ… ന്ത ഡോക്ടറെ ന്റെ നന്ദന് “
“കാൻസർ ആയിരുന്നു…”
“കാ….ൻസർ”
“മ്മ്… പുക വലിക്കുമായിരുന്നല്ലേ…”
“അ… അത് ഞാൻ നി… നിർത്തിച്ചാരുന്നു…”
“ഹ്മ്… പക്ഷേ അതിന് മുൻപ് തന്നെ ഒത്തിരി വലിച്ചിരുന്നിരിക്കണം… അയാളും അറിഞ്ഞു കാണില്ല… ഫസ്റ്റ് സ്റ്റേജ് ആയിരുന്നു…. പക്ഷേ ലങ്സിൽ അല്ലേ… തീ പിടിത്തത്തിൽ ആ പുകയും കൂടി ശ്വസിച്ചപ്പോ…”
“ഡോക്ടർ… ന്റെ നന്ദൻ “
“ദേ ഇവിടെയുണ്ട്…. ഒരു കുഞ്ഞ് നന്ദൻ…”
“കരയരുത് കുഞ്ഞേ…. നിന്നിലെ അവനെ തന്നെ ബാക്കി വെച്ചിട്ടല്ലേ അവൻ പോയത്… ജീവിക്കണം… ഈ കുഞ്ഞിന് വേണ്ടി… നിങ്ങൾക്ക് വേണ്ടി “
ജീവിച്ചു…എന്റെ കുഞ്ഞിനന്ദന്റെ ഓരോ വളർച്ചയും ആസ്വദിച്ചു ഞാൻ ജീവിച്ചു… എന്റെ നന്ദന്റെ ഓർമകളിൽ ഞാൻ ജീവിച്ചു…
പക്ഷേ….ഓർമ്മകൾ കൊണ്ട് മാത്രം സന്തോഷായിട്ട് ജീവിക്കാം ന്ന് ഒക്കെ പറയുന്നത് വെറുതെയാടോ…അതൊരു വേദനയാണ്….
ഇനിയൊരിക്കലും അങ്ങനെയൊന്നും ഉണ്ടാവില്ലന്ന് ഉള്ള ഓർമ്മപ്പെടുത്തലുകൾ…രണ്ടിൽ ഒന്ന് മാത്രമായി ചുരുങ്ങുമ്പോഴുണ്ടാകുന്ന വേദന… സഹിക്കാനാവാത്ത ഒരു തരം വേദന നിറഞ്ഞ പ്രണയകാലം…