(രചന: ശ്രീജിത്ത് ഇരവിൽ)
ഫ്ലാറ്റിൽ നിന്ന് ഇറങ്ങുമ്പോൾ നാളെ പോയാൽ പോരേയെന്ന് ഹിന്ദിയിൽ സോഫിയ ചോദിച്ചിരുന്നു. ഞാൻ സമ്മതിച്ചില്ല. മറ്റാരെയും കിട്ടാത്തത് കൊണ്ടല്ല നിന്നെ വിളിക്കുന്നതെന്ന് പോകാൻ നേരം അവൾ പറഞ്ഞു. മനസ്സെന്ന് പറയുന്നത് ഇല്ലാത്തവനാണ് നീയെന്നും സോഫിയ ചേർത്തു. ആ പ്രസ്‍താവനയോടും ചിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ…
പ്രായം നാൽപ്പത് കഴിഞ്ഞെങ്കിലും മുംബൈ നഗരത്തിലെ സ്ത്രീകൾക്കും പുരുഷൻമ്മാർക്കും ഒരുപോലെ എന്നെ വേണം. ലക്ഷണമൊത്തവനാണ് ഞാനെന്ന് തന്നെ കരുതൂ… എനിക്ക് കൂടി ഇഷ്ടപ്പെട്ടാലേ ഞാൻ പോകുകയുള്ളൂ. ആവിശ്യപ്പെടുന്ന പണം കിട്ടുമ്പോൾ എന്തിന് പോകാതിരിക്കണമല്ലേ…
പണ്ട്, സ്ഥിതി ഇങ്ങനെ ആയിരുന്നില്ല. ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത പലരുമായും എനിക്ക് ലൈംഗീക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്. അതിൽ, പാൻപരാഗ് ചവച്ച് കെട്ട് പോയ പല്ലുമായൊരു മറാത്തിക്കാരന്റെ മുഖമുണ്ട്. ഒരുകാലത്തും മറക്കാൻ പറ്റാത്ത വേദന സമ്മാനിച്ച നരച്ച മനുഷ്യൻ. അറപ്പുളവാക്കുന്ന ആ രംഗം ഇന്നും ഞാൻ ഓർത്തിരുപ്പുണ്ടെങ്കിൽ ആലോചിച്ചു നോക്കൂ… ഒരു പതിനാറുകാരനെ അയാൾ എന്തൊക്കെ ചെയ്തിരിക്കാമെന്ന്…
തീവണ്ടിയിൽ നിന്നാണ് ആ മാറാത്തിക്കാരന് എന്നെ കിട്ടുന്നത്. ഓർത്തെടുക്കാൻ ശ്രമിച്ചാൽ ഓമനിക്കപ്പെടാത്ത ചില ഓർമ്മകൾ മാത്രമേ പശ്ചാത്തലത്തിലുള്ളൂ.. എന്നെങ്കിലും കയറി വരുന്ന അച്ഛന്റെ മുഖം പാടെ മറന്നിരിക്കുന്നു. ആ അച്ഛനോടുള്ള സകല ദേഷ്യവും എന്നോട് തീർക്കുന്ന അമ്മയെ ഇപ്പോഴും ഓർമ്മയുണ്ട്.
‘അച്ഛനും മോനും കൂടി എന്റെ ജീവിതം നശിപ്പിച്ചു… നീയൊന്നും ഇല്ലായിരുന്നുവെങ്കിൽ സുഖമായി കഴിഞ്ഞേനെ…’
ഏതോയൊരു സന്ദർഭത്തിൽ അമ്മയൊരിക്കൽ പറഞ്ഞതാണ്. കരഞ്ഞ് കരഞ്ഞ് എങ്ങോട്ടേക്കെന്നില്ലാതെ ഞാൻ നടന്നു. സ്കൂൾ ഗേറ്റിനരികിൽ എത്തുമ്പോഴാണ് ബന്ധുവായ ഒരു മനുഷ്യൻ എന്റെ കൈയ്യിൽ പിടിക്കുന്നത്. തന്റെ വീട്ടിലേക്ക് അയാൾ എന്നെ കൊണ്ട് പോകുകയും ചെയ്തു. അന്നതൊരു ആശ്വാസമായിരുന്നു. പക്ഷെ, നാളുകൾക്കുള്ളിൽ തന്നെ എനിക്ക് അവിടെ നിന്ന് രക്ഷപ്പെടേണ്ടി വന്നു.
എന്തുകൊണ്ടാണ് ഇറങ്ങിപ്പോയതെന്ന് ചോദിച്ചാൽ ഇന്ന് എനിക്കതൊരു തമാശയാണ്. പക്ഷെ, അന്നത്തെ പ്രായം ശരിക്കും പേടിച്ച് പോയി. മറ്റാരും വീട്ടിലില്ലാത്ത ഒരുനാളിൽ ആ ബന്ധുവിന്റെ മറ്റൊരു മുഖം ഞാൻ കണ്ടു. നേരിയ ബലത്തോടെ എന്നെ നിയന്ത്രിച്ചപ്പോൾ കണ്ടതിൽ പലതും ഞാൻ കൊണ്ടു. ഇതൊക്കെ ഇങ്ങനെ ചിരിച്ച് തള്ളണമെങ്കിൽ, പിന്നീട് എത്തിപ്പെട്ട ബാലമന്ദിരത്തിലെ ഓർമ്മകൾ കനലോളം പൊള്ളുന്നതായിരുന്നു. അവിടെ വർഷങ്ങളോളം പലരാൽ ഞാൻ ഉപയോഗിക്കപ്പെട്ടു. അതിൽ, ഹോസ്റ്റൽ വൃത്തിയാക്കാൻ വരുന്നയൊരു കന്നഡക്കാരിയുമുണ്ട്. ആ സ്ത്രീക്കും മദ്യത്തിനും ഒരേ മണമായിരുന്നു…
ഏതോയൊരു തക്കത്തിൽ അവിടെ നിന്നും രക്ഷപ്പെട്ട എന്റെ ജീവിതം തീവണ്ടികളിൽ അഭയം പ്രാപിച്ചു. പതിയേ, കൈ നീട്ടി തെണ്ടാൻ പഠിച്ചു. അന്ന്, എനിക്ക് മീശ കിളിർക്കുന്നതേയുള്ളൂ…
ആ കാലങ്ങളിൽ എപ്പോഴോ ആണ് ആ മാറാത്തിക്കാരന്റെ കൈയ്യിൽ ഞാൻ പെടുന്നത്. അയാൾ എന്നെ ഉപയോഗിച്ച് പണം കണ്ടെത്താൻ തുടങ്ങി. ഈ ലോകം രതി വൈകൃതങ്ങൾ കൊണ്ട് കെട്ടിപ്പൊക്കിയതാണെന്ന് ആരും പറയാതെ തന്നെ ഞാൻ അറിയുകയായിരുന്നു. അത്രത്തോളം ഈ ദേശം ലൈംഗീക ദാരിദ്ര്യത്തിൽ മുങ്ങിപ്പോയിരിക്കുന്നു. കടുത്ത ദാഹത്തോടെ മനുഷ്യർ പരക്കം പായുന്നു. അപ്പോൾ പിന്നെ, എന്നെ പോലെയുള്ളവരുടെ ജീവിതം മറ്റെങ്ങോട്ട് സഞ്ചരിക്കാനാണല്ലേ….
പുറം ലോകം തന്നെ കാണാൻ പറ്റുമോയെന്ന ഭയത്തിൽ ആണ്ടുപോയ ആറോളം വർഷങ്ങൾ. എന്റേതെന്ന് തോന്നിപ്പിക്കുന്ന കഥകളുമായി പലരേയും പരിചയപ്പെട്ടു. ലോകത്തിൽ ഏറ്റവും കൂടുതൽ വ്യാപാരമുള്ളത് ഞാൻ ഉൾപ്പെടുന്ന വിപണിയിൽ ആണെന്നത് പതിയേ തിരിച്ചറിയുകയായിരുന്നു…
ആണായാലും പെണ്ണായാലും ഒറ്റപ്പെട്ട് പോകുന്ന കുഞ്ഞുങ്ങൾക്ക് രക്ഷയില്ലായെന്ന് പറയുന്ന സാഹചര്യങ്ങൾ മാത്രമേ ഞാൻ അനുഭവിച്ചിട്ടുള്ളൂ. മൂന്ന് അക്ഷരങ്ങൾ എന്നതിനപ്പുറം സ്നേഹത്തിനെക്കുറിച്ചോ കരുണയെക്കുറിച്ചോ യാതൊന്നും എനിക്ക് അറിയില്ല. ഒന്ന് മാത്രം തലയിൽ മിന്നുന്നുണ്ട്. പാകമല്ലാത്ത ഏത് പ്രായത്തെയും തെരുവ് വിടില്ല. മുതിർന്നവർക്ക് ഒരു ഉറുമ്പിനെ ഞെരടുന്ന ലാഘവമേയുള്ളൂ കുഞ്ഞുങ്ങളോട്. അത് എന്നോളം അറിഞ്ഞവർ വേറെ ആരും ഉണ്ടാകരുതെന്നേ ഇന്ന് ഞാൻ ആഗ്രഹിക്കുന്നുള്ളൂ…
ഈ ലോകം മനുഷ്യരെ വിൽക്കുന്നവരായും വാങ്ങുന്നവരായും വേർതിരിച്ചിരിക്കുന്നു. ആ കണ്ടെത്തൽ കൊണ്ടായിരിക്കണം സ്വതന്ത്രമായിട്ടും ഞാനെന്നെ വിൽക്കാൻ തുനിഞ്ഞത്. ഇനിയെത്ര മറാത്തിക്കാരൻ വന്നാലും എനിക്ക് നോവില്ലെന്ന ധൈര്യത്തിലായിരിക്കണം ആ തീരുമാനം. അല്ലെങ്കിൽ, സോഫിയ പറഞ്ഞത് പോലെ മനസ്സെന്ന് പറയുന്ന ആ സാധനം മാംസത്തിൽ ഇല്ലാത്ത വിധം എന്നോ ഞാൻ മരവിച്ച് പോയിട്ടുണ്ടായിരിക്കണം…!!!