ചില പ്രവാസികളുടെ വെള്ളിയാഴ്ചകൾ
(രചന: സഫി അലി താഹ)
“എനിക്ക് ഭ്രാന്തെടുക്കുന്നുണ്ട്.എന്നെയും കൊണ്ട് പുറത്ത് പോകാൻ വെള്ളിയാഴ്ച പോലും നിങ്ങൾക്ക് ഓർമ്മയില്ല. ലുലുവിന്റെ പുതിയ മാളിൽ ഒന്ന് പോയാലോ ഇക്കാ? പറ്റുമെങ്കിൽ ജുമേറാഹ് ബീച്ചിൽ കൂടിയൊന്നു പോകണം. “
പുറത്തെ നിരത്തിൽ ചീറിപ്പാഞ്ഞുപോകുന്ന വണ്ടികളെ ബാൽക്കണിയുടെ മഞ്ഞിൻകണങ്ങൾ ഉമ്മവെയ്ക്കുന്ന ചില്ലുജാലകങ്ങളിലൂടെ നോക്കിനിന്ന അഷറഫിന്റെ ചെവികളിൽ ഷാമിലയിടെ ശബ്ദം വന്നുപതിച്ചു.
പുറത്തെ കാഴ്ചകൾ മങ്ങുന്നു. മഞ്ഞുകൊണ്ടുള്ള കാഴ്ച്ചമങ്ങൽ അല്ലെന്നവന് മനസ്സിലായി.
തലവേദനയും, ടെൻഷനും, ഉറക്കക്കുറവും തീർക്കുന്ന മാനസിക പിരിമുറുക്കത്തിന്റെ, അതാരും മനസ്സിലാക്കാത്ത വ്യഥയുടെ നെഞ്ചുരുക്കുന്ന കണ്ണീരിന്റെ മങ്ങൽ…
അവൻ തന്റെ ഇപ്പോഴത്തെ അവസ്ഥയിലൂടെ മനസ് കൊണ്ടൊരു ഓട്ടപ്രദക്ഷിണം നടത്തി.
അതിരാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ എനിക്കു തന്നയയ്ക്കാനായി തലേന്ന്തന്നെ ഷാമില തെർമൽ കുക്കറിൽ ചോറുണ്ടാക്കി വെക്കാറുണ്ട്. ചപ്പാത്തിയും കറിയും ഉണ്ടാക്കി പ്രാതലും നൽകും.
കഴിക്കാൻ സമയം കിട്ടിയില്ലേൽ അത് പൊതിഞ്ഞു നൽകാറുണ്ട്. അത് കഴിഞ്ഞ് ഞാൻ ഓഫീസിലേക്ക് പോകും. അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീഴും.
രണ്ട് മണിക്കൂറിനു ശേഷം മോൾ സ്കൂളിൽ പോകാൻ നേരമാണ് വീണ്ടുമവൾ എഴുന്നേൽക്കുന്നത്.ആഹാരം ഉണ്ടാക്കി വെച്ചിട്ടുള്ളത് കൊണ്ട് അവൾക്ക് പിന്നെ ബുദ്ധിമുട്ട് ഒന്നുമില്ല.മോൾക്ക് ആഹാരം കൊടുത്ത്,
അവളെയൊരുക്കി സ്കൂൾബസിൽ കയറ്റി വിട്ടാൽ പിന്നെ ഈ ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കാണ്.
യു ട്യൂബിലെ വീഡിയോ കണ്ടും ഫേസ്ബുക്കിലും, വാട്സാപ്പിലും,മെസ്സേജ് അയച്ചും, പോസ്റ്റുകൾ നോക്കിയും, ഉറങ്ങിയും അവൾ സമയം കളയും.
ഇടയ്ക്കിടെ ഓഫീസിൽ വിളിക്കും. യു ട്യൂബിൽ കാണുന്ന പാചകവീഡിയോകൾ പരീക്ഷണം നടത്താൻ സാധനങ്ങൾ ഇല്ലെന്ന് പറയും. എന്റെ മറുപടി കേട്ട ധനുഷ് ഭാര്യ രേവതിയെകുറിച്ച് പറഞ്ഞതോർത്തപ്പോൾ വേദനയുള്ളൊരു പുഞ്ചിരി നിറഞ്ഞു.
“ഇതൊക്കെ കേൾക്കുമ്പോഴാണ് ഞാൻ എത്ര ഭാഗ്യമുള്ളവനാണ് എന്നോർക്കുന്നത്. നിന്റെ അതേ ജോലിയാണ് എനിക്കും. എന്റെ തിരക്കുകൾ രേവതിയ്ക്ക് അറിയാം.
അവൾ അവിടിരുന്നു മുഷിയാതിരിക്കാൻ രാവിലെയും വൈകിട്ടും നടക്കാൻ പോകാറുണ്ട്. സൂപ്പർമാർക്കറ്റിലും, ബാങ്കിലും പോകും. അവൾ വന്നശേഷം പുറത്ത്കൊടുത്ത് വസ്ത്രങ്ങൾ അയൺ ചെയ്യാൻപോലും സമ്മതിക്കില്ല.
ഡ്രൈവിംഗ് പഠിച്ചെടുത്തു. ചില വർക്കുകളിൽ അവൾ സഹായിക്കാറുമുണ്ട്.അതുകൊണ്ട് കുടുംബത്തോടൊപ്പം നിൽക്കാൻ സമയം കിട്ടുന്നുണ്ട്.ഇടയ്ക്കൊക്കെ പുറത്ത് പോകാനും കഴിയുന്നുണ്ട്.ഒന്നുമില്ലേലും വെള്ളിയാഴ്ച അവൾ എന്റെയിഷ്ടത്തിനു വിട്ടുതരുന്നുണ്ട്.
ഷാമിലയോടു നീ പറഞ്ഞു മനസ്സിലാക്കണം.” അവൻ ഇത്രയും പറഞ്ഞിട്ട് നടന്നകന്നു. അവനറിയില്ലല്ലോ ഞാൻ എത്രയോ വട്ടം അവളോട് പറഞ്ഞതാണ് ഇതൊക്കെയെന്ന്.
അവൻ തിരികെ വന്ന് ഇത്രകൂടി കൂട്ടിച്ചേർത്തു.” നിന്റെ ഈ അവസ്ഥകൾഎന്നിൽ സഹതാപമുണ്ടാക്കുന്നു. അവൾ മനസ്സിലാക്കുന്നില്ലെങ്കിൽ നീ സമ്മർദ്ദത്തിലാകും ഡാ. സത്യത്തിൽ ബാച്ച്ലർ റൂം ആയിരുന്നു നിനക്ക് നല്ലത്.”
സത്യമാണ് കൊതിതീരെ ഉറങ്ങാമായിരുന്നു, ഒന്നും കഴിച്ചില്ലേലും. ആകെ കിട്ടുന്ന വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയും എന്നെ കൊതിപ്പിച്ചുകൊണ്ടും ക്ഷീണം കൂട്ടികൊണ്ടും കടന്നുപോകുന്നത് നിസ്സഹായനായി നോക്കിനിൽക്കേണ്ടി വരുന്നു.
ഇന്ന് വളരെ നേരത്തെയാണ് ഫ്ലാറ്റിലെത്തിയത്. അപ്പോഴാണ് സവാളയും വെളുത്തുള്ളിയും തീർന്ന കാര്യം അവൾ പറയുന്നത്.
ഫ്ലാറ്റിനു തൊട്ട്താഴെ സൂപ്പർമാർക്കറ്റുണ്ടെങ്കിലും ഞാൻ വന്നിട്ട് ഒരുമിച്ച് പോകാൻ കാത്തുനിൽക്കും. സത്യത്തിൽ ആകെ ആശ്വാസം വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ചയുമാണ്. ആ ദിവസങ്ങളിൽ നന്നായി ഒന്നുറങ്ങാനാണ് തോന്നുന്നത്.
അവൾ തൊട്ട് താഴത്തെ സൂപ്പർമാർക്കറ്റിൽ പോയി ഇതൊക്കെ വാങ്ങിയെങ്കിൽ,അല്ലെങ്കിൽ ഞാൻ ഫ്ലാറ്റ് എത്തുന്നതിനു മുന്നേ വിളിച്ചുപറഞ്ഞെങ്കിൽ അത്രയും സമയം എനിക്ക് മോൾക്കും അവൾക്കുമൊപ്പം ഇരിക്കാമായിരുന്നു.ഇതിപ്പോൾ ദൂരേയുള്ള പുതിയ സൂപ്പർമാർക്കറ്റിൽ തന്നെപോകണം.നൈറ്റ് ഡ്രൈവ് കൂടി ആകുമല്ലോ ഇതാണ് അവളുടെ ചിന്ത.
ഭാര്യയോടൊപ്പം പുറത്ത് പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടല്ല.അവൾക്ക് എനിക്കൊപ്പം യാത്രപോകാൻ ഇഷ്ടമാണെന്ന് അറിയാഞ്ഞിട്ടുമല്ല. എന്റെ ജോലിയുടെ സ്വഭാവം അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല.
മോൾ ഉറക്കത്തിൽ നിന്നും എണീക്കും മുന്നേ ഓഫീസിലേക്ക് പോയാൽ അവൾ ഉറങ്ങി കഴിഞ്ഞാണ് താൻ എത്തുന്നത് . എത്ര ദിവസമായി അവളോടൊപ്പം ഒന്ന് സമയം ചെലവഴിച്ചിട്ട്. മോളോടൊപ്പം ഉമ്മയെ സമാധാനത്തോടെ വിളിക്കാൻ സമയം കിട്ടിയേനെ….. എനിക്കൊന്നു റിലാക്സാകാൻ കഴിഞ്ഞേനെ.
ഉമ്മയെ ഓർത്തപ്പോൾ അവന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
പത്തു ദിവസമാണ് ഉമ്മ ആശുപത്രിയിൽ കിടന്നത്. എന്നെകാണണം എന്ന് പറഞ്ഞ് കരഞ്ഞത്. അവൾ പറയുന്നത് ‘നാട്ടിൽ എന്തിനാണ് പോകുന്നത്, ഞാനും മോളും കൂടെയുണ്ടല്ലോ.’
അവളുടെ വിചാരം അവളും മോളും മാത്രമാണ് എന്റെ ലോകമെന്ന്, ഞാൻ മാത്രം ലോകമായ, ഉപ്പയില്ലാതെ എന്നെ വളർത്തി വലുതാക്കിയ ഉമ്മയെ എന്റെ ലോകത്തിൽ അവളുൾപ്പെടുത്തില്ല.
എത്ര ദിവസമായി എന്തെങ്കിലും ഒന്ന് വായിച്ചിട്ട്, ഒരു പാട്ട് കേട്ടിട്ട്. വല്ലാത്ത സ്ട്രെസ് ആണ് ഞാനിവിടെ അനുഭവിക്കുന്നതെന്ന് അവളോട് പറയാൻ കഴിയുന്നില്ല, ഞാൻ വന്നുകയറുമ്പോൾ തന്നെ ഒറ്റയ്ക്കിരുന്നു മടുത്ത പരാതികളുടെ ഭാണ്ഡമഴിക്കുന്നു.
എന്തെങ്കിലും പറഞ്ഞ് പോയാൽ അവളോട് ദേഷിച്ചു എന്നാണ് പറയുന്നത്. ഞാനൊരാളുടെ ദേഷ്യം മാത്രം കേൾക്കുന്നവൾക്ക് അറിയുമോ ഞാനെത്ര മേലുദ്യോഗസ്ഥരുടെ ദേഷ്യത്തിനിരയാകുന്നു എന്ന്.
ചെയ്തു തീർക്കാത്ത പ്രൊജെക്ടുകൾ വീട്ടിൽ വന്നു ചെയ്യുമ്പോൾ എവിടെയോ വായിച്ചറിഞ്ഞ ദാമ്പത്യ ജീവിതമെങ്ങനെ സുന്ദരമാക്കാം എന്ന പംക്തിയിലെ ‘ഓഫീസ് കാര്യം വീട്ടിൽ വേണ്ടെന്നു പറഞ്ഞ് വരും.’
ഓഫീസ് കാര്യം ഇല്ലെങ്കിൽ അവൾ പോലും എനിക്കൊപ്പം ഇല്ലെന്ന സത്യം അറിയുന്നത് കൊണ്ട് തന്നെ ആ വർക്കുകൾ ചെയ്തു തീർക്കാൻ നിർബന്ധിതനാകുന്നു. എത്രനാളായി പറയുന്നു എന്നെ എന്തിനെങ്കിലും സഹായിക്കാൻ,
അറിയാമെങ്കിലും ചെയ്യില്ല. ജോലിക്ക് പോകുന്ന ഭാര്യയും ഭർത്താവും എങ്ങനെയാകും ആ വീട് കൊണ്ട് പോകുന്നത് എന്നെങ്കിലും ഇവൾ ഓർക്കുന്നില്ലല്ലോ. പലപ്പോഴും അത് ചോദിച്ചിട്ടുണ്ട്, അന്നൊക്കെ ‘എനിക്കതിന്റെ ആവശ്യമില്ല ‘ എന്ന അഹങ്കാരം നിറഞ്ഞ മറുപടിയാണ് കിട്ടുന്നത്.
എങ്ങനേലും ജോലി ചെയ്ത് തീർത്തു ഉറങ്ങാൻ ചെല്ലുമ്പോൾ അവൾ പാതിതുറക്കത്തിലെത്തിയിരിക്കും. അവളെയൊന്നു ചേർത്തുപിടിച്ചാൽ ‘പോയിരുന്നു വർക്ക് ചെയ്തോ’ എന്നുപറഞ്ഞു തിരിഞ്ഞു കിടക്കും. പിന്നെ മുഖം വീർപ്പിച്ചു രണ്ട് ദിവസം.
തലവേദനയും മറവിയും വന്ന് സുഹൃത്തുക്കളായിട്ട് കുറച്ചുനാളായി. ചെറിയ പ്രായത്തിലെ ഷുഗറും പിടിപ്പെട്ടു. നാട്ടിൽ കിട്ടുന്ന സമാധാനവും ഉമ്മയുടെ സാമീപ്യവും ഓർമ്മകളുറങ്ങുന്ന വീടിന്റെ ഗന്ധവും അനുഭവിച്ചേട്ടേറെ നാളായി.അവനൊരു ദീർഘസനിശ്വാസമയച്ചു.
അവളോടും മോളോടും ഉമ്മയോടുമൊപ്പം നാട്ടിൽ ചെലവഴിച്ച നല്ല നിമിഷങ്ങൾ അവന്റെ മനസ്സിലോടിയെത്തി.
ഇടയ്ക്കിടെ കിട്ടുന്ന ഇരുപത് ദിവസത്തെ ലീവ്, സമാധാനത്തോടെ സന്തോഷത്തോടെ അവരോടൊപ്പം ചെലവഴിക്കാമായിരുന്നു. വർഷത്തിൽ മൂന്ന് തവണ കിട്ടുന്ന ആ ലീവുകൾ സ്വർഗ്ഗത്തിലായിരുന്നു ഞാൻ ചെലവഴിച്ചതെന്ന് തോന്നുന്നുണ്ട്. ഇന്നിപ്പോൾ അവൾ വന്നിട്ട് ഒരു വർഷമായി, അറുപതു മണിക്കൂർ പോലും സന്തോഷത്തോടെ കൂടെ നിൽക്കാൻ കഴിഞ്ഞിട്ടില്ല.
അവൾ എല്ലാം മനസ്സിലാക്കി ചെയ്യേണ്ട സമയം കഴിഞ്ഞു. പറഞ്ഞ് മടുത്തു. ഇങ്ങനെ പോയാൽ ഉറക്കമില്ലാതെ ടെൻഷൻ കയറി ഞാനവർക്ക് ഇല്ലാതെ പോകും.
അവളുടെ പരാതികൾ മാറില്ല, എന്റെ ജോലിയുടെ സ്വഭാവവും.ഇവിടെ അവൾക്കാണ് എന്തെങ്കിലും ചെയ്യാൻ കഴിയുക. അതവൾ മനസ്സിലാക്കുന്നുമില്ല. ചിന്തകൾ കൊണ്ടൊരു കാര്യവുമില്ല. എല്ലാമോർത്തവൻ ഒരു തീരുമാനത്തിലെത്തി.
പുറത്തെ മഞ്ഞിന്റെ തണുപ്പ് അവന്റെ ചൂടുപിടിച്ച ചിന്തകളിൽ തണുപ്പായി പടർന്നു.
പിറ്റേന്ന് വെള്ളിയാഴ്ച അവളെയും മോളെയും കൊണ്ട് പുറത്ത് പോയി.ബീച്ചിൽ പോയി പുറത്ത് നിന്നും ആഹാരം കഴിച്ചു. കുറെയേറെ സാധനങ്ങൾ വാങ്ങി. റൂമിലെത്തി എല്ലാം കാർട്ടൂണുകളിൽ പെറുക്കിവെച്ചു.
“അല്ലെങ്കിലും ഉമ്മാക്ക് അയച്ചില്ലെങ്കിൽ ങ്ങക്ക് സമാധാനം കിട്ടൂല ” എന്ന് പറഞ്ഞ് കുത്തിവേദനിപ്പിക്കാൻ ഇപ്പോഴും മറന്നില്ല.
“ഇതെങ്ങനെ അയക്കും കാർഗോ അയക്കാനോ? “
“അല്ല നീയും മോളും നാട്ടിലേക്ക് പോകുന്നു. ഉമ്മയുടെ അടുത്ത്. ഇനിയെങ്കിലും ഞാൻ ഈ തീരുമാനം എടുത്തില്ലെങ്കിൽ എനിക്ക് കുടുംബവും ഉമ്മയും നഷ്ടമാകും.മോളേ അവിടെ സ്കൂളിൽ ചേർക്കാം. ഷാമീ മൂന്നുമാസത്തിലൊരിക്കൽ എനിക്ക് കിട്ടുന്ന ഇരുപത് ദിവസം കൊണ്ട് ഞാൻ ചിലപ്പോൾ ഏറെനാൾ ജീവിച്ചിരുന്നേക്കാം.എന്നെ നീ ഇനിയെങ്കിലും മനസ്സിലാക്കണം.
“എനിക്ക് നിന്നെയും, മോളെയും അത്ര ഇഷ്ടമാണെടീ.എനിക്ക് നിങ്ങളോടൊപ്പം ആരോഗ്യത്തോടെ ജീവിക്കണം ഷാമീ…..” മറുത്തൊന്നും പറയാതെ അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.”ഇക്കാ”യെന്ന വിളിയിൽ എല്ലാമുണ്ടായിരുന്നു.
അവളുടെയും മനസ്സിൽ, നാട്ടിലെ കഴിഞ്ഞുപോയ ആ സന്തോഷകരമായ ദിവസങ്ങളായിരുന്നു…