തറവാട്
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
“ഡോ ഗൗരി .. തനിയ്ക്ക് മനസ്സിൽ സന്തോഷം തോന്നുന്നുണ്ടോ ഇവിടേ ഈ തറവാടിന്റെ പടിപ്പുരയിൽ ഇങ്ങനെയിരിയ്ക്കുമ്പോൾ…………?
സന്തോഷം ഒരുപാട് ഉണ്ടല്ലോ അതിന് കാരണം ഹരിയേട്ടനാണു….
“ആ മനസ്സിലെ ഏറ്റവും വലിയ സ്വപ്നം പൂർത്തീകരിച്ചല്ലോ എന്നതാണ് സ്വന്തം തറവാട് അന്യാധീനപ്പെട്ടു പോകാതെ തിരിച്ചു പിടിച്ചല്ലോ… ആ സന്തോഷത്തിൽ പങ്കാളിയാകാനും ദാ ഈ സന്ധ്യാ നേരം ഇങ്ങനെ ചേർന്നിരുന്നു പ്രണയിക്കാനും എനിക്ക് സാധിച്ചല്ലോ…,,
ഇത് എന്റെ മനസ്സിലെ വെറുമൊരു ആഗ്രഹം മാത്രമായിരുന്നില്ല ഗൗരി.. ശരിയ്ക്കും ഒരു വാശിയായിരുന്നു…..
എനിക്കും കൂടി അവകാശപ്പെട്ട ഈ തറവാട്ടിൽ നിന്നും അമ്മയെയും അനിയത്തിയേയും കൂട്ടി ഒരു രാത്രിയിൽ ഈ പടിയിറങ്ങേണ്ടി വന്നപ്പോൾ ഇവിടെയുള്ള ആരുടേയും മുഖത്ത് അനുകമ്പയുടെ ഒരു തരിമ്പു പോലും ഞാൻ കണ്ടില്ല…..
ബന്ധങ്ങളെക്കാളും സ്വത്തിനും പണത്തിനും വിലകല്പിച്ച അമ്മാവന്റെ ആർത്തിയായിരുന്നു ഞാൻ അന്നു ആ കണ്ണുകളിൽ കണ്ടത്…. അതിനു കൂട്ടായി കുടുംബവും..
എന്നിട്ടും ഹരിയേട്ടൻ എത്ര മാന്യമായിട്ടാണ് അമ്മാവനോട് പെരുമാറിയത്.. അവസാനകാലത്തു നോക്കാൻ ആരുമില്ലാതെ വൃദ്ധ സദനത്തിൽ കഴിഞ്ഞ അയാൾക്ക് ആവശ്യത്തിന് സഹായങ്ങൾ ചെയ്തു കൊടുത്തില്ലേ ..
മരണ ശേഷം ഈ തറവാടിന്റെ പുറത്തുള്ള ബാധ്യതകൾ തീർത്തു തിരിച്ചു പിടിച്ചില്ലേ . ഇത്രയൊക്കെയല്ലേ ഒരു മനുഷ്യന് ചെയ്യാൻ കഴിയൂ….
ശരിയാണ് ഗൗരി..പക്ഷേ ഈ പടിപ്പുരയിൽ ഒരിക്കൽ അല്ല ഒരുപാട് തവണ എന്റെ കണ്ണു നീര് വീണിട്ടുണ്ട്…..
പ്രീ ഡിഗ്രി നല്ല മാർക്ക് വാങ്ങി തുടർന്നു പഠിക്കാനുള്ള വഴിയില്ലാതെ നിന്നിരുന്ന സമയത്തു അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇവിടേ സഹായം ചോദിച്ചു വന്നപ്പോൾ അമ്മാവൻ പറഞ്ഞ ഒരു വാക്കുണ്ടായിരുന്നു……
“നിനക്ക് നാണമില്ലേടാ ഇരുന്നു വന്നിരിയ്ക്കുന്നു അവൻ എന്റെ സമ്പാദ്യം എന്റെ മകളേ പഠിപ്പിക്കാനും അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാക്കി കൊടുക്കാനുമാണ്……. ഇറങ്ങിക്കോണം ഇവിടേ നിന്നും…
അന്ന് എന്റെ മനസ്സിൽ നിന്നും ആദ്യമായി കണ്ണു നീര് ഈ പടിപ്പുരയിൽ വീണു.. പിന്നെ ഒരു തവണ അനിയത്തിയുടെ വിവാഹം ക്ഷണിക്കാൻ ചെന്നപ്പോഴും എനിക്ക് അതിന്റെ ബാക്കിയായിരുന്നു സ്വീകരണം…
അവളുടെ വിവാഹത്തിനായി ഞങ്ങൾക്ക് അവകാശപ്പെട്ട സമ്പത്തു വാദിച്ചു മേടിയ്ക്കാൻ ചെന്നതാണോ എന്നുള്ള ഭയം. അന്നും കരഞ്ഞു കൊണ്ട് ഈ തറവാടിന്റെ പടിയിറങ്ങിയത്…..
അതൊക്കെ മറന്നേക്കൂ ഹരിയേട്ടാ.. ഇന്ന് ഹരിയേട്ടന് എന്താ ഒരു കുറവ്.. പരിഹസിച്ചവർക്കു മുൻപിൽ നിവർന്നു നിൽക്കാൻ കഴിയുന്ന പദവിയും സമ്പത്തും എല്ലാം നേടിയില്ലേ….. ഇതാണ് ശരിയ്ക്കും ഹീറോയിസം…
ഇത് വെറും ഹീറോയിസം അല്ല ഗൗരി ജീവിയ്ക്കാൻ വേണ്ടി കച്ചമുറുക്കി ഇറങ്ങിയവന്റെ ധൈര്യം.. ഒപ്പം പ്രാർത്ഥനയോടെ കൂടേ നിൽക്കാൻ തന്നെപ്പോലെയൊരു പെണ്ണും….
ഇതൊന്നുമില്ലായിരുന്നുവെങ്കിൽ ഈ ഹരികൃഷ്ണൻ ഒരു ബിസ്സിനെസ്സ്കാരൻ ആകുമായിരുന്നില്ല .. വെറും ഹരികൃഷ്ണൻ മാത്രമായി മാറിയേനെ..
അന്ന് കോളേജ് ജീവിതത്തിൽ തന്നെ പരിചയപ്പെട്ടപ്പോൾ ഒരിയ്ക്കലും കരുതിയില്ല എങ്ങനെ ഒന്ന് ചേരാൻ കഴിയുമെന്ന്.. പാവപ്പെട്ട പയ്യനോട് ഒരു പണക്കാരി പെണ്ണിനോട് തോന്നുന്ന സഹതാപം മാത്രമാണെന്ന് കരുതി …
പക്ഷേ താൻ എന്റെ ചിന്തകൾ തെറ്റിച്ചു.. എന്റെ സ്വപ്നങ്ങൾക്ക് നിറം പകർന്നു.. എനിക്ക് ജീവിക്കാനുള്ള വാശി പകർന്നു തന്നു.. ഒടുവിൽ ഇതാ എന്റെ ജീവിതത്തിലേയ്ക്കും കൂട്ടായി താൻ വന്നു.. ഒരുപാട് കടപ്പെട്ടിരിക്കുന്നു ഞാൻ തന്നോട്..
കടപ്പാട് എനിക്ക് അങ്ങോട്ടാണ് ഹരിയേട്ടാ. ശരിയാണ് ഞാൻ സമ്പത്തിന്റെ നടുവിൽ ജനിച്ചു വീണവളാണ്.. അത് കൊണ്ട് തന്നെ ഇപ്പോൾ സ്വത്തിനോടും പണത്തിനോടും ഒന്നും താല്പര്യമില്ലാതായി..
ഒരു സമ്പത്തും എന്റെ കണ്ണു മഞ്ഞളിപ്പിക്കില്ല.. വെറുമൊരു സാധാരണ നാട്ടിൻ പുറത്തുകാരി പെണ്ണായി ജീവിയ്ക്കാനാണ് ഞാൻ എന്നും ആഗ്രഹിച്ചത്… അത് കൊണ്ടു ഹരിയേട്ടൻ എനിക്കൊരു വാക്കു തരണം..
എന്താ അത്..?
ഇനിയുള്ള കാലം നമുക്ക് ഈ തറവാട്ടിൽ ജീവിയ്ക്കണം ഹരിയേട്ടന്റെ ബാല്യം ഉറങ്ങുന്ന ഈ മണ്ണിൽ ആ മനസ്സിലെ നാടൻ പെൺകുട്ടിയായി ഈ ജന്മം മുഴുവനും എനിക്ക് ഇവിടെ കഴിയണം….
ഈ തറവാടും ഇവിടുത്തെ നാഗക്കാവും, കുളവും, എല്ലാം എനിക്കും നല്ല ഓർമ്മകളാക്കണം.. എന്നും..
ഗൗരി എനിയ്ക്കും ഇത് തന്നെയാണ് ആഗ്രഹം പക്ഷേ താൻ സമ്മതിയ്ക്കുമോ എന്നുള്ള പേടി കൊണ്ടാണ് തുറന്നു പറയാതിരുന്നത്.. പട്ടണത്തിലെ അടിച്ചു പൊളി ജീവിതം ഉപേക്ഷിച്ചു പോരേണ്ടി വരില്ലേ…
അതൊന്നും സാരമില്ല അതിനേക്കാൾ എല്ലാം എനിക്കിപ്പോൾ പ്രധാനം ഹരിയേട്ടന്റെ ഇഷ്ടങ്ങൾ, ബാക്കി പൂർത്തിയാക്കാനുള്ള നമ്മുടെ ചെറിയ സ്വപ്‌നങ്ങൾ..
പിന്നേ എല്ലാത്തിലും ഉപരിയായി ഇങ്ങനെ തോളോട് ചേർന്നു ഈ തറവാടിന്റെ പടിപ്പുരയിൽ എന്നും ചെറിയ നേരമ്പോക്കുകളും പിണക്കങ്ങളുമായി ഇരിയ്ക്കണം….
ദേ ഇതാണ് ഏതൊരു പുരുഷനും സ്വപ്നം കണ്ടു പോകുന്ന ഒട്ടും ആർഭാടമില്ലാത്ത ആ ചെറിയ ജീവിതം…