ചില നേരങ്ങളിൽ
(രചന: Ammu Santhosh)
“അപ്പൂന് വലിയ ഇഷ്ടമാ ഇത് “അമ്മ അങ്ങനെ പറഞ്ഞു കൊണ്ട് ഇലയിൽ മാവ് പരത്തി അതിലേക്ക് അവലും പഴവും തേങ്ങയും നെയ്യും ശർക്കരയും കുഴച്ചത് വെച്ചു.
അലീന അമ്മ ചെയ്യുന്നത് നോക്കി നിന്നു. അമ്മയുടെ കണ്ണുകളിൽ നനവുണ്ടായിരുന്നു. അവൾ അമ്മയെ ചേർത്ത് പിടിച്ചു.
“ഇപ്പൊ നിനക്ക് ഇഷ്ടം ആണെന്ന് പറഞ്ഞത് കൊണ്ടാ അമ്മ ഉണ്ടാക്കിയത് ഞങ്ങൾ എത്ര തവണ ചോദിച്ചു..
അപ്പുവേട്ടനെ ഓർമ വരൂത്രേ. ഞങ്ങൾ മക്കൾ ബാക്കി രണ്ടു പേര് ഉണ്ടിവിടെ. എന്നിട്ടും പിണങ്ങി പോയ മൂത്ത മകനെ ഓർത്തിരിക്കൽ ആണ് അമ്മയുടെ പണി ” കിച്ചു ചിരിയോടെ പറഞ്ഞു
“എത്ര മക്കൾ ഉണ്ടായാലും അതിലൊന്ന് കൂടെയില്ലെങ്കിൽ അമ്മമാർക്ക് അത് വേദന ആണെടാ..
അവൻ പിണങ്ങി പോയതല്ല മോളെ. അവന്റെ ഭാര്യയ്ക്ക് ഇവിടെ ഇഷ്ടായില്ല നാട്ടുമ്പുറം അല്ലെ? സൗകര്യം കുറവ്. ആ കുട്ടി സ്റ്റേറ്റ്സിലോക്കെ വളർന്നതല്ലേ? അതാണ് പോയത്.”
“ഇവൾ ദേ കുവൈറ്റിൽ വളർന്നതാ ട്ടോ അമ്മേ.. ഇത് പറഞ്ഞു കൊടുത്താൽ അവൾക്കും തോന്നും പോകണമെന്ന്.. അങ്ങനെ വല്ലോം തോന്നിയാൽ പൊന്നുമോൾ ഒറ്റയ്ക്ക് പൊയ്ക്കോണേ ഞാൻ എന്റെ അമ്മേ വിട്ട് എങ്ങും വരില്ല ട്ടോ ” കിച്ചു അമ്മയെ ഇറുക്കി കെട്ടിപിടിച്ചു..
“നോവുന്നെടാ ചെക്ക”അമ്മ അവനെ ഒന്ന് നുള്ളി..
കിച്ചു അല്ല സാക്ഷാൽ ദൈവം തമ്പുരാൻ പറഞ്ഞാൽ പോലും അലീന അവിടെ വിട്ടു പോകില്ല. ജീവിതത്തിൽ ഇത്രയും സന്തോഷം അവൾ ആദ്യമായി അറിയുകയായിരുന്നു.
എന്തിനാവും അപ്പുവേട്ടന്റെ ഭാര്യ ഇവിടെ വിട്ട് പോയത് എന്നവൾ ആലോചിച്ചു ഓരോരുത്തരും ഓരോ മനസ്സുമായി ജീവിക്കുന്നവരല്ലേ എന്ന് പിന്നെ ഓർത്തു.
കിച്ചുവിനെ സ്നേഹിക്കുമ്പോൾ പേടി ആയിരുന്നു. അമ്മ സമ്മതിക്കാതെ കല്യാണം നടക്കില്ല അലീന എന്നവൻ താൻ ഇഷ്ടം ആണെന്ന് പറഞ്ഞപ്പോൾ തന്നെ പറഞ്ഞു.
അച്ഛനില്ലാത്ത മൂന്ന് മക്കളെ വളർത്താൻ അമ്മ അനുഭവിച്ച സങ്കടങ്ങൾ പറഞ്ഞു കണ്ണ് നിറയ്ക്കും. കേട്ട് കേട്ട് അമ്മയോട് ഒത്തിരി ഇഷ്ടം തോന്നി.
ക്രിസ്ത്യൻ ആയത് കൊണ്ട് നല്ല പേടി ഉണ്ടായിരുന്നു. പക്ഷെ ആദ്യകാഴ്ച തന്നെ അമ്മയ്ക്ക് തന്നെ ഇഷ്ടം ആയി. . അമ്മ തന്നെ മുൻകൈ എടുത്തു കല്യാണം നടത്തി തരികയും ചെയ്തു.
കല്യാണത്തിന് ഒരു നോട്ടം കണ്ടതാണ് അപ്പുവേട്ടനെയും ചേച്ചിയെയും പിന്നെ കണ്ടിട്ടില്ല. ഇവിടെ കിച്ചു, അമ്മ, അനിയത്തി എല്ലാവർക്കും ഒപ്പം സന്തോഷം ആയി ഇരിക്കുമ്പോൾ താൻ പിന്നെ അവരെ മറന്നു പോയി.
ദൂരെ ഒരു നഗരത്തിൽ…
“ഇന്നും ബ്രെഡ് ഓംലറ്റ് ആണോ ഹേമേ “മടുത്തു “
“പ്ലീസ് അപ്പു.. നാളെ സെർവന്റ് വരും. പിന്നെ എന്ത് വേണമെങ്കിൽ ഉണ്ടാക്കി തരും ഇന്ന് കൂടി അഡ്ജസ്റ്റ് ചെയ്യ്. എനിക്ക് ഡാൻസ് ക്ലാസ്സ് ഉണ്ട്. മോനെ ഒന്ന് വിട്ടേക്കണേ “
അവൾ ബാഗ് എടുത്തു കാറിന്റെ കീ എടുത്തു നടന്നു കഴിഞ്ഞു
അവൻ മെല്ലെ എഴുനേറ്റു അടുക്കളയിൽ ചെന്നു.
ഷെൽഫിൽ ഗോതമ്പു മാവ് ഉണ്ട്. കുറച്ചു തേങ്ങ തിരുമ്മി പഞ്ചസാരയും ചേർത്ത് ഗോതമ്പു മാവിൽ കുഴച്ചു വെച്ചു പാൻ അടുപ്പിൽ വെച്ചു ചൂടായപ്പോൾ മെല്ലെ പരത്തി.
“തീ കുറയ്ക്ക് അപ്പു കൈ പൊള്ളും “അമ്മയുടെ ശബ്ദം കെട്ട പോലെ. അവൻ പെട്ടെന്ന് തീ കുറച്ചു.
അമ്മയെ വിളിക്കാൻ തോന്നി അവന്..
ഒറ്റ റിങ്ങിൽ അമ്മ ഫോൺ എടുത്തു…
“മോനെ.. “അവന്റെ കണ്ണ് ഒന്ന് നിറഞ്ഞു
“അമ്മയ്ക്ക് സുഖമാണോ എന്നൊരു ചോദ്യം ഉള്ളിൽ കിടന്നു തിളച്ചു.
അമ്മ പറയുന്നതൊക്കെ കേട്ട് നിന്നു. പറമ്പിൽ വാഴ കുലച്ചതും, വെള്ളം കേറി കുറച്ചു നെല്ല് പോയതും കിച്ചുവിന് പ്രമോഷൻ കിട്ടിയതും, അലീന ഗർഭിണി ആയതും…അനിയത്തിക്ക് പിജി ക്ക് അഡ്മിഷൻ കിട്ടിയതും..
“സമയം കിട്ടുമ്പോൾ വരണേ “എന്ന് പറഞ്ഞു ഫോൺ വെയ്ക്കുമ്പോൾ പൊട്ടിക്കരയാനൊരു വെമ്പൽ ഉണ്ടായി അവന്.
കുടുംബകലഹം ഒഴിവാക്കാൻ മാത്രം ആകും പലപുരുഷന്മാരും സ്വയം ഒതുങ്ങുന്നത്. അമ്മക്ക് തന്നെ മനസിലാകും. പക്ഷെ ഭാര്യക്ക് ചിലപ്പോൾ എങ്കിലും മനസിലാകുകയുമില്ല. തിരിച്ചുമുണ്ട്. അമ്മ അടക്കിപ്പിടിക്കുന്നവർ. ഭാര്യ വെറും നോക്കുകുത്തി പോലെ ആകുന്നവർ.
രണ്ടായാലും ഇടയിൽ വിങ്ങുന്നത് പുരുഷൻ ആണ്. അവൻ ആരുടെയും സ്വകാര്യസ്വത്തല്ല എന്ന് സ്ത്രീകൾ മനസ്സിലാക്കുന്നിടത്തു തീരാനുള്ളതേയുള്ളു ഈ പ്രശ്നം ഒക്കെ.
വൈകുന്നേരം ഓഫീസിൽ നിന്നു വരുമ്പോൾ ഫ്ലാറ്റിനു മുന്നിൽ പോലീസ്, ജനക്കൂട്ടം.. കരഞ്ഞു തളർന്നു ഹേമ ഓടി വന്നു നെഞ്ചിൽ വീണു
“അപ്പു നമ്മുടെ കുട്ടുവിനെ കാണുന്നില്ല “
അവൻ ഞെട്ടി പോയി. രാവിലെ താൻ ആണ് സ്കൂൾ ബസിൽ കയറ്റി വിട്ടത്.. ഈശ്വര എന്റെ കുഞ്ഞ്…
“സാർ കുട്ടി വൈകുന്നേരം സ്കൂൾ ബസിൽ കയറിയിട്ടില്ല. അവരുടെ സ്കൂൾ പരിസരത്ത് രണ്ടു ദിവസമായി ചില അന്യസംസ്ഥാനക്കാർ കറങ്ങുന്നതായി വിവരം കിട്ടിയിട്ടുണ്ട് ഞങ്ങൾ അന്വേഷിക്കുന്നുണ്ട് വിഷമിക്കണ്ട “
പോലീസ് ഓഫീസർ പറഞ്ഞു. അഞ്ച് ദിവസങ്ങൾ. ജീവിതത്തിനും മരണത്തിനുമിടയിലെന്ന പോലെ അഞ്ചു ദിവസങ്ങൾ..
കരഞ്ഞു തളർന്നു പോയ ഹേമയുടെ അടുത്ത് നിന്നു മാറാതെ അമ്മയും അലീനയും കാവലിരുന്നു. ആശ്വസിപ്പിച്ചു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചു.
അഞ്ചാം ദിവസം ആന്ധ്രാപ്രദേശിൽ നിന്നു കുഞ്ഞിനെ കിട്ടുമ്പോൾ അപ്പു വല്ലാത്ത അവസ്ഥയിൽ തളർന്നു പോയിരുന്നു.
ഹേമ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ഉറക്കെ ആർത്തലച്ചു കരഞ്ഞു ഉമ്മ വെച്ചു കൊണ്ടിരുന്നു. ആ കാഴ്ച ദയനീയമായിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുന്ന അമ്മയുടെ വേദനയോളം വരില്ല ഈ ലോകത്തു മറ്റൊന്നും..
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു
“അമ്മയ്ക്ക് കുറച്ചു ദിവസം കൂടി കഴിഞ്ഞു പോയാൽ പോരെ? “
ഹേമ ബാഗ് അടുക്കി വെയ്ക്കുന്ന അമ്മയുടെ അരികിൽ ചെന്നു. അമ്മ പുഞ്ചിരിച്ചു
“ഒരു പാട് ജോലി ഉണ്ട് മോളെ വീട്ടിൽ “
“അവരൊക്കെ ഇല്ലേ അവിടെ. അമ്മ കുറച്ചു നാൾ ഇവിടെ എന്റെ ഒപ്പം നിൽക്കാമോ പ്ലീസ്? “
ഹേമ അപേക്ഷിച്ചു…
അമ്മ ആ മുഖത്ത് ഒന്ന് തൊട്ട് തലയാട്ടി..
പോകാൻ നേരം അലീന ഹേമയുടെ കൈകളിൽ പിടിച്ചു
“അഞ്ചു ദിവസങ്ങൾ സ്വന്തം കുഞ്ഞിനെ കാണാതെ ഇരുന്നപ്പോൾ ചേച്ചിക്ക് എത്ര വേദനിച്ചു അല്ലെ? ഈ കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഒപ്പം ഇല്ലാതെ പോയ മകനെ ഓർത്തു ആ നെഞ്ച് എത്ര വേദനിച്ചിരിക്കും? നമ്മൾ പെണ്ണുങ്ങൾ ചിലപ്പോൾ ഇങ്ങനെ ആണ് ചേച്ചി. ചിന്തിക്കില്ല.
മാറി താമസിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇടയ്ക്ക് വന്നു താമസിക്കണം കുറച്ചു ദിവസം. അപ്പുവേട്ടനും തെറ്റ് പറ്റി അതിൽ. വരണം ഇടക്ക് മൂന്നാളും കൂടി.. പിന്നെ അമ്മയെ വേഗം തിരിച്ചു അയച്ചേക്കണം കേട്ടോ.. “
ഹേമ കണ്ണീരിനിടയിൽ കൂടി ഒന്ന് ചിരിച്ചു. പിന്നെ മുന്നോട്ട് ആഞ്ഞു അവളെ കെട്ടിപിടിച്ചു..
അല്ലെങ്കിലും ശാശ്വതമായ പിണക്കങ്ങൾ പാടില്ല മനുഷ്യന്.കുറച്ചു ദിവസങ്ങൾ കഴിയാനുള്ള ഇടത്താവളം മാത്രം അല്ലെ ഭൂമി?