അയലത്തെ സുന്ദരൻ
(രചന: അച്ചു വിപിൻ)
രാവിലെ ഉറക്കം എണീറ്റ് അമ്മേടെ കൈ കൊണ്ട് ഒരു ചായെo കുടിച്ചു മുറ്റമടിക്കാൻ ഇറങ്ങിയപ്പോഴാണ് തൊട്ടു സൈഡിൽ ഉള്ള വീടിനു മുന്നിൽ ഒരു സുന്ദരൻ ചെക്കൻ പല്ലു തേച്ചു കൊണ്ട് നിക്കുന്നത് കണ്ടത്…
ഒരു നിമിഷം ഞാൻ അങ്ങോട്ട് നോക്കി നിന്നുപോയി…
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ആ സുന്ദരകുട്ടൻ എന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു…..
ഹൈ എന്താ ചിരി മുത്ത് പൊഴിയണ പോലെ…. അതിനൊക്കെ ഈ ഞാൻ …..ന്റെ പല്ലു കണ്ട പട്ടി വെള്ളം കുടിക്കില്ല….. ഞാൻ ഓർത്തു…
പുതിയ താമസക്കാർ വരുമെന്ന് അച്ചൻ പറഞ്ഞിരുന്നു…ഞാൻ സൂര്യൻ എന്താ നമ്മടെ പേര്…..
ചാരു….. ഞാൻ മറുപടി പറഞ്ഞു…
അപ്പൊ ശരി ചാരു കണ്ടതിൽ സന്തോഷം…പിന്നെ കാണാം ജോലിക്കു പോകാൻ സമയം ആയി ഇത്രയും പറഞ്ഞുകൊണ്ടയാൾ വീട്ടിലേക്കു കയറിപ്പോയി ….
ആദ്യ കാഴ്ച്ചയിൽ തന്നെ എന്റെ മനസ്സിൽ പ്രണയത്തിന്റെ വിത്തുപാകിയിട്ടാണ് ആ ചേട്ടൻ അവിടുന്ന് പോയത്…..Love at first sight എന്ന് കേട്ടിട്ടേ ഉള്ളു ദേ ഇപ്പൊ കണ്ടു..
കോളേജിൽ പോയപ്പഴും തിരിച്ചു വന്നപ്പഴും മനസ്സിൽ മുഴുവൻ ആ ചേട്ടൻ ആയിരുന്നു….മുജൻമ ബന്ധം പോലെ എന്തോ ആ മുഖം എന്റെ മനസ്സിൽ കയറി പറ്റി…
എന്നാലും എന്റെ ചേട്ടാ ഒറ്റ നോട്ടത്തിൽ തന്നെ എന്റെ മനസ്സ് കട്ടെടുത്തു കളഞ്ഞല്ലോ…..
ഓരൊ ദിവസം കഴിയുന്തോറും ചേട്ടനോടുള്ള പ്രേമം കൂടുന്നതല്ലാതെ കുറയുന്ന മട്ടില്ല ഒടുക്കം വീടിനടുത്തു തന്നെ എന്റെ കൂടെ പഠിക്കുന്ന ഒരു കുട്ടി മുഖാന്തരം മുഖാന്തരo ആ ചേട്ടന്റെ ഫുൾ ഹിസ്റ്ററി തപ്പിയെടുത്തു…
അമ്മയില്ല രണ്ടു വർഷം മുന്നേ മരിച്ചു പോയി ഉഫ് അമ്മായിഅമ്മ പോരെടുക്കും എന്ന പേടി വേണ്ടാ .അച്ഛനും ഒരു പെങ്ങളും ഉണ്ട് പെങ്ങളെ കെട്ടിച്ചു വിട്ടു ഹാവു സമാധാനം അപ്പൊ ആ പേടിയും വേണ്ടാന്നു ചുരുക്കം ആള് ഹോണ്ടയിൽ സെയിൽസ് മാനേജർ ആണ്….
പിന്നെ അവളുടെ അറിവിൽ പുള്ളിക്ക് പ്രേമമൊന്നും ഇല്ല…അത് തന്നെ വലിയൊരാശ്വാസം ആയിരുന്നു…
അങ്ങനെ ആ ചേട്ടനെ വളക്കാൻ തന്നെ ഞാൻ തീരുമാനിച്ചു..പക്ഷെ എങ്ങനെ വളക്കാന… ഉത്സവത്തിന് കാഴ്ചക്കാർ ആനയെ പൊതിയണ കണക്കെന്നും ചുറ്റും കൂട്ടുകാർ ഉണ്ടാകും… ഇവർക്കൊന്നും വേറേ ഒരു പണീമില്ലേ തെണ്ടികൾ…
ഇങ്ങനെ പോയ പുള്ളിയെ വേറെ വല്ല പെണ്ണുങ്ങളും തട്ടിയെടുക്കും…ഓർത്തിട്ടു ഒരു സമാധാനോമില്ല… ഇപ്പൊ എല്ലാരും വിചാരിക്കുന്നുണ്ടാവും പെണ്ണുങ്ങൾ ആണുങ്ങളെ പ്രണയിക്കുന്നതൊക്കെ മോശമല്ലേ എന്ന് എന്ത് മോശം ആണുങ്ങൾക്ക് പ്രണയം തോന്നാമെങ്കിൽ പെണ്ണുങ്ങൾക്കായിക്കൂടെ ശെടാ..
ചാരു ഇനി വൈകികൂടാ നിന്റെ പ്രേമം അത് അങ്ങനെ ഒന്നുമല്ലാതാവരുത് …നാളെ തന്നെ ആ ചേട്ടനോട് നീ അത് പറയും…
ഒക്കെ ഞാൻ മനസ്സിൽ ഉറപ്പിച്ചു പുള്ളിയോട് പറയാനുള്ള ഡയലോഗ് ഒക്കെ ഗൂഗിൾ ക്രോo ഒക്കെ നോക്കി കാണാപ്പാഠം പഠിച്ചു വെച്ചു…. ഹോ പരീക്ഷക്ക് പോലും ഇത്രേം പടിച്ചിട്ടില്ല..
രാത്രി ആ ചേട്ടനെ സ്വപ്നം കണ്ടുറങ്ങി…
പിറ്റേ ദിവസം കോളേജ് കഴിഞ്ഞു വരണ വഴി ദൂരെ നിന്നെ ഞാൻ കണ്ടു….. കൂട്ടുകാരുമൊത്തു എന്റെ ഭാവി വരൻ മതിലിൽ ഇരിക്കുന്നത്….
എന്നെ കണ്ട വഴി ചേട്ടൻ മതിലിൽ നിന്നും ചാടി ഇറങ്ങി…ഞാൻ എന്തെലും പറയുന്നതിന് മുന്നേ ആള് പറഞ്ഞു തുടങ്ങി…..
ചാരു എനിക്ക് നിന്നെ ഇഷ്ടാണ്…ഇപ്പൊ മറുപടി പറയണ്ട ഇഷ്ടാണേൽ നാളെ ഒരു മഞ്ഞ നിറത്തിലുള്ള ഡ്രസ്സ് ഇട്ടോണ്ട് വരണം..മറക്കണ്ട മഞ്ഞ….ഞാൻ ഇവിടെ ഉണ്ടാകും…..ഇത്രേം പറഞ്ഞു പുള്ളി അവിടുന്ന് പോയി….
“ഞാൻ ആണേൽ അന്തോം കുന്തോം ഇല്ലാതെ പറന്നു പോകുന്ന കടവാവൽ ലൈൻ കമ്പിയിൽ തട്ടി ഷോക്കേറ്റു നിക്കണ കണക്കെ അവിടെ നിന്ന് പോയി”……
എന്റെ തെച്ചിക്കോട് ഭഗവതി ഇതെന്താ ഇപ്പൊ ഈ കേട്ടത്…ഇനി ഞാൻ വല്ല സ്വപ്നോം കണ്ടതാണോ…ഏയ് അല്ല സ്വപ്നം ഒന്നും അല്ല കയ്യിൽ നുള്ളിപ്പോ വേദനിക്കണ്ടു… ഇത് സത്യമാണ് പുള്ളി എന്നെ ഇഷ്ടമാണെന്നു പറഞ്ഞിരിക്കുന്നു…
പൊട്ടന് ലോട്ടറി അടിച്ച കണക്കെ ഞാൻ ഓടി വീട്ടിലേക്ക്…..ആവുന്നത്ര വേഗത്തിൽ ..
ദൈവമേ അലമാരയിൽ മഞ്ഞ നിറത്തിൽ ഉള്ള ഉടുപ്പ് ഒരെണ്ണമെങ്കിലും ഉണ്ടാകണെ….
വീട്ടിൽ എത്തി അലമാരക്കു മുന്നിലേക്ക് ഒരു വീഴ്ചയായിരുന്നു “ഭഗവതി ഞാൻ അർപ്പിക്കുന്നു”…. ഉടുപ്പുകൾ ഓരോന്നായി വലിച്ചു നിലത്തിട്ടു… ഒന്ന് …രണ്ടു…. മൂന്നു…. നാല് ….ഇല്ല ഇല്ല മഞ്ഞയില്ല …..
ദൈവമേ മഞ്ഞക്കു ജീവിതത്തിൽ ഇത്രേം പ്രാധാന്യം ഉണ്ടാകുമെന്നറിഞ്ഞില്ലല്ലോ …
ആരോടെങ്കിലും ഒന്ന് ചോദിക്കാം എന്ന് വെച്ചാൽ വണ്ണം കാരണം അവരുടെ ഡ്രസ്സ് ഒന്നുo എനിക്ക് പാകം ആകില്ല…ഈശ്വര എന്തൊരു പരീക്ഷണം….
അവസാനം അമ്മയോട് ചോദിച്ചു അമ്മെ മഞ്ഞ നിറത്തിൽ ഉള്ള സാരി വല്ലതും ഉണ്ടോ?…കോളേജിൽ ഉടുക്കാനാ….
ഭാഗ്യം ദൈവം എന്റെ വിളി കേട്ടു…അമ്മക്ക് ഒരു മഞ്ഞ സാരി ഉണ്ട്….അപ്പഴും ബ്ലൗസ് ഒരു വില്ലൻ ആയി…നീർക്കോലി പോലെ ഇരിക്കുന്ന അമ്മേടെ ബ്ലൗസിന്റെ കൈ പോലും എനിക്ക് കയറില്ല…ഒടുക്കം പ്ലസ് ടുവിന് തിരുവാതിര കളിച്ചപ്പോ എടുത്ത പച്ച ബ്ലൗസ് ഇട്ടങ്ങ് അഡ്ജസ്റ്റ് ചെയ്തു…. ഹും എന്നോടാ കളി…
കോളേജിൽ അതും ഇട്ടു ചെന്നപ്പോ എല്ലാരും ചേർന്നെന്നെ കൂക്കി വിളിച്ചു…
എല്ലാം എന്റെ പ്രണയത്തിനു വേണ്ടിയല്ലേ എന്നോർത്തപ്പോ ഞാൻ അതങ്ങു സഹിച്ചു….
വൈകുന്നേരം ഞാൻ ബസ്സിറങ്ങി ധൃതിയിൽ വീട്ടിലേക്കു നടന്നു….. പറഞ്ഞ സ്ഥലത്തു തന്നെ ചേട്ടൻ ഇരിപ്പുണ്ട്…എന്നെ കണ്ടതും ചേട്ടൻ മതിലിൽ നിന്നും താഴെ ഇറങ്ങി…..ഞാൻ നാണത്തോടെ മുഖം കുനിച്ചു നിന്നു….
വളരെ നന്ദി ചാരു… നീ എന്റെ മാനം കാത്തു….നീ എന്നെ തെറ്റിധരിക്കരുത്…അവന്മാർ വാശി കയറ്റിയിട്ട …..ഇതൊക്കെ ഒരു തമാശയായി കണ്ടാ മതി …..പിന്നീട് എനിക്കൊരോന്നായി എല്ലാം മനസ്സിലായി തൃപ്തിയായി ….
ഏതോ ഒരു കൂട്ടുകാരനുമായി 3000രൂപയ്ക്കു ബെറ്റു വെച്ചിരിക്കുന്നു എന്നെ കൊണ്ട് ഇഷ്ടമാണെന്നു പറയിക്കാൻ….”സാമദ്രോഹി”
ഒറ്റനിമിഷം കൊണ്ട് ഞാൻ സ്വപ്നം കണ്ട എന്റെ കല്യാണം അത് കഴിഞ്ഞുള്ള ആദ്യരാത്രി….ഹണിമൂൺ.. ഫോട്ടോ ഷൂട് ഒക്കെ തകർന്നു വീണു പപ്പടമായി ….
എന്നാലും ഇങ്ങനത്തെ തമാശ വേണ്ടായിരുന്നു ചേട്ടാ…ഇത്രേം പറഞ്ഞു ഞാൻ അവിടെ നിന്ന് കരഞ്ഞു കൊണ്ട് പോയി….
നാണക്കേട് കൊണ്ട് രണ്ടു ദിവസം ഞാൻ പുറത്തിറങ്ങിയില്ല….കോളേജിലും പോയില്ല…
മഞ്ഞ എന്ന നിറം തന്നെ ഞാൻ വെറുത്തുപോയി… എനിക്ക് ഏറ്റവും ഇഷ്ടപെട്ട കുറുക്കുകാളനു മഞ്ഞ നിറം ആണെന്ന ഒറ്റ കാരണത്താൽ ഞാനത് കൂട്ടാതായി….
അതും പോരാഞ്ഞു ജീവിതത്തിൽ ഇത് വരെ ഒന്നും മേടിച്ചു തരാത്ത പിശുക്കി അമ്മായി എന്നെ കാണാൻ വീട്ടിൽ വന്നു….. എനിക്ക് കൊണ്ട് വന്നതോ മഞ്ഞ മാല,മഞ്ഞ വള, മഞ്ഞ പൊട്ടു, ക്ലിപ്പ്…. സർവത്ര മഞ്ഞ മയം…ഹോ ഇവർ എന്തിനാ ഇപ്പൊ ഓരോന്ന് ഓർമ്മിപ്പിക്കാൻ ഇങ്ങട് കെട്ടിയെടുത്തത് …
അവിടെങ്ങാൻ ഇരുന്ന പോരാരുന്നോ പെരട്ടത്തള്ള….
അതിന്റെ പിറ്റേ ദിവസം എന്റെ ഇരുപതാമത്തെ പിറന്നാൾ ആയിരുന്നു…എല്ലാ വർഷത്തെയും പോലെ അച്ഛൻ ഒരു പിറന്നാൾ കോടിയും മേടിച്ചു തന്നു…സന്തോഷത്തോടെ കവർ തുറന്നു നോക്കിയ ഞാൻ ഞെട്ടി…. ‘മഞ്ഞ കളർ ദാവണി’….പഷ്ട് …..തോൽപ്പിച്ചു കളഞ്ഞല്ലോ ഡാഡി….
മോൾക്ക് മഞ്ഞ ഇഷ്ടമാണെന്നു അമ്മ പറഞ്ഞു….അതാ അച്ഛൻ ഇത് തന്നെ നോക്കി വാങ്ങിയത്…പിറന്നാൾ ആയിട്ട് നാളെ ഇതിട്ടു വേണോട്ടോ എന്റെ മുത്ത് അമ്പലത്തിൽ പോകാൻ……
അച്ഛന്റെ ആഗ്രഹം കൊണ്ട് ഞാൻ അങ്ങനെ ആ മഞ്ഞയും വാരി കെട്ടി അമ്പലത്തിൽ പോയി…..
തൊഴുത് കഴിഞ്ഞു പാടവരമ്പിലൂടെ പാട്ടും പാടി തിരിച്ചു വരുവായിരുന്നു ഞാൻ ദൂരെ നിന്നെ കണ്ടു എന്നെ പറഞ്ഞു പറ്റിച്ച ദുഷ്ടൻ അവിടെ ഇരുന്നു ചൂണ്ടയിടുന്നു….
ഓ ചൂണ്ട ഇടാൻ പറ്റിയ പ്രായം…. ഇരിക്കണ കണ്ടില്ലേ ഒറ്റ ചവിട്ടിനു തോട്ടിൽ ഇടണം അതാ വേണ്ടത്…..
എന്നെ കണ്ടതും പുള്ളി അവിടെ നിന്നും എണീറ്റു….എന്നിട്ടു ഒരു വളിച്ച ചിരി ചിരിച്ചു പറഞ്ഞു തുടങ്ങി…
ആഹാ താൻ ഇത് വരെ മഞ്ഞ കളഞ്ഞില്ലേ…അത് പോട്ടെ ഇന്ന് പിറന്നാൾ ആണന്നു തന്റെ അമ്മ പറഞ്ഞു…താൻ ഇനി ഈ പട്ടു പാവാട അങ്ങ് സ്ഥിരം ആക്കിക്കോട്ടോ കാണാൻ നല്ല ചേലുണ്ടു…പിറന്നാൾ ആയിട്ട് എനിക്ക് പായസം ഇല്ലേ..
ഞാൻ മിണ്ടാതെ പാറ പോലെ നിൽക്കുന്നത് കണ്ടിട്ടാവണം പുള്ളി തുടർന്നു..
ഞാനിത്രേം ഒക്കെ പറഞ്ഞിട്ടും താൻ എന്താ എന്നോട് ഒന്നും മിണ്ടാത്തത്….
അന്ന് ആ മഞ്ഞ സാരി ഉടുത്തു വന്നത് ശരിക്കും എന്നെ ഇഷ്ടായിട്ടാണോ?ഹ എന്തേലും പറയെടോ….
അതെ നിക്ക് ഇഷ്ടായിട്ടു തന്നെ ആണ് അങ്ങനെ വന്നത്….ചേട്ടൻ എന്നോട് പറയുന്നതിന് മുന്നേ എന്റെ ഇഷ്ടം ഞാൻ പറയാൻ ഇരുന്നതാ….കണ്ട അന്നു മുതൽ എനിക്കിഷ്ടാർന്നു….ആ ഇഷ്ടം അറിയിക്കാൻ ഞാൻ എന്തൊക്കെ ചെയ്‌തെന്നറിയോ….
ഒരിക്കൽ പോലും ബ്യൂട്ടി പാർലറിൽ പോകാത്ത ഞാൻ അന്നാദ്യമായി അവിടെ പോയി വേദന സഹിച്ചു പുരികം പറിച്ചു….
ചേട്ടനെ കാണിക്കാൻ കണ്ണെഴുതി പൊട്ടും തൊട്ടു നല്ല ഡ്രസ്സ് ഒക്കെ ഇട്ടു ചേട്ടന്റെ മുന്നിലൂടെ ഒരു പൊട്ടിയെ പോലെ നടന്നു….അന്നേരം ചേട്ടൻ എന്നെ മൈൻഡ് ചെയ്തില്ല…
അതും പോട്ടെ ചേട്ടൻ എന്നെ സ്നേഹിക്കാൻ വേണ്ടി ആകെ ഉള്ള എന്റെ സമ്പാദ്യമായ കുടുക്ക പൊട്ടിച്ചു ആ കാശ് കൊണ്ട് തെച്ചിക്കോട് അമ്പലത്തിന്റെ ശ്രീകോവിലിനു ചുറ്റും താമര മാല ചാർത്തി….
ഒക്കെ ചേട്ടനോടുള്ള ഇഷ്ടം കൊണ്ടായിരുന്നു… ചേട്ടന് ഒക്കെ ഒരു തമാശ ആയിരുന്നു…പക്ഷെ ഞാനോ…എന്റെ സ്നേഹം സത്യമായിരുന്നു ചേട്ടാ…അതിനു പകരമായി ചേട്ടൻ എന്നോട് ചെയ്തതോ എല്ലാരുടെ മുന്നിലും ഞാൻ കോമാളിയായി..
എനിക്ക് ഒന്നേ പറയാനുള്ളു ഒരിക്കലും ഒരു പെണ്ണിനേം ഇങ്ങനെ ആശ കൊടുത്തു പറ്റിക്കരുത്….നഷ്ടപെടലിന്റെ വേദന അത് അനുഭവിക്കുന്നവർക്കേ അറിയൂ….
ആ പുള്ളി ഒന്നും മിണ്ടാൻ ആകാതെ ശവം കണക്കെ നിന്നു….
ഇത്രേം പറഞ്ഞു ഞാൻ കരഞ്ഞു കൊണ്ട് തിരിഞ്ഞോടി…. മുന്നിൽ തോടുള്ള കാര്യം സത്യത്തിൽ ഞാൻ മറന്നു…..
ബ്ലും……
വീഴ്ചയിൽ ഇറുക്കി അടച്ച കണ്ണുകൾ തുറക്കുമ്പോ ഞാൻ അരയോളം വെള്ളം കിടക്കുന്ന തോട്ടിൽ കാൽ കുത്തി നിക്കുവാണ്….
മുകളിൽ പകച്ചു നിൽക്കുന്ന ആ ചേട്ടനും….
എനിക്ക് പൊക്കം കുറവായ കൊണ്ട് മുകളിലേക്ക് കയറാൻ വയ്യ….
ഓ കുന്തം പോലെ വായിനോക്കി നിക്കാതെ എന്നെ ഒന്ന് വലിച്ചു കയറ്റ് ചേട്ടാ… ഞാൻ വിളിച്ചു പറഞ്ഞു…
എന്റെ നേരെ നീണ്ടു വന്ന കരങ്ങളിൽ ഞാൻ പിടിച്ചു ….പുള്ളി ശക്തിയായി എന്റെ കൈകൾ പിടിച്ചു വലിച്ചു…വലിച്ചതിനു ശക്തി ഇച്ചിരി കൂടി പോയോ ന്നാ തോന്നണേ,പുള്ളി എന്നെയും കൊണ്ട് പുറകിലേക്ക് മറിഞ്ഞു വീണു …..ആ നെഞ്ചിലേക്ക് ഞാനും……ഒരിക്കൽ ഞാൻ അവിടെ മുഖം വെച്ച് കിടക്കണം എന്നാഗ്രഹിച്ചതാണ്…ഇപ്പൊ അതോർക്കുമ്പോ എന്റെ മുഖം പൊള്ളുന്നു….
ഞാൻ ചാടി എണീറ്റു ഒരു വശത്തേക്ക് മാറി നിന്നു….
നനഞ്ഞ പാവാട പിഴിഞ്ഞ് കൊണ്ട് ഞാൻ ചോദിച്ചു മ്മ് എന്തേലും പറ്റിയോ?….
എന്ത് പറ്റാൻ…. എന്റെ ഒരു വാരിയെല്ല് ഒടിഞ്ഞെന്നു തോന്നുന്നു…അതേയ് തനിക്കു വെയ്‌റ്റു ലേശം കൂടുതലാട്ടോ ഇച്ചിരി കുറക്കണം ..ഇല്ലേ കെട്ടുന്നവൻ പാട് പെടും…..
ആ പെട്ടോട്ടെ അത് ഞാൻ സഹിച്ചു.
പുള്ളി വേറെ എന്തെങ്കിലും പറയുന്നത് കേട്ട് നിൽക്കാതെ ഞാൻ വീട്ടിലേക്കു പോയി….
എല്ലാ ദിവസവും കോളേജിൽ പോകാൻ ഇറങ്ങുമ്പോ ആ മുഖത്തു നോക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിക്കും…
പക്ഷെ അതിൽ ഞാൻ പരാജയപെടുവാണ് പതിവ്…
അമ്മെ ഞാൻ പോകുവാ…. അമ്മെ ഞാൻ ഇറങ്ങുവാ…. എന്നൊക്കെ ഉറക്കെ വിളിച്ചു കൂവി ആ ശ്രദ്ധ എന്റെ നേരെ തിരിച്ചു വിടാൻ ഞാൻ ശ്രമിക്കും…
ആൾ അതു കേൾക്കണ്ട് എന്നെനിക്കറിയാം ….പക്ഷെ ഒരിക്കലും അത് കണ്ട ഭാവം വെച്ചില്ല…
ചെ!! നാണമില്ലാത്ത സാധനം…..എന്റെ ചാരു….പെണ്ണുങ്ങളായ അല്പം ഉളുപ്പ് വേണം…. അവൻ നിന്നെ പറ്റിച്ചതല്ലേ പിന്നെ നീ എന്തിനാ പിന്നെo അവന്റെ പുറകെ ഇങ്ങനെ നടക്കുന്നത്?ഇത് ഞാൻ എന്നും എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണ് പക്ഷെ അതിനുള്ള ഉത്തരം എനിക്ക് കിട്ടാറില്ല…..
ഒരു ദിവസം രാവിലെ അമ്മ വീട്ടിലില്ലാത്ത സമയം ഞാൻ അടുക്കളവശത്തിരുന്നു തേങ്ങാ ചിരകുവായിരുന്നു…
അപ്പോഴാണ് അപ്പുറത്തു നിന്നും ചാരു എന്നൊരു വിളി കേട്ടത്…
എന്തോ എന്ന് തിരിച്ചു പറയാൻ ഞാൻ ആഞ്ഞു പക്ഷെ അതങ്ങു വിഴുങ്ങി..
മ്മ് എന്താ കാര്യം… ഞാൻ ചോദിച്ചു….
വൈകുന്നേരo പറ്റുമെങ്കിൽ അമ്പലം വരെ ഒന്ന് വരണം…അമ്പലത്തിനകത്തു നിനക്കായി ഒരു കൂട്ടം ഞാൻ വെച്ചിട്ടുണ്ട്….
ഞാൻ എന്തേലും തിരിച്ചു പറയണതിന് മുന്നേ ആള് ആൾടെ പാട്ടിനു പോയി…
ഹും ഇനിം എന്തേലും പറഞ്ഞെന്നെ പറ്റിക്കാൻ ആവും..എന്റെ പട്ടി വരും…. ഞാൻ മനസിൽ പറഞ്ഞു….ഒന്നിന് പകരം രണ്ടു തേങ്ങാ ചിരകി ഞാൻ ദേഷ്യം തീർത്തു.
വൈകുന്നേരം ആയി എനിക്കിരിക്കപ്പൊറുതിയില്ല എന്തിനാണാവോ വിളിച്ചത്…എന്തിനെങ്കിലും ആവട്ടെ എനിക്കെന്താ? ….അമ്പലം അവന്റെ അച്ഛന്റെ വകയൊന്നുമല്ലല്ലോ എനിക്കും അവിടെ പോകാം ആഹാ പോയിട്ട് തന്നെ കാര്യം..
ഞാൻ ഒരുങ്ങി കെട്ടി അമ്പലത്തിലേക്ക് പോയി…അവിടെ ഒക്കെ എന്റെ കണ്ണുകൾ പരതി….ആൾടെ പൊടി പോലുമില്ല….ദൈവമേ ഇനിം പറ്റിച്ചോ എന്നെ…..
ദീപാരാധന നട അടച്ചിരിക്കുന്നു..പുള്ളിയെ നോക്കുന്ന തിരക്കിൽ ഞാൻ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല…. അകത്തേക്ക് കയറിയതും നട തുറന്നു…ഭഗവതി എന്ന് അറിയാതെ ഞാൻ വിളിച്ചു പോയി….
ദേവി വിഗ്രഹം മുഴുവൻ താമര മാല ചാർത്തിയിരിക്കുന്നു… ഞാൻ വിശ്വസിക്കാനാകാതെ ഒന്നൂടി നോക്കി… ശ്രീകോവിലിനു ചുറ്റും താമര മാലകൾ…
തൊഴുതിറങ്ങി ചുറ്റും നോക്കിയിട്ടും ആളെ കണ്ടില്ല…ആഗ്രഹസാഫല്യത്തിനാണ് ദേവിക്ക് താമര മാല ചാർത്തുന്നത് ഇനി വേറെ ആരെങ്കിലും വേറെ ആർക്കെങ്കിലും വേണ്ടി ചെയ്തതാകുമോ?
കുറച്ചു നേരം ഞാൻ അവിടെ തന്നെ ചുറ്റിപറ്റി നിന്നു…ആളെ കാണാതായപ്പോ ഞാൻ വീട്ടിലേക്കു നടന്നു…സങ്കടം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി..എന്നാലും ഒരാളെ ഇങ്ങനെ ഒക്കെ പറ്റിക്കാമോ? ദുഷ്ടൻ
ഓരോന്നോർത്തു ഇടവഴിയിലൂടെ നടന്നു പോകുമ്പോൾ പുറകിൽ നിന്നും വിളി വന്നു……
ചാരു………….
അറിയാതെ “ഓ”….എന്ന് ഞാൻ വിളികേട്ടു പോയി….
ഞാൻ തിരിഞ്ഞു നിന്നു….എന്റെ മുഖം വിടർന്നു…ആളെന്റെ അരികിലേക്ക് വരുന്തോറും എന്റെ നെഞ്ചിടിപ്പു കൂടി വന്നു….
കുറച്ചു നേരം ഞാൻ മിണ്ടാതെ അവിടെ തന്നെ നിന്നു..
ഒന്നും മിണ്ടാതെ മോങ്ങിക്കൊണ്ടു തല കുനിച്ചു നിന്ന എന്റെ മുഖം ആ കൈകൾ കൊണ്ടുയർത്തിയ ശേഷം നിറഞ്ഞു തുളുമ്പിയ എന്റെ കണ്ണുകളിൽ നോക്കി ആളെന്നോടു പറഞ്ഞു …….
ചാരു എനിക്ക് നിന്നെ ഇഷ്ടാണ്…..എന്ത് കൊണ്ട് നിന്നെ എനിക്ക് ഇഷ്ടപ്പെട്ടു എന്നെന്നോട് ചോദിച്ച എനിക്കുത്തരമില്ല….എന്റെ അമ്മക്ക് ശേഷം നിന്നോളം സ്വാധീനിച്ച ഒരു സ്ത്രീ എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല….
എനിക്കറിയാം നീ എന്നെ എന്ത് മാത്രം സ്നേഹിക്കുന്നു എന്ന്….ആ സ്നേഹം അത് മതി എനിക്ക്….നാളെ ഞാൻ വരണുണ്ട് വീട്ടിലേക്കു….ഈ ഗുണ്ട് മണിയെ ഞാൻ എടുത്തോട്ടെ എന്ന് ചോയ്ക്കാൻ ……എന്റെ മറുപടിക്കു കാത്തു നിൽക്കാതെ ആളെന്നെ കെട്ടി പിടിച്ചു നെറ്റിയിൽ ചുംബിച്ചു….
ആ കൈക്കുള്ളിൽ നിന്നും കുതറി മാറി നെഞ്ചിൽ ഒരു തള്ളുകൊടുത്തോടുമ്പോൾ നാദസ്വരത്തിന്റെ മേളവും,കൊട്ടും,കുരവയും ആർപ്പുവിളികളുമൊക്കെയായിരുന്നു എന്റെ കാതിൽ മുഴങ്ങിയത്…