(രചന: അംബിക ശിവശങ്കരൻ)
“ദേ ഹരിയേട്ടാ.. ഞാൻ എത്ര നാളായി പറയുന്നു നമുക്ക് മാറി താമസിക്കാം എന്ന്..ഈ തറവാട്ട് വീട്ടിൽ കിടന്ന് നരകിക്കാൻ ആണോ നിങ്ങൾ എന്നെ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നത്? ഞാൻ ഇത്രയൊക്കെ പഠിച്ചത് ഇവിടുത്തെ വേലക്കാരി ആകാൻ അല്ല. കൊല്ലം രണ്ടായി ഈ നരകത്തിൽ വന്ന് കയറിയിട്ട്.”വൈകുന്നേരം ഹരി ജോലി കഴിഞ്ഞു വന്നതും അമൃത തുടങ്ങി.
“എന്താ അമ്മു വന്നു കയറിയപ്പോഴേക്കും പരാതിയുടെ കെട്ടഴിച്ചോ? ഒരു ഗ്ലാസ് ചായയെങ്കിലും താ നല്ല ക്ഷീണമുണ്ട്..”അത് കേട്ടതും അവൾ മുഖം കനപ്പിച്ചു കൊണ്ട് തന്നെ അടുക്കളയിലേക്ക് പോയി.
” ഞാൻ പറഞ്ഞതിനെ പറ്റി ഹരിയേട്ടൻ എന്താ ഒന്നും പറയാത്തത്? ”
ചായ കുടിച്ചു കൊണ്ടിരിക്കെ അവൾ ആ വിഷയം വീണ്ടും എടുത്തിട്ടു.
” അമ്മു വേറൊരു വീട്ടിലേക്ക് താമസം മാറ്റേണ്ട കാര്യം ഇപ്പോൾ നമുക്കുണ്ടോ? ഇവിടെ ഇപ്പോൾ ഞാനും നീയും അമ്മയും മനു മാത്രമല്ലേ ഉള്ളൂ.. മനുവിന്റെ വിവാഹം പോലും കഴിഞ്ഞിട്ടില്ല ഇനി അഥവാ മാറി താമസിക്കണം എന്ന് അത്ര നിർബന്ധമാണെങ്കിൽ അപ്പോൾ മാറിയാൽ പോരേ? ”
“ആഹ് കല്യാണം കഴിയാത്തത് തന്നെയാണ് കുഴപ്പം. സമയത്തിന് കല്യാണം കഴിച്ചു കൊടുത്തില്ലെങ്കിൽ ചില ആൺപിള്ളേർക്ക് അമ്മയെന്നും ഉണ്ടാകില്ല ഏട്ടത്തി എന്നും ഉണ്ടാകില്ല..” അവൾ എന്തോ മുന വെച്ച് സംസാരിക്കുന്നത് പോലെ പറഞ്ഞു.
“ഛെ നീ എന്തൊക്കെയാ അമ്മു ഈ പറയുന്നത്?”ഹരി നെറ്റി ചുളിച്ചു.
” ഇനിയും നിങ്ങളോട് പറയാതിരിക്കേണ്ട കാര്യമില്ലല്ലോ.. മനുവിന്റെ ചില നേരത്തെ നോട്ടവും സംസാരവും ഒന്നും ശരിയല്ല. ചേട്ടന്റെ ഭാര്യയോട് പെരുമാറുമ്പോൾ കാണിക്കേണ്ട ചില മര്യാദകൾ ഇല്ലേ…അതൊന്നും നിങ്ങളുടെ അനിയന്റെ ഏഴ് അയലത്ത് കൂടി തൊട്ടു തീണ്ടിയിട്ടില്ല. ”
” ദേ അമ്മു.. വീട് മാറി താമസിക്കണം എങ്കിൽ അത് പറഞ്ഞാൽ മതി വെറുതെ എന്റെ അനിയനെ കുറിച്ച് ആവശ്യമില്ലാത്തതൊന്നും പറഞ്ഞു ഉണ്ടാക്കേണ്ട.. ജനിച്ചപ്പോൾ മുതൽ ഞാൻ അവനെ കാണുന്നതല്ലേ നീ ഓരോന്ന് ആവശ്യമില്ലാതെ ചിന്തിച്ചു കൂട്ടുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്. ”
“അപ്പോൾ ഞാൻ കള്ളം പറയുന്നതാണ് എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്? ഇക്കാര്യത്തിൽ ഏതെങ്കിലും പെണ്ണ് കള്ളം പറയുമോ ഹരിയേട്ടാ..? വിവാഹം കഴിഞ്ഞ് വരുന്ന ഒരു പെണ്ണിന് എല്ലാ അർത്ഥത്തിലും രക്ഷകർത്താവ് ആകേണ്ടത് അവളുടെ ഭർത്താവാണ്. ഇവിടെ എനിക്ക് ആ ഭാഗ്യമില്ല. നിങ്ങൾക്ക് എന്നെക്കാൾ വിശ്വാസം നിങ്ങളുടെ അനിയനെ ആണെങ്കിൽ എനിക്കൊന്നും പറയാനില്ല.”
ഇത്രയും നേരം വീട് മാറി താമസിക്കുന്നതിന് വേണ്ടി അവൾ എന്തെങ്കിലും കള്ളം പറയുന്നതായിരിക്കും എന്നാണ് ഹരി കരുതിയത്. പക്ഷേ അവൾ ഇത്രയും തറപ്പിച്ചു പറയുമ്പോൾ അതിൽ എന്തെങ്കിലും സത്യം ഇല്ലാതെ ഇരിക്കുമോ?അവന്റെ മനസ്സ് അസ്വസ്ഥമായി. അന്ന് രാത്രി അമ്മയോടും മനുവിനോടും നേരെയൊന്ന് സംസാരിക്കാൻ പോലും ഹരി നിന്നില്ല. രാത്രി കിടക്കാൻ നേരവും അമൃത പറഞ്ഞ വാക്കുകൾ ആയിരുന്നു മനസ്സ് മുഴുവൻ.
പിറ്റേന്ന് രാവിലെ അവളെ വീട്ടിൽ തനിച്ചാക്കി പോകാൻ ഹരിയുടെ മനസ്സ് അനുവദിക്കാതിരുന്നത് കൊണ്ട് തന്നെ ഓഫീസിലേക്ക് ഇറങ്ങാൻ നേരം അമൃതയോടും പുറപ്പെടാൻ പറഞ്ഞു. രണ്ടുദിവസം വീട്ടിൽ നിന്നിട്ട് തിരിച്ചു വന്നാൽ മതിയെന്നും പറഞ്ഞു. അത് കേട്ടതോ അമൃതയ്ക്ക് വളരെയധികം സന്തോഷമായി.
“എന്താ ഹരി പെട്ടെന്ന് അമ്മുവിനെ വീട്ടിൽ കൊണ്ടാക്കുന്നത്? എന്താ എന്തെങ്കിലും പ്രശ്നം ഉണ്ടോ?”
രാവിലെ പുറപ്പെട്ടിറങ്ങിയതും അമ്മ കാര്യം തിരക്കി. അതിനവൻ പ്രത്യേകിച്ചൊന്നുമില്ല എന്നും അവൾ അമ്മയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചെന്നും മറുപടി പറഞ്ഞു.
അമൃതയെ സ്വന്തം വീട്ടിൽ കൊണ്ട് ചെന്ന് ആകുമ്പോൾ തന്നോട് പറഞ്ഞതൊന്നും വീട്ടിൽ പറയരുതെന്ന് ഹരി പ്രത്യേകം താക്കീത് നൽകിയിരുന്നു. അല്ലെങ്കിലും വീട്ടുകാരോട് പറയാൻ കൊള്ളാവുന്ന കാര്യമല്ലല്ലോ ഇതൊന്നും എന്ന് ആയിരുന്നു അന്നേരം അവളുടെ മറുപടി.
അവളെ വീട്ടിൽ എത്തിച്ച് അവിടെ നിന്നും ഒരു കപ്പ് കാപ്പി കുടിച്ച് അവൻ ഓഫീസിലേക്ക് പുറപ്പെട്ടു. മകളെ കണ്ടതും അമ്മയ്ക്കും സന്തോഷമായി.
“എന്താ മോളെ പെട്ടെന്ന്?ഇന്നലെ വിളിച്ചപ്പോഴും നീ വരുന്ന കാര്യം പറഞ്ഞില്ലല്ലോ..?” അവളുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കൊണ്ട് അവർ ചോദിച്ചു.
” അതിന് ഞാൻ പോലും ഇന്ന് രാവിലെയാ അമ്മേ അറിയുന്നത്. എണീറ്റതും പുറപ്പെടാൻ പറഞ്ഞു ഹരിയേട്ടൻ. ”
“എന്തായി മോളെ ഞാൻ പറഞ്ഞതുപോലെയൊക്കെ ഹരിയോട് പറഞ്ഞോ?” സ്വകാര്യം പറയും മട്ടിൽ അവർ തിരക്കി.
“അതൊക്കെ അതുപോലെ തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യം അംഗീകരിക്കാൻ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും ഞാൻ കുറച്ച് സെന്റി അടിച്ചപ്പോൾ സംഗതിയേറ്റു. അതിന്റെ ഫലമായി അല്ലേ എന്നെ ഇപ്പോൾ ഇവിടെ കൊണ്ടുവിട്ടത്..തെളിച്ചു പറഞ്ഞാൽ അനിയനെ വിശ്വാസമില്ലാഞ്ഞിട്ട്… പാവം മനു മനസാ വാചാ കർമണ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് എനിക്കല്ലേ അറിയൂ..”അതും പറഞ്ഞുകൊണ്ട് അവൾ പൊട്ടിച്ചിരിച്ചു.
“അതേതായാലും നന്നായി വേറെന്ത് പറഞ്ഞാലും അവൻ വിശ്വസിക്കില്ല. തള്ളയെപ്പറ്റി പറഞ്ഞാൽ പിന്നെ തീരെയും ഇല്ല… അതുകൊണ്ടല്ലേ പാവം ചെറുക്കനെ ഇതിലേക്ക് വലിച്ചിടേണ്ടി വന്നത്.. “അവരും അവളുടെ സന്തോഷത്തിൽ പങ്കുചേർന്നു. അല്പനേരത്തിനുശേഷം അവർ തുടർന്നു.
“അവൻ ഇപ്പോൾ ഇത് മനസ്സിലിട്ടുകൊണ്ട് നടക്കുവല്ലേ… ഇനിയത് ആളിക്കത്തി ഒരു വലിയ പൊട്ടിത്തെറിയായി മാറണം. അതിനുള്ള വഴി എന്താണെന്ന് ഞാൻ പറഞ്ഞു തരാം. മോളു വാ…”അതും പറഞ്ഞുകൊണ്ട് അവരവളെ. അകത്തേക്ക് വിളിച്ചുകൊണ്ടുപോയി
രാത്രി ജോലി കഴിഞ്ഞു വന്നതും ഹരി മുറിയിൽ ഒരേ ഇരിപ്പ് ഇരുന്നു.
“എന്താ മോനെ സുഖമില്ലേ?ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ് ആകപ്പാടെ ഒരു വല്ലായ്ക.നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?” മുറിയിലേക്ക് ചായയുമായി വന്നതും അമ്മ തിരക്കി.
“ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല ഇനിയാരും ഉണ്ടാക്കാതിരുന്നാൽ മതി..”
“എന്താ മോനെ നീ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്?എനിക്കൊന്നും മനസ്സിലാകുന്നില്ല.”അവർ വേവലാതിയോടെ പറഞ്ഞു.
“ഒന്നുമില്ല… എനിക്ക് നല്ല തലവേദന ഉണ്ട്. കുറച്ച് കിടക്കണം അമ്മ ഒന്ന് പോയി തരുമോ?”
അതു പറഞ്ഞതും സങ്കടത്തോടെ അവർ തിരികെ പോന്നു.. തങ്ങൾ അറിയാതെ എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി.
അങ്ങനെ മൂന്നുനാലു ദിവസം അമൃത സ്വന്തം വീട്ടിൽ സന്തോഷത്തോടെ കഴിഞ്ഞു. ശനിയാഴ്ച വൈകുന്നേരം ജോലികഴിഞ്ഞ് ഹരി വിളിക്കാൻ ചെന്നപ്പോൾ മനസ്സില്ല മനസ്സോടെയാണ് അവൾ തിരികെ പോന്നത്.
പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. എല്ലാവരും വീട്ടിൽ ഉണ്ടായിരുന്ന ദിവസം. മനു പുറകുവശത്ത് ബൈക്ക് കഴുകുന്നത് കണ്ടാണ് അവൾ കുളിക്കാനായി പുറകുവശത്തെ ബാത്റൂമിൽ കയറിയത്. അന്നേരം അമ്മയും ഹരിയും ചെറുമയക്കത്തിൽ ആയിരുന്നു.
ബാത്റൂമിൽ കയറി കുറച്ചു കഴിഞ്ഞതും അമൃതയുടെ നിലവിളി ആദ്യം കേട്ടത് മനുവാണ്.എന്താണെന്നറിയാതെ അവൻ ഡോറിന് പുറത്തുനിന്ന് എന്താ ഏടത്തി എന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല പകരം നിലവിളിയുടെ ആഘാതം വർദ്ധിച്ചു. നിലവിളി കേട്ട് ഞെട്ടി ഉണർന്ന് ഹരിയും അമ്മയും ഓടി വരുമ്പോൾ മനു വാതിലിനടുത്ത് നിൽക്കുന്ന കാഴ്ച ഹരിയെ കൂടുതൽ പരിഭ്രാന്തൻ ആക്കി.
“എന്താ അമ്മു? കഥക് തുറക്ക്…” അവൻ വെപ്രാളത്തോടെ വിളിച്ചു. ഹരിയുടെ ശബ്ദം കേട്ടതും അവൾ കരഞ്ഞുകൊണ്ട് കതക് തുറന്നു. അപ്പോഴേക്കും ശബ്ദം കേട്ട് രണ്ടുമൂന്ന് അയൽവാസികളും എത്തിയിരുന്നു.
“എന്താ അമ്മു? എന്താ പറ്റിയത്?” നനഞ്ഞു കുതിർന്ന് തോർത്തുകൊണ്ട് മാറുമറച്ചു നിൽക്കുന്ന അവളെ ഹരി ചേർത്തുപിടിച്ചു.
“ഹരിയേട്ടാ ഞാൻ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ ഈ മനു എത്തിനോക്കി.” അതു പറഞ്ഞതും അവളുടെ കരച്ചിലിന്റെ ആക്കം വർദ്ധിച്ചു.
അത് കേട്ടതും ഹരിയും മനുവും അമ്മയും ഒരുപോലെ ഞെട്ടി!.
“പ്ഫ നായിന്റെ മോനേ.. നിനക്ക് എന്ത് ധൈര്യം ഉണ്ടായിട്ടാണ് ഈ ചെറ്റത്തരം ചെയ്തത്?”അതും പറഞ്ഞുകൊണ്ട് ഹരി മനുവിന്റെ ഷർട്ടിന് പിടിച്ചു രണ്ടെണ്ണം കൊടുത്തു.
“ഹരിയേട്ടാ ഏടത്തി കള്ളം പറയുന്നത് ആണ് ഞാൻ അങ്ങനെ ചെയ്തിട്ടില്ല.” കരഞ്ഞുകൊണ്ട് മനു അത് പറഞ്ഞെങ്കിലും ഹരിയുടെ ദേഷ്യം വർദ്ധിച്ചതല്ലാതെ കുറഞ്ഞില്ല. അമ്മ കരഞ്ഞുകൊണ്ട് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല ഒടുക്കം അയൽവാസികൾ ഇടപെട്ടാണ് ഹരിയെ പിടിച്ചു മാറ്റിയത് അപ്പോഴേക്കും മനു അടികൊണ്ട് അവശനായിരുന്നു.
“കൊന്നുകളയുമെടാ നിന്നെ ഞാൻ.. ഇനി മേലാൽ എന്റെ ഭാര്യയെ നീ നോക്കിയെന്നു പോലും ഞാൻ അറിഞ്ഞാൽ പിന്നെ വെച്ചേക്കത്തില്ല ഞാൻ… നിന്റെ കാമഭ്രാന്ത് തീർക്കാൻ ആണോടാ ഞാൻ ഇവളെ കെട്ടിക്കൊണ്ടുവന്നത്…. “ദേഷ്യം അടങ്ങാതെ ഹരി വീണ്ടും വീണ്ടും എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു. അമ്മ അത് കേൾക്കാനാകാതെ ചെവി പൊത്തി അന്നേരം ഒക്കെയും മനു തെറ്റ് ചെയ്തിട്ടില്ലെന്ന് ഹരിയുടെ കാലുപിടിച്ചു പറഞ്ഞു. പക്ഷേ ഹരിയത് കേൾക്കാൻ പോലും തയ്യാറായില്ല.
അന്ന് ആ വീട്ടിൽ ആരും പരസ്പരം സംസാരിച്ചില്ല.
“അമ്മേ ഞാൻ അങ്ങനെ ചെയ്തിട്ടില്ല അമ്മേ അമ്മയാണെ സത്യം.” മനു അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. ആ കരച്ചിൽ കണ്ട് സഹിക്ക വയ്യാതെ അവരവനെയും ചേർത്തു പൊട്ടിക്കരഞ്ഞു.
പിറ്റേന്ന് തന്നെ ഹരി അമൃതയും കൊണ്ട് ആ വീടിന്റെ പടിയിറങ്ങി. പോകരുതെന്ന് അമ്മയും മനുവും കാലുപിടിച്ചു പറഞ്ഞെങ്കിലും ഹരി അത് പാടെ അവഗണിച്ചു.
“എന്തു വിശ്വസിച്ചാണ് ഞാൻ എന്റെ ഭാര്യയെ ഇവിടെ ഇനി തനിച്ചാക്കി പോകേണ്ടത്? ഇവന്റെ സ്വഭാവത്തെപ്പറ്റി ഇവളെന്നോട് പറഞ്ഞിരുന്നെങ്കിലും ഞാൻ അത് വിശ്വസിച്ചില്ല ഇപ്പോൾ എല്ലാം നേരിൽ കണ്ടു ബോധ്യമായി. ഇങ്ങനെയൊരു വൃത്തികെട്ടവൻ എങ്ങനെ നിങ്ങളുടെ വയറ്റിൽ വന്നു പിറന്നു?”
തന്റെ അമ്മയുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിച്ച് ഹരി അവളെയും കൊണ്ട് പടിയിറങ്ങുമ്പോൾ തന്റെ ലക്ഷ്യം നടന്നല്ലോ എന്ന സന്തോഷമായിരുന്നു അവൾക്ക്. ഈ നേരം കൊണ്ട് ആ വാർത്ത നാടാകെ പരന്നിരുന്നു.
ഒരു വാടക വീട്ടിലേക്കാണ് ഹരിയും അമൃതയും താമസം മാറിയത്. അടുത്ത് ഒന്നും വീടുകളില്ലാത്ത നല്ല പ്രൈവസിയുള്ള ഒരു നല്ല വീട്.
വീട് കണ്ടതും അമൃതയ്ക്ക് അത് നന്നേ ബോധിച്ചു.
അന്ന് രാത്രി അവൾ സന്തോഷത്തോടെ ഉറങ്ങി എങ്കിലും അവന്റെ മനസ്സിൽ അമ്മയുടെയും മുഖം ഒരു നോവ് ആയി നിന്നു. പക്ഷേ മനുവിനോടുള്ള വെറുപ്പ് മൂലം അവൻ അത് മറക്കാൻ ശ്രമിച്ചു.
പതിയെ പതിയെ വാടക വീട്ടിലെ ജീവിതവുമായി ഹരി പൊരുത്തപ്പെട്ടു. അവരുടേത് മാത്രമായ ലോകത്തിൽ അവർ സന്തോഷത്തോടെ കഴിഞ്ഞെങ്കിലും പുറത്തിറങ്ങാൻ കഴിയാതെ ആയത് മനുവിന് ആണ്. ചെയ്യാത്ത കുറ്റത്തിന് അനുഭവിക്കേണ്ടി വന്ന നാണക്കേട് മൂലം അവൻ ഒരിക്കൽ ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചു. അമ്മ കണ്ടതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അന്ന് അമ്മയുടെ കണ്ണുനീർ കണ്ടു സഹിക്കവയ്യാതെ ഇനി ഒരിക്കലും ആത്മഹത്യ ചെയ്യാൻ ശ്രമിക്കില്ലെന്ന് അവൻ അമ്മയ്ക്ക് വാക്ക് നൽകി.
അന്ന് ഒരിക്കൽ സിനിമ കഴിഞ്ഞ് അല്പം വൈകിയാണ് ഹരിയും അമൃതയും വീടെത്തിയത്. ലൈറ്റ് ഇട്ട് പോകാൻ മറന്നതിനാൽ ഓടി വന്ന് പുറത്തെ സ്വിച്ച് ഇട്ടതും അവൾ പേടിച്ചു നിലവിളിച്ചു. ബൈക്ക് പാർക്ക് ചെയ്തു വന്നു നോക്കിയ ഹരിയും ആ കാഴ്ച കണ്ട് ഒന്ന് ഞെട്ടി.കയ്യിൽ വെട്ടുകത്തിയുമായി നിൽക്കുന്ന മനു!.
ഹരി ഓടി തന്റെ അടുത്തേക്ക് വരുന്നത് കണ്ടതും അവൻ ആഞ്ഞ് ഒരു ചവിട്ട് ചവിട്ടിയതും അനങ്ങാൻ വയ്യാതെ ഹരിനിലത്ത് വീണു.പേടിച്ചു വിറച്ചു നിൽക്കുന്ന അമൃതയുടെ മുടികുത്തിൽ പിടിച്ചുകൊണ്ട് അവൻ അലറി.
“ഞാനന്ന് നിങ്ങൾ കുളിക്കുന്നത് എത്തി നോക്കിയിരുന്നോ?സത്യം പറഞ്ഞില്ലെങ്കിൽ ഇവിടെയിട്ട് വെട്ടി കൊല്ലും ഞാൻ..”
കഴുത്തിൽ കത്തി വെച്ച് അവൻ ശബ്ദിച്ചതും അവളുടെ ശ്വാസം നിലച്ചത് പോലെ തോന്നി.
“മനു എന്നെ കൊല്ലരുത് പ്ലീസ്.. ഞാൻ സത്യം പറയാം.ഹരിയേട്ടാ മനു തെറ്റൊന്നും ചെയ്തിരുന്നില്ല എന്റെ അമ്മ പറഞ്ഞിട്ട് ഞാനന്നു കള്ളം പറഞ്ഞത്. അവിടുന്ന് മാറി താമസിക്കാൻ.. എന്നോട് ക്ഷമിക്കണം മനു…” തൊഴുതു പിടിച്ച് അവളത് പറഞ്ഞതും അവൻ വെട്ടുകത്തി നിലത്തേക്ക് എറിഞ്ഞു.
“കേട്ടോടോ….. തന്റെ ഭാര്യ പറഞ്ഞത് താൻ കേട്ടോ..? അന്ന് നാട്ടുകാരുടെ മുന്നിൽവച്ച് പട്ടിയെ തല്ലും പോലെ താനെ തല്ലി ചതിച്ചില്ലേ? എനിക്ക് തിരിച്ചു തല്ലാൻ അറിയാഞ്ഞിട്ടല്ലായിരുന്നു. എന്റെ നിരപരാധിത്വം തെളിയിക്കാൻ അന്ന് എന്റെ അടുത്ത് തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. തന്റെ ഈ ഭാര്യ കാരണം നാട്ടുകാരുടെ മുഖത്തുനോക്കാൻ പറ്റാതെ ജീവിക്കുകയാണ് ഞാൻ…. താനെന്താണ് അന്ന് എന്നെ വിളിച്ചത്? കാമഭ്രാന്തൻ എന്നോ…?താൻ കിടന്ന ഗർഭപാത്രത്തിൽ തന്നെ കിടന്നു വളർന്നവൻ ആടോ ഞാനും.. വളർത്തിയ മകനെ പറ്റി പറയുന്ന വൃത്തികേട് എല്ലാം കേട്ട് നിൽക്കേണ്ടിവന്ന ഒരമ്മയുടെ മാനസികാവസ്ഥയെ പറ്റി താൻ എന്നെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ..?ആ കണ്ണീർ ഉണ്ടല്ലോ അതുമതി ഒരു ജന്മം മുഴുവൻനിങ്ങളെ ഇല്ലാതാക്കാൻ. അന്ന് താൻ എനിക്ക് തന്നതെല്ലാം വേണമെങ്കിൽ എനിക്ക് ഇപ്പോൾ തിരിച്ചു തരാം പക്ഷേ ഞാൻ അത് ചെയ്യില്ല കാരണം താൻ എന്റെ കൂടെപ്പിറപ്പായി പോയി…”
അതും പറഞ്ഞു കൊണ്ട് അവൻ ആ നിമിഷം അവിടെ പടിയിറങ്ങി.
ഹരിയേട്ടാ എന്ന് വിളിച്ചു കരഞ്ഞുകൊണ്ട് അവൾ അവനെ എഴുന്നേൽപ്പിക്കാൻ ചെന്നതും സകല കലിയും തീർക്കും മട്ടിൽ അവൻ ആഞ്ഞു ഒരെണ്ണം പൊട്ടിച്ചു. ആ അടിയിൽ അവൾക്ക് തലകറങ്ങി.
‘ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം വെച്ചാണ് നീ കളിച്ചത്…. എന്നെ എന്റെ കുടുംബത്തിൽ നിന്ന് അകറ്റാൻ നീ ഇത്രയും തരംതാഴും എന്ന് കരുതിയില്ല… നീയെന്താ കരുതിയത് നിന്റെ വാലിൽ തൂങ്ങി നടക്കുന്ന വാലാട്ടി പട്ടിയാണ് ഞാൻ എന്നോ . ഇനി നിനക്ക് മാപ്പില്ല.. ”
അവൾ കാലുപിടിച്ച് കരഞ്ഞെങ്കിലും ആ കണ്ണീർ ഹരി കണ്ടില്ലെന്നുതന്നെ നടിച്ചു.
പിറ്റേന്ന് അവളെ വലിച്ചിഴച്ചു കൊണ്ടുപോയി എല്ലാവരുടെയും മുന്നിൽവച്ച് അവൻ പറയിച്ചു അവൾ മനുവിനെ ചതിച്ചതാണെന്ന്. സത്യം അറിഞ്ഞതും പലരും അവളെ നോക്കി കാർക്കിച്ചു തുപ്പി.
അവിടെനിന്നും അവനവളെയും കൊണ്ടുപോയത് അവളുടെ വീട്ടിലേക്കാണ് അവളുടെ അമ്മയ്ക്കും കണക്കിന് കൊടുത്തു അവൻ. ഒന്നും മിണ്ടാതെ അവർ തലതാഴ്ത്തു നിന്നു
” നിങ്ങളല്ലേ മകളെ ഓരോന്ന് പഠിപ്പിച്ചു വിട്ടു കുടുംബം കലക്കുന്നത്? ഇനി കുറേക്കാലം മകൾ ഇവിടെ നിൽക്കട്ടെ.. ഞാൻ എന്റെ അമ്മയുടെയും അനിയന്റെയും അടുത്തേക്ക് പോവുകയാണ്. ഇവളെപ്പോലെ ഒരു ദുഷ്ട മനസ്സുള്ള പെണ്ണിനൊപ്പം കഴിയാൻ എനിക്ക് പറ്റില്ല.എന്ന് ഇവൾ ഒരു നല്ല സ്ത്രീയായി മാറി എന്റെ അമ്മയോടും അനിയനോടും ഒപ്പം ജീവിക്കാൻ തയ്യാറായി വരുന്നോ അന്നേ ഇനി ഞാൻ ഇവളെ സ്വീകരിക്കുകയുള്ളൂ… ”
അവൾ കരഞ്ഞു പറഞ്ഞെങ്കിലും അവളെ കൂടെ കൊണ്ടുപോകാൻ ഹരി തയ്യാറായില്ല. അമ്മയുടെ വാക്കും കേട്ട് ഭർത്താവിനെ ഒറ്റയ്ക്ക് കിട്ടാൻ വേണ്ടി ചെയ്തു കൂട്ടിയതെല്ലാം തന്റെ ജീവിതം തന്നെ വഴിയാധാരം ആക്കിയല്ലോ എന്നോർത്ത് പിന്നീടുള്ള ദിവസങ്ങൾ അവൾ കരഞ്ഞു തീർത്തു.