കൂടെ നിന്നവൾ
(രചന: വിജയ് കുമാർ ഉണ്ണികൃഷ്ണൻ)
പണിക്കരെ രാവിലെ എവിടെ പോയിട്ട് വരുവാണ് …..?
ഞാൻ രാവിലെ നമ്മുടെ കിഴക്കേടത്തു മാധവൻ നായരുടെ വീട് വരെ പോയി ഒന്ന് പോയി ഗോവിന്ദാ.. അയാളുടെ മോൾക്ക് ഗുരുവായൂർ നിന്നൊരു ആലോചന വന്നിട്ടുണ്ട് ..
എന്നിട്ട്…എന്തായി..ചൂട് ചായ പണിക്കരുടെ മുമ്പിൽ വെച്ചിട്ട് ഗോവിന്ദൻ ചോദിച്ചു….
ചെറുക്കനു ഡൽഹിയിൽ വലിയ ഉദ്യോഗമാണ്.. ജാതകങ്ങൾ തമ്മിൽ ഒത്തു നോക്കി ബഹു ചേർച്ചയുണ്ട് .. അടുത്തയാഴ്ച ചെറുക്കനും കൂട്ടരും
കുട്ടിയെ കാണാൻ വരും…..
എന്നാലും ഇത് നടക്കുമോ പണിക്കരെ..?
അതെന്താ ഗോവിന്ദാ തനിക്കൊരു സംശയം…..
അല്ല പണിക്കരെ കാര്യങ്ങളൊക്കെ നമുക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ.. ആ കൂട്ട കുട്ടിയും രാഘവൻ മാഷിന്റെ മകൻ ദേവനുമായുള്ള ബന്ധം…..
അതിനു ആ ബന്ധം ഉറപ്പിച്ചിട്ടില്ലല്ലോ..
ഇതെന്താ നിങ്ങള് പറയുന്നത് പണിക്കരെ
ഈ കുട്ടിയെ സ്വന്തമാക്കാൻ വേണ്ടിയല്ലേ
ആ പയ്യൻ ദൂരെ ദേശത്തു പോയി കഷ്ടപ്പെടുന്നത്… മാത്രമല്ല മാധവൻ നായർ രാഘവൻ മാഷിന് കൊടുത്ത വാക്കു കൂടിയല്ലേ അത്…
അതൊക്കെ ശരിയായിരിക്കും എന്നാലും പഴയ കാര്യങ്ങളൊന്നും ഇപ്പോൾ ചിന്തിയ്ക്കേണ്ട സമയമല്ല… പിന്നെ ദേവൻ മാധവൻ നായരുടെ അനന്തരവൻ ഒന്നുമല്ലല്ലോ… കൂട്ടുകാരന്റെ മകൻ…
അപ്പോൾ മാഷിന് കൊടുത്ത വാക്ക്
വെറുതെ ആയല്ലേ… ഇത് വളരെ മോശമായിപ്പോയി പണിക്കരെ…
ഞാൻ എന്ത് ചെയ്യാനാണ് ഗോവിന്ദാ അവർക്കും ഈ ബന്ധത്തിൽ താല്പര്യമില്ല..
എന്തായാലും പുതിയ ബന്ധം കൊണ്ട് കൊടുത്തതിലും. ജാതകം ഗണിച്ചതിലും പണിക്കർക്ക് നല്ല കോളായല്ലോ..
പക്ഷേ മരിച്ചു പോയെങ്കിലും രാഘവൻ മാഷ് ഈ നാടിനു വേണ്ടി ചെയ്ത കാര്യങ്ങൾ
മറന്നു പോകരുത്… ഈ മാധവൻ നായരുടെ കുടുംബം കര കയറാൻ കാരണം മാഷാണ്.. എന്നിട്ട് ഈ കാണിച്ചത് നന്ദി കേടായിപ്പോയി..
ആ പെൺകുട്ടിയ്ക്ക് വരെ ഈ
കല്യാണത്തിന് സമ്മതമാണ് ഗോവിന്ദാ…
എന്തായാലും ദേവൻ അടുത്തയാഴ്ച നാട്ടിലേയ്ക്ക് വരുന്നുണ്ട് . രണ്ടു ദിവസം മുൻപ് അവന്റെ അമ്മയ്ക്ക് ഒരു കത്തുണ്ടായിരുന്നുവന്നു.. തപാൽ ശിപായി മണിയൻ പിള്ള പറഞ്ഞിരുന്നു….
അവരുടെ ഇഷ്ടമല്ലേ ഗോവിന്ദാ വരുന്നത് പോലെ വരട്ടേ ആ പയ്യന് വേറെ പെണ്ണ് കിട്ടും ഇത്രയും വിദ്യാഭ്യാസവും, സൗന്ദര്യവും സമ്പത്തുമൊക്കെയില്ലേ…?
ആ എല്ലാം തേവര് കാണുന്നുണ്ട്.. എല്ലാവർക്കും നല്ലതു വരട്ടെ… എന്ന് പ്രാർത്ഥിക്കാം…
അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം. ദേവൻ നാട്ടിലേയ്ക്ക് മടങ്ങിയെത്തി……
എന്തുണ്ട് ഗോവിന്ദേട്ടാ വിശേഷങ്ങൾ…. സുഖമാണോ…?
അങ്ങനെയൊക്കെ പോകുന്നു കുഞ്ഞേ…
അത് ഒരു നല്ല മറുപടി അല്ലല്ലോ ഗോവിന്ദേട്ടാ….
മോൻ ഇവിടെ നടന്ന കാര്യങ്ങൾ എല്ലാമറിഞ്ഞോ…..?
അതിനിപ്പോൾ ഇവിടെ എന്താ ഇത്രയും വലിയ വിശേഷം…
അത് നമ്മുടെ മാധവേട്ടന്റെ മോളുടെ വിവാഹം ഉറപ്പിച്ചു… അടുത്ത മാസമാണ് ചെറുക്കന് ഡൽഹിയിലാണ് ജോലി..
ഇതാണോ ഗോവിന്ദേട്ടാ ഇത്ര വലിയ വിശേഷം…. അത് ഞാൻ അറിഞ്ഞു ‘അമ്മ വിളിച്ചു പറഞ്ഞിരുന്നു…
എന്നിട്ടും ഒരു സങ്കടവും തോന്നിയില്ലേ ആ കുട്ടിയെ സ്വന്തമാക്കാൻ വേണ്ടിയല്ലേ മോൻ വിദേശത്തു പോയി കഷ്ടപ്പെട്ടത്….
അതെല്ലാം ശരിയാണ്. ഗോവിന്ദേട്ടാ.. പക്ഷെ ഈ ഇഷ്ടം എന്നത് ഒരാൾക്ക് മാത്രം തോന്നേണ്ട ഒന്നാണോ…
കാത്തിരിയ്ക്കാം എന്നൊക്കെ പറഞ്ഞവൾ തന്നെ അതൊക്കെ മറന്നാൽ അതിനർത്ഥം എന്താണ്.. എനിക്ക് അവളുടെ ജീവിതത്തിൽ അത്രേ പ്രാധാന്യമുള്ളൂ എന്നല്ലേ..
അതും ശരിയാണ്….
അപ്പോൾ പിന്നെ ഞാൻ അവളെക്കുറിച്ചു ഓർത്തു സങ്കടപ്പെടണോ.. അതിനു ഈ ദേവനെ കിട്ടില്ല.. അവൾക്ക് യോജിച്ചവനെ കിട്ടിയപ്പോൾ അവൾ എന്നെ മറന്നു…
ഗോവിന്ദേട്ടന് അറിയാമോ ഇടയ്ക്കൊക്കെ എത്ര കത്തുകൾ ഞാൻ അവൾക്കായി എഴുതി. ഒന്നിനും മറുപടി അവൾ നൽകിയില്ല. തിരക്ക് കാരണം എഴുതാൻ കഴിയാത്തതാകുമെന്നു ഞാൻ കരുതി.. ഫോൺ വിളിയ്ക്കുമ്പോൾ ആദ്യമൊക്കെ വളരെ സന്തോഷത്തോടെ അവൾ സംസാരിച്ചിരുന്നു…
പക്ഷെ പിന്നീട് അവളിൽ എന്തോ മാറ്റം കണ്ടു തുടങ്ങി.. പല തവണ വിളിച്ചാൽ ഒരു തവണ സംസാരിയ്ക്കും.. പലപ്പോഴും തിരക്കുകൾ പറഞ്ഞു ഫോൺ കട്ട് ചെയ്യും….
ഈ വരവിനു നേരെ അവളുടെ വീട്ടിലേയ്ക്ക് പോകണം നേരിട്ട് പെണ്ണ് ചോദിയ്ക്കണം എന്നൊക്കെ മനസ്സിൽ കണക്കു കൂട്ടിയതാണ്….
എന്നിട്ട്..?
അത് പറയുവാനായി ഞാൻ അവളെ വിളിച്ചു. എന്റെ വരവിലൂടെയെങ്കിലും അവളുടെ നീരസം മാറുമെന്ന് കരുതി..
അവിടെയും എനിക്ക് തെറ്റി.. എനിക്ക് മറ്റൊരു കുട്ടിയുമായി ബന്ധമുള്ളത് കൊണ്ടാണ് ഇടയ്ക്ക് ഒരിയ്ക്കൽ പോലും നാട്ടിലേയ്ക്ക് വരാത്തതെന്നും അങ്ങനെ ഒരാളെ അവൾക്ക് വേണ്ടാ എന്നും പറഞ്ഞു…
അവളുടെ കല്യാണം ഉറപ്പിച്ചു ഇനി നാട്ടിൽ എത്തിയാലും അവളുടെ വീട്ടിലേയ്ക്കു ചെല്ലേണ്ട എന്നും.അവൾ പറഞ്ഞപ്പോൾ അത് എനിക്ക് ഒരു ഷോക്കിനെക്കാൾ മനസ്സിൽ വാശിയാണ് ഉണ്ടാക്കിയത്…
മനസ്സിൽ കൊണ്ട് നടന്ന ഒരുവൾ എത്ര പെട്ടെന്ന് എന്നെ പുറം തള്ളി… അത് എനിക്കൊരു അനുഭവമായിരുന്നു..
മ്മ്…
അവൾ പോയി എന്ന് കരുതി എനിയ്ക്കു ജീവിയ്ക്കാതിരിയ്ക്കാൻ കഴിയില്ലല്ലോ.. എന്നെ സ്നേഹിയ്ക്കുന്ന അമ്മയുടെ സന്തോഷമാണ് എനിക്കിപ്പോൾ വലുത്….
ഇങ്ങനെ ഒറ്റത്തടിയായി എന്നും
ജീവിയ്ക്കാൻ കഴിയില്ലല്ലോ…?
അങ്ങനെ ഒരു അവസ്ഥ എന്റെ ജീവിതത്തിൽ ഉണ്ടാകില്ല..എന്ന് മനസ്സിൽ ഉറപ്പിച്ചു അത് കൊണ്ടല്ലേ ഞാനും ഇങ്ങനെയൊരു തീരുമാനമെടുത്തത്…ഇവളെ കൂടെ കൂട്ടിയത് ..
അല്ല ഏതാണ് ഈ പെൺകുട്ടി…
ഇവൾ “ഗാഥ ” അഞ്ചു വര്ഷങ്ങളായി എനിക്കറിയാം ഞാൻ ജോലി.. ചെയ്യുന്ന കമ്പനിയിൽ ജോലി ചെയ്യുന്നു.. സ്വന്തം അധ്വാനം കൊണ്ട് കുടുംബത്തെ രക്ഷപ്പെടുത്തി ചേച്ചിമാരുടെ വിവാഹം നടത്തി……
പ്രാരാബ്ദങ്ങൾക്കു നടുവിൽ ജീവിയ്ക്കുന്ന ഒരു നാടൻ പെൺകുട്ടി… പരസ്പരം അറിയാമായിരുന്നിട്ടും എന്നോടുള്ള ഇഷ്ടം മനസ്സിൽ സൂക്ഷിച്ചു വെച്ചവൾ….
കാത്തിരിയ്ക്കാം എന്ന് പറഞ്ഞവൾ പോയപ്പോൾ എന്നെ ആശ്വസിപ്പിച്ചു . കൈ പിടിച്ചു കൂടെ വന്നവൾ.. ശരിയ്ക്കും ഇവൾ തന്നെയാണ് എനിക്കായി കാത്തിരുന്ന പെൺകുട്ടി……. അത് മനസ്സിലാക്കാൻ കുറച്ചു വൈകിപ്പോയി..
അതെന്തായാലും നന്നായി കുഞ്ഞേ…
ഇനിയിപ്പോൾ ഈ കുട്ടിയെ കൂടെ ചേർത്ത് നിർത്തിക്കോളൂ… ഇതാണ് മോന് വിധിച്ച പെൺകുട്ടി…..
എനിക്ക് ആരോടും പകയോ ദേഷ്യമോ ഇല്ല ചേട്ടാ. ജീവിതത്തിലെ ശരിയും തെറ്റും തിരിച്ചറിയാൻ കഴിഞ്ഞില്ല.. ആരെയും അമിതമായി വിശ്വസിച്ചു ജീവിതത്തിൽ മുന്നോട്ട് പോകരുത്..
നിന്റെ തീരുമാനം നന്നായി കുഞ്ഞേ എല്ലാ കാര്യങ്ങൾക്കും ഈ നാട് നിന്റെയൊപ്പം നിൽക്കും..
അത് മാത്രം മതി ഇനി ഉടനെ തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഞാൻ ഇവൾക്കു താലി ചാർത്തും… എന്റെ പെണ്ണായി കൂടെ കൂട്ടും…
എന്റെ ജീവിതം മറ്റൊരാൾക്ക് പാഠം ആകുമെങ്കിൽ അങ്ങനെയാവട്ടെ…..
ഇതാണ് ജീവിതം.. കണ്ണടച്ച് തുറക്കും മുൻപ് നേട്ടങ്ങളും നഷ്ടങ്ങളും നമ്മളെ തേടി വരും..