ഇടയ്ക്കിടെ പറയും അച്ഛനോടുള്ള സ്നേഹത്തിനു മുന്നിൽ ഞാനൊന്നും ഒന്നുമല്ലെന്ന്, അച്ഛനും..

അച്ഛൻ
(രചന: രാവണന്റെ സീത)

ശരത് ബൈക്ക് വീടിനു മുന്നിൽ നിർത്തി .ഗൗരിയും മോനും ഇറങ്ങി.. ശരത് അവളോട് ചോദിച്ചു, ഇന്നിവിടെ നിൽക്കണോ വൈകി ആണേലും ഞാൻ വരാം  ഒന്നിച്ചു തിരിച്ചു പോകാം..

ഗൗരി ചിരിച്ചു കൊണ്ട് പറഞ്ഞു .. സാരമില്ല ശരത്തേട്ടാ , ഇവിടെ എല്ലാരുമുണ്ടല്ലോ പിന്നെന്താ… വൈകിയാലും ഇങ്ങോട്ട് തന്നെ വന്നോളൂ….

ഈ പെണ്ണിന്റെ ഒരു കാര്യം എന്ന് പറഞ്ഞു ശരത് ഒരു പുഞ്ചിരിയോടെ ബൈക്കിൽ തിരിച്ചു പോയി .
ഗൗരി ഗേറ്റ് കടന്നു മുറ്റത്തേക്ക് നടന്നു,അവിടം വൃത്തി ഉണ്ടായിരുന്നില്ല അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതുപോലെ കിടക്കില്ലായിരുന്നു…. അവൾ നെടുവീർപ്പിട്ടു..

അകത്തേക്ക് കയറി ബാഗ് താഴെ വെച്ച് വീട് മൊത്തം വൃത്തിയാക്കി , അച്ഛനാണെൽ ഇതൊന്നും ഇഷ്ടമല്ല,… ഭയങ്കര വൃത്തിയാണ് . അവൾ ചിരിച്ചു … എന്താ മോളെ എന്ന ചോദ്യം കേട്ട് അവൾ അച്ഛനെ നോക്കി ..

അല്ല അച്ഛാ അമ്മയോട് എപ്പോഴും വഴക്കല്ലേ വൃത്തി ആയില്ലേൽ, ഇപ്പോഴത്തെ അവസ്ഥ കണ്ടു ചിരിച്ചു പോയതാ….അച്ഛനും ചിരിച്ചു .

ഭക്ഷണം അവൾ പുറത്തു നിന്നും ഓർഡർ ചെയ്തു … അച്ഛന് അതൊന്നും ഇഷ്ടമല്ല .. പക്ഷെ ഇപ്പോഴതൊന്നും നോക്കാറില്ല,..

അച്ഛനും മോളും ഒരുപാട് നേരം വിശേഷങ്ങൾ പങ്കുവെച്ചു… അടുത്ത വീട്ടിലെക്കെല്ലാം പോയി സമയം കഴിച്ചു ഗൗരി ..

സന്ധ്യനേരം വിളക്ക് വെച്ച് പ്രാർത്ഥിച്ചു അവളും മോനും … അടുത്ത് തന്നെ അച്ഛന്റെ ചാരുകസേര ഉണ്ടായിരുന്നു ….

പ്രാർത്ഥന കഴിഞ്ഞു,ഗൗരി റൂമിൽ പോയി, തന്റെ ഡയറി എടുത്തു എഴുതാൻ തുടങ്ങി …കുറച്ചു നേരം പുറത്തു കളിച്ചു കൊണ്ടിരുന്ന മോൻ ഇടക്ക് വന്നു ബെഡിൽ കിടന്നു ഉറക്കം തുടങ്ങി…

എഴുതി കൊണ്ടിരിക്കുമ്പോൾ തന്നെ മേശമേൽ തലവെച്ചു അവളും ഒന്ന് മയങ്ങി ..

അവരെ നോക്കാൻ വന്ന അച്ഛൻ  അവരുടെ ഉറക്കം കണ്ടു ഒന്ന് പുഞ്ചിരിച്ചു .. എന്നിട്ടു ഗൗരി എഴുതി വെച്ചിരിക്കുന്ന ഡയറി നോക്കി, അവളുടെ ഒരു കൈ അതിനു മുകളിൽ ആയത് കൊണ്ട്, അങ്ങനെ നിന്നു തന്നെ വായിച്ചു …അതിൽ എഴുതിയിരുന്നു …

അച്ഛാ.. ഒരുപാട് സംസാരിക്കാനുണ്ട് അച്ഛനോട്‌ എനിക്ക്.. ഇന്നേവരെ എന്തെങ്കിലും പറഞ്ഞു ഞാൻ അച്ഛനെ വിഷമിപ്പിച്ചിട്ടുണ്ടോ.. ഉണ്ടെങ്കിൽ ക്ഷമിക്കണം…

എനിക്ക് ലോകത്തിലെ ഏറ്റവും ഇഷ്ടം അച്ഛനോടാണ്.. ശരത്തെട്ടന് അക്കാര്യത്തിൽ ഇപ്പോഴും ഒരു കുശുമ്പുണ്ട് .

ഇടയ്ക്കിടെ പറയും അച്ഛനോടുള്ള സ്നേഹത്തിനു മുന്നിൽ ഞാനൊന്നും ഒന്നുമല്ലെന്ന് .. അച്ഛനും അമ്മയും എന്നെ നന്നായിതന്നെ വളർത്തി… വിദ്യാഭ്യാസം തന്നു ..ഒരു കൂലിപ്പണിക്കാരനെ ചൂണ്ടി കാണിച്ചു കല്യാണത്തിനു  സമ്മതിക്കാൻ പറഞ്ഞു..

ഞാൻ അനുസരിച്ചു … അച്ഛന്റെ തീരുമാനം എന്നും തെറ്റില്ല എന്ന എന്റെ ഉറപ്പ്  അത് ഇന്നും മാറിയിട്ടില്ല.. അച്ഛൻ പറഞ്ഞ പോലെ പൊന്നു പോലെ നോക്കുന്നുണ്ട് എന്നെ ഏട്ടൻ…

എന്റെ വാക്കുകൾക്ക് പ്രാധാന്യം നൽകിയിരുന്നു അച്ഛൻ, എന്നും എന്റെ സന്തോഷമാണ് അച്ഛൻ ആഗ്രഹിച്ചത് .. ഞാനെന്തു പറഞ്ഞാലും അതുപോലെ സാധിച്ചുതരുന്ന അച്ഛൻ… അന്ന് ഞാൻ പറഞ്ഞത് മാത്രമെന്തെ ചെവികൊണ്ടില്ല ..

ഞാനൊരു സ്വപ്നം കണ്ടിരുന്നു, അച്ഛനോട് പറഞ്ഞില്ല എന്ന് മാത്രം … ആരോ എന്നോട് പറയുന്നു, അച്ഛനെ കൂട്ടിട്ട് പോവുകയാണെന്ന്…

അന്നൊരുപാട് വിഷമിച്ചു  അച്ഛന്റെ കൂടെ വന്നു കുറച്ചു ദിവസം നിൽക്കണമെന്ന് ഞാൻ പറഞ്ഞപ്പോൾ ശരത്ഏട്ടൻ സമ്മതിച്ചതാണ്, അച്ഛനോട് ഫോൺ ചെയ്തു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം കണ്ടല്ലോ ആ ശബ്ദത്തിൽ…
എന്നിട്ടുമെന്തെ ..

അപ്പോഴാണ് പെട്ടന്ന് ഏട്ടന്റെ സഹോദരിമാർ വിരുന്നു വന്നത് … ഒരു ദിവസം കഴിഞ്ഞു പോകാമെന്നു എല്ലാരും പറഞ്ഞപ്പോൾ മനസ്സില്ല മനസ്സോടെ ഞാൻ സമ്മതിക്കുകയായിരുന്നു…, പക്ഷെ അതിനുള്ള ക്ഷമ അച്ഛനില്ലാതായി അല്ലെ…

പിറ്റേന്ന് ഉച്ചക്ക് ശരത്തെട്ടൻ ഫോൺ ചെയ്തു അച്ഛന് സുഖമില്ലന്നു പറഞ്ഞു… പോകാമെന്നു പറഞ്ഞപ്പോൾ അച്ഛനെന്തുപറ്റി എന്ന ആധിയും .. അച്ഛന്റെ കൂടെ ഇരിക്കാമെന്ന സന്തോഷവും ഉണ്ടായിരുന്നു..

പക്ഷെ, വീട്ടിൽ എല്ലാവരുടെയും സംസാരത്തിൽ നിന്നും മനസിലായി, ഇനി അച്ഛൻ കൂടെ ഉണ്ടാവില്ലെന്ന്.. ഒരു ഹാർട്ട് അറ്റക്കിന്റെ രൂപത്തിൽ മരണം വന്നു വിളിച്ചപ്പോൾ ഒന്നും ആലോചിക്കാതെ കൂടെ പോയല്ലേ…

എങ്ങനെ തോന്നി അച്ഛാ എന്നെ വിട്ടു പോകാൻ.. ഞാൻ പറഞ്ഞതല്ലേ കുറച്ചു ദിവസം അവിടെ വന്നു നിൽക്കാമെന്ന്… നമ്മൾ ഒന്നിച്ചു ആ പഴയ അച്ഛനും മോളുമായി ജീവിക്കാൻ ആഗ്രഹിച്ചതല്ലേ ഞാൻ ,

കുഞ്ഞു നാളിലെത് പോലെ ആ വിരൽത്തുമ്പിൽ പിടിച്ചു നടക്കണം… ബന്ധുക്കളുടെ വീട്ടിൽ പോകണം… പുഴ കാണാൻ പോകണം, ഉത്സവം കാണാൻ പോകണം, ഒരുപാട് ആഗ്രഹങ്ങൾ …
എല്ലാം കാറ്റിൽ പറത്തി അച്ഛൻ അങ്ങ് പോയി ..
ഞാൻ ഒറ്റക്കായില്ലേ ..

എന്നും ഫോൺ ചെയ്തു കഴിച്ചോ മോളെ എന്ന് ചോദിക്കാൻ ഇനി എനിക്കാരാ ഉള്ളത്…
എന്നെ ഒരുപാട് സ്നേഹിക്കുന്നൊരാൾ ഇനി ഇവിടെ കാത്തിരിപ്പില്ലെന്ന് എങ്ങനെ എന്റെ മനസ്സിനെ പറഞ്ഞു മനസ്സിലാക്കും .

അറിയില്ല…

എന്തിനാ അച്ഛാ എന്നെ വിട്ടു പോയെ .. ഒരു നോക്ക് കാണാൻ പോലും കഴിഞ്ഞില്ല, കണ്ടത് മരവിച്ച ശരീരം മാത്രം .അന്ന് കരഞ്ഞു മയങ്ങി വീഴുമ്പോൾ കണ്ടതും അച്ഛന്റെ മുഖമായിരുന്നു ..

ഇത്രയും വർഷം കഴിഞ്ഞും ഇവിടെ വീട്ടിൽ വരുമ്പോൾ അച്ഛന്റെ സാന്നിധ്യം ഞാൻ അറിയുന്നുണ്ട് …അങ്ങനെ ഒന്നും എന്നെ വിട്ടു പോകാൻ കഴിയുമോ അച്ഛന് ..

ഞാൻ വരുമെന്ന് അറിഞ്ഞാൽ ഉമ്മറത്തു കാത്തിരിക്കും , വീട്ടിൽ ജോലി ചെയ്യുമ്പോൾ  കരുതലോടെ കൂടെ ഉണ്ടാവും .. പറമ്പിൽ നടക്കുമ്പോഴും വിശേഷങ്ങൾ പറഞ്ഞു കൂടെ കാണും ..

സന്ധ്യ നേരത്തു നാമം ജപിക്കുമ്പോൾ  അടുത്ത് ചാരുകസേരയിൽ ഇരിപ്പുണ്ടാവും … എനിക്കറിയാം എന്നും എന്റെ കൂടെ അച്ഛനുണ്ട് .. തണലായി കരുതലായി….

ഡയറി വായിച്ചു കഴിഞ്ഞു ആ അച്ഛൻ അവളുടെ തലയിൽ ഒന്ന് തലോടി .അമ്മയും കൂടെ ഉണ്ടായിരുന്നു….  ഇത് വായിച്ചു കഴിഞ്ഞപ്പോൾ അച്ഛന്റെ മനസ്സിൽ എന്തായിരുന്നു…. കരയാൻ കഴിയുമോ…. കണ്ണീർ വരില്ലല്ലോ, ആത്മക്കൾക്ക് കണ്ണീരില്ലല്ലോ…

nb:ഞാൻ എന്റെ അച്ഛനോട് പറയാൻ വെച്ച വാക്കുകൾ … തെറ്റുകൾ ഉണ്ടാവാം ക്ഷമിക്കണം…. അച്ഛൻ ഉള്ളത് വരെ പെണ്മക്കൾ എന്നും രാജകുമാരിയാണ്… ഞാനും ആയിരുന്നു . ഇടക്ക് വീട്ടിൽ പോകുമ്പോൾ ഞാൻ അനുഭവിക്കാറുണ്ട് എന്റെ അച്ഛന്റെ സാന്നിധ്യം…

Leave a Reply

Your email address will not be published. Required fields are marked *