(രചന: ഹരിത ദാസ്)
“ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ..ഞാൻ പോകുന്നിടത്തെല്ലാം നിഴൽ പോലെ പിറകെ നടക്കുവാ ന #%റി ”
റെസ്റ്റോറന്റ് ഇൽ നിന്നും ഫുഡ് കഴിക്കുന്നിടെ ആരതി കൂട്ടുകാരികളോട് പറഞ്ഞു.
“ആരാണ ഹതഭാഗ്യൻ ?”
ആകാംഷയോടെ കൂട്ടുകാരികൾ അവളോട് ചിരിച്ചു കൊണ്ട് ചോദിച്ചു
ആരതിയും അവരുടെ കൂടെ ചിരിച്ചു.അവളവനെ അവർക്ക് കാട്ടി കൊടുത്തു. റെസ്റ്റോറന്റിന്റെ ഗ്ലാസ് ചില്ലിലൂടെ പുറത്തു നിന്നും ആരതിയെ നോക്കുന്ന ഒരു എകാന്ത രൂപം.
“അയ്യേ, ഇവനോ?? ആദ്യം ഇവനോട് പോയി കണ്ണാടി നോക്കാൻ പറ ”
കൂട്ടുകാരികൾ അവനെ നോക്കി പരിഹാസ ചിരി ചിരിച്ചു.
“സിനിമയിലെ നായികയെ നായകൻ പിന്തുടർന്ന് വീഴ്ത്തും പോലെ എന്നെ വീഴ്ത്താമെന്ന പാവം കരുതി കാണും ”
“നിനക്കവനൊരു അവസരം കൊടുക്കാമായിരുന്നു പാവം.”
കൂട്ടുകാരികൾ അടക്കിപിടിച്ച ചിരിയോടെ ആരതിയോട് പറഞ്ഞു.
ആരതി അവർക്ക് നേരെ നോക്കി കണ്ണുരുട്ടി.
“ഇവനെ പ്രേമിക്കുന്നതിനെക്കാൾ ഞാൻ വല്ല മല മുകളിൽ നിന്നും താഴെ ചാടുന്നതാ നല്ലത്”
അവരുടെ പരിഹാസ ചിരി റെസ്റ്റോറൻ്റിൽ പ്രതിധ്വനിച്ചു.
” ടി.അവൻ നിന്നെ തന്നെ നോക്കുവാ.. എനിക്ക് എന്തോ പേടി ആവുന്നു. നീ പോലീസിൽ അറിയിക്കുന്നതാ നല്ലത്. അല്ലെ ഇവൻ നിനക്ക് തലവേദനയാവും ”
” ഞാനും ആലോചിക്കുവാ…അവന്റ നോട്ടം ശരിയല്ല ”
അയാളെ ഒരു നോട്ടം നോക്കി തലതിരിച്ചു കൊണ്ട് ആരതി അവരോട് പറഞ്ഞു.
“എങ്കിൽ എന്റെ കസിനാണ് ഇവിടെ ഉള്ള ലേഡി sub ഇൻസ്പെക്ടർ അവരോട് പറയാം ”
അങ്ങനെ കുറച്ചു സമയങ്ങൾക്കകം ഒരു പോലീസ് ജീപ്പ് അവിടെ റെസ്റ്റോറന്റ് ഇൽ വന്നു നിന്നു.
കൂട്ടുകാരികൾ സൂചനകൊടുത്തത് പ്രകാരം രണ്ട് പോലീസ്ക്കാർ അവന്റ അടുത്തേക്ക് പോയി.അത്യാവശ്യം നീളവും തടിയുമുള്ള ലേഡി sub ഇൻസ്പെക്ടർ അവനെയും കൂട്ടി റെസ്റ്റോറന്റ് ന്റെ ഉള്ളിലേക്ക് വരാൻ പറഞ്ഞു.
” കുറച്ചു നേരത്തെക്ക് ഒരു പ്രൈവറ്റ് പ്ലേസ് വേണമായിരുന്നു.. അങ്ങനെ ഇവിടെ സ്ഥലം ഉണ്ടോ? ”
ലേഡി ഓഫീസർ റിസെപ്ഷനിൽ ഉള്ള ആളോട് ചോദിച്ചു.
“ഉണ്ട് മേഡം.. മുകളിലുണ്ട്..”
“വേറെ ആരെയും നിങ്ങൾ ഉള്ളിലേക്ക് കയറ്റരുത് ”
“Take your own time മേം.ആരും അങ്ങോട്ടേക്ക് വരില്ല..
മുകളിലെ വാതിൽ അടച്ച ശേഷം ലേഡി ഓഫീസർ അവിടെ ഒരു സോഫയിൽ ഇരുന്നു. തൊപ്പി ഊരി ടേബിളിൽ വെച്ചു.
“എന്താ മക്കളെ പ്രശ്നം?”
“മാഡം ഇവൻ കുറേയായി ഇവളുടെ പിന്നാലെ നടക്കുന്നു. ഇവളെവിടെ പോയാലും ഇവൻ നിഴൽപോലെ ഇവളുടെ കൂടെ ഉണ്ടാവും.ശല്യം ആയതു കൊണ്ട പോലീസിൽ അറിയിച്ചേ ”
” എന്താ മോനെ നിന്റെ പ്രശ്നം? നീ എന്തിനാ ഇവളുടെ പുറകെ നടക്കുന്നത്? ”
” അത് മേഡം,എനിക്കി കുട്ടിയോടൊരു താല്പര്യം തോന്നി ”
“പിറകെ നടന്നാൽ ഇവൾ നിന്നെ ഇഷ്ടപെടുമെന്ന് ആരാണ് നിന്നോട് പറഞ്ഞെ?”
” ഏയ്യ് ഞാൻ അതിനു വേണ്ടിയൊന്നുമല്ല. ”
“പിന്നെ..?” പിന്നെന്ത് താല്പര്യം?
അവൻ ഒന്നും മിണ്ടിയില്ല.
” സിനിമയിൽ പിറകെ നടന്നു പെണ്ണിനെ വീഴുത്തുന്നത് കണ്ടാണ് നീ ഇവളുടെ പിന്നാലെ നടന്നതെങ്കിൽ.. നീ ഒരു മണ്ടനാണ്. ആ നായകൻമാർ തന്നെയല്ലേ ഹേമ കമ്മിറ്റി റിപ്പോർട്ടിലൊക്കെ പെട്ടത്. സിനിമ വേറെ ജീവിതം വേറെ… നിന്നെ വേണേൽ എനിക്ക് ഇതും പറഞ്ഞ് ഒരു തല്ല് തരാം.. പക്ഷെ ചെയ്യുന്നില്ല. പ്രായത്തിന്റെ പ്രശ്നമാണെന്ന് കരുതി നിന്നെ വെറുതെ വിടുന്നു. നീ ഒന്നോർക്കണം പ്രേമിക്കണമെന്ന് നീ ആഗ്രഹിക്കുന്ന ഈ പെൺകുട്ടിക്ക് നിന്നെ ഇവിടെയുള്ള നിയമം വെച്ച് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നുള്ള ബോധം നിനക്കാദ്യം ഉണ്ടാവണം.പുറം ലോകം കാണില്ല നീ.. മര്യാദക്ക് കുടുംബത്തിന് വേണ്ടി ജീവിക്കാൻ നോക്ക്.. നിന്നക്കിനിയും സമയമുണ്ട്.വേറെ പെണ്ണിനെ കിട്ടാതിരിക്കുകയൊന്നുമില്ല.ഇനി മേലാൽ ഇവളുടെ പിന്നാലെ നീ നടക്കരുത് നടന്നാൽ പിന്നെ നിന്നോട് ഇപ്പോൾ സംസാരിച്ച പോലെയാവില്ല ഞാൻ അങ്ങോട്ട് സംസാരിക്കുന്നത് കേട്ടോ?
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ വാ തുറന്നു.
” ഞാൻ ഒരു ചിത്രം വരച്ചു. ആ ചിത്രത്തിലെ പെൺകുട്ടിയെ ഒരിക്കൽ അവിചാരിതമായി കണ്ടു മുട്ടി.. അവളോട് ആരാധന തോന്നി. ആവൾ പോവും വഴിയേ കാത്തു നിന്നു.. നേരിട്ട് പറയാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നേലും ആ കുട്ടി പോലീസിലോ മറ്റോ അറിയിക്കും എന്ന് എനിക്കറിയാമായിരുന്നു. അപ്പോ പറയാം എന്ന് കരുതി.
അയാൾ കീശയിൽ നിന്നും മടക്കി വെച്ച ഒരു പേപ്പർ എടുത്തു. അത് നിവർത്തി. ലേഡി ഓഫീസർക്ക് കൊടുത്തു.
ആരതിയുടെ മുഖം അയാൾ പെൻസിൽ കൊണ്ട് വരച്ചിരിക്കുന്നു. ഓഫീസർ അത് ആരതിക്ക് നേരെ നിവർത്തി പിടിച്ചു.
ആരതിയും കൂട്ടുകാരികളും ഒന്ന് ഞെട്ടി.
” പ്രണയമൊന്നുമല്ല, ഒരു ആരാധന. എനിക്കറിയാം ഈ കുട്ടി എന്നെ പോലെ ഒരാളെ പ്രണയിക്കില്ലെന്ന്.. എന്റെ പോരായ്മകൾ എനിക്ക് നന്നായി അറിയാം. ഈ ഒരു നിമിഷത്തിനു വേണ്ടിയാണ് ഞാൻ ഇത്ര നാളും കാത്തിരുന്നത്. ഇനി ഞാൻ ഈ കുട്ടിയുടെ പിന്നാലെ നടക്കില്ല.”
“നിനക്ക് എന്തേലും ഇയാളോട് പറയാനുണ്ടോ? ”
ആരതിയോട് ലേഡി ഓഫീസർ ചോദിച്ചു
” ചേട്ടൻ വിഷമിക്കരുത്. ആരായാലും ഇങ്ങനെ പിന്നാലെ നടക്കുന്നത് തെണ്ടിത്തരമാണ് അതെന്തിന്റെ പേരിൽ ആണേലും. Stalking അതനുഭവിക്കുന്ന ആൾക്ക് ഉണ്ടാക്കുന്ന ട്രോമ അത് ചേട്ടന് പറഞ്ഞാൽ മനസ്സിലാവില്ല.ചേട്ടൻ നല്ല ഉദ്ദേശത്തോടെയാവും എന്റെ പിറകെ നടന്നത് സമ്മതിച്ചു. ഇനി ആരുടേയും പിന്നാലെ ഇതുപോലെ നടക്കരുത്. ഒരു സഹതാപവും ചേട്ടനോട് എനിക്ക് തോന്നുന്നില്ല. ഇങ്ങനെ പിന്നാലെ നടക്കുന്ന ധൈര്യം മതിയായിരുന്നല്ലൊ എന്നോട് വന്നിതൊക്കെ പറയാൻ.? ദയവായി ഇനി എന്റെ കണ്മുന്നിൽ വരരുത്. ”
” ഇല്ല, ഒരിക്കലും വരില്ല.”
അയാൾ തല താഴ്ത്തികൊണ്ട് പറഞ്ഞു.
അങ്ങനെ അയാൾ അയാളുടെ വീട്ടിലെത്തി..സുഖമില്ലാതെ കിടക്കുന്ന അമ്മച്ചിക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്ത ശേഷം പോയി കിടന്നു. ഉറക്കത്തിൽ അയാൾ എഴുന്നേറ്റ് ഒരു വലിയ പേപ്പർ റും പെൻസിലുമെടുത്തു എന്തൊക്കെയൊ ആ കടലാസ്സിൽ
വരച്ചു. അയാൾ പാതി മയക്കത്തിലും പാതി ബോധത്തോടെയുമായിരുന്നു വരയ്ക്കുന്നുണ്ടയിരുന്നത്. വര കഴിഞ്ഞപ്പോൾ അയാൾ വീണ്ടും ചുരുണ്ട് കൂടി കട്ടിലിൽ കിടന്നുറങ്ങി. അയാളുടെ മുറിയിൽ നിറയെ അയാൾ വരച്ച ചിത്രങ്ങളായിരുന്നു. മുന്നേ റെസ്റ്റോറന്റ് ഇൽ നടന്ന സംഭവങ്ങൾ പോലും അയാൾ ചിത്രങ്ങളായി മുന്നേ വരച്ചു വച്ചിരിക്കുന്നു. കണ്ടുമുട്ടിയ അതെ മുഖങ്ങൾ തന്നെ ചിത്രങ്ങളിലും.
ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് അയാൾ ആദ്യം നോക്കിയത് ഉറക്കത്തിനിടെ എഴുന്നേറ്റ് വരച്ച ചിത്രത്തിലേക്കായിരുന്നു.
” കിടന്നുറങ്ങുന്ന അയാളുടെ അമ്മച്ചിക്ക് ചുറ്റും മാലാഖമാർ നിൽക്കുന്നു ”
അയാൾ ചാടിപിടഞ്ഞെഴുന്നേറ്റ് അമ്മച്ചിയുടെ മുറിയിലേക്ക് പോയി…
അമ്മച്ചി നല്ല ഉറക്കത്തിയിരുന്നു. അയാൾ അമ്മച്ചിയെ ഒത്തിരി വിളിച്ചു. അവർ എഴുന്നേറ്റില്ല. അയാൾ പൊട്ടി കരഞ്ഞു. അമ്മച്ചിയുടെ തലക്ക് മീതെ ചുവരിൽ മാലാഖമാരുടെ ചിത്രങ്ങൾ അവർ പുഞ്ചിരിച്ചുകൊണ്ട് അമ്മച്ചിയെ നോക്കുന്നു.
അമ്മച്ചിയെ പള്ളിപറമ്പിൽ അടക്കിയ ശേഷം അയാൾ മുറിയിലേക്ക് പോയി വരച്ച ചിത്രങ്ങളും പെൻസിലും പേനയും കടലാസുമെല്ലാം തീയിട്ട് നശിപ്പിച്ചു. ഇനി ഒരു ചിത്രം കൂടി വരയ്ക്കരുത് എന്ന് ദൃഢ നിശ്ചയമുള്ളത് പോലെ.
അയാൾ കട്ടിലിൽ കിടന്നു ഉറക്കത്തിലേക്ക് വീണു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാളുടെ വിരലുകൾ അനങ്ങാൻ തുടങ്ങി. അയാൾ പാതി മയക്കത്തിലും ബോധത്തിലും കട്ടിലിൽ നിന്നും എഴുന്നേറ്റു.അടുക്കളയിലേക്ക് ചെന്നു ഒരു കരിക്കട്ട എടുത്തു മുറിയിലേക്ക് തിരിച്ചു വന്ന ശേഷം ചുവരിൽ ആ കരിക്കട്ട കൊണ്ട് ചിത്രം വരച്ചു.വരയ്ക്ക് ശേഷം കട്ടിലിൽ ചുരുണ്ട് കൂടി കിടന്നു. ഉറക്കം എഴുന്നേറ്റ അയാൾ ഞെട്ടി തരിച്ചു വീട്ടിലെ ചുവരിലേക്ക് നോക്കി.
“ആരതിയുടെയും അയാളുടെയും മിന്നു കെട്ട് ”
“പക്ഷെ എങ്ങനെ?
അയാളുടെ കഥ പിന്നെയും ഉത്തരങ്ങൾ ഇല്ലാതെ തുടരുന്നു…………
ശുഭം.