(രചന: RJ)
മറ്റൊരാൾക്കൊപ്പം ബെഡ്റൂമിൽ ഇവർ കാട്ടിക്കൂട്ടിയതൊക്കെ നേരിട്ട് കണ്ടതാ ഞാൻ
അങ്ങനെയുള്ള ഇവർക്കൊപ്പം പോവാൻ എനിക്ക് സമ്മതമല്ല സാർ .
വിനുവിൻ്റെ ഉറക്കെയുള്ള വാക്കുകൾ നിശ്ചയദാർഢ്യം നിറഞ്ഞതായിരുന്നു.
അതുകേട്ട് പോലീസ് സ്റ്റേഷൻ ഒരു നിമിഷം നിശബ്ദമായി.
” പിടിക്കപ്പെട്ടപ്പോ ഇവള് പറഞ്ഞുകൊടുത്ത കള്ളക്കഥയാ സാറേ ഇതൊക്കെ, എൻ്റെ മോനെ ഇവള് പിടിച്ചു വച്ചിരിക്കുന്നതാ. സൂക്കേട് തീർക്കാൻ എൻ്റെ മോനെ മാത്രമാണോടീ നിനക്ക് കിട്ടിയത്. അത്രയ്ക്ക് മൂത്തിരിക്കുവാണെങ്കില് റോഡിലിറങ്ങി നിക്കടീ ചോരേം നീരുമൊള്ളവൻമാരെ കിട്ടും.
ചൊടിക്കുകയായിരുന്നു വിനുവിൻ്റെ അമ്മ സുമ.
” നിങ്ങളുടെ കുടുംബകാര്യങ്ങള് തീർക്കാനും വായിൽ തോന്നിയത് വിളിച്ചു പറയാനുമുള്ള സ്ഥലമല്ല ഇത്.
കാര്യങ്ങൾ ചോദിച്ചറിയാൻ ഇവിടെ വേണ്ടപ്പെട്ടവരുണ്ട്.
സുമയുടെ ഒച്ചയെടുക്കലിൽ ദേഷ്യപ്പെട്ട് കോൺസ്റ്റബിൾ ശബ്ദമുയർത്തി.
“എൻ്റ സങ്കടം കൊണ്ടാ സാറേ, ഒറ്റ മോനാ എങ്ങനെയെങ്കിലും എനിക്ക് അവനെ തിരിച്ചു തരണേ സാറേ.
എസ് ഐ യുടെ മുൻപിൽ കരഞ്ഞു തൊഴുതു സുമ.
ഇതെല്ലാം കേട്ടിട്ടും ഒരക്ഷരം മിണ്ടാതെ വിനുവിനോടൊപ്പം അവൾ നിൽക്കുന്നുണ്ടായിരുന്നു. കാഞ്ചന.
തൻ്റെ മകൻ ഇരുപത്കാരനായ വിനുവിനെ കാണാനില്ല എന്നും അയൽവക്കക്കാരിയായ കാഞ്ചനയ്ക്കൊപ്പം പോയതായാണ് സംശയമെന്നും കാണിച്ച് രണ്ടു ദിവസം മുൻപേയാണ് സുമ സ്റ്റേഷനിൽ പരാതി നൽകുന്നത്.
അന്വേഷണത്തിൽ വിനു കാഞ്ചനയ്ക്കൊപ്പം പാലക്കാട് താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാര്യങ്ങൾ അറിയാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചതാണ്.
ഭർത്താവ് ഉപേക്ഷിച്ച പെൺമക്കളുള്ള കാഞ്ചന രണ്ട് വർഷത്തോളമായി തൻ്റെ വീടിന് അടുത്താണ് താമസിച്ചിരുന്നതെന്നും
മകനുമായി സൗഹൃദം ഉണ്ടാക്കി ബന്ധം സ്ഥാപിച്ചുവെന്നും നാട്ടിലറിഞ്ഞപ്പോൾ അവനെയും കൂട്ടി ഒളിച്ചോടി പോവുകയായിരുന്നു .
എന്നുമാണ് പരാതി.
” ഇവള് മഹാ പെശകാ സാറേ, കെട്ട്യോനുള്ളപ്പോ തൊട്ടേ ഉള്ളതാ ആണുങ്ങളെ കാണുമ്പോ ഉള്ള ഇളക്കവും കൊഞ്ചലും.
എൻ്റ മോനേം കൈയ്യും കാലും കാട്ടി വശീകരിച്ച് കൂടെ കെടത്തിയതാ അവള്.
ഇവളുടെ ഈ സ്വഭാവം കാരണമാ അയാള് ഇട്ടിട്ട് പോയത്.
പുച്ഛത്തിലായിരുന്നു സുമയുടെ സംസാരം മുഴുവൻ.
” നിൻ്റെ ആരാടീ ഇവൻ ?
മിണ്ടാതെ നിൽക്കുകയായിരുന്ന കാഞ്ചനയെ നോക്കി ശബ്ദമുയർത്തി എസ് ഐ .
” ഇവൻ്റെ അമ്മ പറഞ്ഞത് സത്യമാണോ?
” അല്ല സാറേ, ഞാൻ വിനുനെ നിർബന്ധിച്ച് കൊണ്ടുപോയതല്ല,
അവനായിട്ട് കൂടെ വന്നതാ.
എനിക്ക് എൻ്റെ മക്കള് എങ്ങനാണോ അതുപോലെയാ വിനുവും . തെറ്റായ യാതൊരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല.
ഇവരുടെ തെറ്റ് മറയ്ക്കാനാനുള്ള പറച്ചിലാ ഇതെല്ലാം.
ഇവർക്ക് മറ്റൊരാളുമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു
വിനു പലപ്പോഴും അത് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ അതവൻ നേരിട്ട് കണ്ടതുമാണ്.
കാഞ്ചനയുടെ സ്വരത്തിൽ സങ്കടമുണ്ടായിരുന്നു.
അത് കേട്ടതും വിനുവും ഓർക്കുകയായിരുന്നു ആ ദിവസം. നല്ല മഴക്കാറുള്ളതിനാൽ കുറച്ച് നേരത്തെയാണ് വീട്ടിലെത്തിയത്.
അച്ഛന് വിദേശത്തായതുകൊണ്ടും അനിയത്തി സ്കൂൾ ടൂറിന് പോയിരുന്നതിനാലും അമ്മ ഒറ്റയ്ക്കല്ലേ ഉള്ളൂ എന്ന് കരുതി.
വീട് ടൗണിൽ നിന്ന് അകന്ന്മാറിയ സ്ഥലത്തായതിനാൽ ഒരു പാട് ആളുകളൊന്നും താമസമില്ല. അതുകൊണ്ട് തന്നെ സാധാരണ മുൻവശത്തെ ഡോറ് ചാരുകയാണ് പതിവ്.
അന്ന് പക്ഷേ ഡോർ ലോക്കായിരുന്നു. കുറേ വിളിച്ചിട്ടും കേൾക്കാതായപ്പോൾ പിൻവശത്ത് ചെന്നു ആ ഡോറും അടച്ചിരുന്നു.
എവിടെയെങ്കിലും പോയതാവാം എന്ന് ആദ്യം കരുതിയെങ്കിലും ചെരിപ്പ് പുറത്തുണ്ടായിരുന്നതും അകത്തു നിന്നും ഡോറ് കുറ്റിയിട്ടിരിക്കുന്നതും കണ്ട് സംശയം തോന്നിയാണ് അമ്മയുടെ റൂമിൻ്റെ ജനാലയ്ക്കരികിൽ എത്തി തുറന്നത്.
അകത്തു കണ്ട കാഴ്ച.
കട്ടിലിൽ വസ്ത്രങ്ങളൊന്നുമില്ലാതെ ഏതോ ഒരാളുടെ ദേഹത്ത്
വികാരങ്ങൾ തീർക്കുന്ന
അമ്മ. കെട്ടിമറിഞ്ഞ് പിടഞ്ഞുയരുന്ന ശബ്ദങ്ങളിൽ താൻ വിളിച്ചതും വന്നതും അവരറിഞ്ഞിരുന്നില്ല.
ഒറ്റ നോട്ടമേ നോക്കിയുള്ളൂ… ചങ്കുലഞ്ഞ് നീർകെട്ടിയ കണ്ണുകളുമായി തിരിഞ്ഞു നടക്കുമ്പോഴും രണ്ട് നാൾ വീട്ടിൽ കയറാതെ നടന്നപ്പോഴും താങ്ങായത് കാഞ്ചനേച്ചിയായിരുന്നു.
പലപ്പോഴും അവിടെ പലരും വന്ന് പോകാറുണ്ട് എന്നും പറയാനുള്ള മടി കൊണ്ടാണ് അറിയിക്കാത്തതെന്നും പറഞ്ഞപ്പോൾ നിലവിട്ട് പോവുകയായിരുന്നു മനസ്സ്.
അത് തിരിച്ചറിഞ്ഞ് കാഞ്ചനേച്ചിയുടെ മക്കളായ പൊന്നുവിനും ചിന്നുവിനുമൊപ്പം വിളമ്പിതന്ന് ഒരു മകനെപ്പോലെ കൂടെ കൂട്ടി.
ഒരു മകൻ കാണാനൊരിക്കലുമാഗ്രഹിക്കാത്ത കാര്യങ്ങൾ മറന്നു കളയണമെന്നും അനിയത്തിയുടെ കാര്യമോർത്ത് അമ്മയോട് അതെ കുറിച്ച് ചോദിക്കരുതെന്നും കാഞ്ചനേച്ചി തന്നെയാണ് ആവശ്യപ്പെട്ടത്.
പിന്നീടങ്ങോട്ട് കാഞ്ചനേച്ചിയായിരുന്നു തനിക്കമ്മ. പക്ഷേ ആ ബന്ധത്തിന് മറ്റൊരർത്ഥമാണ് പ്രസവിച്ച സ്ത്രീയെന്ന് പറയുന്നവർ നൽകിയത്.
നാട്ടുകാർക്ക് മുന്നിൽ വച്ച് അസഭ്യം പറഞ്ഞും തെറി വിളിച്ചും കാഞ്ചനേച്ചിയുടേയും തൻ്റെയും ബന്ധത്തെ മോശമാക്കി മാറ്റി.
തങ്ങൾ തമ്മിൽ അവിഹിത ബന്ധം സ്ഥാപിച്ചെടുത്തപ്പോൾ അതിനെ മറയാക്കി ആ സ്ത്രീ തൻ്റെ കാമം തീർത്തു പോന്നു.
സംശയങ്ങൾ ശരിവയ്ക്കുന്ന കാഴ്ചകൾ പതിവായപ്പോൾ വീട്ടിൽ നിന്നുമിറങ്ങുകയായിരുന്നു. അതേ സമയം തന്നെയാണ് കാഞ്ചനേച്ചിക്കും പാലക്കാടൊരു ജോലി ശരിയാവുന്നത്.
ഇനിയും ഇവിടെ നിൽക്കാനാവില്ല
കൂടെ വരുന്നു എന്ന് പറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞ് തടഞ്ഞതാണ്. കാരണം നാട്ടിലെ സംസാരം ശരിവയ്ക്കുന്നതാവുമെന്ന ഭയമായിരുന്നു.
പക്ഷേ, തൻ്റെ നിർബന്ധത്തിന് വഴങ്ങി കൂടെ കൂട്ടുകയായിരുന്നു.
“എൻ്റെ മോനെം പിടിച്ച് വച്ച് സുഖിച്ചിട്ട് അവള് ന്യായം പറയുവാ സാറേ, എനിക്കെൻ്റെ മോനെ വേണം.
നൊന്ത് പെറ്റ വയറിനേ ദെണ്ണമറിയൂ അല്ലാതെ കണ്ടവൻ്റെ കൂടെയെല്ലാം കെടക്കുന്നവൾക്ക് എന്തറിയാനാ
കള്ളക്കണ്ണീരൊഴുക്കുകയായിരുന്നു സുമ.
” നിങ്ങളിങ്ങനെ ഒച്ച വച്ചിട്ട് കാര്യമില്ല, ഇത് പോലീസ് സ്റ്റേഷനാണ്.
വിനു മേജറാണ് സ്വന്തം കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഉണ്ട്.
വിനുവിൻ്റെ തീരുമാനം എന്താണോ അതനുസരിച്ചേ കാര്യങ്ങൾ നടക്കൂ.
എസ് ഐ അവരെ നോക്കി പറഞ്ഞു.
” വിനു എന്ത് പറയുന്നു അമ്മയ്ക്കൊപ്പം പോവുകയാണോ?
എസ് ഐ യുടെ ചോദ്യം വിനുവിനോടായിരുന്നു.
ഒരു നിമിഷം സുമയെ ഒന്ന് നോക്കി വിനു .
” പ്രസവിച്ച് നോക്കി വളർത്തി എന്നത്കൊണ്ട് മാത്രം ഒരു സ്ത്രീ അമ്മയാവില്ല. നല്ല വാക്കുകളും ചിന്തകളും പകർന്ന് നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നവളാണമ്മ.
അമ്മ എന്ന വാക്കിന് ഒരു പവിത്രതയുണ്ട്.
പ്രായപൂർത്തിയായ മക്കൾ ഉണ്ട് എന്നോർക്കാതെ സ്വന്തം ഭർത്താവിനെയും വഞ്ചിച്ച് തരം കിട്ടിയാൽ മറ്റൊരാളെ മുറിയിൽ വിളിച്ചു കയറ്റി കാമക്കൂത്തുകൾ നടത്തുന്ന ഇവരെ പോലൊരാൾക്ക് ആ പദം ചേരില്ല , ഇവരെൻ്റെ അമ്മയാണ് എന്ന് പറയാൻ തന്നെ എനിക്കറപ്പാണ്…
എൻ്റെ അമ്മ ദാ ഇതാണ്,
പ്രസവിച്ച് പാലൂട്ടാതെ, രക്തബന്ധമില്ലാതെ സങ്കടങ്ങളിൽ താങ്ങാവുന്ന അമ്മ.. എനിക്കിവരെ മതി അമ്മയായിട്ട്…
മറ്റുള്ളവർക്ക് ഞങ്ങളുടെ ബന്ധം വഴിവിട്ടതായി തോന്നാം അത് അവരുടെ കാഴ്ചപ്പാടിൻ്റെയാണ് അവരുടെ മാത്രമല്ല ഈ സമൂഹത്തിൻ്റേയും.
ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ അവിടെ അവിഹിതമാണ് എന്ന് കരുതുന്നവർക്ക് ഏതു ബന്ധവും അങ്ങനയേ തോന്നൂ.
എനിക്ക് കാഞ്ചനാമ്മ മതി, അവർക്കൊപ്പം താമസിക്കാനാണ് എൻ്റെ തീരുമാനം.
ഉറച്ചതായിരുന്നു വിനുവിൻ്റെയാ വാക്കുകൾ.
സുമയുടെ എണ്ണിപ്പറയലുകൾക്കും ശാപവാക്കുകൾക്കും ചെവി കൊടുക്കാതെ
രേഖാമൂലം എഴുതി നൽകി സ്റ്റേഷനിൽ നിന്ന് ഇറങ്ങുമ്പോൾ കാഞ്ചനയുടെ കണ്ണുകൾ നിറത്തിരുന്നു.
അതറിഞ്ഞിട്ടെന്ന പോലെ അവളെ ചേർത്തുപിടിച്ചിരുന്നു വിനുവിൻ്റെ കൈകൾ. ഇനിയൊരിക്കലും ആ കണ്ണുകൾ നിറയില്ല എന്നുറപ്പിച്ച്…