(രചന: RJ)
“അച്ഛാ… അച്ഛനിന്ന് ഓട്ടം കഴിഞ്ഞ് നേരത്തെ വരുമോ…?
അതോ വൈകി വരുമോ..?
ഫോണിലൂടെ കേട്ട പൊന്നുവിന്റെ ശബ്ദത്തിൽ അലക്സിലൊരു ചിരി തെളിഞ്ഞു ചുണ്ടിൽ…
അയാൾ പൊന്നൂട്ടി എന്നെഴുതിയ പേരിലൊന്നു തൊട്ടു ഫോൺ കാതോരം ചേർത്തു…
“അച്ഛേ…
കാതിൽ പൊന്നുവിന്റെ നീട്ടിയുള്ള സ്വരം…
“സോപ്പിംഗ് വേണ്ട മോളെ.. കാര്യം പറ… അച്ഛനൊരു ഓട്ടമുണ്ട് നാലു മണിക്ക്..
അലക്സിന്റെ മറുപടി ശബ്ദം കേട്ടതും മറുവശത്തൊരാൾടെ മുഖം വാടിയത് ഫോണിന്റെ ഇങ്ങേ തലയ്ക്കിരുന്നറിഞ്ഞു അലക്സ്..
“അച്ഛേടെ കുട്ടിയ്ക്ക് എന്താ വേണ്ടത്.. ?
അച്ഛ വെറുതെ കള്ളം പറഞ്ഞതാ ഓട്ടമുണ്ടെന്ന്… പൊന്നൂട്ടിയുടെ പിണക്കം കാണാൻ…,,
അലക്സിന്റെ മറുപടിയിൽ മറുവശത്തൊരു ചിരിയുണർന്നത് ഹൃദയം കൊണ്ടറിഞ്ഞയാൾ…
ഫോൺ കട്ട് ചെയ്ത് ഷർട്ടിന്റെ പോക്കറ്റിലിട്ട് അലക്സ് തൊട്ടടുത്ത ഓട്ടോയിലെ ചന്ദ്രേട്ടന്റെ അടുത്തെത്തി.
“ചന്ദ്രേട്ടാ.. ഞാൻ നിർത്തി വീട്ടിൽ പോവാണ്…
എനിയ്ക്ക് നാലു മണിക്ക് രമ ടീച്ചറുടെ ഒരു ഓട്ടമുണ്ട് അവരുടെ തറവാട്ടിലോട്ട്… അത് ചേട്ടൻ പൊക്കോ.. ഞാൻ ടീച്ചറോടു പറയാം…,,
“അതു ഞാൻ പൊക്കോളാടാ… നീ ചെല്ല്… കൊച്ച് തനിയെ അല്ലെ ഉള്ളു…
സീതയും ദേവകിയുമെല്ലാം വരാൻ കുറച്ചു കൂടി വൈകുംന്നാ നേരത്തെ വിളിച്ചപ്പോൾ ദേവകി പറഞ്ഞത്… അതോണ്ട് നീ പൊയ്ക്കോ…
പത്തു പതിനഞ്ചു വയസ്സുള്ള കുട്ടിയാണ്… ഒറ്റയ്ക് വീട്ടിലാക്കി പോന്നത് തന്നെ ശരിയായില്ല..
നീ വിട്ടോ.. ഓട്ടം കഴിഞ്ഞിട്ട് ഞാനങ്ങ് എത്തിയേക്കാം.. ദേവകിയോടും പറഞ്ഞേരെ അവിടെ നിൽക്കാൻ.. ഞാൻ വന്നിട്ട് ഒന്നിച്ച് വീട്ടീപോവാംന്ന് പറഞ്ഞാൽ മതി..
“അതൊക്കെ ഞാൻ പറഞ്ഞോളാം.. എന്നാൽ ശരി ഞാൻ പോയേക്കുവാണേ..
ചന്ദ്രനോട് പറഞ്ഞ് റോഡിലിട്ട് ഓട്ടോയും തിരിച്ചെടുത്ത് അലക്സ് വീട്ടിലേക്ക് വിട്ടു..
“അവനെന്താ ചന്ദ്രേട്ടാ ഓട്ടം നിർത്തി പോയതാണോ…?
സ്റ്റാൻഡിലെ ബസ്സ്റ്റോപ്പിൽ ഇരുന്ന അനീഷ് ചോദ്യവുമായ് അരികിലെത്തിയതും ചന്ദ്രേട്ടന്റെ നോട്ടം അവനു നേരെ കൂർത്തു..
“നിങ്ങളിങ്ങനെ നോക്കി പേടിപ്പിക്കല്ലേ ചന്ദ്രേട്ടാ.. ഞാനൊരു പതിവു കുശലം ചോദിച്ചതല്ലേ..?
വിളറിയ ചിരിയോടെ പറഞ്ഞ് തലചൊറിയുന്നവനെ ഒന്നുകൂടി സൂക്ഷിച്ച് നോക്കി ചന്ദ്രൻ
“ഇതേ പോലൊരു പതിവു കുശലം നീ സീതയോട് ചോദിച്ചതിനല്ലേ അലക്സ് നിന്നെയൊരിക്കൽ കൈവെച്ചത്…?
ചന്ദ്രേട്ടന്റെ ഉറക്കെയുള്ള ചോദ്യത്തിൽ അനീഷിനെ കളിയാക്കും വിധത്തിൽ കൂട്ടച്ചിരി ഉയർന്നു ഓട്ടോസ്റ്റാൻഡിലാകെ…
”സീതേച്ചിയോട് ഇവൻ ചോദിച്ചതിന്റെ പേര് തന്തയ്ക്ക് പിറക്കാഴിക എന്നാണ് അല്ലാതെ കുശലാന്വേഷണം എന്നല്ല…
തന്റെ ഓട്ടോയിൽ നിന്നിറങ്ങി ബഷീറാക്ക കൂടി പറഞ്ഞതും ചമ്മി നാണംകെട്ടൊന്നും മിണ്ടാതെ നിന്നു അനീഷ്….
“എന്റെ പൊന്ന് അനീഷേ.. നിന്റെ വേലത്തരങ്ങൾ മറ്റുള്ളവരുടെ അടുത്ത് എടുക്കും പോലെ അലക്സിന്റെ കുടുംബത്തിലേക്ക് എടുക്കരുത്… എടുത്താൽ മേലും കീഴും നോക്കാതെ പെരുമാറി വിടുമവൻ…അനുഭവം ഉണ്ടല്ലോ അല്ലേ…?
ഓട്ടോസ്റ്റാൻഡിലെ അറിയപ്പെടുന്ന പെൺ വിഷയ വിദ്വാനായ അനീഷിനുള്ള താക്കീതായ് ചന്ദ്രട്ടൻ പറഞ്ഞതും വിളറിയവൻ.ഒപ്പം അലക്സിനെ പോലൊരുത്തന്റെ വീരവാദങ്ങർ കേട്ടതിന്റെ പകയും ആളി അവനിൽ…
”നിങ്ങളിത്ര മാത്രം പുകഴ്ത്താൻ ഈ അലക്സാരാ….?
ഈ നാട്ടിലേക്ക് വന്ന വെറുമൊരു വരത്തൻ…
”പിന്നെയീ അലക്സിന്റെ കുടുംബമെന്ന് പറയുന്നത് മരിച്ചു പോയ മനോജേട്ടന്റെ ഭാര്യ സീതയും, മനോജേട്ടന്റെ തന്നെ മകളായ പൊന്നുവും അല്ലേ… വല്ലവന്റേം ഭാര്യേയും കെട്ടി, ആ പെണ്ണിന്റെ കുട്ടിയേയും ചേർത്തൊരുമ്മിച്ച് താമസിക്കുന്നതിനും പേര് കുടുംബം… ത്ഫൂ…
”എനിയ്ക്കും പിന്നെയീ നാട്ടിലെ പലർക്കും സംശയമുണ്ട് അവനൊരേ സമയം അമ്മേനേം മോളേം വെച്ചോണ്ടിരിയ്ക്കുവാണെന്ന്… പെണ്ണും ചെറുതൊന്നുമല്ലല്ലോ.. പത്തു പതിനഞ്ചു വയസ്സുള്ളൊരു തക്കാളി പോലത്തെ കൊച്ചല്ലേ അവൾ.. ഇവന്റെയൊക്കെ യോഗം… അമ്മയും മോളും അവന്റെ കീഴിൽ….
അനീഷ് പറഞ്ഞു നിർത്തിയതും ചന്ദ്രട്ടന്റെ കാലവന്റെ നെഞ്ചിൽ പതിഞ്ഞു…
“തള്ളയ്ക്ക് പിറക്കാഴിക പറയുന്നോടാ നായേ… നീ കണ്ടും കേട്ടും ശീലിച്ചതും നിനക്ക് പരിചയമുള്ളതുമൊക്കെ നിന്നെ പോലെത്തെ ശിഖണ്ഡികളെ ആവും.. പെണ്ണെന്ന് പറഞ്ഞാൽ പെറ്റ തള്ളയെ പോലും വെറും പെണ്ണായ് കണ്ട് വികാരംമൂക്കും നിനക്കൊക്കെ…
“അലക്സ് നല്ലൊരു തള്ളയ്ക്ക് പിറന്നവനാടാ.. പെണ്ണിനെ തിരിച്ചറിയുന്നവൻ…
” നിന്റെയൊക്കെ തോളിൽ കയ്യിട്ടു നടന്ന മനോജ് മരിച്ചപ്പോൾ നീയൊക്കെ ചിന്തിച്ചത് സീതയ്ക്ക് എങ്ങനെ അന്തിക്കൂട്ട് കൊടുക്കാന്നു മാത്രമാ…
“പക്ഷെ അലക്സുണ്ടല്ലോ അവനാദ്യം സ്വീകരിച്ചത് അന്ന് ആറു വയസ്സ് കഷ്ടി പ്രായമുള്ള പൊന്നുമോളെയാണ്… അവൾക്കച്ഛനും കൂട്ടുക്കാരനും ഒക്കെയായ് മാറിയതിനു ശേഷമാണ് അവൻ സീതയുടെ ഭർത്താവായത്…അവരൊന്നിച്ച് ജീവിയ്ക്കാൻ തുടങ്ങീത്…
“ഒരു കൊച്ചവന് ഉണ്ടാവാഞ്ഞിട്ടല്ല സീത പിന്നീട് പ്രസവിക്കാത്തത് അവന് മകളായും മകനായുമെല്ലാം പൊന്നൂട്ടിയൊരുത്തി മതിയെന്നവൻ തീരുമാനിച്ചതുകൊണ്ടാ..
“ടാപ്പിംഗ് എടുത്തും പശുവിനെ വളർത്തിയും മിച്ചം വരുന്ന സമയം ഓട്ടോ ഓടിച്ചും അവനോരോന്നും കരുതുന്നതവന്റെ പ്രാണനായ ആ കുട്ടിയ്ക്ക് വേണ്ടിയാണ്… അതു കാണുന്ന സ്വപ്നത്തിലേക്കതിനെ എത്തിയ്ക്കാനാണ്..
എന്നിട്ടതിനെയും അവനെയും ചേർത്തനാവശ്യം പറയുന്ന നിന്നെയൊക്കെ പുഴുത്ത പട്ടിയെ തല്ലി കൊല്ലുംപോലെ കൊല്ലണം നായേ…
അനീഷിന്റെ ഷർട്ടിന്റെ കോളറിൽ കൂട്ടി പിടിച്ച് ചന്ദ്രേട്ടൻ പറഞ്ഞഓരോ വാക്കുകളും അലക്സെന്ന മനുഷ്യ സ്നേഹിയെ അറിയുന്നവർക്കെല്ലാം അറിയുന്ന പരമാർത്ഥമായതും നാണക്കേടു കൊണ്ട് കുനിഞ്ഞു നിന്നു അനീഷിന്റെ തല അവർക്കിടയിൽ…
സന്ധ്യ മയങ്ങി രാത്രി പരന്നു തുടങ്ങിയതും ചന്ദ്രേട്ടൻ ഓട്ടം നിർത്തി വീട്ടിലേക്ക് തിരിച്ചു..
അലക്സിന്റെ രണ്ടു വീടിനപ്പുറമാണ് ചന്ദ്രേട്ടന്റെ വീട്…
ചന്ദ്രേട്ടന്റെ ഭാര്യ ദേവകിയും സീതയും അടുത്ത കൂട്ടുകാരാണ്… ഒരു കുടുംബം പോലെ കഴിയുന്നവർ..
ദേവകിയും സീതയും ഒരു ഫങ്ഷനു പോയിട്ടിതു വരെ എത്തിയിട്ടില്ല..
ഓട്ടോ വീട്ടിൽ നിർത്തി ചന്ദ്രേട്ടൻ അലക്സിന്റെ വീട്ടിലേക്ക് മെല്ലെനടന്നു…
വീടിനു കുറച്ചടുത്തെത്തിയപ്പോഴേ അകത്തുനിന്ന് പൊന്നൂട്ടിയുടെ ഉയർന്ന ശബ്ദം ചന്ദ്രട്ടൻ കേട്ടിരുന്നു..
”വിടച്ഛാ… വിട്… പ്ലീസ്…
വേണ്ട അച്ഛാ.. ഒന്ന് വിട്… കൈ എടുക്ക്..
ഉയരുന്ന പൊന്നൂട്ടിയുടെ ശബ്ദവും കേട്ടകത്തേയ്ക്ക് നടന്ന ചന്ദ്രേട്ടൻ ഒന്നു നിന്നു…
അകത്ത് പൊന്നൂട്ടിയെ തന്റെ നെഞ്ചോടു ചേർത്തമർത്തി പിടിച്ചിട്ടുണ്ട് അലക്സ്…
പൊന്നൂട്ടിയുടെ വയറിലൂടെ ചുറ്റി അലക്സ് പിടിച്ച കയ്യിൽ തല്ലിയും നുള്ളിയും അവന്റെ പിടുത്തം വിടുവിക്കാൻ പരമാവധി നോക്കുന്നുണ്ട് പൊന്നു…
ഒന്ന് തിരിഞ്ഞപ്പോഴാണ് അലക്സ് ചന്ദ്രേട്ടനെ കണ്ടത്..
അവന്റെ മുഖത്തൊരു വിജയ ചിരി തെളിഞ്ഞു അപ്പോഴെങ്കിൽ പൊന്നുവിന്റെ മുഖം ദയനീയമായ്..
“ചന്ദ്രേട്ടൻ വന്നോ… കറക്ട് സമയത്താ വരവ്.. ദേ വന്നിവളുടെ ആ യക്ഷി നഖമുളള കൈ രണ്ടും ഒന്ന് പിടിച്ചു വച്ചേ ചന്ദ്രേട്ടാ.. ഞാൻ കുറച്ചു നേരായ് സഹിക്കുന്നു..
അലക്സ് പറഞ്ഞതു കേട്ടൊരു ചിരിയോടെ ചന്ദ്രേട്ടൻ പൊന്നുവിന്റെ കൈ രണ്ടും മുറുകി പിടിച്ചതും അലക്സ് വലം കയ്യിലെ കഷായമവളുടെ വായിലേക്ക് കമിഴ്ത്തി കൂടെ വായും മൂക്കും പൊത്തി പിടിച്ചു…
മരുന്നവൾ ഇറക്കി എന്നു കണ്ടതും വിജയിയെ പോലെ അലക്സ് ചിരിച്ചത്തിൽ ചന്ദ്രേട്ടനും പങ്ക് കൊണ്ടതും അവരോടു പിണങ്ങി എന്നതുപോലെ പൊന്നു അകത്തേക്ക് കയറി പോയ്…
ചന്ദ്രേട്ടനൊരു ചായ എടുക്കാൻ അലക്സ് അടുക്കളയിലേക്ക് നടന്നതും ചന്ദ്രേട്ടൻ പൊന്നുവിന്റെ അടുത്തേയ്ക്ക് പോയ്…
”എന്തിനാ എന്റെ പൊന്നൂട്ടിയെ എന്നും ഈ സമയത്തീ ഒച്ചപ്പാടും ബഹളവും.. ?
മോളുടെ ശരീരം നന്നാവാനും ബുദ്ധി വർദ്ധിക്കാനുമുള്ള ആ കഷായം ഒറ്റ വലിക്ക് കണ്ണടച്ചങ്ങ് കുടിച്ചാൽ പ്രശ്നം തീരില്ലേടാ…
ചോദിച്ചു ചന്ദ്രേട്ടനവളുടെ അടുത്ത് ഇരുന്നതും പൊന്നു അയാളെ നോക്കിയൊന്ന് ചിരിച്ചു…
“വഴക്ക് ഞാൻ മന:പ്പൂർവ്വം ഉണ്ടാക്കുന്നതാണ് ചന്ദ്രമാമ….മരുന്ന് കുടിയ്ക്കാൻ ഞാൻ മടി കാണിച്ചാൽ എന്റെ അച്ഛനെന്നെ കൊഞ്ചിയ്ക്കും ലാളിയ്ക്കും, ആ നെഞ്ചോരം ചേർത്ത് നിർത്തും… എനിക്കതെല്ലാം എന്തോരം ഇഷ്ടാന്നോ… ഞാൻ വല്യ കുട്ടിയായെന്ന് പറഞ്ഞ് അച്ഛഎന്നെ പഴയ പോലെ കൊഞ്ചിക്കുന്നില്ല… അതിനു ഞാൻ കണ്ടെത്തിയ സൂത്രാണ് ഇത്…
“എനിയ്ക്ക് എന്റെഅച്ഛനെ അത്രയും… അത്രയും ഇഷ്ടാ മാമേ… എന്റെ പൊന്നച്ഛനാ അത്..
നിറകണ്ണും നിറചിരിയുമായ് പറയുന്നവളെ നിറഞ്ഞ മനസ്സോടെ നോക്കിയിരുന്നു ചന്ദ്രേട്ടൻ…
തങ്ങൾക്ക് പുറകിൽ പൊന്നുവിന്റെ വാക്കുകൾ കേട്ട് കണ്ണ് തുടയ്ക്കുന്ന അലക്സിനെയും അയാൾ കാണുന്നുണ്ട്…
രക്തബന്ധമില്ലാതെ കർമ്മബന്ധം കൊണ്ടു മാത്രം പരസ്പരം കൂട്ടി ചേർക്കപ്പെട്ട ഒരച്ഛനും മകളും… അവരു ജീവിയ്ക്കട്ടെ സന്തോഷമായ്… അനീഷിനെ പോലുള്ളവരുടെ പുഴുക്കുത്ത് ഏൽക്കാതെ… സന്തോഷമായ്…