ചെറു പ്രായത്തിലേ വിധവയായ ഏട്ടന്റെ ഭാര്യയും ചെറുപ്പക്കാരനായ അനിയനും ഒരേ വീട്ടിൽ..

മാറി ഒഴുകുന്ന പുഴകൾ
(രചന: സിന്ധു ഭാരതി)

” ഡൊ..തന്നോട് ഇതെത്ര പ്രാവശ്യായ് പറയണു..” എന്നും പറഞ്ഞ് ദ്യേഷ്യത്തോടെ തിരിഞ്ഞപ്പോൾ ആണ് പിറകിൽ പതിവു മുഖത്തിനു പകരം മാറ്റാരു പുഞ്ചിരിക്കുന്ന  മുഖം കണ്ടത്. ഓഹ് ഇനി ഇതേതാണപ്പാ..ഈ പുതിയ അവതാരം.. എന്നോർത്ത് സ്തംഭിച്ചു നിൽക്കുമ്പോൾ

” ബാക്കി ഞാൻ fill ചെയ്താ  മതിയോ..? ” എന്നുരുവിട്ട് നടന്നടുത്തു ആ രൂപം.  ആ എവിടെയാ താൻ പറഞ്ഞു നിർത്തിയത്.. ഉം..  സ്വന്തം തലക്കൊന്ന് കൊട്ടിയിട്ട് , ആ..കിട്ടിപ്പോയ്..

ഞാനിതെത്ര പ്രാവശ്യായ് പറയുന്നു ഇങ്ങനെ പിറകെ നടന്ന്  വെറുതെ ചെരുപ്പ് തേച്ച് കളയാൻ നിൽക്കേണ്ടാന്ന്. ഇനി എന്നെ ശല്യം ചെയ്താല്..ഈ ജോലിക്ക് പോക്കങ്ങ് നിർത്തും ഞാൻ. പിന്നെ താൻ എന്തോ ചെയ്യും..?

” ഇതല്ലേടോ.. താൻ പറയാൻ ഉദ്ദേശിച്ചത്. ” കുസൃതി ഒളിപ്പിച്ച കണ്ണുകളുമായ്  ആള് ദേ തൊട്ടടുത്ത്.

ദൈവമേ ഇയാളിതേതാ..ഇന്ന് രാവിലെ കൂടി മദറിനോട് തിനിതു പറഞ്ഞതാ.. അയാളുടെ ശല്യം ഭയങ്കരമാ..ജോലിക്ക് പോകണ്ടാന്ന് വച്ചാലോന്ന്.. കൂർപ്പിച്ചൊരു നോട്ടം വച്ചു കൊടുത്തു.

” ഡൊ..ദുർഗ്ഗാദേവീ.. ഭസ്മമാക്കാതെ..തന്റെ പിന്നാലെയുള്ള ആ കാട്ടു കോഴി എന്റെ ഏട്ടനാടോ.. വല്ലാതെ ഇഷ്മാ.. തന്നെ. ഒന്ന് പച്ചക്കൊടി കാണിക്കടോ.. ഇതിപ്പോ നളെത്രായ്. തന്നെ കിട്ടിയില്ലെങ്കില് അവൻ വല്ല മാനസമൈനേം പാടി നടക്കൂടൊ. പാവമാ.. അങ്ങനെയൊന്നും അതിനെ കാണാൻ ഒക്കുകേലാ “

പറഞ്ഞപ്പോഴേക്കും ആളുടെ ശബ്ദം നേർത്ത് കണ്ണുകൾ ഈറനെ തേടി.

പിന്നെ, മനസ്സിലാക്കുക ആയായിരുന്നു ഏട്ടനു വേണ്ടി ചാകാൻ നടക്കുന്ന ഒരനിയനെ. അനിയനായ് കണ്ണിമ വെട്ടാൻ പോലും മറന്നു പോകുന്ന ഏട്ടനെ. ഒരു വയസ്സിന്റെ വ്യത്യാസത്തിലെ ഇരട്ടകൾ…

അവിടന്നങ്ങോട്ട്  ഏട്ടനു വേണ്ടി ഏട്ടനും അനിയനും കൂടി തനിക്ക് പിന്നാലെ ഓടാൻ തുടങ്ങി. അവസാനം മദറിനെക്കണ്ട് ഈ അനാഥപ്പെണ്ണിനെ കൂടെക്കൂട്ടി. ഏട്ടന്റെ ഭാര്യയായി. എല്ലാത്തിനും സപ്പോർട്ടായി സ്നേഹ നിധിയായ ഒരമ്മയും.

സ്നേഹത്തിന്റേയും പ്രണയത്തിന്റേയും ഗ്രീഷ്മ വസന്ത ദലങ്ങൾ അടർന്നു വീണ നാളുകൾ.. അദ്ദേഹത്തിന്റെ പ്രണയ ചില്ലയിൽ ഒരു കുഞ്ഞു പൂ വിരിഞ്ഞു. നാല് വയസ്സ് തികഞ്ഞിരിക്കുന്നു ഇന്നേക്ക്.

പക്ഷെ കാലം തട്ടി പറിച്ചെടുത്തു , ആ പ്രണയത്താളുകളെ..ആ ഇലഞ്ഞി പൂമണത്തെ.. ഒരു ആക്സിഡന്റിന്റെ രൂപത്തിൽ. പപ്പമോളുടെ ചോറൂണിന് വന്ന് തിരികെ ജോലി
സ്ഥലത്തേക്ക് പോയതാ.. വഴിക്കു വച്ച്..

സോഫയിൽ പുറം തിരിഞ്ഞു കിടക്കുന്ന ആ രൂപത്തെ ഓർക്കവേ.. കൊടുങ്കാറ്റിലെ കടലലകളായ്..മനസ്സ്. ഒരു കരയ്ക്കും അടുക്കാൻ കഴിയാതെ ഉഴറുന്ന തിരകൾ…

അദ്ദേഹത്തിന്റെ വേർപാടിനു ശേഷം കൈക്കുഞ്ഞുമായ് വീണ്ടും മഠത്തിലേക്ക്.. ആരോടും  പറയാതെ.

ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് പപ്പമോൾക്കുവേണ്ടി എല്ലാം ചെയ്തു തരാൻ ശ്രമിക്കുന്ന ഏട്ടന്റെ സ്നേഹ നിധിയായ അനിയൻ കുട്ടൻ.

ഏട്ടത്തിയെ അമ്മയായും ചേച്ചിയായും അനിയത്തിയായും കണ്ട് നോക്കുന്നവൻ. കുറുമ്പും
കുസൃതിയുമായി കൂടെ നടക്കുന്ന ഒരു കൂടെപ്പിറപ്പ്. നല്ലൊരു സുഹൃത്ത് പക്ഷെ സമൂഹത്തിന് അതല്ലല്ലോ ആവശ്യം. പാകമാകാത്ത  ചില പടച്ചട്ടകൾ തങ്ങൾക്കു  നേർക്ക് എറിഞ്ഞിട്ടു അവര്..

ചെറു പ്രായത്തിലേ വിധവയായ ഏട്ടന്റെ ഭാര്യയും ചെറുപ്പക്കാരനായ അനിയനും ഒരേ വീട്ടിൽ. അവസാനം പ്രിയപ്പെട്ട അനിയന് വേണ്ടി വന്ന കല്യാണ ആലോചനകൾ പോലും മാറിപ്പോയി ,  തന്റെ പേരു ചേർത്ത്.

താൻ മൂലം ആ ഒരാളുടെ ജീവിതം എങ്ങും എത്താതെ പോയാലോ…? തിരികെപ്പോയി. ജോലിയുണ്ടല്ലോ. പിടിച്ചു നിൽക്കാൻ കഴിയും. തലചായ്ക്കാൻ ആ മഠവും…

പക്ഷെ..അപ്പോഴേക്കും തിരികെ എത്തിയിരുന്നു  ബലമായ് പിടിച്ചു കൊണ്ടു പോന്നു.

” ഞാൻ ജീവിച്ചിരിക്കുമ്പോൾ.. അവനെന്നോട് പൊറുക്കുകേലാ നീയും മോളും വീണ്ടും അവിടെ നിൽക്കുന്നതു കണ്ടാൽ.. “

മനസ്സ് പ്രക്ഷുബ്ദമായ്.. അദ്ദേഹത്തിനു പകരമായ്.. മറ്റൊരാൾക്കായ് ഒരുങ്ങാൻ ആ അമ്മയും അനിയനും നിർബന്ധിച്ചു. ഈ ജന്മം അത് സാധിക്കില്ല. ഈ നെഞ്ചിലുണ്ട് ഇപ്പോഴും ആ സ്നേഹച്ചൂട്. അത് അവിടെത്തന്നെ ഒരമൃതായ് ഈ ജന്മം മുഴുവനും വേണം..

ഇടക്കാലത്ത് വച്ച് മൂത്ത മകനെ നഷ്ടപ്പെട്ട ഒരമ്മ. വിവാഹ പ്രായം കഴിഞ്ഞിട്ടും ഏട്ടത്തിയമ്മ മൂലം ഒരു കാര്യവും ഒത്തു കിട്ടാതെ നില്ക്കുന്ന രണ്ടാമത്തെ മകൻ. അതൊട്ടുമേ ഏൽക്കാതെ തന്റേം മോളുടെം ജീവിതം ഭദ്രമാക്കാതെ സ്വന്തം കാര്യം നോക്കില്ലെന്ന് ശഠിക്കുന്ന ആ ആളും.

തല പെരുത്തു കയറി. അവർക്കിടയിൽ താനും മോളും ഭാരമോ ശല്യമോ ഒക്കെയായി തോന്നിപ്പോയ്. മനസ്സ് പിടി വിട്ടു.

കോളേജ് ലാബ് അസിസ്റ്റന്റായ തനിക്ക് ആ ക്ലോറോഫോം തുള്ളികളുടെ അധിക ഡോസ് മാത്രം മതിയായിരുന്നു ജീവനെ എടുത്തു കളയാൻ . പക്ഷെ അവിടേയും.. മോളെ ഉറക്കി കിടത്താൻ വന്നയാൾ സൂക്ഷിച്ചു വച്ച ആ ബോട്ടിൽ കണ്ടു. മുഖമടച്ച് ഒരടിയായിരുന്നു…

” വീണ്ടും തോല്പിക്കാൻ നോക്കാണല്ലേ.. ” ഒരലർച്ച ആയിരുന്നത്…

തളർന്നിരുന്ന തന്നെ ഒരു കൈ കൊണ്ട് വലിച്ചിഴച്ച് മറു കൈയിൽ പപ്പമോളേയും ചേർത്ത് അമ്മയോട് വരാനും പറഞ്ഞ് മുന്നോട്ട് നടന്നു. എവിടേക്കാണ്..
എന്തിനാണ് വലിച്ചിഴക്കുന്നത്..

എന്താണ് സംഭവിക്കുന്നത് എന്നൊന്നും മനസ്സിലാക്കാൻ കഴിയാത്ത വിധം തന്റെ ബോധം മറഞ്ഞിരുന്നു അപ്പോഴേക്കും.

അടുത്തുള്ള ദേവീ ക്ഷേത്രത്തിലെത്തി. തന്റെ കഴുത്തിൽ ഉണ്ടായിരുന്ന ഏട്ടൻ കെട്ടിയ താലിമാല ഊരി വീണ്ടും ആ താലിയും മാലയും തന്നെ ഈ കഴുത്തിലായ് കൂട്ടി പതിച്ചിടുമ്പോൾ അമ്മയെന്നെ പിറകിൽ നിന്നും താങ്ങി കഴിഞ്ഞിരുന്നു.

” ഇനി നീ എങ്ങും പോകില്ലല്ലോ..? എന്റെ ഏട്ടനേയും അമ്മയേയും വിട്ടിട്ട്..എന്റെ നല്ല ഭാവി.. ഓർത്ത്. “

എന്നു പറഞ്ഞ് തളർന്ന് മിഴിനീർ വാർത്ത് തിരിഞ്ഞു നില്ക്കുന്നത് മങ്ങിയ കാഴ്ചയിൽ കണ്ടു.

ദിവസങ്ങൾക്കകം അപവാദങ്ങൾ പറഞ്ഞുണ്ടാക്കിയ ബന്ധുക്കളേയും നാട്ടുകാരേയും വിളിച്ചു കൂട്ടി കുറച്ച് ഇലയിൽ ഒരുപിടി ചോറു
നല്കി ഒന്നുകൂടി ചേർത്തു നിറുത്തി. അപ്പോഴേക്കും ഒരു ജീവഛവമായി മാറി കഴിഞ്ഞിരുന്നു താൻ. വാശിയോ നിസ്സഹായതയോ കടപ്പാടോ സങ്കടമോ..?

എന്തായിരുന്നു ആ മുഖത്ത്. തിരഞ്ഞു കൊണ്ടേ ഇരുന്നു. ഉള്ളം അപ്പോഴും പൊള്ളി പിടയുക ആയിരുന്നു. അർഹതയില്ലാത്ത എന്തോ ഒന്ന് കൈവശം വയ്ക്കുന്നതിന്.. ഒരമ്മയായ തന്നെ.. എന്തിനു വേണ്ടി ആ ആളുടെ വർണ്ണ മോഹങ്ങളെ തല്ലിക്കെടുത്തുന്നു എന്ന് ചോദിച്ചു കൊണ്ട്..

വർഷം ഇത്രെയായ്.. ഇന്നും ഈ വാതിലിനു അപ്പുറം ആ സോഫയിൽ ഒരു കാവലാളായ് ആ സ്പന്ദനമുണ്ട്. പപ്പമോളുടെ അച്ഛനായ്..കൂടെ കളിക്കന്ന കുട്ടുകാരനായ്.. കൂട്ടുകാരിയായ്. അതിനുമപ്പുറം..? കഴിയുന്നില്ല.

അദ്ദേഹത്തിന്റെ നിശ്വാസത്തെ മാറ്റി വച്ച്..ആ ചോര തന്നെ ആണെങ്കിൽ കൂടിയും പകരമൊരു ചുടു വായുവിനെ ആവാഹിക്കാൻ.. അതിനുള്ള യോഗ്യതയും അർഹതയും മനസ്സിപ്പോഴും തീറെഴുതി തന്നിട്ടില്ല.

” അമ്മേ ” പപ്പമോൾ ചാടി പിടഞ്ഞെഴുന്നേറ്റു.

” അമ്മാ..അച്ഛാ എവിടെയാ.. മോൾക്ക് അച്ഛയെ കാണണം.. അമ്മാ..”

” എന്താ..എന്തു പറ്റീടോ മോൾക്ക് ? “

” എന്താടാ അച്ഛേടെ പൊന്നിന്.. ഉം..? ” കണ്ടപ്പോഴേക്കും ചാടിക്കേറി ആ തോളിൽ രണ്ട് കെയും ചുറ്റി കിടന്നു കഴിഞ്ഞിരുന്നു അവള്.

” എന്ത് പറ്റീടാ കണ്ണാ..ശൊപ്നം കണ്ട് പേടിച്ചോ അച്ചേടെ മുത്ത്..ഏഹ്..? “

” എന്ത് പറ്റി മോളേ..കുഞ്ഞിക്ക്? ” അമ്മ ഓടി പിടഞ്ഞെത്തി.

” കുഴപ്പോന്നും ഇല്ല്യമ്മേ.. ഉറക്കത്തീന്ന് ഞെട്ടി എണീറ്റതാ..”

സോഫയിൽ.. നെഞ്ചില് , മോളെ പറ്റിച്ചേർത്ത് കിടത്തി ഇരിക്കുന്ന ആ പരകായത്തെ കാൺകെ വീണ്ടും പ്രക്ഷുബ്ദമായ്..മനസ്സ് ഒന്നാകെ. തനിക്കു വേണ്ടി സ്വന്തം ഋതുക്കളെപ്പോലും വഴി തിരിച്ചു വിടുന്നൊരാള്..

തനിക്കും മോൾക്കുമായ് മാത്രം സ്വന്തമായ ജീവിത പുഴയെപ്പോലും ഗതിമാറ്റി ഒഴുക്കുന്നവൻ.. ഓർക്കുമ്പോൾ ഒക്കെയും ഒരു ദീർഘനിശ്വാസം ഉതിർത്തുവിട്ട് പതിവു കണക്കെ ജീവിച്ചു തീർക്കുകയാണ് താനിപ്പോഴും.

” മോളെ..ന്റെ കുട്ടിയെ ഇനിയും..ഇനിയും ഇങ്ങനെ ഒറ്റപ്പെടുത്താതെ..” കവിളിൽ തലോടി അമ്മ പറഞ്ഞു.

”കാലത്തിന്റെ തൂവാല കൊണ്ട്  മായ്ച്ചു കളയാൻ ശ്രമിക്കണം ചിലയേടുകളെ ഒക്കെ..ന്റെ കുട്ട്യേ.. മുന്നോട്ടുള്ള പ്രയാണത്തിന്..” നെടുവീർപ്പു ഉതിർത്ത് ആ തേങ്ങൽ മുറിവിട്ടിറങ്ങി.

” മോള് ഉറങ്ങിയെടോ..ആ തലയിണ ഇങ്ങട് നീക്കി വച്ചേ..കിടത്തട്ടെ. “

കുഞ്ഞിനെ കിടത്തി തിരിയുമ്പോൾ  കണ്ടു മുഖം കുനിച്ച് ധർമ്മ സങ്കടത്തത്തോടെ.. ആത്മ സംഘർഷങ്ങളുടെ ചുഴിയിൽ പെട്ടു ഉഴഞ്ഞു നിൽക്കുന്നവളെ.  തിരികെ സോഫയിലെത്തി.
കിടന്നു.

എന്നാടോ.. എന്നെയൊന്നു താൻ മനസ്സിലാക്കുക ? ആ മനസ്സില് അല്പമൊരിടം എനിക്കായ് ഒഴിച്ചിടുക..?

ഏട്ടന്  വേണ്ടി നിനക്ക് പിറകെ നടന്നവനായി മാത്രമേ നീയെന്നെ അറിഞ്ഞിട്ടുള്ളൂ. നീ മാത്രമല്ല മറ്റെല്ലാവരും. ഏട്ടന് മുന്നേ എവിടേയോ കൊളുത്തിയതാ ആ കണ്ണിലെ തിളക്കം എന്നില്. ഒരിക്കൽ നീ ജോലി കഴിഞ്ഞ് വരുമ്പോൾ അവിചാരിതമായി കണ്ടതാ ആ നക്ഷത്ര കണ്ണുകളെ.

പക്ഷെ അവന് നീ എത്ര മാത്രം പ്രിയപ്പെട്ടത് ആണെന്ന് അനുഭവിച്ച് അറിഞ്ഞപ്പോൾ എന്റെ ഇഷ്ടം ഒന്നുമല്ലെന്ന് മനസ്സിലായി. മാറ്റി വയ്ക്കാൻ പറ്റാവുന്നതേ ഉള്ളൂ എനിക്ക് നീയെന്ന് തോന്നി. അല്ലെങ്കിൽ അങ്ങനെ സ്വയം പഠിപ്പിച്ചു.

പിന്നീടങ്ങോട്ട് സന്തോഷമായിരുന്നു , ഒരു ചേച്ചിയുടെ ശാസനകളുമായ് നീ എത്തിയപ്പോൾ. ബൈക്കിൽ പറക്കുന്നതിന്.. വല്ലപ്പോഴുമുള്ള ഒരു പെഗ്ഗടിക്കലിന്..

എന്റെ ചെവി പുകക്കുന്ന നീ. വൈകി എത്തുമ്പോൾ അമ്മയെ ഒളിച്ച് ബാൽക്കണി തുറന്നു തന്നിട്ട് , പോണ പോക്കിന് എന്റെ പുറം പൊളിക്കുന്നവൾ. എത്ര താമസിച്ചു വന്നാലും ഭക്ഷണം കഴിപ്പിച്ചിട്ട് മാത്രം ഉറങ്ങാൻ അനുവദിക്കുന്നവൾ. അവനും ഞാനും പലപ്പോഴും പറയാറുണ്ടായിരുന്നു നമുക്ക് രണ്ടമ്മമാരാ ഉള്ളതെന്ന്.

അത്രക്ക് പ്രിയപ്പെട്ടവൾ..ഈ വീടിന്. അങ്ങനെയുള്ള നീയും മോളും വീണ്ടും ആ അനാഥാലയത്തിലേക്ക് ഓർക്കാൻ കൂടി വയ്യായിരുന്നു അത്. പിന്നെയാണോ നിന്റെ ആ പ്രാണൻ പൊഴിക്കാൻ നോക്കല്..

ഇപ്പോഴും നിന്നേക്കാൾ ഒരു യോഗ്യതയെ എനിക്കായ് തിരയുന്നത് എന്തിന് നീ ? ഒരിക്കൽ ഉടക്കിയ എന്നുള്ളിലെ ആ കൊളുത്തിന്റെ പാടുകൾ ഇപ്പോഴും അവിടെത്തന്നെ ഉള്ളപ്പോൾ.

ഇനിയും ബോധ്യമാകേണ്ടതു ഉണ്ടോ ഈ ഹൃദയമിടിപ്പിന്റെ ഏറേയും നിനക്ക് കൂടി മാത്രം ആയിട്ടുള്ളത് എന്ന്. നിന്റേത്.. ആണെന്നും… നെറ്റിയിലൊരു നനുത്ത സ്പർശമേറ്റപ്പോൾ..

” ആ അമ്മാ.. തലവേദനിക്കയാ.. അമ്മ പോയി കിടന്നോളൂ..” മറുപടി ഒന്നും കൾക്കാതിരിക്കെ തല തിരിച്ചൊന്നു നോക്കി ഞെട്ടിപ്പോയ് അവൾ..അവൾ
തൊട്ടരികെ ചാടിയെഴുന്നേറ്റു.

“എന്താടോ..വയ്യേ..? എന്തെങ്കിലും വയ്യാഴിക..? “

” അവിടെ.. അവിടെ..വന്നു കിടക്കൂ..മോളുടെ
അ..അടുത്ത്..”

” ഡൊ..താൻ.. താനിത് എന്തൊക്കെയാ.. പറയുന്നേ..തനിക്ക്.. അതിന്.. “

” ഇനിയും ആ ഏട്ടനെ വിഷമിപ്പിക്കാൻ പറ്റില്ലെനിക്ക്..  ഈ..ഈ.. സ്നേഹത്തേയും..”

പറഞ്ഞു തീരുമ്പോഴേക്കും അറിയാതെ ആ മുഖം താണിരുന്നു അപ്പോൾ. അവളുടെ രണ്ട് കൈകളും തന്റെ വിരലുകൾക്കു ഉള്ളിലായ് ഒതുക്കുമ്പോൾ..

ആ നാല് കൺകോണിൽ നിന്നും മഴ മേഘങ്ങൾ പെയ്യാൻ വിറ കൊള്ളുന്നത് അവൻ കണ്ടു.. തങ്ങളെ പടർന്ന് പരക്കുന്ന ഇലഞ്ഞി പൂവിന്റെ ആ സുഗന്ധത്തെ തങ്ങളുടെ നിശ്വാസങ്ങളിലേക്ക് ആലിംഗനം ചെയ്യവേ.

Leave a Reply

Your email address will not be published. Required fields are marked *