ആ ടോപ്പ് അഴിച്ച് എനിക്ക് നിന്നെ ഒന്ന് കാണണം.” അത് കേട്ടതും അവൾ ഒന്നു അമ്പരന്നു. “എന്താ അച്ചു നീ പറയുന്നത്..

(രചന: അംബിക ശിവശങ്കരൻ)

“മാളു നീ ഇപ്പോൾ പ്ലസ് ടു ആയതല്ലേ ഉള്ളൂ അപ്പോഴേക്കും ഫോൺ വേണമെന്ന് എന്തിനാ വാശിപിടിക്കുന്നത്?”. തിരക്കിട്ട് ഓഫീസിലേക്ക് ഇറങ്ങാൻ നേരം ആവശ്യവുമായി എത്തിയ മകളോട് വിശ്വൻ ചോദിച്ചു.

“അച്ഛാ അച്ഛന് അത് പറഞ്ഞാൽ മനസ്സിലാവാഞ്ഞിട്ടാ. നിങ്ങൾ ഒന്നും പഠിച്ചപ്പോൾ ഉള്ളതുപോലെയല്ല ഇപ്പോൾ. നോട്ട്സ് എല്ലാം വാട്സ്ആപ്പ് വഴിയാണ് അയക്കുന്നത് അന്നന്ന് അയക്കുന്നത് പകർത്തി പഠിച്ചിട്ട് വേണം പിറ്റേന്ന് ക്ലാസ്സിൽ ചെല്ലാൻ.” അവൾ തന്റെ ഭാഗത്ത് ന്യായമുണ്ടെന്ന മട്ടിൽ നിന്നു.

“അതിനല്ലേ ഞങ്ങൾ രണ്ടുപേരുടെയും കയ്യിൽ ഫോൺ ഉള്ളത് നിനക്ക് അത് ഉപയോഗിക്കാമല്ലോ?”

“അച്ഛനും അമ്മയെ രാവിലെ ഇവിടെ നിന്നും ഇറങ്ങി പോയാൽ പിന്നെ വരുന്നത് വൈകുന്നേരം ആറു മണി കഴിഞ്ഞാണ് അതുവരെ ഞാൻ എന്താ ചെയ്യുക? ഇന്ന് മുതൽ ക്രിസ്മസ് വെക്കേഷനും തുടങ്ങുമല്ലോ കുറെ നോട്സ് അയച്ചു തരാമെന്ന് ടീചേർസ് പറഞ്ഞിട്ടുണ്ട് പകലൊക്കെ ഇവിടെ വെറുതെ ഇരിക്കുന്ന നേരം ഫോൺ ഉണ്ടെങ്കിൽ എനിക്കത് അപ്പപ്പോൾ തന്നെ ക്ലിയർ ചെയ്യാമല്ലോ ഓവർലോഡ് ആവുകയുമില്ല.”

“ഹ്മ്മ്. ഏതായാലും ഞാനൊന്ന് ആലോചിക്കട്ടെ..” അതും പറഞ്ഞയാൾ വണ്ടി സ്റ്റാർട്ട് ആക്കി അപ്പോഴേക്കും അമ്മയും തിരക്കുപിടിച്ച് റെഡിയായി ഓടിവന്ന് വണ്ടിയിൽ കയറി.

” മാളു ഭക്ഷണമെല്ലാം റെഡിയാക്കി ടേബിളിൽ എടുത്തുവച്ചിട്ടുണ്ട് ടിവിയും കണ്ടിരുന്ന് കഴിക്കാൻ മറക്കേണ്ട.. ” എന്നതേയും പോലെ തിരക്കിനിടയിലും അവരത് അവളെ ഓർമിപ്പിച്ചു.

“എന്താ സുമേ മാളു വിടാൻ മട്ടില്ലല്ലോ.. ഫോൺ വേണമെന്ന നിർബന്ധത്തിൽ തന്നെയാണ്. എന്താ തന്റെ അഭിപ്രായം?” യാത്രാമധ്യേ അയാൾ തന്റെ ഭാര്യയോട് ചോദിച്ചു.

“എന്നോടും രണ്ടുദിവസമായി ഇതും പറഞ്ഞു പുറകെ നടക്കുകയാണ്. ആണായിട്ടും പെണ്ണായിട്ടും ഒന്നല്ലേയുള്ളൂ വിശ്വേട്ടാ..വാങ്ങിക്കൊടുത്തേക്ക്.”

അയാൾ ഒരു നിമിഷം മൗനമായി നിന്നു വീണ്ടും തുടർന്നു.

“വാങ്ങി കൊടുക്കുന്നതുകൊണ്ട് അല്ല സുമേ.. പെൺകുട്ടികളുള്ള മാതാപിതാക്കളുടെ നെഞ്ചിലെ തീ എന്താണെന്ന് തന്നോട് ഞാൻ പ്രത്യേകം പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ? മാത്രവുമല്ല ഇന്നത്തെ കാലവും ആണ് ഒരുപാട് കുട്ടികൾ വഴിതെറ്റുന്നതിന്റെ പ്രധാന കാരണം ഈ മൊബൈൽ ഫോണുകളാണ് അത് ഓർക്കുമ്പോഴാണ്…” അയാൾ തന്റെ ഉള്ളിലെ ഭയം പ്രകടിപ്പിച്ചു.

” വിശ്വേട്ടൻ പേടിക്കേണ്ട നമ്മുടെ മോളെ നമുക്ക് അറിയാലോ.. അവൾ തെറ്റായ വഴിയെ സഞ്ചരിക്കില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട് നമ്മുടെ കുട്ടിയെ നമ്മൾ അല്ലാതെ പിന്നെ ആരാ മനസ്സിലാക്കേണ്ടത്? ”

“ഹ്മ്മ്..” അയാൾ മൂളി.

അതേസമയം തന്റെ അച്ഛനും അമ്മയും കൺവെട്ടത്ത് നിന്ന് മറഞ്ഞതും അവൾ ഓടിപ്പോയി ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന പഴയ മോഡൽ നോക്കിയ ഫോൺ എടുത്ത് അച്ചു എന്ന് സേവ് ചെയ്തു വച്ചിരുന്ന നമ്പറിലേക്ക് വിളിച്ചു. അവളുടെ കൂടെ പഠിക്കുന്ന പയ്യനാണ് അക്ഷയ്. കുറച്ചു കാലങ്ങളായി അവർ പ്രണയത്തിലുമാണ് അവൾ അവനെ അച്ചു എന്നാണ് വിളിച്ചിരുന്നത്. മറ്റാരുമറിയാതെ വിളിക്കാനായി അവനാണ് അവൾക്ക് ഫോൺ സമ്മാനിച്ചത്.

“എന്തായി പുതിയ ഫോൺ വാങ്ങുന്ന കാര്യം നിന്റെ പാരന്റ്സിനോട് പറഞ്ഞോ?”

“പറഞ്ഞിട്ടുണ്ട് ഉറപ്പൊന്നുമില്ല. നമുക്ക് സംസാരിക്കാൻ ഈ ഫോൺ തന്നെ ധാരാളമല്ലേ അച്ചു?”

“ആഹ് ബെസ്റ്റ് ഇതാകുമ്പോൾ ശബ്ദം മാത്രമല്ലേ കേൾക്കുകയുള്ളൂ.. ഇനിയിപ്പോൾ കുറച്ചുദിവസം ക്ലാസും ഇല്ല. പുറത്തൊക്കെ കറങ്ങാം എന്ന് പറഞ്ഞാൽ നിനക്ക് ഒടുക്കത്തെ പേടിയും.നമ്മുടെ ക്ലാസിലെ അമലും ഹരിതയും ഒക്കെ എവിടെയൊക്കെയാണെന്നോ കറങ്ങാൻ പോകുന്നത്? ആഹ് അങ്ങനെയാ കാമുകിമാര്.നേരിൽ കാണാൻ കഴിഞ്ഞില്ലേലും ഫോണിലൂടെ എങ്കിലും എനിക്ക് നിന്നെ ഇടയ്ക്ക് കാണണ്ടേ.. അത് ഈ ഫോണിലൂടെ പറ്റുമോ?”

അവനത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി. അവന്റെ ഇഷ്ടങ്ങൾക്ക് ഒത്തു ജീവിക്കാൻ തനിക്കാവുന്നില്ലല്ലോ എന്ന കുറ്റബോധവും. ക്ലാസിലെ പല പെൺകുട്ടികൾക്കും അശ്വിൻ എന്ന അച്ചുവിനോട് ഒരു താല്പര്യം ഉണ്ടെന്ന് അവൾക്കറിയാം എന്നിട്ടും അവൻ തന്നെ സ്നേഹിക്കുമ്പോൾ അവന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും ഒരിക്കലും എതിര് നിൽക്കാൻ പാടില്ല. ഇനി അഥവാ അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ അവൻ തന്നെ ഉപേക്ഷിച്ചു പോകുമോ എന്നൊരു ഭയം അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.. ആ അവസ്ഥ അവൾക്ക് താങ്ങാൻ കഴിയാവുന്നതിലും അപ്പുറമാണ്.

പിന്നീട് ആ സംസാരം മണിക്കൂറുകളോളം നീണ്ടു. അച്ചുവിനോട് എത്ര മണിക്കൂറുകൾ സംസാരിച്ചാലും അവൾക്ക് തെല്ലൊരു മടുപ്പ് പോലും തോന്നിയിരുന്നില്ല. വൈകുന്നേരം അമ്മയും അച്ഛനും വരാൻ സമയമായപ്പോഴേക്കും അവൾ വീണ്ടും മൊബൈൽ ഫോൺ ആരും കാണാത്ത രീതിയിൽ ഒളിപ്പിച്ചുവെച്ചു. സാധാരണ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്താണ് അവർ വരാറുള്ളത് എങ്കിലും പതിവിലും വിപരീതമായി അരമണിക്കൂറോളം കഴിഞ്ഞാണ് അവർ വീട് എത്തിയത്. അച്ഛനോടും അമ്മയോടും പ്രത്യേകിച്ച് ഒന്നും സംസാരിക്കാൻ ഇല്ലാത്തതിനാൽ അവൾ എന്നത്തെയും പോലെ ടിവിയുടെ മുന്നിൽ തന്നെ ഇരുന്നു.

“ദാ..ഇനി ഇത് ഇല്ലാത്തതുകൊണ്ട് എന്റെ മോള് പഠിക്കാതെ ഇരിക്കേണ്ട..” അച്ഛനും അമ്മയും ചേർന്ന് തനിക്ക് നേരെ നീട്ടിയ ഗിഫ്റ്റ് കണ്ട് അവൾ അമ്പരന്നു. രണ്ടുദിവസമായി താൻ പുറകെ നടന്ന് ആവശ്യപ്പെടുന്ന മൊബൈൽ ഫോൺ!. ഇത്ര വേഗം ഇവരിത് സാധിച്ചു തരും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഒരു നിമിഷം അവളെല്ലാം മറന്നു തുള്ളി ചാടി ആ ആനന്ദത്താൽ മതി മറന്ന് അവൾ തന്റെ മാതാപിതാക്കളെ പുണർന്നു. അത് കണ്ടതും അവർക്കും സന്തോഷമായി സത്യത്തിൽ അങ്ങനെയൊരു വാരിപ്പുണരൽ അവർക്കിടയിൽ ഉണ്ടായിരുന്നില്ല.

അവൾ തന്റെ പുതിയ ഫോണിൽ ആദ്യം സേവ് ചെയ്ത പേര് അച്ചു എന്നായിരുന്നു. അതിത്ര ധൈര്യത്തോടെ സേവ് ചെയ്യാനും ഒരു കാരണമുണ്ട് മാളുവിന്റെ ബെസ്റ്റ് ഫ്രണ്ട് അശ്വതിയെയും അവൾ വിളിച്ചിരുന്നത് അച്ചു എന്ന് തന്നെയാണ് അത് വീട്ടുകാർക്കും അറിയാവുന്നതാണ്. അപ്പോൾ പിന്നെ ആ പേര് ഫോണിൽ കണ്ടാലും അശ്വതിയാണെന്ന് വീട്ടുകാർ കരുതുകയുള്ളൂ എന്ന് അവൾക്കറിയാമായിരുന്നു.

അന്ന് അക്ഷയിനെ വിളിച്ച് ഒരു സർപ്രൈസ് കൊടുക്കാൻ അവൾ അക്ഷമയോടെ കാത്തിരുന്നു. ഭക്ഷണം കഴിഞ്ഞ് ഉറങ്ങാനായി അച്ഛനും അമ്മയും മുറിയിലേക്ക് കയറിയതും അവൾ അവളുടെ മുറിയിൽ കയറി വാതിൽ അടച്ച് കുറ്റിയിട്ടു തന്റെ പുതിയ ഫോണിൽ നിന്ന് വീഡിയോ കോൾ ചെയ്തു. പരിചയമില്ലാത്ത നമ്പർ ആയതുകൊണ്ടാവാം ആദ്യത്തെ വട്ടം ട്രൈ ചെയ്തെങ്കിലും അക്ഷയ് എടുത്തില്ല പിന്നീട് ഒന്നുകൂടി വിളിച്ചപ്പോഴാണ് കോൾ കണക്ട് ആയത്.സ്ക്രീനിൽ അവളുടെ മുഖം കണ്ടതും അവനും ഒരുപാട് സന്തോഷമായി.

“ഇത് എപ്പോൾ കിട്ടി പറഞ്ഞില്ലല്ലോ?”

” ഞാനും തീരെ പ്രതീക്ഷിച്ചതല്ല ഇന്ന് വൈകിട്ട് അച്ഛയും അമ്മയും ജോലി കഴിഞ്ഞു വന്നപ്പോൾ സർപ്രൈസ് ആയി കൊണ്ടുവന്നതാണ്.അപ്പോൾ കരുതി നിനക്കും സർപ്രൈസ് തരാമെന്ന്. ”

” ആ അതേതായാലും നന്നായി. ”

അങ്ങനെ ഉറങ്ങാതെ മണിക്കൂറുകളോളം ആ കാൾ നീണ്ടു. സംസാരത്തിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയതാണ് രാവിലെ ഉണർന്നതും അവൾ ചാറ്റ് എല്ലാം ഡിലീറ്റ് ആക്കി. നോർമൽ കോൾ ചെയ്യാൻ ആരും കാണാതെ ഒളിപ്പിച്ചു വച്ചിരുന്ന ഫോൺ ആണ് ഉപയോഗിക്കാറ്. അതാകുമ്പോൾ അച്ഛനും അമ്മയും വിളിക്കുമ്പോൾ കോൾ ബിസി കാണിക്കില്ലല്ലോ…

ഒരു ദിവസം ഫോണിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കവേ അവൻ അവളോട് ഒരു കാര്യം ആവശ്യപ്പെട്ടു.

“ഞാനൊരു കാര്യം ആവശ്യപ്പെട്ടാൽ നീയത് സാധിച്ചു തരുമോ?”

“എന്താണത്? “.അവൾ സംശയത്തോടെ ചോദിച്ചു

“ആ ടോപ്പ് അഴിച്ച് എനിക്ക് നിന്നെ ഒന്ന് കാണണം.”

അത് കേട്ടതും അവൾ ഒന്നു അമ്പരന്നു.

“എന്താ അച്ചു നീ പറയുന്നത്? ഞാൻ അതൊന്നും ചെയ്യില്ല.” മറുതൊന്നു ചിന്തിക്കും മുന്നേ അവൾ പറഞ്ഞു.

“ഓഹോ അപ്പോൾ അത്രയേ ഉള്ളൂ എന്നോടുള്ള സ്നേഹവും വിശ്വാസവും. നിന്നോട് ഞാൻ തുണിയില്ലാത്ത ഫോട്ടോ ഒന്നും അല്ലല്ലോ തരാൻ പറഞ്ഞത് ജസ്റ്റ് പെറ്റിക്കോട്ട് ഇട്ട ഒരു ഫോട്ടോ.ഇന്നത്തെ കാലത്ത് ഗേൾസ് എത്ര മോഡേൺ ആയാണ് നടക്കുന്നത് നിന്നെയും എനിക്ക് അങ്ങനെ കാണാൻ മോഹം തോന്നി. അത് എന്തു കൊണ്ടാണ് നീ എന്റെ പെണ്ണാണ് എന്ന് ഉറപ്പുള്ളതുകൊണ്ട്. പക്ഷേ നീ എന്നെ കാണുന്നത് അങ്ങനെയല്ല ഏതോ സ്ട്രെയിഞ്ചറിനെ പോലെയാണ് മതി ഈ റിലേഷൻ തുടർന്നത്.. എന്നെ വിശ്വാസമില്ലാത്ത ഒരാളെ സ്നേഹിക്കാൻ എനിക്ക് കഴിയില്ല. ഇതിവിടെ വച്ച് സ്റ്റോപ്പ് ചെയ്യാം.”

അതും പറഞ്ഞ് അവൻ ആ കോള് കട്ട് ചെയ്യുമ്പോൾ അവൾക്ക് കരച്ചിൽ വന്നു. തുടരെ തുടരെ അവൾ അവനെ വിളിച്ചു നോക്കിയെങ്കിലും അവൻ കട്ട് ചെയ്തു കൊണ്ടേയിരുന്നു. അശ്വിൻ തന്നെ വിട്ടു പോകുന്നത് അവൾക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ് അവൾക്ക് ഭ്രാന്ത് പിടിക്കും പോലെ തോന്നി. അവനെ വിശ്വാസമില്ലാത്ത പോലെ സംസാരിച്ചതിൽ അവൾക്ക് വിഷമം തോന്നി.ഒടുക്കം മനസ്സില്ല മനസ്സോടെ ആണെങ്കിലും അവൾ തന്റെ ദേഹത്തുനിന്ന് ടോപ്പ് അടർത്തിമാറ്റി ഫോണിൽ ഒന്നോ രണ്ടോ ഫോട്ടോ എടുത്ത് അവന്റെ നമ്പറിലേക്ക് അയച്ചു. അത് അയച്ചതും അവളുടെ ഉള്ളിൽ കുറ്റബോധത്തിന്റെ തിരയടിച്ചു എങ്കിലും അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ കഴിഞ്ഞല്ലോ എന്ന സമാധാനവും ഉണ്ടായിരുന്നു. ഫോട്ടോ അയച്ചു നിമിഷങ്ങൾക്കകം തന്നെ അവന്റെ ഫോൺകോൾ അവളെ തേടിയെത്തി.

“ഓഹ് സെക്സി.. അപ്പോൾ എന്നോട് സ്നേഹം ഉണ്ടല്ലേ..ഏതായാലും ഈ ലുക്കിൽ നിന്നെ കാണാൻ സൂപ്പറായിട്ടുണ്ട് ഞാൻ വിചാരിച്ചതിലും ഗംഭീരം.”

അവൻ തന്റെ ശരീരത്തെ വർണ്ണിക്കുമ്പോൾ അവൾക്കും എവിടെയൊക്കെയോ കുളിരു കോരി. പിന്നീട് അതൊരു സ്ഥിരം പരിപാടിയായി മാറി. അവനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ഇതുതന്നെ വഴി എന്ന് അവൾ വിശ്വസിച്ചു. ആദ്യത്തെ ചമ്മലോ കുറ്റബോധമോ ഒന്നും അവൾക്ക് പിന്നീട് ഉണ്ടായില്ല.

പിന്നീട് കാലങ്ങൾ കുറെ കടന്നുപോയി തങ്ങളുടെ പ്രണയം വീട്ടിൽ അറിയാതെയും അവനെ പിണക്കാതെയും അവളുടെ ദിനങ്ങൾ കടന്നുപോയി. പ്ലസ് ടു ബോർഡ് എക്സാം കഴിഞ്ഞതോടെ പിന്നെ അവർക്ക് പരസ്പരം കാണുവാനുള്ള അവസരങ്ങളും ഇല്ലാതായി.

അന്നൊരു ഞായറാഴ്ചയായിരുന്നു അമ്മ അടുക്കളയിലും അച്ഛൻ ടിവിയുടെ മുന്നിലും ആയിരുന്ന സമയത്താണ് അവൾ മുറിയിൽ അവനോട് ചാറ്റ് ചെയ്തു കൊണ്ടിരുന്നത്.

“ഐ വാണ്ട് യുവർ ന്യൂഡ് പിക്.”അവൻ അത് അയച്ചതും അവൾ ഞെട്ടി.

“വാട്ട്?” അവൾ മറുപടി അയച്ചു.

“യെസ് എനിക്ക് നിന്റെ ബോഡി കാണണം അതും ഡ്രസ്സ് ഒന്നുമില്ലാതെ..” അവൻ മുഖവുര ഒന്നുമില്ലാതെ പറഞ്ഞു.

“ഇല്ല അച്ചു..നീ ഇത്രനാൾ പറഞ്ഞതൊക്കെയും ഞാൻ അനുസരിച്ചു അത് നിന്നെ എനിക്ക് നഷ്ടമാകുമോ എന്ന് ഭയന്നാണ് കാരണം ഞാൻ നിന്നെ അത്രമാത്രം സ്നേഹിച്ചിരുന്നു.ഇനി എന്ത് സംഭവിച്ചാലും സാരമില്ല എനിക്ക് കഴിയില്ല.. എനിക്കിപ്പോൾ മനസ്സിലായി നിനക്ക് എന്നെ അല്ല എന്റെ ശരീരമാണ് വേണ്ടതെന്ന് നടക്കില്ല.. ഇതുമാത്രം നടക്കില്ല.”അവൾ തീർത്തു പറഞ്ഞു.

“ശരി വേണ്ട.. നീ അയക്കേണ്ട.. ഞാൻ നിന്റെ വീട്ടിൽ വരാം നമ്മുടെ ചാറ്റുകളും നീ എനിക്ക് അയച്ച മെസ്സേജുകളും ഫോട്ടോകളും നിന്റെ അച്ഛനും അമ്മയ്ക്കും കാണിച്ചുകൊടുക്കാം. മകളെ ഇങ്ങനെയാണോ വളർത്തുന്നത് എന്ന് ചോദിക്കാം.” അതും പറഞ്ഞ് അവൾ മുന്നേ അവൻ അയച്ച ഫോട്ടോകൾ എല്ലാം അവൻ അവൾക്ക് തന്നെ അയച്ചു കൊടുത്തു.

“യു ചീറ്റ്.. അപ്പോൾ നീയെന്നെ ചതിക്കുകയായിരുന്നല്ലേ? കണ്ട ഉടനെ തന്നെ ഡിലീറ്റ് ആക്കാം എന്ന് പറഞ്ഞല്ലേ നീ……?”

അവൻ ചിരിക്കുന്ന ഈമോജി അവൾക്ക് അയച്ചു.

ദൈവമേ ഇതൊക്കെ അച്ഛനും അമ്മയും അറിഞ്ഞാൽ അവർ പിന്നെ ജീവിച്ചിരിക്കില്ല അവൾക്ക് മനസ്സ് കൈവിട്ടു പോകുന്നതു പോലെ തോന്നി കൈകാലുകൾ വിറക്കുന്നത് പോലെയും.

“ഇത്രനാൾ സ്നേഹിച്ചത് കൊണ്ട് ഞാൻ ഒരു കൺസിഡറേഷൻ തരാം മുഖമില്ലാതെ അയച്ചാൽ മതി. അഞ്ചു മിനിറ്റ് ഞാൻ വെയിറ്റ് ചെയ്യും അത് കഴിഞ്ഞാൽ പിന്നെ…”

അവൾ വേഗം ശരീരത്തിൽ നിന്ന് വസ്ത്രങ്ങൾ വലിച്ചൂരി എങ്ങനെയൊക്കെയോ ഫോട്ടോസ് എടുത്തു. ചെയ്യുന്നതെല്ലാം യാന്ത്രികമായിരുന്നു കണ്ണിൽനിന്ന് കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു എടുത്ത ഫോട്ടോസ് എല്ലാം മാർക്ക് ചെയ്തു അയച്ചപ്പോഴാണ് വലിയൊരു അബദ്ധം പറ്റിയെന്ന് തിരിച്ചറിവ് അവൾക്ക് ഉണ്ടായത്.

‘Achu’ എന്ന നമ്പറിലേക്ക് അയക്കേണ്ടതിന് പകരം’ Acha ‘എന്ന് സേവ് ചെയ്ത നമ്പറിലേക്ക് ആണ് അയച്ചത്. അതായത് തന്റെ നഗ്നശരീരത്തിന്റെ ഫോട്ടോസ് എല്ലാം അയച്ചത് സ്വന്തം അച്ഛനെ തന്നെയാണ്!. അവൾ വേഗം ചാറ്റ് എടുത്ത് അച്ഛൻ കാണും മുന്നേ ഡിലീറ്റ് ആക്കാൻ നോക്കിയതും ആ വെപ്രാളത്തിൽ ‘ഡിലീറ്റ് ഫോർ എവരി വൺ’ എന്ന ഓപ്ഷന് പകരം ‘ഡിലീറ്റ് ഫോർ മി ‘എന്ന ഓപ്ഷൻ ആണ് കൊടുത്തത്.. ‘ദൈവമേ….’ അവൾ ഒരു നിമിഷം നിലത്തു തന്നെ ഇരുന്നു പോയി. ഇനി എന്താണ് ചെയ്യുക?അവൾ തളരുന്ന ദേഹത്തോടെ മെല്ലെ എണീറ്റ് വാതിൽ തുറന്ന് നോക്കി. അച്ഛൻ ഫോൺ നോക്കി കൊണ്ടിരിക്കുകയാണ്.

‘ഈശ്വരാ അച്ഛനെല്ലാം കണ്ടുകഴിഞ്ഞ് കാണും പ്രായപൂർത്തിയായ മകളുടെ നഗ്ന ശരീരം അവളുടെ പക്കൽ നിന്ന് തന്നെ കാണേണ്ടി വന്ന അച്ഛന്റെ മാനസികാവസ്ഥ എന്തായിരിക്കും? അച്ഛൻ ഇപ്പോൾ തന്നെ ഇവിടെ വന്ന് തല്ലിക്കൊന്നേക്കാം.. അവൾ കൈകളിലേക്ക് മുഖം അമർത്തി.. കുറച്ചുകഴിഞ്ഞിട്ടും അച്ഛനെ കാണാതായപ്പോൾ അവൾ വീണ്ടും വാതിൽ മെല്ലെ തുറന്ന് നോക്കി. അച്ഛൻ കരയുകയാണ്. ആ ദൃശ്യം അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു താൻ കാരണം അച്ഛന്റെ കണ്ണീർ വീണിരിക്കുന്നു. അവൾ വീണ്ടും വാതിൽ അടച്ചു.കുറച്ചു കഴിഞ്ഞതും അയാളുടെ നമ്പറിലേക്ക് അവളുടെ ഫോണിൽ നിന്നും വീണ്ടും ഒരു മെസ്സേജ് വന്നു.

‘പ്രിയപ്പെട്ട അച്ഛാ… ഞാൻ പോകുന്നു അച്ഛനെയും അമ്മയെയും കരയിച്ചിട്ട് എനിക്കിനി ജീവിക്കേണ്ട. നിങ്ങളെ നാണം കെടുത്താൻ ഞാനിനി ഈ ഭൂമിയിൽ ഉണ്ടാകില്ല. ആരുമില്ലാതിരുന്നപ്പോൾ എന്നെ കേൾക്കാനും സംസാരിക്കാനും എനിക്ക് അക്ഷയ മാത്രമേ ഉണ്ടായിരുന്നുള്ളൂ അച്ഛാ.. അതുകൊണ്ട് തന്നെ ഞാൻ അവനെ ഒരുപാട് സ്നേഹിച്ചിരുന്നു വിശ്വസിച്ചിരുന്നു.. ഒടുക്കം അവനും എന്നെ ചതിച്ചു അച്ഛാ..അവന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങുകയല്ലാതെ മറ്റു മാർഗ്ഗം എനിക്കില്ലായിരുന്നു. മാപ്പ് പറയാൻ പോലും അർഹത ഇല്ലെന്ന് അറിയാം എങ്കിലും മാപ്പ്… ഞാൻ പോകുന്നു. എന്നോട് ക്ഷമിക്കണം. ”

ആ മെസ്സേജ് വായിച്ചതും അയാൾ ഫോണും നിലത്തേക്കിട്ട് അവളുടെ മുറിക്ക് നേരെ കുതിച്ചു. വാതിലിൽ കുറെ മുട്ടിയെങ്കിലും തുറക്കാതെ ആയപ്പോൾ ഇനി രക്ഷയില്ലെന്ന് അയാൾക്ക് മനസ്സിലായി. അപ്പോഴേക്കും തട്ടും മുട്ടും ബഹളവും കേട്ട് അമ്മയും ഓടിവന്ന് നിലവിളിച്ചു.ഒരുവിധം പരിശ്രമിച്ചു ഡോർ വെട്ടി പൊളിച്ച് അകത്തു കിടക്കുമ്പോൾ ചോരയിൽ കുളിച്ചു ബോധമില്ലാതെ കിടക്കുന്ന മകളെയാണ് കണ്ടത്. ആ ദൃശ്യം അവർക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു.കയ്യിലെ ഞരമ്പ് മുറിച്ചിരിക്കുന്നു. അയാൾ വേഗം ഒരു തുണിയെടുത്ത് അവളുടെ കയ്യിൽ കെട്ടി. അപ്പോഴും അമ്മ തലയിൽ തല്ലി കരയുകയായിരുന്നു. അവളെയും കോരിയെടുത്ത് വണ്ടിയിൽ കയറ്റി നേരെ പാഞ്ഞത് ഹോസ്പിറ്റലിലേക്ക് ആണ്.

” പേടിക്കേണ്ട..ഒരു അഞ്ചു മിനിറ്റ് കൂടി വൈകിയിരുന്നെങ്കിൽ കണ്ടീഷൻ വളരെ മോശമായേനെ.. നിങ്ങൾ കറക്റ്റ് സമയത്താണ് മാളവികയെ ഇവിടെ എത്തിച്ചത്. “ഡോക്ടർ അവരെ ആശ്വസിപ്പിച്ചു.

അവൾക്ക് ബോധം വന്നപ്പോഴും തന്റെ മാതാപിതാക്കളെ നോക്കാനുള്ള മനക്കരുത്ത് അവൾക്കുണ്ടായിരുന്നില്ല.ഹോസ്പിറ്റലിൽ നിന്ന് വരുവോളം ആരും പരസ്പരം തുറന്നു സംസാരിച്ചില്ല.

ഹോസ്പിറ്റലിൽ നിന്ന് വന്നതും അയാൾ അവൾക്ക് നല്ലൊരു കൗൺസിലിംഗ് ഏർപ്പാടാക്കി. രണ്ടാളും ലോങ്ങ് ലീവെടുത്ത് അവളുടെ ഒപ്പം നിന്നു.സത്യത്തിൽ തന്റെ മാതാപിതാക്കളുടെ സ്നേഹം അപ്പോഴാണ് അവൾക്ക് മനസ്സിലായത്.

” അച്ഛാ.. ”
ഒരു ദിവസം തന്റെ അടുത്തിരിക്കുന്ന അയാളുടെ കൈ മുറുകെ പിടിച്ചു കൊണ്ട് അവൾ വിളിച്ചു.

” എന്താ മോളെ? “അവളുടെ മുടിയിഴകളിൽ തലോടി കൊണ്ട് അയാൾ ചോദിച്ചു.

“അച്ഛന് എന്നോട് വെറുപ്പ് തോന്നുന്നില്ലേ?”

“എന്റെ മോളോട് അച്ഛന് എന്തിനാ വെറുപ്പ്? അച്ഛനും അമ്മയും മോളും ഓർക്കാൻ ഇഷ്ടപ്പെടാത്ത അദ്ധ്യായം ആണത് അതിനി ഓർക്കേണ്ട.. ഇനി എന്റെ മോള് നല്ലതുപോലെ പഠിച്ചു വലിയ ഒരാളാകണം അപ്പോഴേ അച്ഛനും അമ്മയ്ക്കും സന്തോഷമാകു..പിന്നെ അക്ഷയ് മോളെ ഇനി ശല്യം ചെയ്യില്ല ഞാൻ അവനെ കണ്ടിരുന്നു. കുട്ടി ആയതുകൊണ്ട് തന്നെ കേസിനൊന്നും പോയില്ല അവനും ഒരു ഭാവി ഉള്ളതല്ലേ.. അവന്റെ വീട്ടുകാരെയും ഞാൻ കണ്ടിരുന്നു എല്ലാം അറിഞ്ഞപ്പോൾ അവരും കുറെ കരഞ്ഞു മാപ്പ് പറഞ്ഞു. അവന്റെ ഫോൺ അവർ തന്നെ വാങ്ങി നിലത്തെറിഞ്ഞു പൊട്ടിച്ചു എന്റെ മുന്നിലിട്ട് അവനെ കുറേ തല്ലി.ഒടുക്കം ഞാൻ പിടിച്ചു മാറ്റിയാണ് വേണ്ടെന്ന് പറഞ്ഞത്. ഇനി അവന്റെ ശല്യം ഉണ്ടാകില്ലെന്ന് അവർ വാക്ക് തന്നിട്ടുണ്ട്. ഇത്രയും പറഞ്ഞത് അവൻ എന്ന പേടിസ്വപ്നം ഇനി എന്റെ മോളെ അലട്ടാതിരിക്കാനാണ്. ”

അയാൾ കൈക്കുമ്പിളിൽ അവളുടെ മുഖം കോരിയെടുത്തു.

“ആണായിട്ടും പെണ്ണായിട്ടും ഞങ്ങൾക്ക് നീയേ ഉള്ളൂ.. ഞങ്ങൾ ജീവിച്ചിരിക്കുമ്പോൾ തമാശയ്ക്ക് പോലും എന്റെ മോളിനി മരണത്തെക്കുറിച്ച് ചിന്തിക്കരുത്. അത് അച്ഛനും അമ്മയ്ക്കും താങ്ങാൻ ആകില്ല. നീയില്ലാതെ ഞങ്ങൾ ആർക്കുവേണ്ടിയാണ് ജീവിക്കേണ്ടത്? എത്ര വലിയ പ്രശ്നമാണെങ്കിലും മോൾ എന്നോട് പറയണം അച്ഛനുണ്ട് നിന്റെ കൂടെ…”

അതു പറഞ്ഞതും സങ്കടം സഹിക്കവയ്യാതെ അവൾ അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു.അന്നേരം അയാൾ പോലും അറിയാതെ അയാളുടെ കണ്ണുകളും തുളുമ്പി കൊണ്ടിരുന്നു.