എന്റെ കുടുംബം
(രചന: Ammu Santhosh)
“എവിടെക്കാ പോക്ക്? ഇവിടെ ഞങ്ങൾ പെണ്ണുങ്ങൾ അവസാനം മാത്രേ ഇരിക്കു. ആണുങ്ങൾ ഭക്ഷണം കഴിച്ചു തീർന്നിട്ട് ” ഞാൻ വനജേടത്തിയെ ഒന്ന് നോക്കി. വിവേകിന്റെ അനിയത്തി രേഷ്മ അവിടെ നിൽപ്പുണ്ട്.
അമ്മ ഇതൊന്നും കേൾക്കാത്തത് പോലെ കറികൾ പാത്രത്തിൽ ആക്കി മേശപ്പുറത്ത് വെയ്ക്കുന്നു വിളമ്പി കൊടുക്കുന്നു. . കല്യാണം കഴിഞ്ഞു കഷ്ടിച്ച് ഒരാഴ്ച ആയതേയുള്ളു.
വിവേക് ഇടക്ക് തന്നെ നോക്കുന്നുണ്ട് അപ്പൂപ്പന്റെയും അച്ഛന്റെയും ഏട്ടന്റെയും മുന്നിൽ വെച്ചു തന്നെ വിളിച്ചിരുത്തി ഒപ്പം കഴിപ്പിക്കാൻ ഒരു മടി ഉണ്ട്. മടിയല്ല അത് ഒരു നിസഹായത ആണ്.
ഞാൻ മുറി ഒന്ന് നോക്കി. വലിപ്പം ഉണ്ട് ഒരു മേശ കൂടി ചേർത്ത് ഇട്ടാൽ എല്ലാർക്കും ഒന്നിച്ചു കഴിക്കാം പക്ഷെ ഇത് വർഷങ്ങളായി തുടർന്ന് പോകുന്ന ആചാരങ്ങൾ അല്ലെ?
പെട്ടെന്ന് ഒരു ദിവസം പുതുപ്പെണ്ണു മാറ്റിയാൽ അതിന്റ ക്ഷീണം ആർക്കാ? തല്ക്കാലം ആരും ക്ഷീണിക്കണ്ട. പക്ഷെ എനിക്ക് വിശക്കുന്നുണ്ട്.
ഞാൻ ഒരു ചിരിയോടെ ഒരു പ്ലേറ്റിൽ കുറച്ചു ഭക്ഷണം എടുത്തു വിവേകിന്റെ അരികിൽ പോയിരുന്നു. അച്ഛൻ ഒന്ന് നോക്കിയപ്പോൾ ഞാൻ ചിരിച്ചു
“നല്ല വിശപ്പ്. എന്റെ വീട്ടിൽ കുറച്ചു കൂടി നേരെത്തെ കഴിക്കും. ഇവിടെ പത്തുമണി ആണോ എന്നും? ” അച്ഛൻ ഒന്ന് മൂളി. അപ്പൂപ്പനും എന്നെ നോക്കുന്നുണ്ട്.
“അപ്പൂപ്പന് ഷുഗർ ഒക്കെ ഉള്ളതല്ലേ നേരെത്തെ കഴിച്ചു കിടന്നാൽ ഷുഗർ ലെവൽ ഒക്കെ നോർമൽ ആകും “.. എവിടെയോ വായിച്ചത് കേട്ട് തട്ടിവിട്ടു. അപ്പൂപ്പൻ പഴയ മിലിറ്ററി ആണ്. അമ്മേ എന്തോരു ഗൗരവം..
മീൻ വറുത്തത് മുഴുവൻ ടേബിളിൽ വെച്ചിട്ടുണ്ടായിരുന്നു. ഇനി ഒരെണ്ണം ശേഷിച്ചിട്ടുണ്ട്. അത് വിവേകിന്റെ ചേട്ടൻ എടുക്കും മുന്നേ ഞാൻ എടുത്തു പ്ലേറ്റിൽ വെച്ചു. അങ്ങേരുടെ പ്ലേറ്റിൽ രണ്ടു വലിയ കഷ്ണം ഉണ്ട് എന്നിട്ടും കൈ നീളുവാ. ചുമ്മാതെ അല്ല റീമ കല്ലുങ്കൽ ഒക്കെ ഫെമിനിസ്റ്റ് ആയി പോയത്.
നല്ല കൊതിയുള്ള സാധനം, പെണ്ണ് ആയത് കൊണ്ട് മാത്രം തന്നില്ലെങ്കിൽ ആരും ഫെമിനിസ്റ്റ് ആയി പോകും. വീട്ടിൽ ആയിരുന്നു എങ്കിൽ ഞാൻ എന്റെ ഏട്ടന്റെ തലമണ്ടക്ക് ഒന്ന് കൊടുത്തേനെ. അതെന്താ ആണ്പിള്ളേര്ക്ക് മാത്രം മതിയോ പ്രിവിലേജ്?
അടുക്കളയിൽ ചെന്നപ്പോൾ അമ്മായിയമ്മയുടെയും ചേട്ടത്തിയുടെയും മുഖം വീർത്ത ബലൂൺ പോലുണ്ട്. രേഷ്മ മുറിയിൽ പോയിരിക്കുന്നു.
“നല്ല മീൻ ഫ്രൈ ആയിരുന്നു ചേച്ചി.. തീർന്നു
പോയിട്ടോ ” പറഞ്ഞിട്ട് പ്ലേറ്റുകൾ കഴുകി വെച്ചു ഞാൻ മുറിയിലേക്ക് പോയി വിവേക് എന്തെങ്കിലും ചോദിക്കുമെന്ന് വിചാരിച്ചെങ്കിലും നഹി ഹേ…
ഞാൻ പിറ്റേന്ന് രേഷ്മയുടെ മുറിയിൽ ചെന്നു. എന്നോട് വലിയ അടുപ്പം ഒന്നുമില്ല. ചെറുതായി ചിരി പോലെ എന്തൊ ഒന്ന് ആ മുഖത്ത് വന്നു
“രേഷ്മക്കുട്ടിയുടെ മുടിയുടെ സ്റ്റൈൽ ഒന്ന് മാറ്റട്ടെ. ” ഒരു നമ്പർ ഇട്ടതാണ് ഏറ്റു.
കോളേജ് കഴിഞ്ഞു വെറുതെ നിന്നപ്പോൾ പഠിച്ച ബ്യൂട്ടീഷ്യൻ കോഴ്സ് കൊണ്ട് ഒരു ഗുണം ഉണ്ടായി.
ലയർ കട്ട് ചെയ്തു ഷാംപൂ ചെയ്ത മുടി സത്യത്തിൽ അവളുടെ ഭംഗി ഇരട്ടിപ്പിച്ചു
“ചേച്ചി പൊളി ആണല്ലോ “അവൾ
“എന്നാ എല്ലാരും പറയുന്നേ “ഞാൻ കണ്ണിറുക്കി
“ഇഷ്ടം ആണെങ്കിൽ ഫേഷ്യൽ ചെയ്തു തരാം.. “അടുത്ത നമ്പർ
“അതൊക്കെ അറിയുവോ? ” കൊച്ചിന്റെ കണ്ണ് തള്ളി
“പിന്നല്ല “
ഞാൻ..
“ശ്ശോ.. ഞാൻ ഇത് അമ്മയെ കാണിക്കട്ടെ “അവൾ ഓടി പോയി
“വീട്ടുജോലികൾ ഒന്നും പഠിപ്പിച്ചു തന്നില്ലേ വീട്ടുകാര്? ” ഞാൻ മുരിങ്ങക്കായുടെ അളവ് നോക്കി മുറിക്കുന്നത് കണ്ടു വനജ ചേച്ചി.
“ഓ ഇല്ല ചേച്ചി. പഠിച്ചു കഴിഞ്ഞപ്പോ ഉടനെ അല്ലെ കല്യാണം? ചേച്ചി സൂപ്പർ കുക്കിംഗ് ആണല്ലോ എനിക്ക് കൂടി പറഞ്ഞു തരണേ “ഞാൻ മയത്തിൽ പറഞ്ഞു
ചേച്ചി പൊങ്ങി ഫാനിൽ ചെന്നു പിടിക്കുമോ ആവോ..കുക്കിംഗ് കുത്തുവാക്കുകൾ ഒക്കെ അതോടെ നിന്നു. അമ്മായിഅമ്മ ഇത് കണ്ടു ചെറുതായി ചിരിച്ച പോലെ. കക്ഷിയെ വീഴിക്കാൻ ചെറിയ നമ്പർ ഒന്നും പോരാ.. ഗൗരവക്കാരിയാ . സീരിയസ്.. സീരിയസ്.
അപ്പൂപ്പന്റെ വീക്നെസ് ചെസ്സ് ആണെന്ന് ഞാൻ കണ്ടു പിടിച്ചു കളിക്കാൻ ഒരു കൂട്ട് കിട്ടാതെ വിഷമിച്ചിരിക്കുവായിരുന്നു കക്ഷി. എന്തായാലും ചെസ്സ് കളിക്കാൻ അറിയാവുന്നത് ഭാഗ്യം ആയി. .. ഞങ്ങൾ മച്ചാ മച്ചാ കമ്പനി ആയി.
അച്ഛൻ ഓഫീസിൽ നിന്നു വരുമ്പോൾ ഞാനും വിവേകും മുറ്റത്തുണ്ടായിരുന്നു. വിവേക് എന്റെ കാലിലെ നഖങ്ങളിൽ ചായം പുരട്ടി തരികയായിരുന്നു വിവേക് അവരെ പോലെ അല്ല എന്നെനിക് തോന്നി.
എന്റെ മുടി ചീകി തരാൻ, പൊട്ടു തൊട്ട് തരാൻ ഒക്കെ വിവേകിന് ഇഷ്ടം ആണ്. വിവാഹത്തിന് ശേഷമുള്ള പ്രണയം ഇത്രയും തീവ്രമായ ഒന്നാണെന്നു ഞാനനുഭവിച്ചു അറിയുകയായിരുന്നു
“ഇതൊക്കെ നാട്ടുകാരെ കാണിക്കണോ? വീടിന്റെ അകത്തു വെച്ചു ആകാമല്ലോ “എന്ന് അമ്മ വന്നു പറഞ്ഞപ്പോൾ അത് അച്ഛൻ പറഞ്ഞു കൊടുത്തത് ആണെന്ന് ഞങ്ങൾക്ക് മനസിലായി. വിവേക് എന്നെ ദയനീയമായി ഒന്ന് നോക്കി. ഞങ്ങൾ മുറിക്കുള്ളിലേക്ക് പോരുന്നു.
“ബുട്ടീഷൻ കോഴ്സ് ഒക്കെ പഠിച്ചതാന്നു രേഷ്മ പറഞ്ഞല്ലോ ഉവ്വോ? ” വനജ ചേച്ചിയുടെ ചോദ്യം കേട്ട് ഞാൻ തലയാട്ടി.
“എന്റെ കഴുത്തിനു ചുറ്റുമുള്ള കറുപ്പ് മാറ്റാൻ പറ്റുവോ? “ചേച്ചി ചോദിച്ചു അമ്മ ഇടക്കണ്ണിട്ട് നോക്കുന്നുണ്ട് എല്ലാം കേൾക്കുന്നുമുണ്ട്.
“പിന്നെന്താ? ഒരാഴ്ച കൊണ്ട് റെഡി ആക്കി തരാം “ഞാൻ പറഞ്ഞു
ഒരാഴ്ച കഴിഞ്ഞു നിറം മാറിയപ്പോൾ ചേച്ചി ഹാപ്പി. എന്നോട് പിന്നെ ഭയങ്കര സ്നേഹം. ചേട്ടനും ഞാൻ ചില്ലറ ടിപ്സ് ഒക്കെ പറഞ്ഞു കൊടുത്തു. ഇപ്പൊ അവർ രണ്ടും എന്നോട് നല്ല കൂട്ടായി.
പതിവില്ലാതെ അമ്മ മുറിയിൽ വന്നപ്പോൾ ഞാൻ എഴുനേറ്റു. കല്യാണം കഴിഞ്ഞു രണ്ടു മാസത്തിനിടയിൽ ആദ്യം ആണ് അമ്മ മുറിയിൽ വരുന്നത്
“എന്റെ നെഞ്ചിൽ കല്ലിപ്പ് പോലെ ഒരു… എനിക്ക് ആരോടെങ്കിലും പറയാൻ ഒരു മടി .. വനജക്കാണെങ്കിൽ വലിയ ധൈര്യമൊന്നുമില്ല. നീ ഒന്ന് നോക്കിക്കേ “
ശരിയായിരുന്നു. ഞാൻ തൊട്ട് നോക്കി നാരങ്ങ പോലെ എന്തൊ. എന്റെ ഉള്ളിൽ ഒരു പേടി നിറഞ്ഞു..
“അച്ഛനോട് പറഞ്ഞോ? “ഞാൻ ചോദിച്ചു
“അയ്യോ വേണ്ട.. നമുക്ക് ആരെ എങ്കിലും ഒന്ന് കാണിച്ചാലോ? നല്ല വേദന ഉണ്ട്. അതാണ് “അമ്മ പുഞ്ചിരിച്ചു
എനിക്ക് പരിചയമുള്ള ഗൈനക്കോളജിസ്റ്റ് ശ്രീലക്ഷ്മിയാന്റിയുടെ അടുത്ത് ഞാൻ അമ്മയെ കൊണ്ട് പോയി. ബയോപ്സിക്ക് ശേഷം എന്തെങ്കിലും പറയാം എന്ന് ആന്റി പറഞ്ഞു
ബയോപ്സി റിസൾട്ട് കാത്തു ഇരിക്കുന്ന ദിവസങ്ങളിൽ ഒരു ദിവസം ഞാൻ അച്ഛന്റെ ഓഫീസിൽ ചെന്നു.
എന്നെ കണ്ടു അച്ഛൻ അമ്പരന്നു പോയി ഞാൻ സാവധാനം കാര്യങ്ങൾ അച്ഛനെ പറഞ്ഞു മനസിലാക്കി. റിസൾട്ട് നാളെ ആണെന്നും എന്ത് വന്നാലും ഫേസ് ചെയ്യണം എന്നും പറഞ്ഞു. അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു
ദൈവം കാത്തു.. പേടിച്ച പോലെ ഒന്നുമുണ്ടായില്ല. പക്ഷെ ചെറിയ ഒരു സർജറി വേണ്ടി വന്നു അമ്മക്ക്
ആശുപത്രിയിൽ ഓപ്പറേഷൻ തീയേറ്ററിന് പുറത്തു നിൽക്കുമ്പോൾ അച്ഛൻ എന്റെ അരികിൽ വന്നു
എന്നോട് നന്ദി പറയാൻ തുടങ്ങി യപ്പോൾ ഞാൻ ആ കൈകളിൽ പിടിച്ചു
“അച്ഛനോട് പറയേണ്ടതാണ് അമ്മ എന്നോട് പറഞ്ഞത്. അച്ഛന് സ്നേഹം ഉണ്ടെന്ന് എനിക്ക് അറിയാം. അത് അമ്മയും അറിഞ്ഞിരുന്നു എങ്കിൽ അമ്മ അച്ഛനോട് പറഞ്ഞേനെ ആദ്യംഇത്. “ഞാൻ അച്ഛനോട് പറഞ്ഞു
അച്ഛൻ ദുർബലമായി തലയാട്ടി..
ഇപ്പൊ ഞങ്ങളുടെ വീട്ടിൽ ഭക്ഷണത്തിനു എല്ലാവർക്കും ഒരു സമയം ആണ്.
വിവേകിന് എന്റെ കാലുകളിൽ ചായം പുരട്ടാൻ, മുടി കെട്ടിത്തരാന് ഒക്കെ ചുറ്റും നോക്കേണ്ടതില്ല. ഇഷ്ടം ഉള്ളിടത്തു വെച്ചു അതൊക്കെ ചെയ്യാം.
ഏട്ടത്തിയമ്മ എന്നെ കൊണ്ട് ഫേഷ്യൽ ഒക്കെ ചെയ്യിച്ചു അടിപൊളി ആയി ചേട്ടനൊപ്പം കറങ്ങി നടക്കാനൊക്കെ തുടങ്ങി
രേഷ്മയുടെ കല്യാണം ആലോചിച്ചു തുടങ്ങി. എന്റെ ഏട്ടൻ ഫ്രീ ആണെന്ന് പറഞ്ഞപ്പോൾ ഒരു നാണം അവളുടെ മുഖത്ത്. അവൾ എന്റെ വീട്ടിലോട്ട് പോന്നോട്ടെ അതല്ലേ നല്ലത്.
വേണെങ്കിൽ എനിക്ക് അവിടെ കിട്ടിയ അവഗണനകൾക്ക്, പരിഹാസങ്ങൾക്ക് എതിരെ കലഹിക്കാമായിരുന്നു. എന്റെ വീട്ടിലേക്ക് വഴക്കിട്ടു പോരാമായിരുന്നു അല്ലെങ്കിൽ വിവേകിനൊപ്പം വീട് മാറാമായിരുന്നു.
പക്ഷെ എനിക്ക് ആ കുടുംബം വേണമായിരുന്നു. അവരെ ഇത് പോലെ വേണമായിരുന്നു.
എന്റെ അമ്മ പറയും ചെന്നു കേറുന്ന വീട്ടിലെ ആൾക്കാർ അവരുടെ മനസ്സ് എളുപ്പം തുറന്നു നമ്മെ കയറ്റി ഇരുത്തുകയൊന്നുമില്ല.. ആ വാതിലിന്റ താക്കോൽ നമ്മുടെ കയ്യിൽ ഉണ്ട്. തുറന്നു കയറേണ്ടത് നമ്മളാണ് എന്ന്.അതിനിച്ചിരി തന്ത്രം പ്രയോഗിച്ചാലും കുഴപ്പം ഇല്ല എന്ന്. അത് നല്ലതിനല്ലേ?
സ്നേഹം പുറത്തു കാണിച്ചാൽ ആകാശം ഇടിഞ്ഞു വീഴും എന്ന് വിചാരിച്ചു വെച്ചേക്കുന്നേ ആണുങ്ങളിൽ ഒരാളായിരുന്നു അച്ഛൻ.
എന്റെയും വിവേകിന്റെയും മുടിഞ്ഞ പ്രേമം കണ്ടു അച്ഛന്റെ മനസ്സ് മാറിയെന്ന തോന്നുന്നേ. അച്ഛൻ അമ്മയുടെ കണ്ണിൽ കണ്മഷി എഴുതി കൊടുക്കുന്നത് ഒരു ദിവസം ഞാൻ കണ്ടു
അന്ന് എന്റെ കണ്ണ് നിറഞ്ഞു പോയി. ആ കാഴ്ച ആയിരുന്നു ഞാൻ എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ ഒരു കാഴ്ച..
എനിക്കതായിരുന്നു വേണ്ടതും. എന്റെ കുടുംബം.. അത് എന്റെ ജീവനായിരുന്നു.. എന്റെ കുടുംബം എന്ന് പറയുമ്പോൾ ഞാൻ ജനിച്ചതും ഇപ്പൊ ജീവിക്കുന്നതും എന്റെത് തന്നെ. എന്റെ സ്വന്തം കുടുംബം.
കുടുംബം വിട്ടൊരു കളിക്കും നമ്മളില്ലേ..