വേശ്യയുടെ പ്രണയം
(രചന: ശ്യാം)
ശക്തമായി മഴ പെയ്യ്തൊരു രാത്രിയാണ് വീടിന്റെ വാതിലിലാരോ മുട്ടുന്നത്. ആദ്യമത് കേട്ടില്ലെന്ന് നടിച്ചെങ്കിലും, അടുക്കളയിലെ ഒഴിഞ്ഞ അരി പാത്രം നിറയാതെ വിശപ്പിന്റെ വിളി കുറയില്ലെന്ന യഥാർത്ഥ്യമാണ് വാതിൽ തുറക്കാൻ പ്രേരിപ്പിച്ചത്….
” മാഷോ…. ”
ഉറക്കച്ചുവയോടെയാണ് വാതിൽ തുറന്നെങ്കിലും മഴയത്ത് നനഞ്ഞ് കുളിച്ചു മുന്നിൽ നിൽക്കുന്ന മാഷിനെ കണ്ടപ്പോൾ ഞെട്ടലോടെ ചോദിച്ചു പോയി….
” എന്താ എനിക്ക് വന്നൂടെ… ”
തല മുടിയിലെ വെള്ളം കൈ കൊണ്ട് തട്ടിത്തെറുപ്പിച്ചു ചിരിയോടെ മാഷ് ചോദിക്കുമ്പോഴും എന്റെ ഞെട്ടൽ മാറിയിരുന്നില്ല…
” അല്ല മാഷേ…. അത്…. ”
എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നെങ്കിലും മാഷിനോട് എന്താ പറയുകയെന്നറിയാതെ ആരേലും കാണുന്നുണ്ടോയെന്ന് ചുറ്റും കണ്ണോടിച്ചു..
” ഞാൻ ഉള്ളിലേക്ക് കയറിക്കോട്ടെ… ”
മാഷിന്റെ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പിന്നെയും മറുപടി എന്ത് പറയണമെന്നറിയാതെ കുഴഞ്ഞു…
എന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മാഷ് എന്നെയും കടന്ന് ഉള്ളിലേക്ക് കയറി, വീണ്ടും ചുറ്റുമൊന്ന് കണ്ണോടിച്ച് കൊണ്ടാണ് ഞാൻ ഉള്ളിലേക്കു കയറി വാതിൽ അടച്ചത്….
” ഒരു തോർത്തു തന്നെ തലതുടയ്ക്കാൻ…. ”
മാഷപ്പോഴും തല മുടിയിലെ വെള്ളം കൈകൊണ്ട് തുടയ്ക്കുക ആയിരുന്നു….
” ഒന്ന് തോർത്തി തരുമോ… ”
മാഷിന് നേരെ നീട്ടിയ തോർത്ത് വാങ്ങാതെയാണ് അത് ചോദിച്ചത്…
മാഷിന് ഇതെന്തു പറ്റിയെന്ന സംശയത്തിൽ മടിച്ചാണ് തല തോർത്തി കൊടുക്കാൻ തുടങ്ങിയത്, എന്നെ ഞെടിച്ച് കൊണ്ടാണ് മാഷെന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് നിന്നത്….
” എന്താ മാഷേയിത്…. ”
ദേഷ്യത്തോടെയാണ് അത് പറഞ്ഞു കൊണ്ട് മാഷിനെ തള്ളി മാറ്റിയത്….
എന്തോ കുറ്റം ചെയ്ത കുട്ടിയെ പോലെ മാഷ് ഒന്നും മിണ്ടാതെ തലകുമ്പിട്ട് എന്റെ മുന്നിൽ തന്നെ നിന്നു, എന്ത് ചെയ്യണം എന്നറിയാതെ ഞാനും പുറകിലേക്ക് മാറി മേശയിൽ ചാരി നിന്നു….
” മാഷ് ചെല്ല് വെറുതെ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കേണ്ട… ”
ആ നില്പ് കുറച്ചു നേരം തുടർന്ന ശേഷമാണ് ഞാനത് പറഞ്ഞതും മാഷ് പുറത്തേക്ക് ഇറങ്ങിയതും…
” ഇനി നനയേണ്ട ഞാൻ കുട എടുത്തിട്ട് വരാം… ”
കമ്പിയൊടിഞ്ഞ നരച്ച കുടയുമായി ഞാൻ എത്തുമ്പോഴേക്കും മാഷ് മഴ നനഞ്ഞ് മുറ്റവും കഴിഞ്ഞ് നടന്നകന്നിരുന്നു…..
ആ രാത്രി എത്രയൊക്കെ ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, കണ്ണടയ്ക്കുമ്പോഴെല്ലാം മനസ്സിൽ തെളിഞ്ഞു വരുന്നത് മാഷിന്റെയും ടീച്ചറുടെയും മുഖമാണ്, പകൽ വെളിച്ചത്തിൽ എന്നെ നോക്കി പുഞ്ചിരിക്കാറുള്ള രണ്ട് മുഖങ്ങൾ അവരുടെ മാത്രമാണ്….
പിറ്റേന്ന് രാവിലെ കവലയിൽ വച്ച് ഞാൻ മാഷിനെ കാണുമ്പോൾ പതിവുപോലെ പുഞ്ചിരി തന്നെന്നെ കടന്ന് പോയി..
” ടീച്ചർ പോയെ പിന്നേ മാഷ് ആകെ ഒറ്റപ്പെട്ട അവസ്ഥയാണ് ആ പഴയ ചിരിയും ഉത്സാഹവും ഒന്നുമില്ല ഇപ്പോൾ… ”
കട തിണ്ണയിൽ നിന്ന് ആരോ പറയുന്നത് ഞാനും കേട്ടിരുന്നു…
അന്ന് രാത്രി വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് വാതിൽ തുറക്കാൻ ചെല്ലുമ്പോ മാഷാകരുതേ എന്നുള്ള പ്രാർത്ഥന ആയിരുന്നു. ചിരിയോടെ മുന്നിൽ നിൽക്കുന്ന മാഷിനെ കണ്ടപ്പോൾ എന്ത് പറയണം എന്നറിയാതെ ഞാൻ വാതിലും ചാരി നിന്നു…
” ഞാൻ… ഞാൻ അകത്തേക്ക് വന്നോട്ടെ… ”
മാഷിന്റെ ആ ചോദ്യത്തിന് എനിക്കുത്തരം ഇല്ലായിരുന്നു. മറുപടി കേൾക്കാൻ നിൽക്കാതെ മാഷ് ഉള്ളിലേക്ക് കയറി പഴയ പ്ലാസ്റ്റിക് കസേരയിൽ ഇരുന്നു….
” എന്താ മാഷേ ഇത്……. ”
മനസ്സിൽ വന്നത് ചോദിക്കാൻ കഴിയാതെ പാതി നിർത്തി ഞാൻ ആ മുഖത്തേക്ക് നിസ്സഹായതോടെ നോക്കി…
” കുറച്ചു നേരം എന്നോട് സംസാരിച്ചാൽ മതി വേറെയൊന്നും വേണ്ട…. ഞാൻ പൈസ തന്നോളം… ”
അത് പറഞ്ഞ് മാഷ് പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ കുറച്ചു നോട്ടുകൾ എനിക്ക് നേരെ നീട്ടി. ഞാനത് വാങ്ങുന്നില്ലന്ന് കണ്ടപ്പോൾ മേശപ്പുറത്തേക്ക് വച്ചിട്ട് എന്നെ നോക്കിയിരുന്നു…
“എന്താ മാഷിന് പറയാനുള്ളത്…”
ആ ചോദ്യത്തിൽ ഉള്ളിലെ ദേഷ്യം പുറത്തേക്ക് വന്നത് കൊണ്ടാകും മാഷ് അൽപ്പനേരം ഒന്നും മിണ്ടാതെ ഇരുന്നത്…
” എന്നോട് കുറച്ചു സ്നേഹത്തോടെ സംസാരിക്കുമോ….”
ആ ചോദ്യത്തിന് മുന്നിലാണ് ഞാൻ പതറി പോയത്,…
” സ്നേഹം…… ജീവിതത്തിൽ സ്നേഹം കിട്ടാത്ത ഒരാൾക്ക് എങ്ങനെയാണ് മാഷേ സ്നേഹത്തോടെ സംസാരിക്കാൻ കഴിയുക….”
എന്റെ ആ ചോദ്യത്തിൽ മാഷും ഏറെ നേരം നിശബ്ദനായി….
” ശരിയാണ് സ്നേഹം കിട്ടണമെങ്കിൽ ആദ്യം സ്നേഹം കൊടുക്കണം,…. ”
ഒരു ദീർഘനിശ്വാസത്തോടെ മാഷ് അത് പറഞ്ഞ് കുറച്ചു നേരം തല കുമ്പിട്ട് നിന്നു…
” ഞാനെ ഈ പിള്ളേരെ തല്ലിയും, വിരട്ടിയും പഠിപ്പിക്കുന്ന മാഷായിരുന്നു, ഞാൻ പഠിപ്പിക്കുന്ന പിള്ളേരെല്ലാം നല്ല മാർക്ക് വാങ്ങണം എന്നുള്ള വാശി ആയിരുന്നു എനിക്ക്…. അതുകൊണ്ടെന്താ പിള്ളേർക്ക് എന്നോട് പേടി മാത്രമാണ് ചില പിള്ളേർക്ക് ബഹുമാനവും,… ഈ ബഹുമാനം എന്ന് പറയുന്നത് സ്നേഹം കൊണ്ടല്ല പേടികൊണ്ടാണ്… ”
മാഷ് പറയുന്നത് കേട്ട് ക്ലാസിലെ കുട്ടിയെ പോലെ ഞാൻ മിണ്ടാതെ നിന്നു….
” എന്നെ സ്നേഹിച്ചത് എന്റെ ടീച്ചർ മാത്രമാണ് ഞാൻ സ്നേഹിച്ചതും അവരെ മാത്രം, ടീച്ചറുടെ മുന്നിൽ ഞാൻ എപ്പോഴും കുട്ടിയെ പോലെയാണ്, എനിക്ക് അവരെ ഭയങ്കര ബഹുമാനമാണ്, പേടി കൊണ്ടുള്ള ബഹുമാനം അല്ലാട്ടോ സ്നേഹം കൊണ്ടുള്ള ബഹുമാനം….
പക്ഷെ അവൾ പോയി കഴിഞ്ഞ ശേഷം, ഈ സ്നേഹമെന്ന് പറയുന്ന സാധനം ഞാൻ അറിഞ്ഞിട്ടില്ല, പുറത്തു ഇറങ്ങിയാൽ എല്ലാവർക്കും ബഹുമാനം, ഞാൻ എന്തേലും മിണ്ടിയാൽ അതിന് മാത്രം ഉത്തരം തരും. എന്നോട് ആർക്കും മിണ്ടാൻ വയ്യ, ആരും മിണ്ടില്ല എനിക്ക് അറിയാം… നിനക്ക് പോലും എന്നോട് മിണ്ടാൻ പേടി….. എനിക്ക് പറ്റുന്നില്ല ഇങ്ങനെ ജീവിക്കാൻ, മനസ്സ് തുറന്ന് ആരോടും മിണ്ടാതെ, മനസ്സ് തുറന്ന് ഒന്ന് ചിരിക്കാൻ കഴിയാതെ… എനിക്ക് പറ്റുന്നില്ല…… ”
അത് പറഞ്ഞു മാഷ് തല കുമ്പിട്ട് തേങ്ങലടിക്കുമ്പോൾ എന്ത് പറഞ്ഞ് അശ്വസിപ്പിക്കണം എന്നറിയാതെയാണ് മാഷിന്റെ അരികിലേക് ചെന്നത്, പെട്ടെന്ന് ഇടുപ്പിൽ വട്ടം പിടിച്ച് വയറിൽ മുഖം ചേർത്ത് മാഷ് പൊട്ടി കരഞ്ഞു തുടങ്ങി. കരച്ചിൽ അവസാനിക്കുന്നത് വരെ അനങ്ങാതെ ഞാനും നിന്നു….
” എന്നിലും വല്യവൻ ആകണമെന്ന് വാശിയോടെയാണ് മക്കളെ വളർത്തിയത്, അവസാനം അവർ അവരവരുടെ സ്വാതന്ത്ര്യം തേടി പറന്നു പോയി,.. ഇപ്പോ വല്യ തിരക്കല്ലേ അവർക്ക് അവരുടെ അമ്മ മരിച്ചപ്പോൾ വന്നു, കണ്ടു, പോയി, അച്ഛനെയൊന്ന് അശ്വസിപ്പിക്കാൻ പോലും അവർക്ക് സമയമില്ല, തിരക്ക്,…. ”
അത് കൂടി പറഞ്ഞാണ് മാഷ് വയറിൽ നിന്ന്, മുഖം ഉയർത്തി കണ്ണുനീർ തുടച്ചത്, മാഷിന്റെ അരികിലേക്ക് കസേര നീക്കിയിട്ട് ഞാനും ഇരുന്നു….
” എനിക്ക് ആരോടേലും മനസ്സ് തുറന്നൊന്ന് സംസാരിച്ചില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ, അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത് എല്ലാം സമ്പാദിച്ചു പക്ഷെ മനസ്സ് തുറന്നു സംസാരിക്കാൻ നല്ലൊരു സുഹൃത്തോ, കൂടെപ്പിറപ്പോ, മക്കളോ ഇല്ലെന്ന സത്യം, എല്ലാത്തിനും കാരണം ഞാൻ തന്നെയാണ്, എന്റെ സ്വഭാവം, അത് കാരണം എല്ലാവർക്കും എന്നോട് പേടി…..
അപ്പോഴാണ് നിന്നെ ഓർത്തത്, പക്ഷേ നിനക്കും… ശരീരം വിൽക്കുന്ന നിനക്ക് പൈസ തന്നാൽ മതിയെന്ന് കരുതി പക്ഷേ….. എന്റെ ചിന്തകളും, ഞാൻ മനസിലാക്കിയതുമൊക്കെ തെറ്റ് ആയിരുന്നു, ഞാനാണ് വല്യ ശരി എന്ന് കരുതിയ ഞാൻ വെറും തോൽവി ആണെന്ന് എനിക്ക് മനസ്സിലായി….. ”
മാഷ് പറയുമ്പോൾ മിണ്ടാതെ കേൾക്കാൻ അല്ലാതെ അഭിപ്രായം പറയാൻ എനിക്ക് അറിയില്ലായിരുന്നു…. അൽപനേരം കൂടി ഇരുന്ന ശേഷം മാഷ് പുറത്തേക്ക് ഇറങ്ങി. ഞാൻ വാതിൽക്കലേക്ക് ചെല്ലുമ്പോൾ മാഷ് തിരിഞ്ഞ് എന്നെ നോക്കി…
” നന്ദിയുണ്ട് സുലോചനേ …. ”
ചിരിയോടെ അത് പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി ഇരുട്ടിലേക്ക് മറയുമ്പോഴും എന്റെ മനസ്സിൽ ആ ചിരിക്കുന്ന മുഖം ആയിരുന്നു, എന്നെ നോക്കി അത്രേം സ്നേഹത്തോടെ ആരും ചിരിച്ചിട്ടില്ല, അത്രേം സ്നേഹത്തോടെ എന്നെയാരും പേര് വിളിച്ചിട്ടില്ല….
അന്ന് ആദ്യമായി ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ എനിക്ക് അതിയായായ സങ്കടം വന്നു, അന്ന് ആദ്യമായി ഒരാളോട് വീണ്ടും വരണമെന്ന് പറയാൻ മനസ്സ് കൊതിച്ചു….
പിന്നെയുള്ള പല രാത്രികളിലും മാഷ് വീട്ടിലെ നിത്യ സന്ദർശകനായി, പല രാത്രിയും പുലരുവോളം നമ്മൾ സംസാരിച്ചിരുന്നു, പൊട്ടി ചിരിച്ചു, സന്തോഷത്തോടെ കണ്ണ് നിറഞ്ഞു പിന്നേ കാണാം എന്ന വാക്കിൽ പിരിഞ്ഞു….
എനിക്കിപ്പോൾ മാഷിനെ പേടിയില്ല, ആ മനസ്സ് എത്രത്തോളം ലോലമാണെന്ന് ആരെക്കാളും എനിക്ക് അറിയാം, ഇപ്പോൾ മനസ്സ് നിറയെ മാഷിനോട് ബഹുമാനം മാത്രേയുള്ളു സ്നേഹം കൊണ്ടുള്ള ബഹുമാനം…..
ആ ഒരു രാത്രി മാഷ് വരുമ്പോൾ കയ്യിൽ ഒരു കവറും ഉണ്ടായിരുന്നു, അത് എനിക്ക് നേരെ നീട്ടുമ്പോൾ ഞാനൊന്ന് മടിച്ചാണ് വാങ്ങിയത്…
” നീ ആ സാരിയൊന്നു ചുറ്റി വാ… ”
ഞാൻ മാഷിനെയും കയ്യിൽ ഇരിക്കുന്ന ചുവന്ന സാരിയെയും മാറി മാറി നോക്കി, പോയി വരാൻ പിന്നെയും ആംഗ്യം കാണിക്കുമ്പോൾ സാരിയുമായി മുറിയിലേക്ക് കയറി..
” നിന്റെ കയ്യിൽ ചുവന്ന പൊട്ട് ഉണ്ടാകുമോ വലുത്, ഉണ്ടേൽ അതും ഇട്ടോ…. ”
മാഷ് വിളിച്ചു പറയുമ്പോൾ എനിക്ക് ആദ്യം ചിരിയാണ് വന്നത്, പാതി പൊട്ടിയ അലമാരയിലെ ചില്ല് ഗ്ലാസിൽ നോക്കി നിൽക്കുമ്പോൾ ചിരി മാറി അന്ന് ആദ്യമായി എന്റെ മുഖത്ത് നാണം വന്നു….
” നോക്ക് മാഷേ…. ”
ഞാൻ സാരി ഉടുത്ത് മാഷിന്റെ മുന്നിൽ പോയി നിന്നു, മാഷ് കണ്ണെടുക്കാതെ എന്നെ തന്നെ നോക്കി ഇരുന്നു, പിന്നേ അടുത്തേക്ക് കൈയാട്ടി വിളിച്ചു. നെറ്റിയിൽ ഞാൻ തൊട്ട സിന്ദൂരം മാഷ് വിരലുകൾ കൊണ്ട് ഒന്ന് കൂടി വലുതാക്കി…
” ഇപ്പോഴാണ് സുന്ദരി ആയത്…. ”
അത് പറഞ്ഞ് മാഷ് അൽപ്പം മാറി നിന്ന് എന്നെ നോക്കി, ആ നോട്ടം നേരിടാൻ കഴിയാത്ത വിധം എന്നിൽ നാണം വന്നുകൊണ്ടിരുന്നു….
” ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ… ”
ആദ്യമായിയാണ് മാഷ് എന്നോട് അങ്ങനെ ഒരു ആവശ്യം പറയുന്നത്, ഞാൻ സമ്മതത്തോടെ കട്ടിലിൽ ഇരിക്കുമ്പോൾ മാഷ് എന്റെ മടിയിൽ കിടന്നു…..
” ഞാൻ മരിക്കുമ്പോൾ നീ ഈ സാരിയും ചുറ്റി വേണം കേട്ടോ എന്നെ കാണാൻ വരാൻ, പിന്നേ ഈ പൊട്ടും അത് ഇത്രേം വലുത് വേണം… ”
” എന്താ മാഷേ ഇങ്ങനെ പറയുന്നേ…. ”
മാഷിന്റെ വാക്ക് കേൾക്കുമ്പോൾ നെഞ്ചിൽ ഒരു വേദന ആയിരുന്നു….
” നീ തല കുമ്പിട്ടെ… ”
മാഷ് പറയുമ്പോൾ ഞാൻ മുഖം മാഷിന്റെ മുഖത്തോട് അടുപ്പിച്ചു. മാഷ് നെറ്റിയിലൊരു ചുംബനം നൽകുമ്പോൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞ്ഞു….
സ്നേഹത്തോടെ ഒരാൾ ആദ്യമായി നൽകുന്ന ചുംബനം, അത് പിന്നെയും ആസ്വദിക്കാനെന്നോണം ഞാൻ കണ്ണടച്ച് മനസ്സിൽ ആ നിമിഷം തന്നെ ഓർത്തോർത്ത് ഇരുന്നു….
” ഞാൻ ഇറങ്ങട്ടെ സുലോചനെ…”
അത് പറഞ്ഞ് മാഷ് എഴുന്നേൽക്കുമ്പോഴാണ് ഞാൻ കണ്ണ് തുറന്നത്, അപ്പോഴേക്കും മാഷ് വാതിൽ കടന്നിരുന്നു…
” എന്തുപറ്റി മാഷേ… എന്തേലും വയ്യായ്ക ഉണ്ടോ.. ”
മാഷിന്റെ നടപ്പിൽ എന്തോ വ്യത്യാസം ഉള്ളത് പോലെ തോന്നിയത് കൊണ്ടാണ് ചോദിച്ചത്…
” ഒന്നുമില്ല നീ കിടന്നോ… ”
മാഷ് മുറ്റത്തേക്ക് ഇറങ്ങുമ്പോൾ മാഷ് പോകാതിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചുപോയി. പതിവുപോലെ ഇരുട്ടിൽ നിന്ന് മറഞ്ഞിട്ടും ഞാൻ വാതിലും ചാരി നിന്നു..
മാഷ് സമ്മാനിച്ച ചുംബനത്തിന്റെ ആലസ്യത്തിൽ അന്ന് രാത്രി ആ സാരിയിൽ തന്നെ ഉറങ്ങും മുൻപ് ഏറെ നേരം കണ്ണാടിയിൽ നോക്കി നിന്നു, പതിവില്ലാതെ ചുണ്ടിൽ പുഞ്ചിരി വിരിയുന്നതും, കണ്ണുകൾ തിളങ്ങുന്നതും ഞാൻ തന്നെ അറിയുന്നുണ്ടായിരുന്നു….
മാഷ് മരിച്ചെന്ന വാർത്ത കേട്ടാണ് പിറ്റേന്ന് നാട് ഉണർന്നത്. അത് കേട്ട ഞെട്ടലിൽ എന്ത് ചെയ്യണം എന്നറിയാതെ അൽപനേരം സ്തംഭിച്ച് നിന്നുപോയി. പിന്നേ എന്തോ ഓർത്തപോലെയാണ് മുറിയിലേക്ക് നടന്നത്,..
രാവിലെ കട്ടിലിൽ അഴിച്ചിട്ട സാരി വാരി വലിച്ചു ചുറ്റുമ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകയും, ശരീരം തളരുന്നത് പോലെയും തോന്നി, കണ്ണാടിക്ക് മുന്നിൽ നിന്ന് സിന്ദൂരം വട്ടത്തിൽ ഇടുമ്പോൾ സങ്കടം പിടിച്ചു നിർത്താൻ കഴിയാതെ കട്ടിൽ വീണു ഉറക്കെ നിലവിളിച്ച് പൊട്ടി കരഞ്ഞു…..
മനസ്സൊന്നു ശാന്തമായപ്പോഴാണ് ഇറങ്ങി മാഷിന്റെ വീട്ടിലേക്ക് നടന്നത്, മാഷിനെ അവസാനം കാണാൻ ആ ഗ്രാമം മൊത്തം എത്തിയിട്ടുണ്ട്,..
യൂണിഫോം ധരിച്ച കുട്ടികളും, മാഷ്മരും നിൽക്കുന്ന നീണ്ട നിരയെ കടന്ന് ഞാൻ ഉമ്മറത്തേക് കയറുമ്പോൾ ആരൊക്കെയോ ഉച്ചത്തിൽ എന്നെ വഴക്ക് പറയുന്നുണ്ട്….
ഉമ്മറത്ത് കിടത്തിയിരിക്കുന്ന മാഷിനെ നോക്കി അല്പനേരം അരഭിത്തിയിൽ കൈ താങ്ങി നിന്നു, മാഷിന്റെ മുഖത്ത് അപ്പോഴും ആ പുഞ്ചിരി ഉണ്ടായിരുന്നു…
തിരിഞ്ഞ് നടക്കുമ്പോൾ സുലോചനെ…. എന്ന് മാഷ് വിളിക്കുന്നത് പോലെ, ഇല്ല അത് എനിക്ക് തോന്നിയതാണ്, മാഷ് എന്നെ വിട്ട് പോയിരിക്കുന്നു… മനസ്സിൽ വന്ന ചിന്തകളൊക്കെ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു വേഗത്തിൽ നടക്കുമ്പോൾ ഇവൾക്ക് ഭ്രാന്ത് ആണോ എന്ന് ആരൊക്കെയോ വിളിച്ച് ചോദിച്ചുകൊണ്ടിരുന്നു….
അതേ എനിക്ക് ഭ്രാന്ത് പിടിക്കുന്നു, അന്ന് മാഷ് പറഞ്ഞത് പോലെ ആരോടും ഒന്നും പറയാൻ കഴിയാതെ എനിക്ക് ഭ്രാന്ത് പിടിക്കുന്നു, ഇനി ആരും എന്നെ സ്നേഹിക്കാൻ ഇല്ലെന്നത് ഓർത്ത് ഭ്രാന്ത് പിടിക്കുന്നു, ഇനി ആരെയും കാത്തിരിക്കാൻ ഇല്ലെന്നത് ഓർത്ത് ഭ്രാന്ത് പിടിക്കുന്നു….
വീട്ടിൽ ചെന്ന് സാരി വലിച്ചൂരി മടക്കി ഭദ്രമായി വച്ചു, കുറച്ചു നേരം സാരി നോക്കി ഇരുന്ന ശേഷം മടിയിലേക്ക് വച്ച് മെല്ലെ തലോടി, അതേ മാഷേ എനിക്ക് നിങ്ങളോട് പ്രണയം ആയിരുന്നു, എന്നെ ഇതുപോലെ ആരും സ്നേഹിച്ചിട്ടില്ല, ഇതുപോലെ ആരും എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ല, അത് പറഞ്ഞു സാരി ഞാൻ മുഖത്തോട് ചേർത്ത് ചുംബനം നൽകികൊണ്ടിരുന്നു….
അപ്പോഴാണ് വാതിലിനപ്പുറം ചിരിയോടെ മാഷ് എന്നെ നോക്കി നിൽക്കുന്നത് കാണുന്നത്….
” മാഷ് വന്നോ.. ”
സാരി കാട്ടിലിലേക്ക് ഇട്ടിട്ട് ഞാൻ മാഷിന്റെ അരികിലേക്ക് നടന്നു, അപ്പോഴേക്കും മാഷ് പുറത്തേക്ക് ഇറങ്ങി, ഞാൻ വേഗത്തിലെ അവിടേക്ക് നടക്കുമ്പോൾ മാഷ് വേഗത്തിൽ പിന്നെയും മുന്നോട്ട് നടന്നു….
” നിൽക്ക് മാഷേ…. കുട്ടിക്കളി മാറിയിട്ടില്ല ഈ മാഷിന്റെ….. ”
വേഗത്തിൽ നടക്കുന്ന മാഷിന്റെ പിന്നാലെ ഞാൻ ഓടുമ്പോൾ മാഷും ഓടി, പിന്നാലെ ഞാനും, ഇടവഴി കഴിഞ്ഞു മാഷ് റോഡിൽ കയറുമ്പോൾ ഞാൻ പിന്നാലെ ഓടി. റോഡ് മുറിച്ച് കടന്ന് ഓടുന്ന മാഷിന്റെ പിന്നാലെ ഞാൻ ഓടുമ്പോൾ ശബ്ദം മുഴക്കി വരുന്ന ലോറിയെ ഞാൻ കണ്ടില്ല….
” നിൽക്ക് മാഷേ ഞാനും വരുന്നു….. ”
അന്തരീക്ഷത്തിലൂടെ ഉയർന്നു പൊങ്ങുമ്പോൾ എന്നെ നോക്കി ചിരിക്കുന്ന മാഷിനെ നോക്കി ഞാൻ വീണ്ടും പറഞ്ഞു……
ശ്യാം….