(രചന: Shanif Shani)
“എന്താ ഉമ്മീ ഇങ്ങള് ഇങ്ങനെ കിടക്ക്ണത്.. വിശന്നിട്ട് പള്ള കത്തിക്കാള്ണ്ട്,, അട്പത്താണേൽ ഒന്നുല്ല..”
സുബ്ഹിക്ക് എണീറ്റ് പൊഴേല് മണൽ കോരാൻ പോയതാ.. ഒറ്റട്രിപ്പിന് മൂന്ന് ലോഡും വലിച്ച് വെയിൽ കൊണ്ട് കരിവാളിച്ചാണ് നേരെ അടുക്കളയിലേക്ക് പാഞ്ഞത്.
കൂടെയുള്ളോരൊക്കെ രാഘവേട്ടന്റെ പുഴവക്കത്തെ ഷെഡിൽ നിന്ന് പൊറോട്ടയും ബീഫും തിന്നാൻ വിളിച്ചതാ..
ഇത് തിന്നാ മ്മളെ പള്ളക്കൊരു കനമായിരിക്കും. ഉമ്മി വെക്ക്ണ നെല്ലുത്തേരിന്റെ കഞ്ഞിയും കൂട്ടാനും തിന്നാലേ ഞമ്മക്കൊരു റാഹത്താവൂന്നും പറഞ്ഞ് വീട്ടിലേക്ക് ഓടിയതാ.. ഇവിടാണെൽ ഇല്ലാത്തൊരു പതിവ് ഇന്ന് അടുപ്പും കൂട്ടിയിട്ടില്ല.
“ഒരു തലചുറ്റൽ മോനെ.. ഇജ്ജ് അപ്പുറത്ത് ആയിച്ചാത്തന്റാടെ പോയി ലേശം കഞ്ഞി കുടിച്ചോ.. മ്മ ലേശം നേരം കിടക്കട്ടെ..”
മ്മ് എന്താപ്പോ ഇല്ലാത്തൊരു പതിവ്.. അല്ലെങ്കിൽ ഈ നേരാവുമ്പോയേക്ക് കഞ്ഞിയും കൂട്ടാനും ഉച്ചകേക്കുള്ള ചോറും കറിയും ഉപ്പേരിയൊക്കെ അടുപ്പത്ത് റെഡിയാവേണ്ട സമയായി..
പകുതി വേവാണേലും ആയിഷാത്തന്റെ കഞ്ഞികൊണ്ട് തൽകാലം പള്ളേ കാളിച്ച മാറ്റി..
“ഇജ്ജ് ഉച്ചക്കും ഇങ്ങോട്ട് പോരെണ്ടി ട്ടോ..അതല്ല അന്റുമ്മ വെച്ചതേ ഇറങ്ങൂ എന്നുണ്ടേൽ തൽക്കാലം ഉമ്മന്റുട്ടി ഹോട്ടൽ പോയി കഴിച്ചോണ്ടി. ഇജ്ജ് ഉമ്മാനെ സുയ്പ്പാക്കാൻ പോവണ്ട ഓളവിടെ കിടന്നോട്ടെ..”
“ഉമ്മി ഇങ്ങനെ കിടക്കാത്തതാണല്ലോ.. എന്താപ്പോ ഇന്ന് സുഖല്ലായ്മ.. ഞാൻ പിന്നെ പള്ളേ പയ്പിന്റെ ഊക്കോണ്ട് ഒന്നും ചോയ്ക്കാനും പോയില്ല..”
“ആ എന്നാ ഇജ്ജ് ചോയ്ക്കണ്ട.. അന്റെ പെങ്ങളുട്ടിന്റെ താഴെ ഒരാളൂടെ വരാൻ പോവാ.. അന്റുമ്മാക്ക് അന്നോടെങ്ങനാ അത് പറയാന്ന് വിചാരിച്ചിട്ട് ഇന്നെ ഏൽപിച്ചതാ പറയാൻ..”
കുടിച്ച കഞ്ഞി ഞമ്മളെ പള്ളേൽന്ന് കരയ്ണ പോലെയാ അപ്പൊ ഞമ്മക്ക് തോന്നിയത്. ഇതിനാണോ ഊരന്റെ ഡിസ്ക്കിളകി ഉപ്പ ഗൾഫ് നിർത്തി പോന്നത്.. ഈ ഉമ്മാക്കും ഉപ്പാക്കും ഇതെന്തിന്റെ കേടാ.. ഞാനിഞ്ഞെങ്ങനെ ചെങ്ങായിമാരെ മുഖത്ത് നോക്കാ..
രണ്ടോസം ഉമ്മിനോട് മിണ്ടിയില്ല. ഊര വേദനായി കറങ്ണ സീലിംഗ് ഫാനും നോക്കി കിടക്ക്ണ ഉപ്പയോട് ദേഷ്യവും തോന്നി.
വയ്യാതെയാണേലും പണി കഴിഞ്ഞ് വരുമ്പോയേക്ക് കഞ്ഞിയും ചോറുമൊക്കെ ഉമ്മി തന്നെ ഉണ്ടാക്കിയിരുന്നു.
രാത്രി കിടന്ന് ഓരോന്ന് ആലോചിച്ചപോ എന്താപ്പോ ഇതൊരു കൊറച്ചിലെന്ന് തോന്നി.
വീട്ടിൽ കുട്ടികളുണ്ടാകുന്നതൊരു ബർകത്തല്ലേ. ഞാനും പത്ത് മാസം ആ പള്ളേലല്ലേ കിടന്നത്. പാവം ഉമ്മി, രാവിലെയാകട്ടെ സന്തോഷത്തോടെ ഉമ്മിനോട് മിണ്ടാം എന്നൊക്കെ വിചാരിച്ച് ഉറക്കത്തിലേക്ക് വീണു.
രാവിലെ തന്നെ അലക്കുകല്ലിലെ സൗണ്ട് കേട്ടാണ് ഉണർന്നത്. നോക്കുമ്പോ നടുവിന് കയ്യൊട്ത്ത് ഞമ്മളെ ചാക്ക് പോലത്തെ ജീൻസ് പാന്റ് കല്ലിലടിച്ച് അലക്കുന്ന ഉമ്മിയെയാണ്.
ആ നിറുത്തം കണ്ടപ്പോ മനസിന് വല്ലാതെ വിഷമം തോന്നി. ഇങ്ങളത് അവിടെ വെച്ചാളി ഞാൻ അലക്കിക്കോളാം എന്ന് പറഞ്ഞപ്പോ ഉമ്മി കൂട്ടാക്കിയില്ല.. ഇനി അതിനും ഞാൻ മനസ്സിൽ വെറുപ്പ് വിചാരിച്ചാലോ എന്ന് തോന്നിയിട്ടാവും ഉമ്മി അലക്കൽ തുടർന്നു.
അന്ന് തന്നെ കുറച്ച് പൈസയൊക്കെ ഒപ്പിച്ച് ടൗണിൽ പോയി ഒരു വാഷിങ്മെഷീൻ വാങ്ങി.
വരുന്ന വരവിൽ കുറേ ഫ്രൂട്സും വാങ്ങി നേരെ വീട്ടിലെത്തി ഇനി ഡ്രസ്സൊക്കെ ഇതിലിട്ട് ഈ സ്വിച്ച് ഇട്ടാൽ മതി ബാക്കിയൊക്കെ മെഷീൻ അലക്കിക്കോളും എന്ന് പറഞ് ഫ്രൂട്സും കയ്യിൽ കൊടുത്ത് ഞാൻ റൂമിലേക്ക് നടക്കുമ്പോൾ ഉമ്മിന്റെ കണ്ണ് നിറഞ്ഞിരുന്നു.
പിന്നെ എല്ലാരെക്കാളേറെ കുഞ്ഞുവാവയെ കാണാൻ എനിക്കായിരുന്നു തിടുക്കം.
ഹോസ്പിറ്റലിലേക്ക് പോവുന്നത് വരെ ഉമ്മി തന്നെയായിരുന്നു വീട്ടിൽ വെച്ച് വിളമ്പലും എല്ലാം. ആരെയും സഹായത്തിന് വിളിക്കലുമില്ല. കഴിയും പോലെ ഉമ്മിനെ സഹായിക്കണേന്ന് പറഞ് പെങ്ങളൂട്ടിയെയും പറഞ്ഞേല്പിച്ചിരുന്നു.
അന്നൊരു ഞായറാഴ്ച്ച രാവിലെ പൊഴേൽ ലോറിയിൽ മണൽ ലോഡാക്കികൊണ്ടിരിക്കുമ്പോളാണ് ഉപ്പ ഫോൺ വിളിക്ക്ണത്..
ഉമ്മിനെ വേദനായി ഹോസ്പിറ്റലിലേക്ക് കൊണ്ടൊന്നിട്ടുണ്ട് എന്ന് പറഞ്ഞു.. പാതി നിറച്ച മണൽകൊട്ടയവിടെയിട്ട് ഡ്രസ്സ് മാറ്റി വേഗം ബൈക്കെടുത്ത് ഹോസ്പിറ്റലിലേക്കോടി. ഉമ്മാനെ ലേബർ റൂമിലേക്ക് കയറ്റിയിട്ടുണ്ടായിരുന്നു.
വലിയുമ്മയും മൂത്തമ്മയും എല്ലാരുമുണ്ട്. ഉപ്പയാണേൽ ഒരു മൂലയിൽ തൂണിലും ചാരിയിരിക്കുന്നുണ്ട്.
പടച്ചോനെ ന്റുമ്മിക്കും വാവക്കും ഒരു കുഴപ്പവും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് ഞാനും അവിടെയിരുന്നു. ഓരോ പ്രാവശ്യവും ലേബർറൂമിന്റെ വാതിൽ തുറക്കുമ്പോഴും അകത്തേക്ക് പാളിനോക്കും ഉമ്മിനെ കാണുന്നുണ്ടോ എന്ന്.
തൊട്ടടുത്ത് വേറെയും ആൾക്കാരിരിപ്പുണ്ട്. അവരുടെയും പ്രിയപ്പെട്ടവർ ഉള്ളിലാണ്. സന്തോഷ വർത്തക്കായുള്ള കാത്തിരിപ്പിലാണ്.
നേഴ്സ് തന്ന ഷീട്ടിലെ മരുന്ന് വാങ്ങി ഓടുമ്പോഴും കുഞ്ഞുവാവ ആണാകുമോ പെണ്ണാകുമോ എന്ന ചിന്തയായിരുന്നു മനസ്സിൽ.
ഒടുവിൽ സൽമയുടെ ആരാ ഉള്ളത്, പ്രസവിച്ചു ആൺകുട്ടിയാണ് എന്ന് പറഞ്ഞ് കുഞ്ഞിനെ വലിയുമ്മാന്റെ കയ്യിലേൽപിച്ചപ്പോ ഉപ്പ വാങ്ങി എന്നോട് ചെവിയിൽ ബാങ്ക് വിളിക്കാൻ പറഞ്ഞു.
ആശ്ചര്യത്തോടെ അവന്റെ കുഞ്ഞുമുഖം നോക്കി കവിളിൽ ഉമ്മകൊടുത്ത്. ആൺകുട്ടിയാണേൽ ഇടാൻ കരുതി വെച്ചിരുന്ന പേരും അവനെ വിളിച്ചു. ‘അദ്നാൻ..’
രണ്ടാം ദിവസം ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി ഉമ്മാന്റെ പ്രസവം മകന്റെ ചിലവിൽ എന്ന് പറഞ് ബില്ലും അടച്ച് ചെങ്ങായിമാർക്കൊക്കെ പാർട്ടിയും നടത്തിയാണ് അന്ന് വീട്ടിലേക്ക് കേറിയത്.
ആദിമോനെ കണ്ട് കൊതിതീരും മുൻപേ അവന് നാല് മാസം ഉള്ളപ്പോഴാണ് എനിക്ക് ഗൾഫിലേക്ക് പോകാൻ വിസ വരുന്നത്.
എന്റെ കുട്ടികാലമൊക്കെ ഉപ്പാക്ക് പ്രവാസം കൊണ്ട് നഷ്ടമായതാണ്. ഇനി ആദിമോനിലൂടെ ഉപ്പാക്ക് അതൊക്കെ കിട്ടുമല്ലോ എന്ന് സന്തോഷിച്ച് ഞാൻ മണലാരണ്യത്തിലേക്ക് വിമാനം കയറി.
ആദിമോൻ നടക്കും.. ഇപ്പോ സംസാരിക്കും.. അവന്റെ ഓരോ കളിചിരികളും ഫോണിലൂടെ ഉമ്മി പറയുമ്പോ അവനെ കാണാൻ ഒരുപാട് കൊതിച്ചിരുന്നു. കൂടെയുള്ളവർ എനിക്കിത്ര ചെറിയ അനിയനോ എന്ന് പറഞ് കളിയാക്കുമ്പോൾ അതൊക്കെ ഒരു ഭാഗ്യമാണെന്ന് പറഞ്ഞ് സന്തോഷിച്ചിരുന്നു ഞാൻ.
ഫോൺ വിളിക്കുമ്പോൾ ഇക്കാക്ക കളർപെൻസിൽ കൊടുത്തായക്കോ, സൈക്കിൾ മാണം.. വരുമ്പോ മുട്ടായി കൊണ്ടൊരോ എന്നൊക്കെ ചോയ്ക്കുമ്പോൾ പണ്ട് ഉപ്പാക്ക് വിളിച്ച് പറയ്ണതോർമ്മ വരും.
അന്നൊക്കെ ഉപ്പ എന്നെ കാണാതെ എത്ര വിഷമിച്ചുകാണുമെന്ന് ഇപ്പൊ ഞാനറിയുന്നു. ഓനിന്ന് ഓന്റെ ഇക്കാക്ക ഗൾഫിലാണെന്ന് കൂട്ടുകാരോട് വീമ്പ് പറയുന്നുണ്ടാവും.
കല്യാണം കഴിഞ്ഞ് എനിക്കൊരു കുഞ്ഞിപ്പാത്തു ഉണ്ടായപ്പോഴും ആദിമോനെ നിന്റെ മൂത്തമകനായി തന്നെ കാണണം എന്ന് ഭാര്യയോട് പറഞ്ഞ് അവര് രണ്ടാളും ഒരുമിച്ചിരുന്ന് കളിക്കുന്നത് കാണുമ്പോൾ ഞമ്മക്കിപ്പോ രണ്ട് മക്കളാടീ എന്ന് പറഞ്ഞ് ചിരിക്കാറുണ്ട്.
അവന്റെ ഓരോ ജന്മദിനത്തിലും രാവിലെ വിളിച്ച് ഉമ്മിയോട് പായസം ഉണ്ടാക്കിയോ ആദിയെവിടെ എന്ന് തിരക്കുമ്പോൾ അനക്കോന്റെ പിറന്നാൾ ഓർമണ്ട് ലേ എന്ന് ചോദിക്കുമ്പോൾ ഇങ്ങള് മറന്നാലും ഞാനത് മറക്കൂല എന്ന് പറഞ്ഞ് ഉമ്മിയെ കളിയാക്കും.
ഇന്ന് കുഞ്ഞനിയന്റെ എട്ടാമത്തെ പിറന്നാളാണ്. എല്ലാം ഇന്നലെ കഴിഞ്ഞപോലെ. ഓരോന്ന് ഓർത്ത് ഞമ്മളെ ഇരിപ്പ് കണ്ടിട്ടാണെന്ന് തോന്നുന്നു. റൂം മേറ്റായ ഖാദർക്ക സ്ഥിരം ഉപദേശം തരാൻ തുടങ്ങി.
“അല്ല ഷാനിയെ ഇജ്ജ് ഗൾഫിൽ വന്ന് വീട് നന്നാക്കി പെങ്ങളെ കെട്ടിച്ച് അന്റെ കല്യാണം കഴിഞ് അനക്കിപ്പോ ഒരു പെൺകുട്ട്യാ ഉള്ളത് അതിജ്ജ് മറക്കണ്ട..
കാര്യോക്കെ ശെരിയാ വീടൊക്കെ നോക്കൽ ഇജ്ജാ പക്ഷേങ്കിൽ നാട്ട് നടപ്പനുസരിച്ച് തറവാട് വീട് അനിയൻകുട്ടിക്കുള്ളതാ, അനക്ക് സ്വന്തമായിട്ട് പത്ത്സെന്റ് സ്ഥലം വാങ്ങി വീട്വെക്കണ്ടേ..
അവസാനം അന്റെ ഉപ്പാനെപോലെ അസുഖം വന്ന് ഒന്നും സമ്പാദിക്കാതെ ഇവിടെ നിർത്തിപോവുമ്പോ മേപ്പോട്ട് നോക്കി ആവി ഇടേണ്ടി വരും..”
“അതിനൊക്കെ ഇനി എത്ര ടൈമുണ്ട് ഖാദർക്കാ.. ഓൻ വലുതാകുമ്പോയേക്ക് ഞമ്മളൊക്കെ മുകളിലെത്തും എന്ന് പറഞ്ഞ് ചിരിച്ച് തള്ളി. നമ്മൾ മകനെ പോലെ ഓനെ നോക്കുമ്പോ നമ്മളെ മക്കളെ നോക്കാൻ ഓനുണ്ടാവൂലേ…
(സ്വന്തം മക്കൾ വരെ തള്ളിപ്പറയുന്ന ഈ കാലത്ത് അവർക്കൊക്കെ വേണ്ടി ജീവിക്കുന്ന നമ്മൾക്ക് കൊടുക്കുന്ന സ്നേഹം തിരിച്ച് കിട്ടുമെന്ന് ഒരുറപ്പുമില്ല ആരിലും അമിതായിട്ട് പ്രതീക്ഷ വെക്കാനും പാടില്ല. എങ്കിലും ഒരു വിശ്വാസം .. അതല്ലേ,,, എല്ലാം..)
കുഞ്ഞനിയന് ഒരായിരം പിറന്നാൾ ആശംസകളോടെ, സസ്നേഹം