ഇച്ചായനെന്തിനാ അമ്മയോടങ്ങനെ പറഞ്ഞത്, അമ്മയ്ക്ക് വിഷമമായി കാണും കഴിഞ്ഞ ദിവസം..

പൂർണ്ണതയുടെ അളവ് കോൽ
(രചന: Shincy Steny Varanath)

എടാ വിനു, നിങ്ങളുടെ തീരുമാനമെന്താ? 8 വർഷമായി നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട്, ഒരു കുഞ്ഞിക്കാല് കണ്ടിട്ട് മരിക്കാൻ എനിക്കാശയുണ്ട്.

ഒരു കുഞ്ഞിക്കാലൊ? ഉണ്ടാകുവാണെങ്കിൽ രണ്ട് കാലും ഞങ്ങൾക്ക് വേണം.

എന്ത് പറഞ്ഞാലും തമാശയാണ് രണ്ട് പേർക്കും.

അനിയത്തി റീത്താമ്മയുടെ കൂടെ രണ്ട് ദിവസം നിന്നിട്ട് വന്ന ത്രേസ്യാമ്മ, മരുമകള് മരിയ കുളിക്കാൻ കേറിയ തക്കത്തിന് മകനോട് പരിഭവം പറയാനിരുന്നു.

എടാ, റീത്താമ്മ പറയുകയാ, നിനക്ക് വയസ്സ് 40 അല്ലേ ആയുള്ളു. ഇത് പിരിഞ്ഞിട്ട് വേറെ കെട്ടാനും പിള്ളേരുണ്ടാകാനും ഇനിയും സമയമുണ്ടെന്ന്. ത്രേസ്യാമ്മ മുക്കി മൂളി പറഞ്ഞൊപ്പിച്ചു.

അതൊന്നും നടക്കത്തില്ലെന്ന് ഞാൻ അവളോട് പറഞ്ഞെടാ…വിനുവിൻ്റെ തറപ്പിച്ചുള്ള നോട്ടത്തിൽ ത്രേസ്യാമ്മ ഒന്ന് പതറി.

പിള്ളേരുണ്ടാകാത്തത്, എൻ്റെ കുഴപ്പം കൊണ്ടാണല്ലോ അമ്മേ…അപ്പോൾ ഞാനിനി പത്ത് കെട്ടിയിട്ടും ഫലമില്ല…

ങ്ങേ… നീയിത് എന്നാ വർത്തമാനമാ പറയുന്നത്. നിനക്കെന്ത് കുഴപ്പം? നമ്മുടെ കുടുംബത്തിലാർക്കും ഇങ്ങനത്തെ കുഴപ്പമൊന്നുമില്ല. വെറുതെയോരോന്ന് പറയരുത്…

അമ്മയോടാരാ പറഞ്ഞത്, മക്കളുണ്ടാകാത്തതെല്ലാം പെണ്ണുങ്ങളുടെ കുഴപ്പമാണെന്ന്? ആണുങ്ങൾക്കും ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് പറയാൻ പോയിട്ട്, ചിന്തിക്കാൻ പോലും എല്ലാവർക്കുമെന്താ ഇത്ര മടി?

അങ്ങനെ വരാൻ വഴിയില്ലല്ലോ കർത്താവെ… ഇവൻ്റെ അപ്പനൊന്നും ഒരു കുഴപ്പവുമില്ലായിരുന്നല്ലോ? ത്രേസ്യാമ്മ കർത്താവിനെ സംശയ നിവാരണം നടത്താൻ വിളിച്ചു നോക്കി…

അവളുടെ അപ്പനുമമ്മയ്ക്കും ഒരു കുഴപ്പവുമില്ലാത്തതുകൊണ്ടാണ് അവളുമുണ്ടായത്… വിനുവിൻ്റെ ഉത്തരം വന്നപ്പോഴാണ്, ആത്മഗതം ഉറക്കെയായിരുന്നെന്ന് ത്രേസ്യാമ്മയ്ക്ക് മനസ്സിലായത്.

എടാ, നമ്മുടെ തറവാട് അന്യം നിന്ന് പോകില്ലെ? നിനക്ക് ചേട്ടനും അനിയനുമൊന്നുമില്ലല്ലോ…

പിന്നേ… ഈ രാജവംശത്തിലെ അവസാന കണ്ണി വിനു ജോസഫ് രാജകുമാരനാണെന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിവെയ്ക്കും. അമ്മ നടന്ന് കാല് കഴച്ചതല്ലെ, അവളോട് പറഞ്ഞാൽ കുഴമ്പ് തേച്ച് തരും. പോയി കിടക്കാൻ നോക്ക്.

പ്രായമാകുമ്പോൾ നിങ്ങളെ നോക്കാനും അന്വേഷിക്കാനും ആരുമുണ്ടാകില്ലല്ലോന്നോർക്കുമ്പോൾ എനിക്ക് സങ്കടം വരുവാ…

റീത്താമ്മയാൻ്റിക്ക് മക്കള് 4 എണ്ണമുണ്ടല്ലോ, ഇപ്പോൾ എത്രപേരുണ്ട് കൂടെ… എല്ലാത്തിനെയും കഷ്ടപ്പെട്ട് പഠിപ്പിച്ച്, കിടപ്പാടവും വിറ്റ് കാനഡയ്ക്കും അമേരിക്കയ്ക്കും കേറ്റിവിട്ട് കഴിഞ്ഞപ്പോൾ കൈയിൽ നീക്കിയിരിപ്പ് എന്നാ ഉണ്ട്?

ഇപ്പോൾ, അവര് വാങ്ങി കൊടുത്ത പത്താം നിലയിലെ ഫ്ലാറ്റിൽ ക്ലോറിൻ വെള്ളവും കുടിച്ച്, ആകാശത്തിലും ഭൂമിയിലുമല്ലാത്ത പരുവത്തിൽ മക്കളെ കാത്തിരിക്കുന്നു. പത്ത് രൂപാ വേണമെങ്കിൽ മക്കളയച്ചു കൊടുക്കണം.

ഉണ്ടായിരുന്ന ഭൂമി കളയാതിരുന്നായിരുന്നെങ്കിൽ 10 മൂഡ് കപ്പ നട്ട്, ആവശ്യമുള്ളപ്പോൾ പറിച്ച് തിന്നായിരുന്നു.

സ്ത്രീയുടെ പൂർണ്ണതയുടെ അടയാളമായി കവികളും കഥാകാരൻമാരും വാഴ്ത്തി പാടുന്ന മക്കളെ നേരെ കണ്ടിട്ട് വർഷമെത്രയായി.

കൊച്ചു മക്കൾക്ക് നാട്ടിൽ വരുന്നതേയിഷ്ടമല്ല. എന്നിട്ട് സമാധാനമായി ജീവിക്കുന്ന മറ്റുള്ളവരുടെ കുടുംബം എങ്ങനേലും പിരിച്ച് കാണാഞ്ഞിട്ട്  വിഷമം. ഉണ്ടായ മക്കളെ കാണാൻ പറ്റാത്ത വിഷമത്തിൻ്റെ ഏഴയൽവക്കത്ത് പോലും ഞങ്ങടെ സങ്കടമെത്തില്ല…

കല്യാണത്തിൻ്റന്ന്, സുഖത്തിലും ദു:ഖത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒന്നിച്ച് നിന്നോളാമെന്നാണ് ഞങ്ങള് ബൈബിളേൽ തൊട്ട് സത്യം ചെയ്തത്.

ദൈവം തരുന്ന മക്കളെ സ്വീകരിച്ച് വളർത്താമെന്നേ വാഗ്ദാനമുള്ളു. തന്നില്ല… ഞങ്ങൾക്ക് പരാതിയുമില്ല. ദൈവത്തെ ശല്യപ്പെടുത്തി, ഭീഷണിപ്പെടുത്തി വാങ്ങിയെടുക്കെണ്ട കാര്യമായി തോന്നുന്നുമില്ല…

മുറിയിൽ നിന്നൊരനക്കം കേട്ടതും ത്രേസ്യമ്മ പോകാൻ എഴുന്നേറ്റു.

അത്താഴത്തിനുള്ള കറികളുടെ പണിയിലാണ് മരിയ.  ഇച്ചായൻ റ്റി വിയിൽ ന്യൂസ് വെച്ചിട്ടുണ്ട്.

റിപ്പോർട്ടർമാരുടെ പതിവില്ലാത്ത ഒച്ചയും ബഹളവും ആവേശവും കേട്ടിട്ട്, കൂടെ കറിക്കരിഞ്ഞൊണ്ടിരുന്ന ത്രേസ്യാമ്മ, എന്താന്ന് നോക്കീട്ട് വരാമെന്ന് പറഞ്ഞ് എഴുന്നേറ്റ് പോയി.
എന്താടാ… ഒരു ബഹളം ? എന്താ പറ്റിയത്?

അത് അമ്മേ… ഒരു പൂർണ്ണയായ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തോണ്ട് പോകുന്നതിൻ്റെ ബഹളമാണ് കേൾക്കുന്നത്. ചാനലുകാർക്ക് ഇന്നത്തെയ്ക്കിനി വേറെ വാർത്തയൊന്നും നോക്കണ്ട… ഇതുപോലെ അധികപൂർണ്ണത വേണ്ടെന്ന് വെച്ച വേറൊന്നിനെക്കുറച്ചുള്ള വാർത്തയുമുണ്ട്.

എന്നതാ ഇച്ചായ, പൂർണ്ണയായ സ്ത്രീയോ? അമ്മയ്ക്ക് പിന്നാലെ വന്ന മരിയ ഒന്നും പിടികിട്ടാതെ ചോദിച്ചു.

അയ്യോ, അത് നിനക്ക് മനസ്സിലായില്ലെ? കഥകളിലൊക്കെ വായിച്ചിട്ടില്ലെ, ഒരു സ്ത്രീ പൂർണ്ണയായി മാറുന്നത് അവളമ്മയാകുമ്പോഴാണെന്ന്?

ആ സ്ത്രീ ആരുമറിയാതെയൊന്ന് പൂർണ്ണയാകാൻ നോക്കിയതാ… കഴിഞ്ഞ ദിവസം കരിയില കൂട്ടത്തിന്ന് പൊക്കിൾകൊടി മുറിക്കാത്ത രണ്ട് ദിവസം പ്രായമായ ഒരു കുട്ടിയെ കിട്ടിയത് ന്യൂസിൽ കണ്ടില്ലായിരുന്നോ…

ആ കേസിൻ്റെ പൂർണ്ണത തേടി നടന്ന പോലിസിന് ഇന്നാണതിനെ പ്രസവിച്ച സ്ത്രീയെ കിട്ടിയത്. അതിൻ്റെ വാർത്തയാണേ കേൾക്കുന്നത്. കുറച്ചു ഭാഗ്യമുള്ള കുഞ്ഞായിരുന്നു, അത് കൊണ്ട് ഒന്നും കാണാനും കേൾക്കാനും നിൽക്കാതെ അത് മരിച്ചതുകൊണ്ട് രക്ഷപെട്ടു.

വിനു, അമ്മേനെയൊന്ന് ഇരുത്തിനോക്കികൊണ്ട്, മരിയയുടെ കൂടെ അടുക്കളയിലേയ്ക്ക് പോന്നു.

ഇച്ചായനെന്തിനാ അമ്മയോടങ്ങനെ പറഞ്ഞത്, അമ്മയ്ക്ക് വിഷമമായി കാണും? കഴിഞ്ഞ ദിവസം അമ്മ പറഞ്ഞത് ഞാൻ കേട്ടായിരുന്നു.

നമ്മുക്ക് കുട്ടികളില്ലാത്തതിന് അമ്മയ്ക്ക് സങ്കടമുണ്ടാകില്ലെ, അതുകൊണ്ട് പറഞ്ഞതല്ലേ… ഓരോരുത്തര് എരിവ് കേറ്റുന്നതുകൊണ്ടാ, അമ്മ അല്ലെങ്കിൽ പാവമാണ്. എന്നോട് സ്നേഹവുമാണ്.

എടി ഭാര്യേ… ഈ പൂർണ്ണതയും പ്രശ്നവുമൊന്നും പുരുഷന് ബാധകമല്ലേ? ഒരു കുഞ്ഞ് ജനിക്കുന്നത് സ്ത്രീയുടെ മാത്രം ശാരീരിക പ്രവർത്തനം കൊണ്ടാണൊ?

അതൊക്കെ മറ്റുള്ളവരുടെ ചിന്തകളിൽ ഉറച്ചുപോയതല്ലെ, ഇതൊന്നും മാറ്റാൻ നമുക്കാവില്ലല്ലോയിച്ചായ…

മരിയകൊച്ചേ… കഥകളിലും എഴുത്തുകളിലൂടെയുമൊക്കെയാണ് കൂടുതലായും ഇതൊക്കെ മനുഷ്യമനസ്സുകളിൽ പതിഞ്ഞ് പോയത്. അതിലൂടെ തന്നെ അത് മാറ്റാനും ഇനി എഴുതുന്നവർ ശ്രമിക്കണം.

നീയെനിക്ക് പൂർണ്ണമായി യോചിച്ചൊരു ഭാര്യയാണ്… സുഹൃത്താണ്… മാതാപിതാക്കൾക്ക് നല്ലൊരു മകളാണ്…

നിൻ്റെ ജോലിയിൽ മികച്ചൊരു ഉദ്യോഗസ്ഥയാണ്… നീയായി നേടേണ്ടിടത്തെല്ലാം നീ മികച്ചതാണ്. അമ്മയാകുക എന്നത് ശാരീരികമായൊരു പ്രവർത്തനമാണ്. അതിന് കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ രണ്ട് ശരീരങ്ങളുടേയും പ്രശ്നമാണ്.

മനസ്സിൻ്റെയോ, സ്വഭാവത്തിൻ്റെയോ പാരമ്പര്യത്തിൻ്റേയോ ഒന്നുമല്ല കുറ്റപ്പെടുത്താൻ… കുട്ടികളുണ്ടാകുമോന്ന് ഉറപ്പു വരുത്തിയുമല്ലല്ലോ നമ്മള് കെട്ടിയത്. നിനക്കെന്നെയും എനിക്ക് നിന്നെയും സ്നേഹിക്കാനും മനസ്സിലാക്കാനും പറ്റുന്നുണ്ടെങ്കിൽ അതിലും വലിയൊരു സൗഭാഗ്യമില്ലെടിയേ…

അതേ…ഞാനമ്മയ്ക്ക് അനുകൂലമായ മറുപടിയാണ് കൊടുത്തിരുന്നെങ്കിൽ നീയെന്തു ചെയ്തേനെ?

ഒരു സംശയവും വേണ്ട, ഞാൻ പൂർണ്ണയായൊരു കൊലപാതകിയായേനെ…

അയ്യോ…

കഴിഞ്ഞ തവണ വീട്ടിൽ ചെന്നപ്പോൾ അമ്മയും ചോദിച്ചു, ആർക്കാ കുഴപ്പമെന്ന്.

നീയെന്ത് പറഞ്ഞു?

എനിക്ക് കുട്ടികളുണ്ടാകാൻ സാധ്യത തീരെ കുറവാണെന്ന്…

അപ്പോൾ നിന്നെ പൊന്നുപോലെ നോക്കുന്ന ഞാൻ അമ്മേടെ മുന്നിൽ ഹീറോ ആയല്ലേ…

രണ്ടമ്മമാരും ഒന്നിച്ച് ഇതിനെക്കുറിച്ച് ചർച്ച ചെയ്താൽ നമ്മുടെ കള്ളത്തരം പൊളിയൂല്ലെ???
എന്തായാലും തൽക്കാലം ഇനി ഈ ചോദ്യമുണ്ടാകില്ല. കുനിഷ്ടുമായി വരുന്ന കുടുംബക്കാരെ ഇവര് തന്നെ തടഞ്ഞോളും.

അപ്പോൾ നമ്മുടെ കഥ വായിക്കുന്നവരും അങ്ങനെ ‘ആർക്കാ കൊയപ്പമെന്നറിയെണ്ടല്ലേ…’

അല്ല പിന്നെ…

നമ്മുടെ മനസ്സിന് കുഴപ്പങ്ങളൊന്നും ബാധിക്കാത്തിടത്തോളം ശരീരം ഒരു കുഴപ്പമേയല്ല ചക്കരേ…

രണ്ട് ദിവസം കഴിഞ്ഞാൽ എൻ്റെ പിറന്നാളാണ്… കാര്യമായ സമ്മാനം വേണം… ഈ പഞ്ചാരയിൽ മുക്കി അത് മറക്കണ്ട…

ദേ… ദിതാണ് നീ പൂർണ്ണയായൊരു ഭാര്യയാണെന്ന് ഞാൻ നേരത്തെ പറഞ്ഞത്. മനസ്സിലായോ…

ഉം…ഉം…

ഈ രാജവംശത്തിലെ അവസാന ഉണ്ണി തമ്പുരാന് മാമുണ്ണാറായില്ലെ… എന്നാൽ അമ്മേനെം ചോറുണ്ണാൻ വിളിച്ചോ…

എടുക്കാൻ ഞാനും കൂടാം… എന്നിട്ട് നമ്മുക്ക് രണ്ടാൾക്കും ചേർന്ന് അമ്മ മഹാറാണിയെ വിളിച്ചോണ്ട് വരാം…

Leave a Reply

Your email address will not be published. Required fields are marked *