(രചന: ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ)
തനിച്ച് കിട്ടുമ്പോഴെല്ലാം സുകുമാരൻ എന്നെ അമർത്തി ചുംബിക്കാറുണ്ട്. ആ നേരങ്ങളിൽ അയാളുടെ കൈകൾ എന്റെ മാറിടങ്ങളിലേക്ക് ഇഴയും. ഞാൻ അപ്പോൾ തടയും. വളരേ ദുർബലമായ ആ എതിർപ്പ് മറികടക്കാൻ അയാൾക്ക് തീരേ പ്രയാസം ഉണ്ടാകാറില്ല. തുടർന്ന് സുകുമാരന്റെ സുഖ കരങ്ങളിലേക്ക് ഒരു വല്ലാത്ത നെഞ്ചെരിച്ചലോടെ ഞാൻ കുഴഞ്ഞ് വീണു പോകും. പരസ്പരം കിതച്ച് പോകുന്ന രതിയുടെ അനന്തതയിലേക്ക് പതിയേ പറന്ന് പോകും…
ആരാണ് സുകുമാരൻ എന്നല്ലേ..? പറയാം…
ഒരു സുപ്രഭാതത്തിൽ കതക് തുറക്കുമ്പോൾ സുകുമാരൻ എന്റെ വീടിന് മുന്നിൽ ഉണ്ടായിരുന്നു. എന്താണെന്ന് ചോദിച്ചപ്പോൾ ആരാണെന്ന് അയാൾ തിരിച്ച് ചോദിച്ചു. എന്റെ വീട്ടിൽ കയറി വന്ന് ആരാണെന്ന് എന്നോട് ചോദിച്ച ആ മനുഷ്യനെ തുറിച്ച കണ്ണുകളുമായാണ് ഞാൻ നോക്കി നിന്നത്.
‘ചോദിച്ചത് മനസ്സിലായില്ലേ…? ആരാണെന്ന്…?’
ആ ശബ്ദം ഇന്നും എന്റെ കാതുകളിൽ ഉണ്ട്. ഞാൻ രാധാമണിയാണെന്ന് പറഞ്ഞപ്പോൾ ഏത് മണിയെന്ന് അയാൾ എന്നോട് ചോദിച്ചു. എനിക്ക് ദേഷ്യം വന്നു. തനിക്ക് പ്രാന്താണോയെന്ന് ശബ്‌ദിച്ച് കൊണ്ട് ഞാൻ അലറുകയായിരുന്നു. സമീപവാസികളെല്ലാവരും കൂടി.
പരിസരത്ത് ആണുങ്ങൾക്ക് വ്യായാമ കസർത്തുകളുടെ ക്ലാസുകൾ നടത്തുന്ന അയൽക്കാരൻ ജിമ്മിച്ചനാണ് അയാളെ തൂക്കിയെടുത്ത് ഗേറ്റിന് പുറത്താക്കിയത. അപ്പോഴും അയാൾ എന്റെ വീട് ചൂണ്ടി അത് തന്റേതാണെന്ന് പറയുന്നുണ്ടായിരുന്നു.
അന്ന് മുഴവൻ ഞാൻ അയാളെ ചിന്തിച്ചിരുന്നു. ആരാണെന്നും എവിടെ നിന്നാണെന്നും ഊഹിച്ച് തോറ്റ് പോയിരുന്നു. എന്നാലും ഇങ്ങനെയുമുണ്ടോ ആൾക്കാർ..! പതിനഞ്ച് വർഷങ്ങളോളം തനിച്ച് പൊരുതിയുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ എന്റെ വീടുമാത്രമേ കിട്ടിയുള്ളൂ അയാൾക്ക് അവകാശം പറഞ്ഞുവരാൻ. ഇത് പ്രാന്തുതന്നെ..!
തനിച്ചാണെന്ന് പറഞ്ഞത് വെറുതേയല്ല. കുടുംബമാണ് ലോകമെന്ന് കരുതി ബന്ധങ്ങളിൽ കൂടുതൽ കരുതൽ കാട്ടിയതായിരുന്നു എനിക്ക് പറ്റിയ തെറ്റ്. അച്ഛനില്ലാത്ത വീട്ടിൽ അമ്മയും മൂപ്പെത്താത്ത ആങ്ങളയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായം മുഴുവൻ അവരുടെ സ്വപ്നങ്ങളാണ് ഞാൻ നെയ്തത്. ഇണ നഷ്ടപ്പെട്ട് വിഷാദിയായ അമ്മ പതിയേ ചിരിച്ചു. ആങ്ങളയ്ക്ക് മികച്ച വിദ്യാഭ്യാസവും ജോലിയും ലഭിച്ചു. മാസങ്ങൾക്കുള്ളിൽ അവന്റെ വിവാഹവും കഴിഞ്ഞു. പെണ്ണുമായി വീട്ടിലേക്ക് വരുമ്പോഴാണ് ഞാനും അമ്മയും വിവരം അറിയുന്നത്…
‘എനിക്ക് വേണ്ടി കഷ്ടപ്പെടാൻ ചേച്ചിയോട് ഞാൻ പറഞ്ഞോ…?’
ഇവളുടെ വിവാഹത്തിന് മുമ്പ് നീയെന്തിനാണ് കെട്ടിയതെന്ന അമ്മയുടെ ചോദ്യത്തിനുള്ള ആങ്ങളയുടെ മറുപടിയായിരുന്നുവത്. ഞാൻ അവനെ കുറ്റപ്പെടുത്തിയില്ല. എന്റെ കാര്യത്തിൽ നെഞ്ച് തകർന്നിട്ടായിരിക്കണം വൈകാതെ അമ്മയും പോയത്. കുടുംബത്തിലെ ആൺ മക്കൾക്കാണ് വീടെ ന്ന് വന്ന് കയറിയവളും പറയാതെ പറയാൻ തുടങ്ങിയപ്പോൾ ഞാൻ അവിടെ നിന്ന് ഇറങ്ങുകയായിരുന്നൂ…
ആരോടും പരിഭവം തോന്നിയില്ല. സ്വന്തം കാര്യം നോക്കി ജീവിക്കാൻ അറിയാത്തവരൊക്കെ അല്ലെങ്കിലും ആരോടാണ് പല്ല് ഇറുമ്മേണ്ടത്. എല്ലാ പഴികളും സ്വയം ഏറ്റെടുത്ത് ഞാൻ വീണ്ടും ചലിച്ചു. പൂർണ്ണ അവകാശത്തോടെ ഇടപെടാനുള്ള പാർപ്പിടം ഉണ്ടാക്കാൻ തന്നെ പതിനഞ്ച് വർഷങ്ങൾ താണ്ടി. അപ്പോഴാണ് അത് തന്റേതാണെന്ന് പറഞ്ഞ് തുടക്കത്തിൽ പറഞ്ഞ മനുഷ്യൻ വരുന്നത്…
അന്ന്, കവലയിലെ തുണിക്കട പൂട്ടി ഞാൻ ഇറങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. അങ്ങാടികളിൽ ഒന്നിൽ അയാളെ ഞാൻ വീണ്ടും കണ്ടു. സംസാരിച്ചാൽ കുഴപ്പമാകുമോയെന്ന് കരുതിയത് കൊണ്ട് കാണാത്തത് പോലെ ഞാൻ നടക്കുകയായിരുന്നു..
‘അതേയ്…’
തിരിഞ്ഞ് നോക്കിയപ്പോൾ അയാൾ ചിരിക്കുന്നു. തുടർന്ന് ക്ഷമിക്കണമെന്ന് പറയുന്നു. ഞാൻ ക്ഷമിച്ചു. പേര് സുകുമാരൻ എന്നാണ് പോലും. ആറ് വർഷങ്ങൾക്ക് മുമ്പ് തന്റെ കുടിയനായ അച്ഛൻ വിറ്റ് കളഞ്ഞതാണ് ആ വീടെന്ന് അയാൾ പറഞ്ഞു. അതിനും മുമ്പേ നാടുവിട്ട് പോയവനാണ് താനെന്നും അയാൾ ചേർത്തു. സഹതിപ്പിക്കാനെ എനിക്ക് സാധിച്ചുള്ളൂ…
‘ക്ഷമിക്കൂട്ടോ…’
വീണ്ടും ക്ഷമ പറഞ്ഞ് അയാൾ പോയി. മനുഷ്യരുടെ കഥകളിലേക്ക് കഴുത്ത് നീട്ടാനുള്ള ജന്മ വാസന എനിക്കുണ്ട്. കടന്ന് പോയ സാഹചര്യങ്ങളിൽ ഞാൻ നേടിയതാണ് നിരീക്ഷണ ബുദ്ധിയുള്ള എന്റെ കണ്ണുകളെ. അവകളെ പ്രവർത്തിപ്പിക്കുന്ന തലയ്ക്ക് സുകുമാരന്റെ കഥ അറിയാനുള്ള തോന്നൽ ഉണ്ടായി. ബ്രോക്കർ സുഗുണനെ വിളിച്ച് അന്വേഷിക്കുകയും ചെയ്തു.
‘ശരിയാണ്. അയാൾക്ക് നാടുവിട്ടുപോയ ഒരു മകനുണ്ട്.’
കൂടുതലൊന്നും സുഗുണനും അറിയില്ല. മാസങ്ങൾക്ക് മുമ്പ് അയാളുടെ അച്ഛൻ മരിച്ച് പോയെന്നും കൂടി കേട്ടപ്പോൾ എനിക്ക് സുകുമാരനോട് പ്രത്യേകമായൊരു മമത തോന്നി. ശരിയാണ്.. ചിലപ്പോഴൊക്കെ സങ്കടങ്ങളുടേയും സഹതാപത്തിന്റേയുമൊക്കെ ജാര സന്തതിയാകാറുണ്ട് ചില ഇഷ്ട്ടങ്ങൾ.. ചില ചില ബന്ധങ്ങൾ…! എന്നെപ്പോലെ ജീവിക്കാൻ മറന്ന് പോയ മനുഷ്യനാണ് ആ പുരുഷനെന്ന് വെറുതേ ഞാൻ മെനഞ്ഞു.
കടയിൽ നിൽക്കാൻ ആളുണ്ടെങ്കിലും സുകുമാരനെ കാണണമെന്ന ചിന്തയിൽ മിക്കപ്പോഴും കവലയിലേക്ക് ഞാൻ പോകാറുണ്ട്. അങ്ങനെ ഒരുനാൾ അയാളെ ഞാൻ വീണ്ടും കണ്ടു. വീണ്ടും വീണ്ടും കണ്ടു…
ഓരോ വട്ടവും കാണുന്തോറും ഓരോ അതിർത്തികൾ പൊട്ടുകയായിരുന്നു. പരസ്പരം ഇഷ്ട്ടമാണെന്നൊന്നും പറഞ്ഞില്ലെങ്കിലും കൈകൾ കോർത്ത് പിടിച്ച് മുട്ടിയിരുമ്മി സംസാരിക്കുന്ന തലത്തിലേക്ക് ആ ബന്ധം വളർന്നു.
അന്ന്, എന്റെ പിറന്നാളായിരുന്നു. സുകുമാരനെ മാത്രമേ എനിക്ക് വിളിക്കാനുണ്ടായിരുന്നുള്ളു. ഞാൻ വിളിച്ചു. അയാൾ വന്നു. വന്നപാടെ എന്നെ കോരിയെടുത്ത് ചുംബിച്ചു. മധുരത്തിലേക്ക് ഈച്ചയാർക്കുന്ന ആർത്തിയോടെ അയാൾ എന്റെ ശരീരമാകെ തഴുകി. തീരേ പ്രതീക്ഷിക്കാത്തത്ത് കൊണ്ട് മുള മുനമ്പ് പോലെ ഞാൻ വിറക്കുകയും വളയുകയും ചെയ്തു.
പിന്നീട് ഞാൻ വിളിക്കാതെയും സുകുമാരൻ വീട്ടിലേക്ക് വരാൻ തുടങ്ങി. കാലത്ത് പുഴയിൽ കക്ക വാരാൻ പോകുന്ന നാളുകളിലെല്ലാം ഉച്ചക്ക് അയാൾ വരും. കൊണ്ടുവന്നതെല്ലാം ഉപ്പിട്ട് പുഴുങ്ങി തോട് പൊളിച്ച് തരും. എന്നിട്ട് കുരുമുളകിട്ട് വരട്ടിയെടുക്കാൻ പറയും.
ഊണ് കഴിച്ച് കഴിഞ്ഞാലുള്ള സുകുമാരന്റെ നേരം എന്നെ പിടിച്ച് തുരുതുരാന്ന് ചുംബിക്കാനുള്ളതാണ്. തുടക്കം വേണ്ടായെന്ന് ഞാൻ പറഞ്ഞാലും തീരേ ബലം പ്രയോഗിക്കാതെ അയാൾ അത് ചെയ്യും. ഞാനൊരു പെണ്ണല്ലേ.. എത്ര വേണ്ടെന്ന് വെച്ചാലും ഇഷ്ട്ടപ്പെടുന്ന ആണൊരുത്തന്റെ സ്പർശനത്തിൽ അങ്ങനെയൊരു പിടപ്പ് ഞാൻ പോലും അറിയാതെ എന്നിൽ തുടിച്ച് പോകും.. കുറച്ച് മാസങ്ങളായിട്ട് എന്റെ ജീവിതത്തിന്റെ ഉടുക്കിൽ ഈയൊരു തുടിപ്പാണ്.
ഒരുനാൾ സുകുമാരൻ എന്നെ സ്നേഹിക്കുന്നത് എന്റെ ശരീരം അനുഭവിക്കാൻ മാത്രമാണോയെന്ന് അതീവ ഗൗരവ്വത്തോടെ ഞാൻ ചിന്തിച്ചു.
‘നിങ്ങൾക്ക് എന്നെ തൊടാതെ സ്നേഹിക്കാൻ പറ്റില്ലേ…? ബന്ധപ്പെടാതെ തലോടാൻ പറ്റില്ലേ…?’
ആ ചോദ്യം കേട്ടപ്പോൾ അയാൾ രണ്ടുവട്ടം എന്നെ അടിമുടി നോക്കി. എന്നിട്ട് പറ്റില്ലെന്ന് പറഞ്ഞു.
‘അതെന്താണ്…?’ ഞാൻ ചോദിച്ചു.
എന്തുകൊണ്ട് തൊടാതെ ഇരിക്കണമെന്നായിരുന്നു സുകുമാരന്റെ മറുപടി. എനിക്ക് ശബ്ദം ഉണ്ടായിരുന്നില്ല. കുറച്ച് നേരത്തെ ആലോചനയ്ക്ക് ശേഷം എനിക്ക് ഇഷ്ട്ടമല്ലെന്ന് ഞാൻ പറഞ്ഞു.
‘എന്നെയോ..?’
അയാളുടെ ശബ്ദം താഴ്ന്ന് പോയിരുന്നു. ആണെന്ന് പറയാൻ എനിക്ക് ആകില്ലായിരുന്നു.
‘അല്ലെങ്കിലും ആണുങ്ങൾക്ക് പെണ്ണിനെ പ്രാപിക്കാൻ സ്നേഹം വേണമെന്നില്ല…’
എന്നും പറഞ്ഞ് ഞാൻ മുഖം ചുളിച്ചു. അയാൾ ചിരിച്ചപ്പോൾ മനസ്സും മുറിഞ്ഞു.
‘പ്രാപിക്കാൻ സ്നേഹം വേണ്ടെന്ന് ആര് പറഞ്ഞു…?’
താഴ്ത്തിയ തല ഞാൻ ഉയർത്തിയില്ല. നീയെന്ന് പറയുന്നത് നിന്റെ ശരീരമല്ലാതെ മറ്റെന്താണെന്നും അയാൾ ചോദിച്ചു.
‘മനസ്സ്..!’
“അതും തലയുടെ മാംസമാണ് പെണ്ണേ…”
തത്വ ചിന്തകനെ പോലെ സുകുമാരൻ സംസാരിച്ചു. ഇഷ്ട്ടപെടുന്ന ഒരാളുമായി ശരീരം പങ്കിടുമ്പോൾ ആ മനസ്സിന് തൃപ്തിയുണ്ടാകാറുണ്ടോയെന്നും അയാൾ ചോദിച്ചു. എന്റെ സീൽക്കാരങ്ങളുടെ പരിചിതനായ സുകുമാരന്റെ ചോദ്യത്തിൽ ഞാൻ നാണിച്ചുപോയി. ആ ഭാവം കണ്ടപ്പോൾ ചുംബിക്കാനുള്ള ചുണ്ടുമായി സുകുമാരൻ എന്റെ അടുത്തേക്ക് ചാഞ്ഞു.
‘ഉണർവ്വിന്റെ കാലമല്ലേ ഇതിനൊക്കെ പറ്റൂ… നമുക്കും പൂത്തുലഞ്ഞ കാലമുണ്ടായിരുന്നുവെന്ന് ചാകാൻ കിടക്കുമ്പോൾ വെറുതേ… വെറുതേ.. ഓർത്തുകൂടെ… ഇതിനൊന്നുമല്ലെങ്കിൽ പിന്നെയെന്തിനാണ് ഇങ്ങനെയൊരു വികാരവുമായി നമ്മളൊക്കെ ഈ മണ്ണിൽ…’
എന്റെ കാതിൽ ചുണ്ടുകൾ കൊണ്ട് കടിച്ച് കൊണ്ടാണ് സുകുമാരൻ പറഞ്ഞത്. അത് വല്ലാതെ ബോധിച്ചത് കൊണ്ടാണോയെന്ന് അറിയില്ല, ഇത്തവണ ഞാൻ യാതൊരു എതിർപ്പും പ്രകടിപ്പിച്ചില്ല. സുകുമാരന്റെ സുഖ കരങ്ങളുടെ പേരാണ് പ്രണയമെന്ന് മാത്രം ആ നേരം ഞാൻ ചിന്തിച്ചു. പ്രാണന്റെ സുഖാനുഭവങ്ങളോടെ ഞാനും ജീവിക്കാൻ തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും, വർത്തമാന നിമിഷങ്ങളിൽ തൃപ്തികരമായി പങ്കുവെക്കുമ്പോൾ ഭൂതഭാവി കാലങ്ങളുടെ ആശങ്കകൾ എന്തിനാണല്ലേ മനുഷ്യർക്ക്…!!!
ശ്രീജിത്ത് ഇരവിൽ തെരുവ് കാഥികൻ