സ്നേഹ ബന്ധങ്ങൾ
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)
വരുൺ നീ എന്നെ സ്വീകരിക്കും എന്ന ഉത്തമ വിശ്വാസത്തിലാണ് ഞാൻ ഈ രാത്രി വീട് വിട്ടു ഇറങ്ങിപ്പോന്നത്.. ഇനി തിരിച്ചു പോകാൻ പറയരുത്…
ശിഖ താൻ എന്ത് മണ്ടത്തരമാണ് കാണിച്ചത് നമ്മളുടേതു വെറുമൊരു പ്രണയമല്ല നിന്നെ ഞാൻ വിവാഹം ചെയ്യുമെന്ന് ഉറപ്പു തന്നതല്ലേ എന്നിട്ടും നീ വീട്ടുകാരെ വിഷമിപ്പിച്ചു ഈ ഇറങ്ങി വന്നത് ഒട്ടും ശരിയായില്ല…
പിന്നെ ഞാൻ എന്ത് ചെയ്യണം വരുൺ നീ ഇന്ന് വരും നാളെ വരുമെന്ന് കരുതി എത്ര നാൾ ഞാൻ കാത്തിരിയ്ക്കണം…. വീട്ടിൽ അച്ഛനും ഈ കല്യാണത്തിനു സമ്മതിയ്ക്കുമെന്ന് തന്നെ തോന്നുന്നില്ല .. …
ഇതൊക്കെ നിന്നോട് ആരാണ് പറഞ്ഞത്..
എനിക്ക് അങ്ങനെ തോന്നിയെടാ.. ഇനിയും നമുക്ക് കാത്തിരിയ്ക്കണോ ഒന്നായിക്കൂടെ നിനക്കിപ്പോൾ വീടുണ്ട്. ആവശ്യത്തിന് സമ്പത്തുണ്ട്.. പിന്നെ എനിയ്ക്കു നല്ല വിദ്യാഭ്യാസം ഇല്ലേ നല്ല ജോലി കിട്ടുമെന്നാണ് വിശ്വാസം..
നീ പറയുന്നതൊക്കെ ശരിയാണ്.. പക്ഷേ അതിനുമപ്പുറമാണ് നിന്റെ അച്ഛനമ്മമാർക്ക് നിന്നോടുള്ള സ്നേഹം…….
സ്നേഹ ബന്ധങ്ങളുടെ വില നിനക്ക് ഒരു പക്ഷെ അറിയില്ല. എനിക്ക് നന്നായി അറിയാം… പതിനഞ്ചാം വയസ്സിൽ അനാഥനായവനാണ് ഞാൻ..പിന്നെ സ്വന്തമായി പഠിച്ചു ഒരു നിലയിൽ എത്താൻ ആകെയുണ്ടായിരുന്ന വീടും പറമ്പും വിൽക്കേണ്ടി വന്നു …
ഇതൊക്കെ എനിക്കറിയാവുന്ന കാര്യമല്ലേ വരുൺ ..
അതേ പക്ഷെ നിനക്കറിയാത്ത ഒരു കാര്യമുണ്ട്. .. …
എന്താ …?
അന്ന് ജോലി തേടി ഞാൻ മുംബൈയ്ക്ക് പോകുമ്പോൾ എന്റെ കൈയ്യിൽ നീ വെച്ച് തന്ന കുറച്ചു രൂപയും. ഒരു മാലയും മാത്രമായിരുന്നു……..സമ്പാദ്യം…
അതുമായിട്ടാണ് ഞാൻ ആ മഹാ നഗരത്തിൽ ജീവിതം തുടങ്ങിയത്.. അനുഭവിയ്ക്കാത്ത യാതനകൾ ഇല്ല. ചെയ്യാത്ത ജോലികൾ ഇല്ല…
എങ്ങനെയും പണം സമ്പാദിയ്ക്കുക നാട്ടിൽ വന്നു നിന്നെ സ്വന്തമാക്കുക എന്നൊരു ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ……
പക്ഷേ ആ ജീവിതത്തിൽ ഞാൻ തിരിച്ചറിഞ്ഞ ഒന്നുണ്ട് സ്നേഹ ബന്ധങ്ങളുടെ വില….
തെരുവിൽ സ്വന്തം കുഞ്ഞുങ്ങളെ മാറോടു ചേർത്ത് ഉറങ്ങുന്ന എത്രയോ അച്ഛനമ്മമാരെ ഞാൻ കണ്ടിട്ടുണ്ട്….
ആ കുട്ടികളോട് സത്യം പറഞ്ഞാൽ എനിക്ക് അസൂയ തോന്നിയിട്ടുണ്ട് എനിയ്ക്ക് നഷ്ടമായ പലതും അവരിലൂടെ ഞാൻ അറിഞ്ഞു……
നീ ഇപ്പോൾ പറഞ്ഞ വിദ്യാഭ്യാസത്തിനും ഒരു സെർട്ടിഫിക്കറ്റിന്റെ മൂല്യം മാത്രമേയുള്ളൂ.. അത് നഷ്ടപ്പെട്ടാൽ ആ വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനം…. പക്ഷേ അത് നിനക്ക് നേടി തരാൻ നിന്റെ അച്ഛൻ ഒഴുക്കിയ വിയർപ്പിനോളം വരില്ല ഒന്നും….
ആരെയും വേദനിപ്പിച്ചു കൊണ്ട് നിന്നെ എനിക്ക് സ്വന്തമാക്കണ്ട.. ഇങ്ങനെയൊരു തീരുമാനം എടുക്കും മുൻപ് നീ അത് ചിന്തിച്ചോ.. തളർന്നു കിടക്കുന്ന നിന്റെ അമ്മയെപ്പറ്റി ചിന്തിച്ചോ.. അവരുടെ മാനസികാവസ്ഥ എന്താകും നാളെ…. ഇല്ലല്ലോ…
പക്ഷേ എനിയ്ക്ക് അത് ചിന്തിയ്ക്കണം ഇപ്പോൾ നിന്റെ അച്ഛനും അമ്മയും എന്റേത് കൂടിയാണ്…. അങ്ങനെയേ കാണാൻ കഴിയൂ
എന്നോട് ക്ഷമിയ്ക്കൂ വരുൺ പെട്ടെന്നൊരു ആവേശത്തിൽ ഞാൻ വീട് വിട്ടു വന്നതാണ്..എനിയ്ക്ക് തിരിച്ചു പോകണം…
നിന്നെ ഞാൻ തിരിച്ചു കൊണ്ട് വിടാം പക്ഷേ ഒരു സത്യം നീ അറിയണം നിന്റെ അച്ഛന് എന്നോട് വിരോധം ഒന്നുമില്ല ഒരു ദിവസം എന്നെക്കാണാൻ വന്നിരുന്നു. പൂർണ്ണ മനസ്സോടെ നിന്നെ എനിയ്ക്ക് തരാൻ നിന്റെ അച്ഛനും അമ്മയും തയ്യാറാണ്….
പക്ഷേ അതിനവർക്ക് കുറച്ചു സമയം കൊടുക്കണമെന്നും ആവശ്യപ്പെട്ടു… എല്ലാ അച്ഛനമ്മമാർക്കും ഉണ്ടാവില്ലേ സ്വന്തം മകളുടെ വിവാഹം തങ്ങളാൽ കഴിയും വിധം ഭംഗിയായി നടത്താൻ..
ഞാൻ ആഗ്രഹത്തിനൊപ്പം നിൽക്കുന്നു.. കാരണം എല്ലാവരുടെയും അനുഗ്രഹത്തോടെ വേണം എനിയ്ക്ക് നിന്നെ സ്വന്തമാക്കാൻ….
നിന്റെ മനസ്സിന്റെ നന്മ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലല്ലോ വരുൺ.. എന്നോട് ക്ഷമിയ്ക്കൂ..
സാരമില്ല ശിഖ.. ഇനി ഇങ്ങനെ ഒരു തെറ്റ് നീ ചെയ്യരുത്.. നിനക്ക് വാക്കു തന്നത് പോലെ ഉടനെ തന്നെ ഞാൻ നിന്നെ സ്വന്തമാക്കും. അത് വരെ ഒരു ചെറിയ കാത്തിരിപ്പ് അതും ഒരു സുഖമല്ലേ ഡോ…
ശരിയാണ് കാത്തിരിപ്പിനും ഒരു
സുഖമുണ്ട് വരുൺ…
തിരികെ അവളേ വീടിന്റെ പടിക്കൽ കൊണ്ട് വിട്ടു ഒരു ചെറിയ കാത്തിരിപ്പിലേയ്ക്ക് ഞാനും യാത്ര തുടർന്നു…