രചന: Sethu Madhavan
ഏകദേശം മൂന്ന് മാസത്തോളം ആയിരിക്കുന്നു ഞാൻ അയാളുമായി സംസാരിച്ചിട്ട്, എന്റെ ഭർത്താവ് ആയിരുന്ന മനുഷ്യനെ പറ്റിയാണ് ഞാൻ പറയുന്നത്, എന്ന് വെച്ചാൽ അതിനു മുൻപ് ഞങ്ങൾ അതീവ സ്നേഹത്തിലായിരുന്നു എന്നോ എപ്പോഴും സംസാരിക്കുമായിരുന്നു എന്നോ അതിനർത്ഥമില്ല കേട്ടോ.
ചിരിച്ചു കൊണ്ട് മൃദുല തുടർന്നു. വിവാഹമോചനം സ്ത്രീകളിൽ വരുത്തുന്ന മാറ്റങ്ങൾ എന്നാ വിഷയത്തെ കേന്ദ്രീകരിച്ചുള്ള എന്റെ ഗവേഷണത്തിന്റെ ഭാഗമായി പരിചയപ്പെട്ടതായിരുന്നു മൃദുലയെ. വൈവാഹിക ജീവിതം എന്നാ ഇരുണ്ട കാലത്തിൽ നിന്നും വെളിച്ചത്തിലേക്ക് ഇറങ്ങി വന്നത് പോലെ മൃദുലയുടെ മുഖം തെളിഞ്ഞു നിന്നു.
പ്രശ്നങ്ങൾ തുടങ്ങിയിട്ട് മൂന്ന് നാല് വർഷങ്ങൾ ആയി എങ്കിലും ഞങ്ങൾക്കിടയിൽ എന്തോ ഒരു സ്നേഹം നിലനിന്നിരുന്നു, എത്ര വഴക്കിട്ടാലും അയാൾ എന്റെയാണ് എന്നൊരു തോന്നൽ, പിന്നെയെപ്പോഴോ അതെനിക്ക് നഷ്ടപ്പെട്ടു തുടങ്ങി, എന്നെക്കാൾ അയാൾക്ക് പ്രയോരിറ്റി മറ്റു പലരോടും ആണെന്ന് മനസിലായി തുടങ്ങിയപ്പോൾ മുതൽ ഞാൻ അകന്നും തുടങ്ങി. എന്നിട്ടും ഞാൻ അയാളെ സ്നേഹിച്ചിരുന്നു, എന്തുകൊണ്ടെന്നാൽ
മൃദുല ഒരു നിമിഷം മൗനമായി, പിന്നെ ചിരിച്ചുകൊണ്ട് തുടർന്നു
എന്തുകൊണ്ടെന്നാൽ, എനിക്ക് അയാളെ വേണമായിരുന്നു, എന്റേതായിട്ട്, പക്ഷെ പലതും ചൊല്ലിയുള്ള വഴക്കുകൾക്ക് ഇടയിൽ എപ്പോഴോ അയാൾ എന്നെ അതിക്ഷേപിച്ചു തുടങ്ങി, ഒരു ഭർത്താവിൽ നിന്നും ഭാര്യ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വിശേഷണങ്ങൾ, അതും എനിക്കിഷ്ടമില്ലാത്ത അയാളുടെ സൗഹൃദങ്ങളെ ന്യായീകരിക്കുവാൻ വേണ്ടി. എന്നിലെ സ്ത്രീയെ, അവളുടെ ആത്മാഭിമാനത്തെ ഒക്കെയും അയാൾ ചോദ്യം ചെയ്തു.
അത് പറയുമ്പോൾ മൃദുലയുടെ സ്വതവേ വെളുത്ത മുഖം ദേഷ്യത്താൽ ചുവന്നു തുടുത്തു, പുരുഷന്മാരെ മുഴുവനും ചുട്ടു ചാമ്പലാക്കുവാൻ പോന്ന തീയാണ് അവളുടെ മുഖത്ത് എന്നെനിക്ക് തോന്നിപ്പോയി. മുഖം തുടച്ചുകൊണ്ട് മൃദുല തുടർന്നു
പക്ഷെ അയാൾക്കെന്നെ വലിയ ഇഷ്ടമായിരുന്നു, ഓരോ വഴക്കുകൾക്ക് ശേഷവും അയാൾ എന്നോട് ക്ഷമ ചോദിക്കുകയും അനുഭാവ പൂർവ്വം പെരുമാറുകയും ചെയ്യാറുണ്ടായിരുന്നു. പിന്നെപിന്നെ എനിക്കത് ഒരു ഹരമായി മാറി, യാതൊരു ദാക്ഷിണ്യവും ഇല്ലാതെ പെരുമാറുക എന്നതായി എന്റെ ശീലം, എവിടെയൊക്കെ അയാൾ തെറ്റായിരുന്നു എന്ന് തുറന്നു കാണിക്കാൻ പറ്റുമോ അവിടെയെല്ലാം ഞാനത് ചെയ്തു, അയാളുടെ കുറവുകളും കുറ്റങ്ങളും എണ്ണിയെണ്ണി അയാളെ ബോദ്ധ്യപ്പെടുത്തുന്നതിൽ ഞാൻ വിജയിച്ചു. ഇതൊക്കെ ഞാൻ മനഃപൂർവം ചെയ്യുന്നത് ആണെന്ന് അയാളോട് തന്നെ പറയുകയും ചെയ്തു. അയാളെ ഒരു പൂർണ്ണ പരാജിതൻ ആക്കി മാറ്റി.
ഇപ്പോൾ മൃദുലയുടെ കണ്ണുകളിൽ പക എരിയുന്നത് എനിക്ക് കാണാം, ചുണ്ടുകളിൽ വിജയിയുടെ ചിരിയും
ഇപ്പോൾ ഞാൻ ഹാപ്പിയാണ്, ഒന്നുമല്ലാതെ അയാൾ എന്റെ മുന്നിൽ തലയും നിന്ന ആ കാഴ്ച തരുന്ന ലഹരി മതി എനിക്ക് മുന്നോട്ട് ജീവിക്കാൻ, ഇപ്പോൾ ഞാൻ സ്വതന്ത്ര ആണ്, എനിക്കിപ്പോൾ പാട്ട് പാടാം, നൃത്തം ചെയ്യാം, യാത്രകൾ ചെയ്യാം, ഇഷ്ടമുള്ള വേഷം ധരിക്കാം, നോക്കൂ അഞ്ച് വർഷം മുൻപുള്ള എന്നെക്കാൾ സുന്ദരി ആയില്ലേ ഞാൻ ഇപ്പോൾ
ഒരു പഴയ ഫോട്ടോ എന്നിലേക്ക് നീക്കി വെച്ചുകൊണ്ട് മൃദുല ചോദിച്ചു. ശരിയാണ് ഞാൻ മനസ്സിൽ ഓർത്തു. അതംഗീകരിക്കുന്നത് പോലെ ഞാൻ തലയാട്ടുകയും ചെയ്തു. അത് കണ്ടു മൃദുല പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു.
മൂന്ന് മാസങ്ങൾക്കു മുന്നേ അയാൾ എന്നിൽ നിന്നും ഇറങ്ങിപ്പോയി, പരാജയം സമ്മതിച്ചത് കൊണ്ടാണോ അതോ അധികാരവും അവകാശവും ഉണ്ടായിരുന്ന ഒരിടത്ത് ഒന്നുമല്ലാതെ നിൽക്കേണ്ടി വന്നതിന്റെ നിരാശ കൊണ്ടോ,നിങ്ങൾക്ക് എന്ത് തോന്നുന്നു.
ഒരു കേൾവിക്കാരന്റെ റോൾ മാത്രമാണ് എനിക്കുള്ളത് എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ഒന്നും പറയാതെ തിരിഞ്ഞു നടന്നു, മൃദുലയുടെ ഭർത്താവിനെ എനിക്കറിയില്ലെങ്കിലും ആ ചോദ്യത്തിന്റെ ഉത്തരം എനിക്കറിയാമായിരുന്നു, കാരണം ഞാനും ഒരു പുരുഷൻ ആണല്ലോ!