അവൾ പടിയിറങ്ങുമ്പോൾ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
കണ്ണാ നീയെന്താ ഇങ്ങനെയിരിയ്ക്കുന്നത്..? ചായയുമായി മുറിയിൽ വന്ന
അമ്മയുടെ ചോദ്യം..
ഒന്നുമില്ല അമ്മേ മനസ്സിൽ എന്തോ ഒരു വിഷമം പോലേ.. ഇന്നലേ വരേ ഈ വീട് ഒരു കിളിക്കൂടായിരുന്നു.
നമ്മുടെ കിങ്ങിണിക്കുട്ടിയുടെ കളിയും ചിരിയും നിറഞ്ഞ കിളിക്കൂട്.. അവൾ പടിയിറങ്ങിയപ്പോൾ
പെട്ടെന്നൊരു മൂകത. കടന്നു വന്നുതു പോലേ..
എന്നും എനിയ്ക്കുള്ള ചായയുമായി അവളല്ലേ വരിക…. ഇനിയവൾ വരില്ലല്ലോ…
എല്ലാ പെൺകുട്ടികളുടേയും ജീവിതം അങ്ങനെ തന്നെയാണ് മോനേ ഒരിക്കൽ വീട്ടുകാരെ ഉപേക്ഷിച്ചു പടിയിറങ്ങണം മറ്റൊരു കുടുംബത്തിലേക്ക് മകളായി കടന്നു ചെല്ലണം…..
നിങ്ങളുടെ അച്ഛന്റെ കൈപിടിച്ചു ഞാൻ ഇങ്ങോട്ട് വന്നിട്ട് ഇരുപത്തിയെട്ടു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. അറിയാമോ…. ഇതിനിടയിൽ കുറച്ച് തവണ മാത്രമേ ഞാൻ എന്റെ വീട്ടിൽ പോയിട്ടുള്ളൂ അതും ഒരു വിരുന്നുകാരിയേപ്പോലെ.
എന്നാലും വീടുറങ്ങിയത് പോലെയായില്ലേ അമ്മേ… അവൾ നമ്മുടെ കിലുക്കാം പെട്ടി ആയിരുന്നല്ലോ…..
ഒരു ഏട്ടന്റെ കടമ മോൻ നന്നായി നിറവേറ്റിയില്ലേ അതിൽ സന്തോഷിയ്ക്കൂ.. പിന്നേ അവൾ അധികം ദൂരെയെങ്ങുമല്ലല്ലോ. എപ്പോൾ വേണമെങ്കിലും പോകാല്ലോ അങ്ങോട്ട്…. നാലു ദിവസങ്ങൾ കഴിഞ്ഞാൽ അവളിങ്ങു വരുമല്ലോ…
അതു ശരിയാണ് അങ്ങനെയൊരു ആശ്വാസം… എന്നാലും ഇവിടേ അവൾക്ക് സ്ഥിരം താമസിക്കാൻ കഴിയില്ലല്ലോ അമ്മേ
ഞങ്ങളുടെ കുടുംബത്തിൽപ്പെട്ടതു തന്നേയാണ് പയ്യൻ അവളുടേ മുറച്ചെറുക്കനാണു. കുഞ്ഞു നാളിലെ പറഞ്ഞു വെച്ച ബന്ധം…. രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ധീര ജവാൻ അർജുൻ……
ഇതൊക്കെ സത്യമാണെങ്കിലും രാവിലേ ഏട്ടായെന്നുള്ള അവളുടേ വിളികേൾക്കാതെ എന്താ ഒരു രസം…. ആ വിളിയായായിരുന്നു എനിക്കെന്നും ഊർജ്ജം..
ഏട്ടാ ഇന്ന് കൂടിയേ ഞാൻ ഇവിടെയുള്ളൂ വിളിച്ചുണർത്താൻ നാളെ ഉണ്ടാവില്ല ഇവിടേ ഏട്ടൻ വിഷമിക്കരുത് കല്യാണപന്തലിലേക്ക് പോകും മുമ്പേ അവൾ പറഞ്ഞ വാക്കുകൾ..
അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നുവോ..?
ഞാൻ അവളുടെ മുറിയിലേയ്ക്ക് ചെന്നു.. ഇപ്പോളും അവളുടെ ഗന്ധം ആ മുറിയിൽ തങ്ങി നിൽക്കുന്നു.. മേശപ്പുറത്തു. അലസമായി കിടക്കുന്ന കുപ്പിവളകൾ……
കിടക്കയിൽ വായിച്ചു കൊണ്ടിരുന്ന പുസ്തകങ്ങൾ. കഴിഞ്ഞ ഞാൻ തവണ ലീവിന് വന്നപ്പോൾ വാങ്ങി
കൊടുത്ത ടെഡി ബെയർ …. അലമാരയിൽ വലിച്ചു വാരിയിട്ടിരിയ്ക്കുന്ന തുണികൾ..
അതങ്ങനെയാണ് സ്വഭാവം പോലേ തന്നേ ഒന്നിനും ഒരു അടുക്കും ചിട്ടയുമില്ല.. അതിനവൾ അമ്മയുടെ ചീത്ത കുറച്ചൊന്നുമല്ല കേട്ടിട്ടുള്ളത്…….
ഞാൻ ലീവിന് വരുമ്പോളാണ് അവൾക്ക് അടുക്കും ചിട്ടയും.. ഒപ്പം ഞാനും കൂടും.. പോയി അടുത്ത
തവണ വരുമ്പോൾ വീണ്ടും പഴയപോലെയായിട്ടുണ്ടാവും മുറി……
എന്നാലും എനിക്ക് ഇഷ്ടമുള്ളതെന്തും
വച്ചു തരാൻ അവൾക്ക് പ്രേത്യേക ഇഷ്ടമാണ്.. അതിപ്പോൾ നാടൻ ഫുഡും നോർത്ത് ഇന്ത്യനും എന്തും അവൾക്ക് വഴങ്ങും….
നല്ല കൈപ്പുണ്യം അതൊന്നു അവളുടെ കൈമുതലായിരുന്നു……ഏട്ടാ കഴിച്ചിട്ട് അഭിപ്രായം പറയണം.. കൊള്ളില്ല എന്ന് പറഞ്ഞാൽ പിന്നേ ഞാൻ മിണ്ടൂല്ലേ…
പ്രവാസ ജീവിതത്തിനിടയിൽ എന്നും
ഒരു ആശ്വാസം എന്റെ കിങ്ങിണിയായിരുന്നു…. ദിവസവും ഓരോ പാചക പരീക്ഷണം നടത്തി അതിന്റെ ഫോട്ടോ എനിക്കയച്ചു തരുന്നത് അവളുടെ സ്ഥിരം ഹോബിയായിരുന്നു….
ഞാൻ ലീവിന് വന്നാൽ പഠനം പോലും ഉപേക്ഷിച്ചു എനിയ്‌ക്കൊപ്പം കൂടുന്നവൾ ഞാനൊന്ന് മുഖം കറുപ്പിച്ചാൽ കരയുന്നവൾ… എന്റെ അനിയത്തി, എന്റെ മകൾ, എന്റെ കൂട്ടുകാരി അങ്ങനെ പലതുമായിരുന്നു അവൾ…..
ഓർമ്മ വെച്ച കാല ശേഷം ആദ്യമായാണ് അവളില്ലാത്ത വീട്ടിൽ ചിലവഴിയ്ക്കുന്നതു.. ഓരോ പെൺകുട്ടിയും വീടിന്റെ സൗന്ദര്യമാണ്, ശബ്ദമാണ്.. ഇന്ന് ഞാനും അതു തിരിച്ചറിയുന്നു….അവളിലൂടെ..
ഏറെ സന്തോഷത്തോടെ കൈപിടിച്ചു ഇറക്കി വിട്ടുവെങ്കിലും അവൾ അവശേഷിപ്പിച്ച ശൂന്യത ഇവിടേ തളം കെട്ടിനിൽക്കുന്നു..
എന്നാലും ഈ ഏട്ടന്റെ മനസ്സിന് ഏറെ സംതൃപ്തി തോന്നുന്നു.. നിന്റെ ജീവിതം ഏറെ നന്മകൾ നിറഞ്ഞതാവട്ടെ.. അനിയത്തിക്കുട്ടി…. പക്ഷേ “ഒരു ദിവസമല്ല ഒരു നിമിഷം നിന്നേ കാണാതിരിക്കാൻ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല….അതിനായി ശ്രമിക്കാം നിന്റെ ഏട്ടൻ….
ഈ ഏട്ടന്റെ മനസ്സിലേ നൊമ്പരം നിന്നോളം മറ്റാർക്കും അറിയാൻ കഴിയില്ലല്ലോ…. നിന്റെ വരവും കാത്തു ഏട്ടനിവിടെയുണ്ടാകും…