നീ ഇങ്ങനെ നിന്റ പെണ്ണുമ്പിള്ളയുടെ അടിപ്പാടയുടെ ചരടിൽ പിടിച്ചു നടന്നോ.. നീയൊക്കെ എന്റെ വയറ്റിൽ തന്നെ…

(രചന: മഹാ ദേവൻ)

” നീ ഇങ്ങനെ നിന്റ പെണ്ണുമ്പിള്ളയുടെ അടിപ്പാടയുടെ ചരടിൽ പിടിച്ചു നടന്നോ.. നീയൊക്കെ എന്റെ വയറ്റിൽ തന്നെ ആണോ പിറന്നത്. ങ്ങനെ ഒന്നിനും കൊള്ളാത്ത ഒരുത്തൻ. നാണമില്ലെടാ നിനക്ക് ”

അബളോടുള്ള കലിപ്പാണ് അമ്മ തന്നോട് തീർക്കുന്നത് എന്ന് മനസ്സിലായിയെങ്കിലും മറുതൊന്നും പറയാൻ നിന്നില്ല രാഹുൽ.

അമ്മയുടെ ഈ സ്വഭാവം അറിയുന്ന പലരും പറഞ്ഞിട്ടുണ്ട് ” ങ്ങനെ നാണമില്ലാതെ കേട്ട് നിൽക്കാൻ അല്ലാതെ നിനക്ക് തിരിച് ന്തേലും പറഞ്ഞൂടെ “എന്ന്.
“ശരിയാ.. പലപ്പോഴും അത് തോന്നിയിട്ടുണ്ട്. ഒരമ്മയുടെ വായിൽ നിന്ന് കേൾക്കേണ്ടതല്ല കേൾക്കുന്നത് എന്നോർക്കുമ്പോൾ നാവ് തരിക്കാറുണ്ട്.
പക്ഷേ അപ്പോഴൊക്കെ സ്വയം മനസ്സിനെ അടക്കി നിർത്തും.
പറയാൻ എളുപ്പമാണ്. പക്ഷേ പിനീട് അതോർത്തു ദുഃഖിക്കേണ്ട അവസ്ഥ വന്നാൽ.

ഒരിക്കൽ പറഞ്ഞതാണ്..

“അമ്മയ്ക്ക് ന്താ ഇപ്പോൾ പ്രശ്നം. അവൾ വന്നു കയറിയവൾ ആണെന്ന് കരുതി ങ്ങനെ കിടന്ന് കഷ്ടപ്പെടുത്തുന്നത് ന്തിനാ? അമ്മയ്ക്കും ഇല്ലേ രണ്ട് പെണ്മക്കൾ. ”

പറയേണ്ട താമസം. ആ വാക്കുകൾക്ക് നേരെ പുച്ഛത്തോടെ നീട്ടിത്തുപ്പി അമ്മ.

” അവളെ പറഞ്ഞപ്പോ അവന് നൊന്തു. അല്ലേലും അത് അങ്ങനെ ആണല്ലോ. പറഞ്ഞിട്ട് കാര്യമില്ല ”

എന്തൊക്കെ പറഞ്ഞാലും അമ്മയോട് സംസാരിച്ചു ജയിക്കാൻ കഴിയില്ല എന്ന് അറിയാവുന്നത് കൊണ്ട് പിന്നെ മൗനം പാലിക്കും.

അന്ന് ജോലി കഴിഞ്ഞു വീട്ടിലെത്തുമ്പോൾ പതിവില്ലാത്ത സംസാരങ്ങൾ ഉമ്മറത്തു നിന്ന് കേൾക്കാമായിരുന്നു. അപ്പഴേ മനസിലായി പെങ്ങളിൽ ആരോ വന്നിട്ടുണ്ട് എന്ന്.

ഉമ്മറത്തേക്ക് കയറുമ്പോൾ അത്ര നേരം ന്തോ കാര്യമായി സംസാരിച്ചിരുന്ന പെങ്ങൾ പൊട്ടികരഞ്ഞുകൊണ്ട് രാഹുലിന്റെ കയ്യിൽ പിടിച്ചു.

” ന്താ സംഭവം. നീ ങ്ങനെ കരയാതെ കാര്യം പറ ”

അവളുടെ കൈ വിടുവിച്ചുകൊണ്ട് കാര്യം തിരക്കുമ്പോൾ സാരിത്തുമ്പിൽ മൂക്ക് പിഴിഞ്ഞുകൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു
” അതിയാന് എന്നെ കണ്ടൂടാ. അതന്നെ കാര്യം. ഞാൻ ന്തേലും പറഞ്ഞാലും ചെയ്താലും കുറ്റം. എത്ര ആണെന്ന് വെച്ചാ സഹിക്കുക. ”

അവളുടെ സങ്കടം കണ്ടപ്പോ വിഷമം തോന്നിയെങ്കിലും അളിയനെ കുറിച്ച് നന്നായി അറിയാവുന്നതുകൊണ്ട് അവൾ പറഞ്ഞതത്ര വിശ്വസിക്കാനും കഴിഞ്ഞില്ല രാഹുലിന്.

” നീ എന്താടാ ഇതെല്ലാം കേട്ടിട്ട് പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കി നിൽക്കുന്നത്.
അവനിന്ന് ഇവളെ തല്ലിയത്രേ. അവിടുത്തെ ആ തള്ള ഓരോന്ന് ഓതികൊടുത്തു തല്ലിച്ചതാകും.
അവർക്ക് അറിയാം ഇവിടെ നിന്ന് ആരും ചോദിക്കാൻ ചെല്ലില്ല എന്ന്.
ഇവിടെ ഉള്ള ഒരുത്തനു പെണ്ണുംപിള്ളയുടെ വാലിൽ തൂങ്ങി നടക്കാൻ അല്ലെ നേരമുള്ളൂ ”

അതമ്മ ഇടയ്ക്ക് ഒന്ന് കൊട്ടിയത് ആണെന്ന് മനസ്സിലായെങ്കിലും കേട്ട ഭാവം കാണിച്ചില്ല രാഹുൽ.

” നീ എന്തായാലും പോയി വല്ലതും കഴിക്ക്. ഞാൻ അളിയനെ ഒന്ന് വിളിക്കട്ടെ. ആദ്യം കാര്യത്തിന്റെ ഗൗരവം അറിയണമല്ലോ. ”

അതും പറഞ്ഞ് രാഹുൽ അകത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ പിറകിൽ നിന്ന് അമ്മ പറയുന്നുണ്ടായിരുന്നു
” ഓഹ്.. അമ്മയും പെങ്ങളും പറഞ്ഞിട്ട് അവന് വിശ്വാസം വന്നില്ല.. അകത്തിരിക്കുന്നവൾ പറഞ്ഞിട്ടുണ്ടാകും അമ്മയും പെങ്ങളും പറഞ്ഞത് കേൾക്കണ്ടെന്ന്. അവൾ പറയുന്നപോലെ അല്ലെ ഇപ്പോൾ കേൾക്കൂ.. നാശം പിടിച്ചവൻ ”

അതിനൊന്നും ചെവി കൊടുക്കാതെ അവൻ അകത്തേക്ക് പോയപ്പോൾ അമ്മ മകളെ നോക്കിക്കൊണ്ട് പറയുന്നുണ്ടായിരുന്നു
” ഇച്ചിരി നാണം ഉണ്ടെങ്കിൽ നാളെ അവൻ നിന്റ കെട്ടിയോനെ കണ്ട് നാല് പറയും. നോക്കിക്കോ ” എന്ന്.

രാവിലെ നീ റെഡിയാക്, അളിയനെ ഒന്ന് കാണണം, കാര്യം എന്താണെന്ന് ചോദിക്കണമല്ലോ “എന്ന് രാഹുൽ പറയുമ്പോൾ അമ്മ മകളെ ഒന്ന് കണ്ണിറുക്കി കാണിച്ചു.

“ഇപ്പോൾ എങ്ങനെ ഉണ്ടെടി. ഇന്നലെ അങ്ങനെ പറഞ്ഞത് അവന് കൊണ്ടിട്ടുണ്ട്. ഇനി ബാക്കി അവൻ നോക്കിക്കൊള്ളും. നീ നന്നായി അഭിനയിച്ചു കൂടെ നിന്നാൽ മതി. പിന്നെ പറ്റിയാ ആ തള്ളയെ ഒതുക്കാൻ ഉള്ള ന്തേലും വഴിയും കണ്ടെതിക്കോ ”

അമ്മ പറയുന്നത് അക്ഷരം പ്രതി അനുസരിച് രാഹുലിന്റെ കൂടെ ഇറങ്ങുമ്പോൾ അമ്മ പിറകിൽ നിന്ന് ന്തോ ആഗ്യം കാണിക്കുന്നുണ്ടായിരുന്നു അവളോട്.

ദേവൻ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോൾ ആയിരുന്നു രാഹുലിന്റെ കാർ മുറ്റത് വന്നു നിന്നത്. മുന്നിൽ ഭാര്യയെ കൂടെ കണ്ടപ്പോൾ ദേഷ്യം വന്നെങ്കിലും രാഹുലിനെ ഓർത്തു സംയമനം പാലിച്ചു അവൻ.

” അളിയൻ വാ ”

ദേവൻ രാഹുലിനെ അകത്തേക്ക് ക്ഷണിക്കുമ്പോൾ കൂടെ അവളും അകത്തേക്ക് കയറാൻ തുടങ്ങി.

” നീ എങ്ങോട്ടാ… നീ ങ്ങോട്ടിനി കേറണോ വേണ്ടേ എന്ന് ഞാൻ ഒന്ന് ആലോചിക്കട്ടെ.

ദേവന്റെ ദേഷ്യം നിറഞ്ഞ സംസാരം കേട്ടപ്പോ. രാഹുൽ അവളോട് നിൽക്കാൻ ആവശ്യപ്പെട്ടു.

“സത്യത്തിൽ എന്താണ് അളിയാ നിങ്ങള് തമ്മിൽ പ്രശ്നം? എന്നും പ്രശ്നം ആണെന്നോ അളിയൻ അവളെ തല്ലി എന്നോ ഒക്കെ പറയുന്നത് കേട്ടു. ”

രാഹുൽ വളരെ കൂളായിട്ടയായിരുന്നു സംസാരിച്ചത്.

” ശരിയാ ഒന്ന് കൊടുത്തു. പക്ഷേ അതിൽ എനിക്ക് ദുഃഖമുണ്ട്.. തള്ളിയത് ഓർത്തല്ല, ഒന്നല്ലേ കൊടുത്തുള്ളൂ എന്നോർത്ത്.

ഇവൾക്കിവിടെ എന്തിന്റെ കുറവാണ്. എന്തിന്. വായ്ക്ക് രുചിയായി തിന്നാൻ വരെ എന്റെ അമ്മയാണ് ഉണ്ടാക്കി കൊടുക്കുന്നത്. എന്നിട് തിന്ന് വറ്റ് എല്ലിന്റെ ഇടയിൽ കേറുമ്പോൾ ഉള്ള സൂക്കേട് ണ്ടല്ലോ, അതിനാണ് ഒന്ന് കൊടുത്തത്.
എന്റെ അമ്മയാണ് ഇവൾക്കിപ്പ ശത്രു. എവടെ തമ്മിൽ തല്ലിച്ച് രണ്ടാക്കി മാറ്റാൻ വല്യ ഉത്സാഹം ആണ് നിന്റ പെങ്ങൾക്ക്. അതിന് എന്ത് കൊള്ളരുതാത്തതും ചെയ്യും ഇവൾ.”

ദേവന്റെ വാക്കുകൾ. കേട്ടപ്പോ രാഹുൽ പെങ്ങളെ ഒന്ന് പാളി നോക്കി.

“ഈ കാര്യത്തിൽ ഇവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല അളിയാ.. നിങ്ങടെ ഒക്കെ അമ്മയില്ലേ. ന്റെ അമ്മായിഅമ്മ… അവരാണ് ഇതിലെ ശകുനി. അവിടെ നിന്നെ പെങ്കോന്തനെന്ന് പറഞ്ഞ് കളിയാക്കുമ്പോൾ ഇവിടെ എന്നെ അങ്ങനെ ആക്കിഎടുക്കാൻ മകളെ ചട്ടം കെട്ടിയിരിക്കുകയാണ് ആ തള്ള.
അതിന്റെ അന്തിമഫലമാണ് ഈ നടന്നതും. ന്റെ കാര്യങ്ങൾ തീരുമാനിക്കാൻ എനിക്ക് അറിയാം.
ആരുടെയും വാക്ക് കേട്ട് ജീവിക്കാൻ ദേവനെ കിട്ടില്ല. അതിപ്പോ അമ്മ ആയാലും ഭാര്യ ആയാലും. സമാധാനം ഇല്ലെങ്കിൽ അത് ഉണ്ടാകാൻ ഉള്ള വഴി നോക്കും. വിരല് പഴുത്താൽ കൈപ്പതി മുറിക്കേണ്ട ആവശ്യം ഇല്ല. ആ വിരല് കളഞ്ഞാൽ മതി
അത്രേ ഞാനും ചൈയ്ത്‌ള്ളൂ. ”

അളിയൻ പറയുന്നതിന്റെ യാഥാർഥ്യം മനസ്സിലായത്ക്കൊണ്ട് തന്നെ ദേവനോട് തർക്കിക്കാൻ നിന്നില്ല രാഹുൽ.

” കഴിഞ്ഞത് കഴിഞ്ഞു അളിയാ… ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല. അതിനുള്ള വഴി ഞാൻ കണ്ടുവെച്ചിട്ടുണ്ട്. അളിയൻ ഈ തവണ കൂടെ ക്ഷമിക്ക്. ”

രാഹുൽ അത് പറയുമ്പോ പുറത്ത് നിൽക്കുന്ന പെങ്ങളുടെ തല താഴ്ന്നിരുന്നു.

” ഞാൻ പറഞ്ഞല്ലോ അളിയാ… നല്ലതാണേൽ നല്ലത്. കുത്തിത്തിരിപ്പ് മാത്രം പറ്റില്ല.. അമ്മയാണെങ്കിലും ഭാര്യ ആണെങ്കിലും. ”

ആ വാക്കിൽ ഒത്തിരി ചിന്തിക്കാൻ ഉണ്ടായിരുന്നു രാഹുലിന്. എല്ലാം കൊമ്പ്രമൈസ് ആക്കി അവിടെ നിന്ന് ഇറങ്ങുമ്പോൾ അവൻ ഫോൺ എടുത്ത് ഭാര്യയുടെ നമ്പർ ഡയൽ ചെയ്തു.

വീട്ടിലെത്തുമ്പോൾ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു അമ്മ.

” എന്തായി ” എന്ന് ചോദിച്ച അമ്മയോട് എല്ലാം ശരിയാക്കി എന്ന് മാത്രം മറുപടി നൽകി അവൻ അകത്തേക്ക് നടന്നു.

ഉടനെ തന്നെ കയ്യിൽ പെട്ടിയുമായി അവളോടൊപ്പം പുറത്തേക് വരുന്ന രാഹുലിനെ കണ്ടപ്പോൾ പുച്ഛത്തോടെ ആണ് അമ്മ ചോദിച്ചത്
“ഓഹ്.. രണ്ടും കൂടി പെട്ടീമ് പോക്കനോം എടുത്ത് എങ്ങോട് ആണാവോ. ഭാര്യവീട്ടിൽ പൊറുതിക്ക് പോവാണോ ”
അമ്മയുടെ കളിയാക്കൽ കേട്ടപ്പോ അവനൊന്നു ചിരിച്ചു. പിന്നെ പേടിയുമായി അവളോട് കാറിൽ ഇരിക്കാൻ ആവശ്യപ്പെട്ടു.

അവൾ പോയപ്പോൾ പുഞ്ചിരിയോടെ തന്നെ രാഹുൽ അമ്മയ്ക്ക് അരികിൽ എത്തി.

” അമ്മയോട് അവൾ എന്ത് തെറ്റ് ചെയ്തു എന്ന് അറിയില്ല. പക്ഷേ, അവളിവിടെ വന്നു കേറിയ മുതൽ ഞാൻ കേൾക്കുന്നതാ ഈ കുത്തുവാക്ക്.
ഇവിടെ മരുമകളെ ഒതുക്കാൻ നടക്കുന്ന അമ്മ തന്നെ മകളോട് അമ്മായിഅമ്മയെ ഒതുക്കാൻ പറയുന്നത് വലിയൊരു പ്രതിഭാസം ആണ്.
സത്യം പറഞ്ഞാൽ പെങ്ങളുടെ പ്രശ്നം തീർക്കാൻ പോയത് കൊണ്ട് ഒരു കാര്യം എനിക്ക് മനസ്സിലായി.

അളിയൻ പറഞ്ഞതാ…. വിരൽ കേടുവന്നാൽ കൈപ്പതി വെട്ടണ്ട.. ആ വിരലങ് വെട്ടിയാൽ മതി എന്ന്.അതിപ്പോ അമ്മ ആയാലും ഭാര്യ ആയാലും.

അമ്മയ്ക്ക് ഇപ്പോൾ. ഏകദേശം കാര്യങ്ങൾ മനസിലായല്ലോ. ഇല്ലെങ്കിൽ പറയാം. ഞങൾ വേറെ വീട് എടുത്ത് താമസം മാറുകയാണ്. മരുമകളെ മകളെ പോലെ സ്നേഹിക്കുന്ന അമ്മായിഅമ്മയെ ഞാൻ അവിടെ കണ്ടു. ഇവിടെ നേരെ തിരിച്ചും.

ന്തായാലും തിരിച്ചറിവുകൾ ആണ് മനുഷ്യനെ മാറ്റുന്നത്. അങ്ങനെ ഒരു തിരിച്ചറിവ് കൊണ്ട് ന്തേലും മാറ്റം അമയ്ക് ഉണ്ടായാൽ ഞങ്ങടെ അടുത്തേക്ക് വരാം. മകന്റെയും മരുമോളുടെയും അടുത്തേക്ക് അല്ല. മകന്റെയും മകളുടെയും അടുത്തേക്ക്. ”

അത്രയും പറഞ്ഞ് രാഹുൽ കാറിലേക്ക് കയറുമ്പോൾ അമ്മയുടെ കയ്യീലെ ഫോൺ റിങ് ചെയ്യാൻ തുടങി.

അപ്പുറത്ത് മകൾ ആണെന്ന് കണ്ടപ്പോൾ അമ്മ വേഗം ഫോൺ അറ്റന്റെ ചെയ്തു ചെവിയോട് ചേർത്ത്

പിന്നെ പതിയെ ചോദിക്കുന്നുണ്ടായിരുന്നു
“ന്തായി…. ആ തള്ളയെ ഒതുക്കാനുള്ള വഴി കിട്ടിയോ ” എന്ന്..

അതങ്ങനാ…

പട്ടീടെ വല് പന്തീരാണ്ട് കൊല്ലം കുഴലിൽ ഇട്ടാലും………..

✍️ദേവൻ