(രചന: Anil Mathew)
ജോമോനെ നീ എവിടെയാ?
ഞാൻ സ്റ്റാൻഡിലുണ്ടല്ലോ,
ന്താ ചേച്ചി?
നീ പെട്ടന്ന് വീട്ടിലൊട്ടൊന്ന് വാ, മോൾക്ക് ഇന്നലെ രാത്രി തുടങ്ങിയ പനിയാ.. നമുക്ക് ഹോസ്പിറ്റലിൽ വരെ പോകാം.
ഞാൻ ദാ വന്നു ചേച്ചി.. എന്ന് പറഞ്ഞ് ജോമോൻ ഫോൺ കട്ട് ചെയ്തു.
എങ്ങോട്ടാ ജോമോനെ? പിറകിൽ കിടന്ന വണ്ടി തള്ളി മുന്നിലോട്ട് ഇടുന്നതിനിടയിൽ പ്രസാദ് ചോദിച്ചു.
മ്മടെ സാബുചേട്ടന്റെ മോൾക്ക് സുഖമില്ല, ഹോസ്പിറ്റലിൽ കൊണ്ട് പോകണം ന്ന്.. തല വെളിയിലിലേക്കിട്ട് ജോമോൻ പറഞ്ഞു.
മ്മ് മ്മ്.. ചെല്ല് ചെല്ല്.. നീയാണല്ലോ ഇപ്പൊ അവിടുത്തെ എല്ലാം. പ്രസാദ് കളിയാക്കിയ രീതിയിൽ പറഞ്ഞു. ജോമോൻ അത് ശ്രദ്ധിയ്ക്കാത്ത മട്ടിൽ വണ്ടിയെടുത്ത് മുന്നോട്ടു പോയി.
വണ്ടി ആ ചെറിയ ഷീറ്റ് ഇട്ട വീടിന് മുന്നിൽ എത്തിയപ്പോ നാല് വയസ്സുള്ള ചിന്നുമോളെയും എടുത്തു കൊണ്ട് ബീന റോഡിലേക്ക് വന്നു.
ചിന്നുവിനെ സീറ്റിൽ ഇരുത്തി ബീനയും ഉള്ളിലേക്ക് കയറി ഇരുന്നു.
മോൾക്ക് തീരെ വയ്യാന്ന് തോന്നുന്നല്ലോ ചേച്ചി?
രാത്രി ചെറുതായി പനി ഉണ്ടായിരുന്നു, രാവിലെ ആയപ്പോഴേക്കും കൂടി.
മ്മ്.. ഗവണ്മെന്റ് ഹോസ്പിറ്റലിലേക്ക് അല്ലെ? അവൻ തിരിഞ്ഞു ചോദിച്ചു.
അതെ, വേറെ എവിടെ എങ്കിലും കാണിക്കാൻ പറ്റിയ ഒരവസ്ഥ അല്ലല്ലോ ജോമോനെ ഇപ്പൊ എന്റെ… എല്ലാം നിനക്ക് അറിയാവുന്നതല്ലേ?
ഏയ്, പ്രൈവറ്റ് ഹോസ്പിറ്റലിനേക്കാൾ നല്ലത് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആണ് ചേച്ചി.
മ്മ്..
ചേച്ചി ഒരു മിനിറ്റ്, ഇന്നത്തെ കുറിച്ചിട്ടിയ്ക്കുള്ള കാശ് ആ പ്രസാദേട്ടന്റെ കയ്യിൽ ഒന്ന് കൊടുത്തിട്ട് വരാം.. ജോമോൻ ഓട്ടോ സ്റ്റാൻഡിന്റെ അരികിലായി വണ്ടി നിർത്തി.
ജോമോന്റെ വണ്ടി കണ്ടതും പ്രസാദ് വണ്ടിയ്ക്കരികിലേക്ക് വന്നു.
എന്താ ബീനേ മോൾക്ക് പനി പിടിച്ചോ?
മ്മ്. ബീന അയാളുടെ മുഖത്ത് പോലും നോക്കാതെ ഒന്ന് മൂളി.
അതേയ്, ഞങ്ങളെക്കൂടിയൊക്കെ മൈൻഡ് ചെയ്യണം കേട്ടോ.. അതോ കൊച്ചു പയ്യന്മാരെ മാത്രേ ഓട്ടം വിളിയ്ക്കാറുള്ളോ? പ്രസാദിന്റെ അർത്ഥം വച്ചുള്ള സംസാരത്തിൽ ബീന വല്ലാതെയായി.
ജോമോനെ, നീ കാശ് കൊടുക്കുന്നെങ്കിൽ കൊടുത്തിട്ട് വാ.. അവൾ ദേഷ്യപ്പെട്ടു.
നിങ്ങൾക്ക് എന്തിന്റെ കേടാ പ്രസാദേട്ടാ?
ചെല്ലടാ ചെല്ല്,..രണ്ടാളേം കുറിച്ച് ചിലതൊക്കെ നാട്ടിലെ പിള്ളര് പറഞ്ഞ് നടക്കുന്നുണ്ട്.
അനാവശ്യം പറയരുത്.. ജോമോൻ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി.
ജോമോനെ, നീ വാ.. മോളെ വേഗം ഡോക്ടറെ കാണിക്കണം. ബീന അവനെ തടഞ്ഞു.
ഞാൻ വന്നിട്ട് ഇതിന് മറുപടി തരാം..പറഞ്ഞിട്ട് ജോമോൻ ഓട്ടോ സ്റ്റാർട്ട് ചെയ്തു.
അവർ പോയ വഴിയിലേക്ക് തന്നെ ദൃഷ്ടിയൂന്നി പ്രസാദ് ഒന്ന് ചിരിച്ചു..
മുപ്പത് വയസ്സ് ആയില്ല ജോമോന്,ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നും ശരിയാവാഞ്ഞിട്ട് വീട്ടിലെ കഷ്ടപ്പാട് കൊണ്ട് ഓട്ടോക്കുപ്പായം ധരിച്ചതാണ്.നന്നായി സംസാരിക്കുകയും ഏത് സമയത്തും വിളിച്ചാലും കൃത്യമായി എത്തുകയും ന്യായമായ കൂലി മാത്രം വാങ്ങുകയും ചെയ്യുന്നത് കൊണ്ട് അന്നാട്ടിലെ ആളുകൾ കൂടുതലും ജോമോനെയാണ് ഓട്ടം വിളിക്കാറ് . അത് കൊണ്ട് തന്നെ പ്രസാദിനും മറ്റ് ഒന്ന് രണ്ട് പേർക്കും അവനോട് അത്ര താല്പര്യമില്ല. എങ്ങനെയും അവനെ ആ സ്റ്റാൻഡിൽ നിന്ന് തുരത്തണം അത് മാത്രമാണ് അവരുടെ ചിന്ത.
ജോമോനെ, നീ ഇനി ഞങ്ങടെ ഓട്ടം ഓടേണ്ടടാ.. ബീന ഒരു ദീർഘശ്വാസം വിട്ട് കൊണ്ട് പറഞ്ഞു.
പെട്ടന്ന് ആക്സിലേറ്ററിൽ നിന്ന് കയ്യയച്ച് ജോമോൻ ബീനയെ നോക്കി.. ന്താ ചേച്ചി? എന്താ ഇപ്പൊ ഇങ്ങനെ പറയുന്നത്?
ഒന്നുമില്ല, നീ കൊച്ചു ചെറുക്കനല്ലേ? കല്യാണം പോലും കഴിച്ചിട്ടില്ല.. നിനക്ക് നല്ലൊരു ഭാവിയുണ്ട്. എന്റെ പേര് വച്ച് അത് ഇല്ലാതെയാക്കണോ?രണ്ട് വർഷമായി ശരീരം തളർന്ന് അനങ്ങാൻ വയ്യാതെ കട്ടിലിൽ കിടക്കുന്ന ഒരാളുടെ ഭാര്യയെ അവളുടെ സ്വന്തം സഹോദരന്റെ കൂടെ കണ്ടാലും അതിന് മറ്റൊരർത്ഥം കണ്ട് പിടിയ്ക്കുന്നവരുടെ ഇടയിലാണ് നമ്മൾ ജീവിയ്ക്കുന്നത്.ഞാൻ അവരുടെ വാക്കുകളെ ശ്രദ്ധിക്കില്ല, പറയുന്നവർ പറയട്ടെ.. പക്ഷെ നിന്റെ കാര്യം അങ്ങനെയല്ല.. നിനക്കൊരു ജീവിതമുണ്ട്. അത് ഈയൊരു ഇല്ലാവചനങ്ങളുടെ പേരിൽ നശിയ്ക്കരുത്.
ഹോസ്പിറ്റൽ എത്തി.. അവൻ പറഞ്ഞു.
നീ വെയിറ്റ് ചെയ്യാമോ? ഞാൻ ഡോക്ടറെ കാണിച്ചിട്ട് വരാം.ധൃതി ഉണ്ടെങ്കിൽ പൊക്കോ.
ഇല്ല, ഞാൻ അപ്പുറത്ത് പാർക്കിങ്ങിൽ ഉണ്ടാവും. കഴിഞ്ഞിട്ട് വാ. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മിസ്സ് കാൾ ചെയ്യ്.
ഉം.. ബീന കുഞ്ഞിനേയും എടുത്തു കൊണ്ട് ഹോസ്പിറ്റലിനുള്ളിലേക്ക് പോയി.
ആ വലിയ വാഹമരത്തിന് താഴെ വണ്ടി പാർക്ക് ചെയ്തിട്ട് ജോമോൻ മെല്ലെ പിറകിലെ സീറ്റിലേക്ക് ഇരുന്നു.
അവന്റെ ഓർമ്മകൾ നാല് വർഷം പിറകിലേക്ക് പോയി.
ഓട്ടോ സ്റ്റാൻഡിൽ നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ മാത്രമേയുള്ളൂ സാബുവിന്റെയും ബീനയുടെയും വീട്ടിലേക്ക്. അവർ അവിടെ താമസം തുടങ്ങിയിട്ട് ഒരാഴ്ച്ചയായിട്ടുണ്ടാവും.ഏതോ മലയോര പ്രദേശമാണ് അവരുടെ നാട്.അവിടുന്ന് എല്ലാം വിറ്റു പെറുക്കി അല്പംകൂടി മെച്ചപ്പെട്ട ഒരു സ്ഥലത്ത് താമസിക്കാമെന്ന ലക്ഷ്യത്തോടെ ആണ് അവർ ഇവിടെ കുറച്ച് സ്ഥലം വാങ്ങി അവിടെയൊരു കൊച്ചു വീടുണ്ടാക്കി ഭർത്താവും ഭാര്യയും ഒരു വയസ്സ് മാത്രം പ്രായമുള്ള മകളുമായി താമസം തുടങ്ങിയത്.
ദിവസങ്ങൾക്കുള്ളിൽ തന്നെ സാബുവും ബീനയും ചിന്നുവും ആ നാടിനോടും നാട്ടുകാരോടും അടുത്ത് കഴിഞ്ഞിരുന്നു.ഓട്ടോ സ്റ്റാൻഡിലെ മിക്കവരും സാബുവിന്റെ അടുത്ത സുഹൃത്തുക്കളായി. അതിനിടയിൽ കവലയിൽ തന്നെയുള്ള ഒരു സൂപ്പർ മാർക്കറ്റിൽ സാബുവിന് ജോലിയും ലഭിച്ചു.അത്യാവശ്യം വരുമാനം കൊണ്ട് ആ കുടുംബം സന്തോഷമായി കഴിഞ്ഞ് പോരുന്നു.
രണ്ട് വർഷം മുമ്പാണ് അത് സംഭവിച്ചത്, കടയിൽ അരിച്ചാക്ക് അട്ടിയിടുന്നതിനിടയിലാണ് സാബുവിന് ഒരു നെഞ്ച് വേദന വന്നത്. തളർന്നു വീണ സാബുവിനെ കടയിലുണ്ടായിരുന്നവർ കോരിയെടുത്തു ഹോസ്പിറ്റലിൽ കൊണ്ട് പോയി. ജീവൻ തിരിച്ചു കിട്ടി.പക്ഷെ ശരീരത്തിന്റെ പകുതിയോളം തളർന്നു പോയിരുന്നു.
അന്ന് ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് ഓട്ടോയിൽ കൊണ്ട് പോയത് ജോമോൻ ആയിരുന്നു.
ആരൊക്കെയോ കൂടി പൊക്കിയെടുത്തു സാബുവിനെ കട്ടിലിൽ കിടത്തി.
ജോമോൻ കുറച്ചു നേരം അയാളുടെ അടുത്തിരുന്നു. പോട്ടെ, പിന്നെ വരാം എന്ന് പറഞ്ഞ് ഇറങ്ങുമ്പോൾ സാബുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.
സാബുവേട്ടാ, വിഷമിയ്ക്കരുത്. എന്ത് ആവശ്യത്തിനും ഒരു അനുജനെപ്പോലെ ഞാനുണ്ടാകും.. എന്ത് വേണമെങ്കിലും വിളിച്ചാൽ മതി. ഞാൻ വരാം. അത് പറഞ്ഞ് ജോമോൻ ഇറങ്ങി. ബീനയുടെ കണ്ണുകളും നറഞ്ഞിരുന്നു.
ചേച്ചി, ഇനി എങ്ങനാ വീട്ടിലെ ചിലവിന്റെ കാര്യം? ചേച്ചിക്ക് എവിടെയെങ്കിലും ഒരു ജോലി ശരിയാക്കി തരട്ടെ ഞാൻ?
ഇപ്പൊ വേണ്ട ജോമോനെ, മോളെ ഞാൻ ആരെ ഏല്പിച്ചു പോകും? സാബുവേട്ടനെ ആര് നോക്കും? ഞങ്ങളുടെ അവിടുത്തെ സ്ഥലം വിറ്റതിൽ കുറച്ച് പൈസ ബാങ്കിൽ ഉണ്ട്. തത്കാലം ചിലവ് അതിൽ പോകട്ടെ. അത് കഴിഞ്ഞ് നോക്കാം. അവൾ പറഞ്ഞു.
അന്ന് മുതൽ ആ വീട്ടിലെ ഒരംഗത്തെപ്പോലെ ജോമോൻ അവിടെയുണ്ട്. സാബുവിനെ ഇടയ്ക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോകാനും മരുന്ന് വാങ്ങാനും വീട്ടിലെ സാധനങ്ങൾ വാങ്ങാനും എല്ലാം ജോമോൻ ശ്രദ്ധിച്ചിരുന്നു.
പോകാം… ബീനയുടെ ശബ്ദം കേട്ടപ്പോഴാണ് ജോമോൻ കണ്ണ് തുറന്നത്.
ഡോക്ടർ എന്ത് പറഞ്ഞു ചേച്ചി?
ഏയ്, ചെറിയ പനിയെ ഉള്ളൂ.. മരുന്ന് തന്നു.
ആഹാ ചിന്നുക്കുട്ടി ഇപ്പൊ ഉഷാറായാല്ലോ.. ചിരിച്ചു കൊണ്ട് അവൻ ചിന്നുവിന്റെ കവിളിൽ ചെറുതായി നുള്ളി.
ചേച്ചി സാബുവേട്ടനെ നാളയല്ലേ ഹോസ്പിറ്റലിൽ കൊണ്ട് പോകേണ്ടത്?
അതെ
കഴിഞ്ഞ പ്രാവശ്യം ഡോക്ടർ എന്ത് പറഞ്ഞു?
ഡോക്ടറിന് നല്ല പ്രതീക്ഷയുണ്ട്..മരുന്ന് മുടക്കരുത്..ഏത് നിമിഷവും അത്ഭുതം സംഭവിക്കാം, എന്റെ സാബുവേട്ടനെ എനിക്ക് തിരിച്ചു കിട്ടും എന്നാ പറയുന്നത്.
എനിക്കും അങ്ങനെ തന്നെയാണ് പറയാനുള്ളത്.ചേച്ചിയുടെ വിഷമം എല്ലാം ഒരു ദിവസം മാറും.
ഉം..
വീടിന്റെ വാതിൽക്കൽ അവരെ ഇറക്കി ജോമോൻ അവന്റെ വീട്ടിലേക്ക് പോയി.
അന്ന് രാത്രി ഏകദേശം പതിനൊന്ന് മണിയായിക്കാണും. പ്രസാദ് സ്റ്റാൻഡിൽ നിന്ന് വീട്ടിലേക്ക് പോകുകയാണ്.എതിരെ ജോമോൻ നടന്ന് വരുന്നു.
ടാ, ജോമോനെ നീയീ പാതിരാക്ക് എങ്ങോട്ടാ ധ്രുതിയിൽ നടന്ന് പോകുന്നത്?
ഞാൻ എവിടെ പോകുന്നുവെന്നൊക്കെ ഇയാളോട് പറയണോ? ജോമോൻ അല്പം ദേഷ്യത്തോടെ ചോദിച്ചു.
ആ.. അത് നീ പറയാതെ തന്നെ അറിയാലോ.. ചെല്ല് കെട്ടിയോൻ മരുന്ന് കഴിച്ച് കിടന്നുറങ്ങിക്കാണും.. ങ്ങാ അല്ലെങ്കിൽ അങ്ങേര് കണ്ടാൽ തന്നെ എന്ത് ചെയ്യാനാ? അനങ്ങാൻ പോലും പറ്റാതെ കിടക്കുവല്ലേ പാവം.നിന്റെയൊക്കെ ഭാഗ്യം..പ്രസാദ് കള്ളച്ചിരിയോടെ പറഞ്ഞു.
തികട്ടി വന്ന ദേഷ്യം ഉള്ളിലടക്കി ജോമോൻ നടന്നു.
പ്രസാദ് അല്പം കൂടി മുന്നോട്ട് വണ്ടി മാറ്റി നിർത്തി.
ഫോണെടുത്ത് നമ്പർ കുത്തി. ഡാ അനീഷേ, ഇന്ന് ലവന്റെ ഇല്ലേ.. ആ ജോമോന്റെ കള്ളപ്പണി നമുക്ക് പൊക്കാം.അവൻ അവളുടെ വീട്ടിലോട്ട് പോയിട്ടുണ്ട്.നീ മറ്റവരെ കൂടി വിളിച്ചോണ്ട് ഒരു പതിനഞ്ചു മിനിറ്റ് കഴിയുമ്പോ സാബുവിന്റെ വീട്ടിലേക്ക് വാ. ഇവിടുള്ള മൂന്നാല് വീടുകളിൽ കൂടി കാര്യം പറഞ്ഞ് അവരെക്കൂടി വിളിക്ക്.. അവനെയും അവളെയും ഇന്ന് നമുക്ക് നാറ്റിയ്ക്കണം.
ദേ, ഞങ്ങൾ വന്നു കഴിഞ്ഞു..മറുതലയ്ക്കൽ ഫോൺ കട്ടായി.
പത്തിരുപത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും എട്ട് പത്ത് പേര് സാബുവിന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
എടാ ജോമോനെ ഇറങ്ങിവാടാ. ഒരുത്തൻ അലറി. എടി ബീനേ തേവിടിച്ചി, അവനെ ഇങ്ങോട്ട് ഇറക്കി വിടടി.. ഇവിടെ നടക്കുന്നതൊന്നും ഞങ്ങൾ അറിയുന്നില്ലെന്നാണോ നിന്റെ വിചാരം? ഇത് ഇവിടെ നടപ്പില്ല.പലരുടെയും ശബ്ദം ഉയർന്നു.
പെട്ടന്ന് കതക് തുറന്ന് ബീന വെളിയിലേക്ക് വന്നു?
ന്താ നിങ്ങടെ പ്രശ്നം?
ജോമോൻ ഇവിടെ ഉണ്ടോ?
ഉണ്ടെങ്കിൽ?
അവനീ പാതിരാത്രി ഇവിടെന്താ കാര്യം? ഞങ്ങൾ കുറേ ആളുകൾ ഇവിടെ മാന്യമായി ജീവിക്കുന്നുണ്ട്. ഈ അവിഹിതം ഒന്നും ഇവിടെ നടക്കില്ല.
അപ്പോഴേക്കും കതക് തുറന്ന് പുറത്തേക്ക് ഇറങ്ങിയ ജോമോന്റെ നേരെ പ്രസാദ് ചാടി വീണു.
തൊട്ട് പോകരുത് അവനെ… ശബ്ദം കേട്ട് പ്രസാദ് തിരിഞ്ഞു നോക്കി.. കൂടെ വന്നവരെല്ലാം ഞെട്ടി.
സാബു… ഒരു വടി തറയിൽ കുത്തി മെല്ലെ നടന്ന് പുറത്തേക്ക് വന്നു.
നിങ്ങളെന്താ വിചാരിച്ചത്? ഞാനൊരിക്കലും ഇനി എഴുന്നേൽക്കില്ലെന്നോ? നടക്കില്ലെന്നോ? അന്ന് ഞാൻ കിടപ്പിലായപ്പോൾ ഇവിടെ കൊണ്ടാക്കിയിട്ട് പോയതല്ലേ നിങ്ങള്? ഇതുവരെ ആരെങ്കിലും ഇങ്ങോട്ടൊന്നു തിരിഞ്ഞു നോക്കിയോ? എന്നാൽ അന്ന് മുതൽ ഈ നിമിഷം വരെ എന്നെ നോക്കിയത് ഇവൻ ഒറ്റയൊരുത്തൻ മാത്രമാണ്.അവന്റെ കരുതൽ കൊണ്ടാണ് ഇന്ന് എനിക്കെന്റെ കാലുകൾ ചലിപ്പിക്കാൻ കഴിഞ്ഞത്. എന്നിലുണ്ടാവുന്ന മാറ്റങ്ങൾ ഡോക്ടർ പറഞ്ഞ അത്ഭുതം ആണെന്ന് മനസ്സിലായപ്പോൾ ഞാനാണ് പറഞ്ഞത് ജോമോനെ വിളിയ്ക്കാൻ.. അങ്ങനെയാണ് അവൻ വന്നത്. പിന്നെ ഇവൾ,എന്റെ ഭാര്യ ബീന.. നിങ്ങൾ ഒളിഞ്ഞും മറഞ്ഞും അവളോട് പറഞ്ഞതും കാണിച്ചതുമായ വൃത്തികേടൊക്കെ എന്നോട് വന്നു പറയുമായിരുന്നു. അവള് വഴങ്ങില്ലെന്ന് കണ്ടപ്പോ നാണം കെടുത്താൻ ഈ പാവം ജോമോനെയും നിങ്ങൾ കരുവാക്കി.മേലാൽ ഒരുത്തനും ഈ പടിയ്ക്കുള്ളിൽ കേറിയേക്കരുത്.
പ്രസാദ് കൂടെ വന്നവരെ വിളിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.
ശബ്ദം കേട്ട് ഉറക്കം ഉണർന്ന ചിന്നു ഉമ്മറത്തേക്ക് വന്നു.. അപ്പൻ എഴുന്നേറ്റു നിൽക്കുന്നത് കണ്ട് അവൾക്ക് അത്ഭുതം തോന്നി.. അവൾ ഓടി വന്ന് സാബുവിന്റെ കാലിൽ ചുറ്റിപിടിച്ചു. അയാൾ അവളെ ചേർത്ത് പിടിച്ചു.
എന്നാ ഞാൻ ഇറങ്ങട്ടെ, രാവിലെ വരാം ചേട്ടാ.. ജോമോൻ പറഞ്ഞു
ന്നാ നീ രാവിലെ വാ..പിന്നേയ് ആ പ്രസാദിന് നിന്നോട് ദേഷ്യം ഉണ്ടാവും.. ശ്രദ്ധിക്കണേ..
ഉം..അവനിനി ഈ വഴിക്ക് വരില്ല.ചിരിച്ചു കൊണ്ട് ജോമോൻ മെല്ലെ നടന്നപ്പോൾ ആ ഉമ്മറത്ത് നഷ്ടപ്പെട്ടു പോയെന്ന് കരുതിയ ജീവിതം തിരിച്ച് കിട്ടിയ സന്തോഷം പങ്കിടുകയായിരുന്നു സാബുവും ബീനയും ചിന്നുവും