വിധവയായ് ജീവിക്കുന്ന അമ്മയ്ക്കും മുന്നിൽ ഭാര്യ ഭർതൃബന്ധം തുറന്നു കാണിച്ച് ജീവിക്കാൻ ഞങ്ങൾക്ക് വയ്യ ചേച്ചി…

(രചന: RJ)

“ചേച്ചീ… ഞങ്ങൾ ഞങ്ങളുടെ ജീവിതം ഇപ്പോൾ ആരംഭിച്ചതല്ലേ ഉള്ളു…
അതതിന്റെ എല്ലാ ഭംഗിയോടും ഇഷ്ടത്തോടും കൂടി ആസ്വദിക്കണം ഞങ്ങൾക്ക്….. ഇപ്പഴേ അതെല്ലാം നടക്കൂ…”

രാവിലെ പതിവുജോലിക്കായ് വീട്ടിൽ നിന്നിറങ്ങാനൊരുങ്ങുന്ന കവിതയ്ക്ക് മുമ്പിലേക്ക് മനോഹരമായൊരു ചിരിയോടെ വന്നു നിന്ന് രേഷ്മ പറഞ്ഞതും ഉടുത്തു കൊണ്ടിരുന്ന സാരി പ്ലീറ്റ്സ് ശരിയാക്കിക്കൊണ്ടവളെ നോക്കി കവിത…

രേഷ്മ എന്താണ് പറഞ്ഞു വരുന്നത്…? നിങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങൾക്കും ഇഷ്ടങ്ങൾക്കും ഞാനും അമ്മയും തടസ്സമാണീ വീട്ടിലെന്നാണോ…?

ശാന്തമായ സ്വരത്തിൽ ചോദിച്ചവളുടെ മുഖത്തേക്ക് നോക്കുമ്പോൾ കവിത കണ്ടിരുന്നു അകത്തെ മുറിയിൽ തങ്ങളുടെ സംസാരം ശ്രദ്ധിച്ച് മറഞ്ഞ് നിൽക്കുന്ന അനിയൻ കിഷോറിനെ….

ഒരേ സമയം അവനെയോർത്ത് സഹതാപവും പുച്ഛവും തോന്നിയവൾക്കുള്ളിൽ…

“അയ്യോ… അങ്ങനല്ല ചേച്ചി.. അമ്മയും ചേച്ചിയും ഞങ്ങളുടെ സ്വന്തമല്ലേ… ഇതങ്ങനെയല്ല ഞാൻ പറഞ്ഞത്… ഞാനിതെങ്ങനെയാ ചേച്ചിയോട് പറയാ…?

കവിതയോട് കാര്യം എങ്ങനെ സംസാരിക്കണമെന്നൊരു ഭാവത്തിൽ നാണത്തിൽ പൊതിഞ്ഞ മുഖത്തോടെ രേഷ്മ നിന്നതും അടുക്കളയിൽ നിന്നമ്മയും വന്നു നിന്നവരുടെ പുറകിൽ…

“മടിക്കാതെ കാര്യം പറ രേഷ്മേ… എനിയ്ക്ക് മനസ്സിലാവും താൻ പറയുന്നതെന്തും… അനിയന്റെ ഭാര്യയായിട്ടല്ലല്ലോ ഞാൻ നിന്നെ കാണുന്നത്, എന്റെ അനിയത്തിയായിട്ടല്ലേ.. പറഞ്ഞോ എന്താണെങ്കിലും…”

അവളെ നന്നായ് പ്രോത്സാഹിപ്പിച്ച് കവിത അമ്മയെ ഒന്നു നോക്കി, മരുമകൾ പറയാൻ പോവുന്നത് ശരിയ്ക്കും കേട്ടോ എന്നതുപോലെ….

”വിവാഹ ജീവിതം വേണ്ട എന്ന് വെച്ച് ജീവിക്കുന്ന ചേച്ചിയ്ക്കും അച്ഛൻ മരിച്ച് വിധവയായ് ജീവിക്കുന്ന അമ്മയ്ക്കും മുന്നിൽ ഭാര്യ ഭർതൃബന്ധം തുറന്നു കാണിച്ച് ജീവിക്കാൻ ഞങ്ങൾക്ക് വയ്യ ചേച്ചി..

“എല്ലാം ഒരു മുറിക്കുള്ളിൽ വെച്ച് മാത്രം പങ്കിട്ടാൽ മതിയെന്ന രീതിയിൽ ശ്വാസം മുട്ടി ഈ വീട്ടിൽ കഴിയാൻ എനിയ്ക്ക് വയ്യ… കിഷോട്ടേനും പറ്റില്ല…

“ഒന്നു പരസ്പരം കെട്ടി പിടിക്കാൻ, ഒന്നുമ്മവെയ്ക്കാനെല്ലാം മുറിയിൽ പോവണമെന്ന് വെച്ചാൽ വല്ല്യ കഷ്ടാണ്… തോന്നുമ്പോൾ തോന്നുന്നത് അപ്പോൾ തന്നെ പ്രകടിപ്പിക്കുന്നതാണ് എന്റേം കിഷോട്ടേന്റെയും ശീലം… അതിനിവിടെ പറ്റില്ല ചേച്ചി ഞങ്ങൾക്ക്..

മനസ്സിലുള്ള കാര്യം വെട്ടിത്തുറന്ന് രേഷ്മ വ്യക്തമാക്കിയതും അമ്മയുടെ മുഖം വിളറി അവളുടെയാ തുറന്നു പറച്ചിലിൽ… കവിതയിൽ പക്ഷെ ഇതു താൻ പ്രതീക്ഷിച്ചിരുന്നുവെന്ന ഭാവമാണ്..

പരിസര ബോധമില്ലാതെ ഹാളിലും അടുക്കളയിലുമെല്ലാം കെട്ടിപ്പിടിച്ചും ചുംബിച്ചും നിൽക്കുന്നവരെ എത്രയോ തവണ കണ്ട് അവർക്ക് ശല്യമാവാതെ വഴിമാറി നടന്നു പോയിട്ടുണ്ട് കവിതയും അമ്മയും..

“നിങ്ങൾക്ക് നിങ്ങളുടെ എല്ലാ സ്വാതന്ത്യത്തിലും ഇഷ്ടത്തിലും ജീവിക്കാൻ ഞാനും അമ്മയും എന്താണ് രേഷ്മ ചെയ്തു തരേണ്ടത്… ?
ഞങ്ങൾ താമസം മാറണോ ഇവിടുന്ന്..?

മനസ്സിൽ യാതൊരു കാലുഷ്യവുമില്ലാതെ കവിത ചോദിച്ചതും ഒരു വിജയ ചിരി തെളിഞ്ഞുരേഷ്മയിൽ..
അതേ ചിരിയോടവൾ അകത്ത് മറഞ്ഞ് നിൽക്കുന്ന കിഷോറിനെയൊന്ന് നോക്കി, കാര്യം ഞാൻ നടത്തിയെടുത്തില്ലേ എന്ന ഭാവത്തിൽ..

“ഞാനും കിഷോറേട്ടനും മാറി താമസിച്ചോളാം ചേച്ചി.. ദൂരെയെങ്ങുമല്ല, നമ്മുടെ വീടിന്റെ രണ്ട് വീടപ്പുറത്ത് താമസിക്കുന്ന വീടിലെ താമസക്കാർ ഒഴിഞ്ഞു പോയിട്ടുണ്ട് നാലു ദിവസം മുമ്പ്.. അവിടേക്ക് ഞങ്ങൾ മാറിക്കോളാം… കുറഞ്ഞ വാടകയേ ഉള്ളു.. പിന്നെ നിങ്ങളിൽ നിന്നൊത്തിരി ദൂരെയും പോവണ്ടല്ലോ…”

മുമ്പ് തീരുമാനിച്ചുറപ്പിച്ച കാര്യം ഭംഗിയിൽ അവതരിപ്പിച്ചു രേഷ്മയെങ്കിൽ ആ കാര്യം അതിനു മുമ്പേ അറിഞ്ഞ കവിതയും അമ്മയും അതറിഞ്ഞ ഭാവം കാണിക്കാതെ അവളെ നോക്കി നിന്നു…

“നിങ്ങളുടെ ഇഷ്ടവും സന്തോഷവും എന്താണോ അതു നിങ്ങൾ ചെയ്തോ… ഞാനും അമ്മയും തടസ്സമാവില്ല.. അല്ലേ അമ്മേ..?

രേഷ്മയ്ക്ക് പിന്നിൽ നിൽക്കുന്ന അമ്മയെ നോക്കി കവിത ചോദിച്ചതിനൊരു നിറഞ്ഞ പുഞ്ചിരി മറുപടി നൽകി അമ്മയും…

പിന്നീടെല്ലാം വളരെ പെട്ടന്നായിരുന്നു നടന്നത്, തയ്യാറാക്കി വെച്ച ബാഗുമെടുത്ത് ഒരു ടൂർ പോവുന്ന ലാഘവത്തോടെ അവരവിടെ നിന്നിറങ്ങുന്നത് കാഴ്ചക്കാരായ് നോക്കി നിന്നു കവിതയും അമ്മയും..

അവർ പോയതും നിറഞ്ഞ കണ്ണുകൾ തുടച്ചകത്തേയ്ക്ക് നടന്നു അമ്മ

ഭർത്താവിനെ നഷ്ടപ്പെട്ട് രണ്ടു മക്കളുമായ് ജീവിതം മുന്നോട്ടു പോയപ്പോൾ ആ അമ്മയുടെ പ്രതീക്ഷ തന്റെ മക്കളിലായിരുന്നു..

അമ്മയെ അറിഞ്ഞ് അമ്മയുടെ വരുമാനത്തിലൊതുങ്ങി കവിത ജീവിയ്ക്കാൻ ശീലിച്ചപ്പോൾ കിഷോറെന്നും ആഢംബരങ്ങൾക്കും ആഘോഷങ്ങൾക്കും പുറകെയായിരുന്നു…..

കവിത പഠിച്ചൊരു ജോലി നേടി,
പുറം പണിക്ക് പോയിരുന്ന അമ്മയെ ജോലിക്ക് വിടാതെ വീട്ടിലിരുത്തി സംരക്ഷിച്ചവൾ…. ഒപ്പം അനിയനും വേണ്ട കാര്യങ്ങളെല്ലാം നിറവേറ്റി നൽകി.

വിവാഹമെന്ന വ്യവസ്ഥയിൽ താൽപര്യമില്ലാത്തതിനാൽ അങ്ങനെയൊരു ജീവിതവും ആഗ്രഹിച്ചില്ല അവൾ..

എന്നാൽ കിഷോർ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചേച്ചിയുടെ വരുമാനത്തിന്റെ പങ്ക് പറ്റി ജീവിക്കുന്നതിനിടയിൽ രണ്ടു മാസം മുമ്പ് കൂടെ കൂട്ടിയതാണ് രേഷ്മയെ…

അവനെ പോലെ തന്നെ ജീവിതത്തിന്റെ യാതൊരു ഭാരവും ഏൽക്കാൻ മനസ്സില്ലാത്തവൾ.. അഞ്ചു രൂപ കിട്ടിയാൽ അഞ്ഞൂറ് ചിലവാക്കുന്നവൾ…

“മോളെ കവിതേ അവരെങ്ങനെ ജീവിയ്ക്കും മോളെ… വരുമാനവും തൊഴിലുമൊന്നും ഇല്ലല്ലോ രണ്ടാൾക്കും…?

അവരുടെ ജീവിതമെന്താവുമെന്നൊരു ആധി നിറഞ്ഞിരുന്നു അമ്മയിലെങ്കിൽ കവിതയിലന്നേരവും നിറഞ്ഞ ചിരി മാത്രമാണ്..

ഒന്നു രണ്ടു ദിവസങ്ങൾ കടന്നു പോയപ്പോൾ അമ്മ പറഞ്ഞുതന്നെ കവിത അറിയുന്നുണ്ടായിരുന്നു കിഷോറെന്തോ ജോലിക്ക് ശ്രമിക്കുന്നതിനെ പറ്റിയും രാവിലെത്തെ ഭക്ഷണമുൾപ്പെടെ എല്ലാം അവർ ഹോട്ടലിൽ നിന്ന് വരുത്തിക്കഴിക്കുന്നതിനെ പറ്റിയും ഒക്കെ..

ആർഭാടങ്ങൾക്ക് ചിലവിക്കാനുള്ള പണം കണ്ടെത്തുന്നത് രേഷ്മയുടെ ആഭരണങ്ങൾ വിറ്റും പണയപ്പെടുത്തിയും ആണെന്നറിഞ്ഞിട്ടും
ഒന്നും പറഞ്ഞില്ല കവിത..
അവരുടെ ജീവിതം അവരുടെ ഇഷ്ടം.. അതു മാത്രം ചിന്തിച്ചവൾ..

“ഇന്നെന്താ രാവിലെ ചായയ്ക്ക് ഉണ്ടാക്കിയത്..?

താമസം മാറി രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം രാവിലെ അടുക്കളയിലെത്തി ചിരിയോടെ തിരക്കുന്ന രേഷ്മയെ കണ്ടതും ഒരു ചിരി തെളിഞ്ഞു കവിതയിൽ…

അന്നത്തെ ദിവസം രാവിലെത്തെ ചായയ്ക്ക് രേഷ്മയ്ക്കൊപ്പം കിഷോറും വന്നെങ്കിൽ പിന്നീടുള്ള ദിവസങ്ങളിലെല്ലാം സമയാസമയങ്ങളിൽ വീട്ടിൽ വന്ന് അവർക്ക് കഴിക്കാനുള്ള ഭക്ഷണമെടുത്ത് മടങ്ങുന്നത് രേഷ്മയുടെ പതിവായ്…

അതിനൊപ്പം തന്നെ അവളുടെയും കിഷോറിന്റെയും അലക്കാനുള്ള മുഷിഞ്ഞ വസ്ത്രങ്ങൾ വാഷിംഗ് മെഷ്യനരികിൽ കൊണ്ടു പോയിട്ടു തുടങ്ങി രേഷ്മ…

അമ്മ അലക്കി ഉണക്കുന്ന വസ്ത്രങ്ങളും ധരിച്ച് കിഷോറിനൊപ്പം വെറുതെ സമയം ചിലവഴിക്കുന്ന രേഷ്മ മെല്ലെ മെല്ലെ അവളുടെ ആവശ്യങ്ങൾക്കും അനാവശ്യങ്ങൾക്കുമെല്ലാം അമ്മയോട് പണം ആവശ്യപ്പെടാനും കിട്ടാതെ വരുമ്പോൾ കിഷോറിനെ കൊണ്ട് വീട്ടിൽ കലഹം സൃഷ്ടിക്കുന്നതും പതിവായ് തീർന്നു…

കിഷോറിനും ഭാര്യയ്ക്കപ്പുറം ഒരു ലോകമില്ലായെന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചു രേഷ്മ…

“ഇന്നെന്താ കഴിക്കാനൊന്നും ഉണ്ടാക്കിയില്ലേ അമ്മേ..?

പതിവുപോലെ ഭക്ഷണമെടുക്കാനായ് വീട്ടിലെത്തിയ രേഷ്മ തങ്ങൾക്കുള്ള ഭക്ഷണം അവിടെ കാണാതെ വന്നതും അമ്മയോട് തിരക്കിയെങ്കിലും അവളുടെ ചോദ്യത്തിനൊരുത്തരം കിട്ടിയില്ല ആരിൽ നിന്നും…

കുന്നുകൂടി കിടക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളും ഭക്ഷണമില്ലാത്ത അടുക്കളയും രേഷ്മയുടെ ജീവിതത്തിലെ സ്ഥിരം കാഴ്ചകളായ് മാറി തുടങ്ങിയതോടെ കിഷോറിനെ ജോലിക്ക് പറഞ്ഞയക്കാൻ ശ്രമിച്ചു രേഷ്മ…

ജീവിതത്തിലെ കഷ്ടപാടുകളറിയാതെ വളർന്ന കിഷോർ ജോലിക്ക് പോവാൻ മടിച്ചു….

അവരുടെ വാടക വീട്ടിൽ നിന്ന് വഴക്കുകൾ പുറത്തേക്ക് കേൾക്കും വിധം ഉയർന്നു തുടങ്ങിയതറിഞ്ഞിട്ടും കവിതയോ അമ്മയോ അതിലിടപ്പെടുകയോ അന്വോഷിക്കുകയോ ചെയ്തില്ല..

“ചേച്ചി ഞങ്ങൾ ഇങ്ങോട്ടു തന്നെ തിരിച്ചു വന്നു.. ഇത്രയും നല്ലൊരു വീടും നിങ്ങളുമെല്ലാം ഇവിടെ ഉള്ളപ്പോൾ ഞങ്ങളെന്തിനാണ് ആ വാടക വീട്ടിൽ പോയ് കിടക്കുന്നതല്ലേ…?

പതിവുപോലെ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ കവിതയെ കാത്തെന്ന പോലെ പൂമുഖത്ത് നിന്നിരുന്ന രേഷ്മ അവളെ കണ്ടൊരു ചിരിയോടെ പറഞ്ഞതിന് മറുപടിയോ എന്തിനൊരു പുഞ്ചിരി പോലും മടക്കി നൽകിയില്ല കവിത…

ഊണുമേശയ്ക്കരികിൽ തലകുമ്പിട്ട് ആരുടെയും മുഖത്തു നോക്കാതെ കുനിഞ്ഞിരുന്നു രേഷ്മയും കിഷോറും…

” കിഷോർ ഈ വീട് ഇവിടെ ഉള്ളപ്പോൾ മാസം നല്ലൊരു തുക വാടക നൽകി നീ വേറെ താമസിക്കണ്ട, ഈ വീട്ടിലും നിൽക്കണ്ട നിങ്ങൾ..
പുറത്തെ റൂമും ഹാളും ഇടനാഴിയും നിങ്ങളെടുത്തോ താമസിക്കാൻ..

” എന്നിട്ട് നിങ്ങളുടെ ഇഷ്ട്ടത്തിന് വെച്ച് കഴിച്ച് നിങ്ങൾ ആഗ്രഹിക്കുംപ്പോലെ നിങ്ങൾ ജീവിച്ചോ… ഞാനും കവിത മോളും ഞങ്ങൾക്കുള്ളതു കൊണ്ടിവിടെ ജീവിച്ചോളാം… ഒരു അയൽവക്കം ആയിട്ടു പോലും ഞങ്ങളെ കരുതരുത് നിങ്ങൾ… വലിഞ്ഞുകയറി വരികയോ ഞങ്ങളുടെ സാധനങ്ങൾ എടുക്കുകയോ ചെയ്യരുത്.. ഇതെല്ലാം സമ്മതമാണെങ്കിൽ നിങ്ങൾക്കിവിടെ തുടരാം തികച്ചും അപരിചിതരായ്… ”

ഉറച്ച അമ്മയുടെ വാക്കുകൾക്ക് കിഷോറിനെയും രേഷ്മയേയും നാണം കെടുത്താൻ തക്ക ശക്തിയുണ്ടായിരുന്നു… അമ്മ നീട്ടിയ ചാവി വാങ്ങി തങ്ങൾക്കായ് നൽകിയ ഇടത്തിലേക്ക് നടക്കുമ്പോൾ കുനിഞ്ഞു പോയിരുന്നു കിഷോറിന്റെ തല…

അഭിമാനത്തോടെ ആ തല അമ്മയ്ക്കും സഹോദരിയ്ക്കും മുമ്പിൽ ഉയർത്തിപ്പിടിച്ചു നിൽക്കുന്നൊരു കാലം സ്വപ്നം കണ്ടവനു പുറകെ തന്നെ തല താഴ്ത്തി നടന്നു രേഷ്മയും.. ഒരു നല്ല കാലം പ്രതീക്ഷിച്ച്…

RJ